Wednesday, April 23, 2008
വിശാല കൊച്ചി വികസന അതോറിറ്റി - കോടികള്‍ പാഴാക്കുന്നു (GCDA)
എര്‍ണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തുനിന്നും സ്റ്റേഷനിലേക്ക് പ്രവേശനം സൗകര്യപ്പെടുത്തുവാനായി സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് ഒരു ബഹുനില മന്ദിരം പണിയുവാന്‍ വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) സെപ്റ്റംബര്‍ 1997-ല്‍ തീരുമാനിച്ചു. താഴത്തെ 600 ചതുരശ്ര മീറ്റര്‍ സ്റ്റേഷനിലേക്ക് കിഴക്കേ കവാടം തുറക്കുന്നതിനും, ടിക്കറ്റ് കൗണ്ടര്‍ എന്നിവക്ക് റയില്‍വേക്ക് നല്‍കുവാനും, കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം ആദായകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുമാണ് ഉദ്ദേശിച്ചിരുന്നത്. അഞ്ചു നിലകളുടെ വ്യാപാര സമുച്ചയം 10.96 കോടി രൂപ മുടക്കി 2003 മേയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയോ, എന്തെങ്കിലും സാദ്ധ്യതാ പഠനം നടത്തുകയോ ചെയ്തതായി ഒരു രേഖയും കണ്ടെത്താനായില്ല. വ്യാപാരസമുച്ചയം പൂര്‍ത്തിയായതിനു ശേഷം 33,100 ചതുരശ്ര അടി വരുന്ന I,II,III,IV നിലകള്‍ മാസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ ദര്‍ഘാസുകള്‍ ക്ഷണിക്കുവാന്‍ 2003 ജൂണില്‍ ജി.സി.ഡി.എ തീരുമാനിച്ചു. 2004 ജനുവരിയില്‍ വാടക നിരക്കും നിശ്ചയിച്ചു. ദര്‍ഘാസുകള്‍ 2004 ഏപ്രില്‍, 2006 ഫെബ്രുവരി, മേയ് മാസങ്ങളില്‍ ക്ഷണിച്ചു.
2006 മേയിലെ ദര്‍ഘാസിനു മറുപടിയായി ഒരേ ഒരു ദര്‍ഘാസ് മാത്രമേ ലഭിച്ചുള്ളൂ. ജി.സി.ഡി.ഏ നിശ്ചയിച്ച നിരക്കുകളേക്കാള്‍ കൂടുതല്‍ ലേലക്കാരന്‍ ക്വോട്ടു ചെയ്തിരുന്നു. എങ്കിലും കൂടുതല്‍ വാടക കിട്ടുന്നതിനായി ആവശ്യമുള്ള പ്രചരണം നല്‍കിയശേഷം പുനര്‍ദര്‍ഘാസ്സ് നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവായി (ഒക്ടോബര്‍ 2006). അതനുസരിച്ച് 2006 ഡിസമ്പറില്‍ പുനര്‍ദര്‍ഘാസ് ക്ഷണിച്ചെങ്കിലും ഒരാളുപോലും ലേലത്തില്‍ പങ്കുകൊണ്ടില്ല.ഇതിനിടയില്‍ താഴത്തെ നിലയിലെ 600 ച.മീറ്റര്‍ സ്ഥലം റയില്‍വേയ്ക്ക് സൗജന്യമായി 2005 ഒക്ടോബറില്‍ തന്നെ കൈമാറിയിരുന്നു. രണ്ടാം നില (8,275 ച.അടി) ഡല്‍ഹി മെടോ റയില്‍ കോര്‍പ്പറേഷനു കൈമാറിയെങ്കിലും (2006 ഡിസമ്പര്‍) മാസവാടകയെത്രയെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ 10.96 കോടി രൂപ മുതല്‍ മുടക്കി 2003 മേയില്‍ പണി പൂര്‍ത്തിയാക്കിയ വ്യാപാരസമുച്ചയം നാലുവര്‍ഷത്തോളമായി യാതൊരു വരുമാനവും ഉണ്ടാക്കാതെ കിടക്കുന്നു. 2007 മാര്‍ച്ച് മാസം വരെ വാടകയിനത്തില്‍ കിട്ടുമായിരുന്ന റവന്യൂ നഷ്ടം ഒന്നേകാല്‍ കോടി രൂപയാണ്.
മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും, കിഴക്കുഭാഗത്ത് റോഡുമായുള്ള ബന്ധിപ്പിക്കലും, പാര്‍ക്കിംഗ് സ്ഥലവും മറ്റും, കെട്ടിടത്തോടൊപ്പം തീര്‍ക്കാന്‍ മെനക്കെട്ടില്ല. അതു കാരണം വാണിജ്യപ്രാധാന്യം ലഭിക്കതെ പോയി എന്നാണ് കിംവദന്തി.
Saturday, April 12, 2008
സമൂഹത്തിലെ ദുര്‍ബലവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ഗ്ഗരാജ്യം.(SC-ST Students)
- ആത്മവിശ്വാസവും സ്വയംപര്യാപ്തതയും സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളവകള്‍;
- വിദ്യാഭ്യാസ നിലവാരവും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളവകള്‍.
- പ്രത്യേക സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള കാര്യങ്ങള്‍;
- മത്സരപരീക്ഷകള്‍ക്ക് ഹാജരാകുന്നവര്‍ക്കുള്ള പരിശീലന പരിപാടികള്‍;
- കായിക വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുക;
- പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി സ്കൂളുകളില്‍ ചേരുന്നതിനുള്ള പരിപാടികള്‍;
- സ്കൂളുകളില്‍ ചേര്‍ന്നവരെ നിലനിര്‍ത്തുന്നതിനും, കൊഴിഞ്ഞുപോകുന്നത് തടയുന്നതിനുമുള്ള പരിപാടികള്‍;
- ഉന്നത/സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ദ്യോഗങ്ങളിലും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍;മറ്റും, മറ്റും.
- പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തലവന്‍- പ്രിന്‍സിപ്പല്‍ സെക്രട്ടറി.
- കാര്യനിര്‍വഹണം നടത്തുവാന്‍ പട്ടികജാതിക്കും പട്ടികവര്‍ഗ്ഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ഡയറക്ടര്‍മാര്‍.
- ഡയറക്ടര്‍മാരെ സഹായിക്കാന്‍ റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വികസന ഓഫീസര്‍മാര്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍ വേറെ.
- കൂടാതെ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡവലപ്‌മന്റ് ഓഫീസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷര്‍ ഓഫീസര്‍മാര്‍ എന്നിവരും.
- മേല്‍പറഞ്ഞ പദ്ധതികള്‍ക്കായി ബഡ്‌ജറ്റില്‍ വക കൊള്ളിച്ചത് = 617.43 കോടി
- ചെലവാക്കിയത് = 538.58 കോടി രൂപ
- ചെലവു ചെയ്യാതെ മിച്ചം വച്ച് ലാപ്സാക്കിയത് = 70.05 കോടി രൂപ.
- പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് (33.05 ലക്ഷം രൂപ)
- ബുക്ക് ബാങ്ക് (19.93 ലക്ഷം രൂപ)
- മെറിറ്റ് വര്‍ദ്ധനവ് (1.50 ലക്ഷം രൂപ)
- രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന പദ്ധതി (6.77 ലക്ഷം രൂപ)
- സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സഹായം (15.52 ലക്ഷം രൂപ)
- നേരത്തേ തന്നെ സൗജന്യബോര്‍ഡിംഗിനു അര്‍ഹമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ തന്നെ വീണ്ടും തെരെഞ്ഞെടുത്തു.
- വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡിംഗ് ചാര്‍ജ്ജായി നല്‍കേണ്ട തുക സ്കൂളിന്റെ പൊതുചെലവുകള്‍ക്കായി വിനിയോഗിച്ചു.
- 2004-05, 2006-07 എന്നീ വര്‍ഷങ്ങള്‍ ഒഴികെ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍ എന്നിവര്‍ക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഹോണറേറിയം നല്‍കിയതേയില്ല.
- 2006-07 ല്‍ പുതിയതായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തതേ ഇല്ല.
- ഒന്‍പതാം ക്ലാസ്സില്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത 3 വര്‍ഷത്തേക്ക് 12 -ം ക്ലാസ്സ് പൂര്‍ത്തിയാകുന്നതു വരെ സഹായധനം നല്‍കേണ്ടതായിരുന്നു. 2002-03 മുതല്‍ 2006-07 വരെ, മൂന്നു വര്‍ഷം പൂര്‍ത്തിയാകാതെ 24 പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളെ പുറത്താക്കി. അത് പദ്ധതിയുടെ ലക്ഷ്യംതന്നെ പരാജയപ്പെടുത്തുന്നതിനു ഇടയാക്കി.
- പദ്ധതിയുടെ കീഴില്‍ സഹായ ധനം ലഭ്യമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനു അവസരം ലഭിച്ചോയെന്ന് തിട്ടപ്പെടുത്തുവാനുള്ള സംവിധാനമൊന്നും ഒരിടത്തും ചെയ്തിട്ടില്ല.
- പുസ്തകങ്ങള്‍ക്കുള്ള ഗ്രാന്റ് = പ്രതിമാസം 750 രൂപ
- ഇംഗ്ലീഷ്, സയന്‍സ്, ഗണിതശാസ്ത്രം മുതലായവക്കുള്ള പ്രത്യേക ട്യൂഷന്‍ ഫീസ്സ് = (പട്ടികജാതി-225 രൂപ പ്രതിമാസം; പട്ടികവര്‍ഗ്ഗം -240 രൂപ പ്രതിമാസം)
- പ്രതിമാസ സ്റ്റൈപ്പന്‍ഡ് = 150 രൂപ
- പഠനത്തിനുള്ള ഫര്‍ണിച്ചര്‍ = (12000 രൂപക്ക് താഴെ പ്രതിവര്‍ഷ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2004-05 വരെ 750 രൂപയും 2005-06 മുതല്‍ 1000 രൂപയും)
- പോഷകാഹാരസഹായം = (12000 രൂപയില്‍ താഴെ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 100 രൂപ)എന്നിവ ഈ സഹായ ധനത്തില്‍ ഉള്‍പ്പെടുന്നു.
- 2002-03 ല്‍ 1100 പേക്ക് 10 മാസം കൊടുത്തില്ല.
- 2003-04 ല്‍ 3മാസം ആര്‍ക്കും കൊടുത്തില്ല
- 2004-05 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല
- 2005-06 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല
- 2002-03 ല്‍ 450 പേക്ക് 10 മാസം കൊടുത്തില്ല.
