Thursday, September 25, 2008

തദ്ദേശസ്വയംഭരണം കേരളാസ്റ്റൈല്‍

കേരളത്തിലെ തദ്ദേശസ്വയംഭരണം. അറിഞ്ഞകാര്യങ്ങള്‍ അടുത്തറിയാനുള്ള ഒരു ശ്രമം.

ആമുഖം

കേരളാ പഞ്ചായത്ത് നിയമവും കേരളാ മുനിസിപ്പലിറ്റി നിയമവും കേരളാ നിയമസഭ 1994 ല്‍ പാസ്സാക്കി. ഈ നിയമങ്ങളില്‍ വിഭാവനം ചെയ്തിരുന്നതുപോലെ നിയമങ്ങളുടെ അതാതു പട്ടികകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട
ചുമതലകളും ഉദ്ദ്യോഗസ്ഥരും സ്ഥാപനങ്ങളും പദ്ധതികളും 1995 ഒക്ടോബര്‍ 2 മുതല്‍ പ്രബല്യത്തോടെ തദ്ദേശസ്വയംഭരണ (തസ്വഭ) സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ 1995 സെപ്റ്റമ്പറില്‍ കൈമാറി, ഈ സ്ഥാപനങ്ങളുടെ ആസ്തിയും ബാദ്ധ്യതകളും ഉള്‍പ്പടെ. പക്ഷേ കൈമാറ്റം ചെയ്യപ്പെട്ട ആസ്തികള്‍ വില്‍ക്കുന്നതിനോ കൈമാറുന്നതിനോ അന്യാധീനപ്പെടുത്തുന്നതിനോ പണയപ്പെടുത്തുന്നതിനോ അവര്‍ക്ക് അധികാരമില്ല. എന്നാല്‍ കൈമാറിയ ജീവരക്കാരുടെ ശമ്പളം സര്‍ക്കാര്‍ തന്നെ തുടര്‍ന്നും നല്‍കി. (മാറ്റപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഈയടുത്തകാലം വരെയും ബന്ധപ്പെട്ട തസ്വഭ യില്‍ ചെന്നു ചുമതലകള്‍ ഏറ്റിരുന്നില്ലെന്നുള്ളത് പരസ്യമായ രഹസ്യം).

വികേന്ദ്രീകൃതാസൂത്രണം.
അതായത് ഇനിമുതല്‍ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത്
തസ്വഭ കളാണെന്നു സാരം. ഒമ്പതാം പഞ്ചവത്സരക്കാലത്ത് ഇതിനുവേണ്ടി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം വരെ തസ്വഭ സ്ഥാപനങ്ങള്‍ രൂപം കൊടുക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി മാറ്റിവക്കാനും 1995 ജൂലൈയില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ ജനകീയാസൂത്രണം എന്ന ഓമനപ്പേരില്‍ നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, പത്താം പഞ്ചവത്സരപദ്ധതി സമയത്ത് പുതുതായി വന്ന സര്‍ക്കാര്‍ കേരള വികസന പദ്ധതി എന്ന മറ്റൊരു പേരിലാണ് ഇതിനെ പരിചയപ്പെടുത്തിയത്. തസ്വഭ സ്ഥാപനങ്ങളുടെ ഈ തൃണമൂലതല ആസൂത്രണം 2006-07 അവസാനത്തോടെ ഒരു ദശാബ്ദം പിന്നിട്ടു.

തസ്വഭ സ്ഥാപനങ്ങളുടെ രൂപരേഖ.

2007 മാര്‍ച്ച് 31 നു സംസ്ഥാനത്ത് 1223 തസ്വഭ സ്ഥാപനങ്ങളുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലുള്ളവ ഏതെല്ലാമെന്ന് താഴെ കാണിച്ചിരിക്കുന്നു.



കേരളത്തിലെ 1223 തസ്വഭ സ്ഥാപനങ്ങളിലേക്ക് ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത് 2005 സെപ്റ്റമ്പറിലായിരുന്നു. അന്നു 20554 പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനാ രൂപം.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും രൂപീകൃതമായിട്ടുള്ള തസ്വഭ സ്ഥാപനങ്ങള്‍ യഥാക്രമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ എന്നും നഗര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നും അറിയപ്പെടുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ രൂപീകൃതമായിട്ടുള്ളത് താഴെകൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ ത്രിതല വ്യവസ്ഥയിലാണ്.


