സുനാമി. ഈ പേര് കേള്‍ക്കാത്തവര്‍ കേരളത്തില്‍ ചുരുക്കം. ആലപ്പുഴ കടലോര പ്രദേശങ്ങളില്‍ സുനാമി ഉണ്ടാക്കിയ നാശനഷ്ടങ്ങളെപറ്റി അറിയാത്തവരും ചുരുക്കം. വള്ളവും വലയും വീടും മറ്റു ജംഗമവസ്തുക്കളും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഷ്ടപ്പെട്ടിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അന്നത്തെ ജനങ്ങളുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരിയ പഞ്ചായത്തു ഭരണാധികാരികളെ ചിറിനക്കി പട്ടികള്‍
എന്നല്ലാതെ വേറെ വിളിക്കാന്‍ പറ്റിയ വാക്കുകള്‍ കിട്ടുന്നില്ല.
ചിറിനക്കി പട്ടികളായ പഞ്ചായത്തു ഭരണക്കാര്‍ വെട്ടിച്ചത് ഒന്നും രണ്ടും രൂപയല്ല, 28.79 ലക്ഷം വിലവരുന്ന 349.65 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യമാണ്. എല്ലാം നഷ്ടപ്പെട്ട സുനാമി ബാധിതര്‍ക്ക് വിശപ്പടക്കാനായി ഭരണകൂടം കൊടുത്തയച്ചതാണിത്. ഇനിയിതെങ്ങനെ അടിച്ചുമാറ്റി എന്നു വായിക്കൂ:
സുനാമിയില്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ റോഡുകളില്‍ ഭൂരിഭാഗവും നശിച്ചു. ആ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനു സുനാമി ബാധിതരെ ഉപയോഗപ്പെടുത്തിയാല്‍ റോഡും ശരിയാക്കിയെടുക്കാം, ഏല്ലാം നഷ്ടപ്പെട്ട കുറേപേര്‍ക്ക് തൊഴില്‍ ചെയ്തതിനു പകരമായി കൂലിയും നല്‍കാം. ഇതായിരുന്നു സര്‍ക്കാരിന്റെ ചിന്ത. ചാകര വരുന്നു എന്നു മനസ്സിലാക്കിയതു കൊണ്ടാകണം, ആറാട്ടുപുഴ പഞ്ചായത്തുകാര് അവിടെയുള്ള റോഡുകള്‍
പുനര്‍നിര്‍മ്മിക്കാനായി 12 പദ്ധതികള്‍ക്ക് 2005 ആഗസ്റ്റ്, നവമ്പര്‍ മാസങ്ങളില്‍ രൂപം കൊടുത്തു. എല്ലാം കൂടി 60.63 ലക്ഷം രൂപയുടെ മൊത്ത അടങ്കല്‍ വരുന്ന 12 പദ്ധതിക്ക് ആലപ്പുഴ ജില്ലാ ഗ്രാമവികസന ഏജന്‍സി ഉടന്‍ തന്നെ ഭരണാനുമതിയും നല്കി.
ഈ തുകയില്‍ 31.84 ലക്ഷം രൂപ പണമായും 28.79 ലക്ഷം രൂപ ഭക്ഷ്യധാന്യ വിഹിതമായും ആയിരുന്നു നല്‍കിയത്. സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് ‘ഗുണഭോക്ത സമിതി’കളുണ്ടാക്കി, ആ സമിതികളുമായാണ് മേല്‍പ്പറഞ്ഞ റോഡ് പണി ചെയ്യുവാന്‍ 2005 ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ തന്നെ കരാര്‍ ഉറപ്പിച്ചത്. ഉടന്‍ തന്നെ ആലപ്പുഴ ഡി.ആര്.ഡി.എ പ്രോജക്ട് ഓഫീസര്‍ ഫുഡ് കോര്‍പ്പറേഷന്റെ ആലപ്പുഴ
ഡിപ്പോയില്‍ നിന്നും അവശ്യം വേണ്ട 349.65 മെട്രിക്ക് ടണ്‍ അരി എടുക്കുന്നതിനുള്ള അധികാരപത്രവും പഞ്ചായത്തു സെക്രട്ടറിക്കു നല്കി.
