Friday, January 18, 2008

ഖജനാവ്‌ കൊള്ള - ഇക്കഥ കേരളത്തിനു മാത്രം സ്വന്തം



ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥ അമൃതാ ടിവി. അവരുടെ Best Citizen Journalist എന്ന പറിപാടിയില്‍ കൂടെ അവതരിപ്പിക്കുകയുണ്ടായി. യൂ.ട്യൂബ്‌ വഴി വായനക്കാര്‍ക്ക്‌ കാണുവാന്‍ വേണ്ടി അതിവിടെ ചേര്‍ത്തിരിക്കുന്നു. കാണുവാര്‍ ആഗ്രഹിക്കുന്നവര്‍ പടത്തിന്‍‌മേല്‍ ക്ലീക്ക്‌ ചെയ്യുക.

ബൂലോഗരറിയാന്‍ മാത്രം: കേരളത്തില്‍ വ്യവസായം സര്‍ക്കാര്‍ ഉടമസ്ഥതയിലായാലേ സോഷ്യലിസം വരൂ. അതു കൊണ്ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ മൂന്ന്‌ കമ്പനികള്‍ക്ക്‌ രൂപം കൊടുക്കുവാന്‍ മന്ത്രിസഭ തീരുമാനിക്കുന്നു. അഞ്ചര കോടി രൂപാ മൂലധനമായി ഖജനാവില്‍ നിന്നും മുടക്കുന്നു. പ്രാഥമിക ചിലവുകള്‍ക്ക്‌ വേണ്ടി ഖജനാവില്‍ നിന്നും മൂന്നു കോടി കൂടി ചെലവഴിക്കുന്നു. കമ്പനിയുടെ നടത്തിപ്പിനു വേണ്ടി പ്രഗല്‍ഭരായ ജീവനക്കാരെ നിയമിക്കുന്നു. അവര്‍ക്കുവേണ്ടിയും, മറ്റു ഭരണപരമായ ചെലവുകള്‍ക്ക്‌ വേണ്ടി വീണ്ടും ഒന്നേകാല്‍ കോടി രൂപാ കൂടി ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഓര്‍മ്മവന്നു: കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്‌ ചെലവു ചെയ്തു ത്ടങ്ങിയിട്ട്‌ കൊല്ലം പത്ത്‌ പതിനെട്ടായി. ഉല്പാദനം മാത്രം തുടങ്ങിയില്ല. അന്തവും കുന്തവുമില്ലാതെ അലോചന നടത്തി. അവസാനം പരിഹാരം കണ്ടെത്തി.



“ഉല്പാദനം നടക്കില്ല, കമ്പനി ഉല്പാദനം തുടങ്ങുമുമ്പേ പൂട്ടണം“.



എന്നാല്‍ പിന്നെ കമ്പനി പൂട്ടിക്കളയാം. ശരി, അങ്ങനെതന്നെ ആകട്ടെയെന്നു തീരുമാനിച്ചു.



കൊല്ലം പിന്നേയും നാലഞ്ച്‌ കഴിഞ്ഞുപോയതറിഞ്ഞില്ല. ഇതുവരെ ഈ കമ്പനികള്‍ക്ക്‌ വേണ്ടി വാങ്ങിക്കൂട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എന്തു ചെയ്യണം. അതിനും കൂടി പരിഹാരം കണ്ടാലേ പൂട്ടികെട്ടല്‍ പൂര്‍ത്തിയാകൂ. വീണ്ടും ആലോചിച്ചു കൊണ്ടേ.....യിരിക്കുന്നു. പത്തുകോടിയോളം രൂപ സ്വാഹാ....



ഇപ്പോഴും (2008) ആലോചന നടക്കുന്നുണ്ട്‌. ഇതു നടന്ന കഥ.



ഇനി കഥയുടെ വിശദാംശങ്ങളിലേക്ക്‌:



1) വളരെ ഉയര്‍ന്ന ഊഷ്മാവിലും ഉരുകാത്ത വസ്തുക്കള്‍ നിര്‍മ്മിച്ച്‌ വ്യാപാരം ചെയ്യുന്നതിനു വേണ്ടി കേരളാ സ്പെഷ്യല്‍ റിഫ്രാക്ടറീസ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ ഒരു കമ്പനി കേരള സര്‍ക്കാര്‍ കമ്പനി ആക്ടും പ്രകാരം നവമ്പര്‍ 1985 ല്‍ രജിസ്റ്റര്‍ ചെയ്തു. മൂലധനമായ 398.23 ലക്ഷം രൂപ മുഴുവന്‍ സര്‍ക്കാര്‍ തന്നെ മുടക്കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായി വേണ്ടുന്ന പ്രഗല്‍ഭരായ ജീവനക്കാരെയും നിയമിച്ചു.



പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിന്റെ രൂപീകരണത്തില്‍ മുഖ്യ സംരംഭകന്റെ പങ്കാണ് വഹിക്കേണ്ടത്‌. ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ട്‌ വരുമാനം ഉണ്ടാക്കുന്നതിലേക്കായി വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തുടങ്ങുന്നതിനായി കമ്പനിയുടെ പ്രാധമികചെലവുകള്‍ക്ക്‌ വേണ്ടി 223.56 ലക്ഷം രൂപകൂടി വീണ്ടും സര്‍ക്കാരില്‍ നിന്നും ലഭിച്ചു. പിന്നിടുള്ള 11 കൊല്ലക്കാലം കിട്ടിയ തുകയെല്ലാം മൂലധനം ഉള്‍പടെ ഭരണപരമായ കാര്യങ്ങള്‍ക്ക്‌ വേണ്ടി ചെലവഴിച്ചു. അങ്ങനെ 1996 ആയപ്പോഴാണ് ഇതുവരെ ഉല്പന്നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെന്നും, ഇനിയൊട്ട്‌ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും മനസ്സിലായത്‌. അതുകൊണ്ട്‌ കംബനി പൂട്ടിയിടാന്‍ (under liquidation) 1966 ല്‍ തന്നെ തീരുമാനിച്ചു. സര്‍ക്കാര്‍ തന്നെ കണ്ടുപിടിച്ച കാരണങ്ങള്‍ ഇവയാണ്:



# ആസൂത്രണത്തിന്റെ കുറവ്‌

# കമ്പനി രൂപീകരിക്കുന്നതിനു മുമ്പ്‌ പ്രാഥമിക/വിശദമായ പഠനത്തിന്റെ അഭാവം

# വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു സമയക്രമം നിജപ്പെടുത്താതിരിക്കല്‍.



കമ്പനി പൂട്ടിയിടാന്‍ 1966 ല്‍ തന്നെ തീരുമാനിച്ചങ്കിലും, അതിനു വേണ്ടിയുണ്ടാക്കിയ സ്ഥാവര ജംഗമ വസ്തുക്കളേയും, ഭരിക്കാനായി നിയമിച്ച ജീവനക്കാരുടേയും കാര്യത്തില്‍ ഒരു തീരുമാനം കൂടി ഉണ്ടായെങ്കിലല്ലേ പൂട്ടികെട്ടല്‍ പൂര്‍ത്തിയാകൂ.10-11 കൊല്ലം വീണ്ടും കഴിഞ്ഞിരിക്കുന്നു. യാതൊരു തീരുമാനവും ഇതുവരെ (2008) എടുത്തില്ലെന്ന്‌ മാത്രമല്ല ഭരണപരമായ ചെലവുകള്‍ക്ക്‌ വേണ്ടി ഒരു ചെറിയ തുക കൂടിയായ 64.52 ലക്ഷം രൂപ കൂടി ഖജനാവില്‍ നിന്നും ഇക്കൊല്ലങ്ങളില്‍ ചെലവാക്കി കഴിഞ്ഞു.



അങ്ങനെ സോഷ്യലിസം സ്വപ്നം കണ്ട്‌ കമ്പനി തുടങ്ങി‌ ഉല്പാദനം തുടങ്ങുമുമ്പ്‌ പൂട്ടേണ്ടി വന്ന ഈ കേരളാ സ്പെഷ്യല്‍ റിഫ്രാക്ടറീസ്‌ ലിമിറ്റഡ്‌ കാരണം ഖജനാവിനു 398.23+223.56+64.52=686.13 ലക്ഷം രൂപ സ്വാഹാ...



2)ഇതു പോലെ കേരളത്തിലെ ധാതുസമ്പത്തുക്കളെ കണ്ടുപിടിച്ച്‌, വികസിപ്പിച്ച്‌ ഉപയോഗിക്കാനുള്ള അതിമോഹം കൊണ്ടുണ്ടാക്കിയ ഒരു കമ്പനിയാണ് “കേരളാ സ്റ്റേറ്റ്‌ മിനറല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡ്“. ജൂണ്‍ 1992 ലാണ് കംബനി റജിസ്റ്റര്‍ ചെയ്തത്‌. മൂലധനം=125.67 ലക്ഷം രൂപ. മുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും.



