Tuesday, December 7, 2010

2G സ്പെക്ട്രം കുംഭകോണം : 2G Spectrum scam

ആമുഖം

സ്പെക്ട്രം.

ഭൂമിയില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നത് റോഡിലൂടെയാണു. മനുഷ്യ നിര്‍മ്മിതമാണതെല്ലാം. ആ റോഡുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു. അതുപയോഗിക്കാനായി മനുഷ്യര്‍ സര്‍ക്കാരിനു കരം കൊടുക്കുന്നു.

എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അന്തരീക്ഷത്തിലുള്ള മനുഷ്യനു അദൃശ്യമായ വഴിയില്‍ കൂടിയാണു സഞ്ചരിക്കുന്നത്. നമ്മുടെ അന്തരീക്ഷം മുഴുവന്‍ ഇത്തരത്തിലുള്ള വഴികള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നു. അന്തരീക്ഷത്തിലെ ഇങ്ങനെയുള്ള അദൃശ്യ വീഥികള്‍ക്കെല്ലാം കൂടി പൊതുവെയുള്ള പേരാണു സ്പെക്ട്രം. ഇതൊരു പ്രകൃതി വിഭവമാണ്. സര്‍ക്കാരിനു സ്വന്തമാണ്. ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിനു കരം കൊടുക്കണം. എന്നാല്‍ മറ്റു പ്രകൃതി വിഭവങ്ങളെ പോലെ, ഉപയോഗം കൊണ്ട് തീര്‍ന്നു പോകുന്നതല്ല ഈ സ്പെക്ട്രം. അതു കൊണ്ടു തന്നെ ഒരേ സ്പെക്ട്രം പല ആവശ്യങ്ങള്‍ക്കായി പലര്‍ക്കും വില്‍ക്കാന്‍ സാധിക്കും.ഇത് സഞ്ചരിക്കുന്ന പ്രതലം അനുസരിച്ച് അതിന്റെ ശക്തി കൂടിയും കുറഞ്ഞും ഇരിക്കും. അന്തരാഷ്ട്ര അതിര്‍ത്തികളൊന്നും ഈ റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ സഞ്ചാരത്തെ തടഞ്ഞു നിര്‍ത്തുന്നുമില്ല. അതുകൊണ്ട് ദേശീയവും അന്തര്‍ ദേശീയവുമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് വേണം റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത്. ഇത് ഉറപ്പ് വരുത്തുന്നതിനായി അന്തരാഷ്ട്ര തലത്തില്‍ ഒരു International Telecommunications Union (ITU) പ്രവര്‍ത്തിച്ച് വരുന്നു. [സ്പെക്ട്രത്തെ പറ്റി കൂടുതല്‍ ഇവിടെ നിന്നും അറിയാം]

റോഡ് നിര്‍മ്മാണത്തിലും ഉപയോഗത്തിലും പൊതുമരാമത്ത് വകുപ്പില്‍ നാം കാണുന്ന അഴിമതികളെല്ലാം തന്നെ സ്പെക്ട്രം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലും (ടെലികോം) കാണാം. കാരണം രണ്ടും കൈകാര്യം ചെയ്യുന്നത് മനുഷ്യരാണ്. ടെലികോം വകുപ്പ് സ്പെക്ട്രം കൈകാര്യം ചെയ്തതില്‍ നടത്തിയ അഴിമതിയാണ് ഈ പോസ്റ്റിലെ വിഷയം.

സ്പെക്ട്രം കുംഭകോണം.
ടെലികൊം മന്ത്രി എ.രാജയെ (ഡി.എം.കെ) പ്രോസികൂട്ട് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ജനതാ പാര്‍ട്ടി ലീഡര്‍ സുബ്രമണ്യന്‍ സ്വാമി പല പ്രാവശ്യം പ്രധാന മന്ത്രിക്ക് കത്തെഴുതി. ഒന്നിനും മറുപടി കിട്ടിയില്ല. ഒടുവില്‍ അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒരു സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ വഴിയാണു ഇക്കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. കേസിന്റെ വിജാരണ വേളയില്‍ സുബ്രമണ്യം സ്വാമി അപേക്ഷ നല്‍കി 16 മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്നും ഒരു നീക്കവും നടന്നു കാണാത്തതില്‍ സുപ്രീം കോടതി അതിശയം പ്രകടിപ്പിച്ചു. നവംബര്‍ 18, 2010 നു മുമ്പ് സത്യാവസ്ഥ മുഴുവനും കോടതിയെ ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് സുപീം കോടതി ആഞ്ജാപിച്ചതിനു ശേഷമാണ് പത്ര, ദൃശ്യ മാധ്യങ്ങളും ചൂടായത്. ഇതോടെ അന്വേഷണമായി. ടെലികോം മന്ത്രി ഏ.രാജ രാജിവക്കാന്‍ നിര്‍ബന്ധിതനായി (14-11-2010). രണ്ടു ദിവസം കഴിഞ്ഞ് അതായത് 16-11-2010 ല് സി.ഏ.ജി തന്റെ വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു, കോടതിക്കും ലഭ്യമാക്കി. മന്ത്രി രാജയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചേര്‍ന്നു രാജ്യത്തിനു കിട്ടാവുന്നതായ 1,76,000 കോടി രൂപയുടെ അധികവരുമാനം ഇല്ലാതാക്കി എന്ന കാര്യം വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു ആ റിപ്പോര്‍ട്ട്.

മലയാളിയായ ജെ.ഗോപീ കൃഷ്ണന്‍ എന്ന ‘ദി പയനിയര്‍‘ മാഗസിന്റെ  ഡല്‍ഹി പ്രതിനിധി സ്പെക്ട്രം വിതരണത്തില്‍ മന്ത്രി രാജ നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ ‘ദി പയനിയര്‍‘ മാഗസീന്‍ വഴിയും തന്റെ സ്വന്തം ബ്ലോഗ് വഴിയും പരമ്പരയായി എഴുതിയിരുന്ന കാര്യവും അപ്പോഴാണ് പലരുടേയും ശ്രദ്ധയില്‍പ്പെടുന്നത്.

സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. അവര്‍ രാജ്യസഭയേയും, ലോക സഭയേയും ഇളക്കി മറിച്ചു. ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയെ കൊണ്ട് ഇക്കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സി.ഏ.ജിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു, ഇനി പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി അത് പരിശോധിക്കണം. അതു കൂടാതെ സെണ്ട്രല്‍ വിജിലന്‍സ് കമ്മിഷ്ണറോടും ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുക്കവുമാണ്. ഇക്കാര്യത്താല്‍ ഭരണ പക്ഷം ജെ.പി.സി. അന്വേഷണത്തിനു വഴങ്ങിയില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രതിപക്ഷബഹളം കാരണം രാജ്യസഭയും, ലോക് സഭയും സ്തംഭിച്ചിരിക്കുന്നു (6-12-2010). അതിനിടയില്‍, എ.രാജ നിയമമന്ത്രാലയത്തെ അവഗണിച്ച്, പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ കണക്കിലെടുക്കാന്‍ കഴിയില്ലെന്ന വിധത്തില്‍ അദ്ദേഹത്തിനു മറുപടി കത്തെഴുതിയത് തെറ്റായി പോയി എന്നു സുപ്രീം കോടതിയില്‍ നിന്നും (2-12-2010) പരാമര്‍ശവും വന്നു.

JPC Vs PAC
1) ജെ.പി.സി: പാര്‍ലമെന്റം‍ഗങ്ങളുടെ സമിതി. ഭരണകക്ഷിയില്‍ പെട്ട അംഗമായിരിക്കും അദ്ധ്യക്ഷന്‍. ഏതെങ്കിലും പ്രത്യേക കാര്യം മാത്രം അന്വേഷിക്കാനായി നിയമിക്കപ്പെട്ടത്. അന്വേഷണം തീരുന്നതുവരെ നിലനില്‍ക്കും
 പി.ഏ.സി: ലോക്/രാജ്യ സഭാ അംഗങ്ങളുടെ സമിതി. ഭരണഘടനയാല്‍ സ്ഥാപിതമായത്. സ്ഥിരം സമിതി. പ്രതിപക്ഷത്തെ അംഗമായിരിക്കും അദ്ധ്യക്ഷന്‍. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി യാണ് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. സി.ഏ.ജി.യുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാനായി രൂപീകരിക്കപ്പെട്ടത്. ഒരു കൊല്ലം കാലാവധി..
2) ജെ.പി.സി:ശുപാര്‍ശകള്‍ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യാം.
   പി.ഏ.സി: ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനു പ്രത്യേക സം‍വിധാനം നിലവിലുണ്ട്.
3) ജെ.പി.സി:മന്ത്രിമാരെയും, പ്രധാനമന്ത്രിയേയും ഉള്‍പ്പടെ ആരെയും തെളിവെടുപ്പിനു വേണ്ടി വിളിച്ച് വരുത്താം.
   പി.ഏ.സി: തെളിവെടുപ്പ് നടത്തേണ്ടത് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും. സ്പീക്കറുടെ അനുവാദം ഉണ്ടെങ്കിലേ ഒരു മന്ത്രിയെ തെളിവെടുപ്പിനു വിളിക്കാനാകൂ.


