Tuesday, April 8, 2008

ടൈറ്റാനിയം പ്രോഡക്ട്‌-TTP Ltd ഇന്നത്തെ ദുഃസ്ഥിതിക്ക്‌ കാരണം നമ്മുടെ സാമാജികര്‍

ഇന്നലത്തേയും ഇന്നത്തേയും (7th & 8th April,2008) അമൃതാ ടിവി ന്യൂസ്സില്‍ തുടര്‍ച്ചയായി ഈ കമ്പനിയുടെ ദുരവസ്ഥയെപറ്റി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. സി.ഏ ജി.യുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ്‌ കഥ.

എന്നാല്‍ ഞാനിവിടെ രേഖപ്പെടുത്തുന്നത്‌ സി.എ.ജി യുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതും എന്നാല്‍ അമൃതാ ടിവി. പറയാന്‍ മടിച്ചതുമായ കാര്യങ്ങളാണ്‌.

മലിനീകരണം നിയന്ത്രിക്കാന്‍ ഇതുവരെയും കമ്പനിക്കു കഴിയാതെ പോയത്‌ പ്രധാനമായും നമ്മുടെ സാമാജികന്മാരില്‍ ചിലരുടെ പിടിവാശി മൂലമായിരുന്നു. സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതും നമ്മള്‍ തിരെഞ്ഞെടുത്തു വിടുന്ന സാമാജികരില്‍ ചിലര്‍ നിയന്ത്രിക്കുന്ന ഒരു കമ്മറ്റിയാണ്‌.

പേര്‌: Committee on Public Undertakings (COPU).

മലിനീകരണം നിയന്ത്രിക്കാനുള്ള പ്രോജക്ടും, കമ്പനിയുടെ കൂടുതല്‍ വികസനത്തിനുള്ള പ്രോജക്ടും ഒരുമിച്ച്‌ ചെയ്തു തീര്‍ത്താല്‍ മതിയെന്ന്‌ ഈ കമ്മറ്റിയാണ്‌ ശുപാര്‍ശ ചെയ്തത്‌. ഇവരുടെ ശുപാര്‍ശയെന്നാല്‍, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിവിധിക്ക്‌ സമാനമാണ്‌. കാരണം ഈ കമ്മറ്റിയുടെ ശുപാര്‍ശ കമ്പനിയിലെത്തുന്നത്‌ നിയമസഭയുടെ അനുമതിയോടെയാണ്‌. നിഷേധിക്കാന്‍ ഏതു ഉദ്ദ്യോഗസ്ഥര്‍ ധൈര്യപ്പേടും?.

ഇനി കഥയുടെ വിശദവിവരങ്ങളിലേക്ക്‌:

ഈ കമ്പനിയുടെ ഉല്‍പാദന പ്രക്രീയമൂലം ഉണ്ടാകുന്ന അമ്ലത്തിന്റെ മാലിന്യം കടലിലേക്കാണ്‌ ഒഴുക്കികൊണ്ടിരുന്നത്‌. 1974 -ല്‍ Water(Prevention and Control of Pollution) നിലവില്‍ വന്നതും അക്കൊല്ലം തന്നെ Pollution Control Board രൂപീകരിച്ചതും നമ്മുടെ കമ്പനിക്ക്‌ പാരയായി. ഇവരുടെയൊക്കെ ആവശ്യപ്രകാരം മലിനീകരണം നിയന്ത്രിക്കാന്‍ 1977 മുതല്‍ ശ്രമം തുടങ്ങിയതാണ്‌. മാര്‍ച്ച്‌ 2008 ആയിട്ടും സംഗതി എങ്ങും എത്തിയില്ലെന്നു പറഞ്ഞാല്‍ പോരാ, ചെയ്യാന്‍ ആഗ്രഹിച്ചകാര്യം തുടങ്ങാന്‍ പോലും പറ്റിയില്ല.ഇതിനിടക്ക്‌ നേരത്തേ പറഞ്ഞ കമ്മറ്റി (COPU) അതിന്റെ 22 മത്തെ റിപ്പോര്‍ട്ടില്‍ ടൈറ്റാനിയം കമ്പനി മലിനികരണം നിയന്ത്രിക്കുന്നതോടൊപ്പം അതിന്റെ വികസനം കൂടി നടത്തണമെന്ന്‌ നിര്‍ദ്ദേശിച്ചു.(2004). പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി കൂടെ ആയാലോ എന്നസ്ഥിതിയിലെത്തി നമ്മുടെ കമ്പനി.

