Showing posts with label സര്‍ക്കാര്‍ കാര്യം. Show all posts
Showing posts with label സര്‍ക്കാര്‍ കാര്യം. Show all posts

Sunday, November 9, 2008

ഇതെവിടുത്തെ ജനാധിപത്യം ബൂലോഗരേ.....

ഭൂമി കൈയ്യേറ്റം നടത്തുന്നവര്‍ക്കും കയ്യേറ്റം മൂടി വയ്ക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കും തടവും പിഴയും നല്‍കുവാനായി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ പോകുന്നതായി പത്രവാര്‍ത്ത. 24നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കുമെന്നും വാര്‍ത്ത. [മലയാളമനോരമ 6-11-2008/പേജ് 12]. ഇതു രണ്ടും കൂടി വായിച്ചപ്പോഴാണ് ഇതെന്തു ജനാധിപത്യം എന്ന് തോന്നിപ്പോയത്.

സാധാരണഗതിയില്‍ അടുത്തെങ്ങും നിയമസഭകൂടാന്‍ സാധ്യതയില്ലാത്തപ്പോഴും, എന്നാല്‍ അടിയന്തിരാവശ്യമുള്ളതുമായ കാര്യങ്ങള്‍ പെട്ടെന്ന് നടത്തിച്ചെടുക്കാനാണ് ഗവര്‍ണ്ണരുടെ അംഗീകാ‍രത്തോടെ ഒരു ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യേണ്ടി വരുന്നത്. അതിനു ശേഷം ആദ്യം കൂടുന്ന നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ച്, പാസ്സാക്കി അതിനെ ആക്ടാ‍ക്കി മാറ്റുന്നു. താല്പര്യമില്ലെങ്കില്‍ ആ ബില്‍ പാസ്സാക്കാതെ മാറ്റി മാറ്റി വയ്ക്കുന്നു, നമ്മുടെ ലോകസഭ വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ.

ഇവിടെ ഈ നവമ്പറില്‍ തന്നെ നിയമസഭ കൂടാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ഒരു ഓര്‍ഡിനന്‍സിന്റെ പ്രസക്തി എന്താണ്? ഈ ഓര്‍ഡിനന്‍സ് ഒപ്പിടുന്നസമയത്ത് നിയമസഭ ഉടന്‍ കൂടുന്നുണ്ടെന്നുള്ള വിവരം അറിയാമെങ്കില്‍ ഗവര്‍ണ്ണര്‍ ആ ഓര്‍ഡിനന്‍സ് അംഗീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. നിയമസഭ കൂടാനിരിക്കുന്ന 24 നു മുമ്പ് ഒഴിപ്പിച്ചെടുക്കേണ്ട ഏത് കൈയ്യേറ്റമാണ് കേരളത്തിലുള്ളത്. നിയമസഭ കൂടുന്നതുവരെ കാത്തിരിക്കാന്‍ എന്താ പ്രയാസം. ജനാധിപത്യരീതിയില്‍ പാസ്സാക്കിയെടുക്കാന്‍ പ്രയാസമായിരിക്കുമെന്നുള്ളതു കൊണ്ടാണോ, അതോ അങ്ങനെ പാസ്സാക്കാന്‍ ആഗ്രഹമില്ലാഞ്ഞോ?

ഒരു പക്ഷേ സര്‍ക്കാരിന്റെ കൈയ്യൂക്ക് കൊണ്ട് ഒഴിപ്പിച്ചെടുത്താല്‍ തന്നെ ഓര്‍ഡിനന്‍സ് ലാപ്സായാല്‍ അതില്‍ പറഞ്ഞിരിക്കുന്ന തടവും പിഴയും നടപ്പാക്കാന്‍ പറ്റുമോ? ഒരുപാട് പ്രശ്നങ്ങള്‍.

ഒരു കാര്യം തീര്‍ച്ചയാണ്, ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭൂപരിഷ്കരണനിയമ ഭേദഗതി നടപ്പിലാക്കണമെന്ന് ആര്‍ക്കും ആത്മാര്‍ത്ഥമായി ആഗ്രഹമില്ല. അടുത്തു കൂടാനിരിക്കുന്ന നിയമസഭയില്‍ ഇതിനുവേണ്ടുന്ന ബില്‍ കൊണ്ടു വരുമെന്നുള്ളതു തന്നെ സംശയം ജനിപ്പിക്കുന്നു. ആ ബില്ല് കൊണ്ടു വന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകുമെന്ന് അറിയാത്തവരല്ലല്ലോ നമ്മുടെ സാമാജികര്‍.

പെട്ടെന്ന് ഓര്‍മ്മവരുന്നത് സേവി മനോമാത്യുവിന്റെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ തോട്ടങ്ങള്‍ കുടി ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാപനം അന്നത്തെ LDF സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി.2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ മനപ്പൂര്‍വ്വം അവതരിപ്പിച്ചില്ല. LDF പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. തേയിലതോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. [ഇക്കാര്യം അന്നത്തെ CCF ഗോപിനാഥന്‍ കോടതിമുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിലുള്ളതാണ്]. സംഗതി ഇപ്പോള്‍ കോടതി കയറിയിരിക്കയാണെന്ന് നമുക്കെല്ലാം അറിയാം.

നമ്മുടെ ജനാധിപത്യത്തിനെ ക്രമേണ വെള്ളം ചേര്‍ത്ത് അതിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കനുള്ള ശ്രമമായേ ഇതിനെ കാണാന്‍ പറ്റൂ.

updated on 11th November 2008:

ഇതും കൂടി വായനക്കരുടെ അറിവിലേക്ക് ഇവിടെ കിടക്കട്ടെ:-

Legislative Power of the *Governor

91. Power of Governor to promulgate Ordinances during recess of Legislature.-(1) If at any time, except when both Houses of the Legislature are in session, the *Governor is satisfied that circumstances exist which render it necessary for him to take immediate action, he may promulgate such ordinances as the circumstances appear to him to require :

Provided that the power of making an Ordinance under this section shall extend only to those matters with respect to which the Legislature has power to make laws.

(2) An Ordinance promulgated under this section shall have the same force and effect as an Act of the Legislature assented to by the *Governor but every such Ordinance-

(a) shall be laid before both the Houses of the Legislature, and shall cease to operate at the expiration of six weeks from the re-assembly of the Legislature, or if before the expiration of that period a resolution disapproving it is passed by the Legislative Assembly and agreed to by the Legislative Council, upon the resolution being agreed to by the Legislative Council, and

(b) may be withdrawn at any time by the *Governor.

4[(3) Notwithstanding anything in this Constitution, the satisfaction of the *Governor mentioned in sub-section (1) shall be final and conclusive and shall not be questioned in any Court on any ground].

EXPLANATlON.-Where the Houses of the Legislature are summoned to reassemble on different dates, the period of six weeks shall be reckoned from the latter of those dates for the purposes of this sub-section.