ഓരോ തലത്തിലേയും പഞ്ചായത്തുകളിലെ അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞടുക്കുന്നു. അതുപോലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സന്‍/മേയര്‍, വൈസ് ചെയര്‍പേര്‍സന്‍/ ഡെപ്പ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു.

പ്രസിഡന്റ്/ചെയര്‍പേര്‍സന്‍/മേയര്‍ ഓരോ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും എക്സ് ഒഫീഷ്യോ അംഗവും വൈസ് പ്രസിഡന്റ്/ വൈസ് ചെയര്‍പേര്‍സന്‍ / ഡെപ്യൂട്ടി മേയര്‍ ധരകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ എക്സ് ഒഫീഷ്യോ അംഗവും അതിന്റെ അദ്ധ്യക്ഷനും ആണ്.

ഓരോ പഞ്ചായത് രാജ് സ്ഥാപനത്തിനും സര്‍ക്കാര്‍ ജീവനക്കാരായ ഒരു സെക്രട്ടറിയും അനുബന്ധ ജീവനക്കാരും ഉണ്ട്. മുനിസിപ്പാലിറ്റികളിലേയും നഗരസഭകളിലേയും സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരും അനുദ്ദ്യോഗസ്ഥര്‍ മുനിസിപ്പല്‍ പൊതു സര്‍വ്വീസ്സില്‍ ഉള്ളവരുമാണ്.

നിയന്ത്രണ വ്യവസ്ഥ.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സര്‍ക്കാരിനും നിയമസഭക്കും മുമ്പാകെ സമര്‍പ്പിക്കുന്നതിനു വേണ്ടി
ഓഡിറ്റ് ചെയ്ത കണക്കുകള്‍ അതിനുവേണ്ടി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്ററല്ല) സമാഹരിക്കേണ്ടതാണ്. ഇതിനു വിരുദ്ധമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്റര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ട് അതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥനു സമര്‍പ്പിക്കണമെന്നാണ് കേരളാ പഞ്ചായത്ത് രാജ് നിയമത്തിലും കേരളാ മുനിസിപ്പാലിറ്റി നിയമത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പരസ്പരവിരുദ്ധമായ ഈ വ്യവസ്ഥകള്‍ ഒഴിവാകാനാവശ്യമായ ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ 2003 ജൂലൈയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ വരുത്തിയിട്ടില്ല(2008). അതുകൊണ്ട് ഒരുത്തരും ഒരിടത്തുനിന്നും കണക്കുകള്‍ ശേഖരിച്ച് സമാഹരിക്കുവാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിതാപകരമായ കണക്കെഴുത്തും റിപ്പോര്‍ട്ടിംഗും ഇതിന്റെ സംഭാവനയാണ്.

തസ്വഭ സ്ഥാപനങ്ങളുടെ വരവുകള്‍
വരവുകളെ ‘എ’ മുതല്‍ ‘ജി’ വരെയുള്ള വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

വിഭാഗം എ: ജനകീയാസൂത്രണ പദ്ധതി/കേരള വികസന പദ്ധതിയുടെ കീഴില്‍ അസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാന പദ്ധതിവിഹിതത്തില്‍ നിന്നും തസ്വഭ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദ്ധതി തുകയാണിത്. വികസനചെലവ് ഫണ്ട് എന്നും അറിയപ്പെടുന്നു.

സംസ്ഥാനത്തിന്റെ 2006-07 ലെ ബഡ്ജറ്റ് നോക്കിയാല്‍ ഈ വിഭാഗത്തിനു വേണ്ടി 1400.38 കോടി രൂപ അക്കൊല്ലം ചിലവഴിച്ചതായികാണാം. എന്നാല്‍ ഇത് പച്ചകള്ളമാണ്. ഇത്രയും തുക സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പിന്‍‌വലിച്ച് തസ്വഭ സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റിക്കൊടുത്തു എന്നത് സത്യമാണ്. അതുകൊണ്ട് സംസ്ഥാനത്തിന്റെ കണക്കില്‍ അത്രയും തുക ചെലവായതായും കണക്കാക്കുന്നു. (ഇതൊരുതരം കണക്കിലെ കളിയാണ്) എന്നാല്‍ തസ്വഭ സ്ഥാപനങ്ങള്‍ 1221.37 കോടി രൂപ മാത്രമാണ് അക്കൊല്ലം ചെലവഴിച്ചത്. 178.99 കോടി രൂപ വിനിയോഗിക്കപ്പെടാതെ ബാക്കി നില്‍പ്പുണ്ടായിരുന്നു. സംസ്ഥാന ബഡ്ജറ്റില്‍ കൂടി ഈ വിവരം അറിയുകയേ ഇല്ല.

