Monday, September 29, 2008

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അറിഞ്ഞതും അറിയാത്തതും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:

നിങ്ങള്‍ക്കറിയാമോ?

  • ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;

തൊഴില്‍ നല്‍കിയില്ലെങ്കിലൊ?

  • അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.

നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്:

ഗ്രാമീണതൊഴിലുറപ്പുപദ്ധതിയെപറ്റി അറിയാന്‍ , അടുത്തറിയാന്‍ , ആധികാരികമായറിയാനുള്ള ഒരു എളിയ ശ്രമം.

അഭ്യസ്ഥവിദ്യരായ നാം ഇതറിഞ്ഞിരിക്കേണ്ടത് നമുക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്.
ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. പലരും ഇതിനെപറ്റി കേട്ടിട്ടുണ്ടാകാം. പക്ഷേ ഭൂരിഭാഗം പേരും ഇതിന്റെ നൂലാമാലകളെപറ്റി അജ്ഞരാണ്. ഈ പദ്ധതിയെപറ്റി നമുക്കവരോട് പറയാന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയൊരുകാര്യമാണ്. അതിനു വേണ്ടിയെങ്കിലും എന്താണ് തൊഴിലുറപ്പ് പദ്ധതിയെന്നു മനസ്സിലാക്കി വയ്ക്കാം. ഞാന്‍ ആ ഉദ്ദേശത്തോടെയാണ് ഇതെന്താണെന്നു പഠിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് പാലക്കടും വയനാടുമാണ്. ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.

ആമുഖം.
അവിദഗ്ദതൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുമ്പത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് 2005 സെപ്റ്റമ്പറില്‍ പുറപ്പെടുവിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം.

കേരള സര്‍ക്കാര്‍ 2006 ജൂണില്‍ കേരളാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിന്നാക്ക ജില്ലകളായ പാലക്കാടും വയനാടും ഈ പദ്ധതി 2006-07 മുതല്‍ നടപ്പാക്കി. 2008 മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കി. എന്നാലും ഇനിയെഴുതിയിരിക്കുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതിയെ അടിസ്ഥാനമാക്കിയാണ്.

പാലക്കടും വയനാടും ഇതായിരുന്നു അന്നത്തെ സ്ഥിതി:


അതാതിടത്തെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമീണ കുടുമ്പങ്ങള്‍ക്ക് ഒരു വര്‍ഷം വേതനത്തോടെയുള്ള 100 ദിവസത്തെ തൊഴിലിനോ അല്ലെങ്കില്‍ നിശ്ചിതനിരക്കിലുള്ള തൊഴിലില്ലായ്മ ബത്തക്കോ അര്‍ഹതയുണ്ട്.

കേരള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു:
  • പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തികള്‍
  • തൊഴില്‍ ലഭിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ അര്‍ഹത
  • സംസ്ഥാന സര്‍ക്കാര്‍ തലം മുതല്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലങ്ങള്‍ വരെയുള്ള വിവിധ ഉദ്ദ്യോഗസ്ഥരുടെ പങ്കും ചുമതലകളും
  • ആസൂത്രണം, കാര്യനടത്തിപ്പ്, രജിസ്ട്രേഷന്‍ , തൊഴില്‍ നല്‍കല്‍, പ്രവൃത്തി നിര്‍വഹണം, വേതനവും തൊഴിലില്ലായ്മബത്തയും നല്‍കല്‍, മുതലായവയുടെ വിശദമായ നടപടി ക്രമങ്ങള്‍
പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:
  1. അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഓരോ ഗ്രമീണ കുടുമ്പത്തിനും സംസ്ഥാനത്ത് നിലവിലുള്ള കുറഞ്ഞകൂലി നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കുന്നതിനോ നിയമപരമായ ഉറപ്പ് നല്‍കുക.
  2. ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും വേണ്ടി സ്ഥായിയായ ആസ്ഥികള്‍ സൃഷ്ടിക്കുക.

