Monday, June 23, 2008

മാറി മാറി വരുന്ന സര്‍ക്കാരുകളും അവരുടെ തൊഴിലാളി പ്രേമവും - ഒരുദാഹരണം.(coir board)


സംസ്ഥാനത്തെ കയര്‍ തൊഴിലാളികളാണ് ഇവിടുത്തെ വിഷയം.
അവരോടുള്ള സ്നേഹം കൂടിയപ്പോഴാണ് 1987-ല്‍ അന്നത്തെ സര്‍ക്കാര്‍ ‘കേരള കയര്‍ തൊഴിലാളി ക്ഷേമനിധി നിയമം’ പാസ്സാക്കിയെടുത്തത്‌. പിന്നീട്‌ അവരെപ്പറ്റി ഓര്‍ത്തത്‌ രണ്ടുകൊല്ലം കഴിഞ്ഞാണ്. അങ്ങനെ 1989-ല്‍ ‘കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌‘ സ്ഥാപിച്ചു.

സംസ്ഥാനത്തെ കയര്‍ തൊഴിലാളികള്‍ക്കും കയര്‍ വ്യവസായത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ ക്ഷേമ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ‘കയര്‍ നിയമം’ അനുശാസിക്കുന്നു. അതു നടപ്പാക്കാനാണ് ‘കയര്‍ ബോര്‍ഡ്’ സ്ഥാപിച്ചത്‌.

ബോര്‍ഡിന്റെ വരുമാനത്തിന്റെ പ്രധാന സ്ത്രോതസ്‌ കയര്‍ തൊഴിലാളികള്‍, കയര്‍ വ്യവസായത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍, തൊഴിലുടമകള്‍, ഉല്പാദകര്‍, ഡീലര്‍മാര്‍, കയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നും പിരിച്ചെടുക്കേണ്ട നിശ്ചിത നിരക്കിലുള്ള സംഭാവനകളും, സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുമാണ്.

നിയമം അനുസരിച്ച്‌ കയര്‍ തൊഴിലാളികളും, സ്വയം തൊഴില്‍ ചെയ്യുന്നവരും സംഭാവന നല്‍കിയ തുകയുടെ ഇരട്ടിയ്ക്ക്‌ തുല്ല്യമായ തുക സര്‍ക്കാര്‍ വര്‍ഷം തോറും ഗ്രാന്റായി ബോര്‍ഡിന്റെ ഫണ്ടിലേക്കു നല്‍കണം.

നിയമത്തിന്റെ 1998 ലെ ഭേദഗതി പ്രകാരം തൊഴില്‍ ഉടമകള്‍/ ഉല്പാദകര്‍ എന്നിവരെ 11 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അതായത്‌ സ്പിന്നിങ് റാട്ട് ഉപയോഗിച്ച്‌ കയര്‍ ഉല്പാദിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉടമകള്‍, ഡിഫൈബറിംഗ് മെഷീന്‍ ഉപയോഗിച്ച്‌ നാരു ഉല്‍പ്പാദിപ്പിക്കുകയോ/എടുക്കുകയോ ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉടമകള്‍, കയര്‍ മാറ്റുകള്‍, കാര്‍പ്പെറ്റുകള്‍, മാറ്റിംഗ് എന്നിവ ഉല്പാദിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ മുതലായവ.

തൊഴില്‍ ഉടമകള്‍/ഉല്പാദകര്‍ എന്നിവരില്‍ നിന്നും പിരിച്ചെടുക്കേണ്ട സംഭാവന അവരുള്‍പ്പെടുന്ന മേല്‍പ്പറഞ്ഞ വിഭാഗത്തെ അടിസ്ഥാനമാക്കി വെവ്വേറെയുള്ള നിശ്ചിത നിരക്കില്‍ ആവണമെന്നും നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയിടത്തോളം ഭംഗിയുണ്ട്.

എന്നാല്‍, തൊഴില്‍ ഉടമകള്‍/ഉല്പാദകര്‍ എന്നിവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവരാണ് എന്ന്‌ നിര്‍ണ്ണയിക്കുന്നതിനും സംഭാവനയുടെ നിരക്ക്‌ നിശ്ചയിക്കുന്നതിനും അവരുടെ ഫാക്റ്ററി/പരിസരം എന്നിവിടങ്ങളില്‍ ലഭ്യമായ ആകെ മെഷീനുകള്‍/ ഉപകരണങ്ങള്‍ എന്നിവയുടെ എണ്ണം തുടങ്ങിയവ ബോര്‍ഡ്‌ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ തൊഴില്‍ ഉടമകള്‍/ ഉല്പാദകര്‍ എന്നിവരില്‍ നിന്നും ശേഖരിക്കേണ്ട സംഭാവന എത്രയെന്നോ, കുടിശ്ശിക/കുറവ്‌ എത്രയെന്നോ ബോര്‍ഡിനറിയില്ല.

