“സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഫണ്ട് പിന്‍വലിച്ചു സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം.
വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം ചെലവഴിക്കേണ്ട തുക ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പിന്‍വലിച്ച് തൊട്ടടുത്ത സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്നാണ് ഉത്തരവ്.“
ഈ വാര്‍ത്ത മനോരമയിലല്ലാതെ മറ്റൊന്നിലും കണ്ടില്ല. വാര്‍ത്ത പച്ച കള്ളമായിരുന്നു. അതുകൊണ്ടാണ് ഉടന്‍ തന്നെ ധനമന്ത്രി അതു
നിഷേധിച്ചതായി എല്ലാ ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്ത ഉണ്ടായിരുന്നു [19-03-2008]. മന്ത്രിയുടെ നിഷേധകുറിപ്പ് പത്രമാധ്യമങ്ങളിലും
വന്നു [20-03-2008]. കേരളകൌമുദിയിലേത് താഴെ കൊടുത്തിരിക്കുന്നു:
“പദ്ധതിവിഹിതമായി അനുവദിച്ച തുക പണമായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മറ്റ് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. അങ്ങനെ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.[കേരള കൌമുദി: 20-03-2008]“
ഇനി എന്തിനായിരുന്നു മന്ത്രി അത് നിഷേധിച്ചത്?. മിച്ചം വരുന്ന തുക ബാങ്കില്‍ നിക്ഷേപിക്കുന്നത് നല്ലതല്ലേ?. ചിലരെങ്കിലും അങ്ങനെ ചിന്തിച്ചേക്കാം. ഇക്കാര്യങ്ങളുടെ ഉള്ളുകള്ളികളെ കുറിച്ചാണ് ഈ പോസ്റ്റ്.
കുറച്ച് വിശദീകരണം; സര്‍ക്കാര്‍ കാര്യങ്ങളെപറ്റി:
ഒരാണ്ടത്തെ വരവിന്റേയും ചിലവിന്റേയും ഒരു ഉദ്ദേശക്കണക്കാണല്ലോ നമ്മുടെ ബഡ്ജറ്റ്. ഒന്നോ രണ്ടോ ദിവസം കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ നമ്മുടെ ധനമന്ത്രി ഇരുന്നു ഊണ്ടാക്കുന്നതല്ല അത്. മാസങ്ങള്‍ക്കു മുമ്പ് അതുണ്ടാക്കുവാനുള്ള പ്രവര്‍ത്തനം ധനവകുപ്പ് തുടങ്ങി വയ്ക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ സര്‍ക്കാരാഫീസ്സുകളില്‍ നിന്നും അതിനു വേണ്ടുന്ന വിവരം ശേഖരിക്കുന്നു.
ഓരോ മേലധികാരിയും ഒരാണ്ടില്‍ അവരുടെ വകുപ്പില്‍ വന്നു ചേരാവുന്ന വരുമാനവും, അതേപോലെ അവര്‍ക്ക് ചിലവഴിക്കാന്‍ വേണ്ടി വരുന്ന തുകയുടെ ഏകദേശകണക്കുണ്ടാക്കണം. മുന്‍ കാല പരിചയം സിദ്ധിച്ച വിദഗ്ധരായ ഗുമസ്ഥന്മാരും അഫീസര്‍മാരും എല്ലാ വകുപ്പിലും വിന്യസിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞകൊല്ലങ്ങളിലെ യഥാര്‍ത്ഥ ചെലവിന്റെ കണക്കും അവരുടെ പക്കലുണ്ട്.
അതില്‍ നിന്നും ഏകദേശം 10% വരെ കൂട്ടി ഇക്കൊല്ലത്തെ ചെലവ് കാണിക്കാമെന്നാണ് ഒരേകദേശ ധാരണ.
