Monday, March 10, 2008

കെ.ടി.ഡി.സി. - ഉള്ളുകള്ളി കള്‍ (KTDC)

"ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌" ഹോട്ടല്‍ വ്യവസായി 'താജ്‌ ഗ്രൂപ്പുകാര്‍' കാലുറപ്പിച്ചതും അതിനു ശേഷം നമ്മുടെ KTDC യെ തട്ടിക്കളിച്ചുല്ലസിച്ചു കൊണ്ടിരിക്കുന്നതും എങ്ങനെയെന്ന്‌ ബൂലോഗരെ അറിയിക്കുന്നതുമാണ്‌ ഈ പോസ്റ്റിന്റെ ഉദ്ദേശം. ഈ കദനകഥയെ ഇങ്ങനെ സംഗ്രഹിക്കാം:-

  • സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസ്റ്റ്‌ റിസോര്‍ട്ട്സ്‌ കേരളാ ലിമിറ്റഡും (TRKL) , താജ്‌ ഗ്രൂപ്പിന്റെ ഇന്‍ഡ്യന്‍ ഹോട്ടല്‍സ്‌ കമ്പനി ലിമിറ്റഡും (IHCL) ചേര്‍ന്ന്‌ താജ്‌ കേരളാ ഹോട്ടല്‍സ്‌ ലിമിറ്റഡ്‌ (TKHRL) എന്ന ഒരു സംയുക്ത സംരംഭം ഉണ്ടാക്കിയെടുക്കുന്നതില്‍ താജ്‌ ഗ്രൂപ്പുകാര്‍ വിജയിക്കുന്നു; 15 കൊല്ലം മുമ്പ്‌.
  • സംസ്ഥാന സര്‍ക്കാരിന്റെ വലിയ മുതല്‍ മുടക്കും ആസ്തികളുടെ കൈമാറ്റവും ഉണ്ടായിട്ടും പുതിയതായുണ്ടാക്കിയ സംയുക്ത-സംരംഭ കരാറില്‍ TRKL ന്റെ സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാനും ഭരണനിര്‍വഹണത്തില്‍ പര്യാപ്തമായ നിയന്ത്രണവും പങ്കാളിത്തവും ഉറപ്പ്‌ വരുത്താനുള്ള വ്യവസ്ഥകളൊന്നും ഉള്‍പ്പെടുത്താതെയുള്ള ഒരു സംയുക്ത-സംരഭ കരാറില്‍ സര്‍ക്കാരിനെകൊണ്ട്‌ ഒപ്പ്‌ വൈക്കുന്നതില്‍ താജ്‌ ഗ്രൂപ്പ്‌ വിജയിക്കുന്നു.
  • പുതിയ സംയുക്ത-സംരംഭത്തില്‍ (TKHRL), താജ്‌ ഗ്രൂപ്പിനു പരമമായ നിയന്ത്രണം ഉണ്ടാക്കിയെടുക്കുകയും വരുമാനത്തിന്റെ സിംഹഭാഗവും 'പ്രവര്‍ത്തന ഫീസ്സ്‌' എന്ന നിലയില്‍ വസൂലാക്കി വരുകയും ചെയ്യുന്നു.
  • ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷവും താജ്‌ ഗ്രൂപ്പിന്റേതാക്കിയെടുത്തതിനാല്‍ ന്യൂനപക്ഷം വരുന്ന TRKL ന്റെ ഡയറക്ടര്‍മാരുടെ ശബ്ദം ഫലവത്താകാതെ കമ്പനിയിലുള്ള സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ കഴിന്‍ഞ്ഞ 15 കൊല്ലമായി ഒരു വരുമാനവും നേടിയില്ലെന്നു മാത്രമല്ല കണക്കിലെ കളികളില്‍ കൂടി TKHRL നെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തിച്ചു കൊണ്ടിരിക്കുന്നു.

ഇനി ഈ കഥയിലെ
വിശദാംശങ്ങളിലേക്ക്‌ കടക്കാം.

കുറച്ചു ചരിത്രം.

KTDC സുപരിചിതമാണ്‌. എന്നാല്‍ TRKL എന്നത്‌ തല്‍പരകക്ഷികള്‍ക്ക്‌ മാത്രം അറിയാവുന്ന കാര്യമാണ്‌. അതാണ്‌ കുറച്ച്‌ ചരിത്രം കൂടി കുറിക്കേണ്ടി വരുന്നത്‌.

ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായി 1965-ല്‍ സ്ഥാപിക്കപെട്ട കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌ (
KTDC) 1970-ല്‍ കൊച്ചിയില്‍ ഒരു ഹോട്ടല്‍ പദ്ധതി ഏറ്റെടുത്തിരുന്നു. മതിയായ ധനത്തിന്റെ അഭാവത്തില്‍ ഈ പദ്ധതി തടസ്സപെട്ടു. അതിനാല്‍ സ്ഥാപനങ്ങളില്‍ നിന്നും ധനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തില്‍ സംസഥാന സര്‍ക്കാര്‍ ഒരു പുതിയ കമ്പനി രൂപീകരിക്കുവാന്‍ തീരുമാനിച്ചു.(ഏപ്രില്‍-1989). അങ്ങനെ കൊച്ചി ഹോട്ടല്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി KTDC യുടെ ഒരു ഉപ കമ്പനിയായി ടൂറിസ്റ്റ്‌ റിസോര്‍ട്ട്സ്‌ കേരള ലിമിറ്റഡ്‌ (TRKL) സ്ഥാപിക്കപെട്ടു (ആഗസ്റ്റ്‌-1989). മൂലധനമായി ഇതില്‍ സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ 3291.50 ലക്ഷം രൂപ.

