Saturday, October 18, 2008

കൊച്ചിക്കാരേ നിങ്ങളറിഞ്ഞോ? - സോഡിയം വേപ്പര്‍ പ്രകാശം

നമ്മുടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കൂള്ളില്‍ കാക്കത്തൊള്ളായിരം വാഹനങ്ങളും അത്രയും തന്നെ വഴിനടപ്പുകാരും കടന്നു പോകുന്ന റോഡുകളാണുള്ളത്. അവരുടെ സൌകര്യാര്‍ത്ഥം വഴിനീളെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഫിറ്റ് ചെയ്തു കൊടുക്കണമെന്നാശിക്കുന്നത് ഒരു തെറ്റാണോ? ഒരിക്കലും അല്ല. കുറ്റം പറയരുതല്ലോ, ഇക്കഴിഞ്ഞ 5 കൊല്ലത്തിനിടയില്‍ 933.54 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ലാമ്പുകളാണ് ജനത്തിനു വേണ്ടി ഫിറ്റ് ചെയ്തു കൊടുത്തത്. അതില്‍ 45.5 ലക്ഷം രൂപ ഡീലര്‍മാര്‍ക്ക് കൂടുതല്‍ കൊടുത്തു പോയെങ്കില്‍ അതില്‍ ഒരംശം മാത്രമല്ലേ വാങ്ങിയവരുടെ പോക്കറ്റിലാവുകയുള്ളൂ. അതു നമുക്ക് ക്ഷമിച്ചുകൂടേ. പകരം റോഡുനീളേ പ്രകാശം ലഭിച്ചില്ലേ. കഥയിങ്ങനെയാണ് നടന്നത്:-

നികുതിദായകന്റെ പണം (സര്‍ക്കാര്‍ പണം) മുടക്കി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്തെങ്കിലും പണി നടത്തിച്ചെടുക്കാനോ സാധനങ്ങള്‍ വാങ്ങനോ തുനിയുമ്പോള്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്നു വായനക്കാരുണ്ടോ അറിയുന്നു. നികുതിദായകന്റെ ഒരു രൂപാ പോലും ഖജനാവില്‍ നിന്നും നഷ്ടപ്പെടാതിരിക്കാന്‍ ‍, കണിശമായും പാലിക്കേണ്ട, വിശദമായ കല്പനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്നു കൂടി ഒന്നു വായിച്ചു വെക്കാം. എന്നെങ്കിലും പ്രയോജനപ്പെടും.

 • ഒന്നാമത്തെ കല്പന: ചെയ്യിക്കേണ്ട ജോലിക്ക് അല്ലെങ്കില്‍ വാങ്ങേണ്ട സാധനങ്ങള്‍ക്ക് മതിയായ തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പാസ്സാക്കിയെടുക്കണം.
 • നിശ്ചിത അധികാരിയില്‍ നിന്നുള്ള ഭരണാനുമതി ഉണ്ടായിരിക്കണം. അതായത് ഒരു ലക്ഷം രൂപ വരെയുള്ളത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും അതിനു മുകളില്‍ കൌന്‍സിലുമാണ് ഭരണാനുമതി നല്‍കേണ്ടത്. ഇത് രണ്ടാമത്തെ കല്പന.
 • വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരിക്കണം; മൂന്നാമത്തെ കല്പന.
 • നിര്‍ദ്ദിഷ്ട അധികാരിയില്‍ നിന്നും സാങ്കേതിക അനുമതി ലഭിച്ചിരിക്കണം. എന്നു വച്ചാല്‍, 6.50 ലക്ഷം രൂപയിലേറെ വരുന്ന വൈദ്യുതികരണ ജോലികള്‍ക്ക് പൊതുമരാമത്തു വകുപ്പ് വൈദ്യുതി വിഭാഗത്തിലെ അര്‍ഹതപെട്ട എഞ്ചിനിയറില്‍ നിന്നുള്ള സാങ്കേതിക അനുമതി; കല്പന നമ്പര്‍ നാല്.

ഇത്രയും കല്പനകള്‍ പാലിക്കാതെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും ഏതെങ്കിലും പ്രവര്‍ത്തി ആരംഭിക്കാന്‍ പാടില്ല.