ഒരു കൊല്ലത്തേക്കാണ് കണക്കാക്കേണ്ടത്. സര്‍ക്കാരിന്റെ ഉദ്ദേശ-ക്കണക്കുണ്ടാക്കുന്നതിലെ പ്രധാന പ്രത്യേകത ഇതാണെന്ന് പറയാം:
വീട്ടമ്മ തന്റെ വരുമാനത്തിനൊപ്പിച്ച് ചിലവുകള്‍ ഒതുക്കാന്‍ ശ്രമിക്കും. എന്നാല്‍ സര്‍ക്കാരിനു വേണ്ടി കണക്കുണ്ടാക്കുമ്പോള്‍ ആദ്യം കണേണ്ട്ത് ചെലവുകള്‍ക്ക് വേണ്ടി എത്രതുക വേണ്ടിവരുമെന്നതാണ്. എന്നിട്ട് അതിനൊപ്പിച്ച് വരുമാനമുണ്ടാക്കന്‍ ശ്രമിക്കും. വരുമാനം കൂടിയാല്‍ മിച്ച ബഡജറ്റെന്നും, ചെലവു കൂടിയാല്‍ കമ്മി ബഡ്ജറ്റെന്നും പേരിടും. ഏതായാലും, ഒരു സംസ്ഥാന
ബഡ്ജറ്റിന്റെ വരവും ചെലവും തുല്യമാകണമെന്നു നിര്‍ബന്ധമില്ലെന്ന് നാം മനസിലാക്കണം
പിന്നുള്ളൊരു കാര്യം, ഈ ബഡ്ജറ്റ് ഒരു കൊല്ലത്തേക്കുള്ളതാണ്. അതില്‍ ചെലവാക്കാനായി അനുവദിച്ചിരിക്കുന്ന തുക ആ കൊല്ലം തന്നെ ചെലവാക്കിയിരിക്കണം. മിച്ചം വന്നാല്‍ അടുത്ത കൊല്ലത്തേക്ക് മാറ്റിവെയ്ക്കാന്‍ പറ്റില്ല, ലാപ്സാകും. അടുത്ത കൊല്ലം വേണ്ടതു അടുത്ത കൊല്ലത്തെ ബഡ്ജറ്റില്‍ ഉള്‍കൊള്ളിക്കാമല്ലോ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാകൊല്ലവും ബഡ്ജറ്റ് ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴും, വര്‍ഷാവസാനം പ്രത്യേകിച്ചും വകുപ്പദ്ധ്യക്ഷന്‍മാരെ അറിയിച്ചു കൊണ്ടേയിരിക്കും.
ബഡ്ജറ്റ് മുഖേന അനുവദിച്ച തുക മുഴുവന്‍ അക്കൊല്ലം തന്നെ ചിലവാക്കാനുള്ളതാണെന്നു പറഞ്ഞല്ലോ. കാരണം, ഈ തുക
അടിച്ചേല്‍പ്പിച്ചതല്ല, ചോദിച്ചു വാങ്ങിയതാണ്. എന്തെങ്കിലും കാരണവശാല്‍ അക്കൊല്ലം തന്നെ ചെലവിടാന്‍ കഴിയില്ലായെന്നു കണ്ടാല്‍
ഉടന്‍ തന്നെ ധനവകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ ആ തുക ആവശ്യക്കാരായ മറ്റുവകുപ്പിലേക്ക് മാറ്റികൊടുത്ത് ബഡ്ജറ്റിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയൂ. അതിനൊരു കുഴപ്പമുണ്ട്. ഇക്കൊല്ലത്തെ യഥാര്‍ത്ഥ ചിലവ്
ബഡ്ജറ്റിലനുവദിച്ചതിനേക്കാള്‍ കുറവെങ്കില്‍, ബന്ധപ്പെട്ടവര്‍ ഉത്തരം പറയണമെന്നു മാത്രമല്ല, അടുത്ത വര്‍ഷത്തേക്കുള്ള വിഹിതം ലഭിക്കുന്നതില്‍ ഈ വര്‍ഷം ചെലവഴിക്കുന്ന തുക നിര്‍ണായകമായതിനാല്‍ ചെലവ് വര്‍ധിപ്പിച്ചതായി സൂചിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്. ഇതിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്.