KTDC നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ്‌ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടനുസരിച്ച്‌ കൊച്ചി പദ്ധതിയുടെ ആസൂത്രണ ചെലവ്‌ 5.90 കോടി രൂപയായിരുന്നു. (ആഗസ്റ്റ്‌-1989). ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്‍ഡ്യ (IFCI) , ടൂറിസം ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഈന്‍ഡ്യ (TFCI) എന്നിവരില്‍ നിന്നും 1.75 കോടി വായ്പയും സംസഥാന സര്‍ക്കാരില്‍ നിന്നും 2.15 കോടി രൂപയും നേടികൊണ്ട്‌ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ TRKL തുടക്കത്തില്‍ നിശ്ചയിച്ചു. IFCI യും TFCI യും ചേര്‍ന്നു 3.40 കോടി രൂപയുടെ വായ്പ നല്‍കുവാന്‍ തത്വത്തില്‍ അംഗീകരിക്കുകയും (ജനുവരി-1990) സംസ്ഥാന സര്‍ക്കാരിന്റെ വകയായ 2.60 കോടി രൂപ ലഭ്യമാക്കാനുള്ള തീരുമാനവും എടുത്തു. അതനുസരിച്ച്‌ മുഖ്യവായ്പാ ദാതാവായ IFCI യു മായി TRKL വായ്പാകരാറില്‍ ഏര്‍പ്പെടുകയും (ജനുവരി-1990) 50 ലക്ഷം രൂപ 91-92 കാലയളവില്‍ മുന്‍കൂറായി വാങ്ങുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍, സംസ്ഥാന സര്‍ക്കാരിന്റേയും IFCI യുടേയും സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി പൂര്‍ത്തികരിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരുന്നു.

സംയുക്ത സംരംഭം, ആരംഭം.

ഇത്രയുമായപ്പോഴാണ്‌
താജ്‌ ഗ്രൂപ്പ്‌ വിവരമറിയുന്നത്‌. അവര്‍ വന്ന്‌ കാണേണ്ടവരെ കണ്ടു. സംസ്ഥാനത്തില്‍ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ചു (ജൂലൈ-1990).

IFCI/TFCI യില്‍ നിന്നുമുള്ള വായ്പ കൈവശമുള്ളപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട മാര്‍ജിന്‍ മണി(2.60 കോടി രൂപ) കൊടുക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നുള്ള ഒരു കാരണവും പറഞ്ഞ്‌ ഇതുവരെ പൂര്‍ത്തിയാക്കിയ എല്ലാ ഒരുക്കങ്ങളേയും കാറ്റില്‍ പറത്തി, സംസ്ഥാന സര്‍ക്കാരും താജ്‌ ഗ്രൂപ്പും ചേര്‍ന്ന്‌ വിനോദ സാഞ്ചാരം വികസിപ്പിക്കാനായി ഒരു ധാരണാപത്രം ഒപ്പുവയ്ക്കുകയും (ഒക്ടോബര്‍-1990) ചെയ്തു.

താജ്‌ ഗ്രൂപ്പ്‌മായി ചേര്‍ന്ന്‌ ഒരു സംയുക്ത മേഖലാ കമ്പനി രൂപീകരിക്കാനുള്ള പദ്ധതി അംഗീകരിച്ചു (ആഗസ്റ്റ്‌-1990). TRKL ന്റെ പങ്കാളിയായി താജ്‌ ഗ്രുപ്പ്പ്പീനെ അംഗീകരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഒരു സംയുക്ത മേഖലാ കമ്പനി രൂപീകരിച്ചു (മേയ്‌-1991). അതാണ്‌ താജ്‌ കേരളാ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌ ലിമിറ്റഡ്‌. (TKHRL). സായിപ്പിനെക്കണ്ട്‌ കവാത്ത്‌ മറന്ന കേരളസര്‍ക്കാരിനേയാണ്‌ പിന്നെ നാം കാണുന്നത്‌. കാരണം:-