- 2003-04 ല്‍ 450 കുട്ടികള്‍ക്ക് 5 മാസം കൊടുത്തില്ല
- 2004-05 ല്‍ 6 മാസം ആര്‍ക്കും കൊടുത്തില്ല
- 2005-06 ല്‍ 7 മാസം ആര്‍ക്കും കൊടുത്തില്ല
- 2002-03 ല്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് 7 മാസം കൊടുത്തില്ല.
- 2005-07 ല്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും കൊടുത്തില്ല.
- നിര്‍ദ്ദേശത്തിനു വിരുദ്ധമായി മത്സരപ്പരീക്ഷയുടെ മാര്‍ക്കിനു പകരം ക്ലാസ്സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.
- മുന്‍ വാര്‍ഷിക പരീക്ഷയെക്കാള്‍ 5% കൂടുതല്‍ കരസ്ഥമാക്കണമെന്നത് അയഥാര്‍ത്ഥമായ മാനദന്ധമായിരുന്നു.പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ബാലികേറാമലയായി. അങ്ങനെ വന്നപ്പോള്‍ ആദ്യത്തെ കൊല്ലാം ധനസഹായം കിട്ടിയ ഭൂരിഭാഗം കുട്ടികള്‍ക്കും പിന്നത്തെ കൊല്ലം സഹായം കിട്ടാതായി. [കഴിഞ്ഞകൊല്ലം കിട്ടിയ മാര്‍ക്കിന്റെ ശതമാനത്തെക്കാള്‍ ഇക്കൊല്ലം കുറയരുത് എന്നായിരുന്നെങ്കില്‍ എത്ര നന്നായേനേ]
- ബുക്ക് ബാങ്ക് പദ്ധതി പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പിലാക്കിയതേ ഇല്ല.
- 2003-04 ല്‍ 3.42 ലക്ഷം രൂപയുടെ ഒരു നിര്‍ദ്ദേശം കേന്ദ്രത്തിനയച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
- 2004-05 മുതല്‍ ഇതുവരെ കേന്ദ്രസഹായത്തിനുവേണ്ടി ഒരു നിര്‍ദ്ദേശം പോലും അയച്ചതുമില്ല.
- വാങ്ങുന്നതിനുള്ള പാഠപുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു രൂപവല്‍ക്കരിക്കപ്പെട്ട സംസ്ഥാന വിദഗ്‌ദ്ധ സമിതിയില്‍ എല്ലാ സര്‍വ്വകലാശാലയില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല.
- വാങ്ങികൂട്ടിയ പുസ്തകങ്ങളില്‍ പലതും സമിതിയില്‍ പ്രാതിനിധ്യം ഇല്ലാത്ത സര്‍വ്വകലാശാലക്ക് പ്രയോജനമില്ലാത്ത/കാലഹരണപെട്ട പുസ്തകങ്ങളായിരുന്നു.
- സമിതി കൂടിയ സന്ദര്‍ഭങ്ങളില്‍,സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അവിടുത്തെ ക്ലാര്‍ക്കന്മാരായിരുന്നു.
Tuesday, April 8, 2008
ടൈറ്റാനിയം പ്രോഡക്ട്-TTP Ltd ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണം നമ്മുടെ സാമാജികര്‍
എന്നാല്‍ ഞാനിവിടെ രേഖപ്പെടുത്തുന്നത് സി.എ.ജി യുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതും എന്നാല്‍ അമൃതാ ടിവി. പറയാന്‍ മടിച്ചതുമായ കാര്യങ്ങളാണ്.
മലിനീകരണം നിയന്ത്രിക്കാന്‍ ഇതുവരെയും കമ്പനിക്കു കഴിയാതെ പോയത് പ്രധാനമായും നമ്മുടെ സാമാജികന്മാരില്‍ ചിലരുടെ പിടിവാശി മൂലമായിരുന്നു. സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതും നമ്മള്‍ തിരെഞ്ഞെടുത്തു വിടുന്ന സാമാജികരില്‍ ചിലര്‍ നിയന്ത്രിക്കുന്ന ഒരു കമ്മറ്റിയാണ്.
പേര്: Committee on Public Undertakings (COPU).
മലിനീകരണം നിയന്ത്രിക്കാനുള്ള പ്രോജക്ടും, കമ്പനിയുടെ കൂടുതല്‍ വികസനത്തിനുള്ള പ്രോജക്ടും ഒരുമിച്ച് ചെയ്തു തീര്‍ത്താല്‍ മതിയെന്ന് ഈ കമ്മറ്റിയാണ് ശുപാര്‍ശ ചെയ്തത്. ഇവരുടെ ശുപാര്‍ശയെന്നാല്‍, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിവിധിക്ക് സമാനമാണ്. കാരണം ഈ കമ്മറ്റിയുടെ ശുപാര്‍ശ കമ്പനിയിലെത്തുന്നത് നിയമസഭയുടെ അനുമതിയോടെയാണ്. നിഷേധിക്കാന്‍ ഏതു ഉദ്ദ്യോഗസ്ഥര്‍ ധൈര്യപ്പേടും?.
ഇനി കഥയുടെ വിശദവിവരങ്ങളിലേക്ക്:
ഈ കമ്പനിയുടെ ഉല്‍പാദന പ്രക്രീയമൂലം ഉണ്ടാകുന്ന അമ്ലത്തിന്റെ മാലിന്യം കടലിലേക്കാണ് ഒഴുക്കികൊണ്ടിരുന്നത്. 1974 -ല്‍ Water(Prevention and Control of Pollution) നിലവില്‍ വന്നതും അക്കൊല്ലം തന്നെ Pollution Control Board രൂപീകരിച്ചതും നമ്മുടെ കമ്പനിക്ക് പാരയായി. ഇവരുടെയൊക്കെ ആവശ്യപ്രകാരം മലിനീകരണം നിയന്ത്രിക്കാന്‍ 1977 മുതല്‍ ശ്രമം തുടങ്ങിയതാണ്. മാര്‍ച്ച് 2008 ആയിട്ടും സംഗതി എങ്ങും എത്തിയില്ലെന്നു പറഞ്ഞാല്‍ പോരാ, ചെയ്യാന്‍ ആഗ്രഹിച്ചകാര്യം തുടങ്ങാന്‍ പോലും പറ്റിയില്ല.ഇതിനിടക്ക് നേരത്തേ പറഞ്ഞ കമ്മറ്റി (COPU) അതിന്റെ 22 മത്തെ റിപ്പോര്‍ട്ടില്‍ ടൈറ്റാനിയം കമ്പനി മലിനികരണം നിയന്ത്രിക്കുന്നതോടൊപ്പം അതിന്റെ വികസനം കൂടി നടത്തണമെന്ന് നിര്‍ദ്ദേശിച്ചു.(2004). പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി കൂടെ ആയാലോ എന്നസ്ഥിതിയിലെത്തി നമ്മുടെ കമ്പനി.
നമ്മുടെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍ ഉല്‍പാദിപ്പിക്കുന്നതും TTP കമ്പനി ഉണ്ടാക്കുന്നതും ഒരേ സാധനം. കെ.എം.എം.എല്‍ കമ്പനി സ്ഥപിതമായത് TTP സ്ഥാപിച്ച് വളരെയേറെക്കാലം കഴിഞ്ഞാണ്. അതുകൊണ്ട് അവരുടെ ഉല്‍പാദന പ്രക്രിയയും വളരെയധികം മുന്തിയതായിരുന്നു. അതുപോലെ തന്നെ അവരുണ്ടാക്കിയ സാധനവും. KMML ന്റെ ടൈറ്റാനിയത്തിനു വിലമാത്രമല്ല ഡിമാന്‍ഡും കൂടുതലാണ്. അതു കഴിഞ്ഞേ കാലഹരണപെട്ട പ്രക്രീയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന TTP യുടെ ടൈറ്റാനിയും ചിലവാകൂ.അപ്പോ, പറഞ്ഞുവന്നത് കമ്പനിക്ക് താങ്ങാനാവുമോയെന്നൊന്നും നമ്മുടെ സാമാജിക വിദഗ്ദര്‍ നോക്കിയില്ല. മലിനീകരണ നിയന്ത്രണവും, വികസനവും ഒറ്റയടിക്ക് നടത്തിക്കോളാന്‍ ഓര്‍ഡറിട്ടു.ഇതിനിടക്ക് നമ്മുടെ ഹൈക്കോടതി 30 മാസത്തിനകം ഒരു എഫ്ലൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ETP ഉണ്ടാക്കി മലിനീകരണം നിയന്ത്രിച്ചോണമെന്ന് നവമ്പര്‍ 2003 ല്‍ ഒരന്ത്യശാസനവും നല്‍കി. അതായത് ഏപ്രില്‍ 2006 ല്‍ പണി തീരണം. അന്ത്യശാസനം പിന്നെ ഏപ്രില്‍ 2007 ലോട്ട് മാറ്റി. പിന്നീടത് ഡിസമ്പര്‍ 2008 ലോട്ടും.
അങ്ങനെ നമ്മുടെ TTP ആക്ഷന്‍ തുടങ്ങുന്നു. ജൂണ്‍ 2004 ല്‍ തന്നെ MECON Ltd എന്ന കമ്പനിയെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചു. അവര്‍ നടത്തിച്ചെടുക്കേണ്ടത്:
1.മലിനീകരണ നിയന്ത്രണം
2.വികസനത്തിനുവേണ്ടിയുള്ള കോപ്പറാസ് റിക്കവറി പ്ലാന്റ് (CRP) സ്ഥാപിക്കല്‍
3.വികസനത്തിന്റെ ഭാഗമായ ആസിഡ് റിക്കവറി പ്ലാന്റ് (ARP)സ്ഥാപിക്കല്‍
4.ന്യൂട്രലൈസേഷന്‍ പ്ലാന്റ്(NP) സ്ഥാപിക്കല്‍.
ഇതെല്ലാം കൂടി രണ്ട് ഫേസ്സായിട്ട് നടപ്പാക്കണം. ആദ്യത്തെ ഫേസിലുള്ള 129.40 കോടി രൂപയില്‍ 115 കോടിയും മാലിന്യ നിയന്ത്രണത്തിനു വേണ്ടിയാണ്. രണ്ടാമത്തെ ഫേസ്സിലെ 126.70 കോടി രൂപയിലെ 100.95 കോടി രൂപയും മാലിന്യ നിയന്ത്രണത്തിനു വേണ്ടി.