ഈ അധികാരപത്രം രണ്ടായിട്ടാണ് നല്‍കിയത്. എട്ടു പ്രവര്‍ത്തികള്‍ക്കു വേണ്ടിയുള്ള 103.70 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു ഒന്നും, ബാക്കിയുള്ള 4 പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള 245.95 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു വേണ്ടി മറ്റൊന്നും. ഈ അധികാരപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, മുഴുവന്‍ അളവ് (349.65 മെട്രിക് ടണ്‍) അരിയും 2005 നവമ്പറില്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു. ഇതു വരെ സംഗതികളെല്ലാം ക്ലീന്‍ . എന്തൊരാത്മാര്‍ത്ഥത!!.
ഈ ഭക്ഷ്യധാന്യങ്ങളെല്ലാം ഗുണഭോക്താക്കള്‍ക്കെത്തിക്കാനായി ഓരോരോ കണ്‍വീനര്‍മാരെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. പഞ്ചായത്തു
ഭരണസമിതി തന്നെയാണ് ഈ ക്ണ്‍വീനര്‍മാരെ കണ്ടെത്തിയത്. ഇതില്‍ 235.95 മെട്രിക് ടണ്‍ അരി നാലു പ്രവര്‍ത്തികളുടെ കണ്‍വീനര്‍മാരെ 2005 നവമ്പര്‍ 30 നു ഏല്‍പ്പിച്ചു. പാവപ്പെട്ട സുനാമി ബാധിതര്‍ ഇതൊന്നും അറിയുന്നേയില്ല. ഇതൊന്നും ശ്രദ്ധിച്ചില്ലെന്നു പറയുന്നതാവും ശരി. കാരണം, പല ശ്രോതസ്സുകളില്‍ നിന്നും ദുരിതാശ്വാസങ്ങള്‍ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.
റോഡ് പണി തുടങ്ങിയാലല്ലേ കൂലിയായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടതുള്ളൂ. കണ്‍വീനര്‍മാര്‍ റോഡ് പണി തുടങ്ങിയതേ ഇല്ല. മെട്രിക്ക് ടണ്ണിനു 13,837 രൂപ പ്രകാരം 34.03 ലക്ഷം രൂപക്കുള്ള 245.95 മെട്രിക് ടണ്‍ അരി എന്തു ചെയ്തുവെന്നതിനു രേഖകളൊന്നും ഇല്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോഴും റോഡ് പണിയൊന്നും തുടങ്ങാത്തപ്പോഴാണ് അന്വേഷണം തുടങ്ങിയത് (പുതിയ ഭരണ സമിതിയായിരിക്കണം!). അക്കൌണ്ടന്റ് ജനറലും പരിശോധനക്കെത്തി.
