Thursday, April 1, 2010

അഗതികളെ കണ്ടവരുണ്ടോ, ആശ്രയം കൊടുക്കാൻ?

ബിപി‌എൽ കാരുടെ ഇടയിലുള്ള അഗതികൾക്ക് ആശ്രയം നൽകാനുള്ള ഒരു സർക്കാർ പദ്ധതിയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ നടപ്പാക്കി വെടക്കാക്കിയെന്നു ആധികാരികമായ കണക്കുകൾ ഉദ്ധരിച്ച് വിലയിരുത്തുകയാണിവിടെ.

അടിസ്ഥാന വർത്തത്തിന്റെ അപ്പോസ്ഥലന്മാരെന്നവകാശപ്പേടുന്ന കുറെയേറെ ബ്ലോഗർമാരെ ഞാൻ ഈ ബൂലോഗത്ത് കാണുന്നുണ്ട്. അവരിൽ എത്രപേർക്കറിയാം സംസ്ഥാന സർക്കാർ തസ്വഭ
സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിവരുന്ന ആശ്രയ എന്ന പദ്ധതി ദ്രരിദ്രരിൽ ദരിദ്രരായവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്നു.? അതിന്റെ പേരിൽ കൊല്ലം തോറും പാഴാക്കുന്ന പണം എത്രയാണെന്നു?.

ഇതെഴുതുന്നതു വരെ ഞാനും അജ്ഞനായിരുന്നു. നിങ്ങളിതൊന്നു വായിക്കു. എന്നിട്ട് പറഞ്ഞു പരത്തൂ, അഗതികളേ നിങ്ങൾക്ക് ഇതെല്ലാം അവകാശപ്പെട്ടതാണെന്നു ഔദാര്യമല്ലെന്നു. ഇത് ബി.പി.എൽ കാരെ ഉദ്ദേശിച്ചുള്ളതല്ല. അവർക്കിടയിലെ നിർധനരിലും നിർധനരായ അഗതികളെ കുറിച്ചാണു ഞാനിവിടെ പറയുന്നത്.

ഇനിപ്പറയുന്നതെല്ലാം അറിയാമോ എന്നു സ്വയം വിലയിരുത്തൂ:

കേരളത്തിന്റെ ജനസംഖ്യയിൽ 2%, സാമ്പത്തികമായും സാമൂഹ്യമായും ഭരണപരമായും തങ്ങളുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ, അവ തെരഞ്ഞെടുക്കാനുള്ള അവകാശമോ കഴിവോ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയുടെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന നിർദ്ധനരിൽ വച്ച് ഏറ്റവും അശരണരായ അഗതികളാണു. ഇതു ഞാൻ പറഞ്ഞതല്ല. നമ്മുടെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ ധരിപ്പിച്ചിരിക്കുന്നതിങ്ങനെയാണു. തെറ്റാൻ വഴിയില്ലല്ലോ. ഈ വിഭാഗം അഗതികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും അത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള ആദ്യത്തെ സംയോജിത കർമ്മ പരിപാടിയാണു ആശ്രയ പദ്ധതി.
അഗതി കുടുമ്പങ്ങളെ കണ്ടെത്താനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ 2003 നവമ്പറിൽ തന്നെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. കുടുമ്പശ്രീ അയൽക്കൂട്ടങ്ങളും വാർഡ് സമിതികളും അവരുടെ പ്രദേശങ്ങളിൽ ഫീൽഡ് പഠനങ്ങൾ നടത്തി മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള സൂചകങ്ങൾ
തൃപ്തികരമായി ബാധകമാകുന്ന ഗുണഭോക്തൃ കുടുമ്പങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം.ലിസ്റ്റിനു അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭ / വാർഡ് കമ്മിറ്റി അംഗീകാരം നൽകണം.

സംസ്ഥാന ദാരിദ്ര്യനിർമാർജ്ജന സമിതി (കുടുമ്പശ്രി മിഷൻ) ആസൂത്രണം ചെയ്ത ഈ സമഗ്ര പദ്ധതി തസ്വഭ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുമ്പശ്രീ അയൽക്കൂട്ടവും (എൻ.എച്.ജി)) കുടുമ്പശ്രീ വാർഡ് സമിതിയും (എ.ഡി.എസ്) കൂടി ചേർന്നാണു നടപ്പിൽ വരുത്തേണ്ടത്.

കുടുമ്പ ശ്രീ സമർപ്പിച്ച ആശ്രയ പദ്ധതി 2003 മാർച്ചിൽ സർക്കാർ അംഗീകരിച്ചു. 2008 മാർച്ച് 31 വരെ 22 നഗരസ്വയം ഭരണ സ്ഥാപനങ്ങളും 688 പഞ്ചായത്തുകളും ഉൾപ്പടെ 710 തസ്വഭ സ്ഥാപനങ്ങളിലായി 57,985 അഗതികളെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നു കുടുമ്പശ്രീ മിഷൻ കണക്കുകൂട്ടി. 22 ലക്ഷത്തിലധികം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ ഉണ്ടെന്നു വാദിക്കുന്ന കേരളത്തിലാണിത്. ജില്ല തിരിച്ചു അഗതികളെ കണ്ടെത്താനുള്ള സാധ്യതാലിസ്റ്റ് താഴെ കൊടുക്കുന്നു:

തിരുവനന്തപുരം: 39 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 4,239 അഗതികൾ
കൊല്ലം----------: 32 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2354 അഗതികൾ
പത്തനംതിട്ട----: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3422 അഗതികൾ
ആലപ്പുഴ-------- : 49തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3426 അഗതികൾ
കോട്ടയം---------: 55 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2756 അഗതികൾ
ഇടുക്കി-----------: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2792 അഗതികൾ
എറണാകുളം-----: 36 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3144 അഗതികൾ
തൃശ്ശൂർ------------: 62 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 8965 അഗതികൾ
പാലക്കാട്-------: 79 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 7960 അഗതികൾ
മലപ്പുറം----------: 54 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 5149 അഗതികൾ
കോഴിക്കോട്-----: 75 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 6688 അഗതികൾ
വയനാട്----------: 26 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1813 അഗതികൾ
കണ്ണൂർ------------: 80 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3752 അഗതികൾ
കാസർഗോഡ്----: 31 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1525 അഗതികൾ
ആകെ---------: 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 57985 അഗതികൾ
[ഉറവിടം: കുടുമ്പശ്രീ മിഷൻ]

58000 ത്തിൽ പരം അഗതികൾക്ക് വേണ്ടി 31,195 ലക്ഷം രൂപ ചലവു വരുന്ന പദ്ധതികൾക്ക് സർക്കാർ അംഗീകാരവും നൽകി. അതായത് ശരാശരി ഒരഗതി കുടുമ്പത്തിനു 53000 രൂപ് (ഏകദേശം). 2002-03 ലെ കണക്കാണിത്.

പദ്ധതി ഉടൻ നടപ്പിലാക്കനായി സർക്കാർ സ്വന്തം ഖജനാവിൽ നിന്നും 75
കോടി രൂപയും കേന്ദ്രധനസഹായമായി ലഭിച്ച 25 കോടി രൂപയും ഉൾപ്പടെ 100 കോടി രൂപ കുടുമ്പശ്രീമിഷനെ ഏൾപ്പിച്ചു. പിന്നെയാണു പ്രശ്നം തൂടങ്ങിയത്. പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. കുറേ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് മേശക്ക് ചുറ്റുമിരുന്നാൽ പദ്ധതികൾക്ക് രൂപം കൊടുക്കാമല്ലോ. കൂടാതെ കേന്ദ്ര പദ്ധതിയുടെ കരടു രേഖയും കൈയ്യിലുണ്ട്. പക്ഷേ അതെല്ലാം വടക്കേ ഇൻഡ്യയെ നേരിൽ കണ്ട് ഉണ്ടാക്കിയ പദ്ധതികളാണെന്നും കേരളം
വ്യത്യസ്ഥമാണെന്നും നമ്മുടെ ഏമാന്മാർ മറന്നു.

