Sunday, February 3, 2008

ഇലഃ ബോര്‍ഡിന്റെ ഔദാര്യം - ഒഴികിപ്പോയത്‌ ഒരു കോടി രൂപ.

ഒഴിക്കിക്കളഞ്ഞ ഒരു കോടി ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയായിരുന്നില്ല, മറിച്ച്‌ ചെന്നൈയിലെ ഒരു കമ്പനിക്ക്‌ വേണ്ടി. ഈക്കഥ 2 കൊല്ലം പഴക്കം ഉള്ളതുകൊണ്ട്‌, പത്രക്കാരുടെ ഭാഷയില്‍, ചൂടുള്ള വാര്‍ത്തയല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: കുറേ ഉദ്ദ്യോഗസ്ഥരും സാമാജികരും അല്ലാതെ കേരളത്തിലെ മറ്റു പൌരന്മാരാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. അതുകൊണ്ട്‌ ഇതിവിടെ കിടക്കട്ടെ; ബുലോഗരെങ്കിലും അറിയാന്‍.

സംഗതി നമ്മുടെ വിദ്യഃച്ഛക്തി ബോര്‍ഡുമായി ബന്ധപ്പെട്ടതാണ്. ഇതാണ് കഥ:-

ആദ്യമായി ഇലഃബോര്‍ഡും പൊതുഖജനാവും തമ്മിലുള്ള ബന്ധം ഒരു വിശദീകരിച്ചോട്ടെ.

കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ചു കോര്‍പ്പറേഷനുകളില്‍ ഏറ്റവും വലുതാണ് Kerala State Electricity Board (K.S.E.B). 1-4-1957 ല്‍ ഭൂജാതനായി. ഇതിന്റെ മൂലധനമായ 1553 കോടി രൂപ മുഴുവന്‍ സര്‍ക്കാര്‍ മുടക്കിയതാണ്. ഇതു കൂടാതെ സര്‍ക്കാര്‍ കൊടുത്ത ദീര്‍ഘകാല വായ്പയില്‍ ഇന്നേ വരെ ഒരു 377.69 കോടി രുപ തിരിയെ കൊടുക്കാനും ഉണ്ട്‌. ഏറ്റവും അവസാനം പൂര്‍ത്തിയാക്കിയ കണക്കനുസരിച്ച്‌ ഈ ബോര്‍ഡ് അന്നേവരെ 593 കോടിയുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട്‌. 25700 ജീവനക്കാര്‍ ബോര്‍ഡില്‍ പണിയെടുക്കുന്നു. ഇനി കഥ തുടങ്ങാം....

ബോര്‍ഡ്‌ അതിന്റെ മദ്ധ്യമേഖലക്കു വേണ്ടി വൈദ്യുതി വിതരണത്തിനായി ഉപയോഗിക്കുവാനുള്ള 5 ലക്ഷം വൈദ്യുതി മീറ്ററുകള്‍ നാലു കമ്പനികളില്‍ നിന്നുമാണ് വാങ്ങിയത്‌. അതില്‍ 1.5 ലക്ഷം മീറ്ററുകള്‍ വാങ്ങിയത്‌ ചെന്നൈയില്‍ ഉള്ള ഓംനി അഗേറ്റ്‌ സിസ്റ്റംസ്‌(പി) ലിമിറ്റഡ്‌ (ഒ എ എസ്) എന്ന കമ്പനിയില്‍ നിന്നാണ്; ഒരെണ്ണത്തിനു 342.41 രുപ നിരക്കില്‍. പര്‍ച്ചേസ്‌ ഓര്‍ഡര്‍ അനുസരിച്ച്‌ മുഴുവന്‍ മീറ്ററുകളം 60 ദിവസത്തിനുള്ളില്‍ ബോര്‍ഡിലേക്ക്‌ കൈമാറിയിരിക്കണം. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഒ എ എസ് എന്ന കമ്പനി ഒഴികെ മറ്റു 3 കമ്പനികളും മീറ്ററുകള്‍ മുഴുവന്‍ വിതരണം ചെയ്തു. ഒ എ എസ് കമ്പനിക്ക്‌ ഒരെണ്ണം പോലും നല്‍കാന്‍ കഴിഞ്ഞില്ല. അവര്‍ 1.5 ലക്ഷം മീറ്ററും ബോര്‍ഡിലേക്ക്‌ കൈമാറിയത്‌ നിര്‍ദ്ദിഷ്ട വിതരണ കാലാവധിക്ക്‌ ശേഷം, 40-67 ദിവസങ്ങള്‍ കുടി കഴിഞ്ഞാണ്. വാങ്ങല്‍-കരാറിലെ വകുപ്പ്‌ 15 പ്രകാരം കമ്പനിയില്‍ നിന്നും ഈടാക്കേണ്ട പിഴയായ 1.10 കോടി രൂപ കിഴിച്ച്‌ ബാക്കിയാണ് കമ്പനിക്ക്‌ നല്‍കിയത്‌. ഇതു വരെ ഒരു പ്രശ്നവുമില്ല. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. 18 മാസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല.