  • വേണ്ടത്ര പ്രചാരം നല്‍കാതെയും, രാജ്യത്തെ മറ്റു പ്രമുഖ ഹോട്ടല്‍ ശൃംഖലകളില്‍ നിന്നും താല്‍പര്യപ്രകടനങ്ങള്‍ ക്ഷണിക്കാതെയുമാണ്‌ താജ്‌ ഗ്രൂപ്പ്‌മായി മാത്രം കൂടിയാലോചന നടത്തിയത്‌. ആയതിനാല്‍, ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ (TKHRL) ലാഭത്തില്‍ തങ്ങള്‍ക്കുള്ള ഓഹരി വര്‍ദ്ധിപ്പിക്കനുതകുന്ന തരത്തില്‍, പാട്ടക്കരാര്‍ വരുമാനത്തില്‍ നിന്നുള്ള ലാഭം തുടങ്ങിയ വ്യവസ്ഥകളുമായി ബന്ധപ്പെട്ട്‌ ഒരു മാത്സര്യ സ്വഭാവമുള്ള ഓഫര്‍ സര്‍ക്കാരിനു അതായത്‌ TRKL ന്‌ നേടാന്‍ കഴിഞ്ഞില്ല. കരാറില്‍ താജ്‌ ഗ്രൂപ്പ്‌ എന്തെഴുതി വച്ചോ, അതിനെല്ലാം സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
  • രാജ്യത്തെ പ്രമുഖ ഹോട്ടല്‍ ശൃഖലകളില്‍ നിന്നെല്ലാം സമാനക്രമീകരണത്തിനുള്ള ധാരാളം അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരു മത്സര രൂപേണയുള്ള സംയുക്ത സംരംഭ പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ വളരെയധികം സാധ്യതയുണ്ടായിരുന്നതിനു തെളിവായിരുന്നു അത്‌.

ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂലധനം ക്ഷയിക്കുകയും TRKL ന്റെ ചെലവില്‍ താജ്‌ ഗ്രൂപ്പ്‌ കൊള്ളലാഭം നേടിയതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‌ വായിക്കുക:

സംയുക്ത സംരഭ കരാര്‍.

താജ്‌ ഗ്രൂപ്പിനെ ജോയിന്റ്‌ വെഞ്ചര്‍ പങ്കാളിയായി തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പായി യാതൊരു മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചില്ല.. ഭാവി ഇടപാടുകളുടെ സാമ്പത്തിക സ്വാധീനത്തെക്കുറിച്ചുള്ള ഒരു മൂല്യനിര്‍ണ്ണയവും നടത്തിയില്ല.

ഇങ്ങനെയൊക്കെ സംഭവിച്ചത്‌ സര്‍ക്കാരിന്റേയും അതുപോലെ സംയുക്ത സംരംഭ കമ്പനിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍
TRKL നു നല്‍കിയ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു.

ജോയിന്റ്‌ വെഞ്ചര്‍ കരാറിന്‍ പ്രകാരം
TKHRL ന്റെ ഇക്വിറ്റി ഓഹരി മൂലധനത്തില്‍ ഒരു ന്യൂനഭാഗം മാത്രമാണ്‌ TRKL നു ഉണ്ടായിരുന്നത്‌. TRKL നും താജ്‌ ഗ്രൂപ്പിനും മറ്റു സ്വകാര്യ/പൊതുജനങ്ങള്‍ക്കും കൂടി നിശ്ചയിച്ചിരുന്ന ഓഹരികളുടെ അനുപാതം 20:40:40 എന്ന രീതിയിലായിരുന്നു. ‌ പൊതുജനങ്ങള്‍ക്ക്‌/സ്വകാര്യ വ്യക്തികള്‍ക്ക്‌ കമ്പനിയുടെ ഓഹരികള്‍ നല്‍കുന്നതുവരെ സംയുക്ത സംരംഭത്തില്‍ താജ്‌ ഗ്രൂപ്പിനു TRKL നു ഉള്ളതിന്റെ ഇരട്ടി അവകാശം ഉണ്ടായിരിക്കും എന്നുവരെ എഴുതി വച്ചിട്ടുണ്ട്‌. സ്വകാര്യവ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ ഒരു ഓഹരിപോലും ഇതുവരെ വിറ്റിട്ടില്ല എന്നുള്ളതാണ്‌ സത്യം. അതുകൊണ്ടെന്തു പറ്റി, TRKL ടെ അതായത്‌ നമ്മുടെ സര്‍ക്കാരിന്റെ മാത്രമായിരുന്ന കൊച്ചിയിലേയും, കുമരകത്തേയും വര്‍ക്കലയിലേയും സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന്റെ ഭൂരിഭാഗം താജ്‌ ഗ്രൂപ്പ്‌ നിയമപരമായിതന്നെ കൈയ്യടക്കി. സര്‍ക്കാരിനും, TRKL നും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഓഹരിയുടെ 20% മാത്രമാണ്‌
TRKL നു ഉണ്ടായിരുന്നത്‌ എന്നതിനാല്‍ TRKL/സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഇടപാടുകള്‍ നിയന്ത്രിക്കാനോ ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ ഭരണനിര്‍വഹണത്തില്‍ ഫലവത്തായ പങ്കാളിത്തം ഉറപ്പാക്കാനോ കഴിഞ്ഞില്ല. ജോയിന്റ്‌ വെഞ്ചറില്‍ TRKL ന്റെ നിക്ഷേപം വളരെ വലുതായിരുന്നു. എന്നാല്‍ ആ നിക്ഷേപത്തില്‍ ഓഹരി മൂലധനം ഒരു ചെറിയ പങ്കു മാത്രമേ ആകുന്നുള്ളൂ. (കൊച്ചി, കുമരകം, വര്‍ക്കല എന്നിവിടങ്ങളിലെ സ്ഥലവും സ്ഥാവര ജംഗമ വസ്തുക്കളെല്ലാം TRKL ന്റേതാണെന്നോര്‍ക്കുക). 20% മാത്രം ഓഹരി ഉടമകളായ TRKL ന്റെ പ്രതിനിധികളായ ഡയറക്ടര്‍മാര്‍ക്ക്‌ ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ ബോര്‍ഡ്‌ ചര്‍ച്ചകളിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഫലപ്രദമായി ഇടപെടാനും കഴിഞ്ഞില്ല. ജോയിന്റ്‌ വെഞ്ചറിന്റെ 40% ഓഹരികള്‍ പൊതുജനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ക്ക്‌ വിറ്റഴിക്കുന്നതുവരെയുള്ള കാലയളവില്‍ ഫലവത്തായി ഇടപെടുന്നതിനു പങ്കാളികള്‍ക്കുള്ള അവകാശങ്ങളും കടമകളും ജോയിന്റ്‌ വെഞ്ചര്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നില്ല.