മാർഗ്ഗ നിർദ്ദേശങ്ങളിലെ മാനദണ്ഢങ്ങൾ തൃപ്തികരമായാൽ മാത്രമേ ഒരു നിർധന കുടുമ്പത്തെ അഗതികുടുമ്പമായി തരംതിരിക്കാവൂ. എന്നാൽ തസ്വഭ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനായില്ല. ഗുണഭോക്താവായി തെരഞ്ഞെടുത്തവരിൽ ഭൂരിഭാഗവും
അഗതികളായിരുന്നില്ല. അല്ലെങ്കിൽ തെരഞ്ഞടുക്കപ്പെടാൻ അഗതികളെ കിട്ടിയില്ല എന്നു പറയുന്നതാവും ശരി.

18 തസ്വഭ സ്ഥാപനങ്ങളെ അക്കൌണ്ടന്റ് ജനറൽ പരിശോധനക്കായിതെരഞ്ഞെടുത്തു . അവിടുത്തെ രേഖകളിൽ കണ്ടത് ഇങ്ങനെയാണു:

കിഴക്കോത്ത്, കൂടരഞ്ഞി, മുക്കം, പൂക്കോട്ടൂർ, ഉണ്ണിക്കുളം, വാണിമ്മേൽ എന്നി ആറു ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആകെയുള്ള 617 കുടുമ്പങ്ങളിൽ ഒരെണ്ണം പോലും ‘അഗതി’ എന്ന മാനദണ്ഢത്തിൽ പെടുന്നവരല്ലായിരുന്നു.

അക്കൌണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കൈയ്യിലുള്ള 100 കോടിയിൽ 60.23 കോടി രൂപ മാത്രമേ ചെലവിടാൻ കഴിഞ്ഞുള്ളൂ, ബാക്കി 39.77 കോടി ഇപ്പോഴും കുടുമ്പശ്രി മിഷന്റെ കൈയ്യിൽ തന്നെ ഇരുപ്പാണെന്നാണു. ആക്കൌണ്ടന്റ് ജനറലിനു അങ്ങനെയേ പറയാൻ കഴിയൂ. 60 കോടി യോളം രൂപ ചെലവിടാൻ മാത്രമുള്ള അഗതികളെയേ 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ നിന്നും കണ്ടെത്താനായുള്ളൂ എന്നതല്ലേ സത്യം.? 58000 തിൽ പരം അഗതികൾ ഉണ്ടാകുമെന്ന് പദ്ധതി
ആവിഷ്കരിച്ചപ്പോൾ കണക്ക് കൂട്ടിയിരുന്നതാണ്. 311 കോടി രൂപ മതിപ്പ ചെലവും കണക്കാക്കി. അതിലാണു 100 കോടി ഉടൻ ചെലവിടാൻ വിട്ടുകൊടുത്തത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഭരിക്കുന്ന ഇടതു പക്ഷം അഗതികളെ കണ്ടെത്താൻ ശ്രമിച്ചില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. പക്ഷേ, ശ്രമിച്ചപ്പോൾ കണ്ടെത്തിയത് ഇത്രയേ ഉള്ളൂ എന്നതായിരിക്കണം സത്യം.?

കണ്ടെത്തിയ എണ്ണത്തിനെ തൽകാലം നമുക്ക് മറക്കാം. അത്രയും പേരെയെങ്കിലും കണ്ടെത്തിയല്ലോ. ഇനി അവർക്ക് വേണ്ടി ചെലവിട്ടത് എങ്ങനെയെന്നു നോക്കാം.

കുടുമ്പശ്രീയിൽ നിന്നുള്ള ധനസഹായമായ 1.74 കോടി രൂപ ഉൾപ്പടെ 15.85 കോടി രൂപ മതിപ്പ് ചെലവിലാണു തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ 2002-03 മുതൽ 2007-08 വരെ ആശ്രയ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ മതിപ്പ് ചെലവിന്റെ മുപ്പത് ശതമാനമായ 4.76 കോടി രൂപ പോലും ചെലവിടാൻ വേണ്ടുന്നത്ര അഗതി കുടുമ്പങ്ങളെ ഇക്കാലയളവിൽ കണ്ടെത്താനായില്ല. തുടക്കത്തിൽ (2002-03) ൽ 5 തസ്വഭസ്ഥാപനങ്ങളിലായി അഗതി കുടുമ്പങ്ങളെന്ന പേരിൽ 563 കുടുമ്പങ്ങളെ ലിസ്റ്റിൽ പെടുത്തിയെങ്കിലും, മതിപ്പ് ചെലവായി 290.12 ലക്ഷം രൂപ വകയിരുത്തിയെങ്കിലും, 150 ലക്ഷം രൂപ മാത്രമേ ചെലവാക്കിയുള്ളൂ. എന്നാൽ അത് 2007-08 ആയപ്പോൾ തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണു അഗതി കുടുമ്പങ്ങളെ കണ്ടെത്താൻ മിനക്കെട്ടത്. കണ്ടെത്തി ലിസ്റ്റിൽ പെടുത്തിയതോ 101 ഗുണഭോക്താക്കൾ (അഗതികൾ എന്ന പേർ മനപ്പൂർവം വിടുന്നു). മതിപ്പ്
ചെലവ് കണക്കാക്കി വകകൊള്ളിച്ചത് 93 ലക്ഷം രൂപ. എന്നാൽ അവർക്ക വേണ്ടി ചെലവിട്ടത് വെറും 5000 രൂപ. എങ്ങനെയുണ്ട് നമ്മുടെ ദാരിദ്ര്യ നിർമ്മാർജ്ജനം?

തസ്വഭ സ്ഥാപനങ്ങൾ പദ്ധതി നടത്തിപ്പിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നാണു അക്കൌണ്ടന്റ് ജനറലിന്റെ പരാമർശം. അഗതികളെ കണ്ടെത്തിയാലല്ലേ ചെലവിടാൻ പറ്റൂ എന്നു അതു നടപ്പാക്കുന്നവർക്കല്ലേ അറിയു. സർക്കാർ പണം ചുമ്മാ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ?. പാർട്ടി ഓഫീസിലെയോ സർക്കാർ ഓഫീസിലെയോ എയർ കണ്ടീഷൻ മുറിയിലെ മേശക്ക് ചുറ്റും ഇരുന്നു
പദ്ധതി ആവിഷ്കരിച്ചാൽ ഇങ്ങനയേ നടപ്പിലാകൂ.

ആശ്രയ കുടുമ്പങ്ങൾക്ക് മാത്രമായി പരിചരണ സേവനങ്ങളുടെ ഒരു പാക്കേജ് തസ്വഭ സ്ഥാപനങ്ങൾ വഴി നടപ്പാക്കനായി സർക്കാർ ധാരാളം പണം അനുവദിച്ചു വരുന്നുണ്ട്. ഭക്ഷണം, ആരോഗ്യ സുരക്ഷ, സ്ഥലം പാർപ്പിടം , കുടിവെള്ളം, വിദ്യാഭ്യാസം, വാർദ്ധക്ക്യ പെൻഷൻ, മാനസികമായും ശാരീരികമായും വൈകല്യമുള്ളവർക്കുള്ള സഹായം , സാമൂഹ്യമായ ഒറ്റപ്പെടൽ, ഒഴിവാക്കൽ എന്നിവ ഉൾക്കൊള്ളുന്നതാണു സേവനങ്ങളുടെ പാക്കേജ്.

ഭക്ഷണം:
മതിയായ ഭക്ഷണം നിഷേധിക്കപ്പെട്ട അഗതികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ താഴെ വിവരിക്കുന്ന വ്യത്യസ്ഥ നടപടികൾ പദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്നു:
  • 65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ അഗതികൾക്കും അന്നപൂർണ്ണ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകണം.
  • കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കും പെൻഷനോ മറ്റു വരുമാന മാർഗ്ഗമോ ഇല്ലാത്തതുമായ എല്ലാ അഗതി കുടുമ്പങ്ങൾക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി സൌജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണം.
  • പ്രായാധിക്ക്യമുള്ളവർ, കടുത്ത രോഗബാധിതർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് അംഗനവാടികൾ മുഖാന്തിരം പാകം ചെയ്ത ഭക്ഷണം വിളമ്പണം.
  • എസ്.ജി.ആർ.വൈ തുടങ്ങിയ പദ്ധതികളിൽ തൊഴിൽ ലഭ്യമാക്കാൻ മുൻ‌ഗണന നൽകണം.
അഗതികളായി തെരഞ്ഞടുത്തവർക്കാർക്കെങ്കിലും അവരുടെ ഈ അവകാശങ്ങളെ പറ്റി അറിയാമോ. അവരെ അറിയിച്ചിട്ടുണ്ടാകുമോ? ഇല്ലേ ഇല്ല. അത് തെളിയിക്കുന്നതാണു ഇനിയുള്ള കണ്ടെത്തലുകൾ.