Thursday, March 20, 2008

ബഡ്‌ജററ്റിനെ പ്രഹസനമാക്കുന്നു. എങ്ങനെ?( Budget)

2008 മാര്‍ച്ച്‌ 19, ലെ മനോരമയില്‍ ഇങ്ങനെയൊരു വാര്‍ത്തകണ്ടു:
“സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഫണ്ട്‌ പിന്‍വലിച്ചു സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം.
വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം ചെലവഴിക്കേണ്ട തുക ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പിന്‍വലിച്ച്‌ തൊട്ടടുത്ത സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്നാണ്‌ ഉത്തരവ്‌
.“


ഈ വാര്‍ത്ത മനോരമയിലല്ലാതെ മറ്റൊന്നിലും കണ്ടില്ല. വാര്‍ത്ത പച്ച കള്ളമായിരുന്നു. അതുകൊണ്ടാണ് ഉടന്‍ തന്നെ ധനമന്ത്രി അതു
നിഷേധിച്ചതായി എല്ലാ ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്ത ഉണ്ടായിരുന്നു [19-03-2008]. മന്ത്രിയുടെ നിഷേധകുറിപ്പ്‌ പത്രമാധ്യമങ്ങളിലും
വന്നു [20-03-2008]. കേരളകൌമുദിയിലേത്‌ താഴെ കൊടുത്തിരിക്കുന്നു:

“പദ്ധതിവിഹിതമായി അനുവദിച്ച തുക പണമായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മറ്റ് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. അങ്ങനെ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.[കേരള കൌമുദി: 20-03-2008]“

ഇനി എന്തിനായിരുന്നു മന്ത്രി അത്‌ നിഷേധിച്ചത്?. മിച്ചം വരുന്ന തുക ബാങ്കില്‍ നിക്ഷേപിക്കുന്നത്‌ നല്ലതല്ലേ?. ചിലരെങ്കിലും അങ്ങനെ ചിന്തിച്ചേക്കാം. ഇക്കാര്യങ്ങളുടെ ഉള്ളുകള്ളികളെ കുറിച്ചാണ് ഈ പോസ്റ്റ്.

കുറച്ച്‌ വിശദീകരണം; സര്‍ക്കാര്‍ കാര്യങ്ങളെപറ്റി:

ഒരാണ്ടത്തെ വരവിന്റേയും ചിലവിന്റേയും ഒരു ഉദ്ദേശക്കണക്കാണല്ലോ നമ്മുടെ ബഡ്ജറ്റ്. ഒന്നോ രണ്ടോ ദിവസം കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ നമ്മുടെ ധനമന്ത്രി ഇരുന്നു ഊണ്ടാക്കുന്നതല്ല അത്‌. മാസങ്ങള്‍ക്കു മുമ്പ്‌ അതുണ്ടാക്കുവാനുള്ള പ്രവര്‍ത്തനം ധനവകുപ്പ്‌ തുടങ്ങി വയ്ക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ സര്‍ക്കാരാഫീസ്സുകളില്‍ നിന്നും അതിനു വേണ്ടുന്ന വിവരം ശേഖരിക്കുന്നു.

ഓരോ മേലധികാരിയും ഒരാണ്ടില്‍ അവരുടെ വകുപ്പില്‍ വന്നു ചേരാവുന്ന വരുമാനവും, അതേപോലെ അവര്‍ക്ക്‌ ചിലവഴിക്കാന്‍ വേണ്ടി വരുന്ന തുകയുടെ ഏകദേശകണക്കുണ്ടാക്കണം. മുന്‍ കാല പരിചയം സിദ്ധിച്ച വിദഗ്ധരായ ഗുമസ്ഥന്മാരും അഫീസര്‍മാരും എല്ലാ വകുപ്പിലും വിന്യസിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞകൊല്ലങ്ങളിലെ യഥാര്‍ത്ഥ ചെലവിന്റെ കണക്കും അവരുടെ പക്കലുണ്ട്.
അതില്‍ നിന്നും ഏകദേശം 10% വരെ കൂട്ടി ഇക്കൊല്ലത്തെ ചെലവ് കാണിക്കാമെന്നാണ് ഒരേകദേശ ധാരണ.

ഒരു കൊല്ലത്തേക്കാണ് കണക്കാക്കേണ്ടത്‌. സര്‍ക്കാരിന്റെ ഉദ്ദേശ-ക്കണക്കുണ്ടാക്കുന്നതിലെ പ്രധാന പ്രത്യേകത ഇതാണെന്ന്‌ പറയാം:

വീട്ടമ്മ തന്റെ വരുമാനത്തിനൊപ്പിച്ച്‌ ചിലവുകള്‍ ഒതുക്കാന്‍ ശ്രമിക്കും. എന്നാല്‍ സര്‍ക്കാരിനു വേണ്ടി കണക്കുണ്ടാക്കുമ്പോള്‍ ആദ്യം കണേണ്ട്ത്‌ ചെലവുകള്‍ക്ക്‌ വേണ്ടി എത്രതുക വേണ്ടിവരുമെന്നതാണ്. എന്നിട്ട്‌ അതിനൊപ്പിച്ച്‌ വരുമാനമുണ്ടാക്കന്‍ ശ്രമിക്കും. വരുമാനം കൂടിയാല്‍ മിച്ച ബഡജറ്റെന്നും, ചെലവു കൂടിയാല്‍ കമ്മി ബഡ്ജറ്റെന്നും പേരിടും. ഏതായാലും, ഒരു സംസ്ഥാന
ബഡ്ജറ്റിന്റെ വരവും ചെലവും തുല്യമാകണമെന്നു നിര്‍ബന്ധമില്ലെന്ന്‌ നാം മനസിലാക്കണം

പിന്നുള്ളൊരു കാര്യം, ഈ ബഡ്ജറ്റ്‌ ഒരു കൊല്ലത്തേക്കുള്ളതാണ്. അതില്‍ ചെലവാക്കാനായി അനുവദിച്ചിരിക്കുന്ന തുക ആ കൊല്ലം തന്നെ ചെലവാക്കിയിരിക്കണം. മിച്ചം വന്നാല്‍ അടുത്ത കൊല്ലത്തേക്ക്‌ മാറ്റിവെയ്ക്കാന്‍ പറ്റില്ല, ലാപ്സാകും. അടുത്ത കൊല്ലം വേണ്ടതു അടുത്ത കൊല്ലത്തെ ബഡ്ജറ്റില്‍ ഉള്‍കൊള്ളിക്കാമല്ലോ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ എല്ലാകൊല്ലവും ബഡ്ജറ്റ് ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴും, വര്‍ഷാവസാനം പ്രത്യേകിച്ചും വകുപ്പദ്ധ്യക്ഷന്‍മാരെ അറിയിച്ചു കൊണ്ടേയിരിക്കും.

