Tuesday, January 1, 2008

ഈ കണക്കുകള്‍ ബൂലോഗരറിയാന്‍ മാത്രം.

നഷ്ടം പേറുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ -45 എണ്ണം, പ്രവര്‍ത്തനക്ഷമമായ 84 എണ്ണത്തിലാണിത്‌. കേരളത്തില്‍ ആകെ ഉള്ളതോ -109 എണ്ണം. പ്രവര്‍ത്തിക്കാതെ കിടക്കുന്നത്‌ - 25 എണ്ണം.

ഇനിപ്പറയുന്ന കണക്കുകള്‍ സര്‍ക്കാരിനും, വേണ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. പക്ഷേ നിസ്സഹായരാണ്. ബൂലോഗര്‍ കൂടി അറിഞ്ഞിരിക്കട്ടേ എന്നു കരുതി ഇവിടെ രേഖപ്പെടുത്തുന്നു.

നഷ്ടത്തിലോടുന്നതില്‍ ഏതാണ്ട്‌ മുപ്പതോളം കമ്പനികളുടെ ആകെ മൂലധനം 502.41 കോടി രൂപയെങ്കില്‍ അവയെല്ലാംകൂടി ഇതുവരെ വരുത്തിയ നഷ്ടം മൂലധനത്തിന്റെ നാലിരട്ടിയോളമാണ്. കൃത്ത്യമായി പ്പറഞ്ഞാല്‍ 2012.96 കോടി രൂപ.

ഈ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പൊതുഖജനാവിനെ ബാധിക്കുമെന്നയിരിക്കും ചോദ്യം. പൊതുഖജനാവിനെ ബാധിക്കുന്നതല്ലേ ഈ ബ്ലോഗില്‍ പതിയേണ്ട കാര്യമുള്ളൂ. ശരിയാണ്. ഇതാ, ഇങ്ങനെയാണത്‌:

അധിക നാള്‍ നഷ്ടത്തിലോടാന്‍ എല്ലാ കമ്പനികളെയും അപ്പപ്പോള്‍ വരുന്ന സര്‍ക്കാരുകള്‍ സമ്മതിക്കൂല്ല. നഷ്ടം സര്‍ക്കാര്‍ തന്നെ നികത്തികൊടുക്കും. എങ്ങനെയെന്നോ. തെരെഞ്ഞെടുത്ത കമ്പനികള്‍ക്ക്‌, അതായത്‌ ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക്‌ വേണ്ടപ്പെട്ട തൊഴിലാളികള്‍/മുതലാളികള്‍ ഉള്ള കമ്പനികള്‍ക്ക്‌ തിരിയെക്കിട്ടില്ലന്നറിഞ്ഞുകൊണ്ടുതന്നെ കടം കൊടുക്കുന്നു. കടമായി കിട്ടുന്ന തുക മുഴുവന്‍ ശമ്പളകുടിശ്ശികയായി വീതിച്ചെടുക്കുന്നു, കണക്കില്‍ കാണിച്ചുകൊണ്ടു തന്നെ. എന്നിട്ട്‌ അടുത്ത ഗഡു കടത്തിനായി കാത്തിരിക്കുന്നു.

ഇത്തരത്തില്‍ ഇതുവരെ കൊടുത്ത കടം 661.85 കോടി രൂപ മാത്രമാകുന്നു.

ഈ കടം നഷ്ടത്തിലോടുന്ന ഈ കമ്പനികള്‍ക്ക്‌ തിരിച്ചടക്കാന്‍ കഴിയുന്ന പ്രശ്നമില്ല. വീണ്ടും സര്‍ക്കാര്‍ ഇടപെടും. കടം മുഴുവന്‍ സര്‍ക്കാരിന്റെ മൂലധനമായി മാറ്റി കൊടുക്കും. തിരിയെകിട്ടാനുള്ള കടത്തിനെ മൂലധനമാക്കി മാറ്റിയാല്‍ കണക്കും പ്രകാരം സര്‍ക്കാരിന് തിരിയെകൊടുക്കാനുള്ള കടം ഒന്നും ഇല്ലാതാകും. അത്രയും തുക ഖജനാവിന് നഷ്ടപ്പെട്ടുവെന്നര്‍ത്ഥം. മൂലധനമായത്‌ പണ്ടേ പോക്കാണല്ലോ.