മേൽ‌പ്പറഞ്ഞ പരിപാടികൾക്ക് പകരം സഹായം പണമായി ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിക്കുന്നില്ല.എന്നാൽ നമ്മുടെ തസ്വഭ സ്ഥാപനങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ട് സർക്കാർ നിർദ്ദേശങ്ങളെ അവർ തൃണവൽഗണിച്ചു. അവർ സ്വന്തമായി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. എങ്ങനെ? ഇതാ ഇങ്ങനെ:

പണം കൈമറിയാതെ റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം?

മൊറയൂർ ഗ്രാമപഞ്ചായത്തിൽ 2004 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള കാലയളവിൽ ആകെ കണ്ടെത്തിയ 150 ൽ 77 അഗതികുടുമ്പങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനു പകരം മാസം തോറും 100 രൂപ ക്രമത്തിൽ 66000 രൂപ പണമായി വിതരണം ചെയ്തതായി രേഖകളിൽ
കാണുന്നു. തന്റെ ചുമതലകളെക്കാൾ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ പ്രസിദ്ധികേട്ടവരാണു കേരളത്തിലെ തൊഴിലാളി വർഗ്ഗം. എന്നാൽ റേഷൻ കടകൾ വഴി വേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നു ആരെങ്കിലും ആദ്യം അവർക്ക് പറഞ്ഞുകൊടുക്കണ്ടേ. പറഞ്ഞു കൊടുക്കാൻ ചുമതലപ്പെട്ടവരാണു ഭക്ഷ്യധാന്യങ്ങൾക്ക് പകരം തുച്ഛമായ പണം കൈമാറിയത്. വൈകീട്ട് വിഷപട്ടയടിച്ച് ശീലിച്ച അഗതി കുടുമ്പങ്ങൾക്ക്, അവരുടെ അവകാശങ്ങൾ എന്തൊക്കെയെന്നു അറിയാത്ത ഈ അഗതി കുടുമ്പങ്ങൾക്ക്, ഈ പണം ലോട്ടറിയടിച്ചതിനു തുല്യമായി കണ്ടിരുന്നിരിക്കണം.

60000 രുപ കൊടുത്തതിനു ശേഷം ആ പരിപാടി നിർത്തുകയും ചെയ്തു.

മലപ്പുറം മുനിസിപാലിറ്റി ഒരാ‍ൾക്ക് 500 രൂപക്രമത്തിൽ ആഹരത്തിനുള്ള സഹായധനം നിശ്ചയിക്കുകയും 2007 മേയ് മുതൽ ആഗസ്റ്റ് വരേയും 2008 മാർച്ചിലുമായി 2.57 ലക്ഷം രൂപ മുടക്കി അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തതായും രേഖകളിൽ കാണുന്നു. ഇതും മാർഗ്ഗനി ർദ്ദേശങ്ങൾക്ക് എതിരാണു. ഒരാൾക്ക് നൽകാവുന്ന സഹായത്തിന്റെ മൂല്യം 500 ൽ ഒതുക്കണമെന്നോ, 500 വരെ ആകാമെന്നോ സർക്കാർ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിക്ക് വേണ്ടി അനുവദിച്ചിരുന്നത് എത്രയോ കൂടുതലായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തത് ഉദ്ദ്യോഗസ്ഥർ തന്നെയാണു. പക്ഷേ ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാണെന്നു മറക്കരുത്.

വടകര മുനിസിപാലിറ്റി 150 കുടുമ്പങ്ങൾക്ക് 2.01 ലക്ഷം രൂപക്ക് 2007 സെപ്റ്റമ്പറിലും തിരുർ മുനിസിപാലിറ്റി 99 കുടുമ്പങ്ങൾക്ക് 44,945 രൂപക്ക് 2008 മാർച്ചിലും അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ബാക്കിയുള്ള മാസങ്ങളിൽ ഈ കുടുമ്പങ്ങൾ അഗതികളല്ലാതായോ. അതോ ആ മാസങ്ങളിൽ ഈ മുനിസിപാലിറ്റികളിൽ അഗതികളുടെ കുറ്റി അറ്റുപോയോ. ചെലവാക്കാനായി പണം ധാരാളം കൈയ്യിലുണ്ടായിരുന്നല്ലോ.

മുക്കം ഗ്രാമപഞ്ചായത്ത് 20 കുടുമ്പങ്ങൾക്ക് 2006-07 ലും 21 കുടുമ്പങ്ങൾക്ക് 2007-08 ലും 500 രൂപ വിലക്കുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശപ്രകാരമല്ലെങ്കിലും അത്രയെങ്കിലും ചെയ്തല്ലോ എന്നു സമാധാനിക്കാം. കാരണം ബാക്കിയുള്ള തസ്വഭ സ്ഥാപനങ്ങൾ പാക്കേജിൽ ഉൾപ്പെട്ട ഭക്ഷണത്തിന്റെ ഘടകം നടപ്പിലാക്കിയതേ ഇല്ല.

ആരോഗ്യ സുരക്ഷ:
സേവനങ്ങളുടെ പാക്കേജിന്റെ മറ്റൊരു ഘടകമാണല്ലൊ ഇത്. താഴെ പറയുന്ന പദ്ധതികൾ നിർദ്ദേശിക്കപെട്ടിരുന്നു:

ആശ്രയ കുടുമ്പങ്ങൾക്ക് വേണ്ട ആരോവ്യ സുരക്ഷാ സഹായം എത്തിക്കാൻ താഴ്പ്പറയുന്ന് പരിപാടികൾ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു:
  • യോഗ്യരായ ഡോക്ടർമാരുടേയും മെഡിക്കൽ ടെക്നീഷ്യന്മാരുടേയും പങ്കാളിത്തത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക. എയ്ഡ്സ്, കുഷ്ഠം, ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന ഗുണഭോക്താക്കൾക്ക് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തരപ്പെടുത്തി കൊടുക്കുക, രോഗികൾക്ക് ആവശ്യമായ മരുന്നു സൌജന്യമായി എത്തിച്ച് കൊടുക്കുക.
  • വ്യക്തികൾ , സന്നദ്ധസംഘടനകൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുപ്പിക്കുക.
  • ദീർഘകാലമായി രോഗങ്ങൾ മൂലം രോഗങ്ങൾമൂലം കഷ്ടപ്പെടുന്ന അഗതികൾക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാസ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട
  • നടപടികൾ എടുക്കുക.
ഇവിടെയും അഗതികളുടെ കൈയ്യിൽ നിന്നും പണം മുടക്കാതെ, അവർക്ക് പണം നേരിട്ട് കൊടുക്കാതെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പണം എട്ടും പൊട്ടും തിരിയാത്ത
ഈ അഗതികൾ വഴി കൈമറിഞ്ഞാലല്ലേ മറ്റു ചിലരുടെ ലക്ഷ്യം നിറവേറൂ. അതിനു വേണ്ടി കണ്ടെത്തിയ മാർഗ്ഗങ്ങൾ നോക്കൂ:

മൊറയൂർ ഗ്രാമപഞ്ചായത്ത് 2003 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള 9 മാസക്കാലത്ത് പ്രതിമാസം നിശ്ചിത തുകയായി 100 രൂപ ബത്തയായി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കൊടുത്ത 45 ഗൂണഭോക്താക്കൾക്ക് ചികിത്സ ആവശ്യമായിരുന്നോ എന്നൊന്നും അന്വേഷിച്ച് മിനക്കെടാൻ
പോയില്ല. മാസം തോറും പണമായി തന്നെ എത്തിച്ചു എന്നാണു രേഖകൾ.

