Saturday, October 18, 2008

കൊച്ചിക്കാരേ നിങ്ങളറിഞ്ഞോ? - സോഡിയം വേപ്പര്‍ പ്രകാശം

നമ്മുടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കൂള്ളില്‍ കാക്കത്തൊള്ളായിരം വാഹനങ്ങളും അത്രയും തന്നെ വഴിനടപ്പുകാരും കടന്നു പോകുന്ന റോഡുകളാണുള്ളത്. അവരുടെ സൌകര്യാര്‍ത്ഥം വഴിനീളെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഫിറ്റ് ചെയ്തു കൊടുക്കണമെന്നാശിക്കുന്നത് ഒരു തെറ്റാണോ? ഒരിക്കലും അല്ല. കുറ്റം പറയരുതല്ലോ, ഇക്കഴിഞ്ഞ 5 കൊല്ലത്തിനിടയില്‍ 933.54 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ലാമ്പുകളാണ് ജനത്തിനു വേണ്ടി ഫിറ്റ് ചെയ്തു കൊടുത്തത്. അതില്‍ 45.5 ലക്ഷം രൂപ ഡീലര്‍മാര്‍ക്ക് കൂടുതല്‍ കൊടുത്തു പോയെങ്കില്‍ അതില്‍ ഒരംശം മാത്രമല്ലേ വാങ്ങിയവരുടെ പോക്കറ്റിലാവുകയുള്ളൂ. അതു നമുക്ക് ക്ഷമിച്ചുകൂടേ. പകരം റോഡുനീളേ പ്രകാശം ലഭിച്ചില്ലേ. കഥയിങ്ങനെയാണ് നടന്നത്:-

നികുതിദായകന്റെ പണം (സര്‍ക്കാര്‍ പണം) മുടക്കി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്തെങ്കിലും പണി നടത്തിച്ചെടുക്കാനോ സാധനങ്ങള്‍ വാങ്ങനോ തുനിയുമ്പോള്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്നു വായനക്കാരുണ്ടോ അറിയുന്നു. നികുതിദായകന്റെ ഒരു രൂപാ പോലും ഖജനാവില്‍ നിന്നും നഷ്ടപ്പെടാതിരിക്കാന്‍ ‍, കണിശമായും പാലിക്കേണ്ട, വിശദമായ കല്പനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്നു കൂടി ഒന്നു വായിച്ചു വെക്കാം. എന്നെങ്കിലും പ്രയോജനപ്പെടും.

  • ഒന്നാമത്തെ കല്പന: ചെയ്യിക്കേണ്ട ജോലിക്ക് അല്ലെങ്കില്‍ വാങ്ങേണ്ട സാധനങ്ങള്‍ക്ക് മതിയായ തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പാസ്സാക്കിയെടുക്കണം.
  • നിശ്ചിത അധികാരിയില്‍ നിന്നുള്ള ഭരണാനുമതി ഉണ്ടായിരിക്കണം. അതായത് ഒരു ലക്ഷം രൂപ വരെയുള്ളത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും അതിനു മുകളില്‍ കൌന്‍സിലുമാണ് ഭരണാനുമതി നല്‍കേണ്ടത്. ഇത് രണ്ടാമത്തെ കല്പന.
  • വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരിക്കണം; മൂന്നാമത്തെ കല്പന.
  • നിര്‍ദ്ദിഷ്ട അധികാരിയില്‍ നിന്നും സാങ്കേതിക അനുമതി ലഭിച്ചിരിക്കണം. എന്നു വച്ചാല്‍, 6.50 ലക്ഷം രൂപയിലേറെ വരുന്ന വൈദ്യുതികരണ ജോലികള്‍ക്ക് പൊതുമരാമത്തു വകുപ്പ് വൈദ്യുതി വിഭാഗത്തിലെ അര്‍ഹതപെട്ട എഞ്ചിനിയറില്‍ നിന്നുള്ള സാങ്കേതിക അനുമതി; കല്പന നമ്പര്‍ നാല്.

ഇത്രയും കല്പനകള്‍ പാലിക്കാതെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും ഏതെങ്കിലും പ്രവര്‍ത്തി ആരംഭിക്കാന്‍ പാടില്ല.