എന്നാല്‍ നടന്നതും, നടക്കുന്നതും, കൊല്ലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതുമെന്താണ്?
യാതൊരു യാതാര്‍ത്ഥ്യ ബോധവുമില്ലാതെ ഗുമസ്ഥന്മാര്‍ ഉണ്ടാക്കി വക്കുന്ന വരവു ചെലവുകളെ അതേപടി മേലധികാരികള്‍ ധനവകുപ്പിലേക്കയക്കുന്നു. കാരണങ്ങള്‍ പലതാണ്:
മേലധികാരികള്‍ക്ക് താന്‍ ഒപ്പു വയ്ക്കുന്ന കണക്കുകള്‍ യാതാര്‍ത്ഥ്യമാണെന്നുറപ്പു വരുത്തുവാന്‍ താല്പര്യമില്ലായിരിക്കാം (മുന്‍കാല
അനുഭവം പാഠം);- അവര്‍ ഒപ്പിട്ട കണക്കുകളോട് യോജിക്കുന്നതു കൊണ്ടാകാം;
- കള്ളങ്ങള്‍ കാണിച്ചു തന്നെ കണക്കുകള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം കിട്ടിയതു കൊണ്ടാകാം.
എന്നാല്‍ വര്‍ഷാവസാനം, മാര്‍ച്ച് മാസമാകുമ്പോള്‍, ചോദിച്ച് വാങ്ങിയതു മുഴുവന്‍ ചിലവാക്കാന്‍ പറ്റാതെ വരുമ്പോള്‍, അതിനുത്തരം പറയേണ്ടി വരുമോയെന്നു ഭയക്കുമ്പോള്‍, കുറുക്കു വഴികളുപയോഗിച്ച് മുഴുവന്‍ ചിലവാക്കിയതായി കണക്കില്‍ കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഈ സാങ്കേതിക തടസ്സം മറികടക്കാന്‍ സഹകരണ വകുപ്പ് കണ്ടുപിടിച്ച ഒരു പോംവഴിയാണു സഹകരണ
ബാങ്കുകളിലേക്കു വകമാറ്റല്‍. പഞ്ചായത്തു തലത്തില്‍ വികസന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതിക്കായി ചെലവാക്കുന്നുവെന്ന വ്യാജേന പണം ട്രഷറിയില്‍ നിന്നു പിന്‍വലിച്ചു സ്വന്തം അക്കൗണ്ടില്‍ സംഘങ്ങളിലേക്കു കൈമാറും. അടുത്ത വര്‍ഷം പദ്ധതി പൂര്‍ത്തിയാകുന്നതു വരെ ഈ പണം ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിനു പ്രയോജനപ്പെടും ഈ രക്ഷപെടലിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്. പ്രതികരിക്കുക മാത്രമല്ല കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുകയാണ്; ഇങ്ങനെ:-
“സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ, ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു അഡ്വാന്‍സ് തുകയും അനുവദിക്കില്ല.
വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതിന്റെ ബില്‍ പരമാവധി മാര്‍ച്ച് 29നുതന്നെ ഹാജരാക്കണം. 31ന് രാവിലെ 10 മണിക്കു ശേഷം ഒരു ബില്ലും സ്വീകരിക്കുന്നതല്ല. 582 കോടി രൂപയുടെ ട്രഷറി നിക്ഷേപം നിലവിലുള്ള സാഹചര്യത്തില്‍ തത്കാലം ട്രഷറി നിയന്ത്രണമൊന്നുമില്ല. അതുകൊണ്ട് എത്രയും വേഗം ബില്ലുകള്‍ പാസ്സാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണം - ധനമന്ത്രി“ [കേരള കൌമുദി: 20-03-2008]
ഉത്തരവ് ഗംഭീരം. എല്ലാവര്‍ക്കും, മന്ത്രിയടക്കം , അറിയാം ഇതൊരു ചടങ്ങു മാത്രമാണെന്ന്.
