Friday, January 23, 2009

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-5

കവടിയാര്‍ ജംക്‍ഷനിലുള്ള (കൊട്ടാരത്തിനെതിര്‍വശം) 14 നിലകളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം തിരുവനന്തപുരം നിവാസികള്‍ക്ക് സുപരിചിതമാണ്. ശ്രിമാന്‍ ഏ.ആര്‍. ബാബു മാനേജിംഗ് ഡയറക്റ്ററായുള്ള ഹീരാ കണ്‍സ്ട്രക്‍ക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പണിത ഈ കെട്ടിടം കീശയില്‍ കാശുള്ളവനു എന്തും ആകാം എന്നതിനുദാഹരണമാണ്. നിര്‍മ്മാണ ചട്ടലംഘനം നടത്തിയതിനു മറ്റൊരുദാഹരണം.

ഈ കെട്ടിടത്തിനുള്ള നിര്‍മ്മാണ അനുമതി നല്‍കുവാന്‍ ഒരു പ്രത്യേക സമിതിയെ തന്നെ രൂപീകരിച്ച് അവരുടെ അനുകൂല ശുപാര്‍ശ വാങ്ങി. 30 സെന്റ് സ്ഥലമാണുള്ളത്. അവിടെ മൊത്തം 5932.26 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു 14 നില കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയാണ് നേടിയെടുത്തത്.

തിരുവനന്തപുരം സിറ്റിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പാതയുടേയും പരിസരത്തിന്റേയും ഭംഗി കാത്തു സൂക്ഷിക്കുന്നതിനുമായി മ്യൂസിയം കവടിയാര്‍ പാതയ്ക്ക് വേണ്ടി വിശദമായ ഒരു നഗരാസൂത്രണ പദ്ധതി 1977 മുതല്‍ നിലവിലുണ്ടായിരുന്നു. ഈ പദ്ധതിയില്‍ പെടുന്ന പാര്‍പ്പിട മേഖലയുടെ സോണിംഗ് നിബന്ധനകളനുസരിച്ച് ഈ മേഖലയില്‍ ഒന്നോ രണ്ടോ നിലകളുള്ളതും 7.5 മീറ്റര്‍ വരെ ഉയരമുള്ളതും 30% കവറേജ് ഉള്ളതും ആയ കെട്ടിടങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

ഇതിന്റെ സ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ച കെട്ടിടത്തിന്റെ ഉയരം 51.90 മീറ്ററായിരുന്നു; അനുവദിച്ച കവറേജ് 68.8 ശതമാനമായിരുന്നു; അനുവദിച്ച എഫ്.ഏ.ആര്‍ 3.94 ആയിരുന്നു. എഫ്.ഏ.ആര്‍ മൂന്നില്‍ അധികമായപ്പോള്‍ നല്‍കേണ്ടിയിരുന്ന അധികഫീസായ [ചട്ടം 81(2)] 11.41 ലക്ഷം രൂപ നല്‍കുന്നതില്‍ നിന്നു ശ്രീ ബാബുവിനെ ഒഴിവാക്കുകയും ചെയ്തു.

കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരവും, വിശദമായ നഗരാസൂത്രണ പദ്ധതിപ്രകാരവും ഓരോ നിലയിലും 364.23 ച.മീ. വീതം വിസ്തീര്‍ണ്ണമുള്ള (മൊത്തം 728.46 ച്.മി.) ഒരു രണ്ടു നില കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കേണ്ട സ്ഥാനത്ത് 5932.26 ച്.മി വിസ്തീര്‍ണ്ണമുള്ള 14 നില കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കുകയായിരുന്നു. ജനനേതാക്കള്‍ അനുവദിച്ച് കെട്ടിപ്പൊക്കുന്ന കൊട്ടാരത്തിനു, നേരേ മുന്നിലുള്ള രാജകൊട്ടാരത്തിനേക്കാള്‍ പൊക്കമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം.

വളരെയേറെ ഇളവുകള്‍ ഈ അപേക്ഷകനു കൊടുത്ത് ക്രമക്കേടുകള്‍ കാണിച്ചതിനുത്തരവാദികളായ കോര്‍പ്പറേഷന്‍ ഉദ്ദ്യോഗസ്ഥരുടേയും പ്രത്യേക സമിതി അംഗങ്ങളുടേയും പേരുകള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശമടങ്ങിയ സര്‍ക്കാര്‍ കത്തു കിട്ടിയതിനു ശേഷവും കെട്ടിട നിമ്മാണം തുടരുവാന്‍ കോര്‍പ്പറേഷന്‍ അപേക്ഷകനെ അനുവദിക്കുകയും അങ്ങനെ 2006 ഏപ്രില്‍ മാസത്തില്‍ ഫ്ലാറ്റ് സമുച്ചയം പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

പിന്നീട് അപേക്ഷകനു നല്‍കിയ ഇളവുകള്‍ നിയമപ്രകാരമുള്ളതല്ലെന്ന് സര്‍ക്കാര്‍ 2006 ഡിസമ്പറില്‍ അറിയിക്കുകയും അതനുസരിച്ച് 2004 ജൂണില്‍ നല്‍കിയ അനുമതി പത്രം റദ്ദു ചെയ്തുകൊണ്ട് കോര്‍പ്പറേഷന്‍ 2007 മേയില്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇതില്‍ കൂടുതല്‍ എന്തു ചെയ്യണം? ഈ വിവരങ്ങളറിഞ്ഞ ആ കെട്ടിടം നാണക്കേടു കൊണ്ട് ചൂളി നില്‍ക്കുന്ന കാഴ്ച തിരുവനന്തപുരം വാസികള്‍ ഇപ്പോഴും കാണുന്നില്ലേ?