ജോയിന്റ്‌ വെഞ്ചര്‍ കരാറനുസരിച്ച്‌ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നില്‍ കുറയാതെയും പന്ത്രണ്ടില്‍ കൂടാതെയുമുള്ള എണ്ണം അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്‌. എന്നാല്‍ കമ്പനി രൂപീകരിച്ചപ്പോള്‍ ഡയറക്ടര്‍മാരുടെ എണ്ണം 15 വരെ ആകാം എന്നാക്കിയതിന്‌
TRKL നു ന്യായീകരണം ഒന്നും പറയാനുമില്ല. നിക്ഷേപത്തിന്റെ അനുപാതത്തില്‍ ഒരു പങ്കാളിക്ക്‌ കുറഞ്ഞത്‌ ഒന്നും പരമാവധി നാലും പേരെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്‌ നാമനിര്‍ദ്ദേശം നടത്തുവാന്‍ TRKL നും താജ്‌ ഗ്രൂപ്പിനും അവകാശമുണ്ട്‌. ശേഷിക്കുന്ന ഡയറക്ടര്‍മാരെ നിയോഗിക്കേണ്ടതും ഡയറക്ടര്‍ബോര്‍ഡിന്റെ വലിപ്പം നിശ്ചയിക്കേണ്ടതും TRKL ന്റേയും താജ്‌ ഗ്രൂപ്പിന്റേയും ഉഭയസമ്മത പ്രകാരമാണ്‌. എന്നാല്‍ ഇങ്ങനെ വലിപ്പം നിശ്ചയിച്ചതിലും, ഡയറക്ടര്‍മാരെ നിയോഗിച്ചതിലും സമ്മതം നേടിയിരുന്നു എന്നു വെളിവാക്കുന്ന യാതൊരു രേഖയും TRKL ന്റെ പക്കലില്ല.

ആകെ ഓഹരി മൂലധനം
45.83 കോടിയില്‍ നിന്നും 2003-04 ല്‍ 50 കോടിയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ TRKL ന്റെ കൈവശം 16.67 കോടിയുടേയും താജ്‌ ഗ്രുപ്പിന്റെ കൈവശം 33.33 കോടിയുടെയും ഓഹരികളാണുണ്ടായിരുന്നത്‌. TRKL നു നാലു ഡയറക്ടര്‍മാരെ നിര്‍ദ്ദേശിക്കാമായിരുന്നെങ്കിലും മൂന്ന്‌ പേരെ മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ. അതുപോലെ താജ്‌ ഗ്രൂപ്പിനും നാല്‌ പേറെ നിര്‍ദ്ദേശിക്കാം. ബാക്കി 3 പേറെ ഉഭയസമ്മത പ്രകാരം നിയമിക്കേണ്ടതാണ്‌. എന്നാള്‍ TRKL നാലാമത്തെ ഡയറക്ടരെ നിര്‍ദ്ദേശിക്കുകയോ ശേഷിക്കുന്ന മൂന്ന്‌ പേരെ ഉഭയസമ്മതപ്രകാരം നിയമിക്കുന്നതിനു സമ്മര്‍ദ്ദം ചൊലുത്തുകയോ ചെയ്യാത്തതുമൂലം സ്വന്തം അവകാശങ്ങളെ നിഷേധിക്കുകയും തീരുമാനങ്ങളെടുക്കുന്നതില്‍ താജ്‌ ഗ്രൂപ്പിന്‌ അവസരം നല്‍കുകയും ചെയ്തു.


