Wednesday, April 22, 2009

ആഢമ്പര നികുതി - കോടികളുടെ വെട്ടിപ്പ് : ഒന്നാം ഭാഗം

കോടിക്കണക്കിനു ആഢമ്പരനികുതിയിനത്തില്‍
വെട്ടിപ്പ് നടത്തിയ കഥ തെളിവു സഹിതം സര്‍ക്കരിനെ
അറിയിച്ചിട്ട് വര്‍ഷം ഒന്നായി.
ഒരു പത്ര ദൃശ്യമാധ്യമങ്ങളും അതിനെ പുറം ലോകം കാണിച്ചില്ല.


താഴെ കാണുന്ന പടങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നത് പരസ്യത്തിനു വേണ്ടിയല്ല. പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണുകയും ചെയ്യാം.


കുമരകത്തെ (കോട്ടയം) ഒരു ആഢമ്പര വിനോദ സഞ്ചാര കേന്ദ്രമാണ് ഈ കാണുന്ന ‘ലേക് വില്ലേജ്‍’. എല്ലാ സുഖ സൌകര്യങ്ങളോടും കൂടിയ 17 ഹെറിറ്റേജ് വില്ലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു..
-----------------------------------------------------------------
-----------------------------------------------------------------

ഇതു മറ്റൊരു ആഢമ്പര സ്ഥാപനം.

കുമരകത്തെ (കോട്ടയം) ഒരു ആഢമ്പര ഹോട്ടലാണ് ഈ കാണുന്ന ‘വിന്‍ഡ്സര്‍ കാസില്‍’. ശീതികരിച്ച 49 മുറികള്‍ ഉള്ളതാണി ആഢമ്പര സ്ഥാപനം
.


ഇനി നമ്മുടെ പ്രധാന കഥയിലേക്ക് വരാം. കേരളാ ആഢമ്പരനികുതി നിയമപ്രകാരം ഈ രണ്ടു സ്ഥാപനങ്ങളും വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ആ രജിസ്ട്രേഷന്‍ ആണ്ടോടാണ്ട് പുതുക്കേണ്ടതും അവരുടെ ആഢമ്പര സുഖ സൌകര്യങ്ങളാല്‍ ലഭ്യമാകുന്ന വരുമാനത്തിന്മേല്‍ ആഢമ്പരനികുതി സര്‍ക്കാരിനു കൊല്ലാകൊല്ലം കെട്ടിവക്കേണ്ടതുമാണ്.

ഈ രണ്ടു സ്ഥാപനങ്ങളും WC & LT, Kottayam എന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് ഹോസ്പിറ്റാലിറ്റി ബിസിനസ്സ് കമ്പനിയുടെ വകയാണ്. ഒന്നു അതിന്റെ ഹോട്ടല്‍ ഡിവിഷനും, മറ്റേത് അതിന്റെ ഹെറിട്ടേജ് ഡിവിഷനും. അടുത്തടുത്താണു സ്ഥിതിചെയ്യുന്നതും. ഈ രണ്ടു കമ്പനികളും വെവ്വേറെ വ്യപാരം നടത്തുന്നു, വെവ്വേറെ പരസ്യം ചെയ്യുന്നു, വെവ്വേറെ കണക്കുകള്‍ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അടുത്തടുത്ത് സ്ഥിതിചെയ്യുന്ന, ഒരേ ഭരണാധികാരിയുടെ കീഴിലുള്ള ഈ സ്ഥാപനങ്ങള്‍ രണ്ടും ഒന്നാണെന്ന ധാരണ പരത്തി വാണിജ്യനികുതി വകുപ്പില്‍ ‘വിന്‍സര്‍ കാസില്‍’ എന്ന ഹോട്ടല്‍ ഡിവിഷന്‍ മാത്രമേ രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് വരുന്നുള്ളൂ.

ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഉടന്‍ (മേയ് 2008) ഇതു രണ്ടും ഒരു കാമ്പസ്സിനുള്ളില്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നവയാണ്, WC & LT എന്ന സ്ഥാപനത്തിന്റെ വകയാണ്, വിന്‍സര്‍ കാസിലിന്റെ ഭാഗം തന്നെയാണ് ഹെറിട്ടേജ് കോട്ടേജുകളും, അതുകൊണ്ടുതന്നെ രണ്ടല്ല ഒന്നാണെന്ന വാദവുമായി സര്‍ക്കാര്‍ ഈ സ്വകാര്യസ്ഥപനത്തിന്റെ സഹായത്തിനെത്തുകയാണുണ്ടായത്.

വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് പരസ്യപ്പെടുത്തുന്നതെല്ലാം ഇതു രണ്ടും രണ്ടാണെന്നു മേല്‍ കാണിച്ച ഇന്റെര്‍നെറ്റ് പടങ്ങളില്‍ നിന്നും വ്യക്തമായിക്കാണുമല്ലോ. കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ത വെട്ടിപ്പ് പുറത്തു വന്നത്. വാണിജ്യനികുതി വകുപ്പില്‍ ആഢമ്പരനികുതി കണക്കാക്കാനായി സമര്‍പ്പിച്ച കണക്കില്‍ ഹോട്ടല്‍ ഡിവിഷനിലെ 49 മുറികളില്‍ നിന്നും ലഭിച്ച വരുമാനം മാത്രമേ കാണിച്ചിരുന്നുള്ളൂ.
17 ഹെറിട്ടേജ് വില്ലേജുകളില്‍ നിന്നും ലഭിച്ച ഒരു രൂപപോലും ആഢമ്പരനികുതിക്കു വേണ്ടിയുള്ള കണക്കിലില്ല. 2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ മാത്രം ഹെറിട്ടേജ് ഡിവിഷനു 8.37 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. ആഢമ്പരനികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിനു നഷ്ടപ്പെട്ടത് 90.13 ലക്ഷം രൂപ. 2000-01 മുതലേ വിന്‍സര്‍ കാസിലിന്റെ വരുമാനം മാത്രം കാണിച്ച് നികുതി കൊടുത്ത് വരുകയായിരുന്നു ഈ വമ്പന്മാര്‍.

ഈ വിവരമെല്ലാം കാണിച്ച്, നഷ്ടപ്പെട്ട ആഡമ്പരനികുതി വീണ്ടെടുക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. [ 5.2.14 ] വിനോദ സഞ്ചാരവകുപ്പിലെ പരസ്യങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത് വിന്‍സര്‍ കാസിലും, ലേക് വില്ലേജ് ഹെറിട്ടേജ് റിസോര്‍ട്ടുകളും രണ്ടാണെന്നാണ്. അതുകൊണ്ട് അവ രണ്ടു പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തതു കൊണ്ട് രജിസ്ട്രേഷന്‍ ഫീ, പുതുക്കല്‍ ഫീ എന്നീ ഇനങ്ങളിലും സര്‍ക്കാരിനു വന്‍ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു നടപടിയും എടുത്തു കാണാഞ്ഞതിനാല്‍, സി.ഏ.ജി ഇക്കാര്യമെല്ലാം തന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി നിയമസഭയെ അറിയിച്ചിട്ടുണ്ട്. മാസം രണ്ടു കഴിഞ്ഞു.
ഒരു പത്ര ദൃശ്യ മാധ്യമങ്ങളും ഇക്കാര്യം ഇതുവരെ പുറം ലോകത്തെ അറിയിച്ചിട്ടില്ല. നിയമസാമാജികരില്‍ എത്രപേര്‍ സി.ഏ.ജിയുടെ ഈ റിപ്പോര്‍ട്ട് തുറന്നു നോക്കി കാണും !!!!!.

1 comments:

Manoj മനോജ് said...

“ഒന്നാം സ്ഥാന പത്രവും”, “അധി വേഗക്കാരനും” ഇപ്പോഴും ഇവയുടെ മാനേജ്മെന്റില്‍ ഉണ്ടോ?

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാവരും ഒന്നാണല്ലോ?

പുറമേ കാണിക്കുന്ന ഭരണ-പ്രതിപക്ഷ അകല്‍ച്ച “കഴുതകളായ” വോട്ടര്‍മാര്‍ക്ക് വേണ്ടിയാണല്ലോ.