Wednesday, October 8, 2008

പഞ്ചായത്തിലെ തട്ടിപ്പുകള്‍ - ഭാഗം ഒന്നു

കരാറുകാരെ സഹായിക്കുന്നത് പലവിധത്തിലാണ്. അതിലൊരു വിധം എങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്.

ഒന്നു മനസ്സിരുത്തി വായിച്ചാലേ ഇതിലെ ഗുട്ടന്‍സ് മനസ്സിലാകൂ.

‘അടങ്കല്‍’ എന്ന വാക്കു കരാര്‍ പണി ചെയ്യുന്നവര്‍ക്ക് സുപരിചതം. പൊതുമരാമത്തു പണി ചെയ്യിപ്പിക്കുന്ന ഏമാന്മാര്‍ക്കും സുപരിചിതം. എന്നാല്‍ സര്‍ക്കാരിനു വേണ്ടി പൊതുമരാമത്ത് പണി ചെയ്യിക്കുമ്പോള്‍ ‘അടങ്കല്‍’ എന്ന വാക്കിനു ചില പ്രത്യേക അര്‍ത്ഥങ്ങള്‍ നിയമാനുസൃതമായി ഉണ്ടാകുന്നു. അതെന്തെന്നു മനസ്സിലായാല്‍ ഇവിടെ വിവരിക്കുന്ന അഴിമതിയെന്തെന്നും മനസ്സിലാകും.

ഒരു മരാമത്ത് പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടി വരുന്ന ആകെ ചെലവ് കണക്കാക്കി അതിനെ ‘അടങ്കല്‍’ തുക എന്നു വിളിക്കുന്നു. റോഡ് പണി നടത്തുവാന്‍ അവശ്യം വേണ്ടുന്ന ഒരു ഘടകമാണ് ടാര്‍ അഥവാ കീല്‍. ഈ സാധനം വിപണിയില്‍ നിന്നും ആര്‍ക്കും വാങ്ങാവുന്ന ഒന്നല്ല. ഒന്നുകില്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കും എന്നിട്ട് അതിന്റെ വിപണിവില കരാറുകാരനില്‍ നിന്നും ഈടാക്കും, അല്ലെങ്കില്‍ ഉല്പാദകരില്‍ നിന്നും വാങ്ങികൊള്ളാന്‍ സര്‍ക്കാരില്‍ നിന്നും പ്രതേക അനുമതി പത്രം നല്‍കും. സര്‍ക്കാരായാലും, കരാറുകാരനായാലും ടാര്‍ ഉല്പാദകന് വാങ്ങുമ്പോഴുള്ള വിപണിവിലയാണ് നല്‍കേണ്ടത്.

മരാമത്ത് പണികള്‍ ചെയ്യുവാന്‍ വേണ്ടി പരസ്യപ്പെടുത്തുമ്പോള്‍ ആ പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടിവരുന്ന ‘അടങ്കല്‍’ തുക കൂടി സര്‍ക്കാര്‍ കണക്കാക്കി പരസ്യപ്പെടുത്തുന്നു. റോഡു പണിയാണെങ്കില്‍ ആ പണിക്കുപയോഗിക്കേണ്ടിവരുന്ന ടാറിന്റെ വിലയും ഉള്‍പ്പെടുത്തിയുള്ളതാണല്ലോ ‘അടങ്കല്‍’ തുക. ടാറിന്റെ വിലയെത്രയെന്നു പൊതുമരാമത്തു വകുപ്പ് കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നു. വിപണിയില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന വിലമാറ്റം ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ‘അടങ്കല്‍’ തുക കണക്കാക്കിയിരിക്കുന്നത് ടാറിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാല്‍ കുറവായ (സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്) വിലയാണെങ്കില്‍, കരാര്‍ തുകയില്‍ നിന്നും ടാറിന്റെ വിപണിവില കുറവുചെയ്തിട്ട് ബാക്കിയേ കരാര്‍ കാരനു നല്‍കേണ്ടതുള്ളൂ എന്നതാണ് നിയമപ്രകാരമുള്ള കീഴ്വഴക്കം. കാരണം, ടാര്‍ ഉല്പാദകനു സര്‍ക്കാര്‍ നല്‍കേണ്ടത് വിപണിവിലയാണ്, ‘അടങ്കല്‍’ തുകയില്‍ ഉള്‍പ്പെടുത്തിയ വിലയല്ല. കരാറുകാരന്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാങ്ങിയിരുന്നെങ്കിലും അവര്‍ നല്‍കേണ്ടത് വിപണിവിലയാണല്ലോ.

