Monday, June 30, 2008

സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം - ഉദാഹരണം ഒന്നുകൂടി.(Handicrafts)

കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചുകൂവുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രം വച്ചു നീട്ടിയ 140 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കഥ വായിക്കു. അതും തൊഴിലാളി ക്ഷേമത്തിനു വേണ്ടി മാത്രം ചെലവാക്കേണ്ടുന്ന തുക.

രണ്ടു കോടി രൂപ ചെലവില്‍ കരകൌശല വസ്തുക്കള്‍ക്ക് വേണ്ടി സംസ്ഥാന / പ്രാദേശിക വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി (1999). മദ്ധ്യവര്‍ത്തികളുടെ ചൂഷണം ഒഴിവാക്കി പരമ്പരാഗത കരകൌശല വിദഗ്ദര്‍ , നെയ്ത്തുകാര്‍ എന്നിവര്‍ ഉണ്ടാക്കുന്ന സാധനങ്ങളുടെ വിപണനത്തിനു 40-50 സ്റ്റാളുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇതില്‍ കേന്ദ്രവിഹിതം 1.40 കോടി രുപയായും സംസ്ഥാന വിഹിതം 60 ലക്ഷം രൂപയായും നിശ്ചയിച്ചു. കേരളാ കരകൌശല വികസന കോര്‍പ്പറേഷനെ സംസ്ഥാനത്തു നടപ്പിലാക്കനുള്ള ഏജന്‍സിയായും നിശ്ചയിച്ചു.

പദ്ധതിയനുസരിച്ച ആവശ്യമുള്ള സ്ഥലം ഏജന്‍സിയായ കേരള കരകൌശല വികസന കോര്‍പ്പറേഷനു കൈമാറിയാല്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ വിഹിതമായ 1.40 കോടി രൂപ ആ ഏജന്‍സിയെ വ്യവസായ വകുപ്പ് ഏല്‍പ്പിക്കും.

ഫിഷറിസ് വകുപ്പിന്റെ കീഴില്‍ ഇതിനു പറ്റിയ 18 ഏക്കര്‍ സ്ഥലമുണ്ടെന്നും അതില്‍ നിന്ന് 5 ഏക്കര്‍ കൈമാറിയാല്‍ പദ്ധതി നടപ്പാക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. കണ്ടെത്തിയതേ ഉള്ളൂ, കൈമാറിയില്ല, ഇതു വരെ. സ്ഥലം കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതമായ 62 ലക്ഷം രൂപയും കോര്‍പ്പറേഷനു കൈമാറി. കോര്‍പ്പറേഷന്‍ ആ തുക വാങ്ങി ബാങ്കില്‍ ഡപ്പോസിറ്റും ചെയ്തു. വ്യ്‌വസായ വകുപ്പ് സ്വന്തം സ്ഥലം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാതെ അയല്‍ക്കാരന്റെ (ഫിഷറിസ് വകുപ്പ്) സ്ഥലമാണ് ഈ പദ്ധതിക്കുവേണ്ടി കണ്ടത്തിയത്. സ്ഥലം കിട്ടണമെങ്കില്‍ വിപ്ലവം തന്നെ നടക്കണം. അത്രയുണ്ട് സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ നമ്മിലുള്ള ബന്ധം.

സ്ഥലം കൈമാറാന്‍ ഫിഷറീസ് വകുപ്പിനോടഭ്യര്‍ത്തിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. കേന്ദ്രവിഹിതം ചോദിച്ചപ്പോള്‍ സ്ഥലം കൈമാറാത്തതു കൊണ്ട് അവരും കൈമലര്‍ത്തി. ഡപ്പോസിറ്റ് ചെയ്ത പണം ബാങ്കില്‍ സുരക്ഷിതം. കൊല്ലം കുറേ കഴിഞ്ഞു, ഇന്നും കരകൌശല വിപണന കേന്ദ്രങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ നില്‍ക്കുന്നു.

പദ്ധതി നടത്തിപ്പില്‍ യാതൊരു പുരോഗതിയും കാണാഞ്ഞ്‌, (എട്ടൊമ്പതു കൊല്ലം പോയിക്കിട്ടി എന്നോര്‍ക്കണം) വ്യവസ്സായ വകുപ്പ് ഡയറക്ടര്‍ പലിശയടക്കം മുഴുവന്‍ തുകയും ഏഴു ദിവസത്തിനുള്ളില്‍ സര്‍ക്കാരിലോട്ട് തിരിച്ചടക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു(2006 മാര്‍ച്ച്) .പക്ഷേ കോര്‍പ്പറേഷന്‍ കൊടുത്തതുമില്ല. ഇന്നും അതേഗതി തുടരുന്നു.

സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കാനും സമാനമായ ഒരു പദ്ധതി വിനോദ സഞ്ചാര വകുപ്പുവഴി നടപ്പാക്കാനും തീരുമാനിച്ചിരിക്കയാണ് ( 2007 ഫെബ്രുവരി).

ഇത്രയും നാള്‍ പരമ്പരാഗത പണിക്കാരെ കൊതിപ്പിച്ചതു മിച്ചം. കേന്ദ്രവിഹിത മായ 1.40 കോടി രൂപ നഷ്ടപ്പെട്ടതിനു പുറമേ നടപ്പാക്കല്‍ ഏജന്‍സിക്ക് കൊടുത്ത 62 ലക്ഷ്ം രൂപ ഒരു പ്രയോജനവും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്‍ നിന്നും മാറ്റി ഇന്നും നിലകൊള്ളുന്നു.

ഇക്കാര്യത്തിലുള്ള പുരോഗതി എന്തായി എന്ന് അക്കൌണ്ടന്റ് ജനറല്‍ കുറച്ചു നാളായി സര്‍ക്കരിനോടന്വേഷിക്കുന്നുണ്ടെന്നാണ് കേള്‍വി. ഒരു മറുപടി പോലും നാളിതുവരെ നല്‍കാന്‍ സര്‍ക്കാര്‍ സന്മനസ്സ് കാട്ടിയില്ലെന്നും സംസാരമുണ്ട്.

1999 ലെ ബജറ്റ് നോക്കിയാല്‍, കരകൌശല തൊഴിലാളികള്‍ക്ക് വേണ്ടി വിപണനശാലകള്‍ ഉണ്ടാക്കാനായി 60 ലക്ഷം രുപ വകയിരുത്തിയിരിക്കുന്നത് കാണാം. 2000 ലെ ബജറ്റ് നോക്കിയാല്‍ മേല്‍പ്പറഞ്ഞ പദ്ധതിക്കായി 62 ലക്ഷം ചിലവഴിച്ചുവെന്നും കാണാം. ഇതു കണ്ട് അന്തംവിട്ട് കുന്തം മിഴുങ്ങി നില്‍ക്കുന്ന കരകൌശല തൊഴിലാളികള്‍ക്കറിയില്ലല്ലോ 62 ലക്ഷം ചെലവഴിച്ചത് കരകൌശല കോര്‍പ്പറേഷന്റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനായിരുന്നുവെന്നു.


ഇനി ഒരുപക്ഷേ ബാങ്ക് നിക്ഷേപം പിന്‍‌വലിച്ച് തിരിയെ സര്‍ക്കാരിനു കൊടുത്താല്‍ തന്നെ 2000 ലെ ബജറ്റ് കണക്ക് തിരുത്തനൊന്നും കഴിയില്ല. അത് വേറൊരു കണക്കിലെക്കളി.

(Exclussive for blog readers from അങ്കിള്‍)

Friday, June 27, 2008

വാണിജ്യനികുതിവകുപ്പും വിവരസാങ്കേതിക വിദ്യയും (Commercial Taxes Department)

നമ്മുടെ സംസ്ഥാനാതിര്‍ത്തികളിലെ ചെക്ക്‌ പോസ്റ്റുകള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണെന്ന കാര്യം പ്രത്യേകിച്ച്‌ പറയേണ്ടല്ലോ. അവിടമൊക്കെ ഒന്നു ശരിയാക്കിയെടുക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഇപ്പോഴത്തെ ധനമന്ത്രി ശ്രീ. തോമസ്സ്‌ ഐസ്സക്കിന്നല്ല ആദ്യം ഉണ്ടായത്‌. 1998 ലെ സര്‍ക്കാരിനും അത്തരത്തിലുള്ള ഒരാഗ്രഹം തോന്നി. വാണിജ്യ നികുതി വകുപ്പിനെ (സിറ്റിഡി) മുഴുവന്‍ കമ്പ്യുട്ടര്‍വല്‍കരിച്ചാല്‍ ഈ ആഗ്രഹം നിറവേറ്റാമെന്ന്‌ ഏതോ പുംഗന്‍ ഉപദേശിച്ചുകൊടുത്തു.