തീര്‍ന്നില്ല, ഇനിയുമുണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍:

  • ഒരു കരാറുകാരന്‍ മുഖേനയാണ് ജോലി നടത്തിക്കുന്നതെങ്കില്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതും, ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ്സ് കോര്‍പ്പറേഷന്റെ ഓഫീസ്സ് നോട്ടിസ് ബോര്‍ഡിലും പൊതുമരാമത്തു വകുപ്പ് ഓഫീസുകളിലും വര്‍ത്തമാന പത്രങ്ങളിലും (50 ലക്ഷം രൂപക്ക് മുകളിലുള്ള പ്രവര്‍ത്തികള്‍ക്കാണെങ്കില്‍ നിര്‍ബന്ധമായും സംസ്ഥാനം മുഴുവന്‍ പ്രചാരമുള്ള രണ്ടു മലയാളം പത്രങ്ങളിലും ദേശീയതലത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലും) പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. ഇത്രയും മനസ്സിലായല്ലോ. ഇതില്‍ കൂടുതല്‍ ഒരു സര്‍ക്കാര്‍ എന്തു ചെയ്യണം.

ഇനിയാണ് കഥ തുടങ്ങുന്നത്.

ഇത്രയും വലിയ തുക ഖജനാവില്‍ നിന്നും ചെലവായതല്ലേ. അക്കൌണ്ടന്റ് ജനറലിനു കണക്കുകള്‍ പരിശോധിക്കാതിരിക്കാന്‍ പറ്റുമോ. പരിശോധിച്ചു. പിന്നാമ്പുറ കഥകള്‍ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുകയാണ്. കാരണം, അക്കൌണ്ടന്റ് ജനറലിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ കല്പനകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ഈ നിര്‍ദ്ദേശങ്ങളേയോ കല്പനകളേയോ ഒന്നിനേയും തന്നെ എതിര്‍ത്ത് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളേയും കുറുക്കു വഴിയിലൂടെ മറികടന്നിട്ടുമുണ്ട്. ഏതെല്ലാം വിധത്തില്‍ മറികടന്ന് സ്വന്തം കീശ വിര്‍പ്പിച്ചുവെന്നത്‌ ഒരു കഥതന്നെയാണേ..... വായിക്കൂ....

2006-07 വര്‍ഷം 257 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ വാങ്ങിയെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ കണക്കില്‍ കാണിച്ചിരുന്നത്. ഇത്രയും വലിയ തുകയുടെ വാങ്ങലുകള്‍ നടത്തിയപ്പോള്‍ സര്‍ക്കാരിന്റെ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും പാലിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു ഏ.ജി യുടെ പരിശോധന. എന്നാല്‍ മുഴുവന്‍ പരിശോധന കഴിഞ്ഞിട്ടും അത്രയും രൂപക്ക് ഒന്നിച്ചുള്ള ഒരു വാങ്ങള്‍ നടന്നതായി രേഖകളില്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു വാങ്ങല്‍ ആയിരുന്നെങ്കില്‍, കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ ഭരണാനുമതി ഉണ്ടാകണമായിരുന്നു, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തില്‍ നിന്നും സാങ്കേതിക അനുമതി ഉണ്ടാകണമായിരുന്നു, ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം ഉണ്ടാകണമായിരുന്നു. ഇവയൊന്നും ഏ.ജിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കണക്കില്‍ ഇത്രയും തുക ചിലവാക്കി കഴിഞ്ഞു എന്നു കാണിച്ചിട്ടുമുണ്ട്. ആഴത്തിലിറങ്ങിയപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായുള്ളൂ.

ഇത്രയും തുകക്കുള്ള ലാമ്പുകള്‍ക്ക് വേണ്ടി ഒരു ടെന്‍ഡര്‍ ദേശീയതലത്തിലുള്ളതോ, സംസ്ഥാനതലത്തിലുള്ളതോ ആയ ഏതെങ്കിലും പത്രത്തില്‍ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ദേശീയതലത്തിലുള്ള മുന്തിയ ലാമ്പ് ഉല്പാദകരെല്ലാം ഓടിയെത്തും. അവര്‍ കൊച്ചിയിലോട്ടല്ല, നേരെ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലെത്തി കാണേണ്ടവരെ കണ്ട് കാര്യം സാധിച്ച് മടങ്ങും. അതുകൊണ്ട് മേല്‍പ്പറഞ്ഞ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും എല്ലാം മറികടക്കാനുള്ള ഉപായം നമ്മുടെ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കണ്ടു പിടിച്ചു.

ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലക്കുള്ള ലാമ്പുകള്‍ ഒറ്റയടിക്ക് ഒരാളില്‍ നിന്ന് വാങ്ങിയാലല്ലേ ഈ നിബന്ധനകളെല്ലാം ബാധകം. പകരം 273 പ്രാവശ്യമായിട്ട് വാങ്ങിയാലോ. ഓരോ പ്രാവശ്യവും ഒരു ലക്ഷത്തില്‍ താഴെയല്ലേ ആകൂ. ഒറ്റയടിക്ക് തന്നെ വാങ്ങണ്ടാ, ഒരു കൊല്ലത്തിനകം വാങ്ങിയാല്‍ മതിയല്ലോ. മേല്പറഞ്ഞ ഒരു കല്പനയും, നിര്‍ദ്ദേശവും ബാധകമാക്കാതിരിക്കുകയും ചെയ്യാം. എല്ലാം കോര്‍പ്പറേഷനുള്ളീലെ മേലാളമ്മാരും, കീഴാളന്മാരും കൂടി അങ്ങ് തീരുമാനിച്ചാല്‍ മതി. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. ലാമ്പ് വാങ്ങി ഫിറ്റ് ചെയ്തു. തുകയും കൈമാറി. (എന്തൊക്കെ കൈമാറി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ) ഏ.ജി. ഇതു കണ്ടു പിടിച്ചു.

പരിശോധിച്ച് കഴിഞ്ഞപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ പറയുന്നത് ഈ ചെയ്തത് മുഴുവന്‍ തെറ്റാണെന്നാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതെന്നാണ്. ഒന്നിച്ച് വാങ്ങിയിരുന്നെങ്കില്‍, അതും ദേശീയ തലത്തിലുള്ള ഏതെങ്കിലും ഉല്പാദകരില്‍ നിന്നായിരുന്നെങ്കില്‍ , സര്‍ക്കാരിനു വളരെയധികം ലാഭമുണ്ടാകുമായിരുന്നുവെന്നും ഏ.ജി. പറഞ്ഞു വക്കുന്നു. പറയാനേ ഏ.ജിക്ക് അധികാരമുള്ളൂ. കൂടിപ്പോയാല്‍, സര്‍ക്കാരിനോടൊപ്പം, നമ്മുടെ ജനപ്രതിനിധികളേയും വിവരമറിയിക്കും. അതിലപ്പുറം ഏ.ജിക്ക് ഒന്നും ചെയ്യാനാകില്ല. പഞ്ഞമില്ലാത്ത ഉപദേശങ്ങള്‍ നല്‍കും.

ഏതായാലും അക്കൌണ്ടന്റ് ജനറല്‍ ഒരു കാര്യം കൂടി ചെയ്തു. ഒരു കൊല്ലം ഇങ്ങനെ ചെയ്തവര്‍ ഇതിനു മുമ്പും ഇതേപോലെ ചെയ്തു കാണുമെന്ന് ഊഹിച്ച് ഇതിനു മുമ്പത്തെ ഒരു മൂന്നു നാലുകൊല്ലത്തെ കണക്കു കൂടി പരിശോധിച്ചു. അവര്‍ കണ്ട കാര്യം താഴെ എഴുതിയിരിക്കുന്നു:

  • 2006-07 ല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന സോഡിയം വേപ്പര്‍ വിളക്കുകള്‍ 273 പ്രാവശ്യമായിട്ട് കൊച്ചിന്‍ കോര്‍പ്പറേഷനിലുള്ളീലെ ലോക്കല്‍ വിപണിയിലെ പലരില്‍ നിന്നുമായി 257 ലക്ഷം രൂപക്ക് വാങ്ങികൂട്ടി.
  • 2005-06 ല്‍ ഇതേ പോലെ 170 പ്രാവശ്യമായി 171.30 ലക്ഷം രൂപക്ക് വാങ്ങി.
  • 2004-05 ല്‍ ഇതേ പോലെ 263 പ്രാവശ്യമായി 270.61 ലക്ഷം രൂപക്ക് വാങ്ങി.
  • 2003-04 ല്‍ ഇതേ പോലെ 127 പ്രാവശ്യമായി 126.15 ലക്ഷം രൂപക്ക് വാങ്ങി.
  • 2002-03 ല്‍ ഇതേ പോലെ 111 പ്രാവശ്യമായി 108.48 ലക്ഷം രൂപക്ക് വാങ്ങി.