ഈ കുറുക്കു വഴികള്‍ ഇപ്പോള്‍ തുടങ്ങിയതാണോ?
അല്ലേ അല്ല. ഇത്തരത്തിലുള്ള കുറുക്കുവഴികളിലുടെ ധനകാര്യവകുപ്പിനെ കളിപ്പിക്കുന്നുണ്ടെന്ന് എല്ലാ വര്‍ഷവും ഉദാഹരണങ്ങള്‍ സഹിതം സി.ഏ.ജി തന്റെ റിപ്പോര്‍ട്ടിലൂടെ സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. സി.ഏ.ജി യുടെ ചില പരാമര്‍ശങ്ങള്‍ താഴെ കൊടുക്കുന്നു:
1) വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും: 2007 മാര്‍ച്ച് 31 കൊണ്ടവസാനിച്ച വര്‍ഷത്തില്‍ ഇതിനു വേണ്ടി ബഡ്ജറ്റില്‍ മാറ്റി വച്ചതുകയില്‍ 343.34 കോടി രൂപയാണ് മിച്ചം വന്നത്, അതായത് ചിലവാക്കാതെ ബാക്കിവച്ചത്. നിലവിലുള്ള അനുമതികളുടേയും ആവശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ച ചിലവുകളെന്ന് കാണിച്ച് ചോദിച്ചു വാങ്ങിച്ച തുകയല്ലേയിത്?. എന്തുകൊണ്ട്
ചിലവാക്കിയില്ല്?. നേരത്തേ അറിയിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാമായിരുന്ന തുകയല്ലേ ഇത്.
2) ചട്ടപ്രകാരം, വരും വര്‍ഷങ്ങളില്‍ ഉദ്ദ്യോഗത്തില്‍ ഉണ്ടായേക്കാവുന്ന ഉദ്ദ്യോഗസ്ഥരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും അവര്‍ വാങ്ങുവാന്‍ സാധ്യതയുള്ള വേതനത്തിന്റെ അടിസ്ഥാനത്തിലും വേണം അവരുടെ വേതനത്തിലുള്ള വകയിരുത്തല്‍ നടത്തേണ്ടത്. വരും കൊല്ലത്തെ ശമ്പളം കണക്കാക്കുവാന്‍ വലിയ ബിരുദമൊന്നും വേണ്ട. എന്നാല്‍ വരും കൊല്ലം ശംബള ഇനത്തില്‍ പോലും എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കാന്‍ കഴിവില്ലാത്ത വകുപ്പുകള്‍ നമ്മുടെ സര്‍ക്കാരിലുണ്ട്.
വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും എന്ന വിഭാഗത്തില്‍ 2006-07 വര്‍ഷത്തില്‍ ശംബളത്തിനു വേണ്ടി യതാര്‍ത്ഥത്തില്‍ ചെലവായത് 217.8 കോടി രൂപ. എന്നാല്‍ ബഡ്ജറ്റില്‍ കൂടി അവര്‍ ചോദിച്ച് വാങ്ങിയതോ 306.09 കോടി രൂപയും. അതായത് 88.51 കോടി രൂപ മിച്ചം. നല്ല രീതിയില്‍ മറ്റു പലതിനും ചെലവാക്കാമായിരുന്ന ഈ തുക വെറുതേ വേസ്റ്റായി.
3) മത്സ്യബന്ധനത്തിനു വേണ്ടിയും ഇതു പോലെ 8.59 കോടി രൂപ വേണ്ടിടത്ത് നേടിയെടുത്തത് 10.94 കോടി രൂപ. അങ്ങനെ മിച്ചം വന്ന് വേസ്റ്റായത് 2.35 കോടി രുപ.
