Monday, November 17, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം -6 :PRS Hospital

കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് നിര്‍മ്മാണം അനുവദിച്ചുകൊടുത്ത് അനര്‍ഹമായ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിയുടെ ഉള്ളറകഥ.

സര്‍ക്കാരിന്റെ സോണിംഗ് നിബന്ധനകള്‍ പ്രകാരം തിരുവനന്തപുരം കിള്ളീപ്പാലത്തിനു സമീപത്തുള്ള പി.ആര്‍.എസ്. ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം, കെട്ടിടനിര്‍മ്മാണം നിരോധിച്ചിട്ടുള്ള ‘ഹരിത മേഖല’യില്‍ ഉള്‍പ്പെടുന്നതാണ്.

കിള്ളീപ്പാലം - കരമന റോഡിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ള ഏതൊരുവനും ആ റോഡിനിരുവശവും നടന്നുകൊണ്ടിരിക്കുന്ന വികസനം കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന എം.ജി.റോഡിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നിട്ടും, കിള്ളീപ്പാലം കരമന റോഡിനുചുറ്റുമുള്ളത് കൃഷിക്ക് പ്രാമുഖ്യമുള്ള ‘ഗ്രീണ്‍ സോണ്‍‘ ആണെന്ന് എഴുതിവച്ച് കെട്ടിടനിര്‍മ്മാണം നിരോധിച്ചവരെ ചാണകം മുക്കിയ തുറപ്പകൊണ്ടടിക്കേണ്ടതല്ലേ?. കൈക്കൂലിയുടെ തോത് കൂട്ടാന്‍ മാത്രമല്ലേ ലംഘിക്കപ്പെടാന്‍ മാത്രമുള്ള ഇങ്ങനെയൊരു നിയമം പടച്ചുവച്ചിരിക്കുന്നത്.

നിയമം ഇങ്ങനെയാണെന്നു വച്ച് അവിടെ നടത്തിവരുന്ന ഒരാശുപത്രിക്ക് കൂടുതല്‍ സൌകര്യം ഉണ്ടാക്കുന്ന ഒരു കെട്ടിടം കുടി കെട്ടുന്നത് വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ. കൈക്കുലിയിനത്തില്‍ കുറച്ചധികം പണം ചിലവഴിച്ചു കാണണം. എന്നാലും പി.ആര്‍.എസ്. ആശുപത്രി ഉടമകള്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു എട്ടു നില കെട്ടിടംതന്നെ നിര്‍മ്മിച്ചെടുത്തു. എങ്ങനെയെന്നല്ലേ?. വായിക്കൂ:

ആദ്യം മേല്‍പ്പറഞ്ഞ ‘ഗ്രീന്‍ സോണ്‍’ നിബന്ധനകളില്‍ നിന്നും ഈ ആശുപത്രിയെ സര്‍ക്കാര്‍ 2004 ജൂണില്‍ ഒഴിവാക്കികൊടുത്തു, ചില നിബന്ധനകള്‍ക്ക് വിധേയമായി. അതായത്:
  • ആശുപത്രിക്കും ഭക്ഷണശാലക്കും മാത്രമേ കെട്ടിടം പണിയാവു.
  • കെട്ടിടം മൂന്നു നിലയില്‍ കവിയരുത്.
  • മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം.
  • കെട്ടിടനിര്‍മ്മാണാനുമതി വാങ്ങുന്നതിനുമുമ്പ് ലേഔട്ടിനുള്ള അംഗീകാരം വാങ്ങിയിരിക്കണം.

ഇതനുസരിച്ച് ഒരു മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ലേ ഔട്ട് ചീഫ് ടൌണ്‍ പ്ലാനര്‍ 2004 ഒക്ടോബറില്‍ അംഗീകരിച്ചുകൊടുത്തു. ഇതിന്റെ സ്ഥാനത്ത് ഒരു നാലു നില കെട്ടിടം (മൊത്തം 2007 ച.മി വിസ്തീര്‍ണ്ണം) നിര്‍മ്മിച്ചോളാനുള്ള അനുമതിയാണ് തിരോംന്തരം കോറ്പ്പറേഷന്‍ 2005 ജനുവരിയില്‍ നല്‍കിയത്.

സംഗതി പന്തിയല്ലന്ന് ആശുപത്രി അധികാരികള്‍ക്ക് മനസ്സിലായി. നാലുനിലകൊണ്ട് അവരുടെ ആവശ്യം നടക്കില്ല. കാണേണ്ടവരെ വീണ്ടും കാണേണ്ട വിധത്തില്‍ തന്നെ കണ്ടു. ഇതുവരെ നടന്നതെല്ലാം മറന്നിട്ട് പുതിയ ഒരപേക്ഷ കൊടുക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം കിട്ടി. പഴയകാര്യങ്ങളൊന്നും കാണിക്കാതെ ഒരു എട്ടു നില കെട്ടിടം (8072 ച.മി. വിസ്തീര്‍ണ്ണം) പണിയാനുള്ള പുതിയ അപേക്ഷ നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ സമര്‍പ്പിച്ചു.

ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മുമ്പ നല്‍കിയിട്ടുള്ള അനുമതി പത്രത്തെപറ്റി ഒന്നും തന്നെ സൂചിപ്പിക്കാതെ ആശുപത്രി അധികൃതര്‍ അപേക്ഷിച്ചതുപോലെ കോര്‍പ്പറേഷന്‍ വീണ്ടും 2006 ഫെബ്രുവരിയില്‍ അനുമതി നല്‍കി. അങ്ങനെ സര്‍ക്കാര്‍ അനുവദിച്ച മൂന്നു നില കെട്ടിടത്തിനു പകരം അനര്‍ഹമായ ആനുകൂല്യം നേടി കെട്ടി ഉയര്‍ത്തിയതാണ് ഈയിടെ ഉത്ഘാടനം ചെയ്ത പി.ആര്‍.എസ്. ആശുപത്രിയുടെ പുതിയ 14 നില ബ്ലോക്ക്. (ഇതേപോലത്തെ വേറൊരു ബ്ലോക്കു കൂടി പണിതീര്‍ന്നു വരുന്നുണ്ട്. അതു വേറേ)

സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സോണിംഗ് നിബന്ധനകളോ, കേരളാ മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ക്കോ യാതൊരുമാറ്റവും വരാതെ ശക്തിപൂര്‍വ്വം ഇപ്പോഴും നിലനില്‍ക്കുന്നു. മൂന്നു നില കെട്ടിടം കെട്ടാനുള്ള സര്‍ക്കാരിന്റെ ടൌണ്‍ പ്ലാനറുടെ അനുമതിയും ഇപ്പോഴും അതേപോലെ നില്‍ക്കുന്നു. ഇശ്വരോ രക്ഷതു.


കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി റിപ്പോര്‍ട്ട്.

10 comments:

അങ്കിള്‍. said...

തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിയുടെ പുതിയ ബ്ലോക്ക് കെട്ടിടം ചട്ടങ്ങള്‍ ലംഘിച്ച് അനര്‍ഹമായി നേടിയ അനുമതിയിലൂടെ കെട്ടിപ്പടുത്തതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

Anonymous said...

ഇതിലെങ്ങനെ കമെന്റിടും. നാലെ ചികിത്സയ്ക്കു് പോകേണ്ടത് അവിടെയാണെങ്കില്‍ വലഞ്ഞതുതന്നെ.

വികടശിരോമണി said...

അവിടെ ചികിത്സ കിട്ടിയില്ലെങ്കിലും വേണ്ടില്ല,അങ്കിളിന്റെ ഈ എഴുത്തിനെ അഭിനന്ദിക്കാതെ വയ്യ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അങ്കിള്‍ നന്നായി.ഇനിയും ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ നടത്തുന്ന ഒരുപാട് “ഇടപാടുകള്‍” വെളിച്ചത്ത് കൊണ്ട് വരണം.നാല് പേരറിയട്ടെ.
ആശംസകള്‍...........
വെള്ളായണി

Nandi said...

കിള്ളിപ്പാലം-കരമന റോഡിൽ പി.ആര്‍.എസ്. ആശുപത്രിയുടെ അടുത്തായി ഇടത് വശത്തു പുതിയൊരു 6-8 നില കെട്ടിടം ഉയർന്നു വരുന്നുണ്ടു. അതും ഇത്തരത്തിൽ ആയിരൈക്കണമല്ലൊ?

Anonymous said...

അങ്കിള്‍...

തിരു.പുരത്തെ ഏറ്റവും നല്ല cardiology ചികിത്സ ലഭിക്കുന്നത്‌ അവിടെയല്ലേ .........

താങ്ങള്‍ അവിടെ ചെന്നുപെടില്ലെന്നു എന്താണ് ഉറപ്പ് ???? ......

ഒരു ഹോസ്പിടല്‍ അല്ലെ ..ക്ഷമിച്ചു കള ....

അനില്‍@ബ്ലോഗ് // anil said...

അനോണി (ഒതേനന്‍)പറഞ്ഞു
"ഒരു ഹോസ്പിടല്‍ അല്ലെ ..ക്ഷമിച്ചു കള ....
"

ഇതാണ് ശരി.

ഒരോരുത്തര്‍ക്കും ഓരോ നിയമം വ്യവസ്ഥചെയ്യണം. ഡോകടര്‍മ്മാര്‍, ആശുപത്രികള്‍ ഇവയെല്ലാം നിയമത്തിന് അതീതമാക്കണം, എപ്പോഴാ പോയി കിടക്കേണ്ടി വരുന്നതെന്ന് അറിയില്ലല്ലോ !

അങ്കിള്‍ said...

ഒതേനന്‍, കഴിഞ്ഞ 14 കൊല്ലമായി ഞാന്‍ ഒരു ഹൃദ്രോഹിയാണ്. ബൈപ്പാസ്സ് സര്‍ജ്ജറിയും എപ്പോഴേ കഴിഞ്ഞു. അടുത്ത ബൈപ്പാസ്സിനു ഡ്യൂ ആയി. ഇനിയെന്തു നോക്കാന്‍. രണ്ടും കെട്ടുള്ള് പുറപ്പാടാണ്.

Unknown said...
This comment has been removed by a blog administrator.
K Govindan Kutty said...

അല്പം വൈകിയാണെങ്കിലും ഒരു കാര്യം പറയട്ടെ. ചട്ടലംഘനം സംശയമില്ലാതെ ഇവിടെ തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ഇവിടെ വെറുമൊരു ചര്‍ച്ചാവിഷയമായി ഒതുങ്ങുകയല്ലേ ഉള്ളു? എനിക്കു തോന്നുന്നു, ബ്ലോഗോസ്ഫിയറിന്റെ ഒരു മെച്ചം അതുവഴി തല്പരാരായ ആളുകളുടെ ഒരു കൂട്ടായ്മ ഉണ്ടാകുന്നതാണ്. പത്രവായനക്കാരുടെ ഒരു സംഘടിതരൂപം അങ്ങനെ ഉണ്ടാകാറില്ല്ല്ല. അതുകൊണ്ട് ഈ കൂട്ടായ്മ വഴി അലസമായ, അല്ലെങ്കില്‍ നിസ്സഹായമായ, ചര്‍ച്ചക്കപ്പുറം എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുകൂടി ആലോചിക്കേണ്ടതാണ്.