സംന്തോഷം കൊണ്ട് തുള്ളിച്ചാടിയ നികുതി വകുപ്പ്‌ ഉടന്‍ തന്നെ അതിനു വേണ്ടുന്ന ഒരു സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്യാന്‍ ഉത്തരവിട്ടു. സോഫ്റ്റ്വെയറിനു പേരും ഇട്ടു: ‘’കേരളാ
കൊമ്മേര്‍സിയല്‍ ടാക്സസ്സ്‌ സിസ്റ്റം”. രാജ്യത്തെ പ്രഗല്‍ഭരായ ടാറ്റാ ഇന്‍ഫോടെക്‌ ലിമിറ്റഡിനേയും, സംസ്ഥാനത്തെ കെല്‍ട്രോണിനേയും കൂടി 2000 ജനുവരിയില്‍ ഇതിനു വേണ്ടുന്ന സിസ്റ്റം വികസിപ്പിച്ചെടുക്കാനേല്‍പ്പിച്ചു. 70 ലക്ഷം രൂപ ചെലവില്‍
12 മാസത്തിനകം സംഗതി റെഡിയാക്കണം. ഏതാണ്ട് പറഞ്ഞ സമയത്തു തന്നെ സോഫ്റ്റ്വെയര്‍ റെഡി.

സോഫ്റ്റ്വെയര്‍ ടെസ്റ്റ് ചെയ്തു നോക്കാന്‍ വകുപ്പിന്റെ കീഴിലുള്ള ഓഫീസ്സുകളില്‍ കമ്പ്യൂട്ടര്‍ വേണ്ടേ. 2002 മാര്‍ച്ച് 31 വരെയും കമ്പ്യൂട്ടറുകളൊന്നും ഇല്ലെന്ന്‌ കണ്ട്, ആ വിവരം അക്കൌണ്ടന്റ് ജനറല്‍ സര്‍ക്കാരിനേയും, സാമാജികരേയും എല്ലാം അറിയിച്ചു.

127 സ്ഥലങ്ങളിലായി 248 വാണിജ്യ നികുതി ആഫീസ്സുകളിലെ (ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ) കമ്പ്യൂട്ടറകളുമായി സംയോജിപ്പിക്കണമെന്നത്‌ അവര്‍ക്ക്‌ ഒരു പുതിയ അറിവായിരുന്നു.

അതു കൊണ്ടായിരിക്കണം നാലഞ്ചുകൊല്ലം ഒന്നും സംഭവിക്കാതെ മുന്നോട്ട് പോയി. ഒന്നും സംഭവിച്ചില്ലെന്ന്‌ പറയുന്നത്‌ ശുദ്ധ നുണയായിരിക്കും. ഇനിപ്പറയുന്ന കാര്യങ്ങളെല്ലാം ഇതിനിടയില്‍ സംഭവിച്ചിരുന്നു:

  • ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി സാധ്യമാക്കുന്നതിനു ഹാര്‍ഡവെയര്‍ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ 2002 നവമ്പറില്‍ ക്ഷണിച്ചിരുന്നു. പക്ഷേ ഉടന്‍ തന്നെ സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ പറ്റിയില്ല. ഓഫ്‌ലൈന്‍ ഡേറ്റാ എന്‍‌ട്രി യാണോ ഓണ്‍ലൈന്‍ ഡേറ്റാ എന്‍‌ട്രിയാണോ ചിലവുകുറഞ്ഞതെന്ന്‌ ചിന്തിച്ചുറപ്പിക്കേണ്ടേ. 2003 ഒക്ടോബര്‍ ആയപ്പോള്‍ ചിന്തക്കുറപ്പുവന്നു: ഓഫ് ലൈന്‍ ഡേറ്റാ എന്‍‌ട്രിയാണ് ചിലവ്‌ കുറവെന്ന്‌. പിന്നെ ഒട്ടും താമസ്സിപ്പിച്ചില്ല. സപ്ലൈ ഓര്‍ഡര്‍ നല്‍കി. 2004 ജനുവരിയില്‍തന്നെ ആവശ്യപ്പെട്ട ഹാര്‍ഡ് വെയര്‍ മുഴുവന്‍ റെഡി.
  • നമ്മള്‍ സ്വന്ത ആവശ്യത്തിനു കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ അന്നുതന്നെ പവ്വര്‍ പോയിന്റൂള്ള ഒരു സ്ഥലത്ത് ഒരു മേശയിട്ട് ഉപയോഗിച്ചു തുടങ്ങും. വകുപ്പിന്റെ ആഫീസുകളിലും ഇത്രയേ ആവശ്യമുള്ളൂവെന്നാണ് ധരിച്ചു വശായത്‌. അപ്പോഴാണ് ആരോ ഉപദേശിച്ചത്‌ ഈ ആഫീസ്സുകളിലെല്ലാം ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഉണ്ട്. വികസിപ്പിച്ചെടുത്ത്‌ റെഡിയായിരിക്കുന്ന സോഫ്റ്റ്വെയര്‍ ക്ലയന്റ്-സെര്‍വ്വര്‍ ആര്‍ക്കിടെക്ചറിലാകുന്നു.ഓരോ ആഫീസ്സിലേയും എല്ലാ കമ്പ്യൂട്ടറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോക്കല്‍ ഏരിയാ നെറ്റുവര്‍ക്കും (ലാന്‍ ) എല്ലാ ഓഫീസ്സുകളും കമ്മിഷ്ണറേറ്റുമായി ബന്ധിപ്പിക്കുന്ന വൈഡ് ഏരിയാ നെറ്റുവര്‍ക്കും (വാന്‍ ) അത്യാവശ്യമാണ്. ഇക്കാര്യം മനസ്സിലായ ഉടന്‍ അടുത്ത നടപടിക്കു തയ്യാറായി. 77.30 ലക്ഷം രൂപ മുടക്കി ലാന്‍ സ്ഥാപിക്കാനുള്ള വര്‍ക്ക്‌ ഓര്‍ഡര്‍ 2004 സെപ്റ്റമ്പറില്‍ (!!) തന്നെ നല്‍കി.
  • ലാന്‍ സ്ഥാപിക്കാന്‍ കമ്പനിക്കാര്‍ ആഫീസ്സുകള്‍ സന്ദര്‍ശിച്ചപ്പോഴാണറിയുന്നത്‌, അതിനു മുന്നോടിയായുള്ള ‘സൈറ്റ് പ്രിപ്പറേഷന്‍ ‘ എന്നൊരു മാരണം കൂടിയുണ്ടെന്ന്‌. അത്‌ സിവിള്‍വര്‍ക്ക് വിഭാഗത്തിലുള്ളതാണ്. പൊതുമരാമത്തു വകുപ്പാണ് ചെയ്തു തരേണ്ടത്‌. ഇതെല്ലാം ചെയ്തു കിട്ടാനുള്ള കാലതാമസം മൂലം 2005 ഒക്ടോബറിലാണ് ലാന്‍ സ്ഥാപിച്ച് കിട്ടിയത്‌. അതുകൊണ്ട് 2007 ഏപ്രിലില്‍ വാന്‍ സ്ഥാപിക്കാനുള്ള വര്‍ക്ക്‌ ഓര്‍ഡറും നല്‍കി.
  • ഇതിനു മുമ്പതന്നെ ജില്ലാ ആഫീസുകള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും ബി.എസ്.എന്‍.എല്‍ ന്റെ ലീസ്ഡ്‌ ലൈന്‍ കണക്ഷനുകള്‍ 2004 മാര്‍ച്ചില്‍ എടുത്തിരുന്നു. (127 സ്ഥലങ്ങളിലെ 248 വാണിജ്യ നികുതി ആഫീസ്സുകള്‍ക്ക്) അതിനുള്ള വാടകയും മുറക്ക്‌ കൊടുത്തു വരുന്നുണ്ട്.

ലാനും വാനുമൊക്കെ തയ്യാറായി വന്നപ്പോള്‍ വേറൊരു സംഭവം കൂടി ഉണ്ടായി. വല്യൂ ആഡഡ്‌ ടാക്സ്‌ നടപ്പാക്കി. നമ്മുടെ റ്റാറ്റാ ഇന്‍ഫോടെക്കും കെല്‍ട്രോണും കൂടി ികസിപ്പിച്ചടുത്ത (70 ലക്ഷം രൂപ) സോഫ്റ്റ്വെയര്‍ പെട്ടിയില്‍നിന്നും പുറത്തെടുക്കേണ്ടി വന്നില്ല്ല.

ചുരുക്കത്തില്‍ 2005 ആയപ്പോള്‍ നികുതി വകുപ്പ്‌ ഈ പദ്ധതി തുടങ്ങിയിടത്തുതന്നെ തിരികെയെത്തി.

140 ലക്ഷം രൂപക്ക്‌ വാറ്റിനു അനുസൃതമായ മറ്റൊരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്ന പണിയുടെ ചുമതല 2005 ജൂണില്‍ സി.എം.സി ലിമിറ്റഡിനെ ഏല്‍പ്പിച്ചു. 2007 മാര്‍ച്ചോടെ
പരിമിതമായ വാണിജ്യനികുതി ആഫീസുകളിലും ചെക്ക് പോസ്റ്റുകളിലുമായി രണ്ടു മോഡ്യൂളുകള്‍ മാത്രമേ പ്രവര്‍ത്തന സഞ്ജമായുള്ളൂ. എങ്കിലും 12 മോഡ്യൂളുകള്‍ പ്രവര്‍ത്തന സഞ്ജമായി എന്നുള്ള അംഗീകാര സര്‍ട്ടിഫിക്കറ്റ് 2006 ഡിസമ്പറില്‍ നല്‍കിയത്‌
പച്ചകള്ളമാണെന്ന്‌ അക്കൌണ്ടന്റ് ജനറല്‍ തെളിയിച്ചു. 10 മോഡ്യൂളുകള്‍ ഡപ്യൂട്ടികമ്മിഷ്ണറുടെ ആഫീസിലോ വാണിജ്യനികുതി ആഫീസുകളിലോ വാനിന്റെ പ്രവര്‍ത്തനക്ഷമതയുടെ അഭാവം കാരണം ഇനിയും പ്രവര്‍ത്തന്ക്ഷമമാക്കേണ്ടിയിരിക്കുന്നു.