ഇതേ പോലെ മലപ്പുറം മുനിസിപാലിറ്റി 32 കുടുമ്പങ്ങൾക്ക് 2000 രൂപ നിരക്കിൽ 64000 രൂപ 2006-07 ലും 32000 രൂപ ആദ്യ തവണയായി 2007-08 ലും വാഷിക ചികിത്സാ ബത്തയായി പണം കൊടുത്തു. ഇങ്ങനെയൊന്നും ചെയ്യാൻ സർക്കാർ ഉദ്ദേശിച്ചിരുന്നില്ല. ഉദ്ദേശിച്ചതൊട്ട് ചെയ്തതും ഇല്ല.

കൂടരഞ്ഞി പഞ്ചായത്ത് ചെയ്ത് വച്ചത് വേറൊരു തരത്തിലാണു. അഗതികളുടെ പേരും പറഞ്ഞ് അവർ സഹായിച്ചത് അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയെ ആണു. അവിടെ ആകെയുള്ള 132 ആശ്രയ
കുടുമ്പങ്ങളേയും 2007 മേയ് മാസം മുതൽ 2008 മേയ് മാസം വരെയുള്ള കാലയളവിലെ ആരോഗ്യ ചികിത്സക്കായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ ആശുപതിയുമായി ഇൻഷ്യുർ ചെയ്തു. പ്രീമിയമായി 15,695 രൂപയും അടച്ചു. ഈ സ്കീമിൽ ചേർന്നതിനു ശേഷം
നിർണ്ണയിക്കപ്പെടുന്ന രോഗങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയുള്ളൂ എന്ന പരമാർത്ഥം പാവങ്ങൾ അഗതികൾ അറിഞ്ഞില്ല, അറിയിച്ചും ഇല്ല. ഈ പദ്ധതി കൊണ്ട് ഒരു സ്വകാര്യ ആശുപത്രിക്ക് മെച്ചം കിട്ടി.

വീട് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങാൻ ധരസഹായം.
ഭൂരഹിതരായ അഗതി കുടുമ്പങ്ങൾക്ക് ഗ്രാമ പ്രദേശങ്ങളിൽ മൂന്നു സെന്റും പട്ടണ പ്രദേശങ്ങളിൽ ഒന്നര സെന്റും ഭൂമി കിടപ്പാട നിർമ്മാണത്തിനു നൽകുവാൻ ഈ പാക്കേജിൽ വിഭാവനം ചെയ്തിട്ടുണ്ട്. കുടുമ്പം ഒന്നിനു സ്ഥലത്തിന്റെ യഥാർത്ഥവില , ഗ്രാമപ്രദേശങ്ങളിൽ 45000 രൂപ മുനിസിപ്പാലിറ്റികളിൽ 50000 രൂപ കോർപ്പറേഷൻ പ്രദേശങ്ങളിൽ 60000 രൂപ ക്രമത്തിൽ നിജപ്പെടുത്തിയിരിക്കുന്നു. ഭൂമിയുടെ വില ഉടമക്ക് നേരിട്ട് നൽകേണ്ടതും എന്നാൽ ഗുണഭോക്താവിനു ഒരു കാരണവശാലും നേരിട്ട് നൽകാൻ പാ‍ടില്ലാത്തതുമാകുന്നു.

എന്നാൽ സംഭവിച്ചതോ?. അക്കൌണ്ടന്റ് ജനറൽ പരിശോധിച്ചത് വെറും 18 തസ്വഭ സ്ഥാപനങ്ങളിലായിരുന്നു. അതിൽ 6 തസ്വഭ സ്ഥാപനങ്ങൾ 125 അഗതി കുടുമ്പങ്ങൾക്ക് ഭൂമിയുടെ ആകെ വിലയായ 23.28 ലക്ഷം രൂപ വസ്തു ഉടമകൾക്ക് നൽകുന്നതിനു പകരം മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിപരീതമായി അഗതി കുടുമ്പങ്ങൾക്ക് പണമായി നൽകിയതായാണു
രേഖകൾ. കൂടുതൽ പറയുന്നില്ല.

പാർപ്പിടങ്ങൾ നിർമ്മിക്കാനുള്ള ധനസഹായം.
സ്വന്തമായി ഭൂമിയുള്ള എല്ലാ അഗതി കുടുമ്പങ്ങൾക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുമ്പങ്ങളെ അപേക്ഷിച്ച് പാർപ്പിടം നിർമ്മിക്കാനുള്ള സഹായത്തിനു മുൻ‌ഗണന നൽകേണ്ടതും കുടുമ്പശ്രീ അയൽകൂട്ടങ്ങൾ വഴി ഭവനം നിർമ്മിക്കേണ്ടതും സഹായം പണമായി നൽകാൻ പാടില്ലാത്തതുമാണു. എന്നാൽ അഗതികുടുമ്പങ്ങൾക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം ഏറ്റെടുത്ത 16 തസ്വഭ സ്ഥാപനങ്ങളിലും (ആകെ പരിശോധിച്ചത് =18) സഹായം പണമായി നൽകുകയും കുടുമ്പശ്രീ
അയൽക്കൂട്ടങ്ങളെ വളരെ അപൂർവ്വമായി പങ്കെടുപ്പിക്കുകയും ചെയ്തതായി വെളിവായിട്ടുണ്ട്. 1067 അഗതി കുടുമ്പങ്ങൾക്ക് ആകെ 3.50 കോടി രൂപയാണു ഇത്തരത്തിൽ പണമായി നേരിട്ട് വിതരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്.

നിറമരുതൂർ, പള്ളിക്കൽ, വാണിമേൽ, ഉണ്ണിക്കുളം, ചേലബ്ര, പരപ്പനംഗാടി, വള്ളിക്കുന്നു, തിരുവമ്പാടി , മൊറയൂർ എന്നി ഗ്രാമപഞ്ചായത്തുകളിലാണു കൂടുതൽ തുക പണമായി വിതരണം ചെയ്തെന്നു റേഖപ്പെടുത്തിയിരിക്കുന്നത്.

വീടുകൾ കെട്ടിച്ച് കൊടുക്കുന്നതിനു പകരം പണം കൊടുത്ത് അവരോട് കെട്ടിക്കോളാൻ അനുവദിച്ചതു കാരണം മൂന്നും നാലും വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത വീടുകൾ ധാരാളമായിരുന്നു. പണം മുഴുവൻ യഥാർത്തത്തിൽ അവരുടെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നു ഇതിൽ കൂടുതൽ ഉറപ്പ് വേണോ?

കുടിവള്ളം.
നിലവിലൂള്ള പദ്ധതികളിൽ ഉൾപ്പെടുത്തി അഗതി കുടുമ്പങ്ങളുടെ വീടുകളുടെ ഏറ്റവും സമീപത്തായി പൊതുക്കിണറുകൾ കുഴിച്ചും പൊതുടാപ്പുകൾ സ്ഥാപിച്ചും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നു മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥചെയ്തിരിക്കുന്നു.എന്നാൽ പരിശോധനയിൽ കണ്ടത്:
കിഴക്കോത്ത്, നിറമരുതൂർ, പരപ്പനങ്ങാടി, വള്ളിക്കുന്നു എന്നീ പഞ്ചായത്തുകളിൽ 4.51 ലക്ഷം രൂപ മുടക്കി 85 കീണറുകൾ പലരുടേയും സ്വന്തം ഭൂമിയിൽ കുഴിക്കാൻ സബ്സിഡി നൽകുകയാണുണ്ടായത്. സ്വാഭാവികമായും ആ കിണറുകളുടെ ഉപയോഗം അതിന്റെ ഉടമക്ക് മാത്രമായി പരിണമിച്ചു. കോരനു കഞ്ഞി പിന്നെയും കുമ്പിളിൽ തന്നെ.