1992-93 മുതല്‍ 2006-07 വരെയുള്ള
TRKL ന്റെ നിക്ഷേപം 16.67 കോടി രൂപയാണ്‌, താജ്‌ ഗ്രൂപ്പിന്റേത്‌ 33.33 കോടി രൂപയും. TRKL ന്റെ ഈ നിക്ഷേപത്തില്‍ 2002-04 ല്‍ നിക്ഷേപിച്ച 11.17 കോടി രൂപയും ഉള്‍പെടുന്നു. വാസ്തവത്തില്‍ ഈയൊരു ചെലവിന്റെ ആവശ്യമേ ഇല്ലായിരുന്നു. എന്തെന്നാല്‍:-

  • ഒന്നാമത്‌ സംയുക്ത സംരംഭമായ TKHRL കമ്പനി ഏതാണ്ട്‌ 22 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയിരുന്ന സമയമായിരുന്നു അത്‌. നഷ്ടത്തില്‍ കൂപ്പ്‌ കുത്തികൊണ്ടിരുന്ന സമയത്ത്‌ വീണ്ടും നിക്ഷേപം നടത്താന്‍ സാമാന്യബുദ്ധിയുള്ളവരാരും മുതിരില്ലായിരുന്നു.
  • രണ്ടാമത്‌ TRKL ന്റെ ധാരാളം സ്ഥലവും, സ്ഥാവരജംഗമ വസ്തുക്കളും സംയുക്ത സംരംഭത്തിനു വേണ്ടി ഉപയോഗിച്ചു വരുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം കൂടി വില കണക്കാക്കി വേണം TRKL ന്റെ പങ്കായ 20% നിശ്ചയിക്കേണ്ടതെന്ന്‌ കരാറില്‍ പ്രത്യേകം എഴുതി വച്ചിട്ടുണ്ട്‌. ആ നിലക്ക്‌ അധിക നിക്ഷേപം നടത്തിയത്‌ നിഷേധിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. താജ്‌ ഗ്രൂപ്പ്‌ കാരുടെ മുന്നില്‍ ഓച്ഛാനിച്ച്‌ നില്‍ക്കാന്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ.
  • മൂന്നാമത്‌, ഓഹരി മൂലധനത്തിന്റെ 40% ഒരു പബ്ലിക്ക്‌ ഇഷ്യൂ വഴി പൊതുജനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ക്ക്‌ കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നു. അങ്ങനെ ചെയ്യിപ്പിക്കാന്‍ TRKL നു കഴിഞ്ഞില്ല. ഇത്ര നാളിനകം പബ്ലിക്ക്‌ ഇഷ്യൂ നടത്തിയിരിക്കണമെന്ന നിര്‍ദ്ദേശവും കരാറിലില്ലായിരുന്നു. അതനുസരിച്ച്‌ ചെയ്തിരുന്നുവെങ്കില്‍, TRKL ന്റെ 20% ഓഹരിക്കു വേണ്ടിയുള്ള അധിക നിക്ഷേപം 10 കോടിയില്‍ ഒതുക്കാമായിരുന്നു. ചുരുക്കത്തില്‍ സംയുക്ത സംരംഭത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം താജ്‌ ഗ്രൂപ്പിന്റെ കൈയ്യില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ആസ്തികളുടെ കൈമാറ്റം.

സംയുക്ത സംരംഭ കരാറനുസരിച്ച്‌, സംയുക്ത-സംരംഭ കമ്പനിക്ക്‌ കൈമാറ്റം ചെയ്യപ്പെട്ട സ്ഥലത്തിന്റേയും മറ്റു നിലവിലുള്ള ആസ്തികളുടേയും മൂല്യത്തിനു തുല്യമോ അതില്‍ കുറവോ ഇക്വുറ്റി
TRKL/സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നു.

കൈമാറ്റം ചെയ്യുന്നതിനായി കണ്ടെത്തിയ (ഒക്ടോബര്‍ 1990) 14 സ്ഥലങ്ങളില്‍,
കൊച്ചി, വര്‍ക്കല, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള സ്ഥലങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌.(ഫെബ്രുവരി-മേയ്‌ 1992). സ്ഥലത്തിന്റെ ആകെ മൂല്യം 2.95 കോടി രൂപയായും, കെട്ടിടങ്ങളുടേതിനു 2.51 കോടി രൂപയായും ജില്ലാ കളക്ടര്‍ നിശ്ചയിച്ചു.

കൊച്ചിയിലേയും, കുമരകത്തേയും, വര്‍ക്കലയിലേയും സ്ഥലങ്ങള്‍ സംയുക്ത-സംരഭ കമ്പനി ഏറ്റെടുത്ത്‌ വികസിപ്പിച്ചു. ബാക്കി സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല. കൈമാറ്റം ചെയ്തിട്ട്‌ കൊല്ലം 15 ക്ഴിഞ്ഞെങ്കിലും, ഒരു സ്ഥലത്തിന്റേയും പാട്ടകരാര്‍ പോലും ഇതുവരെയും ഉണ്ടാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും താജ്‌ ഗ്രൂപ്പുകാര്‍ സൗജന്യമായി അനുഭവിച്ചു വരുന്നു.

എന്താണ്‌ സംയുക്ത-സംരംഭ പ്രവര്‍ത്തന കരാര്‍.