തീര്‍ന്നില്ല, ഇനിയുമുണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍:

 • ഒരു കരാറുകാരന്‍ മുഖേനയാണ് ജോലി നടത്തിക്കുന്നതെങ്കില്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതും, ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ്സ് കോര്‍പ്പറേഷന്റെ ഓഫീസ്സ് നോട്ടിസ് ബോര്‍ഡിലും പൊതുമരാമത്തു വകുപ്പ് ഓഫീസുകളിലും വര്‍ത്തമാന പത്രങ്ങളിലും (50 ലക്ഷം രൂപക്ക് മുകളിലുള്ള പ്രവര്‍ത്തികള്‍ക്കാണെങ്കില്‍ നിര്‍ബന്ധമായും സംസ്ഥാനം മുഴുവന്‍ പ്രചാരമുള്ള രണ്ടു മലയാളം പത്രങ്ങളിലും ദേശീയതലത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലും) പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. ഇത്രയും മനസ്സിലായല്ലോ. ഇതില്‍ കൂടുതല്‍ ഒരു സര്‍ക്കാര്‍ എന്തു ചെയ്യണം.

ഇനിയാണ് കഥ തുടങ്ങുന്നത്.

ഇത്രയും വലിയ തുക ഖജനാവില്‍ നിന്നും ചെലവായതല്ലേ. അക്കൌണ്ടന്റ് ജനറലിനു കണക്കുകള്‍ പരിശോധിക്കാതിരിക്കാന്‍ പറ്റുമോ. പരിശോധിച്ചു. പിന്നാമ്പുറ കഥകള്‍ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുകയാണ്. കാരണം, അക്കൌണ്ടന്റ് ജനറലിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ കല്പനകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ഈ നിര്‍ദ്ദേശങ്ങളേയോ കല്പനകളേയോ ഒന്നിനേയും തന്നെ എതിര്‍ത്ത് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളേയും കുറുക്കു വഴിയിലൂടെ മറികടന്നിട്ടുമുണ്ട്. ഏതെല്ലാം വിധത്തില്‍ മറികടന്ന് സ്വന്തം കീശ വിര്‍പ്പിച്ചുവെന്നത്‌ ഒരു കഥതന്നെയാണേ..... വായിക്കൂ....

2006-07 വര്‍ഷം 257 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ വാങ്ങിയെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ കണക്കില്‍ കാണിച്ചിരുന്നത്. ഇത്രയും വലിയ തുകയുടെ വാങ്ങലുകള്‍ നടത്തിയപ്പോള്‍ സര്‍ക്കാരിന്റെ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും പാലിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു ഏ.ജി യുടെ പരിശോധന. എന്നാല്‍ മുഴുവന്‍ പരിശോധന കഴിഞ്ഞിട്ടും അത്രയും രൂപക്ക് ഒന്നിച്ചുള്ള ഒരു വാങ്ങള്‍ നടന്നതായി രേഖകളില്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു വാങ്ങല്‍ ആയിരുന്നെങ്കില്‍, കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ ഭരണാനുമതി ഉണ്ടാകണമായിരുന്നു, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തില്‍ നിന്നും സാങ്കേതിക അനുമതി ഉണ്ടാകണമായിരുന്നു, ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം ഉണ്ടാകണമായിരുന്നു. ഇവയൊന്നും ഏ.ജിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കണക്കില്‍ ഇത്രയും തുക ചിലവാക്കി കഴിഞ്ഞു എന്നു കാണിച്ചിട്ടുമുണ്ട്. ആഴത്തിലിറങ്ങിയപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായുള്ളൂ.

ഇത്രയും തുകക്കുള്ള ലാമ്പുകള്‍ക്ക് വേണ്ടി ഒരു ടെന്‍ഡര്‍ ദേശീയതലത്തിലുള്ളതോ, സംസ്ഥാനതലത്തിലുള്ളതോ ആയ ഏതെങ്കിലും പത്രത്തില്‍ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ദേശീയതലത്തിലുള്ള മുന്തിയ ലാമ്പ് ഉല്പാദകരെല്ലാം ഓടിയെത്തും. അവര്‍ കൊച്ചിയിലോട്ടല്ല, നേരെ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലെത്തി കാണേണ്ടവരെ കണ്ട് കാര്യം സാധിച്ച് മടങ്ങും. അതുകൊണ്ട് മേല്‍പ്പറഞ്ഞ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും എല്ലാം മറികടക്കാനുള്ള ഉപായം നമ്മുടെ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കണ്ടു പിടിച്ചു.

ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലക്കുള്ള ലാമ്പുകള്‍ ഒറ്റയടിക്ക് ഒരാളില്‍ നിന്ന് വാങ്ങിയാലല്ലേ ഈ നിബന്ധനകളെല്ലാം ബാധകം. പകരം 273 പ്രാവശ്യമായിട്ട് വാങ്ങിയാലോ. ഓരോ പ്രാവശ്യവും ഒരു ലക്ഷത്തില്‍ താഴെയല്ലേ ആകൂ. ഒറ്റയടിക്ക് തന്നെ വാങ്ങണ്ടാ, ഒരു കൊല്ലത്തിനകം വാങ്ങിയാല്‍ മതിയല്ലോ. മേല്പറഞ്ഞ ഒരു കല്പനയും, നിര്‍ദ്ദേശവും ബാധകമാക്കാതിരിക്കുകയും ചെയ്യാം. എല്ലാം കോര്‍പ്പറേഷനുള്ളീലെ മേലാളമ്മാരും, കീഴാളന്മാരും കൂടി അങ്ങ് തീരുമാനിച്ചാല്‍ മതി. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. ലാമ്പ് വാങ്ങി ഫിറ്റ് ചെയ്തു. തുകയും കൈമാറി. (എന്തൊക്കെ കൈമാറി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ) ഏ.ജി. ഇതു കണ്ടു പിടിച്ചു.

