Friday, May 21, 2010

ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം - GeoKAMS

ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായത് എങ്ങനെയെന്നു വിശദീകരിക്കുകയാണീ പോസ്റ്റിൽ.

GeoKAMS (Geographical Kerala Accident Management System) അഥവാ “ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം“ എന്നത്  തിരുവനന്തപുരം ടെക്നോപാർക്കിലുള്ള IBS Services വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറാണ്. ലോക ബാങ്കിന്റെ സഹായത്തോടെ 18.5 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിനു വേണ്ടി (Under Kerala State Transport Project - KSTP) വികസിപ്പിച്ചെടുത്തത് , 2004-ൽ.

ട്രാഫിക് എൻഫോർസ്മെന്റ് പരിപാടികളുടേ വികസനത്തിനു ഉപകരിക്കുന്ന വിധത്തിൽ ട്രാഫിക്-അപകടങ്ങളുടെ ഒരു ഡേറ്റാ ബാങ്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പരിപാടിയുടെ (Modernising Government Porgramme -MGP) ഭാഗമായി തെരഞ്ഞെടുത്ത 57 പോലീസ് സ്റ്റേഷനുകളിലാണു ഈ സോഫ്റ്റ്വെയർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു.  GPS/GIS integration ഇതിന്റെ പ്രത്യേകതയുമായിരിക്കും.

57 പോലീസ്റ്റ് സ്റ്റേഷനുകളിലും ഇതിനു വേണ്ടുന്ന കമ്പ്യൂട്ടറുകൾ വാങ്ങി നൽകി.  ആവശ്യം വേണ്ടുന്ന പോലീസ്സ് ഉദ്ദ്യോഗസ്ഥർക്കെല്ലാം ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി. വിവരം ശേഖരിക്കുവാനായി ഏതാണ്ട് 3 ലക്ഷത്തോളം ഫാറങ്ങൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കി. സമീപ ഭാവിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട ഒരു പദ്ധതിയാണെന്നും തീരുമാനിച്ചു.

മേല്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയതെങ്ങനെയെന്നു സി.ഏ.ജി യുടെ പരിശോധനയിൽ കണ്ടെത്തിയത് എന്തെന്നാൽ:

