Sunday, March 16, 2008

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നു: കോടികള്‍ പാഴാക്കുന്നു (fairvalue of land)

സ്റ്റാമ്പ്‌ ഡൂട്ടി ഇനത്തില്‍ കോടികള്‍ നഷ്ടപ്പെടുന്നു എന്ന്‌ തിരിച്ചറിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഭൂമിയുടെ ന്യായവില നിശ്ചയിച്ചാല്‍ ഇതൊഴിവാക്കാമെന്ന ഭൂതോദയം ഉണ്ടായത്‌. അങ്ങനെയാണ് ഡിസമ്പര്‍ 2001-ല്‍ ഭൂമിയുടെ ന്യായവില നിശ്ചയിക്കാനായി വില്ലേജ്‌/താലൂക്ക്‌ ലെവല്‍ കമ്മിറ്റികള്‍ രൂപീകൃതമായത്‌. വില നിശ്ചയിക്കുമ്പോള്‍ ആര്‍.ഡി.ഓ യും കമ്മിറ്റി അംഗംങ്ങളും പാലിക്കേണ്ട നടപടി ക്രമങ്ങളെന്തൊക്കെയെന്നും നിഴ്ചയിച്ചു. ഇതിനു വേണ്ടി 120 ലക്ഷം രൂപയും അനുവദിച്ചു കൊടുത്തു. 2003 മാര്‍ച്ചില്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ പ്രത്യേക മിറ്റിംഗില്‍ വച്ച്‌ ജൂണ്‍ മാസത്തിനുള്ളില്‍ ഭൂമിയുടെ ന്യായവില നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക്‌ നല്‍കി. ജനുവരി 2004 ഓടെ സംഗതികളെല്ലാം ശരിയാക്കി ബന്ധപ്പെട്ട ആര്‍.ഡി.ഓ മാര്‍ കേരളത്തിലെ ഭൂമിയുടെ ന്യായവില ഗസറ്റ്-വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. അനുവദിച്ച 120 ലക്ഷത്തില്‍ 68 ലക്ഷം രുപ ചിലവായപ്പോള്‍ തന്നെ കാര്യങ്ങള്‍ ശരിയായി.

പിന്നീട്‌ നടന്നത്‌ ചരിത്രമാണ്. സംഗതി, കുടത്തില്‍ നിന്നും ഭൂതത്തെ പുറത്തു വിട്ടതു പോലെ ആയിപ്പോയി. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലക്കെതിരായി സര്‍വ്വത്ര ബഹളം. പൊതുജനങ്ങളും, പത്രങ്ങളും എന്തിന് കോടതികള്‍ വരെ ഗസറ്റ്-വിജ്ഞാപനത്തിനെതിരായി പുറത്തു വന്നു. ഫെബ്രുവരി, 2004-ല്‍ നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍‌വലിച്ചു.

ന്യായ വില നിശ്ചയിക്കുന്നതിനു മുമ്പ്‌ പൊതുജനങ്ങള്‍ക്ക്‌ പരാതിയുണ്ടെങ്കില്‍ അതും കൂടി പരിഗണിക്കണമെന്ന്‌ നിര്‍ദ്ദേശം വന്നു. അതുകൊണ്ട്‌ പുതുക്കിയ ന്യായവിലയുടെ ഒരു കരട്‌-വിജ്ഞാപനം ആദ്യം പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ആര്‍.ഡി.ഓ മാര്‍ നേരത്തേ നിശ്ചായിച്ചിരുന്ന ന്യായവിലയെ പുതിയ കരടു-വിജ്ഞാപനമായി ഫെബ്രുവരി 2004-ല്‍ തന്നെ പുനഃപ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുകയും ചെയ്തു. പക്ഷേ, അതിനു ശേഷം പൊതുജനങ്ങളില്‍ നുന്നോ, മാധ്യമങ്ങളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല.

ഭൂമിയുടെ ന്യായ വില പുതുക്കി നിശ്ചയിക്കാനായി 2006-ല്‍ ഭേദഗതി ചെയ്ത പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി. ന്യായവില നിശ്ചയിക്കാനായി ഭൂമിയെ രണ്ട്‌ തരത്തിലായിരുന്നു നേരത്തേ വേര്‍തിരിച്ചിരുന്നത്‌. ഭേദഗതി ചെയ്ത പുതിയ നിയമത്തില്‍ ഭൂമിയെ 15 തരത്തില്‍ വേര്‍തിരിച്ച്‌ ന്യായവില നിശ്ചയിക്കണമെന്ന നിര്‍ദ്ദേശമാണുണ്ടായിരുന്നത്‌. അതുകൊണ്ടെന്തുപറ്റീ, ന്യായവില നിശ്ചയിക്കാന്‍ നേരത്തേ ശേഖരിച്ചീരുന്ന വിവരങ്ങളെല്ലാം തന്നെ പാഴായിപോയി. ഒന്നേന്ന്‌, പുതുക്കി ശേഖരിക്കണം. ചെലവാക്കികഴിഞ്ഞ 68 ലക്ഷം രൂപ സ്വാഹാ......

ലാന്‍ഡ്‌ റവന്യു കമ്മീഷ്ണര്‍ ന്യായവില പുതുക്കാനായി വീണ്ടും ആവശ്യപ്പെട്ട 178 ലക്ഷം രൂപകുടി അനുവദിച്ചു. അങ്ങനെ ന്യായവില പുതുക്കുന്ന ജോലി പുരോഗമിക്കുന്നു.

ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14 നുള്ള ഒരു പത്ര വാര്‍ത്തയാണ് ഈ റിപ്പോര്‍ട്ട്‌ തപ്പിപിടിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള പ്രചോതനം. ഇങ്ങനെയാണ് റിപ്പോര്‍ട്ട്‌:
“സംസ്ഥാനത്തോട്ടാകെ ജൂണില്‍ ഭൂമിയുടെ ന്യായവില നിലവില്‍ വരുമെന്നും അതോടെ രജിസ്ട്രേഷന്‍ ഫീസ്സ്‌ കുറക്കാന്‍ നടപടി എടുക്കുമെന്നും വകുപ്പ്‌ മന്ത്രി എസ്സ്.ശര്‍മ്മ പ്രസ്താവിച്ചു” [മനോരമ]

3 comments:

അങ്കിള്‍ said...

ന്യായവില നിശ്ചയിക്കാനായി ഭൂമിയെ രണ്ട്‌ തരത്തിലായിരുന്നു നേരത്തേ വേര്‍തിരിച്ചിരുന്നത്‌. ഭേദഗതി ചെയ്ത പുതിയ നിയമത്തില്‍ ഭൂമിയെ 15 തരത്തില്‍ വേര്‍തിരിച്ച്‌ ന്യായവില നിശ്ചയിക്കണമെന്ന നിര്‍ദ്ദേശമാണുണ്ടായിരുന്നത്‌. അതുകൊണ്ടെന്തുപറ്റീ, ന്യായവില നിശ്ചയിക്കാന്‍ നേരത്തേ ശേഖരിച്ചീരുന്ന വിവരങ്ങളെല്ലാം തന്നെ പാഴായിപോയി. ഒന്നേന്ന്‌, പുതുക്കി ശേഖരിക്കണം. ചെലവാക്കികഴിഞ്ഞ 68 ലക്ഷം രൂപ സ്വാഹാ......

അങ്കിള്‍ said...

ഭൂമിവില വിജ്ഞാപനം വൈകുന്നു; വന്‍ വരുമാന നഷ്ടം

തിരുവന?പുരം: സംസ്ഥാനത്ത് 2500 കോടി രൂപയുടെ അധിക വരുമാനത്തിന് വഴിയൊരുക്കുന്ന ഭൂമിയുടെ ന്യായവില നിര്‍ണയ വിജ്ഞാപനം വൈകുന്നു. ഭൂമി മാഫിയ ഈ അവസരം പരമാവധി ചൂഷണം ചെയ്യുന്നതിനാല്‍ രജിസ്ട്രേഷന്‍ ഫീ ഇനത്തില്‍ ഭീമമായ നഷ്ടമുണ്ടാകുന്നതായി കണക്കാക്കുന്നു.

'ഭൂസ്വാമി'മാരുടെ മിടുക്കനുസരിച്ച് സംസ്ഥാനത്ത് ഭൂമി വില കുതിച്ചുയരുകയാണ്. അതേസമയം സര്‍ക്കാരിന് രജിസ്ട്രേഷന്‍ ഫീസിനത്തില്‍ കിട്ടേണ്ട തുകയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുമില്ല. ഭൂമി വില കുറച്ചുകാണിച്ച് തട്ടിപ്പ് നടത്തുന്നത് പരിഹരിക്കാനാണ് ന്യായവില നിര്‍ണയം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 2004 ലാണ് ഭൂമിയുടെ ന്യായവില ഏറ്റവും ഒടുവില്‍ പുതുക്കിയത്.

ആര്‍.ഡി.ഒ.മാരില്‍ നിന്ന് കരട് ന്യായവില പട്ടിക ലഭിച്ചുവെങ്കിലും അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ വൈകുകയാണെന്ന് നികുതി വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അച്ചടിച്ചെലവുകള്‍ക്കായി ജനവരി 18 ന് 1,07,63,000 രൂപ അനുവദിച്ചിരുന്നു. ഫിബ്രവരി 25 ന് അച്ചടിജോലി പൂര്‍ത്തിയാകുമെന്നാണ് പ്രിന്റിങ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ മാര്‍ച്ച് 15 വരെ സമയം വീണ്ടും നീട്ടിക്കൊടുത്തു. ഗവണ്മെന്റ് പ്രസ് അധികൃതര്‍ ആവശ്യപ്പെട്ട അധിക തുക നല്‍കിയെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തോ, പിന്നീട് പ്രിന്റിങ് ഡയറക്ടര്‍ ഉറപ്പു നല്‍കിയ തീയതിയിലോ കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പുകള്‍ സര്‍ക്കാരിന് ലഭിച്ചില്ല. ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കുന്ന രീതിയില്‍ അച്ചടി വൈകുന്നത് ശരിയല്ലെന്ന് നികുതി വകുപ്പ് സെക്രട്ടറി പി. മാരാപാണ്ഡ്യന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു മാസംകൊണ്ട് 10200 ബുക്കുകളുടെ പ്രിന്റിങ്ങാണ് പൂര്‍ത്തിയായത്. ആകെ 30,000 ബുക്കുകളാണ് തീര്‍ക്കാനുള്ളത്. അവശേഷിക്കുന്നവ ഏപ്രില്‍ 30_നകം അച്ചടിച്ച് നല്‍കാന്‍ കഴിയുമെന്നാണ് പ്രിന്റിങ് ഡയറക്ടര്‍ നികുതിവകുപ്പ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

കരട് വിജ്ഞാപനം സര്‍ക്കാരിന് ലഭ്യമാക്കുന്ന തീയതിയാണ് നോട്ടിഫിക്കേഷന്‍ തീയതിയെന്ന് മാരാപാണ്ഡ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷംതന്നെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ന്യായവില നിര്‍ണയമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുകാരണം വൈകുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നു. [മാതൃഭൂമി: 31-3-2008]

sexy said...
This comment has been removed by a blog administrator.