Thursday, July 1, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 1: KFDC - Wattle

കേരളാ വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് (KFDC) : സംസ്ഥാനത്തെ വനം വകുപ്പിന്റെ കീഴിലുള്ള ഒരു പരിപൂർണ്ണ സർക്കാർ കമ്പനിയാണിത്. പേരു കേട്ടാൽ തോന്നും വനങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കമ്പനിയാണെന്നു. അല്ലേ അല്ല. തടിവ്യവസായത്തിന്റെ വികസനത്തിനുതകുന്ന വനവൃക്ഷങ്ങൾ കേരളത്തിലെ വനത്തിൽ വച്ചു പിടിപ്പിക്കുന്നതാണു ഈ കമ്പനിയുടെ ചുമതല. യാതൊരു സാധ്യതാ പഠനവും നടത്താതെ ഈ കമ്പനി ‘വാറ്റിൽ’ എന്നൊരു വനവൃക്ഷം നട്ടുവളർത്താൻ ശ്രമിച്ച് തുലച്ചത് സംസ്ഥാന സർക്കാരിന്റെ ഒന്നേകാൽ കോടി രൂപയാണു. നികുതി ദായകന്റെ ഇത്രയും പണം ഒരു സർക്കാർ കമ്പനി വിവരക്കുറവു കാരണം എഴുതി തള്ളേണ്ടി വന്നാൽ ആരും ചോദിക്കാനില്ലല്ലോ. അതു വെറും ഒരു ബിസിനസ്സ് നഷ്ടമല്ലേ ആകുന്നുള്ളൂ.  ആ കമ്പനിയിലെ ഒരുദ്ദ്യോഗസ്ഥൻ പത്തു രൂപ നികുതിപ്പണം തിരിമറി നടത്തിയാൽ സംഗതി വേറെ. ഇങ്ങനെയുള്ള തട്ടിപ്പുകളെ നിയമവിധേയമാക്കാൻ വേണ്ടിയാണല്ലോ കമ്പനികൾക്ക് രൂപം കൊടുക്കുന്നത്. ഏതായാലും ഇവിടുത്തെ കഥ വായിക്കൂ: (ഇതും സി.ഏ.ജി പറഞ്ഞതാണു. അതുകൊണ്ട് ആധികാരികതയെ പറ്റി സംശയിക്കേണ്ട).

മൂന്നാറിലെ
സൈലന്റ് വാലിയാണു സ്ഥലം. അവിടെയുള്ള 312.60 ഹെക്റ്റർ വനപ്രദേശത്ത് 1994-98 കാലയളവിലാണു ‘വാറ്റിൽ’ (ഇടതു വശത്തെ പടം നോക്കുക) മരങ്ങൾ നട്ടു പിടിപ്പിച്ചത്. 1978ൽ യുക്കാലിപ്റ്റിസ് മരങ്ങൾ (താഴെ വലതു വശത്തുള്ള പടം) നട്ടുവളർത്തിയ പദ്ധതി വലിയ ഒരു പരാജയമായതിനെ തുടർന്ന് അതിനു പകരമായാണു ‘വാറ്റിൽ’ മരങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത്. ഏതാണ്ട് 8 കൊല്ലം കഴിയുമ്പോൾ അതായത് 2002-07 ആകുമ്പോൾ 3150 മെട്രിക് ടൺ തടി ലഭിക്കുന്ന വൻ ‘വാറ്റിൽ’ മരങ്ങളായി മാറുമെന്നു വനം വകുപ്പിലെ സാങ്കേതിക വിദഗ്ദർ കണക്കു കൂട്ടി. അതെല്ലാം വിറ്റ് 42.51 ലക്ഷം രൂപ വരെ സംമ്പാദിക്കാമെന്നും സർക്കാരിനെ ഉപദേശിച്ചു. (ഒന്നേകാൽ കോടി ചെലവിട്ടാൽ 42 ലക്ഷം വരവുണ്ടാകുമെന്ന കണക്ക് വച്ചു നീട്ടിയപ്പോൾ തന്നെ ആ പദ്ധതിയെ ചവറ്റുകുപ്പയിലിടണമായിരുന്നു. കാരണം, പദ്ധതി നടപ്പിലാക്കുന്നത് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട് ഒരു വ്യവസായ സ്ഥാപനമായ കമ്പനിയാണു).

മലർപൊടിക്കാരന്റെ സ്വപ്നമായിതീർന്നതായാണു പിന്നീട് ഭവിച്ചത്. എട്ടാം കൊല്ലമായപ്പോൾ വൻ വാറ്റിൽ മരങ്ങൾ കാണേണ്ടതിനു പകരം 2-3 മിറ്റർ പൊക്കമുള്ളതും 10-19 സെന്റിമിറ്റർ വണ്ണവുമുള്ള വാറ്റിൽ ചെടികളെയാണു കണ്ടത്. സമുദ്രനിരപ്പിൽ നിന്നും വളരെയധികം പൊക്കമുള്ള കുന്നിൻ ചരിവുകളിൽ നട്ടു പിടിപ്പിക്കാവുന്നവയല്ല ‘വാറ്റിൽ’ മരങ്ങളെന്ന തിരിച്ചറിവ് നമ്മുടെ സാങ്കേതിക വിദഗ്ദർക്ക് അപ്പോഴാണുണ്ടായത്. യാതൊരു ഉളുപ്പും കൂടാതെ നമ്മുടെ സാങ്കേതിക വനം-വിദഗ്ദർ അതു വരെ ഈ പദ്ധതിക്ക് വേണ്ടി കമ്പനി ചെലവാക്കിയ 1.14 കോടിരൂപ എഴുതി തള്ളാൻ ഉപദേശിച്ചു.(കമ്പനീസ് ആക്ടും പ്രകാരം സ്ഥാപിച്ചതാകുമ്പോൾ എല്ലാത്തിനും കണക്ക് വേണ്ടേ. വനം വകുപ്പ് നേരിട്ട് ചെലവിട്ടതാണെങ്കിൽ ഇങ്ങനെ കണക്കിൽ കൂടിയുള്ള എഴുതി തള്ളൽ ആവശ്യമില്ല.) അങ്ങനെ കമ്പനിയുടെ സാദാ ചെലവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തി കണക്കെഴുതി.