  • സംയുക്ത-സംരഭ കരാര്‍ അനുസരിച്ച്‌ TKHRL എന്ന പുതിയ കമ്പനി സ്ഥാപിക്കണം.
  • താജ്‌ ഗ്രൂപ്പിന്റെ ഇന്‍ഡ്യാ ഹോട്ടല്‍സ്‌ കമ്പനി ലിമിറ്റഡ്‌ (IHCL) നെ TKHRL ന്റെ നടത്തിപ്പിനായി നിയോഗിക്കപെടണം.
  • ഹോട്ടല്‍ നടത്തിപ്പിന്റെ നിര്‍ദ്ദേശകനും ഉപദേഷ്ടാവും IHCL ആയിരിക്കണം
  • ഹോട്ടല്‍ നടത്തിപ്പിന്റേയും സാങ്കേതിക സേവനത്തിന്റേയും കരാറുകളുടെ വ്യവസ്ഥകള്‍ TRKL -ം IHCL-ം തമ്മില്‍ സമ്മതപ്രകാരമുള്ളതായിരിക്കണം.
  • മുന്‍കാല പ്രബല്യത്തോടെ ജൂണ്‍ 1994-ല്‍ തുടങ്ങി 20 വര്‍ഷത്തേക്ക്‌ കരാര്‍ പ്രാബല്യത്തിലുണ്ടായിരിക്കുന്നതും പരസ്പര സമ്മത പ്രകാരം ദീര്‍ഘിപ്പിക്കാവുന്നതുമായിരിക്കണം.
  • IHCL ന്റെ ഫീസ്സ്‌ മൊത്ത വരുമാനത്തിന്റെ 3% -ം മൊത്ത ലാഭത്തിന്റെ 10%-ം ആകുന്നു.
  • സംയുക്ത-സംരഭ-ഹോട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി IHCL ചിലവാക്കുന്ന തുക മുഴുവന്‍ TKHRL തിരിയെ നല്‍കേണ്ടതാണ്‌.

അങ്ങനെ ജൂലൈ 1999-ല്‍ ജൂണ്‍ 1994 മുതല്‍ മുന്‍കാല പ്രബല്യത്തോടെ പ്രവര്‍ത്തന കരാറുണ്ടായി. ഈ കരാറിലെ വ്യവസ്ഥകളും ഉപാധികളും പൂര്‍ത്തീകരിച്ചത്‌
TRKL ന്റെ സമ്മതപ്രകാരമാണെന്ന്‌ കാണിക്കുന്ന ഒരു രേഖയും നിലവിലില്ല. പ്രവര്‍ത്തന ഫീസ്‌ നിശ്ചയിച്ചിരുന്നത്‌ വളരെ കൂടുതലായിരുന്നു. പ്രവര്‍ത്തന ഫീസ്‌ നല്‍കുന്നതും ചെലവുകള്‍ തിരിയെ നല്‍കുന്നതും ലാഭക്ഷമതയുമായി ഒരു ബന്ധവുമില്ല. 1994-95 മുതല്‍ 2006-07 വരെ IHCL ന്റെ പ്രവര്‍ത്തന ഫീസ്സായി 12.84 കോടി രൂപയും മറ്റു ചെലവുകള്‍ തിരിയെകൊടുത്ത വകയില്‍ 12.88 കോടി രൂപയും താജ്‌ ഗ്രൂപ്പു കൈപറ്റിക്കഴിഞ്ഞു. ഇത്രയും വലിയ തുക താജ്‌ ഗ്രൂപ്പ്‌ കൈപറ്റിക്കഴിഞ്ഞപ്പോള്‍, 16.67 കോടി രൂപ മുതല്‍ മുടക്കിയിരിക്കുന്ന TRKL-നു ചെലവുകളും ഫീസും കഴിച്ച്‌ വിതരണത്തിനു ലാഭമൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വരുമാനവും കിട്ടിയില്ല. സത്യം പറയണമല്ലൊ, താജ്‌ ഗ്രൂപ്പിനും ലാഭവിഹിതമൊന്നും കിട്ടിയില്ല്; കാരണം കമ്പനി നഷ്ടത്തിലല്ലേ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ അവര്‍ ലാഭവിഹിതത്തിനു പകരം മുടക്കിയ മുതലിന്റെ പലിശയും പലിശക്കുപലിശയും പ്രവര്‍ത്തന ഫീസ്സെന്നും മറ്റുചിലവുകളെന്നും പറഞ്ഞ് അപ്പപ്പോള്‍ പറ്റിക്കഴിഞ്ഞിരിക്കുന്നു.

സംയുക്ത-സംരംഭമായ TKHRL ന്റെ പ്രവര്‍ത്തന പ്രകടനം - തുടരും.

[കടപ്പാട്‌. സി.ഏ ജി. റിപ്പോര്‍ട്ട്‌.]