ഇതിനു മുന്നിലെ കാര്യങ്ങള്‍ ഏ.ജി നോക്കാന്‍ പോയില്ല. നോക്കിയ കാര്യങ്ങളില്‍ തന്നെ കുറേകാര്യങ്ങള്‍ കൂടി കണ്ടെത്തി.

  • പ്രാദേശിക വിപണിയില്‍ നിന്നാണ് വാങ്ങികൂട്ടിയതത്രയും
  • ആകെ 943 പ്രാവശ്യം വാങ്ങല്‍ നടത്തിയെങ്കിലും 2 ടെന്‍ഡറുകളില്‍ കൂടുതല്‍ വാങ്ങിയത് വെറും 7 കേസുകളിലാണ്.
  • അകെയുള്ളതില്‍ 920 കേസുകളില്‍ 2 ടെന്‍ഡറുകള്‍ വീതം വാങ്ങിയിരുന്നു.
  • ആകെയുള്ളതില്‍ 60 കേസുകളില്‍ ഓരോ ടെന്‍ഡര്‍ മാത്രം വാങ്ങി അവരില്‍ നിന്നും വിളക്കുകളും വാങ്ങി.

ഇനിപ്പറയുന്നത് കുറച്ചുകൂടി രസമുള്ള കാര്യമാണ്. ഈ അക്കൌണ്ടന്റ് ജനറലിന്റെ ഒരു കാര്യം. കൊച്ചിന്‍ കോര്‍പ്പറേഷനു തൊട്ടടുത്തുള്ള ആലുവ മുനിസിപ്പലിറ്റിയിലും ഇതേ അക്കൌണ്ടന്റ് ജനറലാണ് പരിശോധന നടത്തിയത്. അവിടെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ വാങ്ങിയതിന്റെ വിശദവിവരങ്ങള്‍ കൊച്ചി പരിശോധിക്കാന്‍ പോയവരുടെ കൈയ്യിലുണ്ടായിരുന്നു. അതു വീണ്ടും പൊല്ലാപ്പായി. 70, 150, 250 വാട്ട് വിളക്കുകള്‍ രണ്ടു കൂട്ടരും വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയ വിലകള്‍ ഇതായിരുന്നു:

  • 70 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2075 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 2560 രൂപ വച്ച് കൊച്ചിക്കാര്‍ 1222 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =592670 രൂപാ മാത്രം.
  • 150 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2850 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4135 രൂപ വച്ച് കൊച്ചിക്കാര്‍ 2938 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =3775330 രൂപാ മാത്രം.
  • 250 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 3090 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4655 രൂപ വച്ച് കൊച്ചിക്കാര്‍ 107 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =167455 രൂപാ മാത്രം.
  • ആകെ നഷ്ടം = 45,35,455 രൂപാ മാത്രം.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കൊച്ചി കോര്‍പ്പറേഷനു വേണ്ടി സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനോട് മറുപടിപറഞ്ഞത്, കൊച്ചിക്കാര്‍ വാങ്ങിയത് quality കൂടിയ വിളക്കുകളാണെന്നാണ്. വീണ്ടും പരിശോധിച്ചു. രണ്ടു പേരും വാങ്ങിയത് ജി.ഇ., ഹാവെല്‍‌സ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ഉപകരണങ്ങളാണ്. കൊച്ചിയിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഈ കമ്പനികള്‍ quality കൂടിയ വിളക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയോ എന്നു പരിശോധിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാകണം പിന്നീടുള്ള സര്‍ക്കാരിന്റെ മൌനം. ഏതായാലും സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താനുള്ള നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. ഉണ്ടാകുമെന്നു പ്രതീക്ഷയും വേണ്ട.

[തീര്‍ന്നില്ലാ..... ഇനിയും വരുന്നുണ്ട്.]

16 comments:

അങ്കിള്‍. said...