  • 2004 ലാണു ഈ സോഫ്റ്റ്വെയർ വാങ്ങിയത്.
  • തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ സ്ഥാപിച്ചു. 57 എം.ജി.പി പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 44 എം.ജി.പി പോലീസ് സ്റ്റേഷനുകളിലും മൂന്നു സിറ്റി ട്രാഫിക് സ്റ്റേഷനുകളിലും മാത്രമാണു സ്ഥാപിച്ചത്.
  • 3 ലക്ഷം അപകട റിപ്പോർട്ട് ഫാറങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഡേറ്റാ ബാങ്കിലേക്ക് വേണ്ടിയാകുമ്പോൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ഏകീകൃത സ്വഭാവം വേണമല്ലോ. അതുകൊണ്ടാണു നിശ്ചിത ഫോർമാറ്റ് ഉണ്ടാക്കി അതനുസരിച്ച് ഫാറങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. എന്നാൽ നമ്മുടെ പോലീസ് ഏമാന്മാർക്ക് കമ്പ്യൂട്ടർ ഡേറ്റാ ബാങ്ക് എന്താണെന്നറിയില്ലല്ലോ. അതു കൊണ്ട് അവർ ലഭ്യമാക്കിയ ഫാറങ്ങളല്ല ഉപയോഗപെടുത്തിയത്. നേരത്തെ പരിചയമുള്ള രീതിയിൽ പാരഗ്രാഫ് പാരഗ്രാഫ് രീതിയിൽ കാര്യങ്ങൾ എഴുതി വച്ചു. അതൊന്നും ഒരു ഡേറ്റാ ബാങ്കിലേക്ക് ഉപയോഗപ്രദമായിരുന്നില്ല.
  • ജിയോകാംസ് ഒരു ഡസ്ക് ടോപ്പ് സംവിധാനം ആയിട്ടാണു വികസിപ്പിച്ചിരുന്നത്.അതു കൊണ്ട് ഓരോ കമ്പ്യൂട്ടറിലും പ്രത്യേകം പ്രത്യേകം സ്ഥാപിക്കേണ്ടി വന്നു. ഒറ്റക്കൊറ്റക്കുള്ള യൂണിറ്റായി പ്രവർത്തിപ്പിക്കേണ്ടി വന്നു. തൽഫലമായി വിവിധ പങ്കാളികൾ തമ്മിലുള്ള വിവരകൈമാറ്റം നടന്നില്ല. ഒരു കേന്ദ്രീകൃത സർവറിൽ ഡേറ്റാ ശേഖരണവും നടന്നില്ല.
  • പി.ഡ്ബ്ല്യുഡി ചീഫ് എഞ്ചിനിയർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേറെയും പല സാങ്കേതികതകരാറുകൾ കണ്ടതിനാൽ ഇത് നടപ്പിലാക്കാൻ താല്പര്യമില്ലെന്നു പോലീസ് ഐജി അറിയിച്ചു.
  • പോലീസ് ഐജിയുടെ ഉദ്ദേശം വേറെ ആയിരുന്നു. IBS Technologies തന്നെ വികസിപ്പിച്ചെടുത്ത Road Safety Management System (RSMS) എന്ന Web based software ഉപയോഗപ്പെടുത്താനുള്ള അനുമതിക്ക് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയെ സമീപിച്ചു. ഇത് 2008-ൽ.
  • അതോടൊപ്പം ജിയോകാംസിനു വേണ്ടി 9.79 ലക്ഷം രൂപ മുടക്കി 2007-ൽ വാങ്ങിയ ഹാർഡ് വെയർപ്രയോജനപ്പെടുത്താതിരുന്നതിനാൽ  ഇത് ഫോറിൻസിക്ക് സയൻസ് ലാബ്, സൈബർ സെൽ, എസ്.സി.ആർ.ബി എന്നിവക്ക് വിതരണം ചെയ്യാൻ ഐ.ജി.പി ഉത്തരവിട്ടു (2008 ഒക്ടോബറിൽ).
  • ജിയോകാംസ് എന്ന സോഫ്റ്റ്വെയർ ആർക്കും ഉപയോഗമില്ലാതെയായി.

അങ്ങനെ ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 2004-ൽ ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായി. വെബ് ബേസ്ഡ് സൊഫ്റ്റ്വെയറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

IBS Technologies ന്റെ ഇന്റർനെറ്റ് സൈറ്റിലും ജിയോകാംസിനെ പറ്റി ഒന്നും പറയുന്നില്ല. വെബ് ബേസ്ഡ് RSMS കേരളത്തിൽ ഉപയോഗിക്കുന്നതായും കമ്പനി സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.

ആധാരം: സി.എ.ജി റിപ്പോർട്ട് 2009 സിവിൾ
കടപ്പാട് : വിവരാവകാശ നിയമം.

Tuesday, May 18, 2010

ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോലീസ്സും

മോട്ടോർ വാഹനനിയമത്തിലെ 185 ം വകുപ്പ് പ്രകാരം ഒരാൾ ഒരു മോട്ടോർ വാഹനം ഓടിക്കുമ്പോഴോ, ഓടിക്കാൻ ശ്രമിക്കുമ്പോഴോ അയാളുടെ 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം മദ്യം ഉണ്ടെങ്കിൽ അയാൾ കുറ്റം ചെയ്യുകയാണു.

ഓരോ ജില്ലക്കും ഓരോ പതിനായിരം വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും , നൽകുന്ന ഓരോ പതിനായിരം ഡ്രൈവിംഗ് ലൈസൻസുകൾക്കും ഒരു ബ്രെത്ത് അനലൈസറും ലഭ്യമാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ 2002 ഏപ്രിലിൽ നിർദ്ദേശിക്കുകയുണ്ടായി.