ബഡ്ജറ്റ്‌ മുഖേന അനുവദിച്ച തുക മുഴുവന്‍ അക്കൊല്ലം തന്നെ ചിലവാക്കാനുള്ളതാണെന്നു പറഞ്ഞല്ലോ. കാരണം, ഈ തുക
അടിച്ചേല്‍പ്പിച്ചതല്ല, ചോദിച്ചു വാങ്ങിയതാണ്. എന്തെങ്കിലും കാരണവശാല്‍ അക്കൊല്ലം തന്നെ ചെലവിടാന്‍ കഴിയില്ലായെന്നു കണ്ടാല്‍
ഉടന്‍ തന്നെ ധനവകുപ്പിനെ അറിയിക്കണമെന്നാണ്‌ നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ ആ തുക ആവശ്യക്കാരായ മറ്റുവകുപ്പിലേക്ക്‌ മാറ്റികൊടുത്ത്‌ ബഡ്ജറ്റിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയൂ. അതിനൊരു കുഴപ്പമുണ്ട്. ഇക്കൊല്ലത്തെ യഥാര്‍ത്ഥ ചിലവ്‌
ബഡ്ജറ്റിലനുവദിച്ചതിനേക്കാള്‍ കുറവെങ്കില്‍, ബന്ധപ്പെട്ടവര്‍ ഉത്തരം പറയണമെന്നു മാത്രമല്ല, അടുത്ത വര്‍ഷത്തേക്കുള്ള വിഹിതം ലഭിക്കുന്നതില്‍ ഈ വര്‍ഷം ചെലവഴിക്കുന്ന തുക നിര്‍ണായകമായതിനാല്‍ ചെലവ്‌ വര്‍ധിപ്പിച്ചതായി സൂചിപ്പിക്കേണ്ടത്‌ അവരുടെ ആവശ്യമാണ്. ഇതിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്‌.

എന്നാല്‍ നടന്നതും, നടക്കുന്നതും, കൊല്ലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതുമെന്താണ്?

യാതൊരു യാതാര്‍ത്ഥ്യ ബോധവുമില്ലാതെ ഗുമസ്ഥന്മാര്‍ ഉണ്ടാക്കി വക്കുന്ന വരവു ചെലവുകളെ അതേപടി മേലധികാരികള്‍ ധനവകുപ്പിലേക്കയക്കുന്നു. കാരണങ്ങള്‍ പലതാണ്:

  • മേലധികാരികള്‍ക്ക്‌ താന്‍ ഒപ്പു വയ്ക്കുന്ന കണക്കുകള്‍ യാതാര്‍ത്ഥ്യമാണെന്നുറപ്പു വരുത്തുവാന്‍ താല്പര്യമില്ലായിരിക്കാം (മുന്‍‌കാല
    അനുഭവം പാഠം);
  • അവര്‍ ഒപ്പിട്ട കണക്കുകളോട്‌ യോജിക്കുന്നതു കൊണ്ടാകാം;
  • കള്ളങ്ങള്‍ കാണിച്ചു തന്നെ കണക്കുകള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം കിട്ടിയതു കൊണ്ടാകാം.

എന്നാല്‍ വര്‍ഷാവസാനം, മാര്‍ച്ച്‌ മാസമാകുമ്പോള്‍, ചോദിച്ച്‌ വാങ്ങിയതു മുഴുവന്‍ ചിലവാക്കാന്‍ പറ്റാതെ വരുമ്പോള്‍, അതിനുത്തരം പറയേണ്ടി വരുമോയെന്നു ഭയക്കുമ്പോള്‍, കുറുക്കു വഴികളുപയോഗിച്ച്‌ മുഴുവന്‍ ചിലവാക്കിയതായി കണക്കില്‍ കാണിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഈ സാങ്കേതിക തടസ്സം മറികടക്കാന്‍ സഹകരണ വകുപ്പ്‌ കണ്ടുപിടിച്ച ഒരു പോംവഴിയാണു സഹകരണ
ബാങ്കുകളിലേക്കു വകമാറ്റല്‍. പഞ്ചായത്തു തലത്തില്‍ വികസന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതിക്കായി ചെലവാക്കുന്നുവെന്ന വ്യാജേന പണം ട്രഷറിയില്‍ നിന്നു പിന്‍വലിച്ചു സ്വന്തം അക്കൗണ്ടില്‍ സംഘങ്ങളിലേക്കു കൈമാറും. അടുത്ത വര്‍ഷം പദ്ധതി പൂര്‍ത്തിയാകുന്നതു വരെ ഈ പണം ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിനു പ്രയോജനപ്പെടും ഈ രക്ഷപെടലിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്‌. പ്രതികരിക്കുക മാത്രമല്ല കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുകയാണ്; ഇങ്ങനെ:-

“സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ, ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു അഡ്വാന്‍സ് തുകയും അനുവദിക്കില്ല.
വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതിന്റെ ബില്‍ പരമാവധി മാര്‍ച്ച് 29നുതന്നെ ഹാജരാക്കണം. 31ന് രാവിലെ 10 മണിക്കു ശേഷം ഒരു ബില്ലും സ്വീകരിക്കുന്നതല്ല. 582 കോടി രൂപയുടെ ട്രഷറി നിക്ഷേപം നിലവിലുള്ള സാഹചര്യത്തില്‍ തത്കാലം ട്രഷറി നിയന്ത്രണമൊന്നുമില്ല. അതുകൊണ്ട് എത്രയും വേഗം ബില്ലുകള്‍ പാസ്സാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണം - ധനമന്ത്രി
“ [കേരള കൌമുദി: 20-03-2008]


ഉത്തരവ്‌ ഗംഭീരം. എല്ലാവര്‍ക്കും, മന്ത്രിയടക്കം , അറിയാം ഇതൊരു ചടങ്ങു മാത്രമാണെന്ന്‌.


ഈ കുറുക്കു വഴികള്‍ ഇപ്പോള്‍ തുടങ്ങിയതാണോ?


അല്ലേ അല്ല. ഇത്തരത്തിലുള്ള കുറുക്കുവഴികളിലുടെ ധനകാര്യവകുപ്പിനെ കളിപ്പിക്കുന്നുണ്ടെന്ന്‌ എല്ലാ വര്‍ഷവും ഉദാഹരണങ്ങള്‍ സഹിതം സി.ഏ.ജി തന്റെ റിപ്പോര്‍ട്ടിലൂടെ സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്‌. സി.ഏ.ജി യുടെ ചില പരാമര്‍ശങ്ങള്‍ താഴെ കൊടുക്കുന്നു:


1) വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും: 2007 മാര്‍ച്ച്‌ 31 കൊണ്ടവസാനിച്ച വര്‍ഷത്തില്‍ ഇതിനു വേണ്ടി ബഡ്ജറ്റില്‍ മാറ്റി വച്ചതുകയില്‍ 343.34 കോടി രൂപയാണ് മിച്ചം വന്നത്‌, അതായത്‌ ചിലവാക്കാതെ ബാക്കിവച്ചത്‌. നിലവിലുള്ള അനുമതികളുടേയും ആവശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ച ചിലവുകളെന്ന്‌ കാണിച്ച്‌ ചോദിച്ചു വാങ്ങിച്ച തുകയല്ലേയിത്?. എന്തുകൊണ്ട്‌
ചിലവാക്കിയില്ല്?. നേരത്തേ അറിയിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാമായിരുന്ന തുകയല്ലേ ഇത്‌.