1) 1987ല്‍ ആണ് ആദ്യ ജെപിസി പ്രഖ്യാപനം, ബൊഫോഴ്സ് ആയുധക്കോഴ അന്വേഷിക്കാന്‍ . ഇന്ത്യയും സ്വീഡനുമായി ബൊഫോഴ്സ് ആയുധക്കരാര്‍ ഒപ്പുവച്ചതിന് 62 കോടിയോളം രൂപ ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കു കോഴ നല്‍കി എന്ന സ്വീഡിഷ് റേഡിയോയുടെ പ്രഖ്യാപനമാണു ജെ.പി.സി.ക്ക് കാരണമായത്. 1987 ഒാഗസ്റ്റ് 16നു നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയത് 1989 ജൂലൈ 18ന് ആണ്. ബി. ശങ്കരാനന്ദ് ആയിരുന്നു ചെയര്‍മാന്‍. ഇന്ത്യയില്‍ ആര്‍ക്കും കോഴപ്പണം കൈമാറിയിട്ടില്ലെന്നായിരുന്നു കണ്ടത്തല്‍.

2)1992ല്‍ ഓഹരി കുംഭകോണം അന്വേഷിക്കാനായി രണ്ടാമത്തെ ജെ.പി.സി. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ പണം ഹര്‍ഷദ് മേത്ത തിരിമറി നടത്തിയെന്നും, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനു സ്യൂട്ട്കേസില്‍ ഒരുകോടി രൂപ കോഴ ഹര്‍ഷദ് മേത്ത കൊടുത്തുവെന്നുമുള്ള ആരോപണം ജെ.പി.സി ക്ക് വഴിവച്ചു. റാം നിവാസ് മിര്‍ധയായിരുന്നു സംയുക്ത സമിതി ചെയര്‍മാന്‍. 1992 ഒാഗസ്റ്റില്‍ നിയമിച്ച സമിതി 1993 ഡിസംബറിലാണു റിപ്പോര്‍ട്ട് നല്‍കിയത്. പൊതുപ്പണം ഒാഹരി വിപണിയില്‍ ദുരുപയോഗപ്പെടുത്തി എന്നു തന്നെയായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇവരുടെ ശുപാര്‍ശകളൊന്നും പിന്നീടു നടപ്പാക്കിയില്ല. സിബിഐ എഴുപതോളം കേസുkകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ ഇതുവരെ (2010) നാലെണ്ണമേ പൂര്‍ത്തിയായിട്ടുള്ളൂ.

3)2002ല്‍ വീണ്ടും ഓഹരി വിപണിയിലെ ക്രമക്കേട് അന്വേഷിക്കാനായി മൂന്നാമത്തെ ജെ.പി.സി. എസ്ബിഐയില്‍ 3500 കോടിരൂപ പെട്ടെന്നു കുറവുവന്നതാണ് ഇവിടുത്തെ. ശ്രീപ്രകാശ് മണി ചെയര്‍മാനായി 2001 ഏപ്രില്‍ 27നു നിലവില്‍ വന്ന സമിതി 2002 ഡിസംബര്‍ 19ന് ആണു റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കുകളും ഒാഹരി ദല്ലാളന്മാരുംചേര്‍ന്നു വന്‍തോതില്‍ ക്രമക്കേടു നടത്തി എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സമിതി 276 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ഒന്നുപോലും നടപ്പാക്കിയിട്ടില്ല.

അങ്ങനെ മൂന്നു ജെ.പി.സി കളും പാഴായി. ഇതാണു കിഴ്വഴക്കം.
പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒരു ജെ.പി.സി യെ 2ജി. സ്പെക്ട്രം അന്വേഷണത്തിനു നിയമിച്ചില്ലെങ്കില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണു നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇതെന്തു ജനാധിപത്യം?

മന്ത്രി എ.രാജയെ വിജാരണ ചെയ്യണമെന്നോ, രാജ വിതരണം ചെയ്ത സ്പെക്ട്രം ലൈസന്‍സുകള്‍ ക്യാസല്‍ ചെയ്യണമെന്നോ ഉള്ള ജെ.പി.സി യുടെ ശുപാര്‍ശ് (ഉണ്ടെങ്കില്‍) അതേപടി ഭരണ കക്ഷി നടപ്പാക്കികൊള്ളണമെന്നു നിയമമൊന്നുമില്ല. നടപ്പാക്കുകയോ, ചെയ്യാതിരിക്കുകയോ ആകാം. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം എത്രയോ ദിവസമായി പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരിക്കുന്നു.

ഇനി യഥാര്‍ത്ഥത്തില്‍ നടന്നതെന്തല്ലാമെന്ന് നോക്കാം.
ബേസിക് ടെലിഫോണ്‍ (Land Line) സേവനം തുടക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുകയായിരുന്നല്ലോ. ഒരു ദേശീയ ടെലികോം നയം (National Telecom Policy - NTP 94) ആദ്യമായി ഉണ്ടാക്കിയത് 1994 ലാണു. അതു പ്രകാരം നവംബര്‍ 94 മുതല്‍ ഇന്‍ഡ്യയിലെ നാലു മെട്രൊ സിറ്റിയിലും ഈരണ്ട് മൊബൈല്‍ സേവന ദാദാക്കളെ വീതം അനുവദിച്ചു. പിന്നീട് ഡിസംബര്‍ 95 ആയപ്പോള്‍ ഇന്‍ഡ്യയിലെ 18 മറ്റു ടെലിക്കോം സര്‍ക്കിളുകളില്‍ കൂടി മൊബൈല്‍ സേവനം തുടങ്ങാന്‍ അനുമതി നല്‍കി. അതൊടൊപ്പം 6 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സേവനം (Land Line) തുടങ്ങാനുള്ള അനുവാദവും നല്‍കി. ഇവരെല്ലാം, ഈ സേവനം ലേലം വിളിച്ച് നേടിയവരാണു. ലേലത്തുക കൂടാതെ, ഒരു നിശ്ചിത തുക ലൈസന്‍സ് ഫീസായും സര്‍ക്കാരിലേക്ക് ഒടുക്കിയിരുന്നു.

ടെലിക്കോമിനു വേണ്ടിയുള്ള ദേശീയ നയം പുതുക്കി പുതിയ ഭരണ ക്രമം ഉണ്ടാക്കിയത് 1999 ലാണു (NTP 99). അന്നുണ്ടായിരുന്ന എല്ലാ അടിസ്ഥാന സേവന (Land Line) ദാദാക്കളെയും, മൊബൈല്‍ സേവന ദാദാക്കളെയും പുതിയ ഭരണക്രമത്തിലോട്ട് മാറ്റി. കൊല്ലവര്‍ഷം 2000 മുതല്‍ സര്‍ക്കാര്‍ സേവന ദാദാക്കളായ BSNL, MTNL എന്നിവരെ മൂന്നാമത്തെ മൊബൈല്‍ സേവനദാദാക്കളായി രംഗത്ത് വരാന്‍ അനുവദിച്ചു. 2001 ആയപ്പോള്‍ മൊബൈല്‍ സേവന രംഗത്തെ വികസിപ്പിക്കാനായി 17 പുതിയ ലൈസന്‍സ് കൂടി ലേലത്തില്‍ വിറ്റു. മൊബൈല്‍ സേവന രംഗത്ത് നാലാമതായി എത്തിയവരാണിവര്‍. അടിസ്ഥാന സേവന മേഖലയിലും (Land Line Service) 25 ലൈസന്‍സ് കൂടി ലേലം ചെയ്യുകയുണ്ടായി.

പുതിയ നയപ്രകാരം (NTP 99) അനുവദിക്കപ്പെട്ട മൊബൈല്‍ സേവന ദാദാക്കളെല്ലാം (17 പുതിയ ലൈസന്‍സികള്‍) സര്‍ക്കാരിലേക്ക് ഒടുക്കേണ്ട തുക ഇപ്രകാരമായിരുന്നു:
  1. ഒറ്റത്തവണയുള്ള എണ്ട്രി ഫീസ് - ലൈസന്‍സ് കരാര്‍ ഒപ്പിടുന്നതിനു മുമ്പ് - ലേലം വിളിച്ച് ഉറപ്പിച്ച തുകയാണിത്.
  2. വാര്‍ഷിക ലൈസന്‍സ് ഫീസ്സ് - ഓരോരുത്തരുടേയും വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).
  3. വാര്‍ഷിക സ്പെക്ട്രം ചാര്‍ജ്ജ് - മൊബൈല്‍ സേവന ദാദാക്കളുടെ വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).


