Thursday, September 18, 2008

ജലവിഭവ വകുപ്പും കരാറുകാരും - 41 ലക്ഷം നഷ്ടം - irrigation

സര്‍ക്കാര്‍ വകുപ്പുകളും അവരുടെ കരാറുകാരും എപ്പോഴും സുഹൃത്തുക്കളാണ്. അങ്ങനെയാകാനെ അവര്‍ക്ക് കഴിയൂ. പരസ്പരം സഹായിച്ച് വളരുന്നവരാണല്ലോ അവര്‍. ജലവിഭവ വകുപ്പ് ഒരു കരാറുകാരനെ അകമഴിഞ്ഞു സഹായിച്ചുവെന്ന് ഫയലുകള്‍ പരിശോധിച്ച് തെളിവുകള്‍ സഹിതം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടികൂടെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തിരിച്ച് കരാറുകാരന്‍ എങ്ങനെ വകുപ്പിനെ സഹായിച്ചു എന്നുള്ളത് സര്‍ക്കാരാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്.

വിശദവിവരങ്ങള്‍ ഇനി വായിക്കാം:
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഓണക്കൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ്‌ 0 മുതല്‍ 5200 മീറ്റര്‍ വരെയുള്ള നിര്‍മ്മാണജോലികള്‍ക്കായി കുറുകേ കുറച്ച് ഡ്രെയിനേജ് ജോലികള്‍ ചെയ്യേണ്ടതാണ് പണി. 1996 മേയില്‍ കരാറുകാരനെ ഏള്‍പ്പിച്ചു. പറഞ്ഞ സമയത്ത് പണി തീര്‍ത്തില്ല. സമയം കൂടുതല്‍ വേണമെന്ന് കരാറുകാരന്റെ അഭ്യര്‍ത്ഥന. ശരി. അനുവദിച്ചു. എന്നിട്ടും തീര്‍ത്തില്ലെങ്കിലോ?

വേറൊരാളിനെ കരാറേല്‍പ്പിച്ചു. നിയമാനുസൃതം, പുതിയ കരാറുകാരനു നല്‍കേണ്ടിവരുന്ന അധിക ചെലവുകളും ഉത്തരവാദിത്വവും മുഴുവന്‍ പഴയ കരാറുകാരനാണ്. അങ്ങനെ തന്നെയാണ് കരാറേല്‍പ്പിച്ചതും. അതിനുവേണ്ടി ആദ്യത്തെ കരാറവസാനിപ്പിക്കണം. 6 കൊല്ലമെടുത്തു (2002 മാര്‍ച്ച്) പഴയ കരാറ് ഒന്നവസാനിപ്പിച്ച് ഉത്തരവിറക്കാന്‍ . 2002 നവമ്പറായപ്പോള്‍ ഈ ജോലികള്‍ ചെയ്തു തീര്‍ക്കാനായി പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ഈ ജോലി പണിതു തീര്‍ക്കാന്‍ ഏതെല്ലാം തരത്തിലുള്ള എത്രയെല്ലാം സാധനങ്ങളും ആളുകളും ആവശ്യമുണ്ടെന്നെല്ലം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് കാണാപാഠമാണ്. അതു വച്ചാണ് നിലവിലുള്ള നിരക്കനുസരിച്ച് ഒരു മതിപ്പ് ചെലവു കണക്കാക്കുന്നത്. ഈ മതിപ്പ് ചെലവും ടെന്‍ഡറില്‍ കാണിച്ചിരിക്കും. ഉടന്‍ തന്നെ ജോലി ഏറ്റെടുത്ത് ചെയ്തു തീര്‍ക്കാനാണെങ്കില്‍ ഈ മതിപ്പ് ചെലവു തന്നെ ധാരാളം. പക്ഷേ കരാറുകാരനു നന്നായറിയാം ഈ ജോലി ഉടനെയൊന്നും തീര്‍ക്കേണ്ടതല്ലെന്നും, ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കാന്‍ തന്നെ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമെന്നും . അങ്ങനെ സമയമെടുത്ത് ചെയ്തു തീര്‍ത്താലേ പരസ്പരം സഹായിക്കാനാകൂ, ചെയ്ത ജോലിയുടെ ഗുണവും നന്നാകൂ.

