Showing posts with label kstp. Show all posts
Showing posts with label kstp. Show all posts

Wednesday, July 28, 2010

പൊതുമരാമത്തും KSTP യും -

അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ  92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002  നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു.

പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക  15.2.2 ഭുമി ഏറ്റെടുക്കുന്നതിനു  മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. 

എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു  കൈമാറിയത് 2006  ജൂന്നോട്  കൂടിയാണ്.  2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.

കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന്‍ ച്ചുംമാതിരുന്നില്ല. ഭുമി സമയത്തിന് കൈമാറ്റം  ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ  വേണമെന്നായി.   തര്‍ക്കമായി. സംഗതി  ആര്‍ബിട്രേഷന്  വിടേണ്ടി വന്നു. ആര്ബിട്രേറ്റര്‍  കരാറുകാരന് 2.86 കോടി രൂപയും അതിന്മേല്‍ പലിശയും കൊടുക്കാന്‍  2007   ഒക്ടോബറില്‍ ഉത്തരവിട്ടു. എല്ലാം കുടി  2.99  കോടി  രൂപ  ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക്‌ ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.

നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ്‌ ഐസക്) KSTP    ഇടപാടില്‍  700  കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്‌) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.  ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് .  

ആധാരം: സി.ഏ.ജി റിപോര്ട്ട്
കടപാട്: വിവരാവകാശ നിയമം.

Friday, May 21, 2010

ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം - GeoKAMS

ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായത് എങ്ങനെയെന്നു വിശദീകരിക്കുകയാണീ പോസ്റ്റിൽ.

GeoKAMS (Geographical Kerala Accident Management System) അഥവാ “ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം“ എന്നത്  തിരുവനന്തപുരം ടെക്നോപാർക്കിലുള്ള IBS Services വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറാണ്. ലോക ബാങ്കിന്റെ സഹായത്തോടെ 18.5 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിനു വേണ്ടി (Under Kerala State Transport Project - KSTP) വികസിപ്പിച്ചെടുത്തത് , 2004-ൽ.

ട്രാഫിക് എൻഫോർസ്മെന്റ് പരിപാടികളുടേ വികസനത്തിനു ഉപകരിക്കുന്ന വിധത്തിൽ ട്രാഫിക്-അപകടങ്ങളുടെ ഒരു ഡേറ്റാ ബാങ്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പരിപാടിയുടെ (Modernising Government Porgramme -MGP) ഭാഗമായി തെരഞ്ഞെടുത്ത 57 പോലീസ് സ്റ്റേഷനുകളിലാണു ഈ സോഫ്റ്റ്വെയർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു.  GPS/GIS integration ഇതിന്റെ പ്രത്യേകതയുമായിരിക്കും.

57 പോലീസ്റ്റ് സ്റ്റേഷനുകളിലും ഇതിനു വേണ്ടുന്ന കമ്പ്യൂട്ടറുകൾ വാങ്ങി നൽകി.  ആവശ്യം വേണ്ടുന്ന പോലീസ്സ് ഉദ്ദ്യോഗസ്ഥർക്കെല്ലാം ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി. വിവരം ശേഖരിക്കുവാനായി ഏതാണ്ട് 3 ലക്ഷത്തോളം ഫാറങ്ങൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കി. സമീപ ഭാവിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട ഒരു പദ്ധതിയാണെന്നും തീരുമാനിച്ചു.

മേല്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയതെങ്ങനെയെന്നു സി.ഏ.ജി യുടെ പരിശോധനയിൽ കണ്ടെത്തിയത് എന്തെന്നാൽ:

