Wednesday, July 9, 2008

കായിക താരങ്ങളെ കൊതിപ്പിച്ച് 5.45 കോടി രൂപ തുലച്ച കഥ.(sports training centre)

സ്പോര്‍ട്ട്സ് മേഖലയില്‍ കേരളത്തിനുള്ള സ്ഥാനം ചെറുതല്ല. അതുകൊണ്ടുതന്നെ നമ്മുടെ കായിക താരങ്ങള്‍ക്കും കളിക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനും അവരുടെ പ്രവര്‍ത്തന നൈപുണ്യവും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി അന്തരാഷ്ട്രനിലവാരത്തിലുള്ള ഒരു ട്രൈനിംഗ് സെന്റര്‍ വേണമെന്നാഗ്രഹിച്ചു പോകുന്നതും തെറ്റല്ലല്ലോ. ഹൈ ആള്‍ട്ടിറ്റൂഡ് പ്രദേശങ്ങളിലുള്ള പര്‍ശീലനം നമ്മുടെ കുട്ടികള്‍ക്ക് കുറവാണ്. മൂന്നാര്‍ പോലെ ഹൈ ആള്‍ട്ടിറ്റൂഡ് സ്ഥലങ്ങള്‍ കേരളത്തില്‍ ഉള്ളപ്പോള്‍ അവിടെത്തന്നെ ഇത്തരത്തിലുള്ള ഒരു ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് (മാര്‍ച്ച് 1995) ഉചിതമായെന്നേ സാമാന്യബുദ്ധിയുള്ള ആര്‍ക്കും തോന്നൂ.

രൂപാ ഒന്നും രണ്ടുമല്ല, 7.25 കോടി രൂപ മുടക്കി കൊണ്ടുള്ള ഒരു പദ്ധതിക്കാണ് രൂപം കൊടുക്കാന്‍ കേരള സംസ്ഥാന സ്പോര്‍ട്ട്സ് കൌസിലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഉത്തരവ് ശിരസ്സാ വഹിച്ചുകൊണ്ട് ഒരു കൊല്ലമെടുത്ത് കേരളാ സ്പോര്‍ട്ട്സ് കൌണ്‍സില്‍ നിര്‍ദ്ദേശിച്ച (ആഗസ്റ്റ് 1996) പദ്ധതിയുടെ നിര്‍മ്മാണ ഘടകങ്ങള്‍ ഇവയായിരുന്നു:

  • സ്റ്റേഡിയം
  • ബിറ്റുമിനസ് റോഡ്
  • കലുങ്കുകള്‍
  • ഓടകള്‍
  • റോഡരികിലെ നടപ്പാത
  • ഇന്‍ഡോര്‍ സ്റ്റേഡിയം
  • പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ സമുച്ചയം

ഇത്തരം ജോലികള്‍ ഏറ്റെടുത്ത ചെയ്യാനുള്ള ബുദ്ധിയോ ശക്തിയോ നമ്മുടെ പൊതുമരാമത്ത് ഏമാന്മാര്‍ക്ക് ഇല്ലാഞ്ഞതു കൊണ്ടായിരിക്കണം മേല്‍പ്പറഞ്ഞ പദ്ധതിയുടെ രൂപകല്പന, സൂപ്പര്‍വിഷന്‍ എന്നിവ ഒരു സ്വകാര്യ ആര്‍ക്കിടെക്ടിനെ (കണ്‍സല്‍ട്ടന്‍സി) ഏല്‍പ്പിക്കേണ്ടി വന്നത്, 1996 ല്‍ തന്നെ. 2001 ജനുവരിയില്‍ സര്‍ക്കാര്‍ സാങ്കേതിക അനുമതിയും നല്‍കി. കരാറു തുകയായ 4.31 കോടി രൂപയ്ക്ക് 15 മാസത്തിനകം പണി തീര്‍ക്കാനായി ഒരു സ്ഥാപനത്തേയും ഏല്പിച്ചു (2001 ഫെബ്രുവരി).