പ്രകൃതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കല്‍, സാമൂഹ്യ സമതുലിതാവസ്ഥ പരിപോഷിപ്പിക്കല്‍ മുതലായവ സ്വാഭാവികമായും പ്രധാനലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഉണ്ടായികൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ഇനിയെഴുതുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതികളെപറ്റി സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ പഠന വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ആധികാരികതയില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

സംഘടനാ രൂപം.
ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനു നിയുക്തമായ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമയോചിതവും പര്യാപ്തവുമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഒരു കേന്ദ്ര തൊഴിലുറപ്പ് സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിന്മേല്‍ സംസ്ഥാനസര്‍ക്കാരിനു ഉപദേശം നല്‍കുന്നതിനും അതിന്റെ വിലയിരുത്തലിനും അവലോകനത്തിനുമായി സംസ്ഥാനഗ്രാമവികസന മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പു സമിതി സംസ്ഥാന തലത്തില്‍ 2006 മാര്‍ച്ചില്‍ രൂപീകരിക്കുകയുണ്ടായി. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുമായി ഗ്രാമവികസന കമ്മീഷ്ണറെ സംസ്ഥാന്‍ ഗ്രാമീണ തൊഴിലുറപ്പ് കമ്മിഷ്ണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ജില്ലാ തലത്തില്‍ പദ്ധതി നടത്തിപ്പിനു ഉത്തരവാദപ്പെട്ട ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായി ജില്ലാ കളക്ടര്‍മാരെ ചുമതലയേള്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് വികസന ഓഫീസറില്‍ താഴെയല്ലാത്ത ഒരുദ്ദ്യോഗസ്ഥനാണ് പദ്ധതിയുടെ ബ്ലോക്ക്തല നിര്‍വഹണത്തിനായി നിയോഗിക്കപ്പെട്ട പ്രോഗ്രാം ഓഫീസര്‍. ഗ്രാമതലത്തിലാകട്ടെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിനിര്‍വഹണത്തിന്റെ ചുമതല.

വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയെയും പദ്ധതിനിര്‍വഹണ ഏജന്‍സികളായി നിയമിക്കാമെങ്കിലും (നിയമപ്രകാരം) കേരളസംസ്ഥാനത്ത് ഇവയൊന്നിനേയും നിര്‍വഹണ ഏജന്‍സികളാക്കിയില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില വന്നതു മുതല്‍ ആറു മാസത്തിനകം സംസ്ഥാനങ്ങളും അത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കണമായിരുന്നു. 2006 മാര്‍ച്ച് നാലിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കണമായിരുന്നെങ്കിലും മൂന്നു മാസത്തെ കാലതാമസത്തിനു ശേഷം 2006 ജുണ്‍ 23 നു തുടങ്ങിയതു തന്നെ ആശ്വാസം. പക്ഷേ ഏതൊരു പദ്ധതിയും നിയമം കൊണ്ടു മാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. അതു നടപ്പിലാക്കാന്‍ വേണ്ടുന്ന ചട്ടങ്ങളും നിര്‍മ്മിക്കണം. നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചട്ടങ്ങളിലാണ് വിശദീകരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം താമസിച്ചു. അതിന്റെ അഭാവത്തില്‍, വിവിധ ഘട്ടങ്ങളായ പ്രചാരണം, വീടുവീടാന്തരമുള്ള സര്‍വ്വേ, രജിസ്ട്രേഷന്‍ , തൊഴില്‍ കാര്‍ഡുകളുടെ വിതരണം, തൊഴില്‍ നല്‍കല്‍ മുതലായവയെ പ്രതികൂലമായി ബാധിച്ചു.

ആസൂത്രണം: ഒരു പദ്ധതിയുടെ വിജയകരമായ് നിര്‍വ്വഹണത്തിനു ആസൂത്രണം വളരെ നിര്‍ണ്ണായകമാണ്‍്. ഗുണനിലവാരമുള്ള ആസ്തികളുടെ സൃഷ്ടി സാധ്യമാകത്തക്ക വിധത്തില്‍ പ്രവൃത്തികളുടെ തെരഞ്ഞെടുപ്പും രൂപകല്പനയും ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ സമയത്തും പര്യാപ്തമായ രീതിയിലും തൊഴില്‍ സൃഷ്ടിക്കുക എന്നുള്ളതാണ് വിജയത്തിന്റെ പ്രധാന സൂചിക. ആവശ്യപ്പെടുമ്പോഴെല്ലാം പ്രത്യുല്പാദനപരമായ തൊഴില്‍ നല്‍കാന്‍ ഓരോ ജില്ലയും കാലേകൂട്ടി സജ്ജമാണെന്നു ഉറപ്പുവരുത്തുക എന്നതാണ് അസൂത്രണ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ ജില്ലകള്‍ ഈ പ്രക്രിയയില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കാണുന്നതില്‍ ദുഃഖമുണ്ട്.