ദൈവം സഹായിച്ച്‌ ഇതിനെ ഇതുവരെ പൂട്ടിയിടാന്‍ തീരുമാനിച്ചിട്ടില്ല. കൊല്ലം 15 കഴിഞ്ഞു. ധാതുക്കളെ കണ്ടുപിടിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കുന്നു. അതു കഴിഞ്ഞിട്ടല്ലേ അതിനെ വികസിപ്പിച്ച്‌ ഉപയോഗിച്ചു തുടങ്ങാന്‍. പ്രാഥമികാ‍വശ്യങ്ങള്‍ക്ക്‌ വേണ്ടി ചെലവിടാന്‍ 58.47 ലക്ഷം രൂപ കൂടി ഈ കാലയളവില്‍ സര്‍ക്കാരില്‍ നിന്നും കനിഞ്ഞു നല്‍കി. ജീവരക്കരെ നിയമിച്ചു കഴിഞ്ഞതല്ലേ. കുറേയൊക്കെ സ്ഥാവര ജംഗമ വസ്ഥുക്കളും ഒപ്പിച്ചെടുത്തു കഴിഞ്ഞതല്ലേ. അവയൊക്കെ പരിപാലിക്കണ്ടേ. ഭരണം നടത്ത്ണ്ടേ. അതിനും (ഭരണപരമായ ചെലവുകള്‍ക്ക്‌) കൊടുത്തു വേറൊരു 53.82 ലക്ഷം രൂപ.



ഉല്‍പ്പാദനം മാത്രം 15 കൊല്ലം കഴിഞ്ഞിട്ടും തുടങ്ങിയില്ല. കാരണം ഇവയൊക്കെയാണെന്നാണ് സര്‍ക്കാരിന്റെ വാദം:



# ധനത്തിന്റെ കുറവ്‌

# പദ്ധതിയുടെ പാരിസ്ഥിതിക അനുവാദം

# പ്രസ്ഥാവിക്കപ്പെട്ട പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കരുടെ പുനരധിവാസത്തിനുള്ള സ്ഥലക്കുറവ്‌

# തെറ്റായ സാങ്കേതിക സാമ്പത്തിക സാധ്യതാ/വിപണന പഠനം

# പോരായ്മയുള്ള പദ്ധതി റിപ്പോര്‍ട്ടുകള്‍

# പ്രകൃതി വിഭവങ്ങളുടെ തരം താഴന്ന ഗുണനിലവാരം.



15 കൊല്ലം കഴിഞ്ഞിട്ടും വാണിജ്യപരമായ യാതൊന്നും തുടങ്ങാതെ ഭരണപരമായ ചെലവുകള്‍ ചെയ്തുകൊണ്ടേ.... യിരിക്കുന്നത്‌ സര്‍ക്കാരിന് ഒരു പ്രശ്നമേയല്ല.



ഇതുവരെ ഈ കമ്പനിക്കു വേണ്ടി ഖജനാവിനു 125.67+58.47+53.82=237.96 ലക്ഷം രൂപ സ്വാഹാ...



3) അടുത്തത്‌ ജലസേജനത്തിനു വേണ്ടി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനായി ഒരു കമ്പനി തന്നെ രജിസ്റ്റര്‍ ചെയ്തു, ആഗസ്റ്റ്‌ 2000 ല്‍. കമ്പനിയുടെ പേരു: “കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പരേഷന്‍ ലിമിറ്റഡ്‌“. മൂലധനമായി 21.14 ലക്ഷം രൂപയും മുടക്കി. കമ്പനിയുടെ ആദ്യ ലക്ഷ്യം ചാമ്രവട്ടത്തില്‍ ഒരു നിയന്ത്രക പാലവും അനുബന്ധ അടിസ്ഥാന സൌകര്യങ്ങളും പണിയുകയായിരുന്നു. പ്രാഥമിക ചെലവുകള്‍ക്കയി സര്‍ക്കാരില്‍ നിന്നും 20.51 ലക്ഷം രൂപയും, ഭരണപരമായ ചെലവുകള്‍ക്കായി 3.55 രൂപയും സര്‍ക്കാരില്‍ നിന്നും വാങ്ങി ചെലവിട്ടുകൊണ്ടിരിക്കുന്നെങ്കിലും, ആവശ്യമായ ജീവനക്കരെ ഇതുവരെയും റീക്രൂട്ട്‌ ചെയ്യാത്തതുകോണ്ട്‌ പണി തുടങ്ങാന്‍ ഇതുവരെ പറ്റിയില്ലാ എന്നാണ് സര്‍ക്കാരിന്റെ വാദം. കൊല്ലം ഏഴ്‌ കഴിഞ്ഞു എന്നതു സര്‍ക്കാര്‍ കാര്യത്തില്‍ വലിയൊരു കാലയളവല്ല.