ഒന്നാമത്തെ ഫേസ്സിലെ ജോലി തുടങ്ങാനായി കരാറാക്കിയത് മാര്‍ച്ച് 2006-ല്‍. ജോലി ഉടന്‍ തുടങ്ങണം. അതിനുവേണ്ടുന്ന സിവിള്‍ വര്‍ക്കും കെട്ടിടം മുതലായവയും വേറെ കരാറുകാരെകൊണ്ട് ഉണ്ടാക്കി നല്‍കും. പക്ഷേ ആ വേറെ കരാറുകാരനെകൊണ്ട് ഉണ്ടാക്കി നല്‍കാമെന്ന് ഏറ്റ കാര്യങ്ങള്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. അതു കഴിന്‍ഞ്ഞാലല്ലേ മാര്‍ച്ച് 2006-ല്‍ ഉടന്‍ തുടങ്ങണമെന്ന് നിര്‍ദ്ദേശിച്ച് കരാറുറപ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റു. ചുരുക്കത്തില്‍ ഫേസ്സ് ഒന്ന് തുടങ്ങിയിടത്തു നില്‍ക്കുന്നു. ഫേസ്സ് രണ്ട് തുടങ്ങിയിട്ടേയില്ല. ഫേസ്സ് ഒന്നിനു വേണ്ടി മാര്‍ച്ച് 2007 വരെ 28.81 കോടി രൂപ ചിലവാക്കി കഴിഞ്ഞു.
മാലിന്യനിയന്ത്രണത്തിനു വേണ്ടിയുള്ള ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട് സി.എ.ജി ഇപ്രകാരം പറഞ്ഞിരിക്കുന്നു.
1. മെയ് 1998 ല്‍ ടൈറ്റാനിയം കമ്പനിയ്ക്കുള്ളിലുള്ള ഒരു വിദഗ്ദ സമിതി മാലിന്യ നിവാരണത്തെപറ്റി പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ വെറും 10.81 കോടി രൂപ കൊണ്ട് മാലിന്യ നിവാരണ പ്ലാന്റ് സ്ഥാപിക്കാന്‍ അന്നേ കഴിയുമായിരുന്നു. കോടതി വിധിയേയും അനുസരിക്കാന്‍ അത് ധാരാളമായിരുന്നു.
2. കമ്പനിയുടെ വികസന പദ്ധതിയും മാലിന്യ നിവാരണപദ്ധതിയും കൂട്ടികുഴക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, അപ്പോള്‍ തന്നെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും കമ്പനി ഉല്‍പന്നം വിറ്റഴിക്കാനുള്ള പ്രയാസങ്ങളും നന്നായിട്ടനുഭവിച്ചറിയുന്നുണ്ടായിരുന്നു.
3.വികസന പദ്ധതി നടപ്പിലാക്കാന്‍ വിദേശ പങ്കാളിത്തം അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഉടന്‍ നടത്തിക്കിട്ടുന്ന കാര്യം പ്രയാസവും.
4.കമ്പനി ഉദ്ദേശിച്ച ARP എന്ന വികസനപദ്ധതി മുഖേന ഉണ്ടാകുന്ന അമ്ലം വീണ്ടും ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് ഒരു പഠനവും നടത്തിയിട്ടില്ല. വികസനം നടത്താന്‍ ഏല്‍പ്പിച്ച കമ്പനിക്ക് അതിനെപറ്റി അറിവുണ്ടായിരിക്കണമെന്ന് കരാറിലും ഉള്‍പ്പെടുത്തിയില്ല.
5.വികസനം നടത്തുമ്പോള്‍ പുതിയ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അനുസരിച്ചുള്ള ഉല്‍പ്പന്നം ഉണ്ടാക്കുന്നതിനനുസരിച്ചുള്ള പദ്ധതിയാണ് MECON എന്ന കമ്പനി തയ്യാറാക്കിയത്. ഈ പുതിയ സാങ്കേതിക വിദ്യ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ KMML ല്‍ നിന്നുംകിട്ടും എന്നു കരുതി. എന്നാല്‍ KMML ഇതേ ഉല്‍പന്നം ഉണ്ടാക്കുന്ന മറ്റൊരു competitor ആണെന്ന കാര്യം മറന്നുപോയി.
6.കരാറനുസരിച്ച് മാര്‍ച്ച് 2006-ല്‍ മാലിന്യ നിവാരണ പ്ലാന്റും, വികസനപദ്ധതിയും തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ രണ്ടും ഒരിടത്തും എത്തിയില്ല.
7.വികസനപ്രവര്‍ത്തനത്തിനും, മാലിന്യ നിവാരണത്തിനും വേണ്ടിയുള്ള കെട്ടിടം മുതലായ സിവിള്‍ ജോലികള്‍ തീര്‍ത്ത് കൊടുത്താലേ കപ്പല്‍ മാര്‍ഗ്ഗ, വന്നുകൊണ്ടിരിക്കുന്ന യന്ത്ര സാമഗ്രികള്‍ സ്ഥപിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സിവിള്‍ ജോലികള്‍ ചെയ്യാനുള്ള കരാറുകാരനെ ഇതു വരെ കണ്ടെത്തിയിട്ടില്ല.
8. ജൂണ്‍ 2007 ആയപ്പോള്‍ MECON കമ്പനി അവരുടെ പദ്ധതി മതിപ്പ് ചെലവു പുതുക്കി 414.40 കോടി രൂപ ആയേക്കുമെന്നറിയിച്ചിട്ടുണ്ട്..
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.
ഏപ്രില്‍ 7 തിയതിയിലെ അമൃതാ ടിവി ന്യൂസ്സില്‍ കേട്ടത്:
“യൂണിയന്‍ ബാങ്ക് ഒഫ് ഇന്‍ഡ്യയില്‍ നിന്നും വാങ്ങിയ കടം തിറിച്ചടക്കാത്തതു കാരണം, TTP യെ black list ചെയ്യാന്‍ പോകുന്നു വെന്ന് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.“
അങ്ങനെ ചെയ്താല്‍ TTPയ്ക് ഇന്‍ഡ്യയിലുള്ള ഒരു വാണിജ്യ ബാങ്കില്‍ നിന്നും ഒരു രൂപ പോലും വായ്പയെടുക്കാന്‍ സാധിക്കാതാകും.
Thursday, April 3, 2008
വായ്പ വേണോ വായ്പ - SCST Corporation
പിന്നോക്ക ജാതി, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നൊക്കെ കേട്ടാല്‍ നമുക്കൊക്കെ നൂറ് നാവാണ്. നമ്മുടെ സര്‍ക്കാരിനാണേല്‍ പറയുകയും വേണ്ട. സംസ്ഥാന ബജറ്റ് മുഴുവന്‍ അവര്‍ക്ക് വേണ്ടിയാണെന്നു പോലും വാദിച്ചുകളയും.
ഇത്രയും തുകയൊക്കെ പൊതുഖജനാവില്‍ നിന്നും ചെലവാക്കുമ്പോള്‍ അതു നേരാംവണ്ണമായിരുന്നോ എന്ന് സി.എ.ജി. പരിശോധിക്കാതിരിക്കില്ല. അതു കൊണ്ടാണ് 2007-ലെ സി.എ.ജി. റീപ്പോര്‍ട്ടില്‍ ഈ വിഭാഗക്കാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളെ പറ്റി എന്തെങ്കിലും പരാമര്‍ശമുണ്ടോയെന്ന് നോക്കിയത്.
അപ്പോഴാണ് മനസ്സിലായത്, പിന്നോക്ക ജാതി, പട്ടിക ജാതി/വര്‍ഗ്ഗ ക്കാരുടെ ക്ഷേമത്തിനുവേണ്ടി സര്‍ക്കാരില്‍ പ്രത്യേക വകുപ്പ് മാത്രമല്ല ഉള്ളതെന്ന് മനസ്സിലായത്.
പട്ടിക ജാതികള്‍ , പട്ടിക വര്‍ഗ്ഗങ്ങള്‍ , പിന്നോക്ക വിഭാഗങ്ങള്‍ , ന്യൂന പക്ഷങ്ങള്‍ , ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപെട്ടവര്‍ മറ്റു ശുപാര്‍ശിത വിഭാഗങ്ങള്‍ എന്നിവരുടെ സമ്പത്തിക സ്ഥിതി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്. ഇതാണ് അവ:
- SC/ST corporation=കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്
- CC Corporation=കേരള സംസ്ഥാന പട്ടികജാതി പരിവര്‍ത്തിത ക്രൈസ്തവ / ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷല്‍ ലിമിറ്റഡ്.
- BCDC=കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്.
മുഖവുര.
ഈ മൂന്നു കമ്പനികളും മുഖ്യമായും അവരുടേതായ ലക്ഷ്യമിട്ട ജനവിഭാഗത്തിനു വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിന്‍ കീഴില്‍ ധനസഹായം നല്‍കുകയാണ് ചെയ്യേണ്ടത്. ഇതിനാവശ്യമായ ധനം കണ്ടെത്തുന്നത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഓഹരി മൂലധനത്താലും അതാതു ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മൃദു വായ്പകള്‍ മുഖേനയുമാണ്. വായ്പകള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ താഴെക്കാണുന്നവയാണ്:
- ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍ NSFDC
- പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്‍ NSTFDC
- ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്‍ NBCFDC
- ദേശീയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ NMDFC
ഈ ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ സംസ്ഥാന ഏജന്‍സികളായി കേരളത്തിലെ മേല്‍പ്പറഞ്ഞ മൂന്നു കമ്പനികളെ അംഗീകരിച്ചിട്ടുണ്ട്. അതായത് ഈ മൂന്നു കമ്പനികള്‍ വഴി മാത്രമേ കേരളത്തിലെ ബന്ധപ്പെട്ടവര്‍ക്ക് ധനസഹായം ലഭ്യമാക്കുകയുള്ളൂ എന്നര്‍ത്ഥം.
ഈ കമ്പനികളിലെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ നിയമിക്കുന്നതാണ്. അവരെക്കൂടാതെ ഓരോ കമ്പനിക്കും മുഖ്യ അധികാരിയായി ഓരോ എം.ഡി യും അവരെ സഹായിക്കാനായി പ്രാദേശിക തലത്തില്‍ പ്രോജക്ട് മനേജര്‍മാര്‍, മേഖലാ മാനേജര്‍മാര്‍, ജില്ലാ മാനേജര്‍മാര്‍ എന്നിവരും ഉണ്ട്.
SC/ST കോര്‍പ്പറേഷനും BCDC യ്കും ജില്ലാതല കാര്യലയങ്ങള്‍ ഉണ്ട്. എന്നാല്‍ CC കോര്‍പ്പറേഷനു വായ്പ നല്‍കുന്നതിനുള്ള ഓഫീസുകള്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ 3 എണ്ണത്തില്‍ (കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്) മാത്രമാണുള്ളത്.
റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്‍ഡ്യയുടെ നിയമപ്രകാരം ബി.സി.ഡി.സി അതിനെ ഒരു ബാങ്കിങ്ങേതര ധരകാര്യ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റു രണ്ടു കമ്പനികളും ഈ നിയമപരമായ ആവശ്യം ഇതുവരെ പാലിച്ചിട്ടില്ല.
ഈ കമ്പനികളുടെ കഴിഞ്ഞ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ വിശകലനം ചെയ്യുകയുണ്ടായി. അതിന്റെ വിശദമായ റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ സംസ്ഥാന നിയമസഭക്ക് കൈമാറി. ആ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണിവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.
SC/ST Corp അവരുടെ കണക്കുകള്‍ 2003-04 വരയേ പൂര്‍ത്തീയാക്കിയിട്ടുള്ളൂ. BCDC അത്രയും പോലുമില്ല; 2000-01 വരെ. CC Corp ആണെങ്കിലോ, 1993-94 വരെ മാത്രം. അവിടെ പ്രവര്‍ത്തിക്കുന്ന, സത്യം പറയണമല്ലോ, നേരത്തേ പറഞ്ഞ ഉദ്ദ്യോഗസ്ഥരെല്ലാം മുടക്കം കൂടാതെ ശമ്പളം പറ്റുന്നുണ്ട്.
സാമൂഹ്യ മേഖലയിലുള്ള ഈ മൂന്ന് കമ്പനികള്‍ നിലവില്‍ വന്നിട്ട് വര്‍ഷം 12 മുതല്‍ 24 വരെയായി. കേരളത്തില്‍ പട്ടിക ജാതിക്കാരെത്രയുണ്ടെന്നു അവരോടു ചോദിക്കു. അറിയില്ലെന്നാവും മറുപടി. എന്നാല്‍ പട്ടിക വര്‍ഗ്ഗക്കാരെത്രയുണ്ടെന്നു ചോദിച്ചലോ. അറിയില്ലെന്നു തന്നെ വീണ്ടും മറുപടി. Converted christians എത്രയുണ്ടെന്നും അവര്‍ക്കറിയില്ല. എന്നാല്‍ കേരളത്തില്‍ ന്യൂന പക്ഷങ്ങളും പട്ടികജാതി/ പട്ടികവര്‍ഗ്ഗങ്ങളും ചേര്‍ന്ന് എത്രപേരുണ്ടെന്നു ചോദിച്ചല്‍ ഉടന്‍ മറുപടിയെത്തും:ആകെ ജനസംഖ്യയായ 3.18 കോടിയുടെ 54.70%. അതായത് ജനസംഖ്യയുടെ ഭൂരിപക്ഷം.2001-ലെ സെന്‍സസ്സ് കണക്കുകളാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് ആകെയുള്ള ബൈബിള്‍. അതിന്‍പ്രകാരം ജനസംഖ്യയുടെ 43.75% ന്യൂനപക്ഷക്കാരും 10.95% SC/ST യുമാണ്. ഇതിലപ്പുറമുള്ള വേര്‍തിരിവൊന്നും സെന്‍സസ്സിലുമില്ല ഈ കമ്പനികളിലുമില്ല.
പട്ടികജാതിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേരളത്തില്‍ അവരെത്രയുണ്ടെന്ന കണക്കില്ല.!!! അതുപോലെ തന്നെ പട്ടിക വര്‍ഗ്ഗക്കരുടേയും converted christians ന്റേയും ഗതി.!!!
2007 മാര്‍ച്ചു വരെ ഈ മൂന്നു കമ്പനികളും കൂടി സഹായിച്ചതോ (?), വെറും 2.54 ലക്ഷം പേരെ.(0.83%). വെവ്വേറെ യുള്ള കണക്കുകള്‍ കേട്ടാല്‍ ഞെട്ടും. [അതു പിന്നീട്.]
ഗുണഭോക്താക്കളെ തിരെഞ്ഞടുക്കുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്; പുസ്തകങ്ങളില്‍ ഒതുങ്ങിക്കിടക്കാന്‍ വേണ്ടി മാത്രം. ഈ മനദണ്ഡങ്ങള്‍ക്ക് ഇളവു നല്‍കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. [കൂടുതല്‍ പിന്നീട്.]
കടം കൊടുക്കുന്നതിനും കൊടുത്ത കടം തിരിച്ചു പിടിക്കുന്നതിനും വേണ്ടി ഉണ്ടാക്കി വച്ച വ്യവസ്ഥകള്‍ വായിക്കാതിരിക്കുന്നതാണ് ഭേദം.[കൂടുതല്‍ പിന്നീട്]
ഈ കമ്പനികളുടെ ഭരണനിര്‍വഹണത്തിനു വേണ്ടിയും ഒട്ടും ലുബ്ദ് കാട്ടിയില്ല. വായ്പാ സഹായം നല്‍കിയ രൂപയൊന്നിനു 36.06 പൈസ (SC/ST Corp) യും 24.35 പൈസ(CC Corp) യും ഭരണപറമായ ചെലവുകള്‍ക്കായി ഉപയോഗിച്ചു.
ചുരുക്കത്തില്‍ ഭരിച്ച്, ഭരിച്ച് ഈ കമ്പനികളെയൊക്കെ ഒരു പരുവത്തിലാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ മേഖലക്ക് വേണ്ടി സര്‍ക്കാരുണ്ടാക്കിയ കമ്പനികളില്‍ മാത്രം ഖജനാവില്‍ നിന്നും മുടക്കിയിരിക്കുന്നത് ഇപ്രകാരമാണ്:
സംസ്ഥാന സര്‍ക്കാര്‍ മൂലധനം: 11,264.88 ലക്ഷം
കേന്ദ്ര സര്‍ക്കാര്‍ മൂലധനം: 3,163.48 ലക്ഷം
ദീര്‍ഘകാല വായ്പകള്‍: 19,646.60 ലക്ഷം
ദാരിദ്ര്യരേഖക്ക് രണ്ട് മടങ്ങ് താഴെ ജീവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഈ കമ്പനികളുടെ വായ്പാ പദ്ധതികള്‍ക്ക് അര്‍ഹരായുള്ളവര്.
ഗ്രാമപ്രദേശങ്ങളില്‍ 31,952 രൂപയും നഗരപ്രദേശങ്ങളില്‍ 42,412 രൂപയും മാര്‍ച്ച് 2003 വരേയും ഏപ്രില്‍ 2003 മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയ്കും നഗരപ്രദേശങ്ങളില്‍ 55,000 രൂപയ്കും താഴെ വാര്‍ഷിക കുടുമ്പവരുമാനമുള്ളവരാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്ന് നിര്‍വചിച്ചിരിക്കുന്നത് . ഇതേ പറ്റി ഒരു പത്ര വാര്‍ത്ത് കൂടി താഴെ കൊടുക്കുന്നു
*********************************************
1997 ലാണ് കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകളെ ബിപിഎല്‍ എന്നും എപിഎല്‍ എന്നും തിരിച്ചത്. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചാണു ലിസ്റ്റ് തയാറാക്കേണ്ടത്. ഇതിനായി ഒന്‍പതു മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചു.
- അഞ്ചു സെന്റില്‍ കുറവായ ഭൂമിയുള്ളവര്‍,
- വാസയോഗ്യമല്ലാത്ത വീടുള്ളവര്‍,
- സാനിറ്ററി, കക്കൂസ് എന്നിവ ഇല്ലാത്തവര്‍,
- 150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍,
- വീട്ടില്‍ ഒരാളിനെങ്കിലും ജോലി ഇല്ലാതിരിക്കുക,
- പട്ടികജാതി / വര്‍ഗം,
- കളര്‍ ടിവി ഇല്ലാതിരിക്കുക,
- മാനസികാരോഗ്യമില്ലായ്മ,
- മാരകരോഗം, അംഗവൈകല്യം ഇവയിലേതെങ്കിലും ഉണ്ടാകുക എന്നിങ്ങനെയാണു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നത്.
ഇതില്‍ ഏതെങ്കിലും നാലോ അതില്‍ കൂടുതലോ ഘടകങ്ങള്‍ അനുകൂലമാകുന്നവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഇടം നേടും. ആദ്യകാലങ്ങളില്‍ ഗ്രാമസഭകളില്‍ തയാറാക്കിയിരുന്ന ലിസ്റ്റിന്റെ ചുമതല ഇപ്പോള്‍ കുടുംബശ്രീ മിഷനാണ്.
ലിസ്റ്റ് സംബന്ധിച്ചു പരാതിയുള്ളവര്‍ക്ക് അപേക്ഷ നല്‍കാമെന്ന അറിയിപ്പു നല്‍കിയിരുന്നെങ്കിലും ഫോം തേടി നടന്നവര്‍ക്കു നിരാശയായിരുന്നു ഫലം. വലിയ വീടും സ്വന്തമായി വാഹനവും ഏക്കര്‍കണക്കിനു റബര്‍ത്തോട്ടവും ഉള്ളവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അതേസമയം പട്ടികജാതി കോളനിയില്‍ താമസിക്കുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കു ലിസ്റ്റില്‍ ഇടമില്ലാത്തതുമായ സംഭവങ്ങള്‍ നിരവധിയെന്നു പരാതി ഉയര്‍ന്നിരുന്നു. പുനലൂരില്‍ പട്ടി കടിച്ചു ചികില്‍സയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിയ നിര്‍ധനയായ പട്ടികജാതി സ്ത്രീക്കു റേഷന്‍ കാര്‍ഡ് എപിഎല്‍ ആയതിന്റെ പേരില്‍ സൌജന്യ കുത്തിവയ്പു നിഷേധിച്ചതും വാര്‍ത്തയായി. കേരളത്തില്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണത്തില്‍ വലിയ കുറവുള്ളതായി കാണിക്കുന്നതിനാണു നീതിക്കു നിരക്കാത്ത രീതിയില്‍ ലിസ്റ്റ് തയാറാക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായി ലിസ്റ്റ് പുനഃപരിശോധിക്കാനും മാനദണ്ഡങ്ങള്‍ ശാസ്ത്രീയമായി പുനര്‍ നിര്‍ണയിക്കാനും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയുന്നു.[മനോരമ:23-03-2008]
*****************************************************************
എന്നാല്‍ കുടുമ്പങ്ങളുടെ വരുമാനനിലയെ പറ്റിയുള്ള വിവരം സെന്‍സസ്സ് രേഖകളിലില്ല. അതുകൊണ്ട് ഈ കമ്പനികള്‍ അവര്‍ക്ക് തോന്നിയവര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നു.