പെട്ടന്നാണ് ഒ എ എസ് കമ്പനിക്ക്‌ കേരളത്തില്‍ നടന്ന ഒരു വാഹന പണിമുടക്കിനെ പറ്റി വിവരം ലഭിക്കുന്നത്‌. അപ്പോള്‍ പിന്നെ ആ പണിമുടക്കാണ്, അതു മാത്രമാണ് മീറ്ററുകള്‍ സമയത്തിനെത്തിക്കാനാവാത്തതിന്റെ ഏക കാരണം. ഇക്കാര്യവും പറഞ്ഞ്‌ തങ്ങള്‍ക്കുണ്ടായ കാലതാമസം മാപ്പാക്കണമെന്ന്‌ ഒരപേക്ഷ വേണ്ടപെട്ടവര്‍ വഴി സര്‍ക്കാരിലെത്തിച്ചു. അപേക്ഷ കിട്ടേണ്ട താമസം ഇലഃബോര്‍ഡ്‌ ഔദാര്യത്തിന്റെ മൂര്‍ത്തീഭാവമായി മാറി. കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത 1.10 കോടി രുപയില്‍ നിന്നും 71.25 ലക്ഷം രുപ തിരിച്ചുകൊടുത്തുകൊണ്ട്‌ ഉത്തരവിറക്കി. കേരളത്തിലുണ്ടായെന്നു പറയപ്പെടുന്ന വാഹനസമരം മീറ്ററുകള്‍ വിതരണം ചെയ്യുവാനുള്ള നിര്‍ദ്ദിഷ്ടകാലാവധിക്ക്‌ ശേഷമായിരുന്നില്ലേ എന്നാരു ചോദിക്കാന്‍. അല്ലേത്തന്നെ ചോദിച്ചിട്ടെന്തു കാര്യം. കൃത്യസമയത്തിനു സാധനം വിതരണം ചെയ്ത മറ്റു മൂന്ന്‌ കമ്പനികള്‍ മൂക്കത്ത്‌ വിരള്‍ വച്ചു.

ഈ മീറ്റര്‍ വാങ്ങലില്‍ വേറൊരും വശവും കുടിയുണ്ടായിരുന്നു. വാങ്ങല്‍-കരാറിലെ വകുപ്പ്‌ 28 പ്രകാരം നിര്‍ദ്ദിഷ്ട കാലാവധിക്ക്‌ ശേഷമാണ് സാധനം നല്‍കുന്നതെങ്കില്‍, ആ സമയത്ത്‌ സാധനത്തിന്റെ വിപണി വില കരാര്‍ വിലയേക്കാള്‍ കുറവെങ്കില്‍, അപ്രകാരമുള്ള കുറഞ്ഞ വിലക്കേ ഒ എ എസ്‌ കമ്പനിക്കര്‍ഹതയുള്ളൂ. ഒ എ എസ്‌ കമ്പനി മീറ്റര്‍ വിതരണം ചെയ്തപ്പോഴത്തെ വിപണിവില വെറും 256 രുപ മാത്രമായിരുന്നു ( കരാര്‍ വില=324.41 രുപ). എന്തു ചെയ്യാം വിപണി വില ഇത്രയേ ഉള്ളൂവെന്ന്‌ നമ്മുടെ ബോര്‍ഡ്‌ അറിയുന്നത്‌ വളരെ നാളുകള്‍ കഴിഞ്ഞാണന്നാണ് ബോര്‍ഡിന്റെ വാദം. ഒരു 34.56 ലക്ഷം രുപ കുടി സ്വാഹാ.....

സി.എ.ജി യുടെ ഈ കഥയടങ്ങിയ റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്തു കിടന്നുറങ്ങാന്‍ തുടങ്ങിയിട്ട്‌ അടുത്തമാസം ഒരു കൊല്ലം പൂര്‍ത്തിയാകും.

3 comments:

അങ്കിള്‍. said...

ഒഴിക്കിക്കളഞ്ഞ ഒരു കോടി ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയായിരുന്നില്ല, മറിച്ച്‌ ചെന്നൈയിലെ ഒരു കമ്പനിക്ക്‌ വേണ്ടി. ഈക്കഥ 2 കൊല്ലം പഴക്കം ഉള്ളതുകൊണ്ട്‌, പത്രക്കാരുടെ ഭാഷയില്‍, ചൂടുള്ള വാര്‍ത്തയല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: കുറേ ഉദ്ദ്യോഗസ്ഥരും സാമാജികരും അല്ലാതെ കേരളത്തിലെ മറ്റു പൌരന്മാരാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. അതുകൊണ്ട്‌ ഇതിവിടെ കിടക്കട്ടെ; ബുലോഗരെങ്കിലും അറിയാന്‍.

ത്രിശങ്കു / Thrisanku said...

ഇങ്ങനെ കുറെ ബോര്‍ഡുകളുള്ളത് കൊണ്ട് കുറെപ്പേര് ജീവിച്ചു പോകുന്നു...

ടീവീം പോയി, ഫ്രിഡ്ജും പോയി, എല്ലാം പോയി. അതെ സ്റ്റെബിലൈസര്‍, ഇന്‍‌വെര്‍ട്ടര്‍ തുടങ്ങിയവയ്ക്ക് എന്നും ബിസിനസ്. തലപ്പത്തിരിക്കുന്നവര്‍ ബിനാമിയായി ഇത്തരം കമ്പനികള്‍ നടത്തുന്നുവെന്ന് സംസാരം.

ആഹ് പൊതുജനം, അവറ്റകളെ പോകാന്‍ പറ. :(

siva // ശിവ said...

നല്ല ലേഖനം.... നല്ല വിവരണം