ധനാഗമം:

ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പറയുന്ന വിധത്തില്‍ നല്‍കുന്നു:
  • അവിദഗ്ദ്ധ തൊഴിലാളികളുടെ മുഴുവന്‍ വേതനവും കേന്ദ്രം നല്‍കും. എന്നാല്‍ തൊഴിലില്ലായ്മ ബത്ത കൊടുക്കേണ്ടി വന്നാല്‍ അതു സംസ്ഥാനം മുടക്കണം.
  • വിദഗ്ദ്ധ / അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടേയും സാധനസാമഗ്രികളുടേയും വിലയുടെ 75% കേന്ദ്രവും ബാക്കി 25% സംസ്ഥാനവും വഹിക്കണം.
  • കേന്ദ്ര തൊഴിലുറപ്പ് കൌണ്‍സിലിന്റേയും പ്രോഗ്രാം ഓഫീസര്‍മാരുടേയും അവരുടെ ഉദ്ദ്യോഗസ്ഥരുടേയും ഭരണപരമായ ചെലവുകള്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലിന്റെ ഭരണപരമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതാണ്.
ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ചെലവിടേണ്ടതു തുച്ഛമായ സംഖ്യ മാത്രം.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.
ചാക്രിക ഫണ്ടായി ചെലവഴിക്കേണ്ടതും നോക്കി നടത്തേണ്ടതുമായ സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നൊരു ഫണ്ട് വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കരുസൃതമായി അതിന്റെ ഉപയോഗവും നോക്കി നടത്തലും ഉറപ്പു വരുത്തുന്നതിനു വേണ്ടി അതോടൊപ്പം ചട്ടങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. പക്ഷേ അത്തരത്തിലുള്ള ഒരു ഫണ്ടോ, അതിനുവേണ്ടിയുള്ള ചട്ടങ്ങളോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുപോലെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ടിയിരുന്ന ചാക്രികഫണ്ടുകളും സ്ഥാപിതമായില്ല. ചാക്രിക ഫണ്ടുകളുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിനുവേണ്ടി നടത്തിയ പണമിടപാടുകള്‍ അവയുടെ പരിധിക്കു പുറത്തായിരുന്നു. പദ്ധതിക്കുവേണ്ടി തുടങ്ങിയ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഗ്രാമവികസനമന്ത്രാലയം കേന്ദ്രവിഹിതം നേരിട്ട് കൈമാറിയപ്പോള്‍ സംസ്ഥാനവിഹിതം ഗ്രാമവികസന കമ്മിഷ്ണര്‍ മുഖേനയാണ് അവര്‍ക്ക് നല്‍കിയത്. ഇത് പദ്ധതി നിയമത്തില്‍ പറഞ്ഞതിനു കടകവിരുദ്ധമാണ്. യഥാര്‍ത്ഥ തൊഴിലാളിക്ക് പണം കിട്ടുന്നതില്‍ താമസം വരുത്താനേ ഈ സംവിധാനങ്ങള്‍ ഉപകരിച്ചുള്ളൂ. അതുകൊണ്ട് തൊഴിലാളികള്‍ പദ്ധതിക്കു നേരേ മുഖം തിരിച്ചു നിന്നു. ഉദാഹരണത്തിനു, പാലക്കാട്ടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ട് പ്രകാരം ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക 9.08 കോടി രൂപയായിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പദ്ധതിയുടെ പണം സൂക്ഷിക്കുന്നതിനു പൊതുമേഖലാ ബാങ്കുകളില്‍ മാത്രമേ അക്കൌണ്ട് തുടങ്ങാവു. പാലക്കാട് ജില്ലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്തുകളും തുടങ്ങിയിട്ടുള്ള 15 ബാങ്ക് അക്കൌണ്ടുകളില്‍ നാലെണ്ണം ഇടപാടുകളൊന്നും നടക്കാത്തതും പിന്നൊരു നാലെണ്ണം സ്വകാര്യബാങ്കുകളിലും ആയിരുന്നു.