ഫബ്രുവരി 1980-ല്‍ രൂപീകരിച്ച BCDC യുടെ ഗുണഭോക്താക്കള്‍ പ്രധാനമായും christian Convert കളാണ്. എങ്കില്‍ പിന്നെ അവര്‍ക്ക് വേണ്ടി മാത്രം CC Corp എന്നൊരു കമ്പനി കൂടി ഡിസമ്പര്‍ 1980-ല്‍ രൂപീകരിച്ചെതെന്തിനെന്നു രൂപീകരിച്ചവര്‍ക്കു പോലും നിശ്ചയമില്ല. CC Corp-ന്റെ പിന്നീടുള്ള പ്രവര്‍ത്തന ഫലം നോക്കിയാലും അങ്ങനെയൊരു പ്രത്യേക കമ്പനി രൂപീകരിച്ചതിനു ന്യായീകരണം കാണുന്നില്ല.
നിയമസഭക്ക് നല്‍കിയ സി.ഏ .ജി. റിപ്പോര്‍ട്ട് ഉപസംഹരിച്ചിരിക്കുന്നതിങ്ങനെയാണ്;
- സംസ്ഥാനത്തെ പട്ടികജാതികളുടേയും, പട്ടികവര്‍ഗ്ഗങ്ങളുടേയും, പിന്നോക്ക വിഭാഗങ്ങളുടേയും സാമ്പത്തിക ഉന്നമനത്തിനായി രൂപീകരിക്കപെട്ട സാമൂഹ്യക്ഷേമ മേഖലയിലെ മൂന്ന് കമ്പനികള്‍ക്കും അവരുടെ ലക്ഷ്യമിട്ട ഗ്രൂപ്പിനെ തിരിച്ചറിയുവാനോ, അവരുടെ ഇടയിലെ ഏറ്റവും അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനോ കഴിഞ്ഞില്ല.
- ഈ കമ്പനികള്‍ ദേശീയ ഏജന്‍സികളില്‍ നിന്നും ലഭിച്ച പണം അതിന്റെ മുഴുവന്‍ സാധ്യതയിലും ഉപലബ്ദമാക്കുന്നതില്‍ പരാജയപ്പെട്ടു.
- ഗുണഭോക്താക്കളുടെ തിരഞ്ഞെടുക്കല്‍, പരിശോധന, ധനസഹായത്തിന്റെ വിതരണം, വിനിയോഗത്തിന്റെയും തിരിച്ചടവിന്റേയും ഗതി നിയന്ത്രണം മുതലായവക്കുള്ള വ്യവസ്ഥകള്‍ ന്യൂന്നതയുള്ളതായിരുന്നു.
- മൂന്നു കമ്പനികളിലും തൊഴില്‍ പരമായ കാര്യാന്വേഷണ ക്ഷമതയുടെ പോരായ്മ യുണ്ടായിരുന്നു.
- 'സേവന ചെലവ്' എന്ന പേരില്‍ SC/ST Corp-ം CC Corp-ം ചെലവിട്ട തുക അഭൂതപൂര്‍വ്വമായി ഉയര്‍ന്നതായിരുന്നു.
- ഈ കമ്പനികളാല്‍ നടപ്പിലാക്കപെട്ട പദ്ധതികളില്‍ ഭൂരിഭാഗവും ഉദ്ദേശിച്ച സാമൂഹ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപെട്ടു.
- ഈ കമ്പനികള്‍ ഉചിതമായ അഭ്യന്തര നിയന്ത്രണവും ഇന്റേര്‍ണല്‍ ആഡിറ്റും നടപ്പിലാക്കത്തതു കാരണം വ്യവസ്ഥകള്‍ കൃത്രിമപരമായ പ്രവൃത്തികള്‍ക്ക് ഉതകുന്നവയായിരുന്നു.
- ഈ കമ്പനിയുടെ കണക്കുകള്‍ വര്‍ഷങ്ങളായി കുടിശ്ശികയിലായിരുന്നത് ഒരു സ്ഥിര അടിസ്ഥാനത്തില്‍ പ്രവൃത്തനങ്ങളുടെ കാര്യക്ഷമതയും ധനപരമായ സാദ്ധ്യതയും വിലയിരുത്തുന്നത് ബുദ്ധിമുട്ടുള്ളതാക്കി.
ഇതിലും നല്ലൊരു റിപ്പോര്‍ട്ട് വേണോ ഇവരുടെ അന്തസ്സ് കൂട്ടുവാന്‍.
ഇനി ഓരോ കമ്പനികളും അവരുടെ ദൗത്യം എങ്ങനെ നിറവേറി എന്നു നോക്കാം.
SC/ST Corp കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്.
- സ്ഥാപിതം: ഡിസമ്പര്‍ 1972.
- സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതുവരെയുള്ള ഓഹരി മൂലധനം: 95.23 കോടി രൂപ.
- കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഓഹരി അംശദാനം: 31.63 കോടി രൂപ.
- ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍: 65.37 കോടി രൂപ.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു സൗജന്യ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ ലഭ്യമാക്കികൊടുക്കുന്നതാണ് ഈ കമ്പനിയുടെ മുഖ്യ ലക്ഷ്യം. ഇതിനു വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ഇതേ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ തലത്തില്‍ രൂപം കൊടുത്തിട്ടുള്ള
1) ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍ NSFDC,
2) ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്‍ NSTFDC എന്നീ ധനകാര്യ സ്ഥാപനങ്ങളെയാണ്.
സ്ഥാപിച്ചതു മുതല്‍ മാര്‍ച്ച് 2007 വരെ 1,33,554 പേര്‍ക്ക് 158.52 കോടി രൂപ വരെ നല്‍കി ദേശീയ സ്ഥാപനങ്ങള്‍ സഹായമെത്തിച്ചിരുന്നു. എന്നാല്‍ അതില്‍ 2002-2007 വരെയുള്ള കാലയളവില്‍ ഗുണഭോക്താക്കളായി കണ്ടെത്തിയത് വെറും6312 പേരാണ് - 32.70 കോടി രൂപ.
2001 ലെ സെന്‍സസ്സ് പ്രകാരം ആകെ ജനസംഖ്യയുടെ 10.95% SC/ST ക്കാരാണ്.
ദാരിദ്ര്യരേഖക്ക് 2 മടങ്ങ് താഴെ ജീവിക്കുന്ന SC/ST വിഭാഗക്കാര്‍ക്കാണ് ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന് തുക വായ്പാ സഹായമായി വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇവരുടെ വരുമാന നിലയെപറ്റിയുള്ള വിവരം 2001 ലെ സെന്‍സസ്സ് രേഖകളില്‍ ലഭ്യമല്ല. അത്തരത്തിലുള്ള വിവരം ശേഖരിക്കുവാര്‍ കമ്പനിയും മെനക്കെട്ടിട്ടില്ല. അതായത് വിശ്വസനീയമായ അടിസ്ഥാന വിവരങ്ങളുടെ അഭാവം കാരണം കമ്പനിയുടെ ആസൂത്രണങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. വായ്പാ തുക ലഭ്യമാക്കിയത് അര്‍ഹിക്കുന്നവര്‍ക്കണോ എന്ന് ആരും നോക്കിയില്ല, അതിനുള്ള സംവിധാനവും ഇല്ലായിരുന്നു എന്ന് ചുരുക്കം. ദേശീയ സ്ഥാപനങ്ങളില്‍ നിന്നും സംഭരിക്കാവുന്ന തുക ആര്‍ക്കെങ്കിലും കൊടുത്തു തീര്‍ക്കുക മാത്രമായി ലക്ഷ്യം. അതു പോലും ചെയ്തു തീര്‍ക്കാന്‍ SC/ST Corp ന് കഴിഞ്ഞില്ലെന്നുള്ളത് ഒരു ദുഃഖ സത്യം.
2002-07 കാലയളവില്‍ സര്‍ക്കാര്‍ ബജറ്റ് ചെയ്ത ധനത്തിന്റെ 93% വും SC/ST Corpനു വിട്ടുകൊടുത്തെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സാധിച്ചില്ല. കാരണം, സര്‍ക്കാരില്‍ നിന്നും കിട്ടിയ പണം മുഴുവന്‍ ദേശീയ ധനസ്ഥാപനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാന്‍പോലും തികഞ്ഞില്ല. വായ്പയായി വാങ്ങിയ SC/ST വിഭാഗക്കാരില്‍ നിന്നും തിരിച്ചു പിടിക്കാനൂള്ള ഇഫക്ടീവ് ആയ യാതോരു സംവിധാനവും ഉണ്ടായിരുന്നില്ല, ഉണ്ടാക്കാന്‍ താല്‍പര്യവുമില്ലായിരുന്നു. കമ്പനിയുടെ ഗൂണഭോക്താക്കളില്‍ ഭൂരിഭാഗവും SC/ST വിഭാഗങ്ങളിലെ മേല്‍തട്ടിലുള്ളവരായിരുന്നിട്ട് പോലും കൊടുത്ത കടം തിരിയെ നല്‍കുന്നതിനു ഗുണഭോക്താക്കളോ, തിരിയെ വാങ്ങുന്നതിനു കമ്പനിയോ ആത്മാര്‍ത്ഥമായ യാതൊരു നടപടിയും എടുത്തില്ല.
2002-07 കാലയളവില്‍ നടപ്പിലാക്കിയ മുഖ്യപദ്ധതികള്‍:
- സ്വയം തൊഴില്‍ വായ്പാ പദ്ധതി (ദേശീയ ഏജന്‍സിയുടെ സഹായത്താല്‍)
- ഭവന പദ്ധതി
- വിദ്യഭ്യാസ വായ്പാ പദ്ധതി
- വിവാഹ വായ്പാ സഹായ പദ്ധതി
- വിദേശതൊഴില്‍ വായ്പാ പദ്ധതി
- സൂഷ്മ ധന വായ്പാ പദ്ധതി(ദേശീയ ഏജന്‍സിയുടെ സഹായത്താല്‍)
- ഗതാഗത പദ്ധതി
ദേശീയ ധനസ്ഥാപനങ്ങളില്‍ നിന്നും കിട്ടയ ധനം തന്നിഷ്ടപ്രകാരം വിതരണം ചെയ്യാന്‍ വേറൊരു കാരണം കൂടിയുണ്ടായിരുന്നു. ദേശീയ ഏജന്‍സികളില്‍ നിന്നുമുള്ള ധനസഹായം കിട്ടിയാല്‍ 90 ദിവസത്തിനകം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ സാധാരണ വാര്‍ഷിക നിരക്കായ 3% നു പകരം പിഴനിരക്കായ 6% പലിശ നല്‍കണമായിരുന്നു. എന്നാല്‍ SC/STCorp വായ്പാ അപേക്ഷകളിന്മേല്‍ നടപടി എടുത്തു തുടങ്ങുന്നത് ദേശീയ ഏജന്‍സികളില്‍ നിന്നും ധനം ലഭ്യമായതിനു ശേഷമായിരുന്നു. അതിന്റെ ഫലമായി സമയ പട്ടിക പാലിക്കുന്നതിനായി ധൃതി പിടിച്ചുള്ള വിതരണം നടത്തുക പതിവായി.