2003 ഒക്ടോബര്‍ മാസത്തില്‍ ട്രായി (Telecom Regulatory Authority of India - TRAI) ദേശീയ ടെലികോം നയത്തിന്റെ ഭാഗമായി പുതിയ ഒരു ഭരണക്രമം ശുപാര്‍ശ ചെയ്തത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. പലതരത്തിലുള്ള ടെലഫോണ്‍ സേവനങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. ഉദാ: കേബിള്‍ ടെലഫോണ്‍ (ലാന്‍ഡ് ഫോണ്‍), വില്‍ ഫോണ്‍, സി.ഡി.എം.എ മൊബൈല്‍ ഫോണ്‍, ജി.എസ്.എം മൊബൈല്‍ ഫോണ്‍ എന്നിവ. ഇവയെല്ലാം നടത്തുന്നതിനു വെവ്വേറെ ലൈസന്‍സ് നല്‍കിയിരുന്നു. സേവനം നടത്തുന്നതിനുള്ള ലേലത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണു ലൈസന്‍സ് നല്‍കുക. വിജയികളുടെ ലേലത്തുക എണ്ട്രി ഫീസായി സര്‍ക്കാരിലോട്ട് അടക്കണം. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ്സ്, സ്പെക്ട്രം ചാര്‍ജ്ജ് എന്നീ ഇനങ്ങളായിട്ടും വര്‍ഷം തോറും സര്‍ക്കാരിനു കൊടുക്കണം (Revenue Sharing). ഈ നടപടിക്രമത്തിനു പകരം ഒറ്റ ലൈസന്‍സ് നല്‍കിയാല്‍ ഏതു തരത്തിലുള്ള ഫോണ്‍ സേവനവും നടത്താനുള്ള അനുവാദം കൊടുക്കുന്ന, ‘ഏകീകൃത സേവന ലൈസന്‍സ്’(Unified Access Service License അഥവാ UASL) എന്ന പുതിയ ഭരണക്രമത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.നാമമാത്രമായ ഒരു തുക എണ്ട്രി ഫീസായിട്ടും, വിപണി വിലക്കനുസൃതമായ മറ്റൊരു തുക സ്പെക്ട്രം ചാര്‍ജ്ജായിട്ടും ഈടാക്കണം. എന്നാല്‍ സേവന ദാദാക്കളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ലേലത്തില്‍ പങ്കു ചേരാമെന്നായി. രണ്ട് സ്റ്റേജുകളിലായി നയം നടപ്പാക്കണം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ബേസിക് ടെലിഫോണ്‍ സേവനം നല്‍കുന്നവരും, മൊബൈല്‍ ഫോണ്‍ സേവനം നല്‍കുന്നവരും പുതിയ സം‍വിധാനത്തിലോട്ട് മാറണം. എന്നാല്‍ ബേസിക് ടെലഫോണ്‍ സേവനം മാത്രം നല്‍കി വന്നിരുന്നവര്‍ മൊബൈല്‍ സേവനം കൂടി നല്‍കുന്നതിനായി എണ്ട്രി ഫീസ്സ് നല്‍കണം. 2001 ല് നാലാമത് രംഗത്ത് വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നും ഈടാക്കിയ ലേലത്തുക ഇവര്‍ക്കും എണ്ട്രി ഫീസ്സായി നിശ്ചയിച്ചു. നിലവില്‍ മൊബൈല്‍ സേവനം നല്‍കി കൊണ്ടിരിക്കുന്നവര്‍ നേരത്തേ തന്നെ ലേലം മുഖേന ഉറപ്പിച്ച തുക കൊടുത്തു വരുന്നതു കൊണ്ട് അവര്‍ക്ക് വീണ്ടും എണ്ട്രി ഫീസ്സ് കൊടുക്കേണ്ടതില്ല.

2004 മുതല്‍ മാര്‍ച്ച് 2006 വരെയുള്ള കാലയളവില്‍ ഇതേ വ്യവസ്ഥയില്‍ അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട് 51 ലൈസന്‍സ് (UAS Licenses) കൂടി വിതരണം ചെയ്തു. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറേ.

വീണ്ടും 17 കമ്പനികള്‍ക്കായി 122 ലൈസന്‍സ് കൂടി ഇതേ വ്യവസ്ഥയില്‍, അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട്, 2008 ല് വിറ്റുപോയി.

ഇതിനിടയില്‍ (2007-2008) CDMA,GSM എന്നീ രണ്ടു സാങ്കേതിക വിദ്യകളും ഒരു മിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍ സേവനം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 35 സേവനമേഖലകളില്‍ അപ്രകാരം രണ്ടു സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു. 2001 ല് നേരത്തേ നിശ്ചയിച്ചിരുന്ന അതേ തുക മാത്രമേ ഇവിടെയും എണ്ട്രി ഫീസ്സായി വാങ്ങിയുള്ളൂ. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറെ.

ലൈസന്‍സ് കിട്ടാതെ പോയ S‘tel Limited എന്നൊരു കമ്പനി 2007 നവമ്പര്‍ 5നു പ്രധാന മന്ത്രിക്ക് ഒരു പരാതി നല്‍കി. നിലവിലുള്ള നിരക്കിനേക്കാല്‍ വളരെയധികം ഉയര്‍ന്ന വിലയില്‍ ലേലം കൊള്ളാന്‍ തയ്യാറാണെന്നാണു അവര്‍ അറിയിച്ചിരുന്നത്. അവരുടെ ഓഫര്‍ കണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്ദ്യോഗസ്ഥരുടെയും മാധ്യമക്കാരുടെയും എല്ലാം കണ്ണു തള്ളി.

S'Tel വാഗ്ദാനം ചെയ്തതനുസരിച്ചാണെങ്കില്‍, അവസാനം വിതരണം ചെയ്ത 122+35 ലൈസന്‍സുകള്‍ക്ക് വിപണി വിലയനുസരിച്ച് 65,909 കോടി രൂപ ലഭിക്കുമായിരുന്നു എന്നു സി.ഏ.ജി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ സര്‍ക്കാരിനു ലഭിച്ചതോ, വെറും 12,386 കോടി രൂപ മാത്രം.

ഇതേ സമയം 3ജി. സ്പെക്ട്രം വില്പനക്ക് തയ്യാറായിരുന്നു. 2010 ലെ TRAI (Telephone Regulatory Authority of India) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2ജി. സ്പെക്ട്രത്തിനു 3ജി. സ്പെക്ട്രത്തിനോടൊപ്പം വിപണി വില പണ്ടേ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ 2008 വിതരണം ചെയ്ത 122+35 ലൈസന്‍സിനു 12,386 കോടി രൂപക്ക് പകരം 1,52,038 കോടി രൂപ ലഭിക്കണമെന്നാണ് സി.ഏ.ജി യുടെ കണക്കു കൂട്ടല്‍. അതായത് വിപണി വില നിശ്ചയിച്ച് സ്പെക്ട്രം വില്‍ക്കാത്തതു കൊണ്ട് രാജ്യത്തിനു (152039-12386) കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. അതിന്റെ നേട്ടം മുഴുവന്‍ മൊബൈല്‍ സേവനം നടത്തുന്നതിനു ലൈസന്‍സ് നേടിയ സ്വകാര്യ സം‍രംഭകര്‍ക്കായിരുന്നു. അവര്‍ക്കുണ്ടായ നേട്ടം യാദൃശ്ചികമായിരുന്നില്ലാ, കരുതികൂട്ടി ചെയ്തു കൊടുത്തതാണെന്നതിനു തെളിവുകള്‍ ഹാജരാക്കുകയാണ് സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കൂടി ചെയ്തിരിക്കുന്നത്.

ഇനി സി.ഏ.ജി യുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലേക്ക്:-

പുതിയ ഭരണക്രമം നടപ്പാക്കിയതില്‍ പാളിച്ച.

പുതിയ ഭരണക്രമം - UASL - നടപ്പിലാക്കേണ്ടത് രണ്ട് ഘട്ടമായിട്ടാണല്ലോ. പുതിയ അപേക്ഷകരെ പരിഗണിക്കേണ്ടത് രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അവരില്‍ നിന്നും ഈടാക്കേണ്ട തുക നിര്‍ണ്ണയിക്കുന്നത് 2001ല് മൊബൈല്‍ സേവനത്തിനു ലൈസന്‍സ് നല്‍കിയപ്പോള്‍ അനുവര്‍ത്തിച്ചിരുന്ന അതേ നടപടി ക്രമങ്ങളില്‍ കൂടി, അതായത് ലേലം വിളിച്ച്, ആയിരിക്കണമെന്നു ട്രായി ശുപാര്‍ശ ചെയ്തിരുന്നു (ഒക്ടോബര്‍ 2003). എന്നാല്‍ ടെലികോം വകുപ്പ് നടപ്പാക്കിയത് അങ്ങനെയല്ല. 2001 ല് പുതിയതായി വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നു ലേലം വിളിച്ച് ഈടാക്കിയ അതേ തുക കൈപറ്റി പുതിയ ക്രമത്തിലുള്ള (UASL) ലൈസന്‍സുകള്‍ വിതരണം ചെയ്തു.

ഇക്കാര്യം ട്രായിയേയോ, ടെലികോം കമ്മീഷനെയോ, മന്ത്രിമാരുടെ എം‍പവേര്‍ഡ് ഗ്രൂപ്പിനേയോ അറിയിക്കുകയോ അവരുമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. കാരണം, 31-10-2003 ല് കൂടിയ കേന്ദ്ര മന്ത്രി സഭ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും ടെലികോം വകുപ്പിനു പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല എന്നു മാത്രമല്ല, മന്തി എ.രാജയുടെ അംഗീകാരത്തോടെ പുതിയ നടപടിക്രമം നടപ്പിലാക്കാന്‍ ടെലികോം വകുപ്പിനെ അധികാരപ്പെടുത്തുകയും ചെയ്തു. എണ്ട്രി ഫീസിന്റെ കാര്യത്തില്‍ ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ട്രായിയുടെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് (14-11-2003) ടെലികോം വകുപ്പ് അനുവര്‍ത്തിച്ച നടപടിക്രമം ശരിയാണെന്നു വാക്കാല്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അങ്ങനെയാണു രാജയുടേത് അവസാന വാക്കായി മാറിയത്.