പണിഏല്‍പ്പിച്ചുകഴിഞ്ഞ്, കരാറ് സ്ഥാപനം അന്വേഷിച്ചപ്പോഴാണ് ചിലകാര്യങ്ങളെ പറ്റി ഓര്‍ത്തത്‌. ഹോസ്റ്റലില്‍ ആണ്‍-പെണ്‍ കുട്ടികളെ ചേര്‍ത്തുകഴിഞ്ഞാല്‍ അവര്‍ക്ക് പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യേണ്ടേ, കുളിക്കേണ്ടേ, മുറികള്‍ക്ക് വെളിയിലും വെളിച്ചം വേണ്ടേ അതിനൊക്കെ വേണ്ടി കുളിമുറി, കക്കൂസ്സ്, സെപ്റ്റിക്ക് ടാങ്ക്, ഇലക്ട്രിക്ക് ജോലികള്‍ ഇവയൊക്കെ നടത്തേണ്ടിയിരിക്കുന്നു. ഒപ്പിട്ട് കഴിഞ്ഞ കരാറില്‍ ഇതൊന്നുമില്ല. ഇതൊന്നുമില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് കരാറില്‍ അഴിച്ചുപണി നടത്തി. ചില അപ്രധാന കാര്യങ്ങല്‍ ഒഴിവാക്കി മേല്‍പ്പറഞ്ഞ പ്രധാനകാര്യങ്ങളും കൂടെ പിന്നീട് ഉള്‍പ്പെടുത്തി.

അതായത് പദ്ധതിയുടെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ ആരും നിര്‍ണ്ണയിച്ചിരുന്നില്ല.പണിയുടെ ഷെഡ്യൂള്‍ തയ്യാറാക്കിയത് ആവശ്യങ്ങള്‍ക്ക് അനുസൃതവുമായിരുന്നില്ല. ഇതും കൂടാതെ, നമ്മുടെ കണ്‍സള്‍ട്ടന്റ് ഡ്രായിംഗുകളും അളവുകളും സമയത്തു നല്‍കിയില്ല. കരാറനുസരിച്ചുള്ള അവരുടെ മറ്റുസേവനവും ലഭിച്ചില്ല. അങ്ങനെ അവരുടെ സേവനം അവസാനിപ്പിച്ച് മറ്റോരു സ്വകാര്യ ഏജന്‍സിയെ കണ്‍സള്‍ട്ടന്റായി നിയമിക്കേണ്ടി വന്നു (2003 മേയ്).

പുതിയതായി വന്നവര്‍ക്ക് ഈ പദ്ധതിയിലെ പണികളെ നിയന്ത്രിക്കാനേ കഴിഞ്ഞില്ല. അതുകൊണ്ട് 2005 മാര്‍ച്ചില്‍ അവര്‍ സ്വയം പിന്‍‌വാങ്ങി.

പിന്നെയൊട്ടും താമസിച്ചില്ല, സംസ്ഥാന സ്വയംഭരണ സ്ഥാപനമായ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചു ( 2006 ഫെബ്രുവരി). പണിക്കാവശ്യമായ മുഴുവന്‍ സ്ട്രക്ചറല്‍ ഡ്രോയിംഗ്കളും രൂപകല്പനയും നിര്‍മ്മാണ കരാറുകാരനു ഇതുവരെയും കൈമാറാത്തതുകൊണ്ട് പദ്ധതി തീരേണ്ട കാലാവധി പലതവണയും നീട്ടികൊടുക്കേണ്ടി വന്നു. 5.45 കോടി രൂപ ഈ പദ്ധതിക്കു വേണ്ടി ചെലവാക്കി കഴിഞ്ഞിട്ടും സ്റ്റേഡിയം, അകത്തും പുറത്തുമുള്ള ഓടകള്‍, ഹോസ്റ്റല്‍ സമുച്ചയം , ചുറ്റുമതില്‍ ഇവ ഒന്നും തന്നെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്‍ഡോര്‍ സ്റ്റേഡിയം , പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ഗേറ്റ് മുതലായവയുടെ പണി ഇതുവരെ (2008) ഏറ്റെടുക്കുക പോലും ചെയ്തിട്ടില്ല. 1995-ല്‍ തുടങ്ങിയതാണീ പദ്ധതി!!

നമ്മുടെ ഖജനാവിനു ചെലവായ 5.45 കോടി രൂപയേയും സ്വപ്നം കണ്ട് നമ്മുടെ കായികതാരങ്ങളും, കളിക്കാരും തെരുവ് തെണ്ടുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും അടുത്ത നാഷണല്‍ ഗെയിംസ് കേരളത്തില്‍ വച്ചായിരിക്കുമെന്ന് സ്പോര്‍ട്ട്സ് മന്ത്രി ഉറപ്പ് തന്നിട്ടുണ്ടു. കേരളജനതയ്ക്ക് ഇതിലപ്പുറം എന്തു വേണ്ടൂ.

7 comments:

അങ്കിള്‍. said...