പണം കിട്ടിയവനെല്ലാം കൊണ്ടുപോയി. തിരിച്ചടക്കാന്‍ മെനക്കെട്ടതുമില്ല. അതുകാരണം ദേശീയ ഏജന്‍സികള്‍ നല്‍കിയ പണത്തിന്റെ വിതരണപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. ഒരവസരത്തില്‍ കമ്പനിക്കു അനുവദിച്ച 16.73 കോടി രൂപയില്‍ 13.97 കോടി രൂപയേ വിതരണം ചെയ്യാന്‍ വേണ്ടി പിന്‍വലിച്ചൊള്ളൂ. അതുപോലെ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനു വേണ്ടി പ്രത്യേകം അനുവദിച്ച 2.5 കോടി രൂപയില്‍ വെറും 60 ലക്ഷം രൂപ മാത്രമാണ് കമ്പനി വിനിയോഗിച്ചത്.
സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ ജനസംഖ്യ SC/ST ജനസംഖ്യയുടെ 10.44%. എങ്കിലും സംസ്ഥാനത്തെ 45 ഗോത്രവര്‍ഗ്ഗ ഗുണഭോക്താക്കളെയാണ് കമ്പനിക്ക് പ്രതിവര്‍ഷം സഹായിക്കാനായത്. അങ്ങനെ ഗോത്രവര്‍ഗ്ഗ ജനവിഭാഗത്തെ പ്രതീക്ഷിച്ച പരിധിവരെ സഹായിക്കുകയെന്ന കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത നിടവേറ്റാനായില്ല.
SC കള്‍ക്കിടയില്‍ പലതരം സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കാനായി ദേശീയ സഫായി കര്‍മ്മചാരി ധനസാഹയ വികസന കോര്‍പ്പറേഷന്‍ (NSKFDC) നിന്നും 84.86 ലക്ഷം രൂപ മാര്‍ച്ച് 2000 ത്തില്‍ പിന്‍വലിച്ചു. വിശ്വസിച്ചാലും ഇല്ലെങ്കിലും, വെറും 44 ഗുണഭോക്താക്കളെ കേരളസംസ്ഥാനത്തു നിന്നു കണ്ടെത്താനേ നമ്മുടെ SC/ST കമ്പനിക്കു കഴിഞ്ഞൂള്ളൂ. അവര്‍ക്ക് കൊടുത്തതോ വെറും 11.03 ലക്ഷം രൂപ. ബാക്കി 73.83 ലക്ഷം രൂപ NSKDFC ക്ക് തിരിച്ചടച്ചു; ജനുവരി 2002 ലും മാര്‍ച്ച് 2004 ലും ആയിട്ട്. ഉപയോഗിക്കാതെ കൈയ്യില്‍ വെച്ചുകൊണ്ടിരുന്ന കാലയളവിലേക്ക് 10% പിഴപ്പലിശയായി 7.43 ലക്ഷം രൂപ ഒരു ഉളുപ്പും ഇല്ലാതെ കൊടുക്കുകയും ചെയ്തു. ആരു ചോദിക്കാന്‍. വളരെ കുറഞ്ഞ നിരക്കില്‍ NSKDFC ലക്ഷക്കണക്കിനു ധനം നല്‍കാന്‍ തയ്യാറായപ്പോള്‍, അതു വാങ്ങാന്‍ കേരളസംസ്ഥാനത്ത് പട്ടിക വര്‍ഗ്ഗക്കാരില്ലാ പോലും.!! നമ്മുടെ SC/ST Corp എന്ന കമ്പനി വാദിക്കുന്നത് NSKDFC ഇത്രയും തുക അടിച്ചേല്‍പ്പിച്ചു എന്നാണ്.. ആവശ്യമില്ലെന്ന് കണ്ടയുടന്‍ തിരിച്ചടച്ചുകൂടായിരുന്നോ എന്ന ചോദ്യത്തിനുത്തരമില്ല.
വായ്പ ലഭിക്കുവാനായി ഹാജരാക്കപ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിക്കുന്ന ഏര്‍പ്പാടേ ഈ കമ്പനികളൊന്നും നടപ്പിലാക്കിയിരുന്നില്ല.
വായ്പ എടുത്തിട്ടുണ്ടെന്ന വിവരം റേഷന്‍ കാര്‍ഡുകളില്‍ എഴുതി വിടുന്ന സംബ്രദായവും നടപ്പിലാക്കിയില്ല. അതുകൊണ്ട്, ഒരു കുടുംബത്തിലുള്ളവര്‍തന്നെ പലയിടങ്ങളില്‍ നിന്നും വായ്പ സമ്പാദിച്ചു. ഒന്നും തിരിച്ചടച്ചതുമില്ല. തൊഴിലില്ലാവേതനം തന്നെ രണ്ടു കമ്പനികളില്‍ നിന്നും പറ്റിയ മിടുക്കന്മാരുണ്ടായിരുന്നു.
രാഷ്ടീയ നേതാക്കളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ശുപാര്‍ശകളും വായ്പനല്‍കാന്‍ മാനദണ്ഡമാക്കിയിരുന്നെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തൊഴിലില്ലാതെ ധാരാളം യുവതീയുവാക്കള്‍ അലഞ്ഞുനടത്തിരുന്നപ്പോള്‍, സ്വന്തമായി വ്യവസായം നടത്തിയിരുന്നവര്‍ പോലും തൊഴിലില്ലാവേതനം പറ്റി സുഖിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാണിച്ചപ്പോള്‍ മേലില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് മറുപടി.
ഏടുത്ത വായ്പ ശരിയാംവണ്ണം തിരിച്ചടയ്ക്കുന്നിടത്തോളം കാലം ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെപറ്റിയോ, വായ്പ്ക്കര്‍ഹരാണോ എന്നോ, കിട്ടിയ വായ്പ ചെലവാക്കിയതെന്തിനെന്നോ നോക്കാന്‍ പോയതേയില്ല. വായ്പ തിരിച്ചടക്കുന്നത് മുടക്കം വരുത്തിയവരുടെ പേരിലും യാതൊരു നടപടിയും എടുത്തില്ല. കരാറനുസരിച്ച് തവണമുടക്കിയവര്‍ പലിശയും പിഴപലിശയും അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. വായ്പ കൊടുത്തു കഴിഞ്ഞാല്‍, അവരെങ്ങനെ ആ തുക ചെലവഴിക്കുന്നുവെന്നത് പരിശോധിക്കുവാനുള്ള സംവിധാനമൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് കമ്പനി അറിയിച്ചത്.
പിന്നോക്ക വിഭാഗക്കാര്‍ നടത്തുന്ന സഹകരണ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി നമ്മുടെ കമ്പനി 13 സഹകരണ സ്ഥാപനങ്ങള്‍ക്കായി 1998 വരെ 70.48 ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഒരുത്തരും ഒരു രൂപ പോലും തിരിച്ചടച്ചില്ല. ദുര്‍ഭരണം മൂലം സഹകരണ സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോയെന്ന് കമ്പനിയുടെ മറുപടി. മാര്‍ച്ച് 2007-വരെ ഇവരില്‍ നിന്ന് എല്ലാം കൂടി 1.24 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്.
SC/ST Corp ന്റെ മാനേജിംഗ് ഡയറക്ടര്‍ മാര്‍ച്ച് 2001-ല്‍ നേരിട്ട് അനുവദിച്ച ഒരു വായ്പയുടെ കഥയിങ്ങനെ:
ഒരു ധര്‍മ്മ സ്ഥാപനമായ അംബേദ്‌കര്‍ സമിതിക്ക് 1.70 ലക്ഷം രൂപയുടെ വായ്പ ഫയല്‍ ബോര്‍ഡുണ്ടാക്കുന്ന ഒരു സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനു സംഘത്തിന്റെ യന്ത്രങ്ങളുടേയും മറ്റു ആസ്ഥികളുടേയും ജാമ്യത്തിലും അംഗങ്ങളുടെ ജാമ്യത്തിലും അനുവദിച്ചു.(നവംബര്‍ 2001). മാര്‍ച്ച് 2002 മുതല്‍ പ്രതിമാസം 3450 രൂപ നിരക്കില്‍ തിരിച്ചടക്കണം. എന്നാല്‍ മൂന്നു തവണ മാത്രമേ തിരിച്ചടവു നടന്നുള്ളൂ. എട്ടു സംഘാംഗങ്ങളില്‍ പ്രസിഡന്റും, സെക്രട്ടറിയും ഒരു അംഗവും ഒരേ മേല്‍വിലാസത്തിലുള്ള ഒരേ കുടുംബത്തിലുള്ളവരായിരുന്നു. വായ്പാ വിതരണത്തിനു മുമ്പ് സംഘത്തിന്റെ സെക്രട്ടറി (മുഖ്യ അപേക്ഷകന്‍) കമ്പനിയില്‍ നിന്നും മുമ്പ് വാങ്ങിയിരുന്ന വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്ന ആളായിരുന്നെന്ന് കമ്പനിക്ക് നന്നായറിയാമായിരുന്നു. വീഴ്ചവരുത്തിയവര്‍ക്ക് വീണ്ടും വായ്പ കൊടുക്കാന്‍ നിയമമില്ലെന്നും കമ്പനിക്കറിയാമായിരുന്നു. സംഘത്തിന്റെ രൂപീകര്‍ണത്തിനായുള്ള ധാരണയില്‍ ഒപ്പിട്ട ഒരാള്‍ അവര്‍ക്ക് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നും ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത് അയാളുടെ കള്ളയൊപ്പാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
SC/ST വിഭാഗക്കാരില്‍ ആവശ്യക്കാര്‍ക്ക് വിദേശ വിദ്യാഭ്യാസം ചെയ്യുവാനായി 10 ലക്ഷം രൂപവരെ കുറഞ്ഞപലിശ നിരക്കില്‍ വായ്പ നല്‍കുന്ന ഒരു പദ്ധതിയും കമ്പനി നടപ്പിലാക്കി. പഠനം പൂര്‍ത്തിയാക്കി 6 മാസം കഴിയുമ്പോഴോ അല്ലെങ്കില്‍ ജോലി ലഭിക്കുമ്പോഴോ വായ്പ തിരിച്ചടച്ചു തുടങ്ങണം. കഴിഞ്ഞ 8 കൊല്ലമായി ഇങ്ങനെയൊരു സ്കീം നിലവിലുണ്ട്. പക്ഷേ 2007 അവസാനം വരെ വെറും 3 ഗുണഭോക്താക്കളെ മാത്രമേ കമ്പനിക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഇളവുചെയ്തുകൊണ്ടും, സാധ്യതയില്ലാത്ത രേഖകള്‍ സ്വീകരിച്ചു കൊണ്ടും, അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ടുമാണ് ഈ 3 വായ്പകളും വിതരണം ചെയ്തത്.
