തിരുവനന്തപുരത്ത് വേളിയില്‍ ഒരു അമൂസ്‌മെന്റ് പാര്‍ക്ക് നേരിട്ട് നിര്‍മ്മിക്കണമെന്നത് വിനോദസഞ്ചാര വകുപ്പിന്റെ അതിയായ ആഗ്രഹമായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ബില്‍ഡ് ഓണ്‍ - ഓപ്പറേറ്റ് - മെയിന്റെയിന്‍ അടിസ്ഥാനത്തില്‍ ഒന്നുണ്ടാക്കിക്കോളാന്‍ 1999 ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ അനുമതിയും കൊടുത്തു.
1999 ജൂണും 2001 ജൂണിനുമിടക്ക് 8.39 കോടി രൂപ മുടക്കി 9.3143 ഹെക്ടര്‍ സ്ഥലം പദ്ധതിക്കു വേണ്ടി റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിനോദ സഞ്ചാര വകുപ്പിനു കൈമാറി. ഇതില്‍ നിന്നും 7.4370 ഹെക്റ്റര്‍ സ്ഥലം 30 വര്‍ഷത്തെ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനു പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.
ഏറ്റവും കൂടുതല്‍ വാര്‍ഷിക പാട്ടതുകയായ, സ്ഥലവിലയുടെ (35.25 ലക്ഷം) 8.05 ശതമാനം രേഖപ്പെടുത്തിയ അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പ് എന്ന സ്ഥാപനത്തെ പദ്ധതി നടപ്പാക്കാന്‍ 1999 ഡിസമ്പറില്‍ തെരഞ്ഞെടുത്തു. ദര്‍ഘാസ് വ്യവസ്ഥകളനുസരിച്ച് സ്ഥാപനം 18 മാസത്തിനകം പാര്‍ക്ക് കമ്മിഷന്‍ ചെയ്യേണ്ടതാണ്.
സംഗതി ഇതുവരെ ഒരിടത്തും എത്തിയില്ല. അന്വേഷണത്തില്‍ കണ്ടെത്തിയതിതാണ്.:
റവന്യൂ വകുപ്പ് ഏറ്റെടുത്തു കൊടുത്ത സ്ഥലത്തില്‍ ഒരു ഭാഗം തീരദേശ നിയന്ത്രണമേഖലയില്‍ ഉള്‍പ്പെട്ടിരുന്നതാണ്. യാതൊരു വികസന പ്രവര്‍ത്തനവും ഈ മേഖലയില്‍ പാടില്ല. ഈ വിവരങ്ങളൊന്നും അറിയിക്കാതെയാണ് അബുദാബി ഗ്രുപ്പുമായി വ്യവസ്ഥകളുണ്ടാക്കാന്‍ മുതിര്‍ന്നത്. അവരീക്കാര്യം അറിഞ്ഞപ്പോള്‍, ദര്‍ഘാസ് വ്യവസ്ഥകളില്‍ ഉള്‍പ്പെടാതിരുന്ന പല സൌജന്യങ്ങളും ആവശ്യപ്പെട്ടു.
തീരദേശനിയന്ത്രണ മേഘലയില്‍ പെട്ട ഭൂമിയെ പാട്ടവാടകയില്‍ നിന്നൊഴിവാക്കുക.
സ്റ്റാമ്പ് ഡൂട്ടി ഇളവു ചെയ്യുക
റജിസ്ട്രേഷന്‍ ചാര്‍ജ്ജുകള്‍ ഇളവു ചെയ്യുക
പാട്ട വാടക ആറു വര്‍ഷത്തേക്ക് ഒഴിവാക്കുക എന്നിവ.
ഇതും ഇതുപോലെയുള്ള പല ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങികൊടുത്തു (2002 ഒക്ടോബര്‍). ഇതും പോരാഞ്ഞ് കരാറിനു പുറത്തുള്ള പലവിധ സൌജന്യങ്ങളും അനുവദിച്ചു കൊടുത്തു വെങ്കിലും കൂടുതലായി ആവശ്യപ്പെട്ട (2003 ജനുവരി) 0.1748 ഹെക്റ്റര്‍ സ്ഥലം കുടി ഏറ്റെടുത്തു കൊടുക്കാന്‍ താമസിച്ചതു കൊണ്ട് സ്ഥാപനം കരാര്‍ പത്രം ഒപ്പിട്ടിട്ടില്ല (2007 ഏപ്രില്‍).
അവസാനം പദ്ധതി സ്ഥാപനത്തിനു കൊടുക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. 8.39 കോടി രൂപ ചെലവില്‍ ഏറ്റെടുത്ത ഭൂമി കഴിഞ്ഞ ആറേഴു വര്‍ഷമായി ഒരു കാര്യത്തിനും ഉപയോഗിച്ചില്ല. അന്തരാഷ്ട്രനിലവാരമുള്ള വേളിയിലെ അമൂസ്മെന്റ് പാര്‍ക്ക് ത്രിശങ്കുവിലും. വിനോദ സഞ്ചാരവകുപ്പിനു സ്വസ്തി.
Showing posts with label amusement park വേളി പാര്‍ക്ക് വിനോദസഞ്ചാരം. Show all posts
Showing posts with label amusement park വേളി പാര്‍ക്ക് വിനോദസഞ്ചാരം. Show all posts
Wednesday, June 25, 2008
Subscribe to:
Posts (Atom)