Tuesday, December 18, 2007

ഒഴിവാക്കാമായിരുന്ന ചിലവുകള്‍: കേരളാ മിനറല്‍‌സ്‌ & മെറ്റല്‍‌സ്‌ - 76.73 ലക്ഷം രൂപ.

ഇതു ഒരു സര്‍ക്കാര്‍ കമ്പനി.അതായത്‌ ആകെ മൂലധനമായ 3093.27 ലക്ഷം രൂപയും പൊതുഖജനാവില്‍ നിന്നും മുതല്‍ മുടക്കിയതാണ്. ഫെബ്രുവരി 1972 ല്‍ ആരംഭിച്ച കമ്പനിയുടെ 2004-05 വരെയുള്ള കണക്കുകള്‍ പൂര്‍ത്തികരിച്ചപ്പോള്‍ അക്കൊല്ലം 3919.90 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കി, അതുവരെ ഉണ്ടാക്കിയ ആകെ ലാഭം +22800.06 ലക്ഷം രൂപയുമാണ്. ഇവിടെ 1395 ജീവനക്കാര്‍ പണിയെടുക്കുന്നു.

1) ഈ കമ്പനിയുടെ 76.73 ലക്ഷം രൂപയുടെ ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചിലവിന്റെ വിശദാംശങ്ങളാണ് താഴെകുറിക്കുന്നത്‌:-

ഉല്പന്നങ്ങളെ സ്വയും പൊതിഞ്ഞെടുക്കുന്നതിനുള്ള ഒരു യന്ത്രം (പേര്=Integra 2W) കൊണ്ടുവന്ന്‌ കമ്പനിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി ഡിസെംബര്‍ 2002-ല്‍ ജര്‍മ്മനിയിലുള്ള Haver & Boecker (H and B) എന്ന സ്ഥാപനവുമായി കരാറുണ്ടാക്കി.2003 ആഗസ്റ്റ്‌ മാസം യന്ത്രം കൊണ്ടുവന്ന്‌ 2003 നവംബറോ‍ടെ പ്രവര്‍ത്തനക്ഷമമാക്കി. ഒരു പ്രത്യേക തരം ബാഗുകളായിരുന്നു അതില്‍ ഉപയോഗിക്കേണ്ടിയിരുന്നത്‌. കമ്പനി നിയമമനുസരിച്ച്‌ അത്തരം ബാഗുകള്‍ക്ക്‌ വേണ്ടി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കണമായിരുന്നു. എന്നാല്‍ അതു ചെയ്യാതെ, H and B സ്ഥാപനം ശുപാര്‍ശ ചെയ്ത രണ്ടു ജര്‍മ്മന്‍ സ്ഥാപനങ്ങളുമായി -1) Bischof and 2)Dy-pack - നേരിട്ട്‌ അന്വേഷണം നടത്തി (ജൂണ്‍ 2003).

ആര്‍.സി.813 ഗ്രേഡിന് വേണ്ടിയുള്ള ബാഗൊന്നിന് 31.53 രൂപാ വിലവച്ചും, മറ്റു ഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള ബാഗൊന്നിന് 28.81 രൂപ വിലവച്ചും നല്‍കാമെന്ന Dy-pack എന്ന സ്ഥാപനത്തിന്റെ ഓഫര്‍ സാങ്കേതികമായി സ്വീകാര്യമായിരുന്നതിനാല്‍, ഒരു കൊല്ലത്തേക്കാവശ്യമായ 60,000 RC 813 ഗ്രേഡ് ബാഗുകളും മറ്റുഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള 16 ലക്ഷം ബാഗുകളും വാങ്ങുവാനുള്ള കരാറുണ്ടാക്കി (ജൂലൈ 2003). കരാറിലെ നിബന്ധനയനുസരിച്ച്‌, സെപ്റ്റംബര്‍ 2003 ലെ രണ്ടാമതെ ആഴ്ച തുടങ്ങിയുള്ള ഓരോ ത്രൈമാസത്തിലും ഉദ്ദേശം 4,15,000 വീതം ബാഗുകള്‍ നല്‍കുവാനാണ് ഏര്‍പ്പാടാക്കിയത്‌. ഏതെങ്കിലും കാരണത്തല്‍ ഇപ്രകാരം ബാഗുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുന്നതിനുള്ള അവകാശം മിനറല്‍‌സ് & മെറ്റല്‍‌സ് കമ്പനിയില്‍ നിക്ഷിപ്തമായിരിക്കുമെന്നും അതിന്മേല്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ H&B സ്ഥാപനം ഉത്തരവാദി ആയിരിക്കുമെന്നും വ്യവസ്ത ചെയ്തിരുന്നു.