ടാറ്റാ ഇന്‍ഫോടെക്കും കെല്‍ട്രോണും വഴി ആദ്യം വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിനും, പരിശീലനം നല്‍കുന്നതിനും മറ്റുമായി ഇതുവരെ ഏതാണ്ട് 19.57 കോടി രൂപ ചെലവായിട്ടുണ്ട്. അതിലെ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിനു വേണ്ടി ചെലവായതു മാത്രമല്ല പാഴായിപ്പോയത്. ഓറക്കിള്‍ 8, സ്കോ യൂണിക്സ്‌വെയര്‍ ലൈസന്‍സുകള്‍ കരസ്ഥമാക്കിയതിനു ചെലവായ 1.01 കോടി രൂപയും പാഴായി.

2004 ജനുവരിയില്‍ 5.10 കോടി രൂപയ്ക്ക് വാങ്ങിയ 26 സര്‍വ്വറുകളും, 943 പീ.സി കളും മറ്റു ഹാര്‍ഡ് വെയറും വിവിധ ആഫീസുകളില്‍ കഴിഞ്ഞ മൂന്നു നാലും വര്‍ഷമായി പെട്ടിക്കുള്ളില്‍
സുഖമായുറങ്ങുന്നു.

രെജിസ്റ്റേര്‍ഡ് ഡീലര്‍മാര്‍ നല്‍കുന്ന മാസാമാസ റിട്ടേണുകളിലെ ഡേറ്റ ഇന്‍പുട്ട് ചെയ്യുന്നതിനായി 354 പീ.സീ കള്‍ (നേരത്തേ പറഞ്ഞതു കൂടാതെ) വാങ്ങുന്നതിലേക്കായി 1.20 കോടി രൂപയുടെ അനാവശ്യ ചെലവും (2006 മാര്‍ച്ച്) വകുപ്പ്‌ വരുത്തിവച്ചു.

അങ്ങനെ 1998-ല്‍ നിര്‍ദ്ദേശിച്ച കമ്പ്യൂട്ടര്‍ വല്‍കൃത വിവര സമ്പ്രദായം വാണിജ്യനികുതി വകുപ്പില്‍ ഇപ്പോഴും സാധ്യമായിട്ടില്ല.

Wednesday, June 25, 2008

വേളി അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ദുര്‍ഗ്ഗതി (Amusement Park)

തിരുവനന്തപുരത്ത്‌ വേളിയില്‍ ഒരു അമൂസ്‌മെന്റ് പാര്‍ക്ക്‌ നേരിട്ട് നിര്‍മ്മിക്കണമെന്നത്‌ വിനോദസഞ്ചാര വകുപ്പിന്റെ അതിയായ ആഗ്രഹമായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ബില്‍ഡ് ഓണ്‍ - ഓപ്പറേറ്റ് - മെയിന്റെയിന്‍ അടിസ്ഥാനത്തില്‍ ഒന്നുണ്ടാക്കിക്കോളാന്‍ 1999 ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ അനുമതിയും കൊടുത്തു.

1999 ജൂണും 2001 ജൂണിനുമിടക്ക്‌ 8.39 കോടി രൂപ മുടക്കി 9.3143 ഹെക്ടര്‍ സ്ഥലം പദ്ധതിക്കു വേണ്ടി റവന്യൂ വകുപ്പ്‌ ഏറ്റെടുത്ത്‌ വിനോദ സഞ്ചാര വകുപ്പിനു കൈമാറി. ഇതില്‍ നിന്നും 7.4370 ഹെക്റ്റര്‍ സ്ഥലം 30 വര്‍ഷത്തെ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനു പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.

