Friday, June 27, 2008

വാണിജ്യനികുതിവകുപ്പും വിവരസാങ്കേതിക വിദ്യയും (Commercial Taxes Department)

നമ്മുടെ സംസ്ഥാനാതിര്‍ത്തികളിലെ ചെക്ക്‌ പോസ്റ്റുകള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണെന്ന കാര്യം പ്രത്യേകിച്ച്‌ പറയേണ്ടല്ലോ. അവിടമൊക്കെ ഒന്നു ശരിയാക്കിയെടുക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഇപ്പോഴത്തെ ധനമന്ത്രി ശ്രീ. തോമസ്സ്‌ ഐസ്സക്കിന്നല്ല ആദ്യം ഉണ്ടായത്‌. 1998 ലെ സര്‍ക്കാരിനും അത്തരത്തിലുള്ള ഒരാഗ്രഹം തോന്നി. വാണിജ്യ നികുതി വകുപ്പിനെ (സിറ്റിഡി) മുഴുവന്‍ കമ്പ്യുട്ടര്‍വല്‍കരിച്ചാല്‍ ഈ ആഗ്രഹം നിറവേറ്റാമെന്ന്‌ ഏതോ പുംഗന്‍ ഉപദേശിച്ചുകൊടുത്തു.

സംന്തോഷം കൊണ്ട് തുള്ളിച്ചാടിയ നികുതി വകുപ്പ്‌ ഉടന്‍ തന്നെ അതിനു വേണ്ടുന്ന ഒരു സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്യാന്‍ ഉത്തരവിട്ടു. സോഫ്റ്റ്വെയറിനു പേരും ഇട്ടു: ‘’കേരളാ
കൊമ്മേര്‍സിയല്‍ ടാക്സസ്സ്‌ സിസ്റ്റം”. രാജ്യത്തെ പ്രഗല്‍ഭരായ ടാറ്റാ ഇന്‍ഫോടെക്‌ ലിമിറ്റഡിനേയും, സംസ്ഥാനത്തെ കെല്‍ട്രോണിനേയും കൂടി 2000 ജനുവരിയില്‍ ഇതിനു വേണ്ടുന്ന സിസ്റ്റം വികസിപ്പിച്ചെടുക്കാനേല്‍പ്പിച്ചു. 70 ലക്ഷം രൂപ ചെലവില്‍
12 മാസത്തിനകം സംഗതി റെഡിയാക്കണം. ഏതാണ്ട് പറഞ്ഞ സമയത്തു തന്നെ സോഫ്റ്റ്വെയര്‍ റെഡി.

സോഫ്റ്റ്വെയര്‍ ടെസ്റ്റ് ചെയ്തു നോക്കാന്‍ വകുപ്പിന്റെ കീഴിലുള്ള ഓഫീസ്സുകളില്‍ കമ്പ്യൂട്ടര്‍ വേണ്ടേ. 2002 മാര്‍ച്ച് 31 വരെയും കമ്പ്യൂട്ടറുകളൊന്നും ഇല്ലെന്ന്‌ കണ്ട്, ആ വിവരം അക്കൌണ്ടന്റ് ജനറല്‍ സര്‍ക്കാരിനേയും, സാമാജികരേയും എല്ലാം അറിയിച്ചു.

127 സ്ഥലങ്ങളിലായി 248 വാണിജ്യ നികുതി ആഫീസ്സുകളിലെ (ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ) കമ്പ്യൂട്ടറകളുമായി സംയോജിപ്പിക്കണമെന്നത്‌ അവര്‍ക്ക്‌ ഒരു പുതിയ അറിവായിരുന്നു.