പതിവു പോലെ മൂന്നു നാലു കൊല്ലം എടുത്തു ഈ ടെന്‍ഡര്‍ ഒന്നു ഒതുക്കി തീര്‍ക്കാന്‍. 2006 ജൂലൈയില്‍, 3.65 കോടി രൂപക്ക് , കരാര്‍ ഉറപ്പിച്ചു. വകുപ്പുദ്ദ്യോഗസ്ഥര്‍ കണക്കാക്കി വച്ചിരുന്ന മതിപ്പ് തുകയെക്കാള്‍ 35% കൂടുതല്‍. 12 മാസത്തിനുള്ളില്‍ പണിമുഴുവന്‍ തീര്‍ക്കുവനായി സ്ഥലം കൈമാറി.

ഇക്കാര്യങ്ങളെല്ലാം ചെയ്തു തീര്‍ത്ത സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ക്ക് 45 ലക്ഷം രൂപ വരെ മാത്രം മതിപ്പു ചെലവുള്ള ജോലികള്‍ക്കേ സാങ്കേതികാനുമതി നല്‍കാനാവൂ എന്നുള്ള സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തി. ഏതെങ്കിലും കാരണവശാല്‍ ഈ പരിധിക്കപ്പുറം മതിപ്പ് ചെലവു വരുന്ന ജോലി ഏള്‍പ്പിക്കേണ്ടി വരുന്നെങ്കില്‍, ടി ജോലികള്‍ക്ക് കരാറുകാരനു വകുപ്പില്‍ നിന്നും സിമെന്റും സ്റ്റീലും നല്‍കാവുന്നതല്ല. ഈ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും കരാറുകാരന്‍ സംഭരിച്ചുകൊള്ളണം. വിപണിവിലയും അയാള്‍ കൊടുത്തോളണം. ഇതാണ് നിയമം.

പക്ഷേ, നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ കരാറുകാരനു പണ്ടെങ്ങോ കണക്കാക്കി വച്ചിരുന്ന മതിപ്പ് വിലയായ ടണ്‍ ഒന്നിനു 2000 രു. നിരക്കില്‍ സിമെന്റും, ക്വിന്റിലിനു 1500 രൂപ നിരക്കില്‍ സ്റ്റീലും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നല്‍കുന്നതാണെന്ന് കരാറില്‍ എഴുതിപ്പിടിപ്പിച്ചു കൊടുത്തു. 1996 ല്‍ ആദ്യത്തെ ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് കണക്കാക്കി വച്ചിരുന്ന മതിപ്പു വിലയാണിത്. സംഗതി വകുപ്പുദ്ദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ വാദം, ആദ്യത്തെ കരാറുകാരന്റെ ഉത്തരവാദിത്വവും ബാധ്യതയും കണക്കാക്കാനാണ്‍് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ്.

കേരളത്തിലെ നികുതി ദായകര്‍ക്ക് ഒരുപാട് നഷ്ടം വരുത്തുന്ന നിയമലംഘനമാണിത്. എന്നാലും ഈ നഷ്ടം മുഴുവന്‍ ആദ്യ കരാറുകാരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കുമല്ലോ എന്ന് ധരിച്ചവര്‍ക്ക് തെറ്റി. 2007 മേയില്‍ ആദ്യ കരാറുകാരന്റെ ബാധ്യത നിശ്ചയിച്ചു. വകുപ്പില്‍ നിന്നും നല്‍കിയ സാധനങ്ങളുടെ വിപണിവിലയാണ് ( സിമെന്റ് ടണ്ണിനു 3640 രൂപ, സ്റ്റീല്‍ ക്വീന്റിലിനു 2800 രൂപ) കണക്കാക്കേണ്ടിയിരുന്നത്. അതങ്ങു വിട്ടുപോയി. മനപ്പൂര്‍വ്വമെന്നൊന്നും ചിന്തിച്ചേക്കരുത്. ഇതു മൂലം ഖജനാവിനുണ്ടായ നഷ്ടം വെറും 41.38 ലക്ഷം രൂപ.