  • ഫെഡറല്‍ ബാങ്ക് = 36 ലക്ഷം
  • സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് =27 ലക്ഷം
  • കാത്തലിക്ക് സിറിയന്‍ ബാങ്ക് =18 ലക്ഷം
  • ധനലക്ഷ്മി ബാങ്ക് = 9 ലക്ഷം
  • കോര്‍പ്പറേഷന്‍ ബാങ്ക് = 9 ലക്ഷം
ഇങ്ങനെയായിരുന്നു നിക്ഷേപം. ഇതില്‍ ആദ്യത്തെ ബാങ്കില്‍ മാത്രമായിരുന്നു ഇടപാടുകള്‍ കുറച്ചെങ്കിലും നടന്നത്. മറ്റു ബാങ്കുകളി ഒരിടപാടും നടത്താതെ തൂക സൂക്ഷിക്കുകയായിരുന്നു. 2007 മാര്‍ച്ചിലെ കണക്കാണിത്. ദോഷം പറയരുതല്ലോ, ഇതിനെല്ലാം പലിശ കിട്ടി. ഈ സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ചത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ചേരുന്നതായിരുന്നില്ല.

പണത്തിന്റെ വരവും വിനിയോഗവും:
2007 മാര്‍ച്ച് വരെ ലഭിച്ച 48.36 കോടി രൂപയില്‍ 27.90 കോടി രൂപ ഉപയോഗിച്ചതിനു ശേഷം 20.46 കോടി രൂപ ബാക്കി വച്ചിരുന്നു. ഇതു പാലക്കാട്ടെയും വയനാടിന്റെയും മാത്രം കണക്ക്. അവിടെ പണിയില്ലാത്ത തൊഴിലാളികളില്ലായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കണ്ടേ. പിന്നെങ്ങനെ മിച്ചം വന്നു?. താഴെ കൊടുത്തിരിക്കുന്ന ഈ കണക്കുകള്‍ കുടെ ഒന്നു നോക്കൂ:


സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാനേ സാധിച്ചുള്ളൂ.

പാലക്കാട്ട് ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന 394.29 കോടി രൂപ മതിപ്പുള്ള എട്ടു തരം പ്രവര്‍ത്തിയുടെ സ്ഥാനത്ത് 16.20 കോടി രുപയുടെ സാമ്പത്തിക ലക്ഷ്യം മാത്രമേ കൈവരിക്കാനായുള്ളൂ. മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തുകയുടെ 60% എങ്കിലും തൊഴില്‍ നല്‍കുന്നതിനു ചെലവാക്കിയിരിക്കണം. അതായത് 236.57 കോടി രൂപയെങ്കിലും വേതനമായി ചെലവഴിച്ചിരിക്കണം. ഈ തുക ഉപയോഗിച്ച് 189.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. അതാകട്ടെ പാലക്കാട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 186200 കുടുമ്പങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ സംഭവിച്ചതോ?


ബാക്കി ഭാഗം രണ്ടില്‍ വായിക്കുക.....

11 comments:

അങ്കിള്‍ said...

നിങ്ങള്‍ക്കറിയാമോ?

* ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;


തൊഴില്‍ നല്‍കിയില്ലെങ്കിലൊ?

* അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.


നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്

maria said...

ജനത്തിന്‍ ഈ വക കാര്യങ്ങളൊന്നും തന്നേ അറിയില്ലെന്നതാണ്‍ സത്യം. അങ്കിള്‍ ചെയ്യുന്നത് വലിയ സേവനം. പഞ്ചായത്തുരാജ് വന്നതുകൊണ്ട് കുറേ പണമെങ്കിലും ഗ്രാ മങ്ങളിലേക്കും വന്നു എന്ന സത്യം മറക്കരുത്. 50 കൊല്ലമായി ഒന്നും കിട്ടാതിരുന്നവര്‍ക്ക് അത്രയെങ്കിലുമായി. മരിയ

N.J Joju said...