ഇത് 2006-07 ലെ കണക്കനുസരിച്ച് മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍, വകയിരുത്തലിന്റെ 9 മുതല്‍ 82 % വരെ തുടര്‍ന്നുകൊണ്ടിരുന്ന മിച്ചങ്ങള്‍ ഉണ്ടായിരുന്നു. അക്കൌന്‍ണ്ടന്റ് ജനറള്‍ റാന്‍ഡമായി സെലക്ട് ചെയ്ത് പരിശോധന നടത്തിയ ഓഫീസ്സുകളില്‍ നിന്നും കണ്ടെത്തിയ വിവരമാണിത്.
4) നിയമസഭ വകയിരുത്തിയ ധനവിനിയോഗ തുകകള്‍ നിയമങ്ങളും/ചട്ടങ്ങളും അതിനു കീഴിലുള്ള നിയന്ത്രണങ്ങളുമനുസരിച്ച് നിര്‍ദ്ദിഷ്ട രീതിയിലും, ലക്ഷ്യത്തിനുമായി അക്കൊല്ലം തന്നെ വിനിയോഗിക്കേണ്ടതാണെന്ന് നേരത്തേ പറഞ്ഞല്ലോ. എന്നാല്‍ വകയിരുത്തിയതില്‍ ഒരു പൈസ പോലും ചിലവാക്കാതെയുള്ള 4 ഇനങ്ങള്‍ (28.15 കോടി രൂപ) വൈദ്യസഹായ / പൊതുജനാരോഗ്യ രംഗത്തിലും, 3 ഇനങ്ങള്‍ (13.36 കോടി രൂപ) മത്സ്യബന്ധന വിഭാഗത്തിലും കണ്ടെത്തിയിരുന്നു.
5) വര്‍ഷത്തിലെ ഏതെങ്കിലും മാസം, പ്രത്യേകിച്ച് സാമ്പത്തിക വര്‍ഷ്ത്തിലെ അവസാന മാസം, ചെലവുകളുടെ തള്ളികയറ്റം ഇല്ലാതെ വര്‍ഷം മുഴുവന്‍ ചെലവുകളുടെ ഒഴുക്ക് നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടരുടെ ഓഫീസില്‍ ഈ നിര്‍ദ്ദേശം പാലിക്കാനേ മിനക്കെട്ടില്ല. ആറ് ഇനങ്ങളില്‍ (21.63 കോടി രൂപ) ചെലവിട്ടതു മുഴുവന്‍ 2007 മാര്‍ച്ച് മാസത്തിലായിരുന്നു. കഴിഞ്ഞ് 11 മാസം എവിടെയായിരുന്നു ഇവരെല്ലാം?
6) ഫൈനാന്‍ഷ്യല്‍ കോഡിലെ നിബന്ധനകളനുസരിച്ച്, ഒരു വര്‍ഷം ചെലവാകാത്ത ബഡ്ജറ്റ് തുക പാഴായി പോകുന്നത് തടയാനായി പൂര്‍ണ്ണമായോ ഭാഗികമായോ ഒരു കാരണവശാലും വേറെ ഏതെങ്കുലും അക്കൌന്‍ണ്ടിലേക്കോ, നിക്ഷേപത്തിലേക്കോ മാറ്റുകയോ നീക്കി വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. (പോസ്റ്റിന്റെ തുടക്കത്തിലുള്ള പത്ര റിപ്പോര്‍ട്ടുകള്‍ കാണുക). അഞ്ചു വകുപ്പുകളുടെ ഡയറ്ക്ട്രേറ്റുകള്‍ പരിശോധിച്ചതില്‍, 2006-07 ല്‍ 69.58 കോടി രൂപയാണ് ട്രഷറി സേവിംഗ്സ് ബാങ്ക്, ട്രെഷറി പബ്ലിക്ക് അക്കൌണ്ട്, ബാങ്ക് അക്കൌണ്ട്, പൊതുമരാമത്ത് വകുപ്പിന്റെ റമിറ്റന്‍സ് ശീര്‍ഷകം എന്നിവയിലേക്ക് തുക മാറ്റി ക്രെഡിറ്റ് ചെയ്തത്. മാറ്റിയ തുകകള്‍ ഉടനെയുള്ള