അതു കൊണ്ടായിരിക്കണം നാലഞ്ചുകൊല്ലം ഒന്നും സംഭവിക്കാതെ മുന്നോട്ട് പോയി. ഒന്നും സംഭവിച്ചില്ലെന്ന്‌ പറയുന്നത്‌ ശുദ്ധ നുണയായിരിക്കും. ഇനിപ്പറയുന്ന കാര്യങ്ങളെല്ലാം ഇതിനിടയില്‍ സംഭവിച്ചിരുന്നു:

  • ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി സാധ്യമാക്കുന്നതിനു ഹാര്‍ഡവെയര്‍ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ 2002 നവമ്പറില്‍ ക്ഷണിച്ചിരുന്നു. പക്ഷേ ഉടന്‍ തന്നെ സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ പറ്റിയില്ല. ഓഫ്‌ലൈന്‍ ഡേറ്റാ എന്‍‌ട്രി യാണോ ഓണ്‍ലൈന്‍ ഡേറ്റാ എന്‍‌ട്രിയാണോ ചിലവുകുറഞ്ഞതെന്ന്‌ ചിന്തിച്ചുറപ്പിക്കേണ്ടേ. 2003 ഒക്ടോബര്‍ ആയപ്പോള്‍ ചിന്തക്കുറപ്പുവന്നു: ഓഫ് ലൈന്‍ ഡേറ്റാ എന്‍‌ട്രിയാണ് ചിലവ്‌ കുറവെന്ന്‌. പിന്നെ ഒട്ടും താമസ്സിപ്പിച്ചില്ല. സപ്ലൈ ഓര്‍ഡര്‍ നല്‍കി. 2004 ജനുവരിയില്‍തന്നെ ആവശ്യപ്പെട്ട ഹാര്‍ഡ് വെയര്‍ മുഴുവന്‍ റെഡി.
  • നമ്മള്‍ സ്വന്ത ആവശ്യത്തിനു കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ അന്നുതന്നെ പവ്വര്‍ പോയിന്റൂള്ള ഒരു സ്ഥലത്ത് ഒരു മേശയിട്ട് ഉപയോഗിച്ചു തുടങ്ങും. വകുപ്പിന്റെ ആഫീസുകളിലും ഇത്രയേ ആവശ്യമുള്ളൂവെന്നാണ് ധരിച്ചു വശായത്‌. അപ്പോഴാണ് ആരോ ഉപദേശിച്ചത്‌ ഈ ആഫീസ്സുകളിലെല്ലാം ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഉണ്ട്. വികസിപ്പിച്ചെടുത്ത്‌ റെഡിയായിരിക്കുന്ന സോഫ്റ്റ്വെയര്‍ ക്ലയന്റ്-സെര്‍വ്വര്‍ ആര്‍ക്കിടെക്ചറിലാകുന്നു.ഓരോ ആഫീസ്സിലേയും എല്ലാ കമ്പ്യൂട്ടറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോക്കല്‍ ഏരിയാ നെറ്റുവര്‍ക്കും (ലാന്‍ ) എല്ലാ ഓഫീസ്സുകളും കമ്മിഷ്ണറേറ്റുമായി ബന്ധിപ്പിക്കുന്ന വൈഡ് ഏരിയാ നെറ്റുവര്‍ക്കും (വാന്‍ ) അത്യാവശ്യമാണ്. ഇക്കാര്യം മനസ്സിലായ ഉടന്‍ അടുത്ത നടപടിക്കു തയ്യാറായി. 77.30 ലക്ഷം രൂപ മുടക്കി ലാന്‍ സ്ഥാപിക്കാനുള്ള വര്‍ക്ക്‌ ഓര്‍ഡര്‍ 2004 സെപ്റ്റമ്പറില്‍ (!!) തന്നെ നല്‍കി.
  • ലാന്‍ സ്ഥാപിക്കാന്‍ കമ്പനിക്കാര്‍ ആഫീസ്സുകള്‍ സന്ദര്‍ശിച്ചപ്പോഴാണറിയുന്നത്‌, അതിനു മുന്നോടിയായുള്ള ‘സൈറ്റ് പ്രിപ്പറേഷന്‍ ‘ എന്നൊരു മാരണം കൂടിയുണ്ടെന്ന്‌. അത്‌ സിവിള്‍വര്‍ക്ക് വിഭാഗത്തിലുള്ളതാണ്. പൊതുമരാമത്തു വകുപ്പാണ് ചെയ്തു തരേണ്ടത്‌. ഇതെല്ലാം ചെയ്തു കിട്ടാനുള്ള കാലതാമസം മൂലം 2005 ഒക്ടോബറിലാണ് ലാന്‍ സ്ഥാപിച്ച് കിട്ടിയത്‌. അതുകൊണ്ട് 2007 ഏപ്രിലില്‍ വാന്‍ സ്ഥാപിക്കാനുള്ള വര്‍ക്ക്‌ ഓര്‍ഡറും നല്‍കി.
  • ഇതിനു മുമ്പതന്നെ ജില്ലാ ആഫീസുകള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും ബി.എസ്.എന്‍.എല്‍ ന്റെ ലീസ്ഡ്‌ ലൈന്‍ കണക്ഷനുകള്‍ 2004 മാര്‍ച്ചില്‍ എടുത്തിരുന്നു. (127 സ്ഥലങ്ങളിലെ 248 വാണിജ്യ നികുതി ആഫീസ്സുകള്‍ക്ക്) അതിനുള്ള വാടകയും മുറക്ക്‌ കൊടുത്തു വരുന്നുണ്ട്.