പമ്പ് ഹൌസ്സ് കവല മുതല്‍ ലക്ഷ്മി ഹൌസ്സ് കവലവരെയുള്ള റോഡിന്റെ നിര്‍മ്മാണം 2005 ഒക്ടോബര്‍ 5 നു ഏല്‍പ്പിച്ചിരുന്ന കണ്‍വീനര്‍മാരില്‍ ഒരാള്‍ ഒന്‍പതു വര്‍ഷം മുമ്പ് 1996 ഡിസമ്പര്‍ 14-നു അന്തരിച്ച വ്യക്തിയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടുപിടിച്ചു. ഇതിനര്‍ത്ഥം ഇതു മുഴുവന്‍ വെട്ടിക്കണമെന്നു മുന്‍കൂര്‍ പദ്ധതിയിട്ടിരുന്നു എന്നുതന്നെയല്ലേ. നാലു കണ്‍വീനര്‍മാരെ ഏല്‍പ്പിച്ചത് 245.95 മെട്രിക്ക് ടണ്‍ അരിയാണ്. ബാക്കി കിട്ടിയ 103.70 മെട്രിക്ക് ടണ്‍ അരി പഞ്ചായത്തിന്റെ സ്റ്റോക്കിലും ഏടുത്തിട്ടില്ല, ആര്‍ക്കുമൊട്ട് വിതരണം ചെയ്തിട്ടുമില്ല. ചുരുക്കത്തില്‍ കിട്ടിയ മുഴുവന്‍ അരിയും (349.65 മെട്രിക് ടണ്‍) എല്ലാരുംകൂടി കടത്തി പുട്ടടിച്ചു. പിന്നീടുള്ള പരിശോധനയില്‍ മനസ്സിലായത് ഈ 103.70 മെട്രിക്ക് ടണ്‍ അരി (14.35 ലക്ഷം രൂപ) അടിച്ചു മാറ്റിയത് പഞ്ചായത്ത് ഓഫീസ്സിലെ തന്ന ഒരു ക്ലാര്‍ക്കായിരുന്നു. കണ്‍വീനര്‍മാക്ക് ഈ ക്ല്ലാര്‍ക്ക് ചെയ്ത സഹായത്തിനു
പ്രത്യോപകാരമായിരിക്കണം ഇത്. ഏതായാലും അയാളിപ്പോള്‍ സസ്പെന്‍ഷനിലാണ്. സ്റ്റോക്കില്‍ എടുക്കാതിരുന്നതുകൊണ്ട് അതിനെപറ്റി അന്വഷിച്ചു കണ്ടുപിടിച്ചു. സ്റ്റോക്കിലെടുത്തിട്ട് കണ്‍വീനര്‍മാര്‍ക്ക് വീതിച്ചു കൊടുത്തതായി രേഖപ്പെടുത്തിയ ഭക്ഷ്യധാന്യം എവിടെപ്പോയി എന്നറിയാന്‍ മാര്‍ഗ്ഗമില്ല. കണ്‍വീനര്‍മാര്‍ അതിന്റെ കണക്കു വച്ചാലല്ലേ കണ്ടുപിടിക്കൂ.
2006 സെപ്റ്റമ്പറില് ഗ്രാമ പഞ്ചായത്ത് നല്കിയ നോട്ടിസ്സ് ലഭിച്ച കണ്‍വീനര്‍മാരില്‍ ഒരാള്‍ നോട്ടീസ്സില്‍ പറയുന്നതു പോലെ തനിക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതിയുമായി 2006 സെപ്റ്റമ്പര്‍ 28 നു ഓംബുഡ്സ്മാനെ സമീപിച്ചപ്പോള്‍ മാത്രമാണ് ക്ലാര്‍ക്കിന്റെ ഈ കൃത്രിമം വെളിയില്‍ വന്നത്.
ഇതാണ് വായനക്കാരേ ജനകീയാസൂത്രണം.
ഒരാള്‍ക്കെതിരെ നടപടിയെടുത്തതു കൊണ്ടായോ. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തണ്ടേ. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം അക്കൌണ്ടന്റ് ജനറല്‍ 2007 ഡിസമ്പറില്‍ സര്‍ക്കാരിനെ അറിയിച്ചത്. നാളിതുവരെ മറുപടിയോ, നടപടിയോ ഇല്ല.
ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്.
[തീര്‍ന്നില്ലാ, ഇനിയും വരുന്നുണ്ട് ഇതുപോലത്തെ അഴിമതി കഥകളുമായി.]
Saturday, October 11, 2008
ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടികള്‍:- ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്ത്
Labels:
അഴിമതി,
ആറാട്ടുപുഴ പഞ്ചായത്ത്,
ജനകീയാസൂത്രണം,
സുനാമി
Subscribe to:
Post Comments (Atom)
14 comments:
വള്ളവും വലയും വീടും മറ്റു ജംഗമവസ്തുക്കളും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഷ്ടപ്പെട്ടിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അന്നത്തെ ജനങ്ങളുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരിയ പഞ്ചായത്തു ഭരണാധികാരികളെ ചിറിനക്കി പട്ടികള്‍
എന്നല്ലാതെ വേറെ വിളിക്കാന്‍ പറ്റിയ വാക്കുകള്‍ കിട്ടുന്നില്ല.