പരിശോധിച്ച് കഴിഞ്ഞപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ പറയുന്നത് ഈ ചെയ്തത് മുഴുവന്‍ തെറ്റാണെന്നാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതെന്നാണ്. ഒന്നിച്ച് വാങ്ങിയിരുന്നെങ്കില്‍, അതും ദേശീയ തലത്തിലുള്ള ഏതെങ്കിലും ഉല്പാദകരില്‍ നിന്നായിരുന്നെങ്കില്‍ , സര്‍ക്കാരിനു വളരെയധികം ലാഭമുണ്ടാകുമായിരുന്നുവെന്നും ഏ.ജി. പറഞ്ഞു വക്കുന്നു. പറയാനേ ഏ.ജിക്ക് അധികാരമുള്ളൂ. കൂടിപ്പോയാല്‍, സര്‍ക്കാരിനോടൊപ്പം, നമ്മുടെ ജനപ്രതിനിധികളേയും വിവരമറിയിക്കും. അതിലപ്പുറം ഏ.ജിക്ക് ഒന്നും ചെയ്യാനാകില്ല. പഞ്ഞമില്ലാത്ത ഉപദേശങ്ങള്‍ നല്‍കും.

ഏതായാലും അക്കൌണ്ടന്റ് ജനറല്‍ ഒരു കാര്യം കൂടി ചെയ്തു. ഒരു കൊല്ലം ഇങ്ങനെ ചെയ്തവര്‍ ഇതിനു മുമ്പും ഇതേപോലെ ചെയ്തു കാണുമെന്ന് ഊഹിച്ച് ഇതിനു മുമ്പത്തെ ഒരു മൂന്നു നാലുകൊല്ലത്തെ കണക്കു കൂടി പരിശോധിച്ചു. അവര്‍ കണ്ട കാര്യം താഴെ എഴുതിയിരിക്കുന്നു:

 • 2006-07 ല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന സോഡിയം വേപ്പര്‍ വിളക്കുകള്‍ 273 പ്രാവശ്യമായിട്ട് കൊച്ചിന്‍ കോര്‍പ്പറേഷനിലുള്ളീലെ ലോക്കല്‍ വിപണിയിലെ പലരില്‍ നിന്നുമായി 257 ലക്ഷം രൂപക്ക് വാങ്ങികൂട്ടി.
 • 2005-06 ല്‍ ഇതേ പോലെ 170 പ്രാവശ്യമായി 171.30 ലക്ഷം രൂപക്ക് വാങ്ങി.
 • 2004-05 ല്‍ ഇതേ പോലെ 263 പ്രാവശ്യമായി 270.61 ലക്ഷം രൂപക്ക് വാങ്ങി.
 • 2003-04 ല്‍ ഇതേ പോലെ 127 പ്രാവശ്യമായി 126.15 ലക്ഷം രൂപക്ക് വാങ്ങി.
 • 2002-03 ല്‍ ഇതേ പോലെ 111 പ്രാവശ്യമായി 108.48 ലക്ഷം രൂപക്ക് വാങ്ങി.

ഇതിനു മുന്നിലെ കാര്യങ്ങള്‍ ഏ.ജി നോക്കാന്‍ പോയില്ല. നോക്കിയ കാര്യങ്ങളില്‍ തന്നെ കുറേകാര്യങ്ങള്‍ കൂടി കണ്ടെത്തി.

 • പ്രാദേശിക വിപണിയില്‍ നിന്നാണ് വാങ്ങികൂട്ടിയതത്രയും
 • ആകെ 943 പ്രാവശ്യം വാങ്ങല്‍ നടത്തിയെങ്കിലും 2 ടെന്‍ഡറുകളില്‍ കൂടുതല്‍ വാങ്ങിയത് വെറും 7 കേസുകളിലാണ്.
 • അകെയുള്ളതില്‍ 920 കേസുകളില്‍ 2 ടെന്‍ഡറുകള്‍ വീതം വാങ്ങിയിരുന്നു.
 • ആകെയുള്ളതില്‍ 60 കേസുകളില്‍ ഓരോ ടെന്‍ഡര്‍ മാത്രം വാങ്ങി അവരില്‍ നിന്നും വിളക്കുകളും വാങ്ങി.