നമ്മുടെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍ ഉല്‍പാദിപ്പിക്കുന്നതും TTP കമ്പനി ഉണ്ടാക്കുന്നതും ഒരേ സാധനം. കെ.എം.എം.എല്‍ കമ്പനി സ്ഥപിതമായത്‌ TTP സ്ഥാപിച്ച്‌ വളരെയേറെക്കാലം കഴിഞ്ഞാണ്‌. അതുകൊണ്ട്‌ അവരുടെ ഉല്‍പാദന പ്രക്രിയയും വളരെയധികം മുന്തിയതായിരുന്നു. അതുപോലെ തന്നെ അവരുണ്ടാക്കിയ സാധനവും. KMML ന്റെ ടൈറ്റാനിയത്തിനു വിലമാത്രമല്ല ഡിമാന്‍ഡും കൂടുതലാണ്‌. അതു കഴിഞ്ഞേ കാലഹരണപെട്ട പ്രക്രീയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന TTP യുടെ ടൈറ്റാനിയും ചിലവാകൂ.അപ്പോ, പറഞ്ഞുവന്നത്‌ കമ്പനിക്ക്‌ താങ്ങാനാവുമോയെന്നൊന്നും നമ്മുടെ സാമാജിക വിദഗ്ദര്‍ നോക്കിയില്ല. മലിനീകരണ നിയന്ത്രണവും, വികസനവും ഒറ്റയടിക്ക്‌ നടത്തിക്കോളാന്‍ ഓര്‍ഡറിട്ടു.ഇതിനിടക്ക്‌ നമ്മുടെ ഹൈക്കോടതി 30 മാസത്തിനകം ഒരു എഫ്ലൂവന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ETP ഉണ്ടാക്കി മലിനീകരണം നിയന്ത്രിച്ചോണമെന്ന്‌ നവമ്പര്‍ 2003 ല്‍ ഒരന്ത്യശാസനവും നല്‍കി. അതായത്‌ ഏപ്രില്‍ 2006 ല്‍ പണി തീരണം. അന്ത്യശാസനം പിന്നെ ഏപ്രില്‍ 2007 ലോട്ട്‌ മാറ്റി. പിന്നീടത്‌ ഡിസമ്പര്‍ 2008 ലോട്ടും.

അങ്ങനെ നമ്മുടെ TTP ആക്ഷന്‍ തുടങ്ങുന്നു. ജൂണ്‍ 2004 ല്‍ തന്നെ MECON Ltd എന്ന കമ്പനിയെ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിച്ചു. അവര്‍ നടത്തിച്ചെടുക്കേണ്ടത്‌:

1.മലിനീകരണ നിയന്ത്രണം
2.വികസനത്തിനുവേണ്ടിയുള്ള കോപ്പറാസ്‌ റിക്കവറി പ്ലാന്റ്‌ (CRP) സ്ഥാപിക്കല്‍
3.വികസനത്തിന്റെ ഭാഗമായ ആസിഡ്‌ റിക്കവറി പ്ലാന്റ്‌ (ARP)സ്ഥാപിക്കല്‍
4.ന്യൂട്രലൈസേഷന്‍ പ്ലാന്റ്‌(NP) സ്ഥാപിക്കല്‍.

ഇതെല്ലാം കൂടി രണ്ട്‌ ഫേസ്സായിട്ട്‌ നടപ്പാക്കണം. ആദ്യത്തെ ഫേസിലുള്ള 129.40 കോടി രൂപയില്‍ 115 കോടിയും മാലിന്യ നിയന്ത്രണത്തിനു വേണ്ടിയാണ്‌. രണ്ടാമത്തെ ഫേസ്സിലെ 126.70 കോടി രൂപയിലെ 100.95 കോടി രൂപയും മാലിന്യ നിയന്ത്രണത്തിനു വേണ്ടി.