ചിറിനക്കി പട്ടികളായ പഞ്ചായത്തു ഭരണക്കാര്‍ വെട്ടിച്ചത് ഒന്നും രണ്ടും രൂപയല്ല, 28.79 ലക്ഷം വിലവരുന്ന 349.65 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യമാണ്. എല്ലാം നഷ്ടപ്പെട്ട സുനാമി ബാധിതര്‍ക്ക് വിശപ്പടക്കാനായി ഭരണകൂടം കൊടുത്തയച്ചതാണിത്.
അങ്കിളേ ഇതൊന്നും ആരും വായിക്കുകയും കമന്റുകയും ഇല്ലായിരിക്കും.
അവര്‍ നമ്മളെ നന്നാക്കി കൊണ്ടിരിക്കുകയല്ലേ
അങ്കിളേ,
ഒരോന്നോരോന്നായി പുറത്ത് വരട്ടെ :)
അധികാരത്തിലുള്ളവരില്‍ മിക്കവരും അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിയിരിക്കുന്പോള് എന്തു പ്രതീക്ഷിക്കാന്‍?
:(
ആസനത്തില്‍ ആല് കിളിച്ചാല്‍ അതും ഒരു തണലാണെന്ന് കരുതുന്ന രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഖ്ഹന്മാരും ഉള്ള നാടല്ലേ അങ്കിള്‍! ഈശ്വരോ രക്ഷതു....
വെള്ളായണി വിജയന്
കലക്കി അന്കിളേ. ആ പഞ്ചായത്തു ഭരണസമിതിയുടെ പാര്‍ട്ടി കൂടി എഴുതിയിരുന്നെന്കിൽ എതിര്പാര്ട്ടിക്കാരെന്കിലും ഉണ്ടായേനെ പ്രതികരിക്കാന്‍.
:)
അധികാര വികേന്ദ്രീകരണം താഴെത്തട്ടുവരെ വീതിച്ചപ്പോള്‍ ചെലവ് അല്പം കൂടി. ഈ അക്കൊണ്ട്സ് ആന്‍ഡ് ആഡിറ്റ് ജനറല്‍ ഇതേപോലെ ധാരാളം കണ്ടുപിടിച്ചിട്ടുണ്ടല്ലോ. നഷ്ടപ്പെട്ട തുക തിരികെ കിട്ടിയതായി വല്ല കണക്കും ഉണ്ടോ അങ്കിളെ. കാട്ടിലെ തടി തേവരെ ആന. നഷ്ടം ഖജനാവിന്.
അങ്കിളെ,
കണ്‍വീനര്‍ വര്‍ക്കുകളാണ് പഞ്ചായത്തുകള്‍ക്ക് ഏറ്റവും ഇഷ്ടം.മൊത്തത്തില്‍ ഒരു കൂട്ടുകച്ചവടമായതുകൊണ്ട് ആരും സാധാരണ നിലയില്‍ പരാതിപ്പെടാറില്ല. ഇവിടെ റോഡൂ പണി നടക്കാഞ്ഞതുകൊണ്ടാണ് അതു കണ്ടെത്തിയത്.
ഓ.ടോ
മലപ്പുറത്ത് ഒരു റോഡിനു 14 തവണ ഫണ്ട് ചിലവഴിച്ചു എന്നു പത്രവാര്‍ത്ത വായിച്ചിരുന്നു, ഒരോ തവണയും പേരു മാറ്റി മാറ്റി കൊടുക്കു. ഭരിക്കുന്നത് ഏതു പാര്‍ട്ടിയായാലും കണക്കു തന്നെ.