കുറിപ്പ്‌: വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് പരസ്യങ്ങളാണ് മാധ്യമങ്ങളിലൂടെ നാം ദിവസേന കാണുന്നത്‌. താജ്‌ ഗ്രൂപ്പിന്റെ ഈ കഥയെങ്ങാനും ഏതെങ്കിലും മാധ്യമത്തില്‍ വാന്നാല്‍ പരസ്യവരുമാനം നിലക്കും. അതു കൊണ്ട്‌ ബൂലോഗരേ നിങ്ങള്‍ക്ക്‌ ബ്ലോഗ്‌ വഴി മാത്രമേ ഈ വിവരങ്ങള്‍ കിട്ടുകയുള്ളൂ.

11 comments:

Appu Adyakshari said...

കഷ്ടം! ഭരണത്തിലിരിക്കുന്നവര്‍ക്ക് സ്വന്തം കീശവീര്‍പ്പിക്കാന്‍ മാത്രം താല്പര്യമുള്ളപ്പോള്‍ ഇതും ഇതിനപ്പുറവുമല്ലേ നടക്കൂ. അങ്കിള്‍, പത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയില്ലെങ്കില്‍, ടി.വി പോലുള്ള മാധ്യമങ്ങളെ അറിയിച്ചുകൂടെ? ബ്ലോഗിലൂടെ എത്രപേര്‍ ഇതൊക്കെ വായിക്കും? സ്വകാര്യ ടി.വി. ചാനലുകള്‍ക്ക് ഇതിലൊക്കെ താല്പര്യം ഉണ്ടാവില്ലേ (നാടുനന്നാക്കാനല്ല, ഒരു സെന്‍സിറ്റീവ് ന്യൂസ് ഉണ്ടാക്കാനെങ്കിലും!)

അങ്കിള്‍ said...

വിനോദ സഞ്ചാരത്തെ പറ്റി താജ്‌ ഗ്രൂപ്പിന്റെ എന്തു മാത്രം പരസ്യങ്ങളാണെന്നോ ദൃശ്യ മാധ്യമങ്ങളില്‍ വരുന്നത്‌. ഈ പോസ്റ്റിലുള്ളതെങ്ങാന്‍ അവര്‍ പുറത്തു വിട്ടാല്‍ പരസ്യങ്ങളെല്ലാം നില്‍ക്കും. അവര്‍ക്ക്ത് താങ്ങാനാകില്ല. അതുകൊണ്ട്‌ ഇത്‌ നമുക്ക്‌ വായിച്ച്‌ തൃപ്തിപെടാം.

Anivar said...

നല്ല പോസ്റ്റ്. കേരളാ ടൂറിസം ഇപ്പോഴും താജിനും, ഒബ്‌റോയിക്കുമൊക്കെ സബ്സിഡി കൊടുത്തു കൊണ്ടിരിക്കുകയാണ്. എന്താ മറ്റു വ്യവസായങ്ങള്‍ക്കു പറയുന്നപോലെ സര്‍ക്കാര്‍ സബ്സിഡി കൊടുത്തില്ലെങ്കില്‍ ഇവര്‍ തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ ബംഗാളിലോ പോയി വ്യവസായം തുടങ്ങുമെന്നു പേടിച്ചാണോ? കേരളത്തില്‍ വരാനുള്ളവര്‍ ഇവിടെത്തന്നെയല്ലേ വരൂ.. അപ്പോ 15ഓലം വര്‍ഷം പ്രായമായ ഒരു ഇന്റസ്ട്രിയ്ക്ക് സബ്സിഡിയെന്തിനാണ്?

അതോടൊപ്പം തന്നെ കാടും കടലോരവും കയ്യടക്കി തദ്ദേശീയരെ കുടിയൊഴിപ്പിക്കുന്നതും ഇതേ വ്യവസായം തന്നെ..

കമ്മ്യൂണിറ്റി ബെനഫിഷറി ടൂറിസം എന്നത് അജണ്ടയില്‍ പോലുമില്ല.

ദാ ഇപ്പോ സര്‍ക്കാരും ഇന്ടസ്ട്രിയും പറയുന്നത് കേരള ടൂറിസം കഴിഞ്ഞ 4 വര്‍ഷമായി റെസ്പോണ്‍സിബിള്‍ ആണെന്നാണ്. ഈ പേരില്‍ കച്ചോടം കൂടുതല്‍ നടത്താനായി ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സും നടത്തുന്നുണ്ട്. ദാ അതിന്റെ വിവരങ്ങളിവിടെ നാട്ടുകാര്‍ ടൂറിസം ഇക്കോഫ്രണ്ട്ലിയല്ല എന്നുപറഞ്ഞാ ഇക്കോടൂറിസമെന്നു പേരിടും, അണ്‍സസ്റ്റൈനബിളാണെന്നു പറഞ്ഞാല്‍ സസ്റ്റൈനബിള്‍ ടൂറിസമെന്നാവും പേര്. irresponsible ആണെന്നാഅണു പറയുന്നതെങ്കില്‍ Responsible tourism എന്നാവും പേര് .. ഓരോരോ തമാശകളേ

അതുല്യ said...

അങ്കിള്‍, വളരെ നല്ല രീതിയില്‍ ഇത് പറഞെത്തിച്ചിരിയ്ക്കുന്നു. ഇതിന്റെ കളികളിലൂടെ ഞാനും 2 കൊല്ലമ മുമ്പ് ഒരു വാഗ്വാദത്തില്‍ ഏര്‍പ്പട്ടിരുന്നു.