2) ചട്ടപ്രകാരം, വരും വര്‍ഷങ്ങളില്‍ ഉദ്ദ്യോഗത്തില്‍ ഉണ്ടായേക്കാവുന്ന ഉദ്ദ്യോഗസ്ഥരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും അവര്‍ വാങ്ങുവാന്‍ സാധ്യതയുള്ള വേതനത്തിന്റെ അടിസ്ഥാനത്തിലും വേണം അവരുടെ വേതനത്തിലുള്ള വകയിരുത്തല്‍ നടത്തേണ്ടത്‌. വരും കൊല്ലത്തെ ശമ്പളം കണക്കാക്കുവാന്‍ വലിയ ബിരുദമൊന്നും വേണ്ട. എന്നാല്‍ വരും കൊല്ലം ശംബള ഇനത്തില്‍ പോലും എത്ര തുക വേണ്ടിവരുമെന്ന്‌ കണക്കാക്കാന്‍ കഴിവില്ലാത്ത വകുപ്പുകള്‍ നമ്മുടെ സര്‍ക്കാരിലുണ്ട്‌.


വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും എന്ന വിഭാഗത്തില്‍ 2006-07 വര്‍ഷത്തില്‍ ശംബളത്തിനു വേണ്ടി യതാര്‍ത്ഥത്തില്‍ ചെലവായത്‌ 217.8 കോടി രൂപ. എന്നാല്‍ ബഡ്ജറ്റില്‍ കൂടി അവര്‍ ചോദിച്ച്‌ വാങ്ങിയതോ 306.09 കോടി രൂപയും. അതാ‍യത്‌ 88.51 കോടി രൂപ മിച്ചം. നല്ല രീതിയില്‍ മറ്റു പലതിനും ചെലവാക്കാമായിരുന്ന ഈ തുക വെറുതേ വേസ്റ്റായി.


3) മത്സ്യബന്ധനത്തിനു വേണ്ടിയും ഇതു പോലെ 8.59 കോടി രൂപ വേണ്ടിടത്ത്‌ നേടിയെടുത്തത്‌ 10.94 കോടി രൂപ. അങ്ങനെ മിച്ചം വന്ന്‌ വേസ്റ്റായത്‌ 2.35 കോടി രുപ.


ഇത്‌ 2006-07 ലെ കണക്കനുസരിച്ച്‌ മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍, വകയിരുത്തലിന്റെ 9 മുതല്‍ 82 % വരെ തുടര്‍ന്നുകൊണ്ടിരുന്ന മിച്ചങ്ങള്‍ ഉണ്ടായിരുന്നു. അക്കൌന്‍ണ്ടന്റ്‌ ജനറള്‍ റാന്‍ഡമായി സെലക്ട്‌ ചെയ്ത്‌ പരിശോധന നടത്തിയ ഓഫീസ്സുകളില്‍ നിന്നും കണ്ടെത്തിയ വിവരമാണിത്‌.


4) നിയമസഭ വകയിരുത്തിയ ധനവിനിയോഗ തുകകള്‍ നിയമങ്ങളും/ചട്ടങ്ങളും അതിനു കീഴിലുള്ള നിയന്ത്രണങ്ങളുമനുസരിച്ച്‌ നിര്‍ദ്ദിഷ്ട രീതിയിലും, ലക്ഷ്യത്തിനുമായി അക്കൊല്ലം തന്നെ വിനിയോഗിക്കേണ്ടതാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. എന്നാല്‍ വകയിരുത്തിയതില്‍ ഒരു പൈസ പോലും ചിലവാക്കാതെയുള്ള 4 ഇനങ്ങള്‍ (28.15 കോടി രൂപ) വൈദ്യസഹായ / പൊതുജനാരോഗ്യ രംഗത്തിലും, 3 ഇനങ്ങള്‍ (13.36 കോടി രൂപ) മത്സ്യബന്ധന വിഭാഗത്തിലും കണ്ടെത്തിയിരുന്നു.


5) വര്‍ഷത്തിലെ ഏതെങ്കിലും മാസം, പ്രത്യേകിച്ച്‌ സാമ്പത്തിക വര്‍ഷ്ത്തിലെ അവസാന മാസം, ചെലവുകളുടെ തള്ളികയറ്റം ഇല്ലാതെ വര്‍ഷം മുഴുവന്‍ ചെലവുകളുടെ ഒഴുക്ക്‌ നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ്‌ ഡയറക്ടരുടെ ഓഫീസില്‍ ഈ നിര്‍ദ്ദേശം പാലിക്കാനേ മിനക്കെട്ടില്ല. ആറ്‌ ഇനങ്ങളില്‍ (21.63 കോടി രൂപ) ചെലവിട്ടതു മുഴുവന്‍ 2007 മാര്‍ച്ച്‌ മാസത്തിലായിരുന്നു. കഴിഞ്ഞ് 11 മാസം എവിടെയായിരുന്നു ഇവരെല്ലാം?


6) ഫൈനാന്‍ഷ്യല്‍ കോഡിലെ നിബന്ധനകളനുസരിച്ച്‌, ഒരു വര്‍ഷം ചെലവാകാത്ത ബഡ്ജറ്റ് തുക പാഴായി പോകുന്നത്‌ തടയാനായി പൂര്‍ണ്ണമായോ ഭാഗികമായോ ഒരു കാരണവശാലും വേറെ ഏതെങ്കുലും അക്കൌന്‍ണ്ടിലേക്കോ, നിക്ഷേപത്തിലേക്കോ മാറ്റുകയോ നീക്കി വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. (പോസ്റ്റിന്റെ തുടക്കത്തിലുള്ള പത്ര റിപ്പോര്‍ട്ടുകള്‍ കാണുക). അഞ്ചു വകുപ്പുകളുടെ ഡയറ്ക്ട്രേറ്റുകള്‍ പരിശോധിച്ചതില്‍, 2006-07 ല്‍ 69.58 കോടി രൂപയാണ് ട്രഷറി സേവിംഗ്സ്‌ ബാങ്ക്, ട്രെഷറി പബ്ലിക്ക്‌ അക്കൌണ്ട്, ബാങ്ക്‌ അക്കൌണ്ട്, പൊതുമരാമത്ത്‌ വകുപ്പിന്റെ റമിറ്റന്‍സ്‌ ശീര്‍ഷകം എന്നിവയിലേക്ക്‌ തുക മാറ്റി ക്രെഡിറ്റ്‌ ചെയ്തത്‌. മാറ്റിയ തുകകള്‍ ഉടനെയുള്ള
ആവശ്യത്തിനായിരുന്നില്ല എന്നു സൂചിപ്പിക്കുന്ന വിധം മുഴുവന്‍ തുകയും 2007 ജൂണ്‍ വരെയും വിനിയോഗിക്കേണ്ടിയും വന്നില്ല. അപ്പോള്‍ തീര്‍ച്ചയായും അടുത്ത ബഡ്ജറ്റില്‍ കുടി നേടിയാല്‍ പോരായിരുന്നോ ഈ തുകയെല്ലാം? പൊതുധനത്തിന്‍ മേലുള്ള
നിയമസഭയുടെ നിയന്ത്രണം ഇല്ലാതാക്കുന്നതിനു തുല്യമായ ഈ പ്രവര്‍ത്തി ചെയ്ത വകുപ്പ്‌ മേലധികാരികള്‍ക്കെതിരെ എന്തു നടപടിയെടുത്തു. സി.ഏ.ജി റിപ്പോര്‍ട്ട്‌ വഴി സര്‍ക്കാരിനെ അറിയിച്ചതല്ലേ ഇതെല്ലാം. എന്നിട്ടും?