വിഭാഗം ‘ബി’: തസ്വഭ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളതും മറ്റുചില പദ്ധതിയേതര തുകകളുമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രത്യേക ‘കന്നുകുട്ടി’ പരിപാലന പദ്ധതി, ഭൂരഹിതരായ ഗ്രാമീണ തൊഴിലാളികള്‍ക്ക് വീടുവയ്ക്കുന്നതിനു സ്ഥലം നല്‍കല്‍ തുടങ്ങിയവ സംസ്ഥാനാവിഷ്കൃത പദ്ധതികളാണ്. തൊഴിലില്ലായ്മ വേതനം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ മുതലായവ പദ്ധതിയേതരവും.

2006-07 ല്‍ ഈ വിഭാഗത്തിലേക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 584.84 കോടി രൂപ ചെലവാക്കിയതായി ബഡ്ജറ്റില്‍ കാണിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്തില്‍ തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയത് 531.28 കോടി രൂപ മാത്രമായിരുന്നു. അതായത് 2006-07 അവസാനം 54.56 കോടി രൂപ പാഴാവുന്നതിനു ഇത് ഇടയാക്കി. കുടുതലും പട്ടികജാതി/വര്‍ഗ്ഗ , പിന്നാക്കവിഭാഗക്ഷേമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടിയുള്ള തുകയാണ് പാഴായത്.

വിഭാഗം ‘സി’: തസ്വഭ സ്ഥാപനങ്ങളുടെ ആസ്തികളുടെ പരിപാലനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സഹായധനമാണ് ഈ വിഭാഗത്തില്‍ വരിക. പ്രധാനമായും റോഡുകളും റോഡിതര ആസ്തികളുടേയും പരിപാലനം.

ധനകാര്യകമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് 2004-07 കാലയളവില്‍ 1475.71 കോടി രൂപക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റി വകയിരുത്തിയത് 1057.77 കോടി രൂപയും നല്‍കിയത് 831.05 കോടി രൂപയും ആയിരുന്നു. കുറവ്=644.66 കോടി രൂപ.

വിഭാഗം ‘ഡി’: തസ്വഭ സ്ഥാപനങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ചുമതലകളുള്‍പ്പടെയുള്ള പൊതു ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പൊതു ഉദ്ദേശഫണ്ടാണിത്. ഉദാ: അടിസ്ഥാന നികുതി ഗ്രാന്റ്, സ്റ്റാമ്പ് ഡ്യൂട്ടിയിന്മേലുള്ള സര്‍ച്ചാര്‍ജ്ജ്, റൂറല്‍ പൂള്‍ഗ്രാന്റ് മുതലായവ.

2004-07 വരെയുള്ള കാലയളവിലേക്ക് അര്‍ഹതപ്പെട്ട 939.09 കോടി രൂപയുടെ സ്ഥാനത്ത് സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത് 750.98 കോടി രൂപയും നല്‍കിയത് 742.36 കോടി രൂപയുമായിരുന്നു.

വിഭാഗം ‘ഇ’: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സംസ്ഥാന വിഹിതമുള്‍പ്പടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് മുതലായവയില്‍ നിന്നും ലഭിക്കുന്ന പണം, ജില്ലാകളക്ടറിന്മാരില്‍ നിന്നും വെള്ളപൊക്കം/വറള്‍ച്ച ദുരിതാശ്വാസങ്ങള്‍ക്ക് ലഭിക്കുന്ന തുക, സാക്ഷരതാമിഷനില്‍ നിന്നും ലഭിക്കുന്ന തുക മുതലായവ ഉള്‍പ്പെടുന്നതാണിത്.

ദാരിദ്ര്യ ലഘൂകരണ യൂണിറ്റുകള്‍ എന്നു പുനര്‍നാമകരണം ചെയ്ത ജില്ലാഗ്രാമീണ വികസന ഏജന്‍സികള്‍, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമിതി, നഗരകാര്യ ഡയറക്റ്റര്‍, ജില്ലാകളക്റ്റര്‍മാര്‍ മുതലായ ഏജന്‍സികള്‍ മുഖേനയാണ് ഈ വിഭാഗത്തിലുള്‍പ്പെട്ട പണം വിതരണം ചെയ്യുന്നത്. നല്‍കിയവര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കേണ്ടതും വിനിയോഗിക്കേണ്ടതും ആണ്. കേന്ദ്രസഹായമായി 373.90 കോടി രൂപയും സ്സംസ്ഥാനവിഹിതമായി 76.66 കോടി രൂപയും തസ്വഭ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതില്‍ 292.97 കോടി രൂപ വിനിയോഗിക്കുകയുണ്ടായി. 2006-07 വര്‍ഷാവസാനം മുന്‍‌വര്‍ഷത്തെ നീക്കിയിരുപ്പുള്‍പ്പടെ 209.95 കോടി രൂപ ചെലവാക്കാതെ ബാക്കി വച്ചിട്ടുണ്ട്.

