സമൂഹത്തിലെ ചില ഉന്നതരുടെ അനാസ്ഥക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഹൌസ്ബോട്ട്, കല്യാണമണ്ഡപം ക്ലബ്ബ് എന്നിവകള്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്ന ധാരാളം മുതലാളിമാരില്‍ നിന്നും ഈടാക്കേണ്ടുന്ന ആഡമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് എന്നിവ 175 കോടിയോളം വരുമെന്നാണ് കണ്ടെത്തല്‍.
2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ വാണിജ്യ നികുതി വകുപ്പ് തീര്‍പ്പാക്കിയ കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്. [UDF ഭരണം = May 2001 to May 2006]
പശ്ചാത്തലം:
കേരളത്തിലെ ഹോട്ടലുകള്‍, ഹൌസ്ബോട്ടുകള്‍, കല്യാണമണ്ഡപങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ സര്‍ക്കാരിന്റെ വാണിജ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു. അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സുഖ സൌകര്യങ്ങള്‍ക്ക് ആഡമ്പര നികുതി ഈടാക്കേണ്ടതാണു. വീഴ്ച വരുത്തുന്നവരില്‍ നിന്നും പിഴയും ഈടാക്കേണ്ടതാണു.
ഇങ്ങനെയെല്ലാം അനുശാസിച്ചിരിക്കുന്നത് 1976 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ആഡമ്പര നികുതി നിയമത്തിലാണ്. (Kerala Tax on Luxuries Act 1976 [ Act 32 of 1976] ). ഇത് അന്നു ഭരണത്തിലിരുന്ന സി.അച്ചുത മേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ ആക്ട്. ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും, ഈ ആക്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ആക്ടില്‍ അനുശാസിക്കും വിധം ആഡമ്പര നികുതി കണക്കാക്കേണ്ടുന്ന വിധവും ഈടാക്കേണ്ട രീതികളുമെല്ലാം അടങ്ങുന്ന ചട്ടങ്ങളും 1976 ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്‍കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ് ലക്ഷ്വറി എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. [ നിര്‍വചന വിവര്‍ത്തനം ബാബുരാജിന്റേത്]
കൂടുതല്‍ വിവരങ്ങള്‍:
മുതലാളിമാര്‍ തങ്ങളുടെ ഹോട്ടല്‍, ഹൌസ് ബോട്ട്, ഹാള്‍, ആഡിറ്റോറിയം, കല്യാണ മന്ണ്ഡപം എന്നിവയൊക്കെ വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു ആഡമ്പരനികുതി നിയമം അനുശാസിക്കുന്നു. ഇവരെല്ലാം സ്വമേധയാ വന്നു രജിസ്റ്റര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ട. കാരണം, ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കണം. നിയമമനുസരിച്ചുള്ള ആഡമ്പരനികുതി ഖജനാവിലേക്ക് ഒടുക്കണം.
ഈ മുതലാളിമാരെ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനു വേണ്ടി വാണിജ്യനികുതിവകുപ്പില്‍ ഒരു ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം സര്‍വ്വേ നടത്താനും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളില്‍ നിന്നും പ്രസ്തുത മുതളാളിമാരെ കണ്ടുപിടിച്ച് വേണ്ടുന്ന വിവരങ്ങളൊക്കെ ശേഖരിക്കാന്‍ ഇവര്‍ വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ. അതിനു വേണ്ടുന്ന സംവിധാനം ഒരുക്കിയാല്‍ മതി.