7) 30 മുഖ്യ ശീര്‍ഷകങ്ങളുടെ കീഴില്‍ 52% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത്‌ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലായിരുന്നു. ഈ കേസുകളില്‍ തന്നെ 39% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത്‌ 2007 മാര്‍ച്ച മാസത്തിലായിരുന്നു.


ബില്ലുകള്‍ വൈകി സമര്‍പ്പിക്കുന്നത് പരിശോധന ഒഴിവാക്കാനുള്ള തന്ത്രമാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌.


8) മോഡസ്‌ ഓപ്പറാണ്ടി: മാര്‍ച്ച്‌ മാസമാകുമ്പോള്‍ ഓരോ ഓഫീസിലേയും താപ്പാനകള്‍ക്ക്‌ എത്ര രൂപ മിച്ചം വരുമെന്ന്‌ ക്രിത്യമായിട്ടും അറിയാമായിരിക്കും. ഏതെങ്കിലും മരാമത്ത്‌ പണി ഉറപ്പിച്ചിരിക്കും, എന്നാല്‍ ചെയ്തു തുടങ്ങിയേ കാണില്ല. അല്ലെങ്കില്‍ പണി തീര്‍ന്നു കാണം പക്ഷേ കരാറുകാരനുമായുള്ള ധാരണ (?) ഉറപ്പിച്ചു കാണില്ല. മാര്‍ച്ച്‌ മാസമാകുമ്പോള്‍ മരാമത്തു പണിയുടെ മുഴുവന്‍ തുകക്കും കരാറുകാരന്റെ പേരില്‍ ട്രെഷറിയില്‍ നിന്നും ഡ്രാഫ്റ്റ് വാങ്ങി വക്കും. ട്രെഷറിക്കാര്‍ ആ ജോലി ചെയ്തതായി കണക്കെഴുതി ഡ്രാഫ്റ്റ് കൊടുക്കും. ഡ്രാഫ്റ്റിന്ന്‌ ആറു മാസത്തെ കാലാവധി ഉണ്ടല്ലോ. അതിനിടയില്‍ പണിയെല്ലാം തീര്‍ത്താല്‍ , ഒരു
ധാരണയിലെത്തി, നേരത്തേ വാങ്ങി വച്ച ഡ്രാഫ്റ്റ് കൈമാറും. അതിനുള്ള സാഹചര്യം ഒത്തു വന്നില്ലെങ്കില്‍ ഡ്രാഫ്റ്റിനെ റദ്ദാക്കി ഓഫീസിന്റെ കണക്കില്‍ ക്രെഡിറ്റ് ചെയ്തു വയ്പ്പിക്കും. എങ്ങനെയായാലും ബഡ്ജറ്റിനു വേണ്ടിയുള്ള കണക്കില്‍, അത്രയും തുക
ചെലവാക്കി കഴിഞ്ഞതാണ് ഇങ്ങനെയാണ് കൂടുതലും നടക്കുന്നത്‌. സി.ഏ.ജി റിപ്പോര്‍ട്ടില്‍ ഇത്‌ ഇതേപടി എഴുതിപിടിപ്പിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കൂട്ടി വായിച്ചാല്‍ ഈ അര്‍ത്ഥം വരുന്ന വിധത്തില്‍ എഴുതി ഒപ്പിച്ചിരിക്കും.


9) 2006-07 ല്‍ തുക ചെലവാക്കാതെ മേല്‍ വിവരിച്ച പ്രകാരം മാറ്റി വച്ച ചില ഉദാഹരണങ്ങളിതാണ്:-


  • പട്ടിക വര്‍ഗ്ഗ/ജാതി വികസന ഡയറക്ട്രേറ്റ് - ട്രെഷറി സേവിങ്സിലോട്ട്‌ മാറ്റിയത്‌ - 8 കേസുകളിലായി 12.41 കോടി രൂപ.
  • പട്ടിക വര്‍ഗ്ഗ വികസന ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 3 കേസുകളിലായി 37.20 കോടി രൂപ
  • വ്യവസായ ഡയറക്ട്രേറ്റ്‌ - ട്രെഷറി പബ്ലീക്ക്‌ അക്കൌണ്ടിലോട്ട്‌ മാറ്റിയത്‌ - 5 കേസുകളിലായി 2.72 കോടി രുപ.
  • വ്യവസായ ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 4 കേസുകളിലായി 5.52 കോടി രൂപ
  • വിനോദ സഞ്ചാര ഡയറക്ട്രേറ്റ്‌ - ട്രെഷറി സേവിങ്സിലോട്ട്‌ മാറ്റിയത്‌ - 1 കേസുകളിലായി 4.73 കോടി രൂപ
  • വിനോദ സഞ്ചാര ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 4 കേസുകളിലായി 4.66 കോടി രൂപ
  • സാമൂഹ്യ ക്ഷേമ ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 12 കേസുകളിലായി 2.16 കോടി രൂപ


ധനവിനിയോഗം സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ മറികടക്കുന്നതിനാണു വകുപ്പ്‌ ഈ മാര്‍ഗം സ്വീകരിച്ചതെന്നാണു സൂചന.


ഇതാണ് നമ്മുടെ ബഡ്ജറ്റും യാഥാര്‍ത്ഥ്യവും. എന്തൊരു ബഹളമായിരുന്നു; ബഡ്‌ജറ്റ് വരുന്നതിനു മുമ്പും, വന്നതിനു ശേഷവും. പത്രമാധ്യമവും, ദൃശ്യമാധ്യമവും നിറഞ്ഞു നിന്ന ചര്‍ച്ച. ഇതേപോലെ തന്നെയായിരുന്നില്ലേ, കഴിഞ്ഞ ബഡ്‌ജറ്റും. അതിനു
സംഭവിച്ചതെന്തെന്ന്‌ എത്രപേര്‍ക്കറിയാം. എത്ര പേര്‍ അന്വേഷിച്ചു. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവിടെ കുറിച്ചിട്ടത്‌.
കടപ്പാട്‌: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

Monday, March 17, 2008

ഇങ്ങനെയും നമ്മുടെ ഖജനാവ്‌ ചോരുന്നുണ്ട്- ഭാഗം 2 (misappropriation defaulcation writeoff waive)

നമ്മുടെ സര്‍ക്കാര്‍ ഖജനാവ്‌ ചോരുന്നത്‌ പല വിധത്തിലാണ്. അതില്‍ ചില വിധങ്ങള്‍ ഇവയാണ്:-


  • അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)

  • ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)

  • ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)

  • എ) സഹികെട്ട്‌ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)

സി.ഏ.ജി. യുടെ കണക്കനുസരിച്ച്‌ ജൂണ്‍ 2006 വരെ ഇത്തരത്തില്‍ ചോര്‍ന്ന ഖജനാവിന്റെ കണക്കുകള്‍ നേരത്തേ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.