പോലീസിനും മോട്ടോർ വെഹിക്കിൾ വകുപ്പിനും കൂടി ഓരോ 80917 വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും നൽകി വന്ന ഓരോ 19848 ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഒരു ബ്രെത്ത് അനലൈസറും ആണു ഉള്ളതെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഉള്ള സാധനങ്ങൾ എങ്ങനെയുള്ളതെന്നു അന്വേഷിക്കുമ്പോഴാണു കൂടുതൽ രസം. 2004-05 ൽ 11 സ്പീഡ് ചെക്ക് റഡാറുകൾ വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയതിലെ ക്രമക്കേടുകൾ ഇതിനു മുമ്പുള്ള ഒരു പോസ്റ്റിൽ ഞാൻ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഈ റഡാർ ഗണ്ണുകൾ 2005 ഏപ്രിലിൽ തന്നെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ 2006 സെപ്റ്റമ്പറിൽ ഇതിന്റെ വിതരണക്കാർ പരിശീലനക്ലാസ് നടത്തുന്നതുവരെ പെട്ടി തുറക്കാതെ തന്നെ വച്ചിരുന്നു. പരീശീലന സമയത്താണു പല ഉപകരണങ്ങളിലും പോരായ്മ ഉണ്ടെന്നു കണ്ടു പിടിച്ചത്. പക്ഷേ അപ്പോഴത്തേക്ക് ‘വാറണ്ടി’ കാലാവധി കഴിഞ്ഞിരുന്നു. അക്കാരണത്താൽ വിതരണക്കാർ ഇവ നന്നാക്കുവാൻ തയ്യാറായതുമില്ല.34.94 ലക്ഷം രൂപക്ക് വാങ്ങിയ 11 റഡാറുകളിൽ 6 എണ്ണം അന്നും ഇന്നും ഉപയോഗശൂന്യമായിതന്നെ കിടപ്പാണെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

2001 നവമ്പർ മുതൽ 2008 ആഗസ്റ്റ് വരെ 20 ബ്രെത്ത് അനലൈസറുകൾ വാങ്ങി. 10 എണ്ണം അഞ്ച് സർക്കിൾ ഇൻസ്പെക്ടർമാർക്കായി വിതരണം ചെയ്തു. അതിൽ നാലെണ്ണം അപ്പോഴേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രവർത്തനക്ഷമമായത് വച്ച് 2004 മുതൽ 2009 വരെ 29 കേസുകൾ മാത്രമാണു ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കണ്ടു പിടിച്ചത്. എന്നാൽ 2006ലും 2007 ലും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പോലീസ് 42994 കേസ്സുകൾ പിടിക്കപ്പെട്ടെങ്കിലും 743 കേസുകളിൽ മാത്രമാണു അപകടകാരണം മദ്യപിച്ച് വണ്ടിയോടിച്ചതാണെന്നു റിപ്പോർട്ട് ചെയ്തത്. [കാരണം നമുക്കൂഹിക്കാവുന്നതേ ഉള്ളൂ]

ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പദ്ധതിയാണു ‘മോഡേണൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം’ (MGP). ഇതും പ്രകരവും 83 ബ്രെത്ത് അനലൈസറുകൾ വാങ്ങാനായി പോലീസ് വകുപ്പ് 2005 ജൂലൈയിൽ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. ലഭിച്ച നാലു ടെണ്ടറുകളിൽ ചെന്നൈയിലെ കെ.സി. സർവീസ്സാണു തങ്ങളുടെ ഇ.ഡി.കെ.സി.എ മോഡലിനു ഏറ്റവും കുറഞ്ഞ നിരക്കായ 3,796 രൂപ രേഖപ്പെടുത്തിയത്. എന്നാൽ ഈ സാധനം ഉപയോഗപ്രദമല്ലെന്നും വെറും ഒരു കാഴ്ച വസ്തു ആണെന്നുമാണു ടെക്നിക്കൽ ഇവാലുവേഷൻ കമ്മറ്റി രേഖപ്പെടുത്തിയത്. അതൊന്നും വക വക്കാതെ 79 എണ്ണം അവരിൽ നിന്നു തന്നെ വാങ്ങി.  പിന്നീട്, ഈ ഉപകരണത്തിൽ നിന്നും ലഭിക്കുന്ന ഫലം തെറ്റാണെന്നും ഉപകരണം തന്നെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും പോലീസ്സ് വകുപ്പ് തന്നെ സമ്മതിച്ചു. അങ്ങനെ മദ്യപിച്ച് വണ്ടിയോട്ടിക്കുന്നവരെ ഉടൻ കണ്ടെത്താനുള്ള പരിപാടിക്ക് സ്വാഹ പറഞ്ഞു. മുടക്കിയ നികുതി പണം, നാട്ടുകാരുടെ തലയിലും.