കൊച്ചിക്കാര്‍ക്ക് പ്രകാശം നല്‍കിയ വകയില്‍ കോര്‍പ്പറേഷന്‍ വെട്ടിച്ചത് വെറും 45 ലക്ഷം നികുതി പണം.

G.MANU said...

ഞെട്ടിയില്ല അങ്കിളേ..
നമൂക്കിതൊക്കെ ശീലമായില്ലേ...

Pongummoodan said...

അങ്കിളേ,

നന്നായി. ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നു കാണിക്കൂ..

ബയാന്‍ said...

ഇത്രയും വേണ്ടായിരുന്നു. കയ്യിട്ടുവാരലും കഞ്ഞിയില്‍ പാറ്റയിടലും നടക്കാതെയെങ്ങിനെയാ സര്‍ക്കാര്‍ നടക്കുക.

“[തീര്‍ന്നില്ലാ..... ഇനിയും വരുന്നുണ്ട്.]“ ഹെന്റമ്മോ... ഈ ചേട്ടന്‍ ഗുണം പിടിക്കത്തില്ല.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, അങ്കിളേ,

തമാശക്കഥപോലെ ആസ്വദിക്കാം എന്നല്ലാതെ എന്തു കാര്യം !!

എല്ലായിടത്തും നടക്കുന്നത് ഇത് തന്നെ. പഞ്ചായത്തുകളില്‍ എല്ലാ പണിയും ഇപ്പോള്‍ ഇങ്ങനെയാണ് , മുറിച്ചു മുറിച്ചു ചെയ്യുക. നിയമം പാലിച്ചു, എന്നാല്‍ സംഗതി കുശാലാകുകയും ചെയ്യും.നമ്മുടെ നിയമങ്ങളുടെ കൂടെ പ്രശ്നമാണിത്, എല്ലാറ്റിനും പഴുതുകള്‍ ഉണ്ടാവും.

krish | കൃഷ് said...

ഇതില്‍ ഞെട്ടാനൊന്നുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതുപോലുള്ള കളികള്‍ നടക്കുന്നുണ്ട്. ഇനി അറിയാത്തവര്‍ വല്ലവരുമുണ്ടെങ്കില്‍ കച്ചവടക്കാര്‍ തന്നെ കുറുക്കുവഴികള്‍ പറഞ്ഞുകൊടുക്കും. :)

ഇതിലേറെ രസകരം എന്തെന്നാല്‍, ഈ അക്കൌണ്ടന്റ് ജനറല്‍ ആപ്പീസില്‍ നിന്നും ആഡിറ്റ് എന്നും പറഞ്ഞ് വരുന്ന ഏമാന്മാരുടെ കാര്യമാ. ഇവരുടെയൊക്കെ “സമ്പാദ്യ’മെത്രെയെന്നു അന്വേഷിച്ചിട്ടുണ്ടോ.
ഇതിലേറെ ഞെട്ടും. ഇങ്കം ടാക്സ് ആപ്പീസര്‍മാര്‍ വരെ ഞെട്ടിപ്പോകും.

“സമ്പാദ്യ”ങ്ങള്‍ കുറയുമ്പോഴാണ് ഇടക്ക് ഇതുപോലുള്ള ചില ചെപ്പടിവിദ്യകള്‍!!

അങ്കിള്‍ said...

മുറിച്ചു മുറിച്ചു വാങ്ങുക മാത്രമല്ല അനിലേ ഇവിടെ നടന്നത്. അതിലും വലിയ അഴിമതി നടന്നു. പത്രപരസ്യം ഇല്ലാത്തതു കാരണം ഈ ലാമ്പുകളുടെ ആവശ്യമുണ്ടെന്ന് ആരും അറിഞ്ഞില്ല. കോര്‍പ്പറേഷന്‍ മേലാളന്മാര്‍ അവര്‍ക്കിഷ്ടമുള്ള ഡീലര്‍മാരില്‍ നിന്നും ഇഷ്ടമുള്ള വിലക്ക് സാധനങ്ങള്‍ വാങ്ങി. ഇതാണ് അവിടെ നടന്നതു മുഴുവന്‍ .

ക്രിഷിനു മറുപടി പറയാന്‍ കമന്റു പോരാ, ഒരു പോസ്റ്റ് തന്നെ വേണ്ടി വരും.

വെള്ളെഴുത്ത് said...