അ) + ഇ) ജൂണ്‍ 2007 വരെ 660.06 ലക്ഷം രൂപയുള്‍പെട്ട ‘ദുര്‍വിനിയോഗം, മോഷണം’ എന്നീയിനങ്ങളിലെ 126 കേസുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുടെ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതില്‍ 2006-07 കാലയളവില്‍ ചേര്‍ക്കപെട്ട 5 കേസുകളും ഉണ്ട്‌. ഇവയാണവകള്‍:

  • ഭക്ഷ്യ പൊതുവിതരണം -------- 1 കേസ്‌ --------4.31 ലക്ഷം രൂപ.

  • പൊതു വിദ്യാഭ്യാസം--------------2 കേസ്‌--------0.35 ലക്ഷം രൂപ.

  • ഉന്നത വിദ്യാഭ്യാസം--------------1 കേസ്‌---------7.44 ലക്ഷം രൂപ.

  • ജലവിഭവം -----------------------1 കേസ്`-------0.59 ലക്ഷം രൂപ.

നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു തീര്‍പ്പ്‌ കല്‍പ്പിക്കാനായിട്ടില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.


  • ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 23 എണ്ണം - 21.30 ലക്ഷം രൂപയുടേത്‌.

  • ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 188.58 ലക്ഷം രൂപ.

  • ആരോഗ്യ കുടുമ്പക്ഷേമം മൂന്നാം സ്ഥാനത്തും: 12 കേസുകള്‍ - 164.82 ലക്ഷം രൂപ.


    ഉ) സര്‍ക്കാര്‍ തന്നെ 2006-07 ല്‍ തീ, മോഷണം എന്നിവ മൂലമുള്ള നഷ്ടം, വസൂലാക്കാന്‍ കഴിയാത്ത റവന്യൂ മുതലായവയില്‍ 404 കേസ്സുകളിലായി ഇതു വരെ 1344.35 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

  • ഏറ്റവും കൂടുതല്‍ റവന്യു വകുപ്പില്‍: 189 കേസുകളിലായി 1242.19 ലക്ഷം രൂപ.

  • രണ്ടാമത്‌ പൊതു വിദ്യഭ്യാസം : 5 കേസുകള്‍ - 67.33 ലക്ഷം രൂപ.

  • മൂന്നമത്‌ വരുന്നത്‌ അഭ്യന്തരം : 19 കേസ്സുകളിള്‍ 9.95 ലക്ഷം രൂപ.

  • പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും നികുതി വകുപ്പിന്റേതായി വെറും 7 കേസുകളില്‍ 4.49 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

    എ) അതു പോലെ 194 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 681.49 ലക്ഷം രൂപ വേണ്ടെന്ന്‌ വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്‌. അവയില്‍ ചിലത്‌ താഴെ:

  • റവന്യു വകുപ്പിലുള്ള 140 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-278.22 ലക്ഷം രൂപ.

  • അടുത്തത്‌ നികുതി വകുപ്പില്‍ 6 കേസുകളിലായി 383.69 ലക്ഷം രൂപ.


    ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ്‌ കാലിയാകില്ല. ഇനിയും വരുന്നുണ്ട്‌........ തുടരും.

    ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്‌.

Thursday, March 6, 2008

ജലവിഭവ വകുപ്പ്‌ - ടെന്‍ഡര്‍‌ രേഖകളിലെ തിരിമറി - (Tender manipulation) - 1.22 കോടി രൂപ.

ജലവിഭവ വകുപ്പ്‌ നമ്മുടെ ഖജനാവിനെ ചോര്‍ത്താന്‍ എങ്ങനെ സഹായിക്കുന്നു എന്നതിനു ചില ഉദാഹരണങ്ങള്‍ നിരത്തുകയാണ്.


സര്‍ക്കാര്‍ വകുപ്പുകള്‍ മരാമത്ത്‌ പണികള്‍ ചെയ്യിപ്പിക്കുന്നതിനു മുമ്പ്‌ ആ ജോലിയുടെ വിശദവിവരങ്ങളും, വകുപ്പ് തലത്തില്‍ തന്നെ എത്തിചേര്‍ന്ന മതിപ്പ്‌ ചെലവും (estimate) കാണിച്ചു കൊണ്ടുള്ള ഒരു ദര്‍ഘാസ്‌, മുഖ്യധാരാ പത്രങ്ങളിലോ മറ്റു മാഗ്ഗങ്ങളില്‍ കൂടിയോ പരസ്യപ്പെടുത്തുക പതിവുണ്ട്‌. ഓരോ ജോലിയുടേയും അതിനു വേണ്ടുന്ന സാധന സാമഗ്രികളുടേയും പുതൂക്കിയ് വിപണിവില അപ്പപ്പോള്‍ രേഖപ്പെടുത്തിയ ഒരു ബുക്ക്‌ ഇങ്ങനെയുള്ള വകുപ്പുകളില്‍ സൂക്ഷിക്കണമെന്നും നിയമമുണ്ട്‌. ഇതില്‍ രേഖപെടുത്തി വരുന്ന നിരക്കനുസരിച്ചു വേണം ചെയ്യിക്കേണ്ട് ജോലിയുടെ മതിപ്പ് ചെലവ്‌ കണക്കാക്കേണ്ടത്‌. ഏതെങ്കിലും കാരണവശാല്‍ അത്തരത്തിലുള്ള വിപണിനിരക്ക്‌ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു മരാമത്ത്‌ വകുപ്പിനെ ആശ്രയിച്ച് ചെയ്യിപ്പിക്കേണ്ട ജോലിയുടെ എസ്റ്റിമേറ്റ്‌ അവരെകൊണ്ട്‌ തയ്യാറാക്കി വാങ്ങിക്കണം. ഇതും നിയമം.


എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ അവര്‍ക്കുചുറ്റും നടക്കുന്ന ജോലികളുടേയും, ലഭിക്കുന്ന സാധനങ്ങളുടേയും വിപണിനിരക്ക്‌ അറിയില്ല. വകുപ്പുകള്‍ സൂക്ഷിക്കുന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതോ, ഒരു പത്തു കൊല്ലം മുന്‍പുള്ള വിപണി നിരക്കുകളാണെന്നാണ് അവര്‍ക്കും ജോലി ചെയ്യുന്ന കോണ്ട്രാക്ടര്‍മാര്‍ക്കും ഉള്ള ധാരണ. അതുകൊണ്ട്‌, ജോലിചെയ്യാനുണ്ടെന്ന്‌ കാണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി കരാറുകാര്‍ പ്രതികരിക്കുന്നത്‌ എത്ര രൂപക്ക്‌ ജോലി തീര്‍ക്കാമെന്നല്ല, പകരം വകുപ്പ്‌ കണക്കാക്കിയിരിക്കുന്ന മതിപ്പ്‌ തുകയുടെ (estimate) എത്ര ശതമാനം കൂടുതലോ/കുറവോ തുകക്കു പണി തീര്‍ത്തുകൊടുക്കാമെന്നാണ്. ഈ രീതിയാണ് ഇപ്പോള്‍ സര്‍വ്വസാധാരണം.