രണ്ടാമത്തെ ത്രൈമാസം മുതല്‍ തന്നെ H and B സ്ഥാപനം കരാര്‍ ലംഘനം തുടങ്ങി. അതായത്‌ ആഗസ്റ്റ്‌ 2004 -ല്‍ അവസാനിക്കുന്ന കാലയളവിനുള്ളില്‍ RC813 നു വേണ്ടിയുള്ള 57,990 ബാഗുകളും മറ്റു ഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള 8,27,060 ബാഗുകളും മാത്രമാണ് കംബനിയിലെത്തിച്ചത്‌. അക്കാരണത്താല്‍ മറ്റുമാര്‍ഗ്ഗങ്ങളില്‍കൂടി ബാഗ്‌ സംഭരിക്കുവാനായി കമ്പനി ഒരു ദര്‍ഘാ‍സ് പരസ്യം ആഗസ്റ്റ്‌ 2004 ല്‍ തന്നെ കൊടുത്തു. ആ ദര്‍ഘാസ്സ്‌ വഴി കംബനിക്ക്‌ വാങ്ങാമായിരുന്ന ബാഗുകളുടെ വിലനിലവാരം ഇപ്രകാരമായിരുന്നു:

1.RC 808/822 ഗ്രേഡ്‌ ബാഗ്ഗൊന്നിന് = 18.77 രൂപ.
2.RC 802 PC ഗ്രേഡ് ബാഗ്ഗൊന്നിന് = 18.47 രൂപ.
3.RC 813 ഗ്രേഡ് ബാഗൊന്നിനു = 19.92 രൂപ.

ജൂലൈ 2003 ല്‍ H and B സ്ഥാപനവുമായി ഉണ്ടാക്കിയ കരാറിലുള്ള വിലയേക്കാള്‍ ആഗസ്റ്റ്‌ 2004ല്‍ ദര്‍ഘാസ്‌ വഴി ലഭിച്ച വിലനിലവാരം വളരെ കുറവായിരുന്നു. ആയതിനാല്‍ കരാര്‍വ്യവസ്ഥയനുസരിച്ച്‌ തന്നെ H and B യുമായുള്ള ഈ കരാര്‍ ആഗസ്റ്റ്‌ 2004 മുതലെങ്കിലും നിര്‍ത്തലാക്കാമായിരുന്നു. അതുമൂലം എന്തെങ്കിലും കഷ്ടനഷ്ടങ്ങല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും H&B യില്‍ നിന്നീടാക്കാമയിരുന്നു.അങ്ങനെയൊന്നും ചെയ്യാതെ തുടര്‍ന്നും ഫെബ്രുവരി 2005 വരെ H and B യില്‍ നിന്നു തന്നെ കൂടിയ വിലക്ക്‌ ബാഗുകള്‍ വാങ്ങിപോന്നു. സെപ്റ്റംബര്‍ 2004 മുതല്‍ ഫെബ്രുവരി 2005 വരെ കൂടുതല്‍ വിലക്കു വാങ്ങിയ 7.12 ലക്ഷം ബാഗുകള്‍ക്ക്‌ വേണ്ടി മിനറല്‍‌സ് & മെറ്റല്‍‌സ് കംബനി അധികം നല്‍കിയത്‌ 76.73 ലക്ഷം രൂപയാണ്.

അതായത്‌ കരാര്‍ വ്യവസ്ഥ പ്രകാരം H and B യും ആയുള്ള കോട്രാക്ട്‌ റദ്ദ്‌ ചെയ്യാതെ കൂടിയ വിലക്ക്‌ അവരില്‍ നിന്നുതന്നെ വാങ്ങാമെന്ന കമ്പനിയുടെ തീരുമാനം 76.73 ലക്ഷം രൂപയുടെ ഒഴിവാക്കാമയിരുന്ന ചിലവിനിടയാക്കി.