വനം വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ വനവൃക്ഷങ്ങളെ പറ്റിയുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. കേരളത്തിലെ നികുതിദായകനു ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും വാറ്റിൽ മരങ്ങളെപറ്റി നമ്മുടെ വനസംരക്ഷകർക്ക് കൂടുതൽ അറിവ് നേടാനായല്ലോ. അതുതന്നെ ഒരു മുതൽകൂട്ടല്ലേ.

ഇപ്പോൾ ഈ വാറ്റിൽ ചെടികളെ മുറിച്ച് മാറ്റാനായി അനുവാദം തേടുന്നു എന്നു 30-6-2010 ൽ നിയമസഭയിൽ മന്ത്രി പറയുന്നതും കേട്ടു. വാറ്റിൽ മരങ്ങൾക്ക് പകരം യൂക്കാലിപ്റ്റസ് എന്നാണു പക്ഷേ മന്ത്രി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ ഉള്ളറകഥ ഇനി അന്വേഷിച്ച് കണ്ടെത്തണം.

വാറ്റിൽ മരത്തെപറ്റി അന്വേഷിച്ചപ്പോൾ നെറ്റിൽ നിന്നും കിട്ടിയ വിവരമാണു താഴെ എഴുതിയിരിക്കുന്നത്:

Wattle Tree:
Medium sized semi-deciduous to deciduous tree occurring in the bushveld. Grows up to 15 metres tall. The leaves and pods are browsed by Kudu, Impala, and Duiker. The timber is highly prized for use in furniture. The mass of yellow flowers attracts insects and bees. These insects in turn attract insect eating birds.

Occurs in open woodland form Zaire in the north to Kwazulu-Natal in the south, on well drained soils. Flowers from October to March.

Powdered decorticated root is applied to wounds to hasten healing. Toothache is relieved by passing steam from boiled leaves over teeth, this steam can also be used to treat sore eyes.. Colic can be relieved by chewing bark. Stomach disorders and intestinal parasites are relieved by taking an infusion made from the root. Diarrhoea can be relieved by a decoction of powdered stem and root bark.

ആധാരം: സി.ഏ.ജി. റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

2 comments:

paarppidam said...

ഒരുകോടിയിൽ പരം ചിലവിട്ട് നാപതു ലക്ഷത്തോളം “വരുമാനം ഉണ്ടാക്കുന്ന“ വിദ്യ വിവരം ഇല്ലായ്മകൊണ്ട് ആണെന്ന് കരുതാൻ പറ്റുമോ അങ്കിളേ? ഒരു പക്ഷെ മറ്റു ചിലതിനെ പറ്റിയുള്ള വിവരക്കൂടുതൽ കൊണ്ടായിരിക്കാം..എന്തായാലും ഇത്തരം നിരവധി പദ്ധതികൾ നടപ്പിലാക്കുകയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടാകുമല്ലോ..

വേറെ കുറേ ആളുകൾ എൻ എച്ച് 17 റോഡിലെ തണൽ മരങ്ങൾ ഒരുവിധം വെട്ടി വെടുപ്പാക്കി. പൊരിവെയിലാണിപ്പോൾ അവിടെ.

ദുബായിലും മറ്റും പുല്ലും,വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുവാൻ സർക്കാർ ധാരാളം തുക ചിലവിടുന്നുണ്ട്. അതിന്റെ പ്രയോജനം ഇവിടെ കാണുന്നുമുണ്ട്. ഇനി മുതൽ വില്ലപോലുള്ള കെട്ടിടങ്ങളുടെ മുകളിൽ നിശ്ചിത സ്ഥലത്തും പച്ചപ്പുണ്ടാക്കണം എന്ന് നിർബന്ധമാക്കുവാൻ പോകുന്നു. നാട്ടിലോ?

കാക്കര kaakkara said...

വാറ്റിൽ മരത്തിന്‌ മൂന്ന്‌ മീറ്ററെങ്ങിലും ഉയരമുണ്ടല്ലോ? അത്‌ വെട്ടികളയാതെ മരങ്ങളിലാത്ത മറ്റു സ്ഥലങ്ങളിൽ പുതിയ മരങ്ങൾ നട്ടാൽ പോരേ? നമ്മുടെ കാലവസ്ഥയ്ക്കും പ്രകൃതിക്കും ചേരുന്നതാണോ ഇത്തരം മരങ്ങളെന്ന്‌ വല്ല നിശ്ചയമുണ്ടോ?

മഴക്കാലത്ത്‌ വല്ല മാങ്ങണ്ടിയോ ചക്കകുരുവോ കശുവണ്ടിയോ കൊണ്ടുചെന്നിട്ടാൽ വല്ലതും മുളച്ച്‌ മരങ്ങളായി വളരും!!! തുലച്ച്‌ കളയുന്ന നികുതി പണമെങ്ങിലും ലാഭിക്കാം....