മേല്‍കാണിച്ച ശതമാനത്തിന്മേലാണ് നമ്മുടെ വകുപ്പുകളുടെ കളി മുഴുവന്‍. മൂവാറ്റുപുഴ നദീതട ജലസേജന പദ്ധതിയുടെ ടെന്‍ഡര്‍ രേഖകളില്‍ അവിടുത്തെ സൂപ്രണ്ടിംഗ്‌ എഞ്ചിനിയറും, എക്സികൂട്ടിവ്‌ എഞ്ചിനിയറും കുടി കളിച്ച കളികളാണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്‌.


2005 മാര്‍ച്ച് അവസാനിച്ച വര്‍ഷ്ത്തിലെ കണക്കു പരിശോധനയില്‍ 80 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരുത്തിയ തിരിമറികള്‍ കണ്ടതായി അക്കൌണ്ടന്റ്‌ ജനറല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരിക്കല്‍ തിരിമറി നടത്തിയവര്‍ പിന്നെയും അങ്ങനെ ചെയ്യാന്‍ മടിക്കില്ലെന്ന പൊതുതത്ത്വം മാനിച്ചാണ് 2003 ലെയും 2004 യും കൂടി കണക്കുകള്‍ പരിശോധിക്കാന്‍ ഒരുമ്പെട്ടത്‌. ഫലമിതാണ്:-



A. ടെണ്ടര്‍ അധികാരി: സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, പ്രോജക്ട് സര്‍ക്കിള്‍, മൂവാറ്റുപുഴ.

1).ജോലിയുടെ പേര്: സി.ഡി. ജോലിയുള്‍പെടെ ചെയിന്‍ 4,900 മി. മുതല്‍ 6,280 മി. വരെയുള്ള കിടങ്ങൂറ് ഡിസ്ട്രിബ്യൂട്ടറിയുടെ നിമ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “13.5 % മുകളില്‍” എന്നത്‌ “73.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 26.59 ലക്ഷം രൂപ.

2). ജോലിയുടെ പേര്‌: റഗുലേറ്റര്‍ ഉള്‍പ്പെടെ ചെ.0 മുതല്‍ 955 മി. വരെ മാഞ്ഞൂര്‍ ഡിസ്ട്രിബ്യൂട്ടറി ഉണ്ടാക്കാന്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “17.5 % മുകളില്‍” എന്നത്‌ “77.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 21.44 ലക്ഷം രൂപ

3). ജോലിയുടെ പേര്‌: ക്രിത്രിമ കനാലിന്റേയും സി.ഡി ജോലിയും ഉള്‍പ്പെടെ ചെ.5,400 മി. മുതല്‍ 6,400 മി. വരെ കുറവിലങ്ങാട്‌ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5.1 % മുകളില്‍” എന്നത്‌ “65.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 14.3% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 10.32 ലക്ഷം രൂപ

4).ജോലിയുടെ പേര്‌: തോണിയും, വെട്ടലും മൂടലും ഉള്‍പെടെ ചെ.1.0 മുതല്‍ 1.100 മി വരെ മരുതൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 42.54 ലക്ഷം രൂപ.

B. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.1 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്‌:വാര്‍ത്താവിനിമയ സൌകര്യം വാരപെട്ടി ഡിസ്ട്രിബ്യൂട്ടറിയുടെ ചെ.550 ല്‍ നടപ്പാലം നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1.5 % മുകളില്‍” എന്നത്‌ “100% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 1.73 ലക്ഷം രൂപ.

2.ജോലിയുടെ പേര്‍: പ്രധാന കനാലിന്റെ വലതു തീരത്തെ (ആര്‍.ബി.എം.സി) ചെ.26.550 മി.ല്‍ അധികവെള്ളം പുറംതള്ളല്‍ നിറ്മ്മാണം.


കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “26.1 % മുകളില്‍” എന്നത്‌ “86.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.06 ലക്ഷം രൂപ.

3.ജോലിയുടെ പേര്: ആര്‍.ബി.എം.സി. ചാല് നിര്‍മ്മാണം ഉള്‍പ്പെടെ ചെ.12.200 മി. മുതല്‍ 12.485 മി. വരെ കനാല്‍ ബണ്ഡ്‌ റോഡിന്റെ സംരക്ഷണം.

കണ്ടെത്തിയ ക്രമക്കേട്: മതിപ്പ്‌ തുകയില്‍ ചെയ്യേണ്ട ജോലി ‌ “80% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.04 ലക്ഷം രൂപ.

4. ജോലിയുടെ പേര്‍: നടുവക്കാട്‌ ഡിസ്ടിബ്യൂട്ടറിയുടെ പ്രധാന റഗുലേറ്റര്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “8 % മുകളില്‍” എന്നത്‌ “85% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 65% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 3.51 ലക്ഷം രുപ്.

5. ജോലിയുടെ പേര്‍: അറക്കുളം പാലത്തിന്റെ ഒഴുക്കിനെതിരെയുള്ള വശത്തു മണ്ണൊലിപ്പ്‌ തടയുന്നതിനുള്ള ജോലി.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “9 % മുകളില്‍” എന്നത്‌ “90% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.18 ലക്ഷം രൂപ.

C. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.2 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്: പ്രധാന കനാലിന്റെ ഇടതു തീരം. മുള്ളങ്കുഴി പെരിയപ്പുരം ലിങ്ക്‌ റോഡിന്റെ മെച്ചപ്പെടുത്തല്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “33 % മുകളില്‍” എന്നത്‌ “83% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്: 3.17 ലക്ഷം രൂപ.

2. ജോലിയുടെ പേര്‍:ചെ.0 മി. മുതല്‍ ചെ.1,870 മി.വരെ പാ‍ലക്കുഴ ഡിസ്ട്രിബ്യ്യൂട്ടറി ലിഫ്റ്റിനു മുന്‍പുള്ള ചേലപ്പുഴത്താഴം കേരമല റോഡ്‌ വിനിമയ ലിങ്ക് നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.67 ലക്ഷം രൂപ.