ആ കണ്‍വീനര്‍മാരെ കണ്ടെത്തി പഞ്ചായത്ത് കൂടി ശിക്ഷ വിധിക്കുക. പത്രങ്ങളില്‍ വാര്‍ത്തയാക്കുക. അത് മറ്റുള്ളവര്‍ക്കും പാഠമാകണം. പക്ഷേ കണ്‍വീനര്‍മാര്‍ ലോക്കല്‍ രാഷ്ട്രീയ നേതാക്കളാകുമ്പോള്‍ ഇത് നടപ്പാകുമോ? സാധാരണ ജനങ്ങള്‍ ഇത്തരം ഇത്തിള്‍ കണ്ണികള്‍ക്കെതിരെ സംഘടിച്ചിരുന്നെങ്കില്‍ എന്നേ കേരളം നന്നായാനേ.....
പിന്നെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്നത് കേരളത്തിന്റെയോ, ഇന്ത്യയുടെയോ മാത്രം കാര്യമല്ല... അമേരിക്കയില്‍ കത്രീന കൊടുങ്കാറ്റില്‍ പെട്ടവര്‍ക്ക് നല്കിയ ആശ്വാസത്തില്‍ നിന്ന് കോടികളാണ് ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും അടിച്ച് മാറ്റിയതത്രേ!
മനോജേ,
താങ്കള്‍ കേരളത്തിലല്ലെ ജീവിക്കുന്നത്? അല്ല അല്ലെ?
ഈ കാര്യത്തില്‍ ഒന്നാം സ്ഥാനത്തിനു പഞ്ചായത്തുകള്‍ തമ്മില്‍ മത്സരമാണ്. :)
പിന്നെ ഈ കണ്വീവര് വര്‍ക്കുകള്‍ മിക്കവാറും ഏതെങ്കിലും നേതാക്കന്മാരുടേയോ, അധികപക്ഷം വാര്‍ഡ് മെംബര്മാരുടേയോ ബിനാമികളായിരിക്കും.
ഇവനൊക്കെ ചിറി നക്കി നായ മാത്രം അല്ല മറ്റുള്ളവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരാന്‍ മാത്രം പടച്ചു വിട്ടിരിക്കുന്ന പേപ്പട്ടികളാണ്. ഇവനയൊക്കെ ചന്തയിലിട്ടു തല്ലിക്കൊല്ലണം. പക്ഷേ പറഞ്ഞിട്ടെന്തു ഫലം ഇവനൊക്കെ കൂടി നമ്മുടെ കയ്കള്‍ ചങ്ങലക്കിട്ടിരിക്കുവല്ലേ??
ഇതൊക്കെ ഇവിടെ സാധാരണം.. പ്രതികരിക്കുന്നവന് പേപ്പട്ടി എന്നതല്ലേ പുതിയ രാഷ്ട്രീയ ചുരുക്കെഴ്ത്. ഇതു കൊണ്ടു ഇവന്റെയോ ഇവന്റെയൊക്കെ അടുത്ത തലമുറയോ ഗതി പിടിക്കുമോ ആവോ? കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നാണല്ലോ.......
അഴിമതി സാമാന്യവത്ക്കരിയ്ക്കപ്പെട്ട കാലഘട്ടത്തില്‍ എന്തു പറയാന്‍?
ആര്‍ക്ക് കല്ലെറിയാന്‍ കഴിയും?
നമ്മുടെ നാട്ടില്‍ എന്തു അഴിമതി നടത്തിയാലും അതിന്റെ കേസ് നടത്തിയാല്‍ തന്നെ വര്‍ഷങ്ങളെടുക്കും അതു തീര്‍പ്പാകാന്‍ .. ഇനി ശിക്ഷ വിധിച്ചാലും ഒരു സസ്പെന്‍ഷനില്‍ ഒതുങ്ങും എല്ലാം ... പിച്ചചട്ടിയില്‍ പോലും കയ്യിട്ടുവാരാന്‍ ഒരു മടിയും ഇല്ലാത്ത ഇതുപോലുള്ള ഉദ്യോഗസ്ഥരെ പരസ്യമായി ചാട്ടവാറിനടിക്കണം ...
Post a Comment