ആദ്യത്തെ കാലഘട്ടങ്ങളില്‍ യു.ഡി.എഫും അവസാന കാലഘട്ടത്തില്‍ എല്‍.ഡി.എഫും ആയിരുന്നു ഭരണാധികാരികള്‍ എന്നു കൂടി പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ സഹായിക്കും.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ നിന്നും കേരളസംസ്ഥാനം ഏറ്റെടുത്ത ഭക്ഷ്യധാന്യത്തിന്റെ അളവാണ് മേലുദ്ധരിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായില്ലേ?. 2006-07 വര്‍ഷത്തില്‍ കേരളസംസ്ഥാനം ഏറ്റെടുത്ത അരിയും ഗോതമ്പും മുന്‍കാലത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞുപോയതുകൊണ്ടല്ലേ പില്‍കാലത്ത് കേന്ദ്രം അരി കുറച്ചതും മുറവിളി കൂട്ടേണ്ടി വന്നതും?. അവിടെയാണു കളിയും കഥയും എന്താണെന്നറിയേണ്ടത്.
2006-07 വര്‍ഷത്തിനു മുമ്പ് അരി ഏറ്റെടുത്ത രീതിയിലും അതിന്റെ വിനിയോഗത്തിലും നടത്തിയ കുംഭകോണം കണ്ടമ്പരന്ന മാറി വന്ന സര്‍ക്കാര്‍ 2006-07 ല്‍ കൂടുതല്‍ അരി ഏറ്റെടുക്കാന്‍ മടി കാണിച്ചുവെന്നാണ് കണക്കും സാഹചര്യവും വെളിവാക്കുന്നത്. ഇതിനിടെ 2006-ല്‍ ഉദ്ദേശശുദ്ധിയോടെ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവും വെളുക്കാന്‍ തേച്ചത് പാണ്ഢു പോലെയായി (വിശദാംശങ്ങള്‍ പിന്നീട്). എന്നാല്‍ മുന്‍ കാലങ്ങളില്‍ നടന്ന ഭക്ഷ്യധാന്യ അഴിമതിയുടെ മുഴുവന്‍ ചിത്രവും അടങ്ങിയ സി.ഏ.ജി റിപ്പോര്‍ട്ട് കൈയ്യിലുണ്ടായിരുന്നിട്ടും അതിനെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഇനി, മുഴുവന്‍ കഥയും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം:
ഗ്രാമീണ ദരിദ്രജനതക്ക് കൂടുതല്‍ തൊഴില്‍, വേതനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുവാന്‍ 2001 സെപ്റ്റമ്പറില്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ റോസ്ഗാര്‍ യോജനയോടെയാണ് രംഗം ആരംഭിക്കുന്നത്.
- കരാറുകാരെ ഒഴിവാക്കി ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
- കൂലിയുടെ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണം.
- ഒരാള്‍ക്ക് പ്രതിദിനം 5 കിലോഗ്രാം നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന്റെ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നവമ്പര്‍ 2005 മുതല്‍ ഇത് 3 കിലോഗ്രാമായി കുറച്ചു.
- പണമായി നല്‍കേണ്ട കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ 75:25 അനുപാദത്തില്‍ നല്‍കണം.
- സംസ്ഥാനതലത്തില്‍ ഗ്രാമവികസന കമ്മീഷണരും ദേശീയ തലത്തില്‍ ഗ്രാമവികസന മന്ത്രാലയവും പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നു.
- ഓരോ വര്‍ഷവും ഓരോ ജില്ലക്കും അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യവിഹിതം ഗ്രാമവികസന മന്ത്രാലയം ഗ്രാമവികസന കമ്മീഷണറെ അറിയിക്കും.
- ഈ വിഹിതം ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യ വില ഈടാക്കാതെ നല്‍കും.
- ഇങ്ങനെ സൌജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ന്യായവില കേന്ദ്ര മന്ത്രാലയം FCI ക്ക് നല്‍കും.
- എന്നാല്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കേണ്ട വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം സംസ്ഥാനസര്‍ക്കാരിനുണ്ടായിരിക്കും.