വിഭാഗം ‘എഫ്’: തസ്വഭ സ്ഥാപനങ്ങളുടെ നികുതി, നികുതിയിതര വരുമാനമാണിത്. തനതു ഫണ്ട് എന്നും അറിയപ്പെടുന്നു. വസ്തുനികുതി, തൊഴില്‍നികുതി, വിനോദനികുതി, പരസ്യനികുതി, തടിനികുതി എന്നിവയും ലൈസന്‍സ് ഫീസ്സ്, രജിസ്ട്രേഷന്‍ ഫീസ് മുതലായവയും ഉള്‍പ്പെട്ടത്.

നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ തനതുഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ തസ്വഭ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുകയോ അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുകയോ സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. അതിനാല്‍ തനതുഫണ്ട് സംബന്ധിച്ച വിവരമൊന്നും സര്‍ക്കാരിന്റെ കൈയ്യിലില്ല.

വിഭാഗം ‘ജി’: മറ്റു വിഭാഗങ്ങളിലൊന്നും പെടാത്ത വരവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരള നഗരവികസന സാമ്പത്തിക കോര്‍പ്പറേഷന്‍ , ഭവന നിര്‍മ്മാണ നഗരവികസന കോര്‍പ്പറേഷന്‍ , കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ് മുതലായവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മാര്‍ഗ്ഗരേഖകളുടേയും അടിസ്ഥാനത്തില്‍ വിനിയോഗിക്കേണ്ട , അവയില്‍ നിന്നുള്ള വായ്പകളും ഇതിലുള്‍പ്പെടുന്നു.

പലയിടങ്ങളില്‍ നിന്നുമായി തസ്വഭ സ്ഥാപനങ്ങളുടെ വിഭാഗം ‘ബി’ യിലേക്ക് ചെല്ലേണ്ട 108.91 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ തെറ്റായ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചതു കാരണം സര്‍ക്കാരിന്റെ ചില വകുപ്പുകളാണ് ആ തുകകള്‍ പിന്‍‌വലിച്ച് ചെലവാക്കിയത്.

ചുരുക്കത്തില്‍ 2006-07 ലേക്ക് തസ്വഭ സ്ഥാപനങ്ങളിലേക്കായി ചെലവഴിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വകകൊള്ളീച്ചിരുന്നത് (അതായത് തസ്വഭ സ്ഥാപനങ്ങളുടെ വരവ്)
3663.68 കോടി രൂപയായിരുന്നു.

ഈ വിശകലനത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നതിനു മുമ്പ് തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയതിനെപറ്റി കൂടി രണ്ട് വാക്ക്:

തസ്വഭ സ്ഥാപനങ്ങളുടെ ചെലവുകള്‍:
അധികമൊന്നും പറയാനില്ല. വിഭാഗം ‘എ’ മുതല്‍ ‘ഡി’ വരെയുള്ളതേ സമാഹരിച്ചവിധത്തില്‍ അവര്‍ക്കു പോലും ലഭ്യമുള്ളൂ. അതിപ്രകാരമാണ് (Rs.in crores):


തുടരും.

7 comments:

അങ്കിള്‍. said...

കേരളത്തിലെ തദ്ദേശസ്വയംഭരണത്തെ അടുത്തറിയാനുള്ള ഒരു ശ്രമം. ഒരു സാധാ വായനക്കരനു പുതിയ അറിവുകള്‍ ഉണ്ടായേക്കാം.

Nandi said...

കേരളത്തിലെ സാധാരണ ജനങ്ങൾക്കു അറിയാത്ത ഒത്തിരി കാര്യങ്ങൾ സമ്പാധിച്ചു പ്രസിദ്ധീകരിച്ച അങ്കിളിനെ അഭിനന്ദിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

“Nandi “ യുടെ കമന്റാണ് എറ്റവും ശ്രദ്ധേയം.