ഇനിപ്പറയുന്നത് കുറച്ചുകൂടി രസമുള്ള കാര്യമാണ്. ഈ അക്കൌണ്ടന്റ് ജനറലിന്റെ ഒരു കാര്യം. കൊച്ചിന്‍ കോര്‍പ്പറേഷനു തൊട്ടടുത്തുള്ള ആലുവ മുനിസിപ്പലിറ്റിയിലും ഇതേ അക്കൌണ്ടന്റ് ജനറലാണ് പരിശോധന നടത്തിയത്. അവിടെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ വാങ്ങിയതിന്റെ വിശദവിവരങ്ങള്‍ കൊച്ചി പരിശോധിക്കാന്‍ പോയവരുടെ കൈയ്യിലുണ്ടായിരുന്നു. അതു വീണ്ടും പൊല്ലാപ്പായി. 70, 150, 250 വാട്ട് വിളക്കുകള്‍ രണ്ടു കൂട്ടരും വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയ വിലകള്‍ ഇതായിരുന്നു:

 • 70 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2075 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 2560 രൂപ വച്ച് കൊച്ചിക്കാര്‍ 1222 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =592670 രൂപാ മാത്രം.
 • 150 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2850 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4135 രൂപ വച്ച് കൊച്ചിക്കാര്‍ 2938 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =3775330 രൂപാ മാത്രം.
 • 250 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 3090 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4655 രൂപ വച്ച് കൊച്ചിക്കാര്‍ 107 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =167455 രൂപാ മാത്രം.
 • ആകെ നഷ്ടം = 45,35,455 രൂപാ മാത്രം.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കൊച്ചി കോര്‍പ്പറേഷനു വേണ്ടി സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനോട് മറുപടിപറഞ്ഞത്, കൊച്ചിക്കാര്‍ വാങ്ങിയത് quality കൂടിയ വിളക്കുകളാണെന്നാണ്. വീണ്ടും പരിശോധിച്ചു. രണ്ടു പേരും വാങ്ങിയത് ജി.ഇ., ഹാവെല്‍‌സ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ഉപകരണങ്ങളാണ്. കൊച്ചിയിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഈ കമ്പനികള്‍ quality കൂടിയ വിളക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയോ എന്നു പരിശോധിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാകണം പിന്നീടുള്ള സര്‍ക്കാരിന്റെ മൌനം. ഏതായാലും സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താനുള്ള നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. ഉണ്ടാകുമെന്നു പ്രതീക്ഷയും വേണ്ട.

[തീര്‍ന്നില്ലാ..... ഇനിയും വരുന്നുണ്ട്.]

Saturday, October 11, 2008

ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടികള്‍:- ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്ത്‍

സുനാമി. ഈ പേര് കേള്‍ക്കാത്തവര്‍ കേരളത്തില്‍ ചുരുക്കം. ആലപ്പുഴ കടലോര പ്രദേശങ്ങളില്‍ സുനാമി ഉണ്ടാക്കിയ നാശനഷ്ടങ്ങളെപറ്റി അറിയാത്തവരും ചുരുക്കം. വള്ളവും വലയും വീടും മറ്റു ജംഗമവസ്തുക്കളും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഷ്ടപ്പെട്ടിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അന്നത്തെ ജനങ്ങളുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരിയ പഞ്ചായത്തു ഭരണാധികാരികളെ ചിറിനക്കി പട്ടികള്‍
എന്നല്ലാതെ വേറെ വിളിക്കാന്‍ പറ്റിയ വാക്കുകള്‍ കിട്ടുന്നില്ല.

ചിറിനക്കി പട്ടികളായ പഞ്ചായത്തു ഭരണക്കാര്‍ വെട്ടിച്ചത് ഒന്നും രണ്ടും രൂപയല്ല, 28.79 ലക്ഷം വിലവരുന്ന 349.65 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യമാണ്. എല്ലാം നഷ്ടപ്പെട്ട സുനാമി ബാധിതര്‍ക്ക് വിശപ്പടക്കാനായി ഭരണകൂടം കൊടുത്തയച്ചതാണിത്. ഇനിയിതെങ്ങനെ അടിച്ചുമാറ്റി എന്നു വായിക്കൂ:

