Friday, March 20, 2009

മദ്യരാജാക്കന്മാര്‍ക്കുവേണ്ടി ഖജനാവ് വേണ്ടെന്നു വച്ചത് : 17 കോടി രൂപ.


ഇവിടെ കാണുന്നത് 2006-07 ല്‍ മാത്രമായി കേരളത്തിലേക്ക് കൊണ്ടുവന്ന മദ്യത്തിനു ചുമത്തേണ്ട ഇറക്കുമതി ചുങ്കം മദ്യരാജാക്കന്മാര്‍ക്കു വേണ്ടി നമ്മുടെ ഭരണാധിപന്മാ‍ര്‍ വേണ്ടെന്നു വച്ചുകൊടുത്തതിന്റെ കണക്കുകളാണ്: 17,35,66,255 രൂപ.

കേരളത്തിലെ അബ്കാരി നിയമപ്രകാരം കൂടിക്കാനുള്ള മദ്യം ഉണ്ടാക്കാന്‍ റെക്ടിഫൈഡ് സ്പിരിട്ട് ഇന്‍ഡ്യയിലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ ഇന്‍ഡ്യക്ക് വെളിയില്‍ നിന്നോ കേരളസംസ്ഥാനത്ത് ഇറക്കുമതിചെയ്താല്‍ അതിനെ ‘വിദേശമദ്യം’ എന്ന പേരിലാണ് അറിയപ്പെടേണ്ടത്.

അതേപോലെ, Neutral Alcohol (ENA), grape spirit, malt spirit മുതലായവ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് കുടിക്കാനുള്ള ലിക്കര്‍ ഉണ്ടാക്കിയാല്‍ അതിനെയാണ് നിയമപ്രകാരം ഇന്‍ഡ്യന്‍ മേഡ് വിദേശമദ്യം (IMFL) എന്നു വിളിക്കപ്പെടുന്നത്. 1996 മാര്‍ച്ചിലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ബീയര്‍ ഒഴിച്ചുള്ള IMFL ഒരു ലിറ്ററിനു 5 രൂപ നിരക്കില്‍ ഇറക്കുമതി ചുങ്കം ചുമത്തേണ്ടതാണ്. കുടിക്കാന്‍ പയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിട്ടിന്റെ നിയന്ത്രണവും, ചുമത്താവുന്ന ഇറക്കുമതി ചുങ്കവും മറ്റും അതാതു സംസ്ഥാനത്തിനു തീരുമാനിക്കാമെന്നു കോടതികളും സമ്മതിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴാണ്‍്, കേരളത്തിലെ 8 വാറ്റുശാലകളിലേക്ക് ഒഴുക്കിയ 347.13 ലക്ഷം ലിറ്റര്‍ സ്പിരിട്ടിനു ചുമത്താവുന്ന 17.36 കോടി രൂപ സംസ്ഥാന ഖജനാവിനു വേണ്ടെന്നു വച്ചത്. ഇതു മുഴുവന്‍ 2006-07 വര്‍ഷത്തില്‍ കേരളത്തിലെത്തിച്ച സ്പിരിട്ടിന്റെ കണക്കാണ്. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള കയറ്റുമതി ചുങ്കം (export fee) ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയ ശുദ്ധീകരിച്ച സ്പിരിട്ടിനുവേണ്ടി വസൂലാക്കിയിട്ടും ഉണ്ട്. തൊട്ടടുത്ത കര്‍ണാടകയിലാകട്ടെ കേരളത്തിലോട്ടയച്ച മുഴുവന്‍ സ്പിരിട്ടിനും കയറ്റുമതി ചുങ്കവും കേരളത്തില്‍ നിന്നും വരുത്തിയ മുഴുവന്‍ സ്പിരിട്ടിനും ഇറക്കുമതി ചുങ്കവും കര്‍ണാടക സര്‍ക്കാര്‍ പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

ഒരേ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്നെ ഇറക്കുമതിക്കും കയറ്റുമതിക്കും പ്രത്യേകം പ്രത്യേകം ചുങ്കം പിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നിരക്കുകളും ഉണ്ടെങ്കിലും ഇറക്കുമതിക്കു മാത്രം എന്തുകൊണ്ട് ചുങ്കം വേണ്ടെന്നു വച്ചു എന്നുള്ള സി.ഏ.ജി യുടെ ചോദ്യത്തിനു സംസ്ഥാന എക്സൈസ്സ് വകുപ്പ് ഒരു കൊല്ലമായിട്ടും ഉത്തരം പറഞ്ഞിട്ടില്ല.

ആദ്യമൊക്കെ സര്‍ക്കാര്‍, Supreme Court decision in the case of Synthetic and
Chemicals Vs. State of UP and others of October 1989 പ്രകാരം ശുദ്ധീകരിച്ച സ്പിരിട്ട് മനുഷ്യനു കുടിക്കാന്‍ പറ്റിയതല്ലാത്തതാണെന്നും അതു വ്യാവസായിക ആവശ്യത്തിനുള്ളതാണെന്നും അങ്ങനെയുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനു ഇറക്കുമതി ചുങ്കം നിശ്ചയിക്കാന്‍ അവകാശമില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള സുപ്രീകോടതിയുടെ തീരുമാനം (Bihar distillery and ANR Vs. Union of India and others) of January 1997 സി.ഏ.ജി ചൂണ്ടിക്കാട്ടി. അതിന്‍ പ്രകാരം ഇറക്കുമതി ചെയ്ത ശുദ്ധീകരിച്ച സ്പിരിട്ട് മനുഷ്യനു കുടിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ക്കാണു ഉപയോഗിച്ചതെങ്കില്‍ അതിനുള്ള ഇറക്കുമതി ചുങ്കം നിശ്ചയിക്കാനും നിയന്ത്രിക്കാനും ഉള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇതു ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് മറുപടി ഇല്ലാതായത്.

കവലപ്രസംഗത്തിനിടയില്‍ മന്ത്രിയോടാരെങ്കിലും ഈ പ്രശ്നമുന്നയിച്ചാല്‍ ഉടന്‍ മറുപടി കിട്ടും. എന്തു മറുപടിയാണേലും അതു കേട്ടോണ്ട് പൊതുജനം എന്ന കഴുത പൊയ്ക്കോളും. എന്നാല്‍ സി.എ.ജിക്ക് ഒരു മറുപടി കൊടുത്താല്‍ അടുത്ത ദിവസം സി.ഏ.ജി യുടെ ആളുകള്‍ ആ മറുപടിയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ വകുപ്പദ്ധ്യക്ഷന്റെ ഓഫീസിലെത്തും. ആ പുലിവാല്‍ ഭയന്ന് ഒരു കൊല്ലമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം ഭജിക്കുന്നു.

ഒരു വശത്ത് നിയമം ഉണ്ടാക്കുന്നു, മറുവശത്ത് ഉണ്ടാക്കിയവര്‍ തന്നെ അത് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ലംഘിക്കുന്നു. ഇത് നമ്മുടെ ഡെമോക്രസി.

ഈ എട്ട് വാറ്റ് ശാലയുടെ ഉടമസ്ഥര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഒരു ശ്രമം നടത്തി. പക്ഷേ 30 ദിവസത്തിനകം തരാമെന്ന നിയമമാണ്‍ ചൂണ്ടിക്കാട്ടിയത്. അതു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ട് ഇത് ഇന്നു തന്നെ പോസ്റ്റ് ചെയ്യുന്നു.

ആധാരം: CAG Report (Revenue receipts) for the year ended 31-3-2008 on Kerala.