ഹോസ്റ്റലില്‍ ആണ്‍-പെണ്‍ കുട്ടികളെ ചേര്‍ത്തുകഴിഞ്ഞാല്‍ അവര്‍ക്ക് പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യേണ്ടേ, കുളിക്കേണ്ടേ, മുറികള്‍ക്ക് വെളിയിലും വെളിച്ചം വേണ്ടേ അതിനൊക്കെ വേണ്ടി കുളിമുറി, കക്കൂസ്സ്, സെപ്റ്റിക്ക് ടാങ്ക്, ഇലക്ട്രിക്ക് ജോലികള്‍ ഇവയൊക്കെ നടത്തേണ്ടിയിരിക്കുന്നു. ഒപ്പിട്ട് കഴിഞ്ഞ കരാറില്‍ ഇതൊന്നുമില്ല. ഇതൊന്നുമില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് കരാറില്‍ അഴിച്ചുപണി നടത്തി.

Anonymous said...

Self taught malayalam ayathu kondu vayikkan mathrame ariyoo, ezhuthan kurachu prayasam. Not that I am proud of it so manglish language. sorry for that. What I could understand is that government has spent a significant amount of money just on planning? I am not sure but isn't there something called Right to Information Act in India these days. I heard a lawyer had a case under right to information about priyanka gandhi visiting Rajeev Gandhi's assassin. Why can't the act be invoked for serious issues of corruption like this?

അങ്കിള്‍ said...

സീമക്ക് മലയാളം വായിക്കാന്‍ അറിയാമല്ലോ. അതുതന്നെ ഭാഗ്യം.
വിവരാവകാശനിയമം ഒന്നും തേടേണ്ട ആവശ്യമില്ല. ഞാനെഴുതിയിരിക്കുന്നതു മുഴുവന്‍ ആധികാരികമായ ഔദ്ദ്യോഗിക രേഖകളില്‍ നിന്നെടുത്തതാണ്. ഖണ്ഢിക്കാന്‍ ആരും ഉണ്ടാകില്ല.
കോടിക്കണക്കിനു രൂപ ചെലവാക്കിയിട്ടും കൊല്ലം പത്തു പതിനഞ്ചു കഴിഞ്ഞെങ്കിലും ഒന്നും ചെയ്തില്ല എന്നല്ല, പ്രധാനമായി വേണ്ടതൊന്നും ചെയ്തില്ല. ചെലവാക്കിയതില്‍ കൂടുതലും പ്ലാനിങിനല്ല മിസ്സ്പ്ലാനിങിനായിരുന്നുവെന്നു മാത്രം.

ഇക്കാര്യങ്ങളൊക്കെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരേയും, നാം തെരഞ്ഞെടുത്ത ബഹു. സാകാജികരേയും അറിയിച്ചിട്ട് മാസങ്ങളായി. അവര്‍ക്കൊന്നും ചെയ്യാന്‍ മനസ്സില്ല.

നമുക്കുള്ള വിവരാവകാശനിയമത്തെപറ്റി സാമാന്യം വിശദമായിത്തന്നെ ദാ ഇവിടെ നിന്നറിയാം.

അപ്പു ആദ്യാക്ഷരി said...

എഴുതിയിരിക്കുന്നത് അങ്കിൾ ആയതിനാൽ ആധികാരികതയെപ്പറ്റി സംശയം ലവലേശമില്ല. പക്ഷേ ഇതെല്ലാം കണ്ടും കേട്ടും പതിവുപോലെ “കഷ്ടം” എന്നു പറയാനല്ലാതെ എന്തുചെയ്യാം. നല്ല ലേഖനം. പത്രക്കാരും കണ്ണടയ്ക്കട്ടെ.

മായാവതി said...

:)

മാംഗ്‌ said...

അങ്കിള്‍ എന്നെ അവരു റ്റ്രിവാണ്ട്രം ബ്ളോഗ്‌ നകത്തു കേറ്റിയില്ല പകരം ഒരു മെയില്‍ കിട്ടി തിരുവനന്ദപുരവുമായി എന്തു ബന്ധം എന്ന് ചോദിചോണ്ട്‌ മകനോടമ്മയുമായി എന്തു ബന്ധം എന്ന് ചോദിക്കും പൊലെ എണ്റ്റെ ബ്ളൊഗ്‌ നൊക്കിയാല്‍ അതു മനസ്സിലാകില്ലെ. ഞാനില്ലെ ഒരു ഗ്രൂപ്പിലേക്കും.

Club.mocazo said...

Its really nice blog can u check my blog once for more Malayalam stuff like Latest aakashagopuram movie mohanlal wallpapers, ringtones, posters, more Mohanlal fans online meet Malayalam friends Log on ::Mohanlal Movies ,Mohanlal images,Aakashagopuram Malayalam Mohanlal Movie.