ആധാരം: സി.ഏ.ജി റിപ്പോർട്ട് 2009 (സിവിൾ)
കടപ്പാട്: വിവരാവകാശ നിയമം.

Sunday, May 16, 2010

പണിതിട്ടും പണിതിട്ടും തീരാത്ത പണികൾ: തഃസ്വഃഭഃ സ്ഥാപനങ്ങളുടേത്

തഃസ്വഃഭ സ്ഥാപനങ്ങൾ എത്ര ശ്രമിച്ചിട്ടും തീർക്കാൻ സാധിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കഴിയുന്ന കുറേ പദ്ധതികളുടെ വിവരങ്ങളാനു താഴെ രേഖപ്പെടുത്തുന്നത്.

ബന്ധപ്പെട്ട നാട്ടിലുള്ള സാധാ ജനങ്ങളിൽ എത്ര പേർക്ക് മുടങ്ങിക്കിടക്കുന്ന ഈ പദ്ധതികളെ പറ്റി അറിയാം?

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്.
എക്സിക്കൂട്ടിവ് ട്രൈസം ട്രെയിനിംഗ് സെന്റർ നിർമ്മിക്കാൻ23-2-1999-ൽ കരാർ ഒപ്പിട്ടു - അടങ്കൽ ചെലവ് 11 ലക്ഷം രൂപ - 9 ലക്ഷത്തോളം രൂപ ഇതുവരെ ചെലവിട്ടു കഴിഞ്ഞു - എന്നാൽ കരാറുകാരൻ ഇതുവരെ നടത്തിയ പ്രവൃത്തി റിപ്പോർട്ട് ചെയ്യുകയോ, അളക്കുകയോ ചെയ്തിട്ടില്ല. ഇന്നും (2010) പണി പൂർത്തിയാകാതെ കിടക്കുന്നു.

തിരൂർ മുനിസിപ്പാലിറ്റി
  1.  തിരൂർ താലൂക്ക് ആസ്ഥാന ആശുപത്രിയോട് ചേർന്നുള്ള പാരാമെഡിക്കലും ഭരണവിഭാഗം ബ്ലോക്കുകൾക്കുള്ള രണ്ടു നില കെട്ടിടത്തിന്റെ നിർമ്മാണത്തിനു കരാർ ഒപ്പിട്ടത് 24-3-2000-ൽ - അടങ്കൽ ചെലവ് 9 ലക്ഷം - 6 ലക്ഷം ഇതുവരെ ചെലവിട്ടു കഴിഞ്ഞു - 1999 ആഗസ്റ്റുനും 2000 ജനുവരിക്കും ഇടക്ക് തീർക്കേണ്ടിയിരുന്ന ജോലി ഇത്രയും നാളായിട്ടും (2010) ഒന്നാം നിലയുടെ മേൽക്കൂര വരെ മാത്രമേ എത്തിയിട്ടുള്ളൂ .
  2. മുനിസിപ്പൽ ടൌൺഹാളിൽ 63.3 കെ.വി.എ ഡിജി സെറ്റിന്റെ കമ്മിഷ്ണിംഗ് - 5.07 ലക്ഷം മതിപ്പ് ചെലവ് - 17-5-2000-ൽ 3.45 ലക്ഷം മുടക്കി ജനറേറ്റർ വാങ്ങി - 19 മാസം കഴിഞ്ഞ് 1.03 ലക്ഷം മുടക്കി ജനറേറ്റർ മുറി നിർമ്മിച്ചു - ദീർഘകാലം ഉപയോഗിക്കാതെ വച്ചിരുന്നതിനാൽ ജനറേറ്റർ കേടായി - അത് പരിഹരിച്ച് 17-3-2006 ൽ സ്ഥാപിച്ചു - ഇലക്ട്രിക്കൽ ഇൻസ്പെക്ടരുടെ അംഗീകാരം ലഭിക്കാത്തതു മൂലം ഇന്നേവരെ (2010) ജനറേറ്റർ കമ്മിഷൻ ചെയ്തില്ല.
കണ്ണൂർ മുനിസിപ്പാലിറ്റി
  1. മുക്കടവിൽ ബ്രേക്ക് വാട്ടറിന്റെ നിർമ്മാണം - മതിപ്പ് ചെലവ് 14.60 ലക്ഷം രൂപ - 21-3-2005 ൽ കരാർ ഒപ്പു വച്ചു - 21-2-2006 ൽ പണി പൂർത്തിയാക്കണം - ഇന്നേ വരെ (2010) നിർമ്മാണം തുടങ്ങിയിട്ടു പോലുമില്ല.
  2. ചേരി നിവാസികൾക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം - കരാർ ഒപ്പുവച്ചത് 28-6-2003ൽ - പണി പൂർത്തിയാക്കേണ്ടത് 28-2-2004ൽ - നിർമ്മാണം ഇനിയും (2010) തുടങ്ങിയിട്ടില്ല.
മലപ്പുറം ജില്ലാ പഞ്ചായത്ത്
അടിയൻ പാറ മിനി ജല വൈദ്യുതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ - ചെലവ് ഇതുവരെ 2 ലക്ഷം രൂപ - മെസേർസ് സിൽക്കിനു 19-3-2002 ൽ തുക മുങ്കൂർ നൽകി - എന്നാൽ പദ്ധതി നടത്തിപ്പ് ഏല്പിച്ചിരുന്ന കെ.എസ്.ഇ.ബി, സിൽക്ക് തയ്യാറാക്കുന്ന പദ്ധതി റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറല്ല - സിൽക്ക് ഇതുവരെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയോ തുക തിരിച്ച് നൽകുകയോ ചെയ്തിട്ടില്ല (2010)