നിയമപ്രകാരം, ആഡമ്പരനികുതി ചുമത്താന്‍ വേണ്ടുന്നു അവശ്യ വിവരങ്ങള്‍ ഇവയാണ്:
ഹോട്ടലുകളാണെങ്കില്‍
- എന്നുമുതല്‍ ബിസിനസ് തുടങ്ങി
- മുറികളുടെ എണ്ണം
- ശീതികരിച്ച മുറികള്‍ എത്ര അല്ലാത്തവ എത്ര
- ലഭിച്ചിട്ടുള്ള സ്റ്റാര്‍ പദിവിയുടെ വിവരം
- ലഭ്യമായ സുഖസൌകര്യങ്ങളുടെ വിവരം
- ഈടാക്കുന്ന മുറി വാടക, മുതലായവ
അഞ്ചു മുറികളില്‍ കുറയാതെയുള്ള ഓരോ ഹോട്ടലില്‍ നിന്നും കൊല്ലം തോറും ഈടാക്കേണ്ട രജിസ്ട്രേഷന്‍ ഫീസ്, രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഫീസ് എന്നിവ ഇപ്രകാരമാണ് (1-4-2005 മുതല്‍):
- കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ളതിനു - 1250 രൂപ
- മുനിസിപ്പല്‍ കൌണ്‍സില്‍ അതിര്‍ത്തിയിലുള്ളതിനു - 1000 രൂപ
- ഗ്രാമ പഞ്ചായത്തിനുള്ളില്‍ ഉള്ളതിനു - 750 രൂപ.
ആഡമ്പര നികുതിയിനത്തില്‍ കൊല്ലം തോറും കൊടുക്കേണ്ടത്:
- മുറിവാടക, സേവനം, മറ്റു സുഖസൌകര്യങ്ങള്‍ എന്നിവക്ക് ദിവസം 500 രുപയില്‍താഴെയാണെങ്കില്‍, 10%
- മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ദിവസവാടക 500 രൂപയില്‍ കൂടുതലാണെങ്കില്‍, 15%
അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തുകയുണ്ടായി. വാണിജ്യ വകുപ്പിനു പുറത്തുള്ള വിവരം ശേഖരിച്ചത് ഇവിടങ്ങളില്‍ നിന്നെല്ലാമാണു:
- അസ്സിസ്റ്റന്റ് എക്സൈസ് കമ്മിഷ്ണര്‍മാരുടെ ഓഫീസ്,
- ബന്ധപ്പെട്ട ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,
- വിനോദസഞ്ചാരവകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍,
- പ്രിന്റ്, ഇലക്ട്രോണിക് എന്നി മാധ്യമങ്ങളില്‍ ഹോട്ടല്‍ മുതലാളിമാര്‍ നല്‍കിയ പരസ്യങ്ങള്‍.
ആയുര്‍വേദ സെന്ററുകള്‍
പക്ഷേ ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഒന്നു കൂടി അവര്‍ കണ്ടെത്തി. പല ആയുര്‍വേദ സെന്ററുകളിലും അതിഥികള്‍ക്ക് (രോഗികള്‍ക്കല്ല) താമസ സൌകര്യം ഒരുക്കികൊടുത്തതിനു പണം പറ്റുന്നതായി കണ്ടു. മറ്റു പലയിടങ്ങളിലും ആയുര്‍വേദ സെന്ററിന്റെ മറവില്‍ ഹോട്ടല്‍ വ്യാപാരം തന്നെ നടത്തുന്നതായും കണ്ടു. അവര്‍ പരിശോധിച്ച ആയുര്‍വേദ സെന്റ്റുകളിള്‍, 26 എണ്ണം ഒരുക്കികൊടുത്തിരുന്ന സുഖസൌകര്യങ്ങള്‍ കേരള ആഢമ്പരനിയമത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഹോട്ടല്‍ ബിസ്സിനസ്സിനു തുല്യമായിരുന്നു. അവരില്‍ നിന്നും ഈടാക്കാമായിരുന്ന ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് മുതലായവ കണക്കു കൂട്ടിയാല്‍ 14 കോടിയോളം രൂപ വരും. വാണിജ്യനികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശുഷ്കാന്തി മൂലം ഒരു പൈസപോലും പിരിച്ചെടുക്കാനിയില്ല. കാരണം, ഇത്തരം ആയുര്‍വേദ സെന്ററുകളെ രജിസ്റ്റര്‍ ചെയ്യിക്കാനും അവരില്‍ നിന്നും ആഢമ്പര നികുതി ഈടാക്കാനും നിയമത്തില്‍ വകുപ്പില്ലായിരുന്നു. ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നതിന്റെ ഫലമായി 1000 രൂപയോ അതില്‍ കൂടുതലോ ദിവസ വാടക വാങ്ങുന്ന മുറികളുള്ള ആശുപത്രികളെ ആഢമ്പരനികുതി കൊടുക്കാനുള്ളവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തി കേരളാ ആഢമ്പര നികുതി നിയമം ഭേദഗതി ചെയ്തു.
ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷനാണ് (IMA) എതിര്‍പ്പുമായി ആദ്യം മുന്നിട്ടിറങ്ങിയത്. അതിന്റെ വിവരങ്ങളടങ്ങിയ ബാബുരാജിന്റെ ബ്ലോഗ് പോസ്റ്റ് ഇവിടുണ്ട്.
ഹോം സ്റ്റേ
സി.ഏ.ജിയുടെ ഉദ്ദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയ മറ്റൊരിനമാണ്‍ ഹോം സ്റ്റേ. കേരളാ ആഢമ്പരനികുതി നിയമത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നതിനു സമാനമായ സുഖ സൌകര്യങ്ങളോടുകൂടിയ താമസം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും അവയെല്ലാം നിയമത്തിന്റെ പരിധിക്കുള്ളില്‍ അല്ലായിരുന്നു. മുകളിലത്തെ പട്ടികയില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിലെ പരിശോധനയില്‍ 20 ഓളം ഹോംസ്റ്റേകള്‍ കണ്ടെത്തി. അവയുടെ വിശദവിവരങ്ങളില്‍ നിന്നും മനസ്സിലായത്, 2002-03 മുതല്‍ 2007-08 കാലയളവു വരെ ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ് മുതലായവയില്‍ നിന്നും ഒഴിവായതു മൂലം സര്‍ക്കാര്‍ ഖജനാവിനു 7.29 കോടിരൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു. ഇതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി, ഇപ്പോള്‍ ഹോംസ്റ്റേകളും ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൌസ്ബോട്ടുകളാണെങ്കില്‍:
- കട്ട് നമ്പര്‍ [ഇത് ഹൌസ്ബോട്ടുകളെ വേര്‍തിരിച്ചറിയാനായി ഓരോ ബോട്ടിനും കനാല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള ലൈസന്‍സ് നമ്പരാണ്]
- ബോട്ടുകളുടെ ചീഫ് ഇന്‍സ്പെക്ടര്‍ (CIB) നല്‍കിയിട്ടുള്ള നമ്പര്‍
- മുറികളുടെ എണ്ണം
- ടണ്ണേജ്
- എന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങി, മുതലായവ
രജിസ്ട്രേഷനു വേണ്ടി 1000 രൂപയും , പുതുക്കുന്നതിനായി ആണ്ടില്‍ 500 രുപയുമാണ് ഫീസ്. 1-7-2006 മുതല്‍ അടക്കേണ്ട ആഢമ്പര നികുതി 15% ആണ്.
