Wednesday, July 7, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 3: KSEB

വൈദ്യുതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി 38 കോടിയോളം രൂപ വൈദ്യുതി ഉപയോക്താക്കളെ ഇതിനകം വഞ്ചിച്ച് കഴിഞ്ഞു എന്നു സി.ഏ.ജീ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാണു കഥ:

2003 ലെ വൈദ്യുതി നിയമത്തിലേയും, 2005 ലെ വൈദ്യുതി വിതരണ നിയമാവലിയിലെ വ്യവസ്ഥാരീതികൾ അനുസരിച്ചും വൈദ്യുതി ഉപയോക്താക്കളിൽ നിന്നും  മാസ/ദ്വൈമാസ ബില്ലിംഗ് രീതി അനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ വൈദ്യുതി ബില്ലിലെ തുകക്ക് തുല്യമായ സുരക്ഷാ നിക്ഷേപം പിരിക്കുവാൻ വൈദ്യുതി ബോർഡിനു അധികാരമുണ്ട്.  അതേ സമയം , ഈ സുരക്ഷാ നിക്ഷേപത്തിന്മേൽ ഏപ്രിൽ 2005 തുടങ്ങിയുള്ള  വർഷങ്ങളിൽ അതതു വർഷങ്ങളിൽ നിലവിലുള്ള ബാങ്ക് നിരക്കിൽ പലിശ കൊടുക്കുവാൻ ബൈദ്യുതി ബോർഡ് ബാധ്യസ്ഥരാണു.  ഈ രീതിയിലുള്ള പലിശ 2005-06 സാമ്പത്തിക വർഷം മുതൽ ഉപഭോക്താവിന്റെ മാസ/ദ്വൈമാസ വൈദ്യുതി ബില്ലിൽ നിന്നും കിഴിവായി നൽകേണ്ടതാകുന്നു.  വീഴ്ച വരുത്തുന്ന പക്ഷം നിലവിലുള്ള നിരക്കിന്റെ ഇരട്ടി പലിശ നൽകാനും കെ.എസ്.ഇ.ബി കടപ്പെട്ടിരിക്കുന്നു.  2005-08 വർഷത്തിലേക്ക് ഉള്ള പലിശ നിരക്ക് 6% ആയി കെ.എസ്.ഇ.ബി നവമ്പർ 2005 ൽ തീരുമാനിക്കുകയും ചെയ്തു.

ഇതു വരെ സംഗതി ഗംഭീരം. ഇനിയാണു പ്രശ്നം തുടങ്ങുന്നത്. ഇതു പ്രകാരം പലിശ കൊടുക്കേണ്ടി വരുന്ന സുരക്ഷാ നിക്ഷേപ തുക ഇപ്രകാരമാണു:
ഏപ്രിൽ 2005 വരെ - 478.44 കോടി രൂപ
ഏപ്രിൽ 2006 വരെ - 545.46 കോടി രൂപ്
ഏപ്രിൽ 2007 വരെ - 624.08 കോടി രൂപ

6% വച്ച് ഇതിനർഹമായ മൊത്തം പലിശ 98.87 കോടി രൂപയാണു (2009 മാർച്ച് അവസാനം വരെ). 2005 മുതലാണല്ലോ പലിശ കൊടുക്കണമെന്ന നിയമം ഉണ്ടായത്. അതു കൊണ്ട് 2005 മുതൽ ഓരോ വ്യക്തികളിൽ നിന്നും വാങ്ങുന്ന സുരക്ഷാ നിക്ഷേപത്ത്ന്റെ കണക്കു വക്കുന്നുണ്ട്. അതു കൊണ്ട് അതിന്മേലുള്ള പലിശയും കണക്കാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. എന്നാൽ   2005 നു മുമ്പ് ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. സുരക്ഷാ നിക്ഷേപത്തിന്റെ ആകെ തുക എത്രയെന്നറിയാം. അതിനു വേണ്ടി 2008-09 വരെ കൊടുക്കേണ്ട പലിശ 38.19 കോടിയോളം വരുമെന്നാണു സി.ഏ.ജി. കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പലിശ കെ.എസ്.ഇ.ബി ഇതുവരെ ഉപയോക്താക്കൾക്ക് കൊടുക്കുകയോ, കൊടുക്കാനുണ്ടെന്നു കണക്കിൽ കാണിക്കുകയോ ചെയ്തിട്ടില്ല. യഥാസമയം വൈദ്യുതി ബോർഡ് പലിശ കൊടുക്കാഞ്ഞതിനാൽ കുടിശ്ശികയായ 38.19 കോടി രുപക്ക് ഇരട്ടി നിരക്കിൽ (12%) 76.38 കോടി രുപ നൽകാൻ ബോർഡിനു ബാധ്യത ഉണ്ട്. എന്നാൽ ഓരോ ഉപഭോക്താവിൽ നിന്നും (2005 നു മുമ്പുള്ളത്) കിട്ടിയ സുരക്ഷാ നിക്ഷേപത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഉപഭോക്താക്കളുടെ നിക്ഷേപം വെറും ഒരു രൂപയാക്കി കണക്കാക്കി അവർക്ക് പലിശ നൽകാതിരിക്കുകയാണു ബോർഡ് ചെയ്ത് പോരുന്നത്. എങ്ങനെയുണ്ട് ബുദ്ധി?

ഇത്തരത്തിലുള്ള 76 കോടിയോളം രൂപയുടെ ബാധ്യത ബോർഡിന്റെ ഒരു കണക്കിലും കാണിക്കാതെ തുടരുന്നത് സെപ്റ്റംബർ 2009 ൽ തന്നെ സി.ഏ.ജി ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരെ അറിയിച്ചിട്ടും അവർ മൌനം പാലിക്കുന്നു.25-3-2010 ൽ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.ഏ.ജി യുടെ റിപ്പോർട്ടിലും ഇതെടുത്ത് പറഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ സാമാജികർക്ക് അതൊന്നു വായിക്കാൻ ഇതു വരെ സമയം കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ വ്യവസായ മന്ത്രിയാണെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നുണ്ടെന്നു വീരവാദം മുഴക്കുന്നു. വൈദ്യുതി ഉപയോക്താക്കൾക്ക് കൊടുക്കാനുള്ള ഇത്തരത്തിലുള്ള ബാധ്യതകൾ എന്നാണു കണക്കിൽ ഉൾപ്പെടുത്തുക.

കടപ്പാട്: വിവരാവകാശനിയമം.

2 comments:

Manikandan said...

എച്ച് ടി, ഇ എച്ച് ടി ഉപഭോക്താക്കളില്‍ നിന്നും കിട്ടേണ്ടുന്നതായ വൈദ്യുതചാര്‍ജ്ജ് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഇളവു ചെയ്ത് ഓരോ സര്‍ക്കാരും സാധാരണക്കാരനെ വഞ്ചിക്കുകയാണ്.

ചാർ‌വാകൻ‌ said...

വായിച്ചു.ഒന്നും പറയാനില്ല.ബില്ലുവരുന്നതിനനുസരിച്ച് കൊടുക്കുകതന്നെ.