ആവശ്യത്തിനായിരുന്നില്ല എന്നു സൂചിപ്പിക്കുന്ന വിധം മുഴുവന്‍ തുകയും 2007 ജൂണ്‍ വരെയും വിനിയോഗിക്കേണ്ടിയും വന്നില്ല. അപ്പോള്‍ തീര്‍ച്ചയായും അടുത്ത ബഡ്ജറ്റില്‍ കുടി നേടിയാല്‍ പോരായിരുന്നോ ഈ തുകയെല്ലാം? പൊതുധനത്തിന്‍ മേലുള്ള
നിയമസഭയുടെ നിയന്ത്രണം ഇല്ലാതാക്കുന്നതിനു തുല്യമായ ഈ പ്രവര്‍ത്തി ചെയ്ത വകുപ്പ് മേലധികാരികള്‍ക്കെതിരെ എന്തു നടപടിയെടുത്തു. സി.ഏ.ജി റിപ്പോര്‍ട്ട് വഴി സര്‍ക്കാരിനെ അറിയിച്ചതല്ലേ ഇതെല്ലാം. എന്നിട്ടും?
7) 30 മുഖ്യ ശീര്‍ഷകങ്ങളുടെ കീഴില്‍ 52% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലായിരുന്നു. ഈ കേസുകളില്‍ തന്നെ 39% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത് 2007 മാര്‍ച്ച മാസത്തിലായിരുന്നു.
8) മോഡസ് ഓപ്പറാണ്ടി: മാര്‍ച്ച് മാസമാകുമ്പോള്‍ ഓരോ ഓഫീസിലേയും താപ്പാനകള്‍ക്ക് എത്ര രൂപ മിച്ചം വരുമെന്ന് ക്രിത്യമായിട്ടും അറിയാമായിരിക്കും. ഏതെങ്കിലും മരാമത്ത് പണി ഉറപ്പിച്ചിരിക്കും, എന്നാല്‍ ചെയ്തു തുടങ്ങിയേ കാണില്ല. അല്ലെങ്കില്‍ പണി തീര്‍ന്നു കാണം പക്ഷേ കരാറുകാരനുമായുള്ള ധാരണ (?) ഉറപ്പിച്ചു കാണില്ല. മാര്‍ച്ച് മാസമാകുമ്പോള്‍ മരാമത്തു പണിയുടെ മുഴുവന്‍ തുകക്കും കരാറുകാരന്റെ പേരില്‍ ട്രെഷറിയില്‍ നിന്നും ഡ്രാഫ്റ്റ് വാങ്ങി വക്കും. ട്രെഷറിക്കാര്‍ ആ ജോലി ചെയ്തതായി കണക്കെഴുതി ഡ്രാഫ്റ്റ് കൊടുക്കും. ഡ്രാഫ്റ്റിന്ന് ആറു മാസത്തെ കാലാവധി ഉണ്ടല്ലോ. അതിനിടയില്‍ പണിയെല്ലാം തീര്‍ത്താല്‍ , ഒരു
ധാരണയിലെത്തി, നേരത്തേ വാങ്ങി വച്ച ഡ്രാഫ്റ്റ് കൈമാറും. അതിനുള്ള സാഹചര്യം ഒത്തു വന്നില്ലെങ്കില്‍ ഡ്രാഫ്റ്റിനെ റദ്ദാക്കി ഓഫീസിന്റെ കണക്കില്‍ ക്രെഡിറ്റ് ചെയ്തു വയ്പ്പിക്കും. എങ്ങനെയായാലും ബഡ്ജറ്റിനു വേണ്ടിയുള്ള കണക്കില്‍, അത്രയും തുക
ചെലവാക്കി കഴിഞ്ഞതാണ് ഇങ്ങനെയാണ് കൂടുതലും നടക്കുന്നത്. സി.ഏ.ജി റിപ്പോര്‍ട്ടില്‍ ഇത് ഇതേപടി എഴുതിപിടിപ്പിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കൂട്ടി വായിച്ചാല്‍ ഈ അര്‍ത്ഥം വരുന്ന വിധത്തില്‍ എഴുതി ഒപ്പിച്ചിരിക്കും.