ഒന്നാമത്തെ ഫേസ്സിലെ ജോലി തുടങ്ങാനായി കരാറാക്കിയത്‌ മാര്‍ച്ച്‌ 2006-ല്‍. ജോലി ഉടന്‍ തുടങ്ങണം. അതിനുവേണ്ടുന്ന സിവിള്‍ വര്‍ക്കും കെട്ടിടം മുതലായവയും വേറെ കരാറുകാരെകൊണ്ട്‌ ഉണ്ടാക്കി നല്‍കും. പക്ഷേ ആ വേറെ കരാറുകാരനെകൊണ്ട്‌ ഉണ്ടാക്കി നല്‍കാമെന്ന്‌ ഏറ്റ കാര്യങ്ങള്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. അതു കഴിന്‍ഞ്ഞാലല്ലേ മാര്‍ച്ച്‌ 2006-ല്‍ ഉടന്‍ തുടങ്ങണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ കരാറുറപ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റു. ചുരുക്കത്തില്‍ ഫേസ്സ്‌ ഒന്ന്‌ തുടങ്ങിയിടത്തു നില്‍ക്കുന്നു. ഫേസ്സ്‌ രണ്ട്‌ തുടങ്ങിയിട്ടേയില്ല. ഫേസ്സ്‌ ഒന്നിനു വേണ്ടി മാര്‍ച്ച്‌ 2007 വരെ 28.81 കോടി രൂപ ചിലവാക്കി കഴിഞ്ഞു.

മാലിന്യനിയന്ത്രണത്തിനു വേണ്ടിയുള്ള ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ സി.എ.ജി ഇപ്രകാരം പറഞ്ഞിരിക്കുന്നു.

1. മെയ്‌ 1998 ല്‍ ടൈറ്റാനിയം കമ്പനിയ്ക്കുള്ളിലുള്ള ഒരു വിദഗ്ദ സമിതി മാലിന്യ നിവാരണത്തെപറ്റി പഠിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ നടപ്പാക്കിയിരുന്നെങ്കില്‍ വെറും 10.81 കോടി രൂപ കൊണ്ട്‌ മാലിന്യ നിവാരണ പ്ലാന്റ്‌ സ്ഥാപിക്കാന്‍ അന്നേ കഴിയുമായിരുന്നു. കോടതി വിധിയേയും അനുസരിക്കാന്‍ അത്‌ ധാരാളമായിരുന്നു.
2. കമ്പനിയുടെ വികസന പദ്ധതിയും മാലിന്യ നിവാരണപദ്ധതിയും കൂട്ടികുഴക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, അപ്പോള്‍ തന്നെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും കമ്പനി ഉല്‍പന്നം വിറ്റഴിക്കാനുള്ള പ്രയാസങ്ങളും നന്നായിട്ടനുഭവിച്ചറിയുന്നുണ്ടായിരുന്നു.
3.വികസന പദ്ധതി നടപ്പിലാക്കാന്‍ വിദേശ പങ്കാളിത്തം അനിവാര്യമായിരുന്നു. അതുകൊണ്ട്‌ തന്നെ ഉടന്‍ നടത്തിക്കിട്ടുന്ന കാര്യം പ്രയാസവും.
4.കമ്പനി ഉദ്ദേശിച്ച ARP എന്ന വികസനപദ്ധതി മുഖേന ഉണ്ടാകുന്ന അമ്ലം വീണ്ടും ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന്‌ ഒരു പഠനവും നടത്തിയിട്ടില്ല. വികസനം നടത്താന്‍ ഏല്‍പ്പിച്ച കമ്പനിക്ക്‌ അതിനെപറ്റി അറിവുണ്ടായിരിക്കണമെന്ന്‌ കരാറിലും ഉള്‍പ്പെടുത്തിയില്ല.
5.വികസനം നടത്തുമ്പോള്‍ പുതിയ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അനുസരിച്ചുള്ള ഉല്‍പ്പന്നം ഉണ്ടാക്കുന്നതിനനുസരിച്ചുള്ള പദ്ധതിയാണ്‌ MECON എന്ന കമ്പനി തയ്യാറാക്കിയത്‌. ഈ പുതിയ സാങ്കേതിക വിദ്യ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ KMML ല്‍ നിന്നുംകിട്ടും എന്നു കരുതി. എന്നാല്‍ KMML ഇതേ ഉല്‍പന്നം ഉണ്ടാക്കുന്ന മറ്റൊരു competitor ആണെന്ന കാര്യം മറന്നുപോയി.
6.കരാറനുസരിച്ച്‌ മാര്‍ച്ച്‌ 2006-ല്‍ മാലിന്യ നിവാരണ പ്ലാന്റും, വികസനപദ്ധതിയും തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ രണ്ടും ഒരിടത്തും എത്തിയില്ല.
7.വികസനപ്രവര്‍ത്തനത്തിനും, മാലിന്യ നിവാരണത്തിനും വേണ്ടിയുള്ള കെട്ടിടം മുതലായ സിവിള്‍ ജോലികള്‍ തീര്‍ത്ത്‌ കൊടുത്താലേ കപ്പല്‍ മാര്‍ഗ്ഗ, വന്നുകൊണ്ടിരിക്കുന്ന യന്ത്ര സാമഗ്രികള്‍ സ്ഥപിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സിവിള്‍ ജോലികള്‍ ചെയ്യാനുള്ള കരാറുകാരനെ ഇതു വരെ കണ്ടെത്തിയിട്ടില്ല.
8. ജൂണ്‍ 2007 ആയപ്പോള്‍ MECON കമ്പനി അവരുടെ പദ്ധതി മതിപ്പ്‌ ചെലവു പുതുക്കി 414.40 കോടി രൂപ ആയേക്കുമെന്നറിയിച്ചിട്ടുണ്ട്‌..