2) ഇനി ഇതേ കംബനി പാഴ് ചിലവാക്കിയ 27.74 ലക്ഷം രൂപയുടെ മറ്റൊരു കഥയുടെ വിശദാംശങ്ങളിലേക്ക്‌:-

റൂട്ടൈല്‍ ഗ്രേഡ്‌ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ ഉല്പാദനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഈ കമ്പനി സീലിഗ്‌ റിംഗുകള്‍ (ഖോസ്ലാ എയര്‍ കമ്പ്രസ്സറുകളുടെ ഒരു സ്പെയര്‍ പാര്‍ട്ട്‌)1999 മുതല്‍ ഓറിയന്റല്‍ എന്റെര്‍പ്രൈസസില്‍ (ഓ.ഇ.) നിന്നും യൂണിറ്റൊന്നിന് 467 രൂപ നിരക്കില്‍ വാങ്ങി വന്നിരുന്നു.ഏപ്രില്‍ 2003 ല്‍ സീലിങ് റിങുകള്‍ വീണ്ടും വാങ്ങാനായി അന്വേഷണം നടത്തിയപ്പോള്‍ രണ്ടു കൂട്ടര്‍ സീലിങ്‌ റിങുക ള്‍ നല്‍കാന്‍ തയ്യാറായി വന്നു; ഒന്ന്‌ അവരുടെ സ്ഥിരം വിതരണക്കാരായ ഓ.ഇ., യൂന്ണിറ്റൊന്നിന് 467 രൂപ വിലവച്ചും, മറ്റോന്ന്‌ ജി.പി.ന്യൂമാറ്റിക്സ് (ജി.പി) -ല്‍ നിന്നും യൂണിറ്റൊന്നിന് 10,411 രൂപ വിലവച്ചും. രണ്ടുപേരുടെ സാധനങ്ങളും സാങ്കേതികമായി സ്വീകാര്യമായിരുന്നെങ്കിലും,ഭീമമായ വില വിത്യാസം കാരണം ഓ.ഇ. യില്‍ നിന്നാണ്‍` വാങ്ങുവാനായി കരാര്‍ ഉറപ്പിച്ചത്‌(ജൂണ്‍ 2003).

കംബനിയുടെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക്‌ വേണ്ടി നവംബര്‍2003/മ്മര്‍ച്ച് 2004 -ല്‍ വീണ്ടും അതേ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഓ.ഇ 467 രൂപ വച്ചും ജി.പി 10,411 രൂപ വിലവച്ചും സീലിങ് റിങുകള്‍ വിതരണം ചെയ്യാണ്‍ സന്നദ്ധത പ്രകടിപ്പിച്ചു, ജൂണ്‍ 2004-ല്‍. എങ്കിലും ജി.കെ.ഖോസ്ലായുടെ അം‌ഗീകൃത വിതരണക്കാര്‍ എന്നുള്ള കാരണത്താല്‍ 10,411 രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള 264 റിങുകള്‍ വാങ്ങുവാനുള്ള ഉത്തരവ്‌ ജി.പി. എന്ന സ്ഥാപനത്തിനാണ് നല്‍കിയത്‌(ഡിസംബര്‍ 2003/സെപ്റ്റംബര്‍ 2004). അതനുസരിച്ച്‌ 29.06 ലക്ഷം രൂപാ മുടക്കി സാധനവും വാങ്ങി.ഇതിനിടയില്‍ ഇതേ പര്‍ച്ചേസ്‌ കമ്മറ്റി ഓ.ഇ. എന്ന സ്ഥാപനം നല്‍കിയ സ്പെയര്‍ പാര്‍ട്ടുകളെ സാങ്കേതികമായി അസ്വീകാര്യമാണെന്ന്‌ പിന്നീട്‌ പ്രഖ്യാപിച്ചു. 22 മടങ്ങ്‌ ഉയര്‍ന്ന ജി.പി.യുടെ ഓഫര്‍ സ്വീകാര്യമാണെന്നും രേഖപ്പെടുത്തി.