ലാനും വാനുമൊക്കെ തയ്യാറായി വന്നപ്പോള്‍ വേറൊരു സംഭവം കൂടി ഉണ്ടായി. വല്യൂ ആഡഡ്‌ ടാക്സ്‌ നടപ്പാക്കി. നമ്മുടെ റ്റാറ്റാ ഇന്‍ഫോടെക്കും കെല്‍ട്രോണും കൂടി ികസിപ്പിച്ചടുത്ത (70 ലക്ഷം രൂപ) സോഫ്റ്റ്വെയര്‍ പെട്ടിയില്‍നിന്നും പുറത്തെടുക്കേണ്ടി വന്നില്ല്ല.

ചുരുക്കത്തില്‍ 2005 ആയപ്പോള്‍ നികുതി വകുപ്പ്‌ ഈ പദ്ധതി തുടങ്ങിയിടത്തുതന്നെ തിരികെയെത്തി.

140 ലക്ഷം രൂപക്ക്‌ വാറ്റിനു അനുസൃതമായ മറ്റൊരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്ന പണിയുടെ ചുമതല 2005 ജൂണില്‍ സി.എം.സി ലിമിറ്റഡിനെ ഏല്‍പ്പിച്ചു. 2007 മാര്‍ച്ചോടെ
പരിമിതമായ വാണിജ്യനികുതി ആഫീസുകളിലും ചെക്ക് പോസ്റ്റുകളിലുമായി രണ്ടു മോഡ്യൂളുകള്‍ മാത്രമേ പ്രവര്‍ത്തന സഞ്ജമായുള്ളൂ. എങ്കിലും 12 മോഡ്യൂളുകള്‍ പ്രവര്‍ത്തന സഞ്ജമായി എന്നുള്ള അംഗീകാര സര്‍ട്ടിഫിക്കറ്റ് 2006 ഡിസമ്പറില്‍ നല്‍കിയത്‌
പച്ചകള്ളമാണെന്ന്‌ അക്കൌണ്ടന്റ് ജനറല്‍ തെളിയിച്ചു. 10 മോഡ്യൂളുകള്‍ ഡപ്യൂട്ടികമ്മിഷ്ണറുടെ ആഫീസിലോ വാണിജ്യനികുതി ആഫീസുകളിലോ വാനിന്റെ പ്രവര്‍ത്തനക്ഷമതയുടെ അഭാവം കാരണം ഇനിയും പ്രവര്‍ത്തന്ക്ഷമമാക്കേണ്ടിയിരിക്കുന്നു.