അങ്കിളിന്റെ പോസ്റ്റുകള്‍ ഉപകാരപ്രദവും ശ്രദ്ധിയ്ക്കപ്പെടേണ്ടതുമാണ്. അര്‍ഹിയ്ക്കുന്ന ശ്രദ്ധ അതിനുകിട്ടൂന്നുണ്ടോ എന്നു സംശയമുണ്ട്. എന്തുചെയ്യാം പൊതുവെ എല്ലാവര്‍ക്കും വിവാദങ്ങളിലാണ് താത്പര്യം എന്നു തോന്നുന്നു.

ഗ്രാമീണതൊഴിലുറപ്പുപദ്ധതി എത്രമാത്രം പ്രായോഗികമാകും എന്നൊരു സംശയം ഉണ്ടായിരുന്നു. തൊഴില്‍ നല്‍കിയില്ലാത്തപക്ഷം തൊഴിലില്ല ബത്ത കൊടുക്കണം എന്ന വ്യവസ്ഥയുള്ളതുകൊണ്ട് ആ സംശയം മാറി.
വ്യക്തമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുവാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്നു തോന്നുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രാഷ്ട്രീയക്കാര്‍ക്ക്‌ ഇതിനു വല്ലതും നേരമുണ്ടോ അങ്കിളേ
നാട്ടില്‍ ഒരു വിപ്ലവമുണ്ടാക്കി കുറെ എണ്ണത്തിനെകൊല്ലിക്കാന്‍ പറഞ്ഞു നോക്ക്‌
പറഞ്ഞു തീരുന്നതിനു മുമ്പേ പദ്ധതിവിജയിക്കുന്നതു കാണാം

അങ്കിള്‍ said...

തൊഴിലുറപ്പു പദ്ധതി ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്കും
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ചെറുകിട കര്‍ഷകരുടെ ഭൂമികളിലും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ നിര്‍ദേശമായി. തൊഴിലുറപ്പുപദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ചെറുകിട കൃഷി ഭൂമികളിലേക്കു കൂടി വ്യാപിപ്പിച്ചേ മതിയാവൂ എന്നതാണ് പദ്ധതിയുടെ കാതല്‍. ഇതനുസരിച്ച് നീര്‍ത്തട പ്ലാന്‍ തയാറാക്കാനുള്ള പ്രോജക്ട് ഒാരോ പഞ്ചായത്തും ജില്ലാതല സാങ്കേതിക സമിതിക്കു സമര്‍പ്പിച്ചു കഴിഞ്ഞു.

പാലക്കാട്, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥസംഘം പ്രാഥമിക പരിശോധന നടത്തും. ഒാരോ നീര്‍ത്തട പ്രദേശത്തേയും എല്ലാ ഭാഗവും പരിഗണിക്കത്തക്കവിധം സര്‍വേ നടത്തും. അഞ്ച് ഏക്കറില്‍ കുറയാതെ കൃഷിയുള്ളവര്‍ക്കാണ് പ്രഥമപരിഗണന. വന്‍കിടതോട്ടങ്ങള്‍ ഏറ്റെടുക്കാനും പാടില്ല. ഒറ്റ പ്രാവശ്യം മാത്രമാണ് ഒരു ഭൂവുടമയ്ക്ക് പദ്ധതി സേവനം ലഭിക്കുക. പഞ്ചായത്തുകള്‍ അയല്‍ക്കൂട്ടതലത്തിലും ഗ്രാമസഭകളിലും ചര്‍ച്ച ചെയ്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.[manorama daily dated 3-11-2008]

Unknown said...
This comment has been removed by a blog administrator.
അങ്കിള്‍ said...

പദ്ധതിയുടെ ആദ്യരൂപത്തിനു ഇടതുപക്ഷം നിര്‍ദ്ദേശിച്ച മെച്ചപ്പെടുത്തലുകള്‍ ഇവിടെ ഉണ്ട്.

Anonymous said...