സുനാമിയില്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ റോഡുകളില്‍ ഭൂരിഭാഗവും നശിച്ചു. ആ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനു സുനാമി ബാധിതരെ ഉപയോഗപ്പെടുത്തിയാല്‍ റോഡും ശരിയാക്കിയെടുക്കാം, ഏല്ലാം നഷ്ടപ്പെട്ട കുറേപേര്‍ക്ക് തൊഴില്‍ ചെയ്തതിനു പകരമായി കൂലിയും നല്‍കാം. ഇതായിരുന്നു സര്‍ക്കാരിന്റെ ചിന്ത. ചാകര വരുന്നു എന്നു മനസ്സിലാക്കിയതു കൊണ്ടാകണം, ആറാട്ടുപുഴ പഞ്ചായത്തുകാര്‍ അവിടെയുള്ള റോഡുകള്‍
പുനര്‍നിര്‍മ്മിക്കാനായി 12 പദ്ധതികള്‍ക്ക് 2005 ആഗസ്റ്റ്, നവമ്പര്‍ മാസങ്ങളില്‍ രൂപം കൊടുത്തു. എല്ലാം കൂടി 60.63 ലക്ഷം രൂപയുടെ മൊത്ത അടങ്കല്‍ വരുന്ന 12 പദ്ധതിക്ക് ആലപ്പുഴ ജില്ലാ ഗ്രാമവികസന ഏജന്‍സി ഉടന്‍ തന്നെ ഭരണാനുമതിയും നല്‍കി.

ഈ തുകയില്‍ 31.84 ലക്ഷം രൂപ പണമായും 28.79 ലക്ഷം രൂപ ഭക്ഷ്യധാന്യ വിഹിതമായും ആയിരുന്നു നല്‍കിയത്. സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് ‘ഗുണഭോക്ത സമിതി’കളുണ്ടാക്കി, ആ സമിതികളുമായാണ് മേല്‍പ്പറഞ്ഞ റോഡ് പണി ചെയ്യുവാന്‍ 2005 ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ തന്നെ കരാര്‍ ഉറപ്പിച്ചത്. ഉടന്‍ തന്നെ ആലപ്പുഴ ഡി.ആര്‍.ഡി.എ പ്രോജക്ട് ഓഫീസര്‍ ഫുഡ് കോര്‍പ്പറേഷന്റെ ആലപ്പുഴ
ഡിപ്പോയില്‍ നിന്നും അവശ്യം വേണ്ട 349.65 മെട്രിക്ക് ടണ്‍ അരി എടുക്കുന്നതിനുള്ള അധികാരപത്രവും പഞ്ചായത്തു സെക്രട്ടറിക്കു നല്‍കി.

ഈ അധികാരപത്രം രണ്ടായിട്ടാണ് നല്‍കിയത്. എട്ടു പ്രവര്‍ത്തികള്‍ക്കു വേണ്ടിയുള്ള 103.70 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു ഒന്നും, ബാക്കിയുള്ള 4 പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള 245.95 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു വേണ്ടി മറ്റൊന്നും. ഈ അധികാരപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, മുഴുവന്‍ അളവ് (349.65 മെട്രിക് ടണ്‍) അരിയും 2005 നവമ്പറില്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു. ഇതു വരെ സംഗതികളെല്ലാം ക്ലീന്‍ . എന്തൊരാത്മാര്‍ത്ഥത!!.

ഈ ഭക്ഷ്യധാന്യങ്ങളെല്ലാം ഗുണഭോക്താക്കള്‍ക്കെത്തിക്കാനായി ഓരോ‍രോ കണ്‍‌വീനര്‍മാരെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. പഞ്ചായത്തു
ഭരണസമിതി തന്നെയാണ് ഈ ക്ണ്‍‌വീനര്‍മാരെ കണ്ടെത്തിയത്. ഇതില്‍ 235.95 മെട്രിക് ടണ്‍ അരി നാലു പ്രവര്‍ത്തികളുടെ കണ്‍‌വീനര്‍മാരെ 2005 നവമ്പര്‍ 30 നു ഏല്‍പ്പിച്ചു. പാവപ്പെട്ട സുനാമി ബാധിതര്‍ ഇതൊന്നും അറിയുന്നേയില്ല. ഇതൊന്നും ശ്രദ്ധിച്ചില്ലെന്നു പറയുന്നതാവും ശരി. കാരണം, പല ശ്രോതസ്സുകളില്‍ നിന്നും ദുരിതാശ്വാസങ്ങള്‍ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.

റോഡ് പണി തുടങ്ങിയാലല്ലേ കൂലിയായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടതുള്ളൂ. കണ്‍‌വീനര്‍മാര്‍ റോഡ് പണി തുടങ്ങിയതേ ഇല്ല. മെട്രിക്ക് ടണ്ണിനു 13,837 രൂപ പ്രകാരം 34.03 ലക്ഷം രൂപക്കുള്ള 245.95 മെട്രിക് ടണ്‍ അരി എന്തു ചെയ്തുവെന്നതിനു രേഖകളൊന്നും ഇല്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോഴും റോഡ് പണിയൊന്നും തുടങ്ങാത്തപ്പോഴാണ് അന്വേഷണം തുടങ്ങിയത് (പുതിയ ഭരണ സമിതിയായിരിക്കണം!). അക്കൌണ്ടന്റ് ജനറലും പരിശോധനക്കെത്തി.