ടാറ്റാ ഇന്‍ഫോടെക്കും കെല്‍ട്രോണും വഴി ആദ്യം വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിനും, പരിശീലനം നല്‍കുന്നതിനും മറ്റുമായി ഇതുവരെ ഏതാണ്ട് 19.57 കോടി രൂപ ചെലവായിട്ടുണ്ട്. അതിലെ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിനു വേണ്ടി ചെലവായതു മാത്രമല്ല പാഴായിപ്പോയത്. ഓറക്കിള്‍ 8, സ്കോ യൂണിക്സ്‌വെയര്‍ ലൈസന്‍സുകള്‍ കരസ്ഥമാക്കിയതിനു ചെലവായ 1.01 കോടി രൂപയും പാഴായി.

2004 ജനുവരിയില്‍ 5.10 കോടി രൂപയ്ക്ക് വാങ്ങിയ 26 സര്‍വ്വറുകളും, 943 പീ.സി കളും മറ്റു ഹാര്‍ഡ് വെയറും വിവിധ ആഫീസുകളില്‍ കഴിഞ്ഞ മൂന്നു നാലും വര്‍ഷമായി പെട്ടിക്കുള്ളില്‍
സുഖമായുറങ്ങുന്നു.

രെജിസ്റ്റേര്‍ഡ് ഡീലര്‍മാര്‍ നല്‍കുന്ന മാസാമാസ റിട്ടേണുകളിലെ ഡേറ്റ ഇന്‍പുട്ട് ചെയ്യുന്നതിനായി 354 പീ.സീ കള്‍ (നേരത്തേ പറഞ്ഞതു കൂടാതെ) വാങ്ങുന്നതിലേക്കായി 1.20 കോടി രൂപയുടെ അനാവശ്യ ചെലവും (2006 മാര്‍ച്ച്) വകുപ്പ്‌ വരുത്തിവച്ചു.

അങ്ങനെ 1998-ല്‍ നിര്‍ദ്ദേശിച്ച കമ്പ്യൂട്ടര്‍ വല്‍കൃത വിവര സമ്പ്രദായം വാണിജ്യനികുതി വകുപ്പില്‍ ഇപ്പോഴും സാധ്യമായിട്ടില്ല.

6 comments:

അങ്കിള്‍. said...

വാണിജ്യനികുതിവകുപ്പ്‌ ചെക്ക് പോസ്റ്റുകളില്‍ നടക്കുന്ന വന്‍ വെട്ടിപ്പുകളെ നേരിടാന്‍ നടത്തിയ പോരാട്ടങ്ങള്‍ നികുതിദായകര്‍ക്ക്‌ എന്തുമാത്രം നേട്ടമുണ്ടാക്കിയെന്ന് വിശദമാക്കുന്ന ഒരു പോസ്റ്റ്.

MANIKANDAN [മണികണ്ഠന്‍] said...

ഇതിനാണ് സര്‍ക്കാരുകാര്യം മുറപോലെ എന്നു പറയുന്നതു. മറ്റു സംസ്ഥാനങ്ങള്‍ സങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരുപാടുമുന്‍പില്‍ നില്‍‌ക്കുമ്പോള്‍ നമ്മള്‍ പിന്നോടു പോയിരിക്കുന്നു. VAT സംബന്ധിച്ച വ്യക്തമാ‍യ മാര്‍ഗ്ഗ്നിര്‍ദ്ദേശം നല്‍കുന്ന online help desk പല സംസ്ഥാനങ്ങളിലും ഉണ്ട്. നമുക്കു ഉള്ള നിര്‍ദ്ദേശങ്ങള്‍ തന്നെ അപൂര്‍‌ണ്ണമാണ്. ഇവിടെ ഒരു പദ്ധതിക്കും വ്യ്ക്തമായ ഒരു time frame ഇല്ലാത്തതും ഒരു പ്രശ്നമാണെന്നുതൊന്നുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഇത്‌ വായിച്ചിട്ട്‌ എനിക്കൊരു ഞെട്ടലും ഉണ്ടായില്ല. ഇത്രയേ അല്ലെ സംഭവിച്ചുള്ളൂ എന്നെ കരുതുന്നുള്ളൂ. എന്താണ്‌ കമ്പ്യൂട്ടര്‍വല്‍ക്കരണം എന്നറിയാത്തതാണ്‌ പ്രശ്നം. പഴയ തലമുറ ആള്‍ക്കാരെ വച്ച്‌ ഇതൊക്കെ നടത്താന്‍ പറ്റുമോ എന്നതാണ്‌ പ്രശ്നം. അവര്‍ എല്ലാം ഔട്ട്‌സോഴ്സ്‌ ചെയ്യും അത്ര മാത്രം അല്ലാതെ അവര്‍കെന്തറിയാം