ഏറ്റവും കൂടുതല്‍ വാര്‍ഷിക പാട്ടതുകയായ, സ്ഥലവിലയുടെ (35.25 ലക്ഷം) 8.05 ശതമാനം രേഖപ്പെടുത്തിയ അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പ്‌ എന്ന സ്ഥാപനത്തെ പദ്ധതി നടപ്പാക്കാന്‍ 1999 ഡിസമ്പറില്‍ തെരഞ്ഞെടുത്തു. ദര്‍ഘാസ് വ്യവസ്ഥകളനുസരിച്ച്‌ സ്ഥാപനം 18 മാസത്തിനകം പാര്‍ക്ക്‌ കമ്മിഷന്‍ ചെയ്യേണ്ടതാണ്.

സംഗതി ഇതുവരെ ഒരിടത്തും എത്തിയില്ല. അന്വേഷണത്തില്‍ കണ്ടെത്തിയതിതാണ്.:

റവന്യൂ വകുപ്പ്‌ ഏറ്റെടുത്തു കൊടുത്ത സ്ഥലത്തില്‍ ഒരു ഭാഗം തീരദേശ നിയന്ത്രണമേഖലയില്‍ ഉള്‍പ്പെട്ടിരുന്നതാണ്. യാതൊരു വികസന പ്രവര്‍ത്തനവും ഈ മേഖലയില്‍ പാടില്ല. ഈ വിവരങ്ങളൊന്നും അറിയിക്കാതെയാണ് അബുദാബി ഗ്രുപ്പുമായി വ്യവസ്ഥകളുണ്ടാക്കാന്‍ മുതിര്‍ന്നത്‌. അവരീക്കാര്യം അറിഞ്ഞപ്പോള്‍, ദര്‍ഘാസ്‌ വ്യവസ്ഥകളില്‍ ഉള്‍പ്പെടാതിരുന്ന പല സൌജന്യങ്ങളും ആവശ്യപ്പെട്ടു.

തീരദേശനിയന്ത്രണ മേഘലയില്‍ പെട്ട ഭൂമിയെ പാട്ടവാടകയില്‍ നിന്നൊഴിവാക്കുക.
സ്റ്റാമ്പ് ഡൂട്ടി ഇളവു ചെയ്യുക
റജിസ്ട്രേഷന്‍ ചാര്‍ജ്ജുകള്‍ ഇളവു ചെയ്യുക
പാട്ട വാടക ആറു വര്‍ഷത്തേക്ക്‌ ഒഴിവാക്കുക എന്നിവ.

ഇതും ഇതുപോലെയുള്ള പല ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങികൊടുത്തു (2002 ഒക്ടോബര്‍). ഇതും പോരാഞ്ഞ്‌ കരാറിനു പുറത്തുള്ള പലവിധ സൌജന്യങ്ങളും അനുവദിച്ചു കൊടുത്തു വെങ്കിലും കൂടുതലായി ആവശ്യപ്പെട്ട (2003 ജനുവരി) 0.1748 ഹെക്റ്റര്‍ സ്ഥലം കുടി ഏറ്റെടുത്തു കൊടുക്കാന്‍ താമസിച്ചതു കൊണ്ട് സ്ഥാപനം കരാര്‍ പത്രം ഒപ്പിട്ടിട്ടില്ല (2007 ഏപ്രില്‍).

അവസാനം പദ്ധതി സ്ഥാപനത്തിനു കൊടുക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍‌വലിച്ചിരിക്കുകയാണ്. 8.39 കോടി രൂപ ചെലവില്‍ ഏറ്റെടുത്ത ഭൂമി കഴിഞ്ഞ ആറേഴു വര്‍ഷമായി ഒരു കാര്യത്തിനും ഉപയോഗിച്ചില്ല. അന്തരാഷ്ട്രനിലവാരമുള്ള വേളിയിലെ അമൂസ്മെന്റ് പാര്‍ക്ക്‌ ത്രിശങ്കുവിലും. വിനോദ സഞ്ചാരവകുപ്പിനു സ്വസ്തി.

Monday, June 23, 2008

മാറി മാറി വരുന്ന സര്‍ക്കാരുകളും അവരുടെ തൊഴിലാളി പ്രേമവും - ഒരുദാഹരണം.(coir board)


സംസ്ഥാനത്തെ കയര്‍ തൊഴിലാളികളാണ് ഇവിടുത്തെ വിഷയം.
അവരോടുള്ള സ്നേഹം കൂടിയപ്പോഴാണ് 1987-ല്‍ അന്നത്തെ സര്‍ക്കാര്‍ ‘കേരള കയര്‍ തൊഴിലാളി ക്ഷേമനിധി നിയമം’ പാസ്സാക്കിയെടുത്തത്‌. പിന്നീട്‌ അവരെപ്പറ്റി ഓര്‍ത്തത്‌ രണ്ടുകൊല്ലം കഴിഞ്ഞാണ്. അങ്ങനെ 1989-ല്‍ ‘കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌‘ സ്ഥാപിച്ചു.