പമ്പ് ഹൌസ്സ് കവല മുതല്‍ ലക്ഷ്മി ഹൌസ്സ് കവലവരെയുള്ള റോഡിന്റെ നിര്‍മ്മാണം 2005 ഒക്ടോബര്‍ 5 നു ഏല്‍പ്പിച്ചിരുന്ന കണ്‍‌വീനര്‍മാരില്‍ ഒരാള്‍ ഒന്‍‌പതു വര്‍ഷം മുമ്പ് 1996 ഡിസമ്പര്‍ 14-നു അന്തരിച്ച വ്യക്തിയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടുപിടിച്ചു. ഇതിനര്‍ത്ഥം ഇതു മുഴുവന്‍ വെട്ടിക്കണമെന്നു മുന്‍‌കൂര്‍ പദ്ധതിയിട്ടിരുന്നു എന്നുതന്നെയല്ലേ. നാലു കണ്‍‌വീനര്‍മാരെ ഏല്‍പ്പിച്ചത് 245.95 മെട്രിക്ക് ടണ്‍ അരിയാണ്. ബാക്കി കിട്ടിയ 103.70 മെട്രിക്ക് ടണ്‍ അരി പഞ്ചായത്തിന്റെ സ്റ്റോക്കിലും ഏടുത്തിട്ടില്ല, ആര്‍ക്കുമൊട്ട് വിതരണം ചെയ്തിട്ടുമില്ല. ചുരുക്കത്തില്‍ കിട്ടിയ മുഴുവന്‍ അരിയും (349.65 മെട്രിക് ടണ്‍) എല്ലാരുംകൂടി കടത്തി പുട്ടടിച്ചു. പിന്നീടുള്ള പരിശോധനയില്‍ മനസ്സിലായത് ഈ 103.70 മെട്രിക്ക് ടണ്‍ അരി (14.35 ലക്ഷം രൂപ) അടിച്ചു മാറ്റിയത് പഞ്ചായത്ത് ഓഫീസ്സിലെ തന്ന ഒരു ക്ലാര്‍ക്കായിരുന്നു. കണ്‍‌വീനര്‍മാക്ക് ഈ ക്ല്ലാര്‍ക്ക് ചെയ്ത സഹായത്തിനു
പ്രത്യോപകാരമായിരിക്കണം ഇത്. ഏതായാലും അയാളിപ്പോള്‍ സസ്പെന്‍ഷനിലാണ്. സ്റ്റോക്കില്‍ എടുക്കാതിരുന്നതുകൊണ്ട് അതിനെപറ്റി അന്വഷിച്ചു കണ്ടുപിടിച്ചു. സ്റ്റോക്കിലെടുത്തിട്ട് കണ്‍‌വീനര്‍മാര്‍ക്ക് വീതിച്ചു കൊടുത്തതായി രേഖപ്പെടുത്തിയ ഭക്ഷ്യധാന്യം എവിടെപ്പോയി എന്നറിയാന്‍ മാര്‍ഗ്ഗമില്ല. കണ്‍‌വീനര്‍മാര്‍ അതിന്റെ കണക്കു വച്ചാലല്ലേ കണ്ടുപിടിക്കൂ.

2006 സെപ്റ്റമ്പറില്‍ ഗ്രാമ പഞ്ചായത്ത് നല്‍കിയ നോട്ടിസ്സ് ലഭിച്ച കണ്‍‌വീനര്‍മാരില്‍ ഒരാള്‍ നോട്ടീസ്സില്‍ പറയുന്നതു പോലെ തനിക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതിയുമായി 2006 സെപ്റ്റമ്പര്‍ 28 നു ഓംബുഡ്സ്മാനെ സമീപിച്ചപ്പോള്‍ മാത്രമാണ് ക്ലാര്‍ക്കിന്റെ ഈ കൃത്രിമം വെളിയില്‍ വന്നത്.

ഇതാണ് വായനക്കാരേ ജനകീയാസൂത്രണം.

ഒരാള്‍ക്കെതിരെ നടപടിയെടുത്തതു കൊണ്ടായോ. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തണ്ടേ. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം അക്കൌണ്ടന്റ് ജനറല്‍ 2007 ഡിസമ്പറില്‍ സര്‍ക്കാരിനെ അറിയിച്ചത്. നാളിതുവരെ മറുപടിയോ, നടപടിയോ ഇല്ല.

ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്.

[തീര്‍ന്നില്ലാ, ഇനിയും വരുന്നുണ്ട് ഇതുപോലത്തെ അഴിമതി കഥകളുമായി.]