Dr.X(പേരൊഴിവാക്കുന്നു) ലണ്ടനില്‍ പോയി MRCP/FRCS പഠിക്കാനാണ് 7.50 ലക്ഷം രൂപ വായ്പക്കപേക്ഷിച്ചത് (ഫെബ്രുവരി 2003). സ്വൊന്തം കൈയ്യില്‍ നിന്നിടേണ്ട 37,500 വാങ്ങിയില്ലെന്നു മാത്രമല്ല കമ്പനി അനുവദിച്ച 1,12,500 രൂപ അപേക്ഷന്റെ കൈയ്യില്‍ തന്നെ ഏല്‍പിച്ചു. അതും അഡ്മിഷന്‍ കിട്ടുന്നതിനു മുന്നേതന്നെ. ലണ്ടനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കമ്പനി നേരിട്ടടക്കേണ്ടതായിരുന്നു. അന്വേഷണത്തില്‍ നിന്നറിഞ്ഞതു, ഇയാള്‍ മൂന്നു മാസത്തിനകം പഠനം മതിയാക്കി തിരിച്ചു വന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നുവെന്നാണ്.(സെപ്റ്റമ്പര്‍ 2003). കരാറിന്റെ നഗ്നമായ ലംഘനമാണ് ഇദ്ദേഹം നടത്തിയത്. മാര്‍ച്ച് 2005 ആയപ്പോള്‍ തന്നെ പലിശയുള്‍പ്പടെ തിരിച്ചടക്കേണ്ട് തുക 9.13 ലക്ഷം ആയി ഉയര്‍ന്നിരുന്നു. തവണകളായി തിരിച്ചടക്കാനുള്ള സാവകാശം സര്‍ക്കാര്‍ അനുവദിച്ചിട്ടും തിരിച്ചടവു നടക്കുന്നില്ല. ഇദ്ദേഹം സര്‍ക്കാര്‍ സേവനം ഇപ്പോഴും സുഗമമായി തുടരുന്നു എന്നാണ് കേള്‍വി.
വേറൊരു ഗുണഭോക്താവ് ഡോഃ Y (വീണ്ടും പേരൊഴിവാക്കുന്നു).അമേരിക്കയില്‍ പോയി ഉപരിപഠനം നടത്തുന്നതിനു 1 ലക്ഷം രൂപ വായ്പ വേണം. ആഗസ്റ്റ് 2000 തില്‍ അത് അനുവദിച്ച് രൂപയും കൊടുത്തു. വായ്പ അനുവദിക്കാനായി അദ്ദേഹം ഹാജരാക്കിയത് 1998-ല്‍ വില്ലേജ ഓഫീസര്‍ നല്‍കിയ ഒരു കാലഹരണപെട്ട വരുമാനസര്‍ട്ടിഫിക്കറ്റ്.
ശ്രീമാന്‍ S.J യ്ക് ആഗസ്റ്റ് 2000 ല്‍ അനുവദിച്ചു കൊടുത്തത് 8.50 ലക്ഷം രൂപയുടെ വായ്പയായിരുന്നു. നിര്‍ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും, വാര്‍ഷിക വരുമാനം, ഗുണഭോക്താവിന്റെ പങ്ക് തുക എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇളവുചെയ്തു കൊണ്ടാണ് വായ്പ അനുവദിച്ചത്. തിരിച്ചടക്കുന്നുണ്ടോയെന്ന് മാത്രം ശ്രദ്ധിച്ചില്ല. ഡിസമ്പര്‍ 2006 ആയപ്പോള്‍ മുതലും പലിശയും ഉള്‍പ്പടെ 7.88 ലക്ഷം തിരിയെകിട്ടാനുണ്ടായിരുന്നു. ഇതിനിടെ വായ്പയുടെ ജാമ്യക്കാരിയായ (ഗുണഭോക്താവിന്റെ അമ്മ) സര്‍ക്കാര്‍ സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്തു. പക്ഷേ അറിഞ്ഞതായി ഭാവിച്ചില്ല. അങ്ങനെ അവരില്‍ നിന്നും ഈടാക്കാവുന്ന അവസരവും നഷ്ടപ്പെട്ടു. എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ ഈ മഹാമനസ്കതയൊന്നും കണ്ടതുമില്ല.
SC/ST Corp വായ്പാ വിതരണത്തിലും പ്രത്യേകത പുലര്‍ത്തിയിരുന്നു. ദേശീയ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും പണം കിട്ടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞാല്‍ ഉടന്‍ ഗുണഭോക്താക്കളെ ആവശ്യപ്പെട്ടുകൊണ്ട് പത്രങ്ങളിലെല്ലാം പരസ്യം കൊടുക്കും. പണം കിട്ടിക്കഴിഞ്ഞാല്‍ കിട്ടിയ അപേക്ഷകളില്‍ അവര്‍ക്കിഷ്ടപെട്ടവര്‍ക്ക് പണം മുഴുവന്‍ കൊടുത്തു തീര്‍ക്കും. ബാക്കിയുള്ളവരുടെ ലിസ്റ്റ് കാന്‍സലായതായി പ്രഖ്യാപിക്കുകയും ചെയ്യും. ഇതാണ് രീതി.
വായ്പ തിരിയെകിട്ടാനുള്ളവരെ സംബന്ധിച്ച രജിസ്റ്ററുകളൊന്നും ഒരു സമയത്തും പൂര്‍ത്തികരിച്ചിരുന്നില്ല. മാസാമസം അടക്കേണ്ട തുക (EMI) അറിയിക്കുമ്പോള്‍ പലിശയുടെ അംശം ഉള്‍പെടുത്തിയിട്ടേയില്ല. എന്നാല്‍ പിരിച്ചെടുക്കുമ്പോള്‍ പലിശയുള്‍പടെ യാണ് വാങ്ങുന്നത്. ഇതൊക്കെ ക്രമക്കേടുകള്‍ക്ക് വഴിവക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും, മേലില്‍ ഒഴിവാക്കാമെന്ന വാഗ്ദാനമല്ലാതെ പ്രവര്‍ത്തിയില്‍ കണ്ടില്ല.
ഇതെല്ലാം കണ്ട് പൊറുതിമുട്ടിയിട്ടായിരിക്കണം കമ്പനി മാനേജ്‌മന്റ് ഒണ്‍ ടൈം സെറ്റില്‍മന്റ് എന്നുള്ള ഒരു പദ്ധതി കൊണ്ടുവന്നു. പലിശയൊന്നും വേണ്ട മുതലിന്റെ ഒരുഭാഗമെങ്കിലും ഒരുമിച്ചടച്ചാല്‍ ബാക്കിയെല്ലാം വേണ്ടെന്നു വയ്ക്കാമെന്ന ഒരു പദ്ധതി. 20.90 കോടിയോളം പിരിഞ്ഞുകിട്ടാനുള്ളപ്പോഴാണിങ്ങനെയൊന്നു തോന്നിയത്. നോട്ടിസയച്ചതില്‍ 398 എണ്ണവും മേല്‍വിലാസകാരനില്ലാതെ തിരിച്ചുവന്നു. മൂന്നര കോടി രൂപ ആ വിധത്തില്‍ പിരിഞ്ഞുകിട്ടി. ബാക്കി പോക്ക്.
ഇങ്ങനെയൊക്കെയാണെങ്കിലും SC/ST Corp അവരുടെ ഭരണ നിര്‍വഹണത്തിനു വേണ്ടി ചെലവിടുന്നതില്‍ ഒരു ലുബ്ദും കാണിച്ചില്ല. അവര്‍ കൊടുത്ത ഓരോ രൂപയുടെ വായപക്കും ഭരണചെലവായി 36.06 പൈസ ചെലവിടുന്നുണ്ട്.
നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാക്കാം പൈങ്കിളിയെ എന്നതിനു സമാനമായ വളരെയധികം ജനസമ്മതി നേടിയ ഒരു പദ്ധതി SC/ST Corp കൊണ്ടു വന്നു. കൃഷി ഭൂമി വാങ്ങാന്‍ 1.50 ലക്ഷം രൂപവരെ കടം കൊടുക്കുക. അതില്‍ 2 ഭാഗം കടവും 1 ഭാഗം സബ്‌സിഡിയും മായിരിക്കും.1999-2000 കാലയളവിലാണ് തുടങ്ങിയത്. പണം മുഴുവന്‍ ദേശീയ ധന സ്ഥാപനങ്ങള്‍ (NSFDC) നല്‍കും.
സബ്‌സിഡി ഇനത്തിനായിമാത്രം 24.20 കോടി രൂപയാണെത്തിച്ചത്. പക്ഷേ ഈ കമ്പനിക്ക് കൊടുക്കാന്‍ സാധിച്ചതോ, 2006-07 വരെ വെറും 9.98 കോടി രൂപ. ബാക്കിയത്രയും മിച്ചം വച്ച് സബ്‌സിഡി വേണോ, സബ്‌സിഡി വേണോ എന്ന് വിളിച്ച് പറന്‍ഞ്ഞ് ഗുണഭോക്താക്കളെ അന്വേഷിച്ച് നടക്കുന്നു. കൊടുത്ത കേസുകളിലെല്ലാം കമ്പനിയുടെ കൈ പൊള്ളീ. കൃഷി ഭൂമി വാങ്ങാനായി വായ്പയും സബ്‌സിഡിയും വാങ്ങിയവര്‍ , വാങ്ങിയ ഭൂമി കൃഷിക്കുപയോഗിച്ചില്ല. വായ്പക്കീടായി കിട്ടിയത് വാങ്ങിയഭൂമിയുടെ പ്രമാണങ്ങള്‍ മാത്രം. തിരിച്ചടക്കേണ്ടത് 8-12 കൊല്ലം കാലയളവിനുള്ളില്‍. പ്രമാണങ്ങള്‍ കൈവശം ഉള്ളതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് പരിശോധിക്കുവാന്‍ ഒരു തഹസീല്‍ദാരുടെ സേവനം സര്‍ക്കാരിനോടാവശ്യപ്പെട്ടു കൊണ്ട് കമ്പനി കത്തെഴുതിയിട്ടുണ്. കാത്തിരുന്നു കാണാം.