സംസ്ഥാനത്തെ കയര്‍ തൊഴിലാളികള്‍ക്കും കയര്‍ വ്യവസായത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ ക്ഷേമ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ‘കയര്‍ നിയമം’ അനുശാസിക്കുന്നു. അതു നടപ്പാക്കാനാണ് ‘കയര്‍ ബോര്‍ഡ്’ സ്ഥാപിച്ചത്‌.

ബോര്‍ഡിന്റെ വരുമാനത്തിന്റെ പ്രധാന സ്ത്രോതസ്‌ കയര്‍ തൊഴിലാളികള്‍, കയര്‍ വ്യവസായത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍, തൊഴിലുടമകള്‍, ഉല്പാദകര്‍, ഡീലര്‍മാര്‍, കയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നും പിരിച്ചെടുക്കേണ്ട നിശ്ചിത നിരക്കിലുള്ള സംഭാവനകളും, സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുമാണ്.

നിയമം അനുസരിച്ച്‌ കയര്‍ തൊഴിലാളികളും, സ്വയം തൊഴില്‍ ചെയ്യുന്നവരും സംഭാവന നല്‍കിയ തുകയുടെ ഇരട്ടിയ്ക്ക്‌ തുല്ല്യമായ തുക സര്‍ക്കാര്‍ വര്‍ഷം തോറും ഗ്രാന്റായി ബോര്‍ഡിന്റെ ഫണ്ടിലേക്കു നല്‍കണം.

നിയമത്തിന്റെ 1998 ലെ ഭേദഗതി പ്രകാരം തൊഴില്‍ ഉടമകള്‍/ ഉല്പാദകര്‍ എന്നിവരെ 11 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അതായത്‌ സ്പിന്നിങ് റാട്ട് ഉപയോഗിച്ച്‌ കയര്‍ ഉല്പാദിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉടമകള്‍, ഡിഫൈബറിംഗ് മെഷീന്‍ ഉപയോഗിച്ച്‌ നാരു ഉല്‍പ്പാദിപ്പിക്കുകയോ/എടുക്കുകയോ ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉടമകള്‍, കയര്‍ മാറ്റുകള്‍, കാര്‍പ്പെറ്റുകള്‍, മാറ്റിംഗ് എന്നിവ ഉല്പാദിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ മുതലായവ.

തൊഴില്‍ ഉടമകള്‍/ഉല്പാദകര്‍ എന്നിവരില്‍ നിന്നും പിരിച്ചെടുക്കേണ്ട സംഭാവന അവരുള്‍പ്പെടുന്ന മേല്‍പ്പറഞ്ഞ വിഭാഗത്തെ അടിസ്ഥാനമാക്കി വെവ്വേറെയുള്ള നിശ്ചിത നിരക്കില്‍ ആവണമെന്നും നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയിടത്തോളം ഭംഗിയുണ്ട്.

എന്നാല്‍, തൊഴില്‍ ഉടമകള്‍/ഉല്പാദകര്‍ എന്നിവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവരാണ് എന്ന്‌ നിര്‍ണ്ണയിക്കുന്നതിനും സംഭാവനയുടെ നിരക്ക്‌ നിശ്ചയിക്കുന്നതിനും അവരുടെ ഫാക്റ്ററി/പരിസരം എന്നിവിടങ്ങളില്‍ ലഭ്യമായ ആകെ മെഷീനുകള്‍/ ഉപകരണങ്ങള്‍ എന്നിവയുടെ എണ്ണം തുടങ്ങിയവ ബോര്‍ഡ്‌ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ തൊഴില്‍ ഉടമകള്‍/ ഉല്പാദകര്‍ എന്നിവരില്‍ നിന്നും ശേഖരിക്കേണ്ട സംഭാവന എത്രയെന്നോ, കുടിശ്ശിക/കുറവ്‌ എത്രയെന്നോ ബോര്‍ഡിനറിയില്ല.

ബോര്‍ഡിന്റെ നിര്‍ണ്ണയപ്രകാരം 18,525 തൊഴില്‍ ഉടമകളും, 412 ഉല്പാദകരും, 1,406 കയര്‍ സഹകരണ സംഘങ്ങളും 2007 ഏപ്രിലില്‍ ബോര്‍ഡിന്റെ റോളില്‍ ഉണ്ടായിരുന്നു.1997 സെപ്റ്റമ്പര്‍ മുതല്‍ 2007 മാര്‍ച്ച്‌ വരെ പിരിക്കേണ്ട തുകയായി കണക്കാക്കിയ (മാനദണ്ഡമെന്തെന്നറിയില്ല!) 2.58 കോടി രുപയില്‍ 1.09 കോടി രുപയേ ഇതുവരെ പിരിച്ചെടുത്തിട്ടും ഉള്ളൂ. 1.49 കോടി രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്.