Wednesday, October 8, 2008

പഞ്ചായത്തിലെ തട്ടിപ്പുകള്‍ - ഭാഗം ഒന്നു

കരാറുകാരെ സഹായിക്കുന്നത് പലവിധത്തിലാണ്. അതിലൊരു വിധം എങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്.

ഒന്നു മനസ്സിരുത്തി വായിച്ചാലേ ഇതിലെ ഗുട്ടന്‍സ് മനസ്സിലാകൂ.

‘അടങ്കല്‍’ എന്ന വാക്കു കരാര്‍ പണി ചെയ്യുന്നവര്‍ക്ക് സുപരിചതം. പൊതുമരാമത്തു പണി ചെയ്യിപ്പിക്കുന്ന ഏമാന്മാര്‍ക്കും സുപരിചിതം. എന്നാല്‍ സര്‍ക്കാരിനു വേണ്ടി പൊതുമരാമത്ത് പണി ചെയ്യിക്കുമ്പോള്‍ ‘അടങ്കല്‍’ എന്ന വാക്കിനു ചില പ്രത്യേക അര്‍ത്ഥങ്ങള്‍ നിയമാനുസൃതമായി ഉണ്ടാകുന്നു. അതെന്തെന്നു മനസ്സിലായാല്‍ ഇവിടെ വിവരിക്കുന്ന അഴിമതിയെന്തെന്നും മനസ്സിലാകും.

ഒരു മരാമത്ത് പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടി വരുന്ന ആകെ ചെലവ് കണക്കാക്കി അതിനെ ‘അടങ്കല്‍’ തുക എന്നു വിളിക്കുന്നു. റോഡ് പണി നടത്തുവാന്‍ അവശ്യം വേണ്ടുന്ന ഒരു ഘടകമാണ് ടാര്‍ അഥവാ കീല്‍. ഈ സാധനം വിപണിയില്‍ നിന്നും ആര്‍ക്കും വാങ്ങാവുന്ന ഒന്നല്ല. ഒന്നുകില്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കും എന്നിട്ട് അതിന്റെ വിപണിവില കരാറുകാരനില്‍ നിന്നും ഈടാക്കും, അല്ലെങ്കില്‍ ഉല്പാദകരില്‍ നിന്നും വാങ്ങികൊള്ളാന്‍ സര്‍ക്കാരില്‍ നിന്നും പ്രതേക അനുമതി പത്രം നല്‍കും. സര്‍ക്കാരായാലും, കരാറുകാരനായാലും ടാര്‍ ഉല്പാദകന് വാങ്ങുമ്പോഴുള്ള വിപണിവിലയാണ് നല്‍കേണ്ടത്.

മരാമത്ത് പണികള്‍ ചെയ്യുവാന്‍ വേണ്ടി പരസ്യപ്പെടുത്തുമ്പോള്‍ ആ പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടിവരുന്ന ‘അടങ്കല്‍’ തുക കൂടി സര്‍ക്കാര്‍ കണക്കാക്കി പരസ്യപ്പെടുത്തുന്നു. റോഡു പണിയാണെങ്കില്‍ ആ പണിക്കുപയോഗിക്കേണ്ടിവരുന്ന ടാറിന്റെ വിലയും ഉള്‍പ്പെടുത്തിയുള്ളതാണല്ലോ ‘അടങ്കല്‍’ തുക. ടാറിന്റെ വിലയെത്രയെന്നു പൊതുമരാമത്തു വകുപ്പ് കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നു. വിപണിയില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന വിലമാറ്റം ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ‘അടങ്കല്‍’ തുക കണക്കാക്കിയിരിക്കുന്നത് ടാറിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാല്‍ കുറവായ (സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്) വിലയാണെങ്കില്‍, കരാര്‍ തുകയില്‍ നിന്നും ടാറിന്റെ വിപണിവില കുറവുചെയ്തിട്ട് ബാക്കിയേ കരാര്‍ കാരനു നല്‍കേണ്ടതുള്ളൂ എന്നതാണ് നിയമപ്രകാരമുള്ള കീഴ്വഴക്കം. കാരണം, ടാര്‍ ഉല്പാദകനു സര്‍ക്കാര്‍ നല്‍കേണ്ടത് വിപണിവിലയാണ്, ‘അടങ്കല്‍’ തുകയില്‍ ഉള്‍പ്പെടുത്തിയ വിലയല്ല. കരാറുകാരന്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാങ്ങിയിരുന്നെങ്കിലും അവര്‍ നല്‍കേണ്ടത് വിപണിവിലയാണല്ലോ.