വര്‍ഷം തോറും നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തികൊണ്ടിരിക്കുന്ന ഈ കമ്പനികളിലേക്ക്‌ വീണ്ടും വീണ്ടും സര്‍ക്കാര്‍ മൂലധനമായും, ഗ്രാന്റായും, കടമായും, കടത്തിനെ മൂലധനമായി മാറ്റികൊടുത്തും, സബ്സിഡി കൊടുത്തും ധനസഹായം ചെയ്തു വരുന്നു. 2005-06 ല്‍ മാത്രം ഇങ്ങനെയുള്ള 30.11 കോടി രൂപയുടെ ധനസഹായം ചെയ്തു കൊടുത്തിട്ടുണ്ട്.

ഇത്‌ ഖജനാവ്‌ ചോര്‍ച്ചക്ക്‌ തുല്യമല്ലേ. കൊള്ളയടിച്ചാല്‍ മാത്രമേ ചോര്‍ച്ചയാവുകയുള്ളോ?.

ഇതിനെ ക്കാളും ഗംഭീരമാണ് നമുക്കുള്ള 25 ഓളം പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന കമ്പനികളുടെ കണക്കുകള്‍. അതു അടുത്തതില്‍.....


ആധാരം: Report of the Comptroller and Auditor General Of India http://cag.gov.in/html/cag_reports/kerala/rep_2006/comm_cont.htm

6 comments:

അങ്കിള്‍. said...

ഇനിപ്പറയുന്ന കണക്കുകള്‍ സര്‍ക്കാരിനും, വേണ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. പക്ഷേ നിസ്സഹായരാണ്. ബൂലോഗര്‍ കൂടി അറിഞ്ഞിരിക്കട്ടേ എന്നു കരുതി ഇവിടെ രേഖപ്പെടുത്തുന്നു

Anonymous said...

തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്നാണല്ലോ കേരളത്തിന്റെ പോളീസി..സാമൂഹ്യ ദ്രോഹികള്‍ രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് നശിപ്പിക്കുന്നവ വേറെയും. മലയാളികളെന്നാണാവോ ചിന്തിക്കാന്‍ പഠിക്കുക?

ബയാന്‍ said...

സര്‍ക്കാര്‍ പൊന്നുപോലെ നോക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനു ലാഭം; കടം മൂലധനവും, മൂലധനം കടവുമാകുന്ന പുത്തന്‍ സാമ്പതീക രീതി, പുറത്തറിയേണ്ട, നോബല്‍സമ്മാനം തന്നേച്ചും‌പോകും.

Unknown said...

എത്ര നഷ്ടം സഹിച്ചാലും ത്യാഗം സഹിച്ചാലും നമ്മള്‍ പൊതുമേഖല നിലനിര്‍ത്തണം . അതൊരു പ്രത്യയശാസ്ത്രപ്രശ്നമാണ് . പ്രത്യയശാസ്ത്രമില്ലാതെ എന്ത് ജീവിതം ? പൊതുമേഖലയില്ലാതെ എന്ത് പ്രത്യയശാസ്ത്രം ? പിന്നെ നികുതിപ്പണം , അത് എല്ലാവരുടെയുമല്ലേ . വര്‍ഗ്ഗീയവാദികളുടെയും പിന്‍‌തിരിപ്പന്‍ മൂരാച്ചികളുടെയും, സാമ്രാജ്യത്വപിണിയാളുകളുടെയും എല്ലാം ചേര്‍ന്ന് നല്‍കുന്ന നികുതിപ്പണമല്ലേ ഖജാനാവിലുള്ളത് . അത് പോട്ടെ . പൊതുമേഖല സിന്ദാബാദ് !

കിരണ്‍ തോമസ് തോമ്പില്‍ said...

പൊതുമേഖല തിന്നുന്ന പണം പൊതുജനങ്ങളുടെയാണ്‌ എന്ന് തുറന്നുപറഞ്ഞത്‌ ബുദ്ധദേവാണ്‌. പക്ഷെ തീവ്ര ഇടതുപക്ഷക്കാര്‍ അത്‌ സമ്മതിക്കില്ല. ഇപ്പോഴും വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌ അവര്‍. അതിനെതിരെ ആരെങ്കിലും ആ പാര്‍ടിയില്‍ ചിന്തിച്ചാല്‍ അവന്‍ സോഷ്യല്‍ ഡെമോക്രാറ്റായി മുദ്രകുത്തപ്പെടും അലെങ്കില്‍ സാമ്രാജിത്തത്തിന്റെ പ്രചാരകന്‍

ഹരിശ്രീ said...

നല്ല ലേഖനം...

പുതുവത്സരാശംസകളോടെ

ഹരിശ്രീ