Saturday, March 1, 2008

വീണ്ടും ടെല്‍ക്‌, ഇത്തവണ നഷ്ടം 2 കോടി (TELK)

വീണ്ടും ട്രാന്‍സ്ഫാര്‍മേര്‍സ്‌ ആന്‍ഡ്‌ ഇലക്ട്രികല്‍‌സ്‌ കേരള (TELK) എന്ന പൊതിമേഖലാ സ്ഥാപനത്തെപറ്റിയാണ്. ഈ സ്ഥാപനവും നമ്മുടെ ഖജനാവും തമ്മിലുള്ള ബന്ധവും അതുണ്ടാക്കിയ ഒരു 28 കോടി രൂപയുടെ നഷ്ടവും ഇതിനു മുന്നിലത്തെ പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു.

ഇത്തവണ ടെല്‍ക്കും(TELK) കെ.എസ്.ഇ.ബി യും തമ്മില്‍ ബന്ധപെട്ടപ്പോള്‍ ഉണ്ടായ 2 കോടിയുടെ നഷ്ടക്കണക്കാണ് പുറത്തു വന്നിരിക്കുന്നത്‌. ഇതാണ് കഥ ചുരുക്കത്തില്‍:-

നിലവിലുള്ള 66 കെ.വി., ഡി.സി. ലൈനിനു മുകളില്‍ കൂടി 110 കെ.വി യിലുള്ള 35.5 കിലോമീറ്ററോളം ഡി.സി.ലൈന്‍ വലിക്കേണ്ടത്‌ കെ.എസ്.ഇ.ബി യുടെ ആവശ്യമായിരുന്നു. അവര്‍ അതിനുവേണ്ടി ദര്‍ഘാസ്‌ പരസ്യം നല്‍കി. പണി ഏറ്റെടുക്കാനാഗ്രഹിക്കുന്നവര്‍ അതിനു വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും സ്വന്തം ചിലവില്‍ കൊണ്ടുവന്ന്‌ എല്ലാവിധത്തിലും പണിതീര്‍ത്ത്‌ ബോര്‍ഡിനു കൈമാറണമെന്നാണ് (Turnkey) വ്യവസ്ഥ.

ദര്‍ഘാസ തുറന്നപ്പോള്‍ ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥര്‍ക്കു ദേഷ്യവും, സങ്കടവും നിരാശയുമൊക്കെ ഉണ്ടായിക്കാണണം. കാരണം, ഏറ്റവും കുറഞ്ഞ തുകക്ക്‌ ചെയ്യാമെന്നേറ്റിരിക്കുന്നത് കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ കമ്പനി. അതും വര്‍ഷാവര്‍ഷമായി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ്‌ കുത്തികൊണ്ടിരിക്കുന്ന ടെല്‍ക്ക്‌ എന്ന പൊതുമേഖലാ സ്ഥാപനം. സ്വപ്നങ്ങളെല്ലാം പൊലിഞ്ഞ ബോര്‍ഡുദ്ദ്യോഗസ്ഥര്‍ ജൂലൈ 2000 ത്തില്‍ 14.72 കോടി രൂപക്ക്‌ ടെല്‍ക്കുമായി കരാറുറപ്പിച്ചു. പണിക്കു വേണ്ടുന്ന എല്ലാ സധനങ്ങളും (ടൌവ്വറുകള്‍ ഉള്‍പടെ) കൊണ്ടുവന്ന്‌ പണിതീര്‍ത്ത്‌ കൈമാറണമെന്ന്‌ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ( എന്തോ സംശയം ബോര്‍ഡ്‌ കാര്‍ക്ക്‌ അപ്പോഴേ ഉണ്ടായിരുന്നിരിക്കണം!!).

ടെല്‍ക്ക്‌ പണി തുടങ്ങി, ഏതാണ്ട് തീരാറയപ്പോള്‍ ഒരു കണക്കെടുപ്പ്‌ നടത്തി. ഏകദേശം 2.19 കോടി രൂപയുടെ ടൌവ്വര്‍ മെറ്റീരിയല്‍‌സ്‌ വാങ്ങേണ്ടി വന്നതും, ടി സാധനങ്ങളുടെ വില കൊട്ടേഷനില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ കാര്യവും അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്‌. കെ.എസ്.ഇ.ബി. യുടെ മുന്നില്‍ താണു വീണു കേണപേക്ഷിച്ചു നോക്കി. ഈ തുക കൂടി ഒന്നൊപ്പിച്ചെടുക്കാന്‍. ബോര്‍ഡ്‌ കനിഞ്ഞില്ല. കരാറില്‍ ഉറച്ചു നിന്നു. ടൌവ്വറിനു വേണ്ടി ചെലവാക്കിയ 2.19 കോടി രുപ ഖജനാവിനു സ്വാഹാ....