രണ്ടാം ഘട്ടത്തില്‍ ലഭിച്ച പുതിയ അപേക്ഷകരില്‍ നിന്നും ഇത്തരത്തില്‍ ഒരു നിശ്ചിത തുക എണ്ട്രി ഫീസായി വാങ്ങിയാല്‍ മതിയെന്ന ട്രായിയുടെ ശുപാര്‍ശയൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്ന രേഖകളില്‍ സി.ഏ.ജി ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ അപേക്ഷകര്‍ക്ക് ലേലം ചെയ്താണു സ്പെക്ട്രം അനുവദിച്ച് നല്‍കേണ്ടതെന്നും, എണ്ട്രി ഫീസ്സായി നാമമാത്രമായ ഒരു തുക ഈടാക്കിയാല്‍ മതിയെന്നും ട്രായിയുടെ ശുപാര്‍ശകളില്‍ എഴുതി വച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരാന്‍ സാധ്യതയുള്ള അപേക്ഷകരുടെ കാര്യമേ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചിരുന്നില്ലെന്നും കണ്ടെത്തി. പക്ഷേ, കേന്ദ്രമന്ത്രി സഭയുടെ അധികാരപ്പെടുത്തലിന്റെ ബലത്തില്‍ മറ്റാരുടേയും ഉപദേശങ്ങള്‍ എന്താണെന്നു അന്വേഷിക്കാന്‍ മന്ത്രി രാജ തയ്യാറായില്ല.

31-10-2003 ലെ കേന്ദ്ര മന്ത്രിസഭാ യോഗം, സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 2006ല് ഒരു മന്ത്രി സഭാ സമിതി രൂപീകരിച്ചപ്പോള്‍ സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ഈ സമിതിയുടെ വിഷയ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ധന വകുപ്പിന്റെ നിര്‍ബന്ധം അവഗണിച്ചുകൊണ്ട് ടെലികോം വകുപ്പിന്റെ ആവശ്യ പ്രകാരം മന്ത്രി സഭാ സമിതിയുടെ പരിധിയില്‍ നിന്നും ഇക്കാര്യത്തെ ഒഴിവാക്കി കൊടുക്കുകയാണുണ്ടായത്. അങ്ങനെ സ്പെക്ട്രം മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ധനവകുപ്പിന്റെ ഇടപെടല്‍ ഒഴിവാക്കി, ലൈസന്‍സ് വിതരണം ചെയ്യുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധീനതയില്‍ നിര്‍ത്തി. ഇങ്ങനെ ധനവകുപ്പിനെ ഒഴിവാക്കിയ കാര്യം ടെലികോം മന്ത്രി എ.രാജ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ അറിവും സമ്മതത്തോടെയും ആണു കാര്യങ്ങള്‍ നടന്നു വരുന്നതെന്നുമാണ് ജൂലൈ 2010 ല് ടെലികോം വകുപ്പ് സി.ഏ.ജി യെ അറിയിച്ചിരിക്കുന്നത്.

സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധികാര പരിധിയില്‍ പെട്ടതാണെന്നുള്ള അവകാശവാദം ആദ്യം മുതലേ ധനമന്ത്രാലയം എതിര്‍ത്തിരുന്നു.


ടെലികോം വകുപ്പ് കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചു.

പുതിയ അപേക്ഷകരുടെ ആധിക്യം, ടെലികോം വകുപ്പിനു താങ്ങാനാവുന്നതില്‍ കൂടുതല്‍ ജോലി ഭാരം ഉണ്ടാക്കിയെന്നാണ് അവരുടെ പരാതി. പരിഹാരത്തിനു വേണ്ടിയാണു നിയമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞത്. അറ്റോര്‍ണി ജനറലിന്റെ ഉപദേശം വേണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന്റെ ഉപദേശം.

ഈ ഉപദേശം ടെലികോം മന്ത്രിക്ക് ഇഷ്ടമായില്ല. ‘അനവസരത്തിലുള്ളതായി പോയി’ ഈ ഉപദേശമെന്ന് അദ്ദേഹം വിധിയെഴുതി. അങ്ങനെ മന്ത്രിമാരുടെ ഉപസമിതിയില്‍ പ്രശ്നം ഉന്നയിക്കുന്നതിനെ മനപ്പൂര്‍വ്വം തുരങ്കം വച്ചു.

ഇങ്ങനെയുള്ള സമയങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു 1961 ലെ ബന്ധപ്പെട്ട നിയമ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. അതു പ്രകാരം:
  • ഏതെങ്കിലും സാമ്പത്തിക വിഷയങ്ങളില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാകണമെന്ന് ധനമന്ത്രിക്ക് അഭിപ്രായ ഉള്ള കേസുകളും ;
  • മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉള്ള കേസുകളും മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കി അവിടെ ഒരു തീരുമാനം ഉണ്ടാക്കേണ്ടതാണ്.

ഇതൊന്നും ചെയ്യാതെ ടെലികോം മന്ത്രാലയം തീരുമാനം സ്വയം എടുത്തു. ധനം, നിയമം എന്നീ മന്ത്രാലയങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ ധാരാളമായെന്നു ടെലികോം മന്ത്രി വിധിയെഴുതി. അവരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നില്ല. സ്പെക്ട്രം ലൈസന്‍സ് വിതരണം ടെലികോം മന്ത്രാലയത്തിന്റെ മാത്രം ആന്തരിക പ്രശ്നമാണെന്നും മറ്റു മന്ത്രാലയങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ആണ് ടെലികോം മന്ത്രി ഉത്തരവിട്ടത്. (മുന്നണിരാഷ്ട്രീയത്തിന്റെ ഒരു ശക്തി നോക്കണേ !!!)

സ്പെക്ട്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് നടപടികളെടുത്ത് ലൈസന്‍സ് വിതരണം ചെയ്യുകയാണു വര്‍ഷങ്ങളായി ടെലികോം വകുപ്പ് തുടര്‍ന്നു വരുന്ന പതിവ് (First Come First Served - FCFS). ആദ്യം ലൈസന്‍സ് നല്‍കാനുള്ള ഉദ്ദേശം അറിയിച്ചു കൊണ്ട് കത്തെഴുതും. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. ആ കത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് കഴിഞ്ഞാല്‍ (15 ദിവസത്തിനകം) ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വരുന്ന കാലതാമസം അപേക്ഷകരുടെ സീനിയാരിറ്റിയെ ബാധിക്കില്ല.

എന്നാല്‍ 2008 ജനുവരി 10 നു ടെലികോം വകുപ്പ് ഒരു പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. 25 സെപ്റ്റംബര്‍ 2007 വരെ അപേക്ഷിച്ചവര്‍ക്ക് പുതിയ ക്രമത്തിലുള്ള (UAS) ലൈസന്‍സുകള്‍ നല്‍കുവാനുദ്ദേശിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. വ്യവസ്ഥകള്‍ ആദ്യം പാലിക്കുന്നവര്‍ക്ക് ലൈസന്‍സ് വിതരണം എന്നു പ്രത്യേകം അറിയിപ്പുണ്ടായിരുന്നു. അപേക്ഷകള്‍ കിട്ടിയ മുറക്ക് എന്നതിനു പകരം വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് എന്ന് ടെലികോം മന്ത്രി സ്വയം എഴുതി ചേര്‍ത്ത നിബന്ധനയായിരുന്നു അത്. അവിടം കൊണ്ടും തീര്‍ന്നില്ല. പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ച് (2.45 PM) 45 മിനിട്ടുകള്‍ക്കൂള്ളില്‍ (3.30 PM) ടെലികോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റുന്നതിനു വേണ്ടി ഹാജരാകണമെന്നും നിഷകര്‍ഷിച്ചിരുന്നു.

21 കമ്പനികളില്‍ നിന്നുള്ള 232 അപേക്ഷകളാണ് ഇങ്ങനെ ഒന്നിച്ച് പരിഗണിച്ചത്. അതില്‍ 16 കമ്പനികളുടെ 121 അപേക്ഷകള്‍ ലൈസന്‍സിനു യോഗ്യത നേടി. ഇതിലും രസകരമായ കാര്യം, 120 അപേക്ഷകരും അന്നു തന്നെ ടെലിക്കോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റി. 78 അപേക്ഷകര്‍ കത്തില്‍ സൂചിപ്പിച്ചിരുന്ന വ്യവസ്ഥകളെല്ലാം അന്നു തന്നെ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവര്‍ അടുത്ത ദിവസവും. പലരും കോടിക്കണക്കിനു രുപയുടെ ബാങ്ക് ഗ്യാരണ്ടി (നേരത്തെ എടുത്തു കഴിഞ്ഞിരുന്നു) സഹിതമാണെത്തിയത്. കാര്യങ്ങളെല്ലാം നേരത്തേ അറിയേണ്ടവരെ അറിയിച്ചിരുന്നു എന്നതിനു ഇതിലപ്പുറം ഒരു തെളിവ് വേണോ.