ഈ കേസുകളില്‍ നിരക്കുകളുടെ തിരിമറിയുടെ വ്യക്തമായ സൂചനകളായ പുറത്തെഴുത്ത്‌, തിരുകികയറ്റല്‍, വെട്ടല്‍, തിരുത്തല്‍, പറഞ്ഞിരിക്കുന്ന നിരക്കുകളുടെ അക്കത്തിലും അക്ഷരത്തിലുമുള്ള വിത്യാസം മുതലായവ ഉള്ളത്‌ കരാ‍റുകാരെ സഹായിക്കാനുള്ള ശ്രമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്‌. “തുറന്ന ടെന്‍ണ്ടര്‍’“ നടപടികളില്‍ കൃത്രിമം കാണിച്ചതിനാല്‍ വകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ അറിവില്ലാതെ ഇതു നടക്കില്ല.

ഇക്കാര്യങ്ങളെല്ലാം തന്നെ ജൂണ്‌ 2007 ല്‍ സര്‍ക്കാരിനെ അറിയിച്ചു. പക്ഷേ ഇതു വരെ മറുപടിയില്ല.


ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

Wednesday, February 20, 2008

നിയമസഭ കൂടി ഖജനാവ്‌ ചോര്‍ത്തുന്നത്‌ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലേ?.

ഇന്നു (20-02-2008) ദീപിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌. നമ്മുടെ ഖജനാവ്‌ ചോരുന്നതിന്റെ വേരോരു മുഖമാണ് അതിലെ വിഷയം. വികസനത്തിന് വേണ്ടി ചിലവിടാന്‍ നമുക്ക്‌ പണമില്ല. നിയമസഭയില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ക്ക്‌ ചിലവിടാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്കു വേണ്ടി നമ്മളാല്‍ തിരഞ്ഞെടുത്തവര്‍ ചെയ്യുന്നതല്ലേ.

[ദീപിക] ചെലവ് 30 കോടി, ചേര്‍ന്നത് 56 ദിവസം

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു ഭരണഘടനാപരമായ ബാധ്യതകള്‍ സാങ്കേതികമായി മാത്രം പൂര്‍ത്തിയാക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്

നിയമസഭയെ. കേരള ജനതയുടെ നികുതിപ്പണത്തിന്റെ 30 കോടിയോളം രൂപ ചെലവാക്കുന്ന നിയമസഭ കഴിഞ്ഞവര്‍ഷം സമ്മേളിച്ചത് 56 ദിവസം മാത്രം. 160 ദിവസമെങ്കിലും സമ്മേളിക്കണമെന്നാണ് പൊതുധാരണ. അ തിന്റെ പകുതി പോലും പൂര്‍ ത്തിയാക്കിയില്ല

പരസ്പരം മനസിലാക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയാറാകാത്ത ഇരുപക്ഷവും ഇതിനു ഉത്തരവാദികളാണ്. സഭാ സമ്മേളന ദിവസങ്ങള്‍ ചുരുങ്ങുന്നതുകൊണ്ട് കൂടുതല്‍ നഷ്ടം പ്രതിപക്ഷത്തിനുതന്നെ. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിന്റെ പ്ര വര്‍ത്തനശൈലി വിലയിരുത്താനും അവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമ്മേളനം യഥാവിധി നടക്കാതിരിക്കാന്‍ ഭരണപക്ഷത്തിന്റെ തന്ത്രവും അരങ്ങേറും. ഇതിനിടയിലും നിയമസഭയ്ക്കായി ബജറ്റില്‍ വച്ചിരിക്കുന്ന തുക പക്ഷേ, കുറവില്ലാതെ ചെലവാക്കുന്നുമുണ്ട്. സര്‍ക്കാരിന് സാങ്കേതികമായി പൂര്‍ത്തിയാക്കേണ്ട ചില ദൌത്യങ്ങള്‍ നടത്തിയെടുക്കുകമാത്രമാണ് പലപ്പോഴും അരങ്ങേറുന്നത്. അതെങ്ങനെയെങ്കിലും അവര്‍ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗം, ബജറ്റ് പാസാക്കല്‍, ഉപധനാഭ്യര്‍ഥന പാസാക്കല്‍, ധനവിനിയോഗ ബില്‍ പാസാക്കല്‍, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കല്‍ ഇതൊക്കെ എത്ര ബഹളം നടന്നാലും പാസാക്കിയെടുക്കും. ഇതുപോലെ ഒരു ദൌത്യബോധം പ്രതിപക്ഷത്തിനുണ്ടായാല്‍ സമ്മേളനം കൂടുതല്‍ ദിവസം നടക്കും.

വിലക്കയറ്റം, എച്ച്.എം.ടി വിവാദം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, പൂന്താനം വിവാദം തുടങ്ങി എന്തൊക്കെ സഭയില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യണമെന്നു അവര്‍ തീരുമാനിക്കണം. അവയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ കാര്യോപദേശക സമിതിയിലൂടെയോ അനുനയത്തിലൂടെയോ നേടിയെടുക്കണം. അപ്രധാനമായ കാര്യത്തെച്ചൊല്ലി ഉണ്ടാകുന്ന വാഗ്വാദങ്ങളില്‍ സഭ അലങ്കോലപ്പെടുകയാണ് പതിവ്. ചിലപ്പോള്‍ ബജറ്റ് പോലും ചര്‍ച്ച ചെയ്യാതെ പാസാക്കപ്പെടുകയാണ്. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം വളരെ ഹ്രസ്വമാണ്. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുക മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. ഇന്ന് ഗവര്‍ണറുടെ പ്രസംഗം. പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരുദിവസത്തെ ഇടവേള വേണം. അതുകൊണ്ടാവണം സഭ പിരിയുന്നു. തിങ്കളാഴ്ച ചേര്‍ന്ന് ന ന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച വരെ. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന ചര്‍ച്ച, വോട്ടെടുപ്പ്, സഭ പിരിയുന്നു.

പിന്നീട് ചേരുന്നത് മാര്‍ച്ച് ആറിന് ബജറ്റ് അവതരിപ്പിക്കാനാണ്. തിങ്കളാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കായി ചേരുന്നു. ബുധനാഴ്ച ചര്‍ച്ച പൂര്‍ത്തിയാകുന്നു. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന, വെള്ളിയാഴ്ച അനൌദ്യോഗിക ദിവസം.

തിങ്കളാഴ്ച വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നു. പിറ്റേന്ന് ഈ ധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്‍ പാസാക്കണം. അതുകൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാങ്കേതിക ബാധ്യതകള്‍ തീര്‍ന്നു.സാങ്കേതിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ളതല്ലാതെ രണ്ട് ദിവസമാണ് ഈ സമ്മേളനത്തിലുള്ളത്. അതിലൊന്ന് അനൌദ്യോഗിക ദിനമാണ്.

കാര്യോപദേശക സമിതി എത്ര ശ്രമിച്ചാലും മറ്റു പ്രശ്നങ്ങള്‍ക്ക് അവസരം കണ്െടത്താന്‍ ക്ളേശിക്കും. പ്രത്യേക ചര്‍ച്ചക്ക് പ്രതി പക്ഷം നോട്ടീസ് നല്‍കിയേക്കാവുന്ന വിഷയങ്ങള്‍ക്കു സമയം കണ്െടത്താന്‍പോലും വിഷമമാണ്