ഫെബ്രുവരി 2005-ല്‍ വീണ്ടും നടത്തിയ ഒരന്വേഷണത്തില്‍ പ്രതികരിച്ചുകൊണ്ട്‌ ഇതേ സ്ഥാപനങ്ങള്‍ (ഓ.ഇ യും ജി.പി യും) യഥാക്രമം 571 രൂപക്കും 9,426 രൂപക്കും റിങുകള്‍ നല്‍കാന്‍ തയ്യാറെന്നറിയിച്ചു. രണ്ടു പേരുടേയും സാധനങ്ങള്‍ സാങ്കേതികമായി സ്വീകാര്യമാണെന്ന്‌ കണ്ടെത്തിയ പര്‍ച്ചേസ്‌ കമ്മറ്റി ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊള്ളാനാണ്‍് ശുപാര്‍ശ ചെയ്തത്‌. എന്നാല്‍ കംബനി ഓ.ഇ. യില്‍ നിന്നു തന്നെ 571 രൂപ നിരക്കില്‍ 132 റിങുകള്‍ വാങ്ങുവാനുള്ള ഉത്തരവു നല്‍കുകയും ചെയ്തു.

1999 മുതല്‍ ഓ.ഇ., ഖോസ്ലാ കമ്പ്രസ്സുകള്‍ക്ക്‌ വേണ്ടിയുള്ള സീലിംഗ് റിംഗ്‌കളുടെ സ്ഥിരം വിതരണക്കാരായിരിക്കുകയും ഈ സാമഗ്രിയുടെ സാങ്കേതികമായ സ്വീകാര്യത പര്‍ച്ചേസ്സ്‌ കമ്മറ്റി ജൂണ്‍ 2003-ല്‍ പുനരംഗീകരിക്കുകയും ചെയ്തിരുന്നതാണ്. ചെലവിലെ മിച്ചം കണക്കിലെടുക്കാതെ, രേഖകളില്‍ തക്കതായ കാരണങ്ങളോന്നും കാണിക്കാതെ പര്‍ച്ചേസ്സ്‌ കമ്മറ്റി, ഓ.ഇ മുന്നോട്ടു വച്ച സ്പെയറുകളെ സാങ്കേതികമായി അസ്വീകാര്യമെന്ന് പ്രഖ്യാപിക്കുകയും, 22 മടങ്ങ് ഉയര്‍ന്ന ജി.പി യുടെ ഓഫര്‍ അംഗീകരിക്കുകയാണുണ്ടായത്‌. പിന്നീട്‌ (ഫെബ്രുവരി 2005) ല്‍ ഓ.ഇ യുടെ ഓഫര്‍ സാങ്കേതികമായി സ്വീകാര്യമാണെന്നും ഇതേ പര്‍ച്ചേസ്സ്‌ കമ്മന്റ്റി തന്നെയാണ് വിലയിരുത്തി 132 റിംഗുകള്‍ വാങ്ങുകയും ചെയ്തത്‌. അതിനര്‍ത്ഥം യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ഈ കമറ്റി ഓ.ഇ. യുടെ സാധനങ്ങളെ അസ്വീകാര്യമെന്ന്‌ ഒരിക്കള്‍ വിലയിരുത്തിയതെന്നാണ്.

നിരക്കിലെ വ്യതിയാനാമായ 10,510 രൂപയില്‍ (11010-500 രൂപ) 264 റിംഗുകള്‍ വാങ്ങിയതില്‍ ആകെ അധികം ചിലവായത്‌ 27.74 ലക്ഷം രൂപയാണ്.

അങ്ങിനെ സ്പെയര്‍ പാര്‍ട്ടുകള്‍ അത്യധികം ഉയര്‍ന്ന നിരക്കില്‍ വാങ്ങുവാനുള്ള ന്യായീകരണമില്ലാത്ത തീരുമാനം 27.74 ലക്ഷം രൂപയുടെ ഒഴിവാക്കാമായിരുന്ന അധികചിലവിന് ഇടയാക്കി.

നിയമ സഭ വഴി ഇക്കാര്യം നമ്മുടെ ജനപ്രതിനിധി കളെ അറിയിച്ചിട്ട്‌ മാസങ്ങളായി. അക്കൌണ്ടന്‍‌ന്റ്‌ ജനറലിന്റെ ആ റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ അടയിരിക്കുന്നു.

1 comments:

നവരുചിയന്‍ said...

ഇതു കൊള്ളാം അല്ലോ അങ്കിളെ...
അവസാനം ഈ വര്‍ഷം മൊത്തം ചുമ്മാ കളഞ്ഞ കാശിന്റെ കണക്ക് ഇടരുത് . നികുതി കൊടുക്കുന്ന എല്ലാരും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിക്കും.