(ആരോക്കെ കീശ വീര്പ്പിച്ചാലും പോട്ടേ, ഏതെങ്കിലുമൊരു കെ.ട്ടി.ഡീ സീടെ റെഫ്രഷ്മെന്റ് ഓഉട്ട്ലെറ്റില്‍ കേറീട്ട്,മണ്ണ് നിറഞ കയറ്റ് പായയും, ചവീട്ടീം, സിഗരറ്റ് കുറ്റി നിറഞ ചുറ്റുപാടും, മഞക്കറയില്ലാത്ത ട്ടോയിലറ്റുമെങ്കില്ലും കാ‍ണാന്‍ കഴിഞെങ്കില്‍?,എനിക്കിപ്പോ ഇത്രേയുള്ളു ആഗ്രഹം.)

ഉറുമ്പ്‌ /ANT said...

:(

krish | കൃഷ് said...

അപ്പൊ ഇങ്ങനാണല്ലേ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ‘തൂറിസം’ വികസിപ്പിക്കുന്നതല്ലേ.

തോന്ന്യാസി said...

അങ്കിളേ,

ഇതൊക്കെ വായിച്ച് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്നതിന്റെ പകുതി കുതിരശക്തിയില്‍ അധികാര വര്‍ഗ്ഗത്തിന്റെ ഞരമ്പുകളിലൂടെ ചോര ഓടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു...നടക്കില്ലെങ്കിലും.......

ഹരിത് said...

ഏറ്റവൂം ഒടുവില്‍ കേട്ടതു് സി & ഏ ജീ യുടെ ഫൈനല്‍ റിപ്പോ‍ര്‍ട്ടില്‍ നിന്നും ഇവിടെ എഴുതിയ കാര്യങ്ങള്‍ ഇല്ലാതാക്കി എന്നാണു്. തല്‍‍പ്പരകക്ഷിക്കാര്‍ നടത്തിയ ഉപജാപങ്ങള്‍ വിജയിക്കുന്നു എന്നു തോന്നുന്നു. ഇതു ശരിയാണെങ്കില്‍ നമുക്കു ബ്ലോഗിലൂടെയെങ്കിലും പ്രതികരിക്കണം.

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

chithrakaran ചിത്രകാരന്‍ said...

പ്രിയ അങ്കിളെ,
ചിത്രകാരന്റെ കമന്റ് ഒരു പോസ്റ്റായി ഈ ലിങ്കില്‍ കൊടുത്തിരിക്കുന്നു. അങ്കിളിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ചിത്രകാരന്റെ സ്നേഹാഭിവദ്യങ്ങള്‍.

Unknown said...

ഇപ്പൂപ്പാന്റെ പിന്നാമ്പുറത്ത് പണ്ടത്തെയൊരു തഴമ്പുണ്ടെന്നു വെച്ച്, പിന്‍തുടര്‍ച്ചക്കാര്‍ക്ക് മാനേജ്‌‌മെന്റ് skills, നേതൃത്വ പാടവം തുടങ്ങിയവയൊന്നും ഉണ്ടാവില്ലല്ലോ? സ്വന്തമായിട്ട് ഇതിന്റെ എട്ടിലൊന്ന് ആസ്തിയുള്ള ഒരു കമ്പനിയുണ്ടായിരുന്നെങ്കില്‍, കാശുകൊടുത്ത് മികച്ച മാനേജര്‍മാരെയും ബിസിനസ്സ് വിദഗ്ധരെയും മറ്റും നിയമിക്കാന്‍ ആള്‍ക്കാര്‍ തലങ്ങും വിലങ്ങും ഓടും എന്നിരിക്കെ, എന്നത്തെയും ഭരണാധികാരികളുടെ ശിങ്കിടികള്ക്കു് ഞം ഞമ്മിനുള്ള വകയുണ്ടാക്കാനും, ഭരിച്ചു പഠിക്കാനുമുള്ള വേദികളാണു് ഇത്തരം കോര്‍പറേഷനുകള്‍. ഉദാ: കരുണാകരന്റെ കാലത്തു പദ്മജയായിരുന്നു കെ.ടി.ഡി.സി.യുടെ ചെയര്‍പേര്‍സണ്‍. ഇപ്പോ ചെറിയാന്‍ ഫിലിപ്പ്?

ഇത്തരം കോര്‍പറേഷനുകള്ക്ക് വെള്ളാനകള്‍ എന്നു് ഓമനപ്പേരു്. അതിനി ഏതു പാര്‍ട്ടി ഭരിച്ചാലും അങ്ങിനെ തന്നെ.

പിന്നെ, സ്വകാര്യ സംരഭകര്‍ കെടിഡീസിയെ വലിപ്പിച്ചില്ലെങ്കിലല്ലേ അദ്ഭുതം - കാട്ടിലെ തടി, തേവരുടെ ആന. വെട്ടടാ വെട്ട്..!