2007 മാര്‍ച്ച്‌ വരെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കയര്‍ തൊഴിലാളികളുടേയും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെയും ആകെ എണ്ണം 2,34,029 ആയിരുന്നു. മാസം അഞ്ചു രൂപാ നിരക്കില്‍ ഇവരില്‍ നിന്നും 2004-05 മുതല്‍ 2006-07 വരെ പിരിക്കേണ്ട സംഭാവന 3.94 കോടി രൂപ ആയിരുന്നതില്‍ 2.20 കോടി രൂപ മാത്രമേ ഇതു വരെ പിരിച്ചെടുത്തിട്ടുള്ളൂ.

നിയമം അനുസരിച്ച് കയര്‍ തൊഴിലാളികളും, സ്വയം തൊഴില്‍ ചെയ്യുന്നവരും സംഭാവന നല്‍കിയ തുകയുടെ ഇരട്ടിയ്ക്ക്‌ തുല്യമായ തുക സര്‍ക്കാര്‍ വര്‍ഷംതോറും ഗ്രാന്റായി ഫണ്ടിലേക്ക്‌ നല്‍കണം. ശേഖരിച്ച തുകയുടെ കുറവു കാരണം ഗ്രാന്റായി സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടില്‍ 3.48 കോടി രൂപ കഴിഞ്ഞ 3 വര്‍ഷമായി ബോര്‍ഡിനു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല.

ഇതൊക്കെ നടക്കുന്നത്, ബോര്‍ഡിനു ഒരു ഭരണ സമിതിയും, ആ സമിതിക്ക്‌ ഒരു ചെയര്‍മാനുമൊക്കെ മാസാമാസം ശമ്പളം പറ്റിക്കൊണ്ടിരിക്കുമ്പോഴാണെന്നോര്‍ക്കണം.

നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമകള്‍/ഉല്പാദകര്‍ എന്നിവരില്‍ നിന്നും കിട്ടേണ്ട തുകകള്‍ പിരിച്ചെടുക്കുന്നത്‌ ഭൂമിയില്‍ നിന്നും കിട്ടേണ്ട പൊതു റവന്യവിന്റേ കുടിശ്ശിക പിരിച്ചെടുക്കുന്ന അതേ രീതിയിലാണ്. എങ്കിലും ഫലപ്രദമായ നടപടികളൊന്നും ബോര്‍ഡ്‌ ഇതുവരെ കൈകൊണ്ടിട്ടില്ല.

തല്‍ഫലമായി പ്രധാന ക്ഷേമ പദ്ധതികളായ കയര്‍ തൊഴിലാളികളുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ (47,494 പെന്‍ഷന്‍‌കാര്‍), അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ (18,481 പെന്‍ഷന്‍‌കാര്‍), എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷനുകളുടെ വിതരണം 2005 ജൂണ്‍ (9.97 കോടി രൂപ) മുതലും 2006 ഒക്ടോബര്‍ (92.41 ലക്ഷം രൂപ) യഥാക്രമം കുടിശ്ശികയാണ്.

അങ്ങനെ ബോര്‍ഡ്‌ രൂപീകൃതമായ ഉദ്ദേശത്തെതന്നെ പരാജയപ്പെടുത്തുകയും പരമ്പരാഗത മേഖലയിലെ പാവപ്പെട്ട കയര്‍ തൊഴിലാളികള്‍ക്ക്‌ അടിസ്ഥാന ക്ഷേമ നടപടികള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇതൊന്നും സര്‍ക്കാരോ, ബന്ധപ്പെട്ട വകുപ്പോ അറിയാഞ്ഞിട്ടല്ല. ഇക്കാര്യങ്ങള്‍ അടങ്ങിയ സി.ഏ.ജിയുടെ റിപ്പോര്‍ട്ട്‌ എല്ലാ സാമാജികര്‍ക്കും എത്തിച്ചു കൊടുത്തിട്ടുണ്ട്. അടുത്ത തെരഞ്ഞടുപ്പ്‌ പ്രചരണസമയത്ത്‌ പരസ്പരം ചെളിവാരിയെരിയാന്‍ ഇക്കാര്യങ്ങള്‍ ഉപയോഗിക്കാതിരിക്കില്ല. അതിലപ്പുറം ഒന്നും നടക്കില്ല.