അതീവ ഗുരുതരമായ ഈ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളാരൊക്കെ, അവര്‍ക്കെതിരെ എന്തു നടപടിയാണെടുത്തതെന്ന് അന്വേഷിച്ചപ്പോള്‍, കമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഡിസമ്പറില്‍തന്നെ സര്‍ക്കാര്‍ സമ്മതിച്ച് തന്നില്ലേ, ഇതില്‍കൂടുതല്‍ എന്താണ് വേണ്ടതെന്നാണ് മറുപടി.

updated on 23rd Jan 2009.

മലയാള മനോരമ വാര്‍ത്ത (22-1-2009):
കവടിയാറിലെ ഹീരാ കണ്‍സ്ട്രക്ഷന്റെ ഫ്ല്ലാറ്റ് സമുച്ചയത്തിനു അനുവദിച്ച പെര്‍മിറ്റ് റദ്ദാക്കണമെന്ന കോര്‍പ്പറേഷന്റെ ഹര്‍ജ്ജി തള്ളിയ സിംഗിള്‍ബെഞ്ച വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.

കോര്‍പ്പറേഷന്റേയും അഗ്നിശമനവകുപ്പിന്റേയും അനുമതിയോടെ 2006-ല്‍ ഫ്ലാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയിരുന്നു. അതു കോര്‍പ്പറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. കേരളാ മുനിസിപ്പല്‍ ചട്ടങ്ങളുടെ 22(സി) വകുപ്പ് പ്രകാരം 15 ദിവസത്തിനകം താമസിക്കാനുള്ള അനുമതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൈതൃക സംരക്ഷണ പ്രദേശത്താണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്ന്‌ അനുമതി നല്‍കിയ പ്രത്യേക കമ്മറ്റി പറഞ്ഞതുമില്ലെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ പെര്‍മിറ്റ് നല്‍കുന്ന കമ്മറ്റിയില്‍ നിന്നും സെക്രട്ടറി വിട്ടു നില്‍ക്കുകയും ചെയ്തു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 28 കുടുമ്പങ്ങള്‍ താമസമാക്കിയതിനു ശേഷം പെര്‍മിറ്റ് റദ്ദാക്കി കെട്ടിടം പൊളിക്കണമെന്ന ആവശ്യം ഉചിതമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പൂര്‍ത്തിയാക്കിയ നിര്‍മ്മാണം ഏതെങ്കിലും ജീവനോ സ്വൊത്തിനോ ഭീഷണിയല്ല. വസ്തുതകളോ നിയമമോ മറച്ചുവച്ചല്ല പെര്‍മിട്ട് വാങ്ങിയതെന്നും ഉത്തരവില്‍ പരഞ്ഞു.
-------------------------------------------
ഏറ്റവും ഒടുവില്‍ ഇങ്ങനയേ സംഭവിക്കു എന്ന് അറിഞ്ഞു കൊണ്ടു തന്നയല്ലേ കോര്‍പ്പറേഷന്‍ ബാബുമാര്‍ നിയമരഹിതമായി പെര്‍മിറ്റ് നല്‍കിയത്? അവസാനം, കോടതി സമ്മതിക്കാത്തതുകൊണ്ടാണ് ഇടിച്ച് മാറ്റാത്തതെന്ന് ന്യായവും പറയാം.

ആധാരം: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

7 comments:

Joker said...

ഹ ഹ ഹ. ശരിക്കും ചിരിച്ച് പോകുന്നു ഇത് വായിച്ചിട്ട്. എന്തെങ്കിലും ഇതിനെയൊക്കെ എതിര്‍ത്ത് പറഞ്ഞാല്‍ അത് വികസന വിരോധം ആകുകയും ചെയ്യും. കൂടാതെ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് ഏതോ ഒരു മഹാ ബ്ലോഗര്‍ അഭിമാനമായി പറയുന്നത് കേള്‍ക്കുകയും ചെയ്തു.

തറവാടി said...

for comments

keralainside.net said...

This post is being listed please categorize this post
www.keralainside.net

അരുണ്‍ കായംകുളം said...

പ്രതികരിക്കുന്ന മുഖമാണല്ലേ?ആരെങ്കിലും ഒക്കെ വേണമല്ലോ?

ഗൗരിനാഥന്‍ said...

പാവം ജനങ്ങള്‍

ശ്രീ @ ശ്രേയസ് said...

ഇങ്ങനെയൊരു നിയമ സാധുതയില്ലാത്ത പെര്‍മിറ്റ്‌ കൊടുത്തതിനു തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ വല്ലതും എടുത്തോ?

അങ്കിള്‍ said...

കോടതി ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ അതു മുഴുവന്‍ ഇടിച്ചു പൊടിക്കാന്‍ തയ്യാറായതല്ലേ എന്നാണ്‍ ബാബുമാര്‍ വാദിക്കുന്നത്.