തൊഴിലുറപ്പ്‌ ഫണ്ടും കൗണ്‍സിലും വരുന്നു

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്‌ കേരളത്തില്‍ തൊഴിലുറപ്പ്‌ ഫണ്ടും തൊഴിലുറപ്പ്‌ കൗണ്‍സിലും രൂപവത്‌കരിക്കുന്നതിന്‌ ചട്ടങ്ങളായി. പദ്ധതിയെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും നിലവില്‍ വരും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം വിഭാവനം ചെയ്യുന്ന ഈ മൂന്ന്‌ സംവിധാനങ്ങളുടെ ചട്ടങ്ങള്‍ ഒരുമിച്ച്‌ വിജ്ഞാപനം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം.

പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഭാവന, മറ്റ്‌ ഏജന്‍സികള്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വ്യക്തികളില്‍നിന്നുമുള്ള ധനസഹായം എന്നിവ ചേര്‍ത്താണ്‌ സംസ്ഥാന തൊഴിലുറപ്പ്‌ ഫണ്ട്‌ രൂപവത്‌കരിക്കുന്നത്‌. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മാനേജിങ്‌ കമ്മിറ്റിക്കായിരിക്കും ഫണ്ടിന്റെ നിയന്ത്രണം. തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍. ഗ്രാമവികസന കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയും. ദേശസാല്‍കൃത ബാങ്കിലായിരിക്കും പണം നിക്ഷേപിക്കുക. അടുത്ത വര്‍ഷത്തെ ബജറ്റ്‌ എല്ലാ ഡിസംബറിലും മാനേജിങ്‌ കമ്മിറ്റിക്ക്‌ മുമ്പാകെ മെമ്പര്‍ സെക്രട്ടറി അവതരിപ്പിക്കണം. ഇതിനനുസരിച്ചായിരിക്കും ജില്ലകള്‍ക്ക്‌ പണം അനുവദിക്കുക.

പദ്ധതിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യേണ്ട സമിതിയാണ്‌ സംസ്ഥാന തൊഴിലുറപ്പ്‌ കൗണ്‍സില്‍. തദ്ദേശ സ്വയംഭരണവകുപ്പ്‌ മന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ഗ്രാമവികസന കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയും. ഔദ്യോഗികാംഗങ്ങള്‍ക്ക്‌ പുറമേ പതിനഞ്ചില്‍ കൂടാത്ത അനൗദ്യോഗികാംഗങ്ങളും ഉണ്ടാവും. അനൗദ്യോഗികാംഗങ്ങളില്‍ മൂന്നിലൊന്നില്‍ കുറയാതെ വനിതകള്‍ ഉണ്ടാവണം. പട്ടികജാതി വര്‍ഗത്തിനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മൂന്നിലൊന്ന്‌ പ്രാതിനിധ്യം വേണം. ദേശീയ തൊഴിലുറപ്പ്‌ നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഭേദഗതികള്‍ നിര്‍ദ്ദേശിക്കണമെങ്കില്‍ സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം വേണം.

പരാതി പരിഹാര സംവിധാനത്തില്‍ സര്‍ക്കാര്‍ നിയമിക്കുന്ന തൊഴിലുറപ്പ്‌ കമ്മീഷണറാണ്‌ സംസ്ഥാനതലത്തിലെ ഉന്നതാധികാരി. ബ്ലോക്ക്‌തലത്തില്‍ പ്രോഗ്രാം ഓഫീസര്‍ക്കും ജില്ലയില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുമാണ്‌ പരാതി പരിഹാരത്തിന്റെ ചുമതല.

പരാതി എഴുതി നല്‍കുകയോ നേരിട്ടോ ടെലിഫോണിലൂടെയോ പറയുകയും ചെയ്യാം. പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ്‌ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന പരാതിപ്പെട്ടികളിലും നിക്ഷേപിക്കാം. പരാതികള്‍ക്ക്‌ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ഏഴുദിവസത്തിനകം പരിഹാരം നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ പ്രാഥമികാന്വേഷണം നടത്തി ഏഴുദിവസത്തിനകം മേല്‍ത്തട്ടിലേക്ക്‌ കൈമാറണം. സമയപരിധിക്കുള്ളില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ തൊഴിലുറപ്പ്‌ പദ്ധതി നിയമപ്രകാരം പ്രോഗ്രാം ഓഫീസറെ ശിക്ഷിക്കാം. പഞ്ചായത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന്‌ കണ്ടാല്‍ നഷ്ടം ഈടാക്കാനും പോലീസില്‍ എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്യാനും പ്രോഗ്രാം ഓഫീസര്‍ക്ക്‌ അധികാരമുണ്ട്‌.

