
[Minister for Transport Mathew T. Thomas flagging off a Speed Tracer in the city on Tuesday- The HINDU report dated 04/04/2007]
പടത്തിൽ കാണുന്നതു വെറും റ്റാറ്റാ ഇൻഡിഗോ കാറല്ല. അതിനകത്ത് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നോ? ഡ്രൈവിംഗ്, ഹെഡ് ലൈറ്റിന്റെ ഉപയോഗം അമിത ഭാരം മുതലായവയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനു ലേസർ സ്പീഡ് വീഡിയോ സംവിധാനം, വി.എച്ച്.എസ്സ് റിക്കാർഡർ, കളർ എൽ.സി.ഡി മോണിറ്റർ, ബ്രീത്ത് അനലൈസർ മുതലായ സജ്ജീകരണങ്ങളോടു കുടിയ സ്പീഡ് ട്രേസർ ആയി പ്രവർത്തിക്കുന്നതിനുള്ള ആറ് വാഹനങ്ങളിൽ ഒന്നാണ് ഇക്കാണുന്നത്.
ഏപ്രിൽ 3, 2007 ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രി. മാത്യൂ ടി തോമസ് തിരുവനന്തപുരത്തുള്ള സ്പീഡ് ട്രേസറെ ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതാണു ചിത്രം. ഓരോ വാഹനത്തിലും ഒരു മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറും, രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സദാ ജാഗരൂകരായി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നി ആർ.ടി.ഓ മാർക്കും, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നീ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കുമായി
ഈ ആറു വാഹനങ്ങളെ വീതിച്ചു നൽകിയെന്നാണു അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ ഫയലുകളിൽ കാണുന്നത് 6 വാഹനങ്ങൾ അഞ്ചു റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും (ആർ.ടി.ഓ) ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ മൊബൈൽ സ്ക്വാഡിനും കൂടി 2006 ജൂണിൽ വിതരണം ചെയ്തു എന്നാണു. അപ്പോൾ ഏപ്രിൽ 3 ലെ ഈ പടത്തിൽ കണ്ടത് വെറും ഷോ.
സംഗതി എങ്ങനെയായാലും ഫ്ലാഗ് ഓഫ് ചെയ്ത അന്നല്ലാതെ പിന്നൊരു ദിവസവും ഈ വാഹനങ്ങൾ സ്പീഡ് ട്രേസർ ആയി പ്രവർത്തിച്ചില്ലാ എന്നതാണു സത്യം. കാരണം, ആദ്യദിവസത്തെ പ്രവർത്തനം കൊണ്ടുതന്നെ അതിലെ ഉപകരണങ്ങൾ കേടായി. പിന്നെ ഇന്നുവരെ അതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. സ്പീഡ് ട്രേസർ എന്നു വെണ്ടക്കാ വലിപ്പത്തിൽ എഴുതിയ വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നതു കണ്ട് ജനം പുളകം കൊള്ളൂന്നുണ്ടായിരിക്കണം. കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ.
ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക് കടക്കാം.
ടയോട്ടാ ക്വാളിസ് മോഡൽ കാറുകൾ 6 എണ്ണം വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രാവർത്തികമാക്കാറായപ്പോൾ ടയോട്ടാ കമ്പനി ക്വാളിസ് മോഡൽ കാറുകളുടെ നിർമ്മാണം നിറുത്തി. കാർ വാങ്ങാനുള്ള നടപടിക്രമം വീണ്ടും ഒന്നേന്ന് തുടങ്ങി അവസാനം 6 റ്റാറ്റാ ഇൻഡിഗോ കാറുകൾ കൊച്ചിയിലെ റ്റാറ്റാ മോട്ടേർസിൽ നിന്നും 24.88 ലക്ഷം രൂപക്ക് 2006 മാർച്ചിൽ വിലക്കു വാങ്ങി. കൂടെ, ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ
സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം ആറു കാറുകൾക്കും കൂടി 78.78 ലക്ഷം രൂപക്ക് ന്യൂഡൽഹിയിലെ ടർബൊ കൺസൾട്ടൻസി സർവ്വിസിൽ നിന്നും വാങ്ങി. സർക്കാർ രേഖകൾ പ്രകാരം 2006 ജൂണിലാണ് റ്റാറ്റാ ഇൻഡിഗൊ കാറുകളെ വിതരണം ചെയ്തത്. അന്നൊന്നും ഒരു ഉപകരണങ്ങളും അതിനകത്ത് ഘടിപ്പിച്ചിരുന്നില്ല. ഘടിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും, ഉപകരണങ്ങളിലെ ചില തകരാരുകൾ മൂലവും വേഗതകണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാഹനത്തോടൊപ്പം ഈ ഓഫീസുകൾക്ക് വിതരനം ചെയ്തില്ല. ന്യൂന്നതകൾ പരിഹരിച്ച് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതിനു ശേഷം 2007 ഏപ്രിലിൽ വീണ്ടും വാഹനങ്ങൾ വിതരണം ചെയ്തു.