സബ്‌സിഡിയൊടെ വാങ്ങികൊടുത്ത സ്ഥലങ്ങളുടെ ഇടപാടിലും വളരെയധികം ക്രമക്കേടുകള്‍ കണ്ടെത്തി:
ഭാര്യയുടേയും ഭര്‍ത്താവിന്റേയും രണ്ടുപേരുടേയും പേരിലായിരിക്കണം ഭൂമിയുടെ പ്രമാണം ചെയ്തു കൊടുക്കേണ്ടത്. ഇതു പാലിച്ചില്ല. ധാരാളം കേസുകളില്‍ ഒരാളിന്റെ പേരില്‍ പ്രമാണം ചെയ്തു കൊടുത്തു.
സര്‍ക്കാര്‍ സബ്‌സിഡി കൊടുത്ത് ഭൂമി വാങ്ങികൊടുക്കുന്നതല്ലേ. വായ്പ തിരിച്ചടക്കാന്‍ അനുവദിച്ചിട്ടുള്ള കാലയളവു മുഴുവനെങ്കിലും ആ ഭൂമി അവരുടെ കൈയ്യിലുണ്ടെന്നുറപ്പുവരുത്താന്‍ ഭൂമിയുടെ പ്രമാണങ്ങള്‍ കമ്പനി തന്നെ സൂക്ഷിക്കണമെന്നാണ് നിയമം. ഭൂമി വാങ്ങിയവരില്‍ സമര്‍ത്ഥന്മാരും ഉണ്ടായിരുന്നു. കണ്ണായ സ്ഥലം കിട്ടിയവര്‍ സബ്‌സിഡികഴിച്ചുള്ള വായപ മുഴുവന്‍ ഒരുമിച്ച് തിരിച്ചടച്ച് പ്രമാണം കൈക്കലാക്കി കൂടിയവിലക്ക് വിറ്റ് സായൂജ്യമടഞ്ഞു. സബ്‌സിഡി കൊടുത്ത സര്‍ക്കാരിന്റെ ഖജനാവിനു നഷ്ടം. പൊതുജനത്തിന്റെ പണമല്ലേ അത് ആരു ചോദിക്കാന്‍. പ്രത്യേകിച്ചും SC/ST കാര്‍ക്ക് വേണ്ടിയാകുമ്പോള്‍.
ഭൂമി വാങ്ങികൊടുത്ത 527 കേസുകളില്‍ 12 കൊല്ലം കഴിഞ്ഞിട്ടും തിരിച്ചടച്ചു തീരാത്തതാണ് പകുതിയില്‍ കുടുതല്‍ കേസുകളും. അടുപ്പിച്ച് 5 തവണ തിരിച്ചടവു മുടക്കിയാള്‍ റവന്യു റിക്കവറി തുടങ്ങണമെന്നാണ് ചട്ടം. കമ്പനി ആക്കാര്യത്തെപറ്റിയൊക്കെ അലോചിച്ച് വരുന്നുണ്ടെന്നാണ് കേള്‍വി.
വാങ്ങികൊടുത്ത 527 കേസുകളില്‍ ഭൂരിഭാഗവും ക്രമക്കേടുകളുള്ളതാണെന്നാണ് വിവരം. ഓരോകേസും ഇവിടെ വിവരിക്കാന്‍ തുടങ്ങിയാല്‍ പത്തിരുപത് പേജ് അതിനുവേണ്ടി മാത്രം വേണം. അതിനു ഞാന്‍ മുതിരുന്നില്ല.
SC/ST Corp ല്‍ കണ്ട ചില പ്രത്യേക ക്രമക്കേടുകളെ കുറിച്ചു കുടി എഴുതിയിട്ട് നിര്‍ത്തിയേക്കാം.
SC/ST വിഭാഗക്കാരില്‍ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയുള്ള കുടുമ്പങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി ജനുവരി 2000 ല്‍ ഒരു വിദ്യാഭ്യാസ വായ്പാ പദ്ധതി കൊണ്ടുവന്നു. അതനുസരിച്ച് സംസ്ഥാനത്തിനകത്തുള്ള ഉന്നത വിദ്യാഭ്യാസത്തിനു 50000 രുപ്പയും സംസ്ഥാനത്ത് പുറത്തു പോയി പഠിക്കാന്‍ 10000 രൂപയും വായ്പ ലഭിക്കും. 2006-07 വരെ 180 ഗുണഭോക്താക്കള്‍ക്കായി 80.58 ലക്ഷം രൂപയും വിതിരണം ചെയ്തിട്ടുണ്ട്. അതിലെ കുറച്ചു കേസുകളുടെ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്:
വിതരണം ചെയ്ത വായ്പയുടെ ദുരുപയോഗം കുറക്കുവാനായി, തുക അപ്പപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പരിശോധിച്ച 30 കേസിലും അങ്ങനെ ചെയ്തതായി കണ്ടില്ല. ഗുണഭോക്താക്കളുടെ കൈയില്‍ തുക ഏല്‍പ്പിക്കുകയാണുണ്ടായത് (13.09 ലക്ഷം രൂപ).
കൊല്ലം ഡിസ്ട്രിക്ടിലാണെങ്കില്‍, വായ്പ തുക മുഴുവന്‍ ഒരുമിച്ച് മുങ്കൂറായിതന്നെ ഗുണഭോക്താക്കളെ ഏള്‍പ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന തവണകളായി അവരെ ഏള്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
പഠനം പൂര്‍ത്തിയാകുമ്പോള്‍ അല്ലെങ്കില്‍ പഠനം കഴിഞ്ഞ് ഉദ്ദ്യോഗത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുക നിശ്ചയിച്ചറിയിക്കണമെന്നാണ് ചട്ടം. പഠനം കഴിഞ്ഞിട്ട് കൊല്ലങ്ങളോളം കഴിഞ്ഞെങ്കിലും തൃീശ്ശുരിലുള്ള കേസ്സുകളിലൊന്നും അപ്രകാരം അറിയിപ്പൊന്നും നടത്തിയില്ല. അതു കൊണ്ട് തിരിച്ചടവും നടക്കുന്നില്ല.
2000-01 ല്‍ ദേശീയ ധനസ്ഥാപനമായ NSFDC ദാരിദ്ര്യരേഖക്ക് 2 മടങ്ങില്‍ താഴെയുള്ള SC/ST വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി മൃദു വായ്പാ കൊടുക്കുന്ന ഒരു പദ്ധതിയുമായി മുട്ടോട്ടു വന്നു. ധനത്തിനു ഒരു ബുദ്ധിമുട്ടും ഇല്ലെന്നും കുറഞ്ഞത് 4.53 കോടി രൂപയെങ്കിലും ഈ പദ്ധതിപ്രകാരം വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനം ഏകോപിക്കാന്‍ SC/ST Corp യോടാവശ്യപെട്ടു. 2006-07 അവസാനമെത്തിയപ്പോള്‍ നമ്മുടെ കമ്പനിക്ക് 3.34 കോടി രൂപയുടെ ഗുണഭോക്താക്കളെ കണ്ടെത്താനേ കഴിഞ്ഞൂള്ളൂ. 2001 ലെ സെന്‍സസ്സ് പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയായ 3..18 കോടിയില്‍ 10.95% SC/ST വിഭാഗക്കാരാണെന്നോര്‍ക്കണം.
ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കര്‍ ഒരു പൈസ പോലും സബ്‌സിഡിയിനത്തില്‍ അനുവദിക്കാത്തതു മൂലം ഈ പദ്ധതിയില്‍ സബ്‌സിഡി ഉണ്ടാകുമെന്നറിയിച്ചിരുന്നത് നവമ്പര്‍ 2001 മുതല്‍ അങ്ങനെ ഉണ്ടാകില്ലെന്നറിയിക്കേണ്ടി വന്നു. സര്‍ക്കാരിന്റെ ഈ തീരുമാനമാണ് കൂടുതല്‍ ഗുണഭോക്താക്കളെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ പോയതെന്നാണ് കമ്പനിയുടെ വാദം. ചുരുക്കത്തില്‍ 5% പലിശക്ക് പോലും വായ്പയെടുക്കാന്‍ ആളുണ്ടായില്ല. വായ്പയെടുത്തവരൊന്നും അതു തിരിച്ചടക്കാന്‍ മിനക്കെട്ടതും ഇല്ല. എടുത്ത രൂപ കൊണ്ട് അവരുടെ പെണ്‍മക്കളുടെ കല്യാണം നടത്തി, ബാക്കി തുക സ്വന്തം ചികിത്സക്കും ഉപയോഗിച്ചു.
2003-04-ല്‍ NSFDC വീണ്ടും ഒരു പദ്ധതികൂടി കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള 'മഹിളാ സമൃദ്ധി യോജന'. പലിശ 5% ല്‍ നിന്നും കുറച്ചു, 4% മതി. 2004-07 കാലയളവുലേക്ക് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 76.91 ലക്ഷം രൂപയും അനുവദിച്ചു. മാര്‍ച്ച് 2007 അവസാം വരെ വിതരണം ചെയ്യാന്‍ കഴിഞ്ഞത്46 ലക്ഷം രൂപ മാത്രം. അങ്ങനെ ആ പദ്ധതിയും മൂക്കുകുത്തി.
മൂന്നു കമ്പനികളില്‍ SC/ST Corp നെ പറ്റി മാത്രമുള്ള പരാമര്‍ശങ്ങളാണിയും. ഇതേ രീതിയില്‍ നിന്നും ഒട്ടും വിഭിന്നമല്ല മറ്റേ രണ്ടു കമ്പനികളും. ആവശ്യം വരുമ്പോള്‍ അവയെ പറ്റിയും എഴുതാം.
മുകളിലെഴുതിയ ചില വാചകങ്ങളെങ്കിലും പിന്നോക്ക വിഭാഗക്കാരെ കളിയാക്കിയതാണെന്ന് തോന്നിയേക്കാം. എന്റെ പ്രതിഷേധം മുഴുവന്‍ പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനു വേണ്ടി ഉണ്ടാക്കിയ കമ്പനികളുടെ മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടുമാണ്.
ഇനി സര്‍ക്കാരിന്റെ കീഴില്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ ഉണ്ടല്ലോ. അവരുടെ പ്രവര്‍ത്തനവും അക്കൗണ്ടന്റ് ജനറല്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അതിനെ പറ്റി അടുത്ത ഭാഗത്തില്‍.