ഇവിടെയും, വാണിജ്യനികുതി വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ തുലോം പരിമിതമാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് വാങ്ങാതെ ഹൌസ്സ് ബോട്ടുകള്‍ വെള്ളത്തിലിറക്കാന്‍ പാടില്ലെന്നു വാണിജ്യനികുതി വകുപ്പിനു അറിയാഞ്ഞിട്ടല്ല. അവിടെ മാത്രമല്ല, ബോട്ടുകള്‍ പരിശോധിക്കാന്‍ ചുമതലയുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഒഫ് ബോട്ട്സ് ന്റെ ഓഫിസിലും, കട്ട് നമ്പറുകള്‍ നല്‍കുന്ന കനാല്‍ ഓഫീസറുടെ കൈയ്യിലും ഈ വിവരങ്ങളെല്ലാം ഉണ്ടാകും. വിനോദ സഞ്ചാര വകുപ്പില്‍ ഇവരെല്ലാം പ്രത്യേകം അപേക്ഷ നല്‍കി ഹൌസ്ബോട്ടുകള്‍ ഓടിക്കാന്‍ ലൈസന്‍സ് വാങ്ങാറുണ്ട്. ബോട്ടുടമസ്ഥരുടെ പരസ്യങ്ങളിലെല്ലാം ലൈസന്‍സ് നമ്പരുകള്‍ പ്രദര്‍ശിപ്പിക്കാറും ഉണ്ട്. ആഡമ്പരനികുതി ചുമത്താന്‍ അധികാരപ്പെടുത്തിയിട്ടുള്ള വാണിജ്യനികുതി വകുപ്പില്‍ മാത്രം പൂര്‍ണ്ണ വിവരങ്ങളില്ല. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കൂ:
(പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)
ഇതേ കാലയളവില്‍ ഇവരില്‍ നിന്നും ഇടാക്കാമായിരുന്ന ആഢമ്പരനികുതി (പെനാള്‍ട്ടി ഉള്‍പ്പടെ) 24.20 കോടി രൂപയാണ്. അതും കിട്ടിയില്ല. ഇതെല്ലാം ഏകദേശ കണക്കാണ്, ഏറ്റവും കുറഞ്ഞ രീതിയില്‍ കണക്കാക്കിയത്. അതായത് 350 -ല്‍ പകുതിയോളമേ ശീതീകരിച്ചിട്ടുണ്ടാവു എന്നും, ഒരാണ്ടില്‍ 120 ദിവസമേ പ്രവര്‍ത്തിച്ചിട്ടുണ്ടാകു എന്നും, ശീതികരിച്ച ബോട്ടൊന്നിനു 5500 രൂപയും അല്ലാത്തതിനു 3500 രൂപയും മാത്രം വാടക ഈടാക്കി കാണും എന്നും ഉള്ള ധാരണയില്‍ കണക്കാക്കിയത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരധാരണയില്‍ പ്രവര്‍ത്തിക്കാനുള്ള യാതൊരു മാര്‍ഗ്ഗവും ഇതുവരെ ഉണ്ടാക്കാത്തതിനാലാണ് ഈ വലിയ നഷ്ടം സഹിച്ച് പോരേണ്ടി വരുന്നതെന്നു സി.ഏ.ജി. സര്‍ക്കാരിനെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. എല്ലാ വകുപ്പിലും കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ വിദഗ്ദരും ഇഷ്ടം പോലെ ഉള്ള ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വരുമാന നഷ്ടം ഉണ്ടാക്കി വക്കുന്നത് അക്ഷന്തവ്യമായ കൃത്യവിലോപനമാണ്.
ഹാള്‍ / കല്യാണമണ്ഢപങ്ങള്‍/ ആഡിറ്റോറിയം
ആഢമ്പരനികുതി നിയമപ്രകാരം 1-4-2005 മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള എല്ലാ ഹാള്‍ , ആഡിറ്റോറിയം, കല്യാണമണ്ടപം മുതലായവയുടെ ഉടമസ്ഥര്‍ വാണിജ്യനികുതി വകുപ്പുമായി രജിസ്റ്റര്‍ ചെയ്യേണ്ടതും, ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കികൊണ്ടിരിക്കേണ്ടതും, അവര്‍ ഈടാക്കുന്ന വാടകയിന്മേല്‍ നിയമം അനുശാസിക്കുന്ന ആഢമ്പരനികുതി സര്‍ക്കാരിലേക്ക് അടക്കേണ്ടതുമാകുന്നു (Section 4B(2)(c) of KTL Act)
ഈ കെട്ടിടങ്ങളൊന്നും ഒളിച്ച് സൂക്ഷിക്കാന്‍ കഴിയുന്നവയല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് ഇല്ലാതെ പണിതുയര്‍ത്താന്‍ പറ്റില്ല. ആയതിനാല്‍ മുഴുവന്‍ വിവരങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് വാങ്ങി സൂക്ഷിച്ചിട്ടുണ്ടാകും. പക്ഷേ ആ വിവരങ്ങളൊന്നും വാണിജ്യനികുതി വകുപ്പിലില്ല, സ്വയം വെളിപ്പെടുത്തിയ കൂറേ കാര്യങ്ങളൊഴിച്ച്
ഈ പട്ടികയൊന്നു നോക്കൂ: (പട്ടികയില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം)
ഇതില്‍ പെനാല്‍ട്ടി എന്നത് ലക്ഷത്തിലും ആഢമ്പരനികുതി കോടിക്കണക്കിലുമാണ്.