പയ്യന്നൂർ മുനിസിപാലിറ്റി
രക്തസംഭരണ മുറിയുടെ നിർമ്മാണം - 26-9-2004 ൽ ഒപ്പ് വച്ച കരാർ പ്രകാരം 26-1-2005 ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി ഇനിയും (2010) പൂവണിയേണ്ടിയിരിക്കുന്നു.

കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്
ഓഡിറ്റോറിയത്തിന്റെ നിർമ്മാണം - 41.74 ലക്ഷം രൂപ ചെലവിട്ടുകഴിഞ്ഞു - 2003 ജൂലൈയിൽ പണി തുടങ്ങി - നാലു വർഷത്തിനുള്ളി പൂർത്തിയാക്കേണ്ടതായിരുന്നു - ഇനിയും പൂർത്തിയായിട്ടില്ല.

കോട്ടയം മലബാർ ഗ്രാമപഞ്ചായത്ത്
മേവേരി ലക്ഷം വീട് കോളനിയുടെ ജലവിതരണ പദ്ധതി. - 2002 മാർച്ചിൽ മുൻ കൂർ പണം നൽകിയതാണു - കാര്യക്ഷമതയുള്ള എഞ്ചിനിയറിംഗ് സ്റ്റാഫ് ഇല്ല എന്ന ഒറ്റ കാരനത്താൽ ഈ പദ്ധതി ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
വേളിമുക്ക് ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം - 1998 മേയിൽ 50000 രൂപ മുങ്കുർ പറ്റിപ്പോയെ കരാറുകാരൻ കെട്ടിടത്തിന്റെ അടിസ്ഥാനം മാത്രം കെട്ടി വച്ചു. - പിന്നെ അനക്കമില്ല.

തിരുനാവായ് ഗ്രാമ പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം - ആറേകാൽ ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 1994 ൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ - അടിസ്ഥാനത്തിന്റെയും ആർ.സി.സി. കോളങ്ങളുടേയും പണി മാത്രം കഴിഞ്ഞു - സ്ട്രക്ചറുകളുടെ തകരാർ മൂലം നിർമ്മിച്ച ഭാഗങ്ങൾ മുഴുവൻ പൊളിച്ച് കളയാൻ അനുവാദം തേടിയത് 2008 ൽ - അനുവാദം എന്നു കിട്ടുമെന്നു ദൈവത്തിനറിയാം.

