Wednesday, June 25, 2008

വേളി അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ദുര്‍ഗ്ഗതി (Amusement Park)

തിരുവനന്തപുരത്ത്‌ വേളിയില്‍ ഒരു അമൂസ്‌മെന്റ് പാര്‍ക്ക്‌ നേരിട്ട് നിര്‍മ്മിക്കണമെന്നത്‌ വിനോദസഞ്ചാര വകുപ്പിന്റെ അതിയായ ആഗ്രഹമായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ബില്‍ഡ് ഓണ്‍ - ഓപ്പറേറ്റ് - മെയിന്റെയിന്‍ അടിസ്ഥാനത്തില്‍ ഒന്നുണ്ടാക്കിക്കോളാന്‍ 1999 ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ അനുമതിയും കൊടുത്തു.

1999 ജൂണും 2001 ജൂണിനുമിടക്ക്‌ 8.39 കോടി രൂപ മുടക്കി 9.3143 ഹെക്ടര്‍ സ്ഥലം പദ്ധതിക്കു വേണ്ടി റവന്യൂ വകുപ്പ്‌ ഏറ്റെടുത്ത്‌ വിനോദ സഞ്ചാര വകുപ്പിനു കൈമാറി. ഇതില്‍ നിന്നും 7.4370 ഹെക്റ്റര്‍ സ്ഥലം 30 വര്‍ഷത്തെ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനു പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.

ഏറ്റവും കൂടുതല്‍ വാര്‍ഷിക പാട്ടതുകയായ, സ്ഥലവിലയുടെ (35.25 ലക്ഷം) 8.05 ശതമാനം രേഖപ്പെടുത്തിയ അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പ്‌ എന്ന സ്ഥാപനത്തെ പദ്ധതി നടപ്പാക്കാന്‍ 1999 ഡിസമ്പറില്‍ തെരഞ്ഞെടുത്തു. ദര്‍ഘാസ് വ്യവസ്ഥകളനുസരിച്ച്‌ സ്ഥാപനം 18 മാസത്തിനകം പാര്‍ക്ക്‌ കമ്മിഷന്‍ ചെയ്യേണ്ടതാണ്.

സംഗതി ഇതുവരെ ഒരിടത്തും എത്തിയില്ല. അന്വേഷണത്തില്‍ കണ്ടെത്തിയതിതാണ്.:

റവന്യൂ വകുപ്പ്‌ ഏറ്റെടുത്തു കൊടുത്ത സ്ഥലത്തില്‍ ഒരു ഭാഗം തീരദേശ നിയന്ത്രണമേഖലയില്‍ ഉള്‍പ്പെട്ടിരുന്നതാണ്. യാതൊരു വികസന പ്രവര്‍ത്തനവും ഈ മേഖലയില്‍ പാടില്ല. ഈ വിവരങ്ങളൊന്നും അറിയിക്കാതെയാണ് അബുദാബി ഗ്രുപ്പുമായി വ്യവസ്ഥകളുണ്ടാക്കാന്‍ മുതിര്‍ന്നത്‌. അവരീക്കാര്യം അറിഞ്ഞപ്പോള്‍, ദര്‍ഘാസ്‌ വ്യവസ്ഥകളില്‍ ഉള്‍പ്പെടാതിരുന്ന പല സൌജന്യങ്ങളും ആവശ്യപ്പെട്ടു.

തീരദേശനിയന്ത്രണ മേഘലയില്‍ പെട്ട ഭൂമിയെ പാട്ടവാടകയില്‍ നിന്നൊഴിവാക്കുക.
സ്റ്റാമ്പ് ഡൂട്ടി ഇളവു ചെയ്യുക
റജിസ്ട്രേഷന്‍ ചാര്‍ജ്ജുകള്‍ ഇളവു ചെയ്യുക
പാട്ട വാടക ആറു വര്‍ഷത്തേക്ക്‌ ഒഴിവാക്കുക എന്നിവ.

ഇതും ഇതുപോലെയുള്ള പല ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങികൊടുത്തു (2002 ഒക്ടോബര്‍). ഇതും പോരാഞ്ഞ്‌ കരാറിനു പുറത്തുള്ള പലവിധ സൌജന്യങ്ങളും അനുവദിച്ചു കൊടുത്തു വെങ്കിലും കൂടുതലായി ആവശ്യപ്പെട്ട (2003 ജനുവരി) 0.1748 ഹെക്റ്റര്‍ സ്ഥലം കുടി ഏറ്റെടുത്തു കൊടുക്കാന്‍ താമസിച്ചതു കൊണ്ട് സ്ഥാപനം കരാര്‍ പത്രം ഒപ്പിട്ടിട്ടില്ല (2007 ഏപ്രില്‍).