അക്കൌണ്ടന്റ് ജനറല്‍ ഇക്കാര്യം പരിശോധിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി പുറത്തു വന്നു. ഈ കമ്പനിയുടെ കൊട്ടേഷന്‍ ഏറ്റവും കുറവാകാന്‍ കാരണം ടൌവ്വറുകള്‍ വാങ്ങാന്‍ എസ്റ്റിമേറ്റ്‌ ചെയ്തിരുന്ന രണ്ടേകാല്‍ കോടിയോളം രൂപ വിട്ടുകളഞ്ഞ്‌ ബാക്കിയേ കോട്ടു ചെയ്തിരുന്നുള്ളൂ (Under quote). രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളല്ലേ, പിന്നീട്‌ പറഞ്ഞൊതുക്കാമെന്ന്‌ കരുതിയിരിക്കാം. പക്ഷേ നടന്നില്ല.

കാര്യങ്ങളെല്ലാം അതേപടി ബന്ധപെട്ട ഉദ്ദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്നു, മറുപടിയില്ല. ഇപ്പോള്‍ ഏതായാലും നിയമസഭയുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്‌. കാത്തിരുന്നു കാണാം..... എവിടെ!!!!

6 comments:

അങ്കിള്‍. said...

അക്കൌണ്ടന്റ് ജനറല്‍ ഇക്കാര്യം പരിശോധിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി പുറത്തു വന്നു. ഈ കമ്പനിയുടെ കൊട്ടേഷന്‍ ഏറ്റവും കുറവാകാന്‍ കാരണം ടൌവ്വറുകള്‍ വാങ്ങാന്‍ എസ്റ്റിമേറ്റ്‌ ചെയ്തിരുന്ന രണ്ടേകാല്‍ കോടിയോളം രൂപ വിട്ടുകളഞ്ഞ്‌ ബാക്കിയേ കോട്ടു ചെയ്തിരുന്നുള്ളൂ (Under quote). രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളല്ലേ, പിന്നീട്‌ പറഞ്ഞൊതുക്കാമെന്ന്‌ കരുതിയിരിക്കാം. പക്ഷേ നടന്നില്ല.

keralafarmer said...

ഇതും നിയമസഭയില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. രണ്ടും ഒരേ സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍. ഒന്നിന് നഷ്ടം മറ്റെതിന് ലാഭം.

വെള്ളെഴുത്ത് said...

വായിക്കുന്നുണ്ട് മുറയ്ക്ക്. വല്ലാത്ത അസ്വസ്ഥതയാണ്‍ ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ കറ്റന്നു പോകുമ്പോള്‍. രണ്ടാഴ്ച മുന്‍പ് തമിഴനാട്ടില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉത്പന്നങ്ങളുടെ ഡീലു നടത്തുന്ന ഉദ്യോഗസ്ഥനെ കണ്ടിരുന്നു. ടെണ്ഡര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍, ക്വാട്ട് ചെയ്ത തുകയറിയിക്കാന്‍, പേപ്പറുകള്‍ മാറ്റാന്‍ എല്ലാത്തിനും നിശ്ചിത നിരക്കാണ്. തീപിടിച്ചാല്‍ മാത്രം ആവശ്യം വരുന്ന സാധനങ്ങളായതുകൊണ്ട് ആരു നോക്കാനാണെന്നാണ് ഉദ്യോഗസ്ഥഭാഷ്യം. അതുകൊണ്ട് കവറിനുള്‍ലില്‍ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. അതിനു സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്കു തുല്യമായ സാധനങ്ങള്‍ ഉദ്യോഗസ്ഥരുടെ വീട്ടിലെത്തണം. ലാപ്‌റ്റോപ് തുടങ്ങിയവയാണ് സാധാരണ സന്ദര്‍ശനത്തിനുള്ള ഉപഹാരങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

ഇതുനല്ല തമാശതന്നെ അങ്കിള്‍! സര്‍ക്കാര്‍ കാര്യം മുറപോലെ എന്നു പറഞ്ഞത് എത്ര ശരി. ഈ കൈക്കൂലിവാഴുന്ന സര്‍ക്കാര്‍ രംഗം ഒന്നു ശരിയാകാതെ ഇതിനൊന്നും ഒരവസാനവും ഉണ്ടാവില്ല, അതിനു കൈക്കുലി തീര്‍ന്നിട്ടുവേണ്ടേ. കേഴുക പ്രിയ നാടേ!

ഉറുമ്പ്‌ /ANT said...

കാട്ടിലെ തടി; തേവരുടെ ആന. എല്ലാം വായിക്കുന്നുണ്ട്‌. കഷ്ടമെന്നല്ലാതെന്തു പറയാന്‍..... !

അങ്കിള്‍ said...
This comment has been removed by the author.