ഈ വിലവിത്യാസം നേരത്തേ അറിയാവുന്ന കരാറുകാര്‍ ‘അടങ്കല്‍’ തുകയെക്കാള്‍ ഇത്ര ശതമാനം കൂട്ടി പണിതീര്‍ത്തു തരാമെന്ന് രേഖപ്പെടുത്താറാണ് പതിവ്. അങ്ങനെയാണ് ചെയ്യേണ്ടതും. പണി പൂര്‍ത്തിയാകുമ്പോള്‍ ‘കരാര്‍ തുക’ യില്‍ നിന്നും ടാറിനു വേണ്ടി സര്‍ക്കാര്‍ ടാര്‍ ഉല്പാദകര്‍ക്ക് നല്‍കിയ വിപണിവില കുറച്ച് ബാക്കി കരാറുകാരനു നല്‍കി ഇടപാട് തീര്‍ക്കുന്നു.

ഇത്രയും മനസ്സിലായെങ്കില്‍ ഇനിപ്പറയുന്ന വെട്ടിപ്പും മനസ്സിലാകും.

അഞ്ചല്‍, ചെങ്ങന്നൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ റോഡ് പണികള്‍ നടത്തിയതിലാണ് ഈ വെട്ടിപ്പ് കണ്ടു പിടിച്ചതു.

1. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, ഉണക്കത്തോട്-ആനക്കുളം റോഡ് പണി നടത്തിയതിനു ചെലവാക്കിയ 31.27 ലക്ഷം രൂപയില്‍ 90000 രൂപ മേല്‍ വിവരിച്ച ടാറിന്റെ വിലവിത്യാസവും ഉള്‍പ്പെട്ടിരുന്നു. ഇതും കരാറുകാരനില്‍ നിന്നും പിടിക്കുന്നതിനു പകരം, അടങ്കല്‍ തുകയില്‍ ഉള്‍പ്പെടുത്തിയ ടാറിന്റെ കുറഞ്ഞ വില മാത്രമേ തിരിച്ചു പിടിച്ചൊള്ളൂ. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ ടാറിന്റെ വില തിരിച്ചു പിടിച്ചതായി തോന്നാം. എന്നാല്‍, 90000 രൂപ കുറച്ച് പിടിച്ച് കരാറുകാരനു നേട്ടം ഉണ്ടാക്കി കൊടുത്തത് ആഴ്ന്ന് ഇറങ്ങി ചെന്നാലേ തിരിച്ചറിയൂ. അക്കൌണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ കണ്ടു പിടിച്ചപ്പോള്‍, ആര്‍ക്കും ഒരു മറുപടിയും തരാനില്ല.

2. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ മറ്റൊന്നാണ് മണലില്‍-എറച്ചിക്കല്‍ റോഡ് പണി. കരാറുകാരനു കൊടുത്തു തീര്‍ത്ത 63.22 ലക്ഷം രൂപയില്‍ ടാറിന്റെ വിലവിത്യാസമായ 2.09 ലക്ഷം രൂപ കൂടി തിരിച്ച് പിടിക്കാതെ നേട്ടം ഉണ്ടാക്കി കൊടുത്തു. കാരണം ചോദിച്ചപ്പോള്‍, മറുപടിയില്ല.

3. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നടന്നു ഇതേ പോലൊരു തിരിമറി. മാന്തുക - റീത്തുപള്ളി പുത്തന്‍‌കണ്ടം റോഡാണ് പണി. കരാറുകാരനു കൊടുത്ത് തീര്‍ത്തത് 33.92 ലക്ഷം രൂപ. ടാറിന്റെ വിലവിത്യാസമായ 2.94 ലക്ഷം രൂപ തിരിച്ചു പിടിക്കാതെ കണ്ണടച്ചു.

അങ്ങനെ സര്‍ക്കാര്‍ ഖജനാവിലേക്ക് ചെല്ലേണ്ട 5.93 ലക്ഷം രൂപ ഗോപി.

വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാല്‍ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന റോഡ് പണിയുടെ വിശദാംശങ്ങളേ ലഭ്യമാക്കൂ. അതു പരിശോധിച്ച് ഖജനാവ് നഷ്ടം ഉണ്ടായതെങ്ങനെയെന്നറിയണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുദ്ദ്യോഗസ്ഥരോ, കരാറുകാരോ സഹായിക്കണം. അതുണ്ടാകാത്തതുകൊണ്ട്, മാധ്യമ സുഹൃത്തുക്കള്‍ക്ക് ഈ വിവരം ലഭ്യമാക്കിയാലും അവര്‍ക്കിത് പൊതിയാതേങ്ങയാണ്.

അറുബോറാണ് ഈ പോസ്റ്റൊന്നു വായിച്ച് മനസ്സിലാക്കാനെന്നറിഞ്ഞു കൊണ്ടു തന്നെ, ഞാന്‍ ഇത് പോസ്റ്റുന്നു.