ഇത്രയും പ്രകടമായ അഴിമതി കണ്ടു പിടിച്ചുകഴിഞ്ഞാല്‍ അതാവര്‍ത്തിക്കാതിരിക്കാനെങ്കിലും എന്തെങ്കിലും പഴുത് നിയമത്തിലുണ്ടാവില്ലേ? അത്ര മണ്ടമാരായിരുന്നോ നിയമമൊക്കെ എഴുതിവച്ച പൂര്‍വികര്‍ (അല്ലെങ്കില്‍ അത്ര നിഷ്കളങ്കര്‍..?) ഒരു നവാബ് രാജെന്ദ്രന്‍ ഇല്ലാതെ പോയതിന്റെ കുറവിതാണ്. കോടതി തന്നെ അത്തരക്കാരെ ഒതുക്കുമെങ്കിലും കേസിനാല്‍ കാര്യം ജനശ്രദ്ധയിലെങ്കിലും കൊണ്ടു വരുത്തിയേനേ...

അങ്കിള്‍ said...

വെള്ളെഴുത്തേ,
നിയമം ഇല്ലാത്തതു കൊണ്ടല്ല. നിയമം തെറ്റിച്ചു, സര്‍ക്കാരിനു നഷ്ടം ഉണ്ടാക്കി എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഏ.ജി. കൊണ്ടുവന്നല്ലോ. സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുത്തിരുന്നുവെങ്കില്‍ ഈ പ്രവണത ആവര്‍ത്തിക്കില്ലായിരുന്നു. പക്ഷേ നടപടി എടുക്കാന്‍ ഇച്ഛാശക്തി വേണം. പങ്കുപറ്റിയാല്‍ കണ്ടില്ലെന്നു നടിക്കാനേ കഴിയൂ.

സര്‍ക്കാരിനു കിട്ടിയ ഉപദേശം അനുസരിച്ച് നടപടി എടുക്കാറുണ്ട്. പക്ഷേ, ആ നടപടികള്‍ വരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ജോലിയില്‍ നിന്നും വിരമിച്ചിരിക്കും, അല്ലെങ്കില്‍ അവര്‍ അപ്പോള്‍ ജനപ്രതിനിധികളല്ലായിരിക്കും. അതുകൊണ്ട് സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താനാവാതെ ഫയലുകള്‍ ക്ലോസ്സു ചെയ്യുകയാണ് പതിവ്. നടപറ്റി എടുക്കാതിരിക്കില്ല, എപ്പോഴെങ്കിലും.

സാജന്‍| SAJAN said...

അങ്കിളേ സ്കെച്ച് ചെയ്യും,സൂക്ഷിച്ചോ? :)

ബ്ലോഗ് വായിച്ച് ഏറ്റവും അധികം സന്തോഷിച്ച മറ്റൊരു പോസ്റ്റായിരുന്നു ഇത്, പോരട്ടിങ്ങനെ പോരട്ടെ. നാറ്റക്കേസുകള്‍ ഓരോന്നോരോന്നായിട്ട് പോരട്ടെ.
ബ്ലോഗിന്റെ പ്രസക്തി തെളിഞ്ഞ് വരട്ടെ.
സര്‍ക്കാരും, ഉദ്യോഗസ്ഥരും യേമാന്‍‌മാരും മര്യാദ പഠിക്കട്ടെ (യെബ്‌ടെ?)

Manikandan said...

അങ്കിളേ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. കോർപ്പറേഷൻ തലത്തിലും മുൻസിപ്പാലിറ്റി തലത്തിലും ഉള്ള വ്യത്യാസമായി കണ്ടാൽ മതി. മുൻസിപ്പാലിറ്റിക്കാരൻ 10രൂപ കൈക്കൂലി വാങ്ങുമ്പോൾ കോർപ്പറേഷൻ 13 രൂപയെങ്കിലും വങ്ങേണ്ടേ. തലസ്ഥാനത്തും കൊച്ചിയിലും ഒരേ പാർട്ടി ആയതുകൊണ്ട് കുറച്ചു പാർട്ടിതല സംഭാവനകൾ കുറഞ്ഞു എന്നു കരുതാം. അല്ലെങ്കിൽ ഇതിലും കൂടുതൽ ചെലവായേനെ.