വിദ്യാഭ്യാസ ധനസഹായം.
അഗതി കുടുമ്പങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിദ്യാ‍ഭ്യാസം ഉറപ്പ് വരുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇവയായിരുന്നു:

  • അഗതി കുടുമ്പങ്ങളിലെ 18 വയസ്സിനു താഴയുള്ള സ്കൂളിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളേയും വിദ്യാഭ്യാസം ഇടക്കു വച്ച് മുടങ്ങിപ്പോയ കുട്ടികളേയും കണ്ടെത്തി സ്കൂൾ വിദ്യാഭ്യാസം തുടരാൻ പ്രേരിപ്പിക്കണം.
  • വ്യക്തികൾ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്താൽ പഠനസാമഗ്രികൾ, യൂണിഫോമുകൾ, കുടകൾ, ചെരുപ്പുകൾ, സ്കൂൾ ബാഗുകൾ മുതലായവ ലഭ്യമാക്കണം.
  • അദ്ധ്യാപകർ, ബിരുദധാരികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി തസ്വഭസ്ഥാപനങ്ങളിൽ സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാക്കുകയും ആശ്രയ ഫണ്ട് ഉപയോഗിച്ച് അഗതി കുടുമ്പങ്ങളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയും വേണം.
ചുരുക്കത്തിൽ, വിദ്യാഭ്യാസത്തിനു വേണ്ടി നേരിട്ട് പണം കൊടുക്കാനുള്ള ഒരു മാർഗ്ഗവും വക കൊള്ളിച്ചിട്ടില്ല. പിന്നെ അതു എത്രമാത്രം വിജയിക്കുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസം നൽകൽ.
മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണു:
  • സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗർ യോജന, ഇന്ദിരാ ആവാസ് യോജന, തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പ്രത്യേകം നീക്കി വച്ചിട്ടുള്ള 3% ഫണ്ടുകളുടെ വിനിയോഗത്തിൽ ആശ്രയ കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായി വെല്ലൂവിളി നേരിടുന്ന വ്യക്തികൾക്ക് പ്രത്യേക മുൻ‌ഗണന നൽകണം.
  • കേരളസംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, കേരള ഫെഡറേഷൻ ഒഫ് തെ ബ്ലൈൻഡ് തുടങ്ങിയവയുടെ സഹകരണത്തോടെ അഗതികൾക്ക് തൊഴിൽ പരിശീലനം നൽകുവാനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.
  • തസ്വഭ സ്ഥാപനങ്ങൾ അഗതി കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് പൊതുവിഭാഗം പദ്ധതി വിഹിതം ഉപയോഗിച്ച് തൊഴിൽ നൽകുവാനുള്ള പദ്ധതികൾ നടപ്പിലാക്കണം.
  • തൊഴിലനുബന്ധ പദ്ധതികൾക്ക് കേന്ദ്ര സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശക ബോർഡിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ തസ്വഭ സ്ഥാപനങ്ങൾ സ്വീകരിക്കണം.

മേൽ‌പ്പറഞ്ഞ ഒരു പരിപാടിയും ഏ.ജി. പരിശോധിച്ച ഒരു തസ്വഭ സ്ഥാപനങ്ങളും 2003-04 മുതൽ 2007-08 വരെ യുള്ള കാലയളവിൽ നടപ്പ്പ്പിലാക്കി കണ്ടില്ല.

ഇതുവരെ പറഞ്ഞതെല്ലാം ആശ്രയ പദ്ധതിയുടെ ഒന്നാമത്തെ ഘടകത്തിലുൾപ്പെട്ട കാര്യങ്ങളെ പറ്റിയായിരുന്നു. രണ്ടാമത്തെ ഘടകമാണു: വിവര സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങൾ.

ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും കുടുമ്പശ്രീയുടെ അഞ്ച് അംഗീകൃത കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റുകളിൽ നിന്നും വാങ്ങി സ്ഥാപിക്കാനയി കുടുമ്പശ്രീ മിഷൻ 508 സി.ഡി.എസ്സു കൾക്ക് 11.38 കോടി രൂപ വിട്ടുകൊടുത്തു. രണ്ടു
നോഡുള്ള ഒരു കമ്പ്യൂട്ടർ, ഒരു ലേസർജറ്റ് പ്രിന്റർ, ഒരു ഇങ്ക്ജറ്റ് പ്രിന്റർ, സ്കാനർ, മോഡം, യു.പി.എസ്, ഇന്റർനെറ്റ് കണക്ഷൻ, സോഫ്റ്റ്വെയർ എന്നിവ ഉൾപ്പെടുന്ന മൊത്തം 1.65 ലക്ഷം രൂപ ചെലവു വരുന്ന ഒരു സിസ്റ്റം വാങ്ങാനാണു കുടുമ്പശ്രീ ശുപാർശ ചെയ്തത്.

16 സി.ഡി.എസ്സുകളിൽ ഏ.ജി. പരിശോധിച്ചു. 2003 -04 നും 2005-06 നും ഇടക്ക് വാങ്ങിയ 42 കമ്പ്യൂട്ടറുകളിൽ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ (പൂക്കോട്ടൂർ, വാണിമേൽ, മുക്കം ഗ്രാമപഞ്ചായത്തുകൾ) 9 എണ്ണം മാത്രമേ ഉപയോഗിച്ചതായി കണ്ടുള്ളൂ. ബാക്കി വരുന്ന 33 കമ്പ്യൂട്ടറുകൾ വാങ്ങിയ അന്നുമുതെൽ ഇന്നും പെട്ടിക്കുള്ളിൽ സുരക്ഷിതം.

ഈ കമ്പ്യൂട്ടറുകൾ വാങ്ങുന്ന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് നിർമ്മാതാവിന്റെ വാറണ്ടി കിട്ടാറുണ്ടല്ലോ. കമ്പ്യൂട്ടർ സ്ഥാപിച്ച ശേഷം വാറണ്ടി കാലയളവിനു ശേഷമാണു വാർഷിക പരിപാലനത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. എന്നാൽ മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളും പെട്ടിക്കുള്ളിൽ
ഇരിക്കുമ്പോൾ തന്നെ അതിനുവേണ്ടിയുള്ള വാർഷിക പരിപാലന കരാറിലും ഏർപ്പെട്ട് ഏതാണ്ട് 3.74 ലക്ഷം രൂപ അതിനു വേണ്ടിയും കുടുമ്പശ്രീ ഹാർഡ് വെയർ യൂണിറ്റുകൾ വാങ്ങിക്കഴിഞ്ഞു. തസ്വഭ
സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുള്ള അജ്ഞതയെ മുതലേടുക്കുകയായിരുന്നു നമ്മുടെ കുടുമ്പശ്രീമിഷന്റെ കീഴിലുള്ള ഹാർഡ് വെയർ യൂണിറ്റുകൾ.

ആധാരം: സി.ഏ.ജി റിപ്പോർട്ട് - 2008
കടപ്പാട്: വിവരാവകാശനിയമം.

Wednesday, December 16, 2009

സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായില്ല?- Smart City

വിവരസാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ഒരു പട്ടണപ്രദേശം തന്നെ
നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

  1. കേരള സംസ്ഥാന സംസ്ഥാന സർക്കാർ
  2. ഇൻഫോപാർക്ക്സ്, കേരളം (ഒരു സൊസൈറ്റി)
  3. ടീകോം (ദൂബായിലെ സ്ഥാപനം)
  4. സ്മാർട്ട് സിറ്റി, കൊച്ചി (ഇൻഡ്യൻ കമ്പനി)
എന്നിവർ പങ്കു ചേർന്ന് പദ്ധതിക്ക് വേണ്ടുന്ന ‘ചട്ടക്കൂട് കരാർ‘ ഉണ്ടാക്കി ഒപ്പ് വക്കുന്നത് 13 മേയ് 2007 ലാണു (FrameWork Agrement - FWA). കൊല്ലം രണ്ടര കഴിഞ്ഞു. പ്രാരംഭ കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 104 കോടിയോളം രൂപ ടീക്കോം സംസ്ഥാന ഇടതു സർക്കാരിനെ 15.11.2007, 29.7.2008 എന്നീ തീയതികളിലായി ഏൾപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും ഇതുവരെ (ഡിസമ്പർ 2009) നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണു ഞാനിവിടെ.

കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഇവിടെയാണു (പടം നോക്കുക):
  • പുത്തൻ കുരിശ് വില്ലേജിലുള്ള 100 ഏക്കർ (ചുവപ്പ് നിറം) +
  • കാക്കനാട് വില്ലേജിലുള്ള 136 ഏക്കർ (നീല നിറം) +
  • കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ (വെള്ള നിറം)

ഈ വസ്തുക്കൾ ഏറ്റെടുത്ത് ഉടമസ്ഥാവകാശവും (Registration) കൈവശാവകാശവും സ്മാർട്ട് സിറ്റി, കൊച്ചിയെ (അവരാണു ഈപദ്ധതിയുടെ നടത്തിപ്പുകാർ, തൽക്കാലം നമുക്കവരെ ടീകോം എന്നുതന്നെവിളിക്കാം) ഏൾപ്പിച്ച് കൊടുത്തു കഴിഞ്ഞല്ലാതെ അവരെന്തുകൊണ്ട് ആ സ്ഥലത്ത് കൂടുതൽ കോടികൾ മുടക്കിയില്ലെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതുവരെ വസ്തുവിന്റെ രജിസ്ട്രേഷൻനടന്നിട്ടില്ലെന്നുള്ളതാണു സത്യം. അതു കൊണ്ട് രണ്ടരകൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലുപോലും കൊണ്ടിട്ടില്ലല്ലോ എന്നുള്ള വാദം ഇപ്പോൾ മറക്കേണ്ടിയിരിക്കുന്നു. രജിസ്ട്രേഷൻ മാത്രമല്ല, കൈവശാവകാശം,
സെസ്സ് പദവി, അവസാന കരാർ ഇവയെല്ലാം കഴിഞ്ഞാലല്ലേ, പ്രാരംഭ കരാർ പ്രകാരം (FWA), പദ്ധതി പണി തുടങ്ങേണ്ടതുള്ളൂ എന്ന് ടീകോമുംവാദിക്കുന്നു.

എന്തു കൊണ്ട് വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്നില്ല? അതിനു ഉഭയകക്ഷി സമ്മതം വേണം. കരാറിലെ (FWA) വ്യവസ്ഥ 5.4 പ്രകാരം വസ്തുവിന്റെ 12% ഫ്രീഹോൾഡ് സ്ഥലമായി ലഭിക്കാൻ ടീകോമിനു അവകാശമുണ്ട്. എന്നാൽ ഈ ഫ്രീഹോൾഡ് എന്നത്
വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല
വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു കത്തെങ്കിലും സർക്കാർ നൽകണമെന്നും ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.

കരാർ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നു പ്രാരംഭകരാറിൽ (KWA) തന്നെ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Article 12 - KWA). രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല എന്നും മനസ്സിലാകുന്നില്ല.

ഇനി എന്താണു ഈ ഫ്രീഹോൾഡ് എന്നു നോക്കാം. കരാറിലെ Article 5.4 പ്രകാരം ടീകോമിനു ആവശ്യപ്പെടാവുന്നതാണീ സ്ഥലം. ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതു തന്നെ സർക്കാരിന്റെ പാളിച്ചയാണു. കാരണം, കരാർ പ്രകാരം 246 ഏക്കർ വസ്തുവിനും സെസ്സ് പദവി ലഭ്യമാക്കാനുള്ളതാണു (ആർട്ടികിൽ 4 -KWA). മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി ലഭിച്ചാൽ, സെസ്സ് നിയമമനുസരിച്ച് സെസ്സിനുള്ളിൽ ഫ്രീഹോൾഡ് സ്ഥലം പാടില്ല. പിന്നെന്തിനീ വ്യവസ്ഥ വച്ചു എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

246 ഏക്കർ സ്ഥലത്തോട് ചേർന്നു കിടക്കുന്ന കുറേ സ്ഥലം കൂടി വേണമെങ്കിൽ, കരാറിലെ(KWA) വ്യവസ്ഥ 2.6 അവസാന വാചകത്തിൽ അഭയം തേടി, സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാരിനു ഏറ്റെടുക്കാം ഇങ്ങനെ ഏറ്റെടുക്കാവുന്ന സ്ഥലം ഫ്രീഹോൾഡായി കൊടുക്കാമെന്നു വച്ചാൽ തന്നെ, ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണയുള്ള അ
ർത്ഥമല്ലേ ഉണ്ടാകൂ. സ്വതന്ത്രാവകാശം എന്നല്ലേ അതിനർത്ഥം. സർക്കാരിനു നിയമവകുപ്പുണ്ടല്ലോ. അവരുടെ ഉപദേശം തേടാമല്ലോ അല്ലെങ്കിൽ കരാറിൽ പറഞ്ഞിരിക്കുന്ന Article 12 നെ ആശ്രയിക്കാം. അതല്ലാ, ഫ്രീഹോൾഡ് എന്ന വാക്കിനു പരിമിതമായ അർത്ഥം നൽകാനേ ഉദ്ദേശിക്ച്ചിരുന്നുള്ളൂ (ഉദാഃ വില്പനസ്വാതന്ത്ര്യം ഇല്ലാത്തത്) എങ്കിൽ ഫ്രീഹോൾഡ് എന്ന വാക്കിനെയും മറ്റു പലതിനെപോലെ കരാറിൽ (article 1.1 -KWA) വ്യഖ്യാനിക്കണമായിരുന്നു. എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സർക്കാർ അതു ചെയ്തില്ല. എന്നിട്ട് ഇപ്പോൾ പറയുന്നു ഫ്രീഹോൾഡ് എന്നത് വില്പന സ്വാതന്ത്ര്യമില്ലാത്തതാണെന്നു.

ഒരു കാര്യം വിട്ടുപോയി. സ്മാർട്ട് സിറ്റിയുടെ പടം കണ്ടല്ലോ. സെസ്സ് പദവി തുടർച്ചയായി -ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അങ്ങനെയെങ്കിൽ കാക്കനാടുള്ള 136 ഏക്കറിനല്ലാതെ (നീലനിറം) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളും (ചുവപ്പും വെളുപ്പും) ചേർത്ത്
ഒറ്റക്കുള്ള സെസ്സ് പദവി ലഭിക്കാൻ സാധ്യതയില്ല. അപ്പോൾ ഒരു കാര്യം എളുപ്പമായി. ആ സ്ഥലങ്ങളിൽ (അതായത് സെസ്സിനു പുറത്ത്) 12% ഫ്രീഹോൾഡ് കണ്ടെത്തുവാൻ കഴിയും. പക്ഷേ കീറാമുട്ടി അവിടെയല്ല, ഫ്രീഹോൾഡിന്റെ വ്യാഖ്യാനത്തിലാണു.

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു (ആർട്ടിക്കിൽ 5.4 -KWA). മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനായി ഇംഗ്ലണ്ടിലെ പ്രസിദ്ധികേട്ട Colin Buchanan നെ മാസ്റ്റർ പ്ലാനറായി നിയമിച്ചുകഴിഞ്ഞുവെന്നും ജൂൺ 2008 ലെ ടീകോമിന്റെ പ്രസ്സ്
റിലിസിൽ
കാണുന്നു. എന്നാൽ അതിന്റെ പുരോഗതി എന്തായെന്നു ആർക്കും അറിയില്ല. ഈ
നിയമനം ടികോം റദ്ദാക്കിയതായി പത്രവാർത്ത വന്നിരുന്നതായി ഒരോ
ർമ്മയും ഉണ്ട്. ലിങ്ക് തരാൻ നിവൃത്തിയില്ല. എന്തുചെയ്യാം, മാസ്റ്റർപ്ലാനിനു
ശേഷമുണ്ടാകേണ്ട വാഗ്വാദങ്ങളും വിശദീകരണങ്ങളും ഇപ്പോഴേ എടുത്തിട്ട് സംഗതി മുഴുവൻ കുളമാക്കി. ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

ഇത്രയും വായിച്ചതിൽ നിന്നും, പ്രിയ വായനക്കാരെ, നിങ്ങൾ തീരുമാനിക്കൂ ആരാണു കരാർ ലംഘനം നടത്തിയതെന്നു.