എസ്‌.എന്‍.ജയപ്രകാശ്‌
[mathrubhumi dated 6th july 2009]

അങ്കിള്‍ said...

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗാന്ധിജിയുടെ പേര്:

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെന്നു പേരുമാറ്റി. 2009-10 ഗ്രാമസഭാ വര്‍ഷമായി ആചരിക്കുമെന്നും പഞ്ചായത്തിരാജിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിജയന്തി ദിനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചു.
[Manorama dated 4th October 2009]

A Point Of Thoughts said...

അങ്കിളേ എനിക്കു സത്യം പറഞ്ഞാല്‍ ഇതില്‍ പറഞ്ഞ ഒരു കാര്യം പോലും അറിയില്ലായിരുന്നു.. ഇതെല്ലാം പൊതുജനങ്ങളിലേക്കെത്തിക്കണം .. എന്നാല്‍ മാത്രമേ യഥാര്‍ഥ ലക്ഷ്യം നിറവേറൂ...

Anonymous said...

തൊഴിലുറപ്പും കേരളവും; ഉമ്മന്‍ചാണ്ടി

ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍ദാനപദ്ധതിയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഗ്രാമീണ പുനര്‍നിര്‍മാണ പദ്ധതിയാണിത്. അതു നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്

വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നിര്‍ധനനായ ഒരു തൊഴില്‍രഹിതന്‍ 2008 ആഗസ്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തനിക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് ഇതു ഗൗരവമായി കണ്ടില്ല. തുടര്‍ന്ന് ഇയാള്‍ കുടകില്‍ ഇഞ്ചികൃഷിക്കു പോയി. ഈ പദ്ധതിയില്‍ ഒരാള്‍ തൊഴില്‍തേടി പഞ്ചായത്തിനെ സമീപിച്ചാല്‍ അതു നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന് നിയമമുണ്ടെന്ന് ഇയാള്‍ പിന്നീടാണ് മനസ്സിലാക്കിയത്. അതനുസരിച്ച് ബന്ധപ്പെട്ടവരെ സമീപിച്ചു.

അപ്പോഴാണ് അധികൃതരുടെ കണ്ണുതുറന്നത്. കേന്ദ്ര നിയമമാണ്. കൂലി കൊടുത്തേ തീരൂ. അതു സംസ്ഥാനത്തിന്റെ ബാധ്യതയാണ്. പക്ഷേ, സംസ്ഥാന ബജറ്റില്‍ അതിനുള്ള വ്യവസ്ഥയില്ല. തുടര്‍ന്ന് അവിടത്തെ പഞ്ചായത്ത് സെക്രട്ടറിയുടെ പക്കല്‍നിന്ന് ഇദ്ദേഹത്തിന് 10 ദിവസത്തെ വേതനം നല്‍കേണ്ടിവന്നു.

ഇതാണു മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം. ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ജോലി ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ 100 ദിവസം അവര്‍ക്കു ജോലി ലഭിച്ചിരിക്കും. അല്ലെങ്കില്‍ 10,000 രൂപ തൊഴിലില്ലായ്മ വേതനം ലഭിക്കും. ലോകത്ത് ഒരിടത്തും ഇങ്ങനെയൊരു നിയമം ഇല്ല. ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍ദാന പദ്ധതി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഗ്രാമീണ പുനര്‍നിര്‍മാണ പദ്ധതി. ഒരു കാലത്ത് രാജ്യമെമ്പാടും ഉയര്‍ന്ന കര്‍ഷകരുടെ നിലവിളിയും അവരുടെ കണ്ണീര്‍ച്ചാലും നിലച്ചത് യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മൂലമാണ്. അത് ഈ രാജ്യത്ത് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റമാണ്.