അവസാനം പദ്ധതി സ്ഥാപനത്തിനു കൊടുക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍‌വലിച്ചിരിക്കുകയാണ്. 8.39 കോടി രൂപ ചെലവില്‍ ഏറ്റെടുത്ത ഭൂമി കഴിഞ്ഞ ആറേഴു വര്‍ഷമായി ഒരു കാര്യത്തിനും ഉപയോഗിച്ചില്ല. അന്തരാഷ്ട്രനിലവാരമുള്ള വേളിയിലെ അമൂസ്മെന്റ് പാര്‍ക്ക്‌ ത്രിശങ്കുവിലും. വിനോദ സഞ്ചാരവകുപ്പിനു സ്വസ്തി.

4 comments:

അങ്കിള്‍ said...

തിരുവനന്തപുരത്ത് വേളിയില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിനുവേണ്ടി എട്ടൊമ്പത്‌ കോടി രൂപയാണ് വിനോദസഞ്ചാര വകുപ്പ്‌ തുലച്ചത്‌. എന്നിട്ടോ അവസാനം, അങ്ങനെ ഒരു പാര്‍ക്ക് വേണ്ടെന്നും വച്ചിരിക്കുന്നു. ഇങ്ങനെയും സര്‍ക്കാര്‍ ഖജനാവ്‌ ചോരുന്നു.

Unknown said...

awesome report...!

നന്ദു said...

വേളി പോലൊരു സ്ഥലം എങ്ങിനെ പ്രയോജനപ്പെടൂത്താമെന്നിനിയും മാറി മാറി വരുന്ന സർക്കാരുകൾക്കറിയില്ല. വിനോദസഞ്ചാരത്തിനുതകുന്ന ഒന്നും (കുറെ പൊളിഞ്ഞ സ്പീഡ് ബോട്ടൂകളും, ശ്രീ കാനായി കുഞ്ഞിരാമൻ രൂപകൽ‌പ്പനചെയ്തു പണിഞ്ഞ കുറച്ച് ശിൽ‌പ്പങ്ങളും - അതും സംരക്ഷിക്കാതെ കിടപ്പുണ്ട് - അല്ലാതെ സർക്കാരെന്തു ചെയ്തിട്ടുണ്ട് അവിടെ?). കടലും കരയും ഒത്തു ചേരുന്ന മനോഹരതീരം അവിടെ ഇരിക്കാൻ ഒരു സംവിധാനം പോലും ഇല്ല. തൊട്ടപ്പുറത്ത് ഒരു വളപ്പിനകത്ത് സ്വകാര്യ സ്ഥാപനത്തിന്റെ വക ജയന്റ് വീലും കുറെ തുരുമ്പെടുത്ത റൈഡുകളും. സഞ്ചാരികളെ ആകർഷിക്കത്തക്ക പ്രകൃതിരമണീയത ഉണ്ട് അത് നേരാം വണ്ണം പരിപാലിക്കാൻ സർക്കാരുകൾ മിനക്കെടുന്നില്ല!. വ്യക്തമായ ഒരു പ്ലാനിങ് ഇല്ലാത്തതാണിതിനൊക്കെ കാരണം എന്നു തോന്നുന്നു.

അങ്കിൾ വളരെ നല്ല നിരീക്ഷണം.

Balu said...

അങ്കിളിനു്,
എല്ലാം എല്ലാം ഒത്തിരി ആകുന്നു. തട്ടിപ്പും വെട്ടിപ്പും കണ്ടും കേട്ടും മനസ് നിറയെ നെഗടീവ് മാത്രമായി മാറുമോ? ഒരാശ്വാസം - ഏത് തിന്മയും സ്വയം അതിന്റെ നാശം ക്ഷണിച്ചു വരുത്തും, കാല ക്രമേണ. അത്രയും കാലം നാം അത് അനുഭവിക്കയും വേണമല്ലോ!!
ഇതിന് വേണ്ടി ആയിരുന്നോ അങ്കിളേ രാജ ഭരണം ഉപേക്ഷിച്ചു ജനാധിപത്യം സ്വീകരിച്ചത്?