ഏതായാലും ഈ കമ്പനിക്കുവേണ്ടി ഇതുവരെ മുടക്കിയ 21.14+20.51+3.55=45.20 ലക്ഷം രൂപയും സ്വാഹാ....



ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.



പ്രത്യേക ശ്രദ്ധക്ക്‌:

ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്‍ മാര്‍ക്കും, സാമാജികര്‍ക്കും ഈക്കാര്യങ്ങളെക്കുറിച്ചറിയാഞ്ഞിട്ടല്ല. സി.എ.ജി. റിപ്പോര്‍ട്ട്‌ ഇവര്‍ക്കെല്ലാം കൊടുക്കുന്നുണ്ട്. എന്നാല്‍ ഒരു പകര്‍പ്പ്‌ കൊന്നു കളഞ്ഞാല്‍ മൂന്നാമതൊരാള്‍ക്ക്‌ കൊടുക്കില്ല. ഇതു നന്നായറിയാവുന്ന വകുപ്പദ്ധ്യക്ഷന്മാരും സര്‍ക്കാരും കാര്യങ്ങള്‍ അവരില്‍ മാത്രമൊതുക്കും. അല്ലെങ്കിലും അവരവരുടെ കുറ്റങ്ങള്‍ മറ്റൊരാളോട്‌ പറയുന്നതാര്‍ക്കും ഇഷ്ടമല്ലല്ലോ. പത്രക്കാര്‍ക്കാണെങ്കില്‍, സര്‍ക്കാരിനെ അറിയിക്കുന്നതിനു മുമ്പേ അറിയിച്ചാല്‍ പത്രം മുഖേന വ്യാപകമായ പബ്ലിസിറ്റിക്ക്‌ തയ്യാറാകും. സര്‍ക്കാരും, വകുപ്പദ്ധ്യക്ഷരും അറിഞ്ഞുകഴിഞ്ഞെങ്കില്‍, വാര്‍ത്തക്ക്‌ ചൂടില്ല. തണുത്തു കഴിഞ്ഞ വാര്‍ത്ത ആര്‍ക്കു വേണം. വിവരാവകാശ നിയമം വഴി ആര്‍ക്കു വേണമെങ്കിലും ലഭിക്കാവുന്നതാണ് ഈ സി.ഏ.ജി യുടെ റിപ്പോര്‍ട്ടെന്ന്‌ എത്ര പൊതുജനങ്ങള്‍ക്കറിയാം. പൊതുജനങ്ങള്‍ക്ക്‌ കിട്ടിയിട്ടും കാര്യമില്ല. സാങ്കേതിക പദങ്ങളാല്‍ സമ്പന്നമായ ഈ റിപ്പോര്‍ട്ട് വായിച്ചാല്‍, സാധാരണക്കാര്‍ക്ക്‌ ദൈവം സഹായിച്ച്‌, ഒന്നും മനസ്സിലാകില്ല.

10 comments:

അങ്കിള്‍. said...

കേരളത്തില്‍ വ്യവസായം സര്‍ക്കാര്‍ ഉടമസ്ഥതയിലായാലേ സോഷ്യലിസം വരൂ. അതു കൊണ്ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ മൂന്ന്‌ കമ്പനികള്‍ക്ക്‌ രൂപം കൊടുക്കുവാന്‍ മന്ത്രിസഭ തീരുമാനിക്കുന്നു. അഞ്ചര കോടി രൂപാ മൂലധനമായി ഖജനാവില്‍ നിന്നും മുടക്കുന്നു. പ്രാധമിക ചിലവുകള്‍ക്ക്‌ വേണ്ടി ഖജനാവില്‍ നിന്നും മൂന്നു കോടി കൂടി ചിലവഴിക്കുന്നു. കമ്പനിയുടെ നടത്തിപ്പിനു വേണ്ടി പ്രഗല്‍ഭരായ ജീവനക്കാരെ നിയമിക്കുന്നു. അവര്‍ക്കുവേണ്ടിയും, മറ്റു ഭരണപരമായ ചിലവുകള്‍ക്ക്‌ വേണ്ടി വീണ്ടും ഒന്നേകാല്‍ കോടി രൂപാ കൂടി ചിലവഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഓര്‍മ്മവന്നു: കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്‌ ചെലവു ചെയ്തു ത്ടങ്ങിയിട്ട്‌ കൊല്ലം പത്ത്‌ പതിനെട്ടായി. ഉല്പാദനം മാത്രം തുടങ്ങിയില്ല. അന്തവും കുന്തവുമില്ലാതെ അലോചന നടത്തി. അവസാനം പരിഹാരം കണ്ടെത്തി.