സര്‍ക്കരിനു മറുപടിയൊന്നും ഇതുവരെ പറയാനില്ല. അതെങ്ങനെ, ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ വിശദീകരിച്ചാലല്ലേ സര്‍ക്കാരിനു സി.ഏ.ജിക്ക് മറുപടി കൊടുക്കാന്‍ കഴിയൂ. ഉദ്ദ്യോഗസ്ഥരോട് മറിപടിക്കുവേണ്ടി നിര്‍ബന്ധിക്കണമെങ്കില്‍ ചോദിക്കുന്നവരുടെ കൈകള്‍ ശുദ്ധമായിരിക്കണം.

തേവരുടെ ആന , വലിയെടാ വലി.

7 comments:

അങ്കിള്‍. said...

സര്‍ക്കാര്‍ വകുപ്പുകളും അവരുടെ കരാറുകാരും എപ്പോഴും സുഹൃത്തുക്കളാണ്. അങ്ങനെയാകാനെ അവര്‍ക്ക് കഴിയൂ. പരസ്പരം സഹായിച്ച് വളരുന്നവരാണല്ലോ അവര്‍. ജലവിഭവ വകുപ്പ് ഒരു കരാറുകാരനെ അകമഴിഞ്ഞു സഹായിച്ചുവെന്ന് ഫയലുകള്‍ പരിശോധിച്ച് തെളിവുകള്‍ സഹിതം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടികൂടെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തിരിച്ച് കരാറുകാരന്‍ എങ്ങനെ വകുപ്പിനെ സഹായിച്ചു എന്നുള്ളത് സര്‍ക്കാരാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. നികുതിയടക്കുന്ന നമുക്ക് നഷ്ടം 41 ലക്ഷം രൂപ.

അനില്‍@ബ്ലോഗ് // anil said...

ഹി ഹി
ഇതാണോ ഇത്ര വലിയ കാര്യം.
കല്ലട,കാഞ്ഞിരപ്പുഴ ഇതൊക്കെ താരതമ്യം ചെയ്താല്‍ ഇതെന്താ?
പഴയ പോസ്റ്റൊന്നും നോക്കിയിട്ടില്ല കേട്ടോ.

അങ്കിള്‍ said...

അനിലേ,
കല്ലടയും കാഞ്ഞിരപ്പുഴയുമൊക്കെ അണക്കെട്ടു കെട്ടിയ കാര്യമല്ലേ. ഇതു വെറും ഒരു ഓട കെട്ടാന്‍ വേണ്ടി ചെയ്ത കാര്യങ്ങളാണ്. അതു കൊണ്ടാണ് ഞാന്‍ നാലുപേര് അറിഞ്ഞോട്ടേയെന്ന് വിചാരിച്ചത്.

വെള്ളെഴുത്ത് said...

ഇത് ആരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടത്? നഗര സഭ കരമന സ്കൂളിന് അരമതിലു കെട്ടിക്കൊടുത്തിട്ടു പോയി. അതിര്‍ത്തി അവരു സ്വയം തീരുമാനിച്ചപ്പോല്‍ ആറ്റിന്‍ കരയില്‍ ഏതാണ്ടു മുപ്പതു സെന്റ് പുറമ്പോക്കായി.. അങ്ങനെയാണ് മതിലുകെട്ടിന്റെ പോക്ക്? ആരാണു ചോദിക്കാന്‍? ആരോടാണു ചോദിക്കേണ്ടത്?

അങ്കിള്‍ said...

വെള്ളെഴുത്തേ,
സര്‍ക്കാരിലെ വകുപ്പദ്ധ്യക്ഷനെ അറിയിച്ചു. സി.എ.ജി റിപ്പോര്‍ട്ട് വഴി എല്ലാ സാമാജികരേയും അറിയിച്ചു. വകുപ്പദ്ധ്യക്ഷന്മാര്‍ സി.ഏ.ജി യില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട് വെളിയില്‍ കാണിക്കില്ല. കാരണം, അവരെ കുറ്റപ്പെടുത്തികൊണ്ടുള്ള റിപ്പോര്‍ട്ടല്ലേ. നമ്മുടെ സാമാജികര്‍ക്കാണെങ്കില്‍ അതു തുറന്നു നോക്കി വായിച്ച് മനസ്സിലാക്കനുള്ള സമയവുമില്ല, സന്മനസുമില്ല.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ നേരം....
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി
വെള്ളായണി

Unknown said...
This comment has been removed by a blog administrator.