30 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന അപേക്ഷകളെ 100-550 വരെ ദിവസങ്ങള്‍ കൈവശം വച്ചിരുന്ന ശേഷം ഒറ്റ ദിവസംകൊണ്ട് എല്ലാം കൂടി ഒരുമിച്ച് പരിഗണിച്ച്, ലൈസന്‍സ് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അറിയിപ്പ് കൈപ്പറ്റാന്‍ അപേക്ഷകര്‍ക്ക് ഒരു ദിവസവും വ്യവസ്ഥകള്‍ പാലിക്കാന്‍ അര ദിവസവും അനുവദിച്ചതില്‍ ദുരൂഹത ഉണ്ടെന്നു സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പ്രധാന മന്ത്രിക്ക് ഒരിക്കല്‍ എഴുതിയ കത്തിന്റെ ബലത്തില്‍, എല്ലാം പ്രധാനമന്ത്രിക്ക് അറിവുള്ളതാണെന്ന ന്യായ വാദമാണ് ടെലികോം മന്ത്രി തുടരെ തുടരെ സി.എ.ജി യെ അറിയിച്ചു കൊണ്ടിരുന്നത്.

ഒരു വകുപ്പ് മന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന തരത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പതിവില്ല. എന്നാല്‍ ഇവിടെ പലയിടങ്ങളിലും ടെലികോം മന്ത്രി നേരിട്ടിടപെട്ടെന്നു വെട്ടി തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ടെലികോം കമ്മീഷനെ അവഗണിച്ചു.

ധനം, വ്യവസായം, ഐറ്റി,പ്ലാനിംഗ് കമ്മിഷന്‍ എന്നീ വകുപ്പുകളുടെയും കൂടി സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു ഇന്‍ഡ്യയിലെ ടെലികോം കമ്മിഷന്‍. ആഗസ്റ്റ് 2007 ലെ ട്രായിയുടെ സുപ്രധാന ശുപാര്‍ശകള്‍ (ഏകീകൃത ലൈസന്‍സിംഗ് സംബ്രദായം) ഒന്നും തന്നെ ടെലിക്ക്കോം കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. അതുകൊണ്ട് തന്നെ ആ ശുപാര്‍ശകളുടെ ന്യായാന്യായങ്ങളെ പറ്റി ഒരു ചര്‍ച്ചയും ടെലിക്കോം കമ്മിഷനില്‍ നടത്താനുള്ള അവസരം ഉണ്ടായില്ല. മാത്രമല്ല വളരെ പ്രധാനപ്പെട്ട നാലു വകുപ്പുകളുടെ അനുഭവ സമ്പത്തും അവരുടെ സെക്രട്ടറിമാരുടെ വിലപ്പെട്ട അഭിപ്രായങ്ങളും ട്രായിയുടെ ശുപാര്‍ശകള്‍ക്ക് കിട്ടാതെ പോയി. അതു പോലെ 2008 ല് ടെലിക്കോം കമ്മിഷനുമായി ആലോചിക്കാതെയാണു 122 പുതിയ ലൈസന്‍സ് വിതരണം ചെയ്തത്. spetrum വിതരണ കാര്യത്തില്‍ മറ്റൊരു വകുപ്പിനേയും ഇടപെടുത്താന്‍ ടെലികോം വകുപ്പ് അനുവദിച്ചില്ലാ എന്നുള്ളതിന്റെ ഉദാഹരണമാണിത്.

എന്നാല്‍ നിയമ വകുപ്പിന്റെ ഉപദേശം തേടാന്‍ മടി കാണിച്ചില്ല. നാലു നിര്‍ദേശങ്ങള്‍ നിയമ വകുപ്പിന്റെ ഉപദേശത്തിനായി സമര്‍പ്പിച്ചു. ഇവയാണു ആ നിര്‍ദ്ദേശങ്ങള്‍:
  • അപേക്ഷകള്‍ വകുപ്പിനു ലഭിക്കുന്ന മുറയനുസരിച്ച് (First Come First Served - FCFS) അതിന്മേല്‍ നടപടിയെടുക്കണം.
  • 25-9-2007 ഓടു കൂടി അര്‍ഹമായ അപേക്ഷകര്‍ക്കെല്ലാം ലൈസന്‍സ് വിതരണം ചെയ്തിരിക്കണം.
  • 25-9-2007 വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കണം.
  • നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും മെച്ചപ്പെട്ട നടപടി ക്രമം ഉണ്ടെങ്കില്‍ അതും പരിഗണിക്കണം.

സെപ്റ്റമ്പര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിക്കാമെന്ന നിര്‍ദ്ദേശമാണു നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടത്. എന്നിട്ടോ, ഒക്ടോബര്‍ ഒന്നു വരെയുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുമെന്നു ടെലിക്കോം വകുപ്പ് പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 408 ഓളം പുതിയ അപേക്ഷകള്‍ അടുത്ത 8 ദിവസത്തിനുള്ളില്‍ വകുപ്പിനു ലഭിച്ചു. പക്ഷേ, ടെലികോം മന്ത്രി ഇടപെട്ട് സെപ്റ്റംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയം പ്രത്യേകം രൂപികരിക്കപ്പെട്ട മന്ത്രിസമിതിയുടെ പരിഗണനക്ക് വിടണമെന്ന നിയമ മന്ത്രിയുടെ ഉപദേശത്തെ അവഗണിച്ചു.

പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു.

ദുര്‍ലഭമായ സ്പെക്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്ത് 2007 നവമ്പര്‍ 2 നു പ്രധാന മന്ത്രി ടെലികോം വകുപ്പിന്റെ പരിഗണനക്കായി വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കുറിപ്പ് അയച്ചു:
(i) introduction of a transparent methodology of auction, wherever
legally and technically feasible and
(ii) revision of entry fee, which is currently bench marked on an old figure.

ഇക്കാര്യത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഞാന്‍ അതേ പടി പകര്‍ത്തുന്നു:

“the issue of auction of spectrum was considered by the TRAI and the Telecom Commission and was not recommended as the existing licence holders who are already having spectrum up to 10
MHz per Circle have got it without any spectrum charge. It will be unfair, discriminatory,
arbitrary and capricious to auction spectrum to new applicants as it will not give them
level playing field.

I would like to bring it to your notice that DoT has earmarked totally 100 MHz in 900 MHz
and 1800 MHz bands for 2G mobile services. Out of this, so far a maximum of about 35 to
40 MHz per Circle has been allotted to different operators and being used by them. The
remaining 60 to 65 MHz, including spectrum likely to be vacated by Defence Services, is still
available for 2G services.

Therefore, there is enough scope for allotment of spectrum to few new operators even
after meeting the requirements of existing operators and licensees. An increase in number
of operators will certainly bring real competition which will lead to better services and
increased teledensity at lower tariff. Waiting for spectrum for long after getting licence is
not unknown to the Industry and even at present Aircel, Vodafone, Idea and Dishnet are
waiting for initial spectrum in some Circles since December 2006”.

അതായത് വകുപ്പ് മന്ത്രി പ്രധാന മന്ത്രിക്ക് അയച്ച കത്തിലെ ഉള്ളടക്കം വസ്തുതക്ക് നിരക്കുന്നതല്ലായിരുന്നു എന്നു സാരം.

ഒരു വകുപ്പ് മന്ത്രി തന്റെ പ്രധാന മന്ത്രിക്ക് അയക്കുന്ന കത്തിന്റെ ഉള്ളടക്കം ശരിയാണോ എന്ന് കൂടി പരിശോധിക്കാനുള്ള സം‍വിധാനം ഉണ്ടാക്കേണ്ട ഗതികേട് കൂട്ട് മുന്നണിയെ നയിക്കുന്ന ഒരു പ്രധാന മന്ത്രിക്കുണ്ടാകുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

ഏതായാലും ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ടെലികോം മന്ത്രിയുടെ കത്തിന്റെ നിജസ്ഥിതിയൊന്നും അന്വേഷിക്കാന്‍ പോയില്ല. ഒരു കത്തയച്ചു, അതിനു ഉടന്‍ മറുപടിയും കിട്ടി. അത്ര തന്നെ. ഒരു മുന്നണി മന്ത്രി സഭ തട്ടി കൂട്ടി ഭരണം തുടങ്ങാന്‍ പെട്ട പാട് അദ്ദേഹം ഓര്‍മ്മിച്ച് കാണും.

യോഗ്യത ഇല്ലാത്തവര്‍ക്ക് ലൈസന്‍സ്

2008 ല് 13 കമ്പനികള്‍ക്കായി വിതരണം ചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിനു ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഇല്ലായിരുന്നു എന്ന് സി.ഏ.ജി. കണ്ടെത്തി.

ആ കമ്പനികളുടെ പേരുകള്‍ താഴത്തെ ടേബിളില്‍ കൊടുത്തിരിക്കുന്നു.



ഒരു കമ്പനി എന്ത് ബിസിനസ്സ് ചെയ്യാനാണു രൂപീകരിച്ചിരിക്കുന്നതെന്ന് അതിന്റെ മെമൊറാണ്ടം ഒഫ് അസ്സോസിയേഷനിലാണു നിര്‍വചിച്ചിരിക്കുന്നത്. അത് കമ്പനി രജിസ്ട്രാര്‍ അംഗീകരിച്ചതും ആയിരിക്കണം.മൊബൈല്‍ ഫോണ്‍ സേവനം നല്‍കാനുള്ള ലൈസന്‍സിനു വേണ്ടി അപേക്ഷിച്ച ഈ കമ്പനികളില്‍ പലതും റീയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ടെലികോം സംബന്ധിയായ വ്യപാരമാണ് ചെയ്യുന്നതെന്നു അതിന്റെ മെമൊറാണ്ടത്തില്‍ എഴുതി വച്ചിരുന്നത് കളവായിരുന്നു. യഥാര്‍ത്ഥത്തില്‍ മെമൊറാണ്ടത്തില്‍ മാറ്റം വരുത്താനുള്ള അപേക്ഷ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ സേവനത്തിനു ടെലികോം വകുപ്പില്‍ നല്‍കിയ അപേക്ഷ തള്ളിപ്പോകാതിരിക്കാനായി കളവ് എഴുതി പിടിപ്പിച്ച അപേക്ഷകളായിരുന്നു അവയെല്ലാം. ടെലികോം വകുപ്പ് അതൊന്നും കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച് അവര്‍ക്കെല്ലാം മൊബൈല്‍ സേവനം നടത്താന്‍ ലൈസന്‍സ് നല്‍കി.