ചിറയിങ്കീഴ് ബ്ലോക്ക് പഞ്ചായത്ത്
അഴൂർ പഞ്ചായത്തിലെ ആർ.ഐ.ഡി.എഫ് 8-ൽ കീഴിലുള്ള റോഡിന്റെ പുനരുദ്ധാരണം - കരാറാക്കിയത് 3-6-2004 ൽ - ഇതുവരെ ചെലവിട്ടത് 73.47 ലക്ഷം രൂപ - 2005 ജൂണിൽ പൂർത്തിയാക്കേണ്ടിയിരുന്നു - മെറ്റലിട്ട് ടാർ ചെയ്യേണ്ട പണി ചെയ്യാതെ കരാറുകാരൻ സ്ഥലം വിട്ടു - റിട്ടെൻഷൻ തുകയും തിരിയെ കൊടുത്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
  1. ഒലവിളം പി.എച്ച്.സി. സബ് സെന്റർ കെട്ടിടനിർമ്മാണം - 5.72 ലക്ഷം ചെലവിട്ടു കഴിഞ്ഞു - കെട്ടിടം പണി 2007 സെപ്റ്റമ്പറിൽ പൂർത്തിയായി - വൈദ്യുതീകരണം ഇതുവരെ നടത്തിയില്ല - ഒഴിഞ്ഞു കിടക്കുന്നു.
  2. എരുവട്ടി വൃദ്ധസദനത്തിന്റെ നിർമ്മാണം - 5.74 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 2007 ജൂലൈയിൽ പണി പൂർത്തിയായി - വൈദ്യുതികരണം നടന്നില്ല ഇതു വരെ - അതു കൊണ്ട് കെട്ടിടം ഒഴിഞ്ഞ് കിടക്കുന്നു.
  3. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ എസ്സ്.എച്ച്.ജി കെട്ടിട നിർമ്മാണം - 23.75 ലക്ഷം രൂപ ഇതു വരെ മുടക്കി കഴിഞ്ഞു - ഭാഗികമായി പൂർത്തിയായി എന്നു പറയാം - പക്ഷേ വൈദ്യുതീകരണം തുടങ്ങിയിട്ടുപോലും ഇല്ല.
ഇതെല്ലാം ബന്ധപ്പെട്ടവർക്ക് അറിയാഞ്ഞതല്ല. ഒരു രാഷ്ട്രിയ കക്ഷി തുടങ്ങിവച്ചത് മറ്റൊരു രാഷ്ട്രീയ കക്ഷി എന്തിനു പൂർത്തിയാക്കണം? അതിലാർക്ക് ഗുണം?

ആധാരം: സി.ഏ.ജി റിപ്പോർട്ട് (ത.സ്വ.ഭ. സ്ഥാപനങ്ങൾ)
കടപ്പാട് : വിവരാവകാശ നിയമം.

Thursday, May 13, 2010

അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം

പള്ളിക്കൽ നദിക്ക് കുറുകേ ശാസ്താംകോട്ട- താമരക്കുളം റോഡിനെ ബന്ധിപ്പിക്കുന്ന ആനയടി പാലത്തിന്റെ പുനർനിർമ്മാണം സ്ഥലവാസികളുടെ സ്വപ്നമായിരുന്നു. 2004 ആഗസ്റ്റിൽ കരാറു നൽകി. 2007 മാർച്ചിൽ 1.21 കോടി രൂപ മുടക്കി പണി പൂർത്തിയായി.

 പാലം സഞ്ചാരയോഗ്യമാകണമെങ്കിൽ അപ്രോച്ച് റോഡ് വേണ്ടേ. 19.03 സന്റ്‌ സ്ഥലം വേണം. അതിൽ 5.44 സെന്റ് സ്ഥലം സർക്കാരിന്റേതായി തന്നെ ഉണ്ട്. ബാക്കി 14.59 സെന്റിനു എവിടെ പോകും?. എമർജൻസി ക്ലോസ്സ് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയത് 2008 മാർച്ചിൽ; അതായത് പാലം പണികഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞ്.

 ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരളാ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ളതാണു എമർജൻസി ക്ലോസ്സ്.

ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയേ കൊടുത്തുള്ളൂ, പണം ചെലവാക്കാനുള്ള അനുമതി ഇന്നേ വരെ (2010) കൊടുത്തിട്ടില്ല. ഫലമോ, 2007 ൽ കെട്ടിപൊക്കിയ ആനയടിപാലം നോക്കു കുത്തിയെ പോലെ ഇന്നും അവിടുണ്ട്, അപ്രോച്ച് റോഡില്ലാതെ, ആർക്കും പ്രയോജനപ്പെടാതെ.

നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം കരാറുകാരനു യഥാസമയം കൈമാറാൻ പറ്റുന്ന വിധം തയ്യാറാകാതെ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പോലും ക്ഷണിക്കുവാൻ പാടില്ല  എന്നാണു പൊതുമരാമത്ത് വകുപ്പിലെ മാന്വൽ ഖണ്ഡിക 15.2.2(ഡി) അനുശാസിക്കുന്നത്.

13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക?

ഇക്കാര്യം വകുപ്പുദ്ദ്യോഗസ്ഥരെ സി.എ.ജി സമയാസമയത്ത് തന്നെ അറിയിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ നിർബന്ധിതരായതു കൊണ്ട് അവർ സി.എ.ജി റിപ്പോർട്ടിനെ വായിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ജനപ്രതിനിധികളെ സി.എ.ജി അറിയിച്ചത് 25-3-2010 നാണു. ആ റിപ്പോർട്ടിനെ അന്നു തന്നെ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. അതിലപ്പുറം അവർക്കെന്തു ചെയ്യാൻ കഴിയും?

കടപ്പാട്: വിവരാവകാശനിയമം.

Tuesday, May 11, 2010

കോതി-പള്ളികണ്ടി മേൽ‌പ്പാലം പണി കഴിഞ്ഞത് 2001 ൽ. അപ്രോച്ച് റോഡ് ഇതുവരെ ആയില്ല

നാലേകാൽ കോടി രൂപ മുടക്കി 2000-01 ലാണു കോതി-പള്ളിക്കണ്ടി (കോഴിക്കോട്) മേല്പാലം പൂർത്തിയാക്കിയത്. കൊല്ലം പത്ത് കഴിഞ്ഞില്ലേ. അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങാൻ പോകയാണു പോലും.

 1800 മിറ്റർ സ്ഥലം വേണം. 1200 മീറ്റർ സ്ഥലം പാലത്തിന്റെ പള്ളിക്കണ്ടി ഭാഗത്തും 600 മീറ്റർ ചക്കും കടവ് ഭാഗത്തുമായാണു സ്ഥലം വേണ്ടത്. പാലം കെട്ടിക്കഴിഞ്ഞ് 2-3 കൊല്ലം കഴിഞ്ഞ് 2004 ഒക്ടോബറിലാണു സ്ഥലമെടുപ്പിനു ഭരണാനുമതി സർക്കാർ നൽകിയത്. 3.6 കോടി രൂപ അനുവദിച്ചു. അതും അർജ്ജൻസി ക്ലോസ്സ് അനുസരിച്ച്.

 ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരള ഭുമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ള താണു അർജ്ജൻസി കോസ്സ്.

ആവശ്യമായ 806.9 സെന്റ് ഭൂമിയിൽ 328.75 സെന്റ് ഭൂമിയാണു ഇന്നുവരെ (2010) ഏറ്റെടുത്തിട്ടുള്ളൂ. ബാക്കി സ്ഥലമെടുപ്പ് പുരോഗമിക്കുന്നു എന്നെ സർക്കാർ സി.എ.ജി യെ ഇതിനകം അറിയിച്ചിട്ടും ഉണ്ട് (2009).

എങ്ങനെയുണ്ട് നമ്മുടെ പൊതുമരാമത്ത് വകുപ്പ്?

ആധാരം: സി.എ.ജി റിപ്പോർട്ട് (സിവിൾ) 2008-09
കടപ്പാട്: വിവരാവകാശ നിയമം.