ഈ ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

രണ്ടു കൂട്ടരും കരാർ വേണ്ടെന്നു വക്കാനും തയ്യാറല്ല. നഷ്ടപരിഹാരത്തിന്റെ കാര്യമുണ്ടേ (Article 11- KWA). ഇടതു സർക്കാരിന്റെ ഭരണകാലത്ത് 90000 തൊഴിലവസരങ്ങൾ ഉണ്ടാകുന്ന സ്മാർട്ട് സിറ്റി വരുമോയെന്നു കാത്തിരുന്നു കാണാം.


കടപ്പാട് : Trivandrum bloggers Group ൽ നടന്ന ചർച്ച

Tuesday, October 20, 2009

നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ

“നഷ്ടത്തിലുള്ള പൊതുമേഘലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി മന്ത്രി ഇളമരം കരിം”
വാർത്ത : മലയാളമനോരമ /പേജ് 6 - 20-10-2009.

ഏതെല്ലാമാണു നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെന്നറിയേണ്ടേ. അവയുടെ പട്ടിക, ഇതുവരെയുള്ള സഞ്ചിത നഷ്ടം ഉൾപ്പടെ, താഴെ കാണിക്കുന്നു. നമ്മുടെ നാട്ടിലുള്ള പൊതുമേഖാലാ സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാൻ വേണ്ടിയെങ്കിലും ഇതൊന്നു വായിച്ചു നോക്കൂ. പലതും നിങ്ങൾ കേട്ടിട്ടുപോലും ഇല്ലാത്തവയായിരിക്കാം. കണക്കുകൾ പൂർത്തികരിച്ച വർഷം ബ്രാക്കറ്റിൽ അവസാനം കൊടുത്തിരിക്കുന്നു.

1. ദി കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ = - 1,455.72 ലക്ഷം രൂപ (2007-08)
2. ദി കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷൻ = - 1,108.92 ലക്ഷം രൂപ (2007-08)
3. കേരളസംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ = - 48,870.32 ലക്ഷം രൂപ (2007-08)
4. കേരളസംസ്ഥാന തോട്ട കാർഷിക ഉത്പന്ന വികസന കോർപ്പറേഷൻ = - 259.31 ലക്ഷം രൂപ (2006-07)
5. കേരളസംസ്ഥാൻ കോഴിവളർത്തൽ വികസന കോർപ്പറേഷൻ = - -369.14 ലക്ഷം രൂപ (2007-08)
6. ട്രാക്കോ കേബിൾ കമ്പനി = - 3,554.33 ലക്ഷം രൂപ (2008-09)
7. ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രികത്സ് കേരള = - 4,974.90 ലക്ഷം രൂപ (2007-08)
8. കേരള ഇലക്ടിക്കൽ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി = - 7,607.66 ലക്ഷം രൂപ (2007-08)
9. ട്രിവാൻഡ്രം റബ്ബർ വർക്ക്സ് = - 2,290.98 ലക്ഷം രൂപ (2006-07)
10. ദി കേരളാ സിറാമിക്സ് = - 3,565.52 ലക്ഷം രൂപ (2008-09)
11. കേരളാ ചെരുകിട വ്യവസായ വികസന കോർപ്പറേഷൻ = - 4,259.29 ലക്ഷം രൂപ (2006-07)
12. കേരള സംസ്ഥാന ചലചിത്രവികസന കോർപ്പറേഷൻ = - 2,087.33 ലക്ഷം രൂപ (2007-08)
13. ദി മെറ്റൽ ഇൻഡസ്ട്രീസ് = - 248.88 ലക്ഷം രൂപ (2006-07)
14. സ്റ്റീൾ കോമ്പ്ലക്സ് = - 5,371.21 ലക്ഷം രൂപ (2008-09)
15. സ്റ്റീൽ ഇൻഡസ്ടിയത്സ് കേരളാ = - 5,366.98 ലക്ഷം രൂപ (2007-08)
16. കേരളാ ഓട്ടോമൊബൈത്സ് = - 221.04 ലക്ഷം രൂപ (2008-09)
17. ഓട്ടോകാസ്റ്റ് = - 9,256.12 ലക്ഷം രൂപ (2007-08)
18. കെൽട്രോൺ = - 20,756.19 ലക്ഷം രൂപ (2007-08)
19. കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് = - 259.70 ലക്ഷം രൂപ (2007-08)
20. കെൽട്രോൺ ക്രിസ്റ്റൽ‌സ് = - 1,986.64 ലക്ഷം രൂപ (2007-08)
21. കെൽട്രോൺ കമ്പോണന്റ് കോപ്ലക്സ് = - 1,314.78 ലക്ഷം രൂപ (2008-09)
22. കെൽട്രോൺ മഗ്നെറ്റിക്സ് = - 434.92 ലക്ഷം രൂപ (2007-08)
23. കെൽട്രോൺ റസിസ്റ്റേർസ് = - 327.99 ലക്ഷം രൂപ (2007-08)
24. കേരള സംസ്ഥാന ടെക്സ്റ്റൈൽ‌സ് കോർപ്പറേഷൻ = - 4,676.68 ലക്ഷം രൂപ (2007-08)
25. സീതാറാം ടെക്സ്റ്റൈൽ‌സ് = - 4,114.11 ലക്ഷം രൂപ (2007-08)
26. കേരളസംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ = 2,376.33 ലക്ഷം രൂപ (2007-08)
27. കേരള കരകൌശല വികസന കോർപ്പറേഷൻ = - 711.56 ലക്ഷം രൂപ (2007-08)
28. കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ = - 740.01 ലക്ഷം രൂപ (2007-08)
29. കേരള സംസ്ഥാന നിർമ്മാണ കോർപ്പറേഷൻ = 2,286.01 ലക്ഷം രൂപ (2007-08)
30. കേരളാ റോഡ്/പാലം വികസന കോർപ്പറേഷൻ = - 657.65 ലക്ഷം രൂപ (2007-08)
31. കേരളാ ഭൂവികസന കോർപ്പറേഷൻ = - 4,769.47 ലക്ഷം രൂപ (2007-08)
32. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ = - 27.76 ലക്ഷം രൂപ (2007-08)
33. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ = - 18.24 ലക്ഷം രൂപ (2006-07)
34. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺ‌വർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് & ദി റെക്കമെൻഡഡ് കമ്മ്യൂണിറ്റിസ് = - 87.34 ലക്ഷം രൂപ (2007-08)
35. കേരളാ ആർട്ടീസൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ = - 227.87 ലക്ഷം രൂപ (2007-08)
36. കേരള സംസ്ഥാന ഉത്പന്ന വികസന തൊഴിലാളിക്ഷേമ കോർപ്പറേഷൻ = - 42.23 ലക്ഷം രൂപ (2007-08)
37. കേരള സംസ്ഥാന പൊതുവിതരണ കോർപ്പറേഷൻ = - 53,931.62 ലക്ഷം രൂപ (2006-07)
38. ട്രാവങ്കൂർ സിമെന്റ്സ് = - 256.14 ലക്ഷം രൂപ (2007-08)
39 ബേക്കൾ റിസോർട്ട്സ് വികസന കോർപ്പറേഷൻ = - 74.62 ലക്ഷം രൂപ (2006-07)
40. ട്രാവങ്കൂർ കൊച്ചിൻ കെമിക്കൽ‌സ് = - 785.33 ലക്ഷം രൂപ (2008-09)
41. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽ‌സ് = - 2,078.83 ലക്ഷം രൂപ (2007-08)
42. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ പ്രോടക്ടസ് ട്രേഡിംഗ് കോർപ്പറേഷൻ = - 103.93 ലക്ഷം രൂപ (2007-08)
43. കേരളാ സ്കൂൾ ടീച്ചേർസ്സ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വെൽഫെയർ കോർപ്പറേഷൻ = - 113.48 ലക്ഷം രൂപ (2008-09)
44. കേരള സംസ്ഥാൻ വനിതാ വികസന കോർപ്പറേഷൻ = - 31.09 ലക്ഷം രൂപ (2001-02)
45. കേരളാ സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്റ് കോർപ്പറേഷൻ = - 297.19 ലക്ഷം രൂപ (2004-05)
46. മീറ്റ് പോഡക്ട്സ് ഇൻഡ്യാ = - 745.47 ലക്ഷം രൂപ (2008-09)
47. ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജമെന്റ് = - 376.36 ലക്ഷം രൂപ (2008-09)

നമുക്ക് ആകെ പ്രവർത്തനക്ഷമമായ 80 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഏറ്റവും അവസാനം പൂർത്തീകരിച്ച കണക്കുകളനുസരിച്ച് 47 സർക്കാർ കമ്പനികളാണു നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. അവയിൽ 28 കമ്പനികളുടെ അടഞ്ഞുതീർന്ന മൊത്തം മൂലധനം 450.24 കോടി രൂപയാണു. എന്നാൽ ഈ 28 കമ്പനികളും കൂടി ഉണ്ടാക്കി വച്ചിരിക്കുന്ന മൊത്തം സഞ്ചിത നഷ്ടം1618.45 കോടി രൂപ. അതായത് മൊത്തം മൂലധനത്തിന്റെ നാലിരട്ടി.