മറ്റു ചില കമ്പനികളുടെ മെമോറാണ്ടത്തിനു വരുത്തിയ മാറ്റങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണു കമ്പനി രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ആ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലായിരുന്നു എന്ന വസ്തുത ടെലികോം വകുപ്പ് അവഗണിച്ചു.

സേവന മേഖലക്ക് അനുസൃതമായ ‘അടച്ചു തീര്‍ത്ത‘ മൂലധനം (Paid up Capital) ഉണ്ടായിരിക്കണമെന്നത് ടെലികോം വകുപ്പിന്റെ നിബന്ധനകളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ 85 ലൈസന്‍സുകള്‍ നേടിയെടുത്ത 13 കമ്പനികള്‍ക്കും ടെലികോം നിഷ്കര്‍ഷിച്ചിരുന്ന തുക ‘അംഗീകൃത മൂലധനമായി’ (Authorised Capital) പോലും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇത്രയും ‘അടച്ചു തീര്‍ത്ത‘ മൂലധനം ഉണ്ടാകുന്ന പ്രശ്നമേയില്ല. അവരെല്ലാം ടെലികോമില്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമാണ് അവരുടെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയത്.

ഇതില്‍ എടുത്ത് പറയേണ്ടത്, ഒരു കമ്പനി അതിന്റെ അടച്ച് തീര്‍ത്ത മൂലധനം 10 കോടി രൂപയെന്നു കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കമ്പനിക്ക് വെറും അഞ്ചു ലക്ഷം രൂപ മാത്രമേ മൂലധനമായി അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. കമ്പനി നിയമം അനുസരിച്ച് മൂലധനം വര്‍ധിപ്പിക്കാനായി പ്രമേയം പാസ്സാക്കി മൂന്നു മാസത്തിനകം ഈ മാറ്റങ്ങള്‍ വരുത്തിയതായുള്ള സര്‍ട്ടിഫിക്ക്റ്റ് കമ്പനി രജിസ്ട്രാറില്‍ നിന്നും കിട്ടിയിരിക്കണം. അതു പോലും നേടാത്തവര്‍ക്കാണ് ഇവിടെ വിവാദ ലൈസന്‍സുകള്‍ വിതരണം ചെയ്തിരിക്കുന്നത്.

Datacom Solutions Private Limited (later changed to Videocon Telecommunications Limited): ഈ കമ്പനിയുടെ മൂലധനം, 28-7-2007 നുള്ള അപേക്ഷ പ്രകാരം, ഒരു ലക്ഷം മാത്രമായിരുന്നു. എന്നാല്‍ നവമ്പര്‍ 2007 നു വീഡീയോകോണ്‍ മറ്റൊരു മെമൊറാണ്ടത്തിന്റെ പകര്‍പ്പ് കൊടുത്തു. ആദ്യത്തേത് പുതുക്കിയിരുന്നെന്നും , പുതുക്കിയത് പ്രകാരം മൂലധനം 150 കോടി രൂപയാണെന്നു അവകാശപ്പെട്ടു. ഇവര്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചതിന്റെ തലേദിവസം ജനറല്‍ ബോഡി കൂടി പ്രമേയം പാസ്സാക്കിയതാണു പുതിയ 150 കോടി രൂപയുടെ മൂലധനം. കമ്പനി നിയമം അനുസരിച്ച് മൂലധം വര്‍ദ്ധിപ്പിക്കാന്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞ് പല നടപടി ക്രമങ്ങളും കഴിഞ്ഞേ പുതിയ മൂലധനം പ്രാബല്യത്തില്‍ വരുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ദിവസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാനുള്ള സമയം ഇല്ലെന്നുള്ളത് വ്യക്തമാണു. വീഡിയോകോണ്‍ കമ്പനിയുടെ അവകാശ വാദങ്ങളെല്ലാം വെറും കള്ളമായിരുന്നു എന്നും വ്യക്തം.

S Tel Private Limited എന്ന കമ്പനി അതിന്റെ മൂലധനം പത്ത് ലക്ഷത്തില്‍ നിന്നും 18 കോടിയിലോട്ട് വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനി രജിസ്ട്രാറോട് അപേക്ഷിച്ചത് മൊബൈല്‍ സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ടെലികോമില്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ്. അവരുടെ അപേക്ഷയില്‍ കാണിച്ചിരുന്ന മൂലധനം തെറ്റാണ്. അപേക്ഷ നിരസിക്കേണ്ടതായിരുന്നു.

Swan Telecom Private Limited (changed to Etisalat DB Telecom Private Limited)
ഈ കമ്പനി അതിന്റെ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന ഓഹരി ഘടന താഴെ കാണും വിധമായിരുന്നു.

അതായത് 9.81+0.91=10.71% ഓഹരികള്‍ റലയന്‍സ് ടെലികോമിന്റെ ഉടമസ്ഥതയിലായിരുന്നു. ഈ അപേക്ഷകന്‍ (സ്വാന്‍ ടെലിക്കോം) ആവശ്യപ്പെട്ടിരുന്ന മൊബൈല്‍ സേവന മേഖലയിലെല്ലാം റലയന്‍സ് ടെലികോം മൊബൈല്‍ സേവനം നടത്തുന്നവരായിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, റലയന്‍സ് ടെലികോമിനു ആകെ ഓഹരിയുടെ 10% ത്തില്‍ താഴെ മാത്രമേ ഓഹരികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണു നിബന്ധന. ഇവിടെ ആ നിബന്ധന ലംഘിക്കപ്പെട്ടിരുന്നു. അപ്പോഴേ അപേക്ഷ നിരസ്സിക്കേണ്ടതായിരുന്നു.

ഈ കമ്പനിയുടെ ഓഹരി ഘടന പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സം‍വിധാനമൊന്നും ടെലികോം വകുപ്പിനില്ല. അതുകൊണ്ട് കമ്പനി അഫയേര്‍സ് മന്ത്രാലയത്തിന്റെ ഉപദേശം തേടുകയായിരുന്നു വേണ്ടിയിരുന്നത്. അതു ചെയ്തില്ല. പകരം, ഡിസംബര്‍ 2007 ല് അതായത് അവര്‍ അപേക്ഷ നല്‍കി 9 മാസം കഴിഞ്ഞ്, അപേക്ഷ പുതുക്കുവാന്‍ അവസരം നല്‍കി. പുതുക്കിയ അപേക്ഷ പ്രകാരം റലയന്‍സ് ടെലികോമിനു ഈ കമ്പനിയില്‍ ഒരോഹരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പുതുക്കിയ അപേക്ഷ മുന്‍കാല പ്രാബല്യത്തോടെ, അതായത് മാര്‍ച്ച് 2007 ല് കിട്ടിയതായി, പരിഗണിച്ചു. ഇങ്ങനെ പരിഗണിച്ചില്ലായിരുന്നെങ്കില്‍ ഇവരുടെ അപേക്ഷ ഡിസംബര്‍ 2007ല് കിട്ടിയതായി കണക്കാക്കേണ്ടി വരുമായിരുന്നു. അപേക്ഷ് സ്വീകരിച്ച അവസാനദിവസം 25-09-2007 ആണു. അപ്പോഴും ഈ അപേക്ഷ തള്ളിക്കളയേണ്ടി വരുമായിരുന്നു.

ഇനിയും തെളിവുകള്‍ ഉണ്ടായിരുന്നു. അപേക്ഷ പ്രകാരം സ്വാന്‍ ടെലികോമുമായി സമ്പര്‍ക്കപ്പെടേണ്ടയാളിന്റെ ഈ-മെയില്‍ ഐഡി: hari.nair@relianceada.com എന്നായിരുന്നു. റലയന്‍സിനോ, അനില്‍ അമ്പാനിക്കോ, അയാളുടെ കുടുമ്പത്തിനോ സ്വാന്‍ ടെലികോമില്‍ യാതൊരു താല്പര്യവും ഇല്ലെന്ന ഹരി നായരുടെ പിന്നീടുള്ള കത്തുകള്‍ മുഖവിലക്ക് എടുക്കാന്‍ കഴിയില്ലെന്നാണു സി.ഏ.ജിയുടെ വാദം.

ഏതു വിധേനയായാലും ഈ കമ്പനിക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കുവാന്‍ അര്‍ഹതയില്ലായിരുന്നു എന്ന് സി.ഏ.ജി അടിവരയിട്ട് പറയുന്നു.