സർക്കാരിന്റെ ഒരു വർക്കും ചെയ്യില്ല എന്നു നയം ഉള്ള ഒരു സ്ഥാപനത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന്റെ പ്രവർത്തിയാണെങ്കിൽ കൃത്യമായി പണിയും ചെയ്യാം കാശും കിട്ടും. സർക്കാരുപണി ചെയ്യാൻ പോയാൽ കുറേ നിയമനടപടികളും, പിന്നെ പൈസ കൃത്യമായികിട്ടുകയും ഇല്ല. അതുകൊണ്ടു തന്നെ ഒരു സ്വകാര്യസ്ഥാപനത്തിനു 10രൂപ ബില്ലുചെയ്യുന്ന കാര്യം സർക്കാർ സ്ഥാപനത്തിനാവുമ്പോൾ 30രൂപ ബില്ലു ചെയ്യേണ്ടി വരും.

Manikandan said...

:)

മേരിക്കുട്ടി(Marykutty) said...

അഴിമതിയുടെ തിരയെണ്ണാന്‍് എന്ന തോമസ് ജേക്കബിന്ടെ ലേഖനം മനോരമ ഓണ്‍ലൈനില് വായിച്ചതു ഓര്‍്മ വരുന്നു.

മേരിക്കുട്ടി(Marykutty) said...

അഴിമതിയുടെ തിരയെണ്ണാന്‍് എന്ന തോമസ് ജേക്കബിന്ടെ ലേഖനം മനോരമ ഓണ്‍ലൈനില് വായിച്ചതു ഓര്‍്മ വരുന്നു.

Unknown said...
This comment has been removed by a blog administrator.
Jayan said...

അൻപതു പൈസ കൊടുത്ത് ഒരു തീപ്പെട്ടി മേടിച്ചാൽ, അല്ലെങ്കിൽ ബൈക്കിൽ ഒരു ലിറ്റർ പെട്രോൾ ഒഴിച്ചാൽ, അതുമല്ലെങ്കിൽ ബിവറേജസ്സിൽ ചെന്ന് ക്യൂ നിന്ന് ഒരു കുപ്പി റം മേടിച്ചാൽ അതുമല്ലെങ്കിൽ, കുട്ടികളുമായി ഒരു സിനിമയ്ക്ക് പോയി ടിക്കറ്റെടുത്താൽ, വേണ്ട, ചാകാൻ കിടക്കുന്ന തള്ളയ്ക്ക് നാലുനേരത്തേക്കുള്ള ഗുളിക മേടിച്ചാൽ; ഒന്ന് ‘അയ്യോ’ എന്നു പറയാൻ പോലും സമ്മതിക്കാതെ നമ്മുടെയൊക്കെ പോക്കറ്റിൽ നിന്നും ബലമായി കൈയ്യിട്ട് കുത്തിവാരി തട്ടിപ്പറിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണീ മാമാങ്കങ്ങൾ നടത്തുന്നത്.

ഇതിനാരെ പഴി പറയണം എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ഓരോ ജനതയ്ക്കും അവരർഹിക്കുന്നതേ കിട്ടൂ. ഓരോ നാലു വർഷം കൂടുമ്പോഴും കുളിച്ച് കുറിയണിഞ്ഞ്, എന്തോ മഹാകാര്യം ചെയ്യുന്ന മട്ടിൽ മഹത്തായ ഇന്ത്യൻ ജനാധിപത്യം, തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ്, ഈ വേതാളങ്ങളെ മാറിമാറി അവിടെ കയറ്റി ഇരുത്തുന്ന നമ്മൾ മാത്രമാണിതിന് ഉത്തരവാദികൾ. അല്ലാതെ ബ്രിട്ടീഷ് രാജ്ഞിയൊന്നുമല്ല എന്നോർക്കുക.

ഏറ്റവും ചുരുങ്ങിയത്, ‘എന്റെ കൂടി വോട്ട് വാങ്ങിയിട്ടല്ലല്ലോ ഈ നരാധമന്മാർ എന്റെ നെഞ്ചത്ത് കേറി നിരങ്ങുന്നതെന്ന‘ ആശ്വാസമെങ്കിലും നമുക്ക് കിട്ടിയേനേ.

Great effort indeed, Uncle. Keep it up. Regards.