ബോര്‍ഡിന്റെ നിര്‍ണ്ണയപ്രകാരം 18,525 തൊഴില്‍ ഉടമകളും, 412 ഉല്പാദകരും, 1,406 കയര്‍ സഹകരണ സംഘങ്ങളും 2007 ഏപ്രിലില്‍ ബോര്‍ഡിന്റെ റോളില്‍ ഉണ്ടായിരുന്നു.1997 സെപ്റ്റമ്പര്‍ മുതല്‍ 2007 മാര്‍ച്ച്‌ വരെ പിരിക്കേണ്ട തുകയായി കണക്കാക്കിയ (മാനദണ്ഡമെന്തെന്നറിയില്ല!) 2.58 കോടി രുപയില്‍ 1.09 കോടി രുപയേ ഇതുവരെ പിരിച്ചെടുത്തിട്ടും ഉള്ളൂ. 1.49 കോടി രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്.

2007 മാര്‍ച്ച്‌ വരെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കയര്‍ തൊഴിലാളികളുടേയും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെയും ആകെ എണ്ണം 2,34,029 ആയിരുന്നു. മാസം അഞ്ചു രൂപാ നിരക്കില്‍ ഇവരില്‍ നിന്നും 2004-05 മുതല്‍ 2006-07 വരെ പിരിക്കേണ്ട സംഭാവന 3.94 കോടി രൂപ ആയിരുന്നതില്‍ 2.20 കോടി രൂപ മാത്രമേ ഇതു വരെ പിരിച്ചെടുത്തിട്ടുള്ളൂ.

നിയമം അനുസരിച്ച് കയര്‍ തൊഴിലാളികളും, സ്വയം തൊഴില്‍ ചെയ്യുന്നവരും സംഭാവന നല്‍കിയ തുകയുടെ ഇരട്ടിയ്ക്ക്‌ തുല്യമായ തുക സര്‍ക്കാര്‍ വര്‍ഷംതോറും ഗ്രാന്റായി ഫണ്ടിലേക്ക്‌ നല്‍കണം. ശേഖരിച്ച തുകയുടെ കുറവു കാരണം ഗ്രാന്റായി സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടില്‍ 3.48 കോടി രൂപ കഴിഞ്ഞ 3 വര്‍ഷമായി ബോര്‍ഡിനു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല.

ഇതൊക്കെ നടക്കുന്നത്, ബോര്‍ഡിനു ഒരു ഭരണ സമിതിയും, ആ സമിതിക്ക്‌ ഒരു ചെയര്‍മാനുമൊക്കെ മാസാമാസം ശമ്പളം പറ്റിക്കൊണ്ടിരിക്കുമ്പോഴാണെന്നോര്‍ക്കണം.

നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമകള്‍/ഉല്പാദകര്‍ എന്നിവരില്‍ നിന്നും കിട്ടേണ്ട തുകകള്‍ പിരിച്ചെടുക്കുന്നത്‌ ഭൂമിയില്‍ നിന്നും കിട്ടേണ്ട പൊതു റവന്യവിന്റേ കുടിശ്ശിക പിരിച്ചെടുക്കുന്ന അതേ രീതിയിലാണ്. എങ്കിലും ഫലപ്രദമായ നടപടികളൊന്നും ബോര്‍ഡ്‌ ഇതുവരെ കൈകൊണ്ടിട്ടില്ല.

തല്‍ഫലമായി പ്രധാന ക്ഷേമ പദ്ധതികളായ കയര്‍ തൊഴിലാളികളുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ (47,494 പെന്‍ഷന്‍‌കാര്‍), അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ (18,481 പെന്‍ഷന്‍‌കാര്‍), എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷനുകളുടെ വിതരണം 2005 ജൂണ്‍ (9.97 കോടി രൂപ) മുതലും 2006 ഒക്ടോബര്‍ (92.41 ലക്ഷം രൂപ) യഥാക്രമം കുടിശ്ശികയാണ്.

അങ്ങനെ ബോര്‍ഡ്‌ രൂപീകൃതമായ ഉദ്ദേശത്തെതന്നെ പരാജയപ്പെടുത്തുകയും പരമ്പരാഗത മേഖലയിലെ പാവപ്പെട്ട കയര്‍ തൊഴിലാളികള്‍ക്ക്‌ അടിസ്ഥാന ക്ഷേമ നടപടികള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇതൊന്നും സര്‍ക്കാരോ, ബന്ധപ്പെട്ട വകുപ്പോ അറിയാഞ്ഞിട്ടല്ല. ഇക്കാര്യങ്ങള്‍ അടങ്ങിയ സി.ഏ.ജിയുടെ റിപ്പോര്‍ട്ട്‌ എല്ലാ സാമാജികര്‍ക്കും എത്തിച്ചു കൊടുത്തിട്ടുണ്ട്. അടുത്ത തെരഞ്ഞടുപ്പ്‌ പ്രചരണസമയത്ത്‌ പരസ്പരം ചെളിവാരിയെരിയാന്‍ ഇക്കാര്യങ്ങള്‍ ഉപയോഗിക്കാതിരിക്കില്ല. അതിലപ്പുറം ഒന്നും നടക്കില്ല.

4 comments:

അങ്കിള്‍ said...

കയര്‍ തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന പ്രേമവും അതിന്റെ പരിണിതഫലവും ഉദാഹരണസഹിതം ഇവിടെ വെളിപ്പെടുത്തുന്നു. വായിച്ചാര്‍മ്മാദിക്കുക.

മണിലാല്‍ said...

വെല്‍ഡണ്‍

Unknown said...
This comment has been removed by a blog administrator.
Anonymous said...

Nice brief and this mail helped me alot in my college assignement. Thank you seeking your information.