Sunday, January 6, 2008

ഖജനാവ്‌ ചോര്‍ച്ച, പക്ഷേ ഇതിനെ അഴിമതിയെന്ന്‌ പറയരുത്‌.

കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്താല്‍ നമ്മുടെ പൊതുഖജനാവിനെ നേരിട്ട്‌ ബാധിക്കുന്നില്ല. എന്നാല്‍ നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളോ?. അവര്‍ പറയുന്നത്‌:

“വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കല്ലേ” യെന്നാണ്. കാരണം കേട്ടോളൂ:-

ഔദ്ദ്യോഗികകണക്കനുസരിച്ച്‌ നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്: ഒന്ന്‌, പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍; രണ്ട്, പ്രവര്‍ത്തനരഹിതമായവ. പ്രവര്‍ത്തന രഹിതമായ 25 പൊതുമേഖലാസ്ഥാപനങ്ങളാണ് നമുക്കുള്ളത്‌. എല്ലാം സര്‍ക്കാര്‍ കമ്പനികള്‍. എന്നു വച്ചാല്‍ മുഴുവന്‍ മൂലധനവും സര്‍ക്കാരിന്റേത്‌. 25 എണ്ണത്തിനും കൂടി ആകെ സര്‍ക്കാരിന്റെ മുതല്‍മുടക്ക്‌ 163.12 കോടി രൂപ; മൂലധനമായിട്ട്‌ 66.69 കോടി രൂപയും, ദീര്‍ഘ കാല വായ്പകളായി 96.43 കോടി രൂപയും.

പ്രവര്‍ത്തനരഹിതം എന്നു വച്ച്‌ എല്ലാം പൂട്ടി കിടക്കുകയാണെന്ന്‌ ധരിക്കരുത്‌. 25-ല്‍ 13 എണ്ണം മാത്രമേ പൂട്ടിക്കഴിഞ്ഞു പിരിച്ച്‌ വിട്ടിട്ടുള്ളൂ. ബാക്കി 12 എണ്ണം നിഷ്ക്രീയമായിരിക്കുന്നതേയുള്ളൂ. പൂട്ടാനുള്ള നറ്റപടിക്രമങ്ങളൊക്കെ എടുത്തു വരുന്നു. ഇതൊന്നും ഇന്നോ ഇന്നലയോ പ്രവര്‍ത്തന രഹിതമായതല്ല. ഒന്നു മുതല്‍ 22 കൊല്ലം വരെ ഇതേ നിലയില്‍ തുടരുന്ന കമ്പനികളുണ്ടിതില്‍. 1416 ജീവനക്കാര്‍ ഇന്നും അവിടെയുള്ളതായി രേഖകളില്‍ കാണുന്നു. അവര്‍ അവിടെ എന്തു ചെയ്യുന്നു എന്ന്‌ ചോദിച്ചാല്‍ ഞാന്‍ വര്‍ഗ്ഗശത്രുവാകും.

കേരളാ ഗാര്‍മെന്റ്സ്‌ ലിമിറ്റഡ്‌ എന്നത്‌ ഇത്തരത്തില്‍ പണ്ടേ പൂട്ടിപ്പോയ ഒരു കമ്പനിയാണ്. പക്ഷേ 2005-06 ല്‍ ഗ്രാന്റ്/സബ്‌സിഡി ഇനത്തില്‍ ഈ കമ്പനിക്ക്‌ മാത്രമായി 52 ലക്ഷം രൂപ നമ്മുടെ ഖജനാവില്‍ നിന്നും കൊടുത്തിട്ടുണ്ട്‌. എന്തിനുവേണ്ടി ആ തുക ചിലവാക്കിയെന്ന്‌ ചോദിക്കുന്നവര്‍ വര്‍ഗ്ഗശത്രുക്കള്‍.

നിഷ്ക്രീയമായി കിടക്കുന്ന 12 എണ്ണത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ താമസിക്കുംതോറും അവിടെയുള്ള (പണിയെടുക്കുന്ന എന്ന്‌ പറയാന്‍ പറ്റൂല്ലല്ലോ) ജീവനക്കാര്‍ക്ക്‌ വേതനം കൊടുത്തുകൊണ്ടേയിരിക്കണമെന്നുള്ളത്‌ സ്വാഭാവികമല്ലേ.

3 comments:

അങ്കിള്‍. said...

പ്രവര്‍ത്തന രഹിതമായ 25 പൊതുമേഖലാസ്ഥാപനങ്ങളാണ് നമുക്കുള്ളത്‌. എല്ലാം സര്‍ക്കാര്‍ കമ്പനികള്‍. എന്നു വച്ചാല്‍ മുഴുവന്‍ മൂലധനവും സര്‍ക്കാരിന്റേത്‌. 25 എണ്ണത്തിനും കൂടി ആകെ സര്‍ക്കാരിന്റെ മുതല്‍മുടക്ക്‌ 163.12 കോടി രൂപ; മൂലധനമായിട്ട്‌ 66.69 കോടി രൂപയും, ദീര്‍ഘ കാല വായ്പകളായി 96.43 കോടി രൂപയും.

കൊച്ചുമുതലാളി said...

ഇതിനെ ഖജനാവ് ചോര്‍ച്ചയെന്ന് പറഞ്ഞാല്‍ പോരാ, ഖജനാവ് കമത്തി വെച്ചിരിക്കുകയാണെന്ന് പറയണം.

കൊച്ചുമുതലാളി said...

നല്ല ലേഖനങ്ങള്‍.