“ഉല്പാദനം നടക്കില്ല, കമ്പനി ഉല്പാദനം തുടങ്ങുമുമ്പേ പൂട്ടണം“.

എന്നാല്‍ പിന്നെ കമ്പനി പൂട്ടിക്കളയാം. ശരി, അങ്ങനെതന്നെ ആകട്ടെയെന്നു തീരുമാനിച്ചു.

കൊല്ലം പിന്നേയും നാലഞ്ച്‌ കഴിഞ്ഞുപോയതറിഞ്ഞില്ല. ഇതുവരെ ഈ കമ്പനികള്‍ക്ക്‌ വേണ്ടി വാങ്ങിക്കൂട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എന്തു ചെയ്യണം. അതിനും കൂടി പരിഹാരം കണ്ടാലേ പൂട്ടികെട്ടല്‍ പൂര്‍ത്തിയാകൂ. വീണ്ടും ആലോചിച്ചു കൊണ്ടേ.....യിരിക്കുന്നു. പത്തുകോടിയോളം രൂപ സ്വാഹാ....

ഇപ്പോഴും (2008) ആലോചന നടക്കുന്നുണ്ട്‌. ഇതു നടന്ന കഥ.

ഹരിത് said...

ദീപസ്തംഭം മഹാശ്ചര്യം...

ഒരു “ദേശാഭിമാനി” said...

കാട്ടിലെ മരം, തേവരുടെ ആന!

Gopan | ഗോപന്‍ said...

കേരളം ഈ അവസ്ഥയില്‍ എത്തിയത് രാഷ്ട്രീയ അതിപ്രസരം കൊണ്ടു നല്ലതേതു ചീത്തയേത് എന്ന് ചിന്തിക്കുവാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്‌ കൊണ്ടാണ്..
കേരളീയന്‍റെ ശരാശരി കടം കൂടുകയല്ലാതെ കുറഞ്ഞു വരുന്ന യാതൊരു ലക്ഷണവും കാണുന്നില്ല.. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ഒരേ ഉദ്ദേശം..സ്വയം സേവ...!
സ്കൂളിലും കോളേജിലും രാഷ്ട്രീയം നിരോധിക്കുന്ന ഒരു കാലം വരുമെന്നും, നാട്ടിലെ വ്യവസായ സംരംഭങ്ങള്‍ പൂട്ടുന്ന പ്രവണതയില്‍ നിന്നു മാറി അടച്ചത് തുറപ്പിക്കുന്ന ട്രെന്‍ഡ് ആകും എന്നും പ്രത്യാശിക്കാം..

ManohaRRan said...

നെഹ്രു തുടങ്ങിവച്ച പരിപാടിയാണ്‌. ഇന്ദിരാജി അതു ദേശസാല്‍ക്കരിച്ചു. രാഷ്ട്രീയക്കാരുടെ, മന്‍മോഹന്‍ സിംഗ്‌ ആ ഗണത്തില്‍പ്പെട്ടയാളല്ല, ബുദ്ധിയില്‍ വരാത്ത കാര്യങ്ങളാണ്‌ പലതും. അവരില്‍ മിക്കവര്‍ക്കൂം കുബുദ്ധി കൂടും. പൌരനു ജോലി കൊടുക്കലല്ല, വ്യവസായം തുടങ്ങലല്ല അവരുടെ പണി. മറിച്ച്‌, അതിനുള്ള സാഹചര്യം ഉണ്ടാക്കലാണ്‌. ഇന്‍ഫ്രാസ്റ്റ്രക്ചറല്‍ ഡെവലപ്മണ്റ്റ്‌. ബാക്കി താനേ വരും. കണക്കുകള്‍ ഇനിയും പോരട്ടെ.