  • 2004 ലാണു ഈ സോഫ്റ്റ്വെയർ വാങ്ങിയത്.
  • തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ സ്ഥാപിച്ചു. 57 എം.ജി.പി പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 44 എം.ജി.പി പോലീസ് സ്റ്റേഷനുകളിലും മൂന്നു സിറ്റി ട്രാഫിക് സ്റ്റേഷനുകളിലും മാത്രമാണു സ്ഥാപിച്ചത്.
  • 3 ലക്ഷം അപകട റിപ്പോർട്ട് ഫാറങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഡേറ്റാ ബാങ്കിലേക്ക് വേണ്ടിയാകുമ്പോൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ഏകീകൃത സ്വഭാവം വേണമല്ലോ. അതുകൊണ്ടാണു നിശ്ചിത ഫോർമാറ്റ് ഉണ്ടാക്കി അതനുസരിച്ച് ഫാറങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. എന്നാൽ നമ്മുടെ പോലീസ് ഏമാന്മാർക്ക് കമ്പ്യൂട്ടർ ഡേറ്റാ ബാങ്ക് എന്താണെന്നറിയില്ലല്ലോ. അതു കൊണ്ട് അവർ ലഭ്യമാക്കിയ ഫാറങ്ങളല്ല ഉപയോഗപെടുത്തിയത്. നേരത്തെ പരിചയമുള്ള രീതിയിൽ പാരഗ്രാഫ് പാരഗ്രാഫ് രീതിയിൽ കാര്യങ്ങൾ എഴുതി വച്ചു. അതൊന്നും ഒരു ഡേറ്റാ ബാങ്കിലേക്ക് ഉപയോഗപ്രദമായിരുന്നില്ല.
  • ജിയോകാംസ് ഒരു ഡസ്ക് ടോപ്പ് സംവിധാനം ആയിട്ടാണു വികസിപ്പിച്ചിരുന്നത്.അതു കൊണ്ട് ഓരോ കമ്പ്യൂട്ടറിലും പ്രത്യേകം പ്രത്യേകം സ്ഥാപിക്കേണ്ടി വന്നു. ഒറ്റക്കൊറ്റക്കുള്ള യൂണിറ്റായി പ്രവർത്തിപ്പിക്കേണ്ടി വന്നു. തൽഫലമായി വിവിധ പങ്കാളികൾ തമ്മിലുള്ള വിവരകൈമാറ്റം നടന്നില്ല. ഒരു കേന്ദ്രീകൃത സർവറിൽ ഡേറ്റാ ശേഖരണവും നടന്നില്ല.
  • പി.ഡ്ബ്ല്യുഡി ചീഫ് എഞ്ചിനിയർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേറെയും പല സാങ്കേതികതകരാറുകൾ കണ്ടതിനാൽ ഇത് നടപ്പിലാക്കാൻ താല്പര്യമില്ലെന്നു പോലീസ് ഐജി അറിയിച്ചു.
  • പോലീസ് ഐജിയുടെ ഉദ്ദേശം വേറെ ആയിരുന്നു. IBS Technologies തന്നെ വികസിപ്പിച്ചെടുത്ത Road Safety Management System (RSMS) എന്ന Web based software ഉപയോഗപ്പെടുത്താനുള്ള അനുമതിക്ക് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയെ സമീപിച്ചു. ഇത് 2008-ൽ.
  • അതോടൊപ്പം ജിയോകാംസിനു വേണ്ടി 9.79 ലക്ഷം രൂപ മുടക്കി 2007-ൽ വാങ്ങിയ ഹാർഡ് വെയർപ്രയോജനപ്പെടുത്താതിരുന്നതിനാൽ  ഇത് ഫോറിൻസിക്ക് സയൻസ് ലാബ്, സൈബർ സെൽ, എസ്.സി.ആർ.ബി എന്നിവക്ക് വിതരണം ചെയ്യാൻ ഐ.ജി.പി ഉത്തരവിട്ടു (2008 ഒക്ടോബറിൽ).
  • ജിയോകാംസ് എന്ന സോഫ്റ്റ്വെയർ ആർക്കും ഉപയോഗമില്ലാതെയായി.

അങ്ങനെ ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 2004-ൽ ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായി. വെബ് ബേസ്ഡ് സൊഫ്റ്റ്വെയറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

IBS Technologies ന്റെ ഇന്റർനെറ്റ് സൈറ്റിലും ജിയോകാംസിനെ പറ്റി ഒന്നും പറയുന്നില്ല. വെബ് ബേസ്ഡ് RSMS കേരളത്തിൽ ഉപയോഗിക്കുന്നതായും കമ്പനി സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.

ആധാരം: സി.എ.ജി റിപ്പോർട്ട് 2009 സിവിൾ
കടപ്പാട് : വിവരാവകാശ നിയമം.