11 comments:

അങ്കിള്‍. said...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ്‍ വിഷയം. പഞ്ചായത്തുകള്‍ കരാറുകാരെ സഹായിക്കുന്നതെങ്ങനെയെന്നു കണ്ടെത്തുന്നു. നല്ല ക്ഷമ വേണം ഒന്നു മനസ്സിലാക്കിയെടുക്കാന്‍.

അനില്‍@ബ്ലോഗ് // anil said...

അങ്കിളെ ,
ഞാന്‍ സഹായിക്കാം, ധാരാളം.

ഫോണ്ട് സൈസ് കുറക്കണം.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

അങ്കിളെ, നമ്മുടെ നാടിനെപറ്റിയുള്ള സകല പ്രതീക്ഷയും പൊലിഞ്ഞു, ഈ അടുത്ത കാലത്ത് നാട്ടില്‍ PWD യില്‍ എഞ്ചിനീയറായി ജോലി ചെയ്ത് കൊണ്ടിരുന്ന ഒരുകക്ഷി ജോലി വിട്ട് ഇവിടെ മൈഗ്രേറ്റ് ചെയ്തു വന്നിട്ടുണ്ട്!
കക്ഷിയോട് സംസാരിച്ചപ്പോഴാണ് സത്യത്തില്‍ നമ്മുടെ നാട് എത്രമാത്രം അധഃപതനത്തിലേക്കാണ് കൂപ്പ് കുത്തുന്നതെന്ന് അറിഞ്ഞത്, അഴിമതിയുടെ പിന്നാമ്പുറക്കഥകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിച്ചിരുന്നു പോയി.
ഇല്ല നമ്മുടെ നാടിനെകുറിച്ചെനിക്കൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ല:(

അനില്‍@ബ്ലോഗ് // anil said...

അങ്കിളെ,
എല്‍.എസ്.ജി.ഡി യിലെ ഒരു എഞ്ചിനീയറുമായി സംസാരിച്ചപ്പോള്‍ വന്ന ഒരു സംശയം.

അങ്കിള്‍ സൂചിപ്പിച്ച റോഡുകളുടെ കരാര്‍ തുക “agreement rate” എത്രയാണ്. ഓരോന്നിന്റ്റേയും? ഈ കരാര്‍ തുകയില്‍ എത്ര രൂപ കൂടുതല്‍ നല്‍കി?

അങ്കിള്‍ said...

അനിലേ,
ഇതു സംബന്ധിച്ച് എന്റെ കൈയ്യില്ലുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവയാണ്:

അടങ്കലില്‍ ഉള്‍പ്പെടുത്തിയ ടാറിന്റെ വില നിരക്ക് മെട്രിക്ക് ടണ്ണിനു 7223 രൂപയായിരുന്നെങ്കിലും, അക്കാലയളവില്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കേണ്ട യഥാര്‍ത്ഥ വില മെട്രിക്ക് ടണ്ണിനു 13500 രൂപയായിരുന്നു.

1.ഉണക്കത്തോട്-ആനക്കുളം റോഡ്.
*പ്രതീക്ഷിത അടങ്കല്‍ തുക =31.17 ലക്ഷം
*പ്രവര്‍ത്തിയുടെ മുല്യം (കൊടുത്ത പണം)=30.37 ലക്ഷം
*ടാറിന്റെ വിലവിത്യാസം (കൊടുത്തത്) =90000 രൂപ.

2.മണലില്‍-എറച്ചിക്കല്‍ റോഡ്
*പ്രതീക്ഷിത അടങ്കല്‍ തുക=61.13 ലക്ഷം
*പ്രവര്‍ത്തിയുടെ മുല്യം (കൊടുത്ത പണം)= 61.13 ലക്ഷം
*ടാറിന്റെ വിലവിത്യാസം (കൊടുത്തത്) =2.09 ലക്ഷം രൂപ.

3.മാന്തുക - റീത്തുപള്ളി പുത്തന്‍‌കണ്ടം റോഡ്
*പ്രതീക്ഷിത അടങ്കല്‍ തുക=31 ലക്ഷം
*പ്രവര്‍ത്തിയുടെ മുല്യം (കൊടുത്ത പണം)= 30.98 ലക്ഷം
*ടാറിന്റെ വിലവിത്യാസം (കൊടുത്തത്) =2.94 ലക്ഷം രൂപ.

0.90+2.09+2.94=5.93 ലക്ഷം. രൂപ അധികം നല്‍കി.

അങ്കിള്‍ said...