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഇത്‌ വായിച്ചിട്ട്‌ എനിക്കൊരു ഞെട്ടലും ഉണ്ടായില്ല. ഇത്രയേ അല്ലെ സംഭവിച്ചുള്ളൂ എന്നെ കരുതുന്നുള്ളൂ. എന്താണ്‌ കമ്പ്യൂട്ടര്‍വല്‍ക്കരണം എന്നറിയാത്തതാണ്‌ പ്രശ്നം. പഴയ തലമുറ ആള്‍ക്കാരെ വച്ച്‌ ഇതൊക്കെ നടത്താന്‍ പറ്റുമോ എന്നതാണ്‌ പ്രശ്നം. അവര്‍ എല്ലാം ഔട്ട്‌സോഴ്സ്‌ ചെയ്യും അത്ര മാത്രം അല്ലാതെ അവര്‍കെന്തറിയാം

അങ്കിള്‍ said...

യോജിക്കാന്‍ കഴിയുന്നില്ല കിരണേ. വകുപ്പ് തലവന്മാര്‍ക്ക് ഒരു പക്ഷേ കമ്പ്യൂട്ടര്‍വല്‍ക്കരണം എങ്ങനെ ചെയ്യണ മെന്നറിയില്ലായിരിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അതിനെപറ്റി വിവരമുള്ളവര്‍ ധാരാളമാണ്. ഒന്നുമില്ലെങ്കില്‍ സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കാളേജുകളിലെ അദ്ധ്യാപകരില്ലേ. അവരുടെ ഒരു കമ്മറ്റിയുണ്ടാക്കികൂടേ. ഇക്കാര്യങ്ങളില്‍ ഉപദേശം കൊടുക്കാന്‍. പലകാര്യങ്ങളിലും അത്തരം കമ്മറ്റികളുണ്ടെന്നു എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.

ഇവിടെ പ്രശ്നം അതൊന്നുമല്ല. വാണിജ്യനികുതി വകുപ്പില്‍ കമ്പ്യൂട്ടര്‍വര്‍ക്കരണം അസാധ്യമാക്കേണ്ടത് പലരുടേയും ആവശ്യമാണ്. അല്ലെങ്കില്‍ ആദ്യം സോഫ്റ്റ് വെയര്‍ ഉണ്ടാക്കുകയും, അതുകഴിഞ്ഞ് ഹാര്‍ഡ് വെയര്‍ വാങ്ങുകയും അതും കഴിഞ്ഞ്‌ സൈറ്റ് റെഡിയാക്കാന്‍ പോകുകയും ഒക്കെ ചെയ്യുമോ.

എന്നിട്ടോ ആദ്യത്തെ സോഫ്റ്റ്വെയരിനു ചെലവായ 70 ലക്ഷം സര്‍ക്കാരിനു നഷ്ടം. ഒരു 1000 രൂപ കൈക്കൂലി താഴെക്കിടയിലുള്ള ആരെങ്കിലും വാങ്ങിയതു പിടിക്കപ്പെട്ടാല്‍ അവന്റെ ഗതി ആലോചിച്ചു നോക്കു. ഇവിടെ 70 ലക്ഷം നഷ്ടപ്പെടുത്തിയതിനു ആരും ഉത്തരം പറയണ്ടേ. ഇതും അഴിമതിക്കു തുല്യമല്ലേ.

sexy said...
This comment has been removed by a blog administrator.