പ്രിയ അങ്കിള്‍,
താങ്കളുടെ നിര്‍ദേശങ്ങള്‍ എനിക്കു വളരെ ഉപകരിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി.

കൊസ്രാക്കൊള്ളി said...

അങ്കിള്‍ ആദ്യമായാണ്‌
ഒരു പുതിയ ബ്ലോഗറാണ്‌
ലേഖനം വായിച്ചു.
ചെലവാണ്‌ ശരിയായ പ്രയോഗം
പ്രാഥമികം എന്നാണ്‌ ശരി ശ്രദ്ധിക്കുമല്ലോ

അങ്കിള്‍. said...

പ്രീയ അനസ്‌,
നന്ദി. തെറ്റുകള്‍ തിരുത്തിയിട്ടൂണ്ട്‌.

M. Ashraf said...

സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള ബോധത്തെ പോലെ ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള ബോധവും ഉല്‍പാദിപ്പിക്കപ്പെടാതെ വളര്‍ച്ചയെ കുറിച്ച്‌ ചിന്തിക്കാനാവില്ല. അതിന്‌ ജീവിത വീക്ഷണം തന്നെ മാറണം. അനര്‍ഹമായും വളഞ്ഞ വഴിയിലൂടെയും നേടിയ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവില്‍ അടയ്‌ക്കാന്‍ സൗദി അറേബ്യയില്‍ എല്ലാ വര്‍ഷവും സര്‍ക്കാര്‍ അവസരം നല്‍കാറുണ്ട്‌. കോടിക്കണക്കിനു റിയാലാണ്‌ അപ്പോള്‍ ആളുകള്‍ സ്വമേധയാ തിരികെ നല്‍കാറുള്ളത്‌.
അന്യന്റെ സ്വത്ത്‌ അനര്‍ഹമായി കൈയടക്കിയാല്‍ പിന്നെ മരണാനന്തര ജീവിതത്തില്‍ ഒന്നും നേടാനാവില്ലെന്ന ചിന്തയാണ്‌ ഇവിടത്തെ പൗരന്മാരെ ഈ തിരിച്ചടവിന്‌ പ്രേരിപ്പിക്കുന്നത്‌.
അങ്കിളിന്റെ ദൗത്യം നീണാള്‍ വാഴട്ടെ..
അഷ്‌റഫ്‌

Cartoonist said...

അഷ്രഫ് പറഞ്ഞ സൌദിസ്വകാര്യം കൌതുകമായി.

മരണാനന്തരജീവിതത്തെക്കുറിച്ച് ഒട്ടുമേ ബേജാറാവാതെതന്നെ, ഏതൊരാള്‍ക്കും അവനവന്റെ സാഹചര്യങ്ങള്‍ അനുവദിക്കുന്ന നിരീക്ഷണത്തിനും പഠനത്തിനും ഓരോരുത്തനും സമയമനുവദിച്ചാല്‍, മുടിഞ്ഞ വിത്ഡ്രാവല്‍ സിംപ്ടമുള്ള മദ്യപര്‍ പ്രഭാതത്തിലെ നാലു ലാര്‍ജിനു ശേഷം ക്രമേണയായി പ്രത്യക്ഷപ്പെടുന്ന പോലെ, ‘അടുത്തുനില്‍പ്പോരനുജന്മാര്‍‘ തെളിഞ്ഞുവരുന്നത് കാണാന്‍ അവന് അക്ഷികളുണ്ടാവുമെന്നതാണ് അടിയന്റെ അഭിപ്രായം.

ഈ അങ്കിള്‍- ന്റെ പരിഭാഷ മാമന്‍ എന്നല്ല, എന്നാലൊ, ലേശം ഗൌരവത്തില്‍ ‘മാതുലന്‍’ എന്നാണത്രെ !

Balu said...

"പണ്ട് രാജ ഭരണ കാലത്ത്, മാടമ്പിമാരും അവരുടെ കിങ്കരന്മാരും കൂടെ നാട്ടില് ശല്യം ഉണ്ടാക്കിയിരുന്നു എന്ന് കെട്ടിട്ടുണ്ട്. പക്ഷെ അത്തരം ശല്യങ്ങള് ഇല്ലാതായോ? ഇല്ല, ശല്യം ചെയ്തവര് മാറി എന്നേ ഉള്ളു.
ഇപ്പോള് ആര്ക്കും ആരെയും എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം കിട്ടി."

സ്വതന്ത്യത്തിനെ കുറിച്ചു കൂടുതല് വായിക്കൂ