റലയന്‍സ്, റലയന്‍സ്, റലയന്‍സ് മയം
റല്‍യന്‍സ് കമ്മൂണിക്കേഷന്‍സ്, റ്റാറ്റാ ടെലി സര്‍വ്വീസസ്, ശ്യാം ടെലിലിങ്ക്, എച്ച്.എഫ്.സി.എല്‍ ഇന്‍ഫൊടെല്‍ എന്നീ നാലു കമ്പനികള്‍ സി.ഡി.എം.എ സാങ്കേതിക രീതിയിലാണ് മൊബൈല്‍ സേവനം നല്‍കി വന്നിരുന്നത്. ജി.എസ്.എം സാങ്കേതിക രീതിയില്‍ കൂടി സേവനം വ്യപിപ്പിക്കാനായി ഇവരില്‍ ആദ്യത്തെ മൂന്നു പേരും കൂടുതല്‍ സ്പെക്ട്രത്തിനു വേണ്ടി 2006 ല് അപേക്ഷിച്ചിരുന്നു. അന്നു ഇങ്ങനെയൊരു ചിന്തയേ ടെലികോം വകുപ്പിനു ഇല്ലായിരുന്നു എന്നു ഓര്‍ക്കുക.

ട്രായിയുടെ ശുപാര്‍ശയോടെ 17 ഒക്ടോബര്‍ 2007 ല് ഒരു സേവന ദാദാവിനു സി.ഡി.എം.ഏ + ജി.എസ്.എം തരത്തിലുള്ള സേവനം നടത്തുവാനുള്ള അനുവാദം കൊടുക്കാന്‍ ടെലികോം വകുപ്പ് തീരുമാനമെടുത്തു. അതറിയിച്ചുകൊണ്ട് ഒക്ടോബര്‍ 19, 2007 ല് ടെലികോം വകുപ്പ് പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തിയതിന്റെ തലേന്നു തന്നെ (18-10-2007) റലയന്‍സ്, ശ്യാം, എച്ച്.എഫ്.സി.എല്‍ എന്നിവര്‍ക്ക് അവര്‍ 2006ല് സമര്‍പ്പിച്ചിരുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ‘തത്വത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള’ ലൈസന്‍സ് നല്‍കി കഴിഞ്ഞിരുന്നു. ഈ ധൃതി വിവരമറിഞ്ഞ് അപേക്ഷയും കൊണ്ട് 19-10-2007 നു ഓടിവന്ന റ്റാറ്റാ ടെലികോമിനോട് കാണിച്ചില്ല. ജനുവരി 2008 വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നെയും അപേക്ഷകര്‍ ഉണ്ടായിരുന്നു. രണ്ടരകൊല്ലം കഴിഞ്ഞിട്ടും അവര്‍ക്ക് ഈ ലൈസന്‍സ് കിട്ടുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

സര്‍ക്കാരിലേക്ക് അടക്കേണ്ട 1645 കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് വാങ്ങിയത് റലയന്‍സ് ടെലികോമിന്റെ സഹോദര സ്ഥാപനമായ റലയന്‍സ് ഇന്‍ഫോകോം ആണു. നിയമത്തിനെതിരാണെങ്കിലും, റലയന്‍സ് ടെലികോമിന്റെ പേരില്‍ ടെലികോം വകുപ്പ് അതും 19-10-2007 തന്നെ സ്വീകരിച്ചു.

ചുരുക്കത്തില്‍, 20 സേവന മേഖലകളില്‍ 2ജി. സ്പെക്ട്രം ഉപയോഗിച്ച് തുടങ്ങാനുള്ള അവകാശം റലയന്‍സ് ടെലികോം , സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച അന്നു തന്നെ നേടിയെടുത്തു.

ഏതൊരു സേവന ദാദാവും, ഒരു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. അക്കാര്യം നീതി പൂര്‍വ്വം നടത്തുവാനാണ് First Come Fist Served എന്ന തത്വം കീഴ്വഴക്കമാക്കിയത്. ഇവിടെ രണ്ട് തരത്തിലുള്ള സേവനം (CDMA+GSM) ഒരേ സേവന ദാദാക്കള്‍ക്കു അനുവദിക്കാനുള്ള ചിന്ത പോലും സര്‍ക്കാരിനു മുന്നില്‍ ഇല്ലായിരുന്ന സമയത്ത് (2006) നല്‍കിയിരുന്ന അപേക്ഷ പരിഗണിച്ച് റലയന്‍സ് ടെലികോമിനു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി അനുവദിച്ചു. കൂടെ അപേക്ഷിച്ചിരുന്ന എച്ച്.എഫ്.സി.എല്‍ നു സെപ്റ്റംബര്‍ 2008 ലും ശ്യാം ടെലി ലിങ്കിനു ഡിസംബര്‍ 2008 ലും മാത്രമേ സേവനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയുള്ളൂ.

അതു പോലെ ഡല്‍ഹിയില്‍ റലയന്‍സിനു ജനുവരി 2008 ല് ജി.എസ്.എം സേവനം തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും, കൂടെ അപേക്ഷിച്ചിരുന്ന ഡേറ്റാകോം, യൂണിടെക്, സ്പൈസ്, റ്റാറ്റാ എന്നിവര്‍ക്ക് സെപ്റ്റംബര്‍ 2010 വരെ ലൈസന്‍സ് നല്‍കിയിട്ടില്ല.

ചട്ടങ്ങളേയും കീഴ്വഴക്കങ്ങളേയും കാറ്റില്‍ പറത്തിയ പ്രധാനപ്പെട്ട ഈ കാര്യങ്ങളൊന്നും മന്ത്രി സഭയുടെ ചര്‍ച്ചക്കോ അംഗീകാരത്തിനോ ഇതു വരെ വിധേയമാക്കിയിട്ടില്ലെന്നും സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വാന്‍ ടെലികോം - അഥവാ റലയന്‍സ് ടെലികോം.

പഞ്ചാബ്, മഹാരാഷ്ട്ര എന്നി സേവന മേഖലകളിലെ സ്പെക്ട്രം വിതരണത്തിന്റെ കഥയാണിത്. പഞ്ജാബില്‍ ജി.എസ്.എം രീതിയിലുള്ള മൊബൈല്‍ സേവനത്തിനു വേണ്ടി 15 MHz സ്പെക്ട്രം കൂടി 2008 ല് വിതരണത്തിനു തയ്യാറായി. അപേക്ഷിച്ച മുറക്കുള്ള മൂന്നു അപേക്ഷകരുടെ ആവശ്യത്തിനേ ഇത് തികയൂ. HFCL, IDEA, UNITECH എന്നിവരാണു ആ ഭാഗ്യവാന്മാര്‍. നാലാമത്തേത് SWAN.

IDEA ക്ക് ലൈസന്‍സ് കൊടുത്തില്ല. കാരണം, അവര്‍ SPICE മായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നു കഴിഞ്ഞു. നിബന്ധനകളനുസരിച്ച്, രണ്ട് സേവന ദാദാക്കള്‍ ഒന്നിച്ച് ചേരുന്നത് ടെലികോം വകുപ്പ് അംഗീകരിച്ചു കഴിഞ്ഞാല്‍, മൂന്നു മാസത്തിനകം അവര്‍ ഒന്നിച്ച് കൂടി സ്പെക്ട്രം വിതരണത്തിനു വേണ്ടുന്ന മാന ദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രമാണു. പക്ഷേ IDEA ക്ക് ഇതിനുള്ള അവസരം കൊടുത്തില്ല. പകരം നാലാമത്തെ അപേക്ഷകരായ SWAN നിനു ലൈസന്‍സ് കൊടുത്തു.

ഇതു തന്നെയാണു മഹാരാഷ്ട്രയിലും സംഭവിച്ചത്. ഒന്നാമത്തെ അപേക്ഷകരായ SPICE നെ, IDEA യുമായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്നും പുറത്താക്കി. പകരം SWAN നു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി (Start-up spectrum) അനുവദിച്ചു. അങ്ങനെ രണ്ടിടത്തും SWAN നിനാണു ഭാഗ്യക്കുറി വീഴ്ത്തിയത്.

ആരാണു ഈ SWAN എന്നു കുറച്ചു കൂടി വിശദമാക്കിയാലേ സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടൂ.

രണ്ട് പേരാണു സ്വാന്‍ ടെലികോമിന്റെ ഓഹരി ഉടമസ്ഥര്‍. 89.29% ഓഹരികളുടെ ഉടമയായ Tiger Traders - ഉം , വെറും 10.71% ഓഹരികളുടെ ഉടമയായ റലയന്‍സ് ടെലികോമും. ഓഹരിയുടെ മൂല്യം കണക്കാക്കുമ്പോഴാണ് കള്ളി പുറത്താകുന്നത്. 10.71% ഓഹരികളേ ഉള്ളൂ എങ്കിലും അതിന്റെ വിപണി വില അന്നു 1002.7930 കോടി രൂപയായിരുന്നു. അതേ സമയം 89.29% ഓഹരികളുടെ ഉടമയായ ടൈഗര്‍ ടെലികോമിന്റെ ഓഹരി മൂല്യം 98.2190 കോടി രൂപ മാത്രം. അതായത് ടൈഗര്‍ ട്രേഡേര്‍സ് എന്നത് റലയന്‍സിന്റെ ഒരു ബിനാമി കമ്പനി. കൂടാതെ സ്വാന്‍ കമ്പനിക്ക് തന്റെ സ്വന്തം സ്ഥാപനത്തില്‍ ഉള്ള മൂലധന നിക്ഷേപം വെറും 1 ലക്ഷം രൂപ.