എന്നിട്ടും സംസ്ഥാനസർക്കാർ (ഇടതും വലതും) ഈ കമ്പനികൾക്ക് ഇക്വിറ്റി, വായ്പ, ഇക്വിറ്റിയെ വായ്പയായി മാറ്റുക, സബ്സിഡി, ഗ്രാന്റ് മുതലായ ഇനങ്ങളിൽ തുടർന്നും സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. 2007-2008 ൽ മേൽ‌പ്പറഞ്ഞ ഇനങ്ങളിലായി അങ്ങനെയുള്ള 16 കമ്പനികൾക്ക് 132.47 കോടി രൂപയുടെ ധനസഹായം നൽകി.

നഷ്ടത്തിൽ പ്രവർത്തിക്കുന്നവ മാത്രമേ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുള്ളൂവോ. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച് കൂപ്പ് കുത്തിയ ശേഷം പ്രവർത്തന രഹിതമായിക്കിടക്കുന്നവയെ മറന്നുപോയോ? ഒന്നും രണ്ടുമല്ല അത്തരത്തിലുള്ള 25 കമ്പനികളുണ്ട്. ഇതാ ഇതാണവയെല്ലാം:
1. കേരളസംസ്ഥാന നാളികേര വികസന കോർപ്പറേഷൻ
2. ദി കേരളാ ഫിഷറീസ് കോർപ്പറേഷൻ
3. കേരളാ ഉൾനാടൻ മത്സ്യവികസന കോർപ്പറേഷൻ
4. ദി കേരളാ പ്രിമോപൈപ്പ് ഫാക്ടറി
5. കേർളാ സ്പെഷ്യൽ റിഫ്രാക്ടറിസ്
6. കേരളാ ആസ്ബസ്റ്റോസ് സിമെന്റ് പൈപ്പ് ഫാക്ടറി
7. കേരളാ കൺസ്ട്രക്ഷൻ കമ്പോണന്റ്സ്
8. കേരളാ സ്റ്റേറ്റ് ഇഞ്ചിനിയറിം വർക്ക്സ്
9. സിഡ്കൽ ടെലിവിഷൻസ്
10. കെൽട്രോൺ റെക്ടിഫയേർസ്
11.ട്രിവാൻഡ്രം സ്പിന്നിംഗ് മിത്സ്
12. കേരളാ ഗാർമെന്റ്സ്
13. കേരളാ മത്സ്യതൊഴിലാളി ക്ഷേമ കോർപ്പറേഷൻ
14. ദി ചാലക്കുടി റിഫ്രാക്ടരീസ്
15. സ്കൂട്ടേർസ് കേരള
16. സിഡ്കോ മോഹൻ കേരള
17. മെട്രോപോളിറ്റൻ ഇഞ്ചിനിയറിംഗ് കമ്പനി
18. കെൽട്രോൺ കൌണ്ടേർസ്
19. കെൽട്രോൺ പവർ ഡിവൈസസ്
20. ആസ്ട്രൽ വാച്ചസ്
21. ട്രാവൻ‌കൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്
22. കേരളാ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ്
23. കേരളാ സോപ്സ് & ഓയിൽ‌സ്
24. കേരളാ സ്റ്റേറ്റ് ഡിറ്റേർജന്റ് & കെമിക്കൽ‌സ്
25 കേരളാ സ്റ്റേറ്റ് സാലിസിലൈറ്റ്സ് & കെമിക്കൽ‌സ്
മേൽകാണിച്ചിരിക്കുന്ന 25 കമ്പനികളിലും കൂടി സർക്കാരിനു 164.72 കോടി രൂപയുടെ മുതൽ മുടക്കുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.

ഇങ്ങനെ അടച്ചുപൂട്ടി കിടക്കുന്നതിൽ ആദ്യത്തെ 13 എണ്ണത്തിനെ പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുണ്ട്. പിരിച്ച് വിടാനായുള്ള തീരുമാനത്തിനായി കാത്തു കിടക്കുന്നത്
ബാക്കിയുള്ള 12 കമ്പനികൾ. അത്തരത്തിലുള്ള പിരിച്ച് വിടൽ തീരുമാനമായാൽ മാത്രം പോരാ. അതു നടപ്പിലാക്കിയാൽ മാത്രമല്ലേ അങ്ങനെയുള്ള കമ്പനികളുടെ ആസ്ഥികൾ വിറ്റു മുതൽകൂട്ടാനോ മറ്റു കമ്പനികൾക്കുപയോഗിക്കാനോ സാധ്യമാകൂ. കൊല്ലങ്ങൾ ഒന്നും രണ്ടുമല്ല, ഒന്നു മുതൽ 23 വർഷം വരെ ഇതേ നിലയിൽ കിടക്കുന്ന കമ്പനികളുണ്ട് മേൽക്കാണിച്ച പട്ടികയിൽ. ഇവരെയൊക്കെ ബഹുമാനപ്പെട്ട നമ്മുടെ വ്യവസായ മന്ത്രി മറന്നുപോയോ?

പ്രവർത്തനരഹിതമായി കിടക്കുന്ന ഈ കമ്പനികളിലെല്ലാം കൂടി സർക്കാർ 72.94 കോടി രുപ മുതൽ മുടക്കിയിട്ടുണ്ടെന്നുള്ളതോർക്കണം. അവയുടെ എല്ലാംകൂടി ഇതുവരെയുള്ള സഞ്ചിത നഷ്ടം 287.87 കോടി രൂപയും.

തീർന്നില്ലാ, നിഷ്ക്രിയമായ ഈ കമ്പനികളുടെ കണക്കുകൾ 18 വർഷത്തോളം കുടിശ്ശികയിലാണു. കണക്കുകളുടേയും തുടർന്നുള്ള ഓഡിറ്റിന്റേയും അഭാവത്തിൽ നിക്ഷേപങ്ങളും ചെലവാക്കലുകളും ശരിയായി കണക്കിൽ പെടുത്തിയിരുന്നോ എന്നും നിക്ഷേപത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടുവാനായോഎന്നും ഉറപ്പ് വരുത്താൻ കഴിയുന്നില്ല. ഇതു പൊതുപണത്തിന്റെ ചോർച്ചയിലേക്കും ക്രിത്രിമങ്ങളിലേക്കും നയിക്കാനിടയുണ്ട്.

പണിയൊന്നും ഇല്ലെങ്കിലും ഈ സ്ഥാപനങ്ങൾക്ക് വേണ്ടുന്ന സ്ഥിരം ചെലവുകളെങ്കിലും ഒഴിവാക്കാനായി അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്ത് നടപ്പാക്കികൂടേ?

മേൽ എഴുതിയതെല്ലാം കമ്പനികളെ കുറിച്ച് മാത്രമേ ആയിട്ടുള്ളൂ. നമുക്ക് ഇതേപോലെയുള്ള കുറേ സ്റ്റാട്ട്യൂട്ടറി കോർപ്പറേഷനുകളും നിലവിലുണ്ട്. അവയെപറ്റി

വേറൊരവസരത്തിൽ.