ഉപയോഗിച്ചു നോക്കിയപ്പോൾ ഉപകരണങ്ങൾ വീണ്ടും തകരാറിലായി. അതുകൊണ്ട് നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി ഒരു വാഹനവും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം ഈ വാഹനങ്ങൾ സ്പീഡ് റഡാറുകൾ നീക്കം ചെയ്തതിനു ശേഷം മറ്റാവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിച്ചു വരുന്നു എന്നാണു.
ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു ജീവനക്കാർക്ക് നൽകിയ പരിശീലനം അപര്യാപ്തമാണെന്നു ആർ.ടി.ഓ മാർ പരാതിപ്പെട്ടെങ്കിലും, അതു കേൾക്കാൻ ആളുണ്ടായില്ല.
അങ്ങനെ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു 2006 മാർച്ചിൽ വാങ്ങിയ ഉപകരണങ്ങൾ പോരായ്മ കാരണം നിഷ്ക്രിയമായി കിടക്കുകയും ഇതിനായി നേരിട്ട 81.93 (ടാക്സ് ഉൾപ്പടെ) ലക്ഷം രൂപയുടെ ചെലവ് നിഷ്ഫലമാവുകയും ചെയ്തു വെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അമിതവേഗം കണ്ടെത്തുക എന്ന ലക്ഷ്യം ഇന്നും നിറവേറ്റാൻ കഴിയുന്നുമില്ല.
‘സർക്കാർ പരിപാടികളുടേ ആധുനികവൽക്കരണം‘ പരിപാടിക്ക് കീഴിൽ “റോഡ് ഗതാഗതത്തിൽ സുരക്ഷിതത്വ പരിഗണന” (SAFE) എന്ന പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ച ഈ വാഹനങ്ങളിൽ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു ആലപ്പുഴയിലെ ജനങ്ങൾ നേരത്തേ തന്നെ അറിയുവാൻ ഇടയായി. കാരണം, മേയ് 12,2007 ൽ ആലപ്പുഴയിൽ വച്ച് ഈ വാഹനങ്ങളിൽ ഒന്നിനു അപകടം സംഭവിച്ചു. അന്നു ഓടിക്കൂടിയ ജനം കണ്ടത് ‘സ്പീഡ് ട്രേസർ’ എന്നു പുറമേ എഴുതിയ ഒരു പോലീസ് വാഹനം അമിതവേഗത്തിൽ ഓടിയതു കാരണം അപകടത്തിൽ പെട്ടതും അതിനകത്ത് ഇപ്പറഞ്ഞ ഒരു ഉപകരണവും ഇല്ലെന്നുള്ളതുമാണു. (THE HINDU DATED Saturday, May 12, 2007 reported the accident)
As per the Government notification of 1996, the maximum speed limit for medium and heavy transport vehicles in the Highways is 60 kms/hr, 70 kms/hr for light motor vehicles, 60 kms/hr for light transport vehicles and 50 kms/hr for motorcycles. The speed limit fixed for motorcycles near schools is 25 kms/hr, 40 kms/hr in ghat roads, corporation and municipal limits and 50 km/hr in other roads. In the case of LMV's, it is 25 and 40 and 70 kms/hr respectively. The speed limit for autorickshaws has been fixed at 25, 30 and 40 kms/hr respectively while it is 25, 40 and 60 kms/ hr respectively for light transport vehicles. In the case of medium and heavy transport vehicles, it has been fixed at 15, 35 and 60 kms/hr.
ഇപ്പോൾ വാങ്ങിയ ഉപകരണങ്ങൾ ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിവുള്ളവയാണു. എന്നാൽ ഇതിനു മുമ്പും അമിത വേഗത കണ്ടുപിടിക്കുവാനുള്ള വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അവയെല്ലാം റേഡിയോ ഫ്രീക്കൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചവയായിരുന്നു. അത്തരത്തിലൊന്നിന്റെ പടം താഴെ കാണാം.

ആധാരം: സി.ഏ.ജി.റിപ്പോർട്ട് 2008 (സിവിൾ) /4.3.6
കടപ്പാട്: വിവരാവകാശ നിയമം
പടങ്ങൾക്ക് കടപ്പാട് ‘ഹിന്ദു’ പത്രത്തിനോട്.
ആഗസ്റ്റ് 27,2009 ലെ മനോരമ പത്രത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു:
അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍
വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതായി മനോരമ
പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു
അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്. ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത് ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന്
പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും
ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.
രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. നിലവില്‍
നാലെണ്ണമാണുള്ളത്. ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി. പുതുതായി ലഭിക്കുന്ന
ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി ഉണ്ടാകും.
നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
-------------------------------------------------------
അപ്പോൾ, മന്ത്രിയെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ അറിയില്ല, നാലെണ്ണമല്ല അഞ്ചാണു നിലവിലുള്ള സംവിധാനമെന്നു. അതുമുഴുവൻ കേടായി കിടക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പകരം മന്ത്രി പറഞ്ഞത് ഇവ കാര്യക്ഷമമല്ലെന്നാണു. എന്നിട്ടും 13 എണ്ണം കൂടി വാങ്ങാൻ പോകുന്നുവത്രേ.