അനിലേ, അടങ്കല്‍ തുകയില്‍ നിന്നും 7223 രുപ നിരക്കിലേ ടാറിന്റെ വിലയായി തിരിച്ചു പിടിച്ചുള്ളൂ. തിരിച്ചു പിടിക്കേണ്ടിയിരുന്നത് 13,500 രൂപ നിരക്കിലായിരുന്നു. കാരണം, സര്‍ക്കാര്‍ ഏണ്ണകമ്പനികള്‍ക്ക് കൊടുക്കുന്നത് ആ നിരക്കിലാണ്.

അങ്ങനെ കണക്കാക്കുമ്പോള്‍, 5.93 ലക്ഷം രൂപ അധികമായി കരാറുകാരനു കൊടുത്തു.

അനില്‍@ബ്ലോഗ് // anil said...

ഇപ്പോള്‍ മനസ്സിലായി.

ബിറ്റുമെന്‍ സര്‍ക്കാര്‍ നല്‍കിയത്, അങ്ങിനെ അല്ലെ?

അതില്‍ ചെറിയൊരു സാങ്കേതികത ഉണ്ട്.

98 ലോ മറ്റോ ആണെന്നു തോന്നുന്നു ഒരു സര്‍ക്കാര്‍ ഉത്തരവു വന്നിട്ടുണ്ട്. അത് ഇപ്രകാരം പറയുന്നുണ്ട്;ബിറ്റുമെന്‍, കരാറുകാരനാണ് വാങ്ങുന്നതെങ്കില്‍, എഗ്രീമെന്റ് തുകയേക്കാള്‍ കൂടിയ വില അയാള്‍ക്കു ചിലവായിട്ടുണ്ടെങ്കില്‍, അത് അയാള്‍ക്ക് അധികമായി പഞ്ചായത്ത് നല്‍കണം എന്നും, അല്ല പഞ്ചായത്താണ് വാങ്ങുന്നതെങ്കില്‍ കൂടുതല്‍ വന്ന തുക മറ്റു രീതിയില്‍ വകയിരുത്തണം എന്നുമാണ്.

പഞ്ചായത്തുകളുടെ ബിറ്റുമെന്‍ വര്‍ക്ക് എടുക്കാന്‍ ആളെകിട്ടാതെ വന്ന സമയത്ത് ഇട്ട ഒരു ഓര്‍ഡറാണത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇനിയും കഥകള്‍ വരട്ടെ. ഞാനും കൂടാം.

ആസൂത്രണം വികേന്ദ്രീകരിച്ച കൂട്ടത്തില്‍ അഴിമറ്റിയും താഴേക്കു പോന്നിരിക്കുന്നു.

keralainside.net said...

പ്രിയപ്പെട്ട അങ്കിൾ,
കേരള ഇൻസൈഡിൽ വന്നു അഭിപ്രായം നൽകിയതിന് നന്ദി. അങ്കിൾ പറഞതു ശരിയായിരുന്നു..ഫയർ ഫോക്സിൽ ഒരു ചെറിയ കുഴപ്പം ഉണ്ടായിരുനു പേജ് കാണിക്കുന്നതിന്...അതു ശരിയാക്കിയിട്ടുണ്ട്..
ഇപോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട് ..വിഭാഗവും തിരിച്ചിട്ടുണ്ടല്ലോ..ഇനിയും സൈറ്റ് സന്ദർശിക്കണം..ബ്ലാങ്ക് പേജ് ലഭിക്കുന്നു വെങ്കിൽ .ഒരിക്കൽ മാത്രം ഫയർ ഫോക്സിന്റെ ഹിസ്റ്ററി ഡാറ്റ ക്ക്ലിയർ ചെയ്തു നോക്കൂ..

അങ്കിള്‍ said...

അനിലേ 1998 ലെ സ്ഥിതിയൊക്കെ മാറി. ഈ തിരിമറി കണ്ടുപിടിച്ചത് 2007 ലാണ്. അന്നുതന്നെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ വിവരം രേഖാമൂലം അക്കൌണ്ടാന്റ് ജനറല്‍ അറിയിച്ചിട്ട് അവരുടെ വിശദീകരണം ആവശ്യപ്പെട്ടു. വിട്ടു പോയതാണെന്ന് സമ്മതിച്ചു. കാരണം ഇതൊരു ‘അടങ്കല്‍’ പണിയായിരുന്നു. സര്‍ക്കാരിനേയും 2007 ല്‍ തന്നെ അറിയിച്ചു, നടപടി എന്തെടുത്തു എന്നറിയിക്കാന്‍ . ഒരു കൊല്ലമായിട്ടും മരുപടി തന്നില്ല.

keralafarmer said...

അങ്കിളെ പഞ്ചായത്തുകള്‍ കരാറുകാറെ സഹായിച്ചാലെ അവര്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ പങ്കു പറ്റാന്‍ കഴിയുകയുള്ളു.