ഇതാ ചില കണക്കുകള്‍. 2009-10ല്‍ പദ്ധതിക്കായി നീക്കിവെച്ചത് 39,100 കോടി രൂപ. ഈ വര്‍ഷം ഇത് 40,100 കോടി. 2009-10ല്‍ 5.24 കോടി കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കി. 282 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതുകൊണ്ട് പ്രയോജനം ലഭിച്ചവരില്‍ ഏറെയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളും വനിതകളുമാണ്.
ഇന്ത്യയുടെ ആത്മാവിനെ തേടിച്ചെന്ന പദ്ധതിയാണിത്. ആത്മഹത്യാമുനമ്പില്‍ നിന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ചിറകടിച്ചുയര്‍ന്നു. അതുകൊണ്ടാണ് പദ്ധതിക്ക് മഹാത്മാവിന്റെ പേരു നല്‍കിയത്. 2006-07ല്‍ ഗ്രാമങ്ങളിലെ പ്രതിവര്‍ഷ ശരാശരി വരുമാനം 2795 രൂപയായിരുന്നെങ്കില്‍ 2008-09ല്‍ അത് 4060 രൂപയായി ഇരട്ടിച്ചു. സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമായി.
എല്ലാ സംസ്ഥാനങ്ങളിലും മിനിമം കൂലി കൂടി. നൂറു രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം കൂലി. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് മഹാരാഷ്ട്രയില്‍ 47ഉം മധ്യപ്രദേശില്‍ 58 ഉം രൂപയായിരുന്നു മിനിമം കൂലി. അവിടെ നിന്നാണ് കൂലി ഇപ്പോള്‍ ഇരട്ടിയിലധികമായത്.
നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. തൊഴില്‍ നല്‍കുന്നതിലും ഫണ്ട് വിനിയോഗിക്കുന്നതിലും വേതനം യഥാസമയം നല്‍കുന്നതിലുമൊക്കെ സമ്പൂര്‍ണ പരാജയം. തൊഴില്‍ പ്രദാനം ചെയ്യുന്നതില്‍ 28 സംസ്ഥാനങ്ങളില്‍ 24-ാം സ്ഥാനത്താണു കേരളം. 2009-10ല്‍ കേരളം നല്‍കിയത് 34.22 തൊഴില്‍ ദിനങ്ങള്‍. മുന്‍വര്‍ഷം ഇത് 22 ദിവസമായിരുന്നു. 100 ദിവസം നല്‍കേണ്ടിടത്താണിത്. മിസോറം 93.34 ദിവസം തൊഴില്‍ നല്‍കി ഒന്നാമതെത്തി. വലിയ സംസ്ഥാനങ്ങളില്‍ രാജസ്ഥാനാണു മുന്നില്‍- 69.40 ദിവസം.

കേരളത്തില്‍ 9.31 ലക്ഷം കുടുംബങ്ങളിലുള്ളവര്‍ക്ക് 3.18 കോടി തൊഴില്‍ദിനങ്ങളാണു സൃഷ്ടിച്ചത്. ഇതില്‍ 100 ദിവസം തൊഴില്‍ ലഭിച്ചത് 37,740 കുടുംബങ്ങള്‍ക്കു മാത്രം. പട്ടികജാതി/പട്ടികവര്‍ഗക്കാരുടെ പങ്കാളിത്തം കുറവ്.

2009-10 ല്‍ ആയിരം കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാന്‍ കേരളം കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാല്‍, ചെലവഴിച്ചത് 471.84 കോടി രൂപ മാത്രം. യഥാര്‍ഥത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ടിന്റെ നിയന്ത്രണമില്ല. എത്ര വേണമെങ്കിലും ചെലവഴിക്കാം. രാജ്യമൊട്ടാകെ 38,42,434 കോടി രൂപ ചെലവഴിച്ചു. രാജസ്ഥാന്‍ 6191 കോടിയും യു.പി. 5906 കോടിയുമാണു ചെലവഴിച്ചത്. സമാനമായ തുക കേരളത്തിനും ചെലവഴിക്കാമായിരുന്നു. അതു ചെയ്തിരുന്നെങ്കില്‍ നമ്മുടെ ഗ്രാമങ്ങളില്‍ എത്ര വലിയ മാറ്റങ്ങള്‍ സംഭവിക്കുമായിരുന്നു.

to be contd.

[mathrubhumi 6-5-2010]