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇതില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നാണിതു കാണിക്കുന്നത്.

അധികാരം ആരുടെ കയ്യിലായാലും കേരള സര്‍ക്കാരായാലും, തസ്വഭ ആയാലും സാധാരണക്കാരനു സ്ഥിതി പഴയപോലെ തന്നെ തന്നെ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“നന്ദി, അങ്കിള്‍.നന്ദി.ഈ അറിവുകളൊക്കെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിത്തീര്‍ത്തതിന് ഒരിക്കല്‍ കൂടി നന്ദി....“
വെള്ളായണി

കാളിയമ്പി said...

ഈ കണക്കുകള്‍ക്കായി ഞാന്‍ ഗവണ്മെന്റിന്റെ പല സൈറ്റിലും കയറി നോക്കിയിരുന്നു മുന്‍പ്.ആകെപ്രാന്തായിപ്പോയിരുന്നു അന്ന്. പലയിടാത്തുനിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇങ്ങനെ ഒരു ചെറുപ്രബന്ധം ആക്കിയിട്ടതിനു എത്ര നന്ദി പറാഞ്ഞാലും തീരൂല്ല.

Unknown said...
This comment has been removed by a blog administrator.
അങ്കിള്‍ said...

Story Dated: Saturday, June 13, 2009 Malayala Manorama.
നഗരസഭകള്‍ക്ക് ഇനി രഹസ്യങ്ങളില്ല

കൊച്ചി: നഗരസഭകളിലെയും മുനിസിപ്പാലിറ്റികളിലെയും രഹസ്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്ന പൊതു വെളിപ്പെടുത്തല്‍ നിയമം സംസ്ഥാനത്തു നിലവില്‍ വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഫയല്‍ നീക്കം വരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുന്ന നിയമം അഞ്ചു നഗരസഭകളിലാണ് ആദ്യം നടപ്പാക്കുക.

ഏപ്രില്‍ ഒന്നിനു നിയമം നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തിലും നഗരസഭാ തലങ്ങളിലും നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ രൂപീകരിക്കേണ്ടതുണ്ട്. വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന ഏതു വിവരവും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പൊതു വെളിപ്പെടുത്തല്‍ നിയമം അനുസരിച്ച് ജനങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നഗരസഭയുടെ എല്ലാ വിവരങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ഒരു പരിധി വരെ തടയാന്‍ ഉപകരിക്കുന്നതാണു പുതിയ നിയമം.

കാന നിര്‍മാണം, റോഡ് ടാറിങ് തുടങ്ങി എല്ലാ ജോലികളുടെയും വിശദാംശങ്ങള്‍ നിയമപ്രകാരം അതതു സ്ഥലത്തു പ്രദര്‍ശിപ്പിക്കേണ്ടി വരും. ഒാരോ ജോലിയുടെയും അനുമതി ലഭിച്ച തീയതി, കരാര്‍ തീയതി, പണി പൂര്‍ത്തിയാക്കേണ്ട തീയതി, കരാറുകാരന്‍, നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍, ഉപയോഗിക്കേണ്ട വസ്തുക്കള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തുന്നതു വഴി തട്ടിപ്പു ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്കു കഴിയും. രണ്ടു കിലോമീറ്റര്‍
റോഡ് ടാറിങ് ഒരു കിലോമീറ്ററില്‍ ഒതുക്കിയാല്‍ പോലും ഉദ്യോഗസ്ഥരും കരാറുകാരനും ജനപ്രതിനിധിയും ഒത്തുചേര്‍ന്നാല്‍ ഒതുക്കാന്‍ കഴിയുമായിരുന്നു. ഒാഫിസിനുള്ളിലെ ഉദ്യോഗസ്ഥരുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കും അവസാനമാവും.

അനുമതിക്കായി നല്‍കുന്ന ഒാരോ അപേക്ഷയുടെയും തീയതിയും അപ്പോഴത്തെ നിലയും അനുമതി നല്‍കിയ തീയതിയും ഉള്‍പ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഏതെങ്കിലും അപേക്ഷ വച്ചു താമസിപ്പിക്കാന്‍ നിയമം യാഥാര്‍ഥ്യമാവുന്നതോടെ കഴിയാതെ വരും. അങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി പറയേണ്ടി വരും. സെക്രട്ടറിയാണ് അതതു നഗരസഭകളില്‍ നിയമം നടപ്പാക്കേണ്ട അധികാരി.