പഞ്ചാബിലും, മഹാരാഷ്ട്രയിലും മൊബൈല്‍ സേവനം നടത്തി വരുന്നവരാണ് ഈ റലയന്‍സ് ടെലികോം. നിബന്ധനകളനുസരിച്ച് ഒരു സ്ഥലത്ത് സേവനം നടത്തികൊണ്ടിരിക്കുന്ന കമ്പനിയോ അതിന്റെ ബിനാമിയോ അതേ സ്ഥലത്ത് വീണ്ടും ഒരു ലൈസന്‍സിനു അപേക്ഷിക്കാന്‍ പാടില്ല. ആ കാരണം കൊണ്ടു തന്നെ SWAN എന്ന കമ്പനിയുടെ അപേക്ഷ തള്ളിക്കളയേണ്ടതായിരുന്നു. അതിനു പകരം, ടെലികോം വകുപ്പ് സ്വാനിന്റെ അപേക്ഷ തിരിയെ കൊടുത്ത് പുതിയ ഒരെണ്ണം (തീയതി പഴയതു തന്നെ) വാങ്ങി. പുതുക്കിയ അപേക്ഷയില്‍ സ്വാനിന്റെ ഓഹരി ഉടമകളുടെ ലിസ്റ്റില്‍ റലയന്‍സ് ടെലികോമിന്റെ പേരേ ഇല്ല. മുഴുവന്‍ ഓഹരികളും അപേക്ഷ തിയതിയുടെ തലേന്നു പ്രത്യേക മീറ്റിംഗ് കൂടി പിന്‍‍വലിച്ചു എന്നാണ് അറിയിച്ചത്.

വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്പെക്ട്രം..

അനുവദിച്ച സ്പെക്ട്രത്തിന്റെ അതിരുകള്‍ ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. എന്നാല്‍ 9 ലൈസന്‍സികള്‍ക്ക്

ലൈസന്‍സും പ്രകാരം അന്‍നവദിച്ചതിലും കൂടുതല്‍ സ്പെക്ട്രം ഉപയോഗിക്കുവാന്‍ ടെലികോം വകുപ്പ് അനുവദിച്ചതായി സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വേണ്ടത്ര സ്പെക്ട്രത്തിന്റെ അഭാവമാണ് ലൈസന്‍സ് നല്‍കുവാന്‍ കാലതാമസം എന്നു പറഞ്ഞ് ധാരാളം അപേക്ഷകള്‍ കെട്ടിവച്ചിരിക്കുന്ന സമയത്താണ് നിലവിലുള്ള സേവന ദാദാക്കള്‍ക്ക് കുടുതല്‍ സ്പെക്ട്രം നല്‍കി കൊണ്ടിരുന്നത്.

കൂടുതല്‍ കൊടുത്ത സ്പെക്ട്രത്തിന്റെ വിപണി വിലയോ മറ്റേതെങ്കിലും തരത്തിലുള്ള ഫീസോ അവരില്‍ നിന്നും ഇടാക്കിയിട്ടില്ല. 2007 ല് സി.ഡി.എം.എ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ജി.എസ്.എം. രീതിയില്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ അവരില്‍ നിന്നും ഈടാക്കിയ തുക അനുസരിച്ച് ഏറ്റവും കൂറഞ്ഞത് 2561 കോടി രൂപയെങ്കിലും ഇവരില്‍ നിന്നും ഈടാക്കേണ്ടതായിരുന്നു എന്നു സി.ഏ.ജി കണക്കാക്കുന്നു.

ലൈസന്‍സില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പെക്ട്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരില്‍ നിന്നും ട്രായിയുടെ മേയ് 2010 ലെ ശുപാര്‍ശപ്രകാരം ഈടാക്കാവുന്ന തുക 36993 കോടി രൂപയാണെന്നും കണക്കാക്കിയിരിക്കുന്നു.

ഇതൊക്കെ സാംങ്കല്‍പ്പിക നഷ്ടമാണെന്നാണ് രാജി വച്ച മന്ത്രി രാജയുടെ പാര്‍ട്ടി (ഡി.എം.കെ) വാദിക്കുന്നത്. എന്നാല്‍ ഈ മന്ത്രി അല്പമൊന്നു മനസ്സ് വച്ചിരുന്നുവെങ്കില്‍ ഈ തുകയത്രയും രാജ്യത്തിന്റെ ഖജനാവില്‍ എത്തിക്കാമായിരുന്നു എന്നതല്ലേ സത്യം

പ്രവര്‍ത്തനം തുടങ്ങാതെ സ്പെക്ട്രം പൂഴ്ത്തി വച്ചു.

2008 ല് അനുവദിച്ച 122 ലൈസന്‍സുകളില്‍ 85 എണ്ണവും മൊബൈല്‍ സേവനമേഖലയില്‍ പുതു മുഖങ്ങളായ 6 കമ്പനികള്‍ക്കായിരുന്നു:

  1. Unitech brand name Uninor,
  2. Swan name changed to Etisalat,
  3. Allianz since merged with Etisalat,
  4. Shipping Stop Dot Com name changed to Loop Telecom,
  5. Datacom name changed to Videocon and
  6. S‘ Tel.

ലൈസന്‍സ് നിബന്ധനകളനുസരിച്ച്, മെട്രോ മേഖലകളിലെ 90% സ്ഥലത്തും, ഡിസ്ട്രിക്ട് ഹെഡ് ക്വര്‍ട്ടേര്‍സുകളില്‍ 10% സ്ഥലത്തും 12 മാസത്തിനകം സേവനം തുടങ്ങണമായിരുന്നു. എന്നാല്‍ ഡിസംബര്‍ 2009 വരെ ഇവരാരും തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതു കൊണ്ട് ടെലികോം വകുപ്പിനു 2008-09, 2009-10 കൊല്ലങ്ങളില്‍ ഇവരില്‍ നിന്നും ഒരു വരുമാനവും കിട്ടിയില്ല. കരാറും പ്രകാരമുള്ള നഷ്ടപരിഹാരമോ, പെനാല്‍റ്റിയോ ഈടാക്കിയതുമില്ല. അക്കണക്കിലും 679 കോടി രൂപ രാജ്യത്തിനു നഷ്ടപ്പെട്ടു. ദുര്‍ലഭമായ പ്രകൃതി സ്വത്ത് (സ്പെക്ക്ട്രം) ആര്‍ക്കും പ്രയോജനപ്പെടുത്താതെ പൂഴ്ത്തി വച്ചതുമാത്രം മിച്ചം.

ഇതൊക്കെയാണ് രാജ്യത്തിനു നഷ്ടമുണ്ടാക്കാന്‍ കാരണങ്ങളെന്നു സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തിരുപതു ദിവസമായി ഈ കുംഭകോണം സംബന്ധിച്ച് വിവാദങ്ങളുമായി പാര്‍ലമെന്റ് സ്ഥംഭിച്ചിരിക്കുന്നു. സി.ഏ.ജിയുടെ റീപ്പോര്‍ട്ട് പരിശോധനക്കായി ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ പി.ഏ.സി. യെ ഏള്‍പ്പിച്ചുകഴിഞ്ഞു. സുപ്രിം കോടതി, സി.വി.സി യെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ പുതിയതായി ചുമതലയേറ്റ സി.വി.സി, ശ്രീ.പി.ജെ.ജോസഫിനെ സ്പെക്ട്രം അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  അദ്ദേഹം പണ്ട്, കേരളത്തിലെ ഫൂഡ് സെക്രട്ടറിയായിരുന്ന കാലത്ത് ഉണ്ടായ ‘പാമൊലിന്‍‘ കേസില്‍ പത്താം പ്രതിയാണു. ഇതു വരെ കേസ് വിധിയായിട്ടില്ല. അതിനാല്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്ന ഒരു പ്രതി, മറ്റൊരു കേസന്വേഷണത്തിന്റെ തലപ്പത്തിരിക്കുന്നതില്‍ അനൌചിത്യം ഉണ്ടെന്നാണു സംസാരം. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉടന്‍ തന്നെ തീര്‍പ്പ് കല്പിച്ചേക്കും. ഏതായാലും ഇതൊക്കെ പ്രഹസനമാണെന്നാണു പ്രതിപക്ഷം കരുതുന്നത്. അവർക്ക് ജെ.പി.സി. അന്വേഷണം തന്നെ നടത്തണം.


[ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട്]

Wednesday, July 28, 2010

പൊതുമരാമത്തും KSTP യും -

അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ  92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002  നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു.

പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക  15.2.2 ഭുമി ഏറ്റെടുക്കുന്നതിനു  മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. 

എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു  കൈമാറിയത് 2006  ജൂന്നോട്  കൂടിയാണ്.  2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.

കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന്‍ ച്ചുംമാതിരുന്നില്ല. ഭുമി സമയത്തിന് കൈമാറ്റം  ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ  വേണമെന്നായി.   തര്‍ക്കമായി. സംഗതി  ആര്‍ബിട്രേഷന്  വിടേണ്ടി വന്നു. ആര്ബിട്രേറ്റര്‍  കരാറുകാരന് 2.86 കോടി രൂപയും അതിന്മേല്‍ പലിശയും കൊടുക്കാന്‍  2007   ഒക്ടോബറില്‍ ഉത്തരവിട്ടു. എല്ലാം കുടി  2.99  കോടി  രൂപ  ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക്‌ ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.

നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ്‌ ഐസക്) KSTP    ഇടപാടില്‍  700  കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്‌) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.  ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് .  

ആധാരം: സി.ഏ.ജി റിപോര്ട്ട്
കടപാട്: വിവരാവകാശ നിയമം.