Friday, December 21, 2007

പുസ്തകം പ്രിന്റു ചെയ്യാന്‍ പാഴാക്കിയത്‌ 5.57 കോടി രൂപ

സര്‍ക്കാരിലെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്കാണ് പാഠപുസ്തകങ്ങള്‍ സമയത്ത്‌ പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. കേരളത്തില്‍ 3 സെണ്ട്രല്‍ ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റോറുകളും, 34 ഡിസ്ട്രിക്ട്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകളും നിലവിലുണ്ട്‌. ഇവര്‍ വഴിയാണ് പാഠപുസ്ത്കങ്ങള്‍ നാടെങ്ങും വിതരണം ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ പിന്നാണ്ടത്തെ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്നതിനു മുമ്പായി മേല്‍പ്പറഞ്ഞ ഡിപ്പോകളിലും, സ്റ്റോറുകളിലും നീക്കിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കെടുക്കേണ്ടത്‌ സ്വാഭാവികം മാത്രം. മാത്രമല്ലാ, ഇനിവരുന്ന കൊല്ലങ്ങളില്‍ സിലബസ്സില്‍ മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ എന്നും മുന്‍ കൂട്ടി മനസ്സിലാക്കിയിരിക്കണം.

ഒന്ന്‌, രണ്ട്‌, മൂന്ന്‌, ഒന്‍പത്‌ എന്നീ ക്ലാസ്സുകളിലെ സിലബസ്സ്‌ 2003-04 അക്കഡമിക്‌ വര്‍ഷം മുതലും, നാലും അഞ്ചും ക്ലാസ്സുകളിലേത്‌ 2004-05 വര്‍ഷം മുതലും ആറ്‌, ഏഴ് ക്ലാസ്സുകളിലേത്‌ 2005-06 വര്‍ഷം മുതലും മാറ്റം വരുത്തേണ്ടതുണ്ടെന്ന്‌ സെപ്റ്റംബര്‍ 2002-ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിലവിലുള്ള സ്റ്റോക്ക്‌ എത്രയാണെന്ന്‌ കണക്കാക്കാതെ, വരാന്‍ പോകുന്ന സിലബസ്സ്‌ മാറ്റത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ നമ്മുടെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ 2002-03 ല്‍ 34.66 ലക്ഷം പുസ്തകങ്ങളും 2003-04 ല്‍ 68.25 ലക്ഷം പുസ്തകങ്ങളും പ്രിന്റ്‌ ചെയ്യിച്ചു. അതുകൊണ്ടെന്തായി, 6.19 കോടി രൂപ വിലയുള്ള 61.01 ലക്ഷം പുസ്തകങ്ങള്‍ ആവശ്യത്തിലധികമായിപ്പോയി. മാത്രമല്ല അതില്‍ 54.91 ലക്ഷം പുസ്തകങ്ങല്‍ സിലബസ്സ്‌ മാറ്റം കാരണം ഉപയോഗ ശൂന്യവുമായി. ഉപയോഗശൂന്യമായതിനു മാത്രം സര്‍ക്കാരിനു ചിലവായത്‌ 5.57 കോടി രൂപയാണ്.

അങ്ങനെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ സല്‍‌പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ്‌ വെറും 5.57 കോടി രൂപ.

ഈ ഉദ്ദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്ത്‌, മരണശേഷം അന്വേഷണം തുടങ്ങുമായിരിക്കണം. അതുവരെ സര്‍ക്കാരില്‍ കിട്ടിയിരിക്കുന്ന ഏ.ജി യുടെ റിപ്പോര്‍ട്ട ചുവപ്പ് നാടയിട്ട് മുറുകെ കെട്ടിയിരിക്കുന്നുണ്ടാകും.

1 comments:

അങ്കിള്‍. said...

അങ്ങനെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ സല്‍‌പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ്‌ വെറും 5.57 കോടി രൂപ.