ഈ വിലവിത്യാസം നേരത്തേ അറിയാവുന്ന കരാറുകാര്‍ ‘അടങ്കല്‍’ തുകയെക്കാള്‍ ഇത്ര ശതമാനം കൂട്ടി പണിതീര്‍ത്തു തരാമെന്ന് രേഖപ്പെടുത്താറാണ് പതിവ്. അങ്ങനെയാണ് ചെയ്യേണ്ടതും. പണി പൂര്‍ത്തിയാകുമ്പോള്‍ ‘കരാര്‍ തുക’ യില്‍ നിന്നും ടാറിനു വേണ്ടി സര്‍ക്കാര്‍ ടാര്‍ ഉല്പാദകര്‍ക്ക് നല്‍കിയ വിപണിവില കുറച്ച് ബാക്കി കരാറുകാരനു നല്‍കി ഇടപാട് തീര്‍ക്കുന്നു.

ഇത്രയും മനസ്സിലായെങ്കില്‍ ഇനിപ്പറയുന്ന വെട്ടിപ്പും മനസ്സിലാകും.

അഞ്ചല്‍, ചെങ്ങന്നൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ റോഡ് പണികള്‍ നടത്തിയതിലാണ് ഈ വെട്ടിപ്പ് കണ്ടു പിടിച്ചതു.

1. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, ഉണക്കത്തോട്-ആനക്കുളം റോഡ് പണി നടത്തിയതിനു ചെലവാക്കിയ 31.27 ലക്ഷം രൂപയില്‍ 90000 രൂപ മേല്‍ വിവരിച്ച ടാറിന്റെ വിലവിത്യാസവും ഉള്‍പ്പെട്ടിരുന്നു. ഇതും കരാറുകാരനില്‍ നിന്നും പിടിക്കുന്നതിനു പകരം, അടങ്കല്‍ തുകയില്‍ ഉള്‍പ്പെടുത്തിയ ടാറിന്റെ കുറഞ്ഞ വില മാത്രമേ തിരിച്ചു പിടിച്ചൊള്ളൂ. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ ടാറിന്റെ വില തിരിച്ചു പിടിച്ചതായി തോന്നാം. എന്നാല്‍, 90000 രൂപ കുറച്ച് പിടിച്ച് കരാറുകാരനു നേട്ടം ഉണ്ടാക്കി കൊടുത്തത് ആഴ്ന്ന് ഇറങ്ങി ചെന്നാലേ തിരിച്ചറിയൂ. അക്കൌണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ കണ്ടു പിടിച്ചപ്പോള്‍, ആര്‍ക്കും ഒരു മറുപടിയും തരാനില്ല.

2. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ മറ്റൊന്നാണ് മണലില്‍-എറച്ചിക്കല്‍ റോഡ് പണി. കരാറുകാരനു കൊടുത്തു തീര്‍ത്ത 63.22 ലക്ഷം രൂപയില്‍ ടാറിന്റെ വിലവിത്യാസമായ 2.09 ലക്ഷം രൂപ കൂടി തിരിച്ച് പിടിക്കാതെ നേട്ടം ഉണ്ടാക്കി കൊടുത്തു. കാരണം ചോദിച്ചപ്പോള്‍, മറുപടിയില്ല.

3. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നടന്നു ഇതേ പോലൊരു തിരിമറി. മാന്തുക - റീത്തുപള്ളി പുത്തന്‍‌കണ്ടം റോഡാണ് പണി. കരാറുകാരനു കൊടുത്ത് തീര്‍ത്തത് 33.92 ലക്ഷം രൂപ. ടാറിന്റെ വിലവിത്യാസമായ 2.94 ലക്ഷം രൂപ തിരിച്ചു പിടിക്കാതെ കണ്ണടച്ചു.

അങ്ങനെ സര്‍ക്കാര്‍ ഖജനാവിലേക്ക് ചെല്ലേണ്ട 5.93 ലക്ഷം രൂപ ഗോപി.

വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാല്‍ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന റോഡ് പണിയുടെ വിശദാംശങ്ങളേ ലഭ്യമാക്കൂ. അതു പരിശോധിച്ച് ഖജനാവ് നഷ്ടം ഉണ്ടായതെങ്ങനെയെന്നറിയണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുദ്ദ്യോഗസ്ഥരോ, കരാറുകാരോ സഹായിക്കണം. അതുണ്ടാകാത്തതുകൊണ്ട്, മാധ്യമ സുഹൃത്തുക്കള്‍ക്ക് ഈ വിവരം ലഭ്യമാക്കിയാലും അവര്‍ക്കിത് പൊതിയാതേങ്ങയാണ്.

അറുബോറാണ് ഈ പോസ്റ്റൊന്നു വായിച്ച് മനസ്സിലാക്കാനെന്നറിഞ്ഞു കൊണ്ടു തന്നെ, ഞാന്‍ ഇത് പോസ്റ്റുന്നു.