9) 2006-07 ല്‍ തുക ചെലവാക്കാതെ മേല്‍ വിവരിച്ച പ്രകാരം മാറ്റി വച്ച ചില ഉദാഹരണങ്ങളിതാണ്:-
പട്ടിക വര്‍ഗ്ഗ/ജാതി വികസന ഡയറക്ട്രേറ്റ് - ട്രെഷറി സേവിങ്സിലോട്ട് മാറ്റിയത് - 8 കേസുകളിലായി 12.41 കോടി രൂപ.- പട്ടിക വര്‍ഗ്ഗ വികസന ഡയറക്ട്രേറ്റ് - ഡിമാന്‍ഡ് ഡ്രാഫ്റ്റ് വാങ്ങി വച്ചത് - 3 കേസുകളിലായി 37.20 കോടി രൂപ
- വ്യവസായ ഡയറക്ട്രേറ്റ് - ട്രെഷറി പബ്ലീക്ക് അക്കൌണ്ടിലോട്ട് മാറ്റിയത് - 5 കേസുകളിലായി 2.72 കോടി രുപ.
- വ്യവസായ ഡയറക്ട്രേറ്റ് - ഡിമാന്‍ഡ് ഡ്രാഫ്റ്റ് വാങ്ങി വച്ചത് - 4 കേസുകളിലായി 5.52 കോടി രൂപ
- വിനോദ സഞ്ചാര ഡയറക്ട്രേറ്റ് - ട്രെഷറി സേവിങ്സിലോട്ട് മാറ്റിയത് - 1 കേസുകളിലായി 4.73 കോടി രൂപ
- വിനോദ സഞ്ചാര ഡയറക്ട്രേറ്റ് - ഡിമാന്‍ഡ് ഡ്രാഫ്റ്റ് വാങ്ങി വച്ചത് - 4 കേസുകളിലായി 4.66 കോടി രൂപ
- സാമൂഹ്യ ക്ഷേമ ഡയറക്ട്രേറ്റ് - ഡിമാന്‍ഡ് ഡ്രാഫ്റ്റ് വാങ്ങി വച്ചത് - 12 കേസുകളിലായി 2.16 കോടി രൂപ
ധനവിനിയോഗം സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ മറികടക്കുന്നതിനാണു വകുപ്പ് ഈ മാര്‍ഗം സ്വീകരിച്ചതെന്നാണു സൂചന.
ഇതാണ് നമ്മുടെ ബഡ്ജറ്റും യാഥാര്‍ത്ഥ്യവും. എന്തൊരു ബഹളമായിരുന്നു; ബഡ്‌ജറ്റ് വരുന്നതിനു മുമ്പും, വന്നതിനു ശേഷവും. പത്രമാധ്യമവും, ദൃശ്യമാധ്യമവും നിറഞ്ഞു നിന്ന ചര്‍ച്ച. ഇതേപോലെ തന്നെയായിരുന്നില്ലേ, കഴിഞ്ഞ ബഡ്‌ജറ്റും. അതിനു
സംഭവിച്ചതെന്തെന്ന് എത്രപേര്‍ക്കറിയാം. എത്ര പേര്‍ അന്വേഷിച്ചു. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവിടെ കുറിച്ചിട്ടത്.
കടപ്പാട്: സി.ഏ.ജി. റിപ്പോര്‍ട്ട്.