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌.

ഏപ്രില്‍ 7 തിയതിയിലെ അമൃതാ ടിവി ന്യൂസ്സില്‍ കേട്ടത്‌:

“യൂണിയന്‍ ബാങ്ക്‌ ഒഫ്‌ ഇന്‍ഡ്യയില്‍ നിന്നും വാങ്ങിയ കടം തിറിച്ചടക്കാത്തതു കാരണം, TTP യെ black list ചെയ്യാന്‍ പോകുന്നു വെന്ന്‌ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.“

അങ്ങനെ ചെയ്താല്‍ TTPയ്ക്‌ ഇന്‍ഡ്യയിലുള്ള ഒരു വാണിജ്യ ബാങ്കില്‍ നിന്നും ഒരു രൂപ പോലും വായ്പയെടുക്കാന്‍ സാധിക്കാതാകും.

6 comments:

അങ്കിള്‍ said...

നമ്മുടെ വളരെ പഴക്കം ചെന്ന പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയം പ്രോഡക്ട്സ്‌ ലിമിറ്റഡിന്റെ ഇന്നത്തെ ദുസ്ഥിതിക്ക്‌ കാരണം നമ്മുടെ സാമാജികര്‍ കൂടിയാണ്. എങ്ങനെയെന്ന്‌ വിശദീകരിക്കുന്ന പോസ്റ്റ്. കൂടാതെ ഈ കഥ അമൃതാ ടി.വി. യില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മടിച്ച കാര്യങ്ങളും ഈ പോസ്റ്റില്‍ വിശദമാക്കുന്നു. വായിച്ചാര്‍മ്മാദിക്കുക.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അങ്കിളെ സമൂഹത്തെ ചിന്തിപ്പിക്കുന്ന വിവരണം

vinayan said...

മൈ‌വെബ്‌ദുനിയയില്‍ പോയപ്പോഴാണ് അങ്കിളിന്റെ ലേഖനത്തിന്റെ ലിങ്ക് കിട്ടിയത്.

അപ്പോള്‍ വേലി തന്നെയാണ് വിളവ് തിന്നതല്ലേ. സാമാജികരുടെ കമ്മറ്റി പോലും. ഇവറ്റയൊക്കെ കുറ്റിച്ചൂലെടുത്ത് വല്ല മരുഭൂമിയിലേക്കും ഓടിച്ചുവിട്ടാല്‍ നാട് നന്നായേനെ.

nabacker said...

its fantastic,a malayalam blits

Deva said...

People should read this.

sexy said...
This comment has been removed by a blog administrator.