ഇനിയുള്ളത് ക്ലബ്ബുകളാണ്.
കാര്‍ഡ് റൂം, ബില്യാര്‍ഡ് റൂം, സ്നൂക്കര്‍ റൂം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍കുളം, souna jacuzzi, ജിംനേഷ്യം, ഗോള്‍ഫ് കോഴ്സ് മുതലായവയില്‍ ഏതെങ്കിലും രണ്ടില്‍ കൂടുതലെണ്ണത്തിനു സൌകര്യമൊരുക്കികൊടുക്കുന്ന 25 അംഗങ്ങളില്‍ കൂടുതല്‍ ഉള്ള ക്ലബ്ബുകള്‍ ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ വരും. 1-7-2006 മുതല്‍ ക്ലബ്ബിലെ ഓരോ അംഗങ്ങളില്‍ നിന്നും ആണ്ടില്‍ 100 രൂപ വീതം ആഢമ്പരനികുതിയിനത്തില്‍ പിരിച്ചെടുത്ത് സര്‍ക്കാരിലടക്കാന്‍ ക്ലബ്ബ് ഭരണാധികാരിക്ക് ചുമതലയുണ്ട് (Section 4(2A of KTL Act). കൂടാതെ ക്ലബ്ബിന്റെ ആകെ വരുമാനത്തിന്റെ 15% വും ആഢമ്പരനികുതിയായി സര്‍ക്കാരിലേക്കടക്കണം.
ഇവിടെയും പ്രശ്നം വിഭിന്നമല്ല. മറ്റു വകുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അന്വേഷിച്ചാല്‍ എവിടെയല്ലാം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ള ഒരേകദേശരൂപം കിട്ടും. എന്നാല്‍ ഓരോന്നിലും എത്ര അംഗങ്ങള്‍ ഉണ്ടെന്നുള്ള കാര്യം ക്ലബ്ബ് ഭാരവാഹികള്‍ വിട്ടു പറയില്ല. ഔപചാരികമായി എഴുതി ചോദിച്ചാല്‍ പറയാതിരിക്കാനും പറ്റില്ല. ഏതായാലും താഴെ കാണുന്ന പട്ടികയില്‍ ഉള്ളതുപോലെ 4 സ്ഥലങ്ങളില്‍ നിന്നും 34 ക്ലബ്ബുകള്‍ രജിസ്ട്രേഷന്‍ ഇല്ലാതെ, ടാക്സൊന്നും കൊടുക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ചുള്ള കണക്കാണിത്. 2006-07, 2007-08 എന്നി രണ്ടു കൊല്ലത്തെ മാത്രം വരുമാനനഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്ന 62.97 ലക്ഷം രൂപ. പരിശോധിച്ചവരുടെ കണ്ണില്‍ പെടാത്ത എത്രയോ കേസ്സുകള്‍ ഉണ്ടാകാം.
ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സി.ഏ.ജി യുടെ അന്തിമ റിപ്പോര്‍ട്ട് കേരളനിയമ സഭയുടെ മേശപ്പുറത്ത് വച്ചിട്ട് (3-3-09) മാസം രണ്ടാകുന്നു. പത്ര ദൃശ്യ മാധ്യമക്കാരൊന്നും ഇതിനെ പുറം ലോകം കാണിക്കാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. ബ്ലോഗ് വായനക്കാരെങ്കിലും ഇതൊന്നറിയട്ടെ.