- ഇത് ദാരുദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 6 രൂപ 20 പൈസ നിരക്കിലും ദാരിദ്ര്യരേഖക്കു മുകളിലുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 8 രൂപ 90 പൈസ നിരക്കിനും ഇടയിലായിരിക്കണം.
- ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളിക്ക് വിതരണം ചെയ്യേണ്ടത് പൊതുവിതരണ സമ്പ്രദായത്തിലൂടെയോ ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി വഴിയോ ആയിരിക്കണം.
- അതുപോലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പടെ എല്ലാ പദ്ധതി നടത്തിപ്പ് ഏജന്‍സികള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങള്‍ എടുക്കേണ്ടത് പഞ്ചായത്തോ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റോ (ദാലയു) ആയിരിക്കണം.
- ജില്ലാപഞ്ചായത്തു സെക്രട്ടറിയുടെ അല്ലെങ്കില്‍ ദാലയുവിന്റെ പ്രോജക്റ്റ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കണം ഭക്ഷ്യധാന്യങ്ങളുടെ കൈമാറ്റവും വിതരണവും.
- ഓരോ ജില്ലയുടെയും വിഹിതത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം നിശ്ചയിക്കേണ്ടത് അതതു ജില്ലയുടെ ദാലയു ആണ്.
- ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ കട അടിസ്ഥാനമാക്കിയുള്ള കണക്ക് ശേഖരിക്കണം.
- റേഷന്‍ മൊത്തവിതരണശാല ക്രമത്തിലുള്ള ഇന്‍ഡന്റ് തയ്യാറാക്കണം.
- അതിനെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യക്ക് ദാലയു വഴി ലഭ്യമാക്കണം.
- റേഷന്‍ മൊത്തവ്യാപാരികള്‍ FCI ഗോഡൌണുകളില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റുവാങ്ങി റേഷന്‍ കടകളെ ഏല്‍പ്പിക്കണം.
- അവിടെ നിന്നാണ് ആവശ്യാനുസരണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടത്.
- ദാലയു നല്‍കിയ ഇന്‍ഡന്റുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്‍പ്പിക്കുവാന്‍ FCI യെ ചുമതലപ്പെടുത്തി.
- സെക്രട്ടറിമാര്‍ ഓരോ പ്രവര്‍ത്തിക്കും ആവശ്യമായ ഭക്ഷ്യധാന്യം മുഴുവന്‍ ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ക്ക് നല്‍കി.
- റേഷന്‍ മൊത്ത-ചില്ലറ വില്പനശാലകള്‍ മുഖേന തൊഴിലാളികള്‍ക്ക് അവര്‍ ചെയ്തു തീര്‍ക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനു പകരം, FCI ഗോഡൌണില്‍ നിന്നും ലഭിച്ച മൊത്തം ഭക്ഷ്യധാന്യവും കണ്‍വീനര്‍മാര്‍ക്ക് ഒറ്റയടിക്കു നല്‍കി.
- ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോറ്പ്പറേഷന്റേയും കണ്‍വീനര്‍മാരുടെ സ്വകാര്യ ഗോഡൌണുകളിലും സൂക്ഷിച്ചു.
തീര്‍ന്നില്ല. സംഗതികള്‍ തുടങ്ങുന്നതേയുള്ളൂ. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മൊത്ത/ചില്ലറ പൊതുവിതരണ ഡിപ്പോകളിലേക്കുള്ള കടത്തു കൂലിയും കൈകാര്യചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വരുന്ന ചണചാക്കുകള്‍ വിറ്റു കിട്ടുന്ന വരുമാനം കടത്തുകൂലി / കൈകാര്യചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
കണ്‍വീനര്‍മാരല്ലേ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ചണചാക്കുകളുടെ വില അവരില്‍ നിന്നല്ലേ ഈ ടാക്കേണ്ടിയിരുന്നത്. നാലു പഞ്ചായത്തുകള്‍ പരിശോധിച്ചു നോക്കി. നാലിലും കൂടി 1.44 ലക്ഷം ചാക്കുകളാണുണ്ടാകേണ്ടിയിരുന്നത്. ചാക്കൊന്നിനു 5 രൂപ നിരക്കില്‍ (സര്‍ക്കാര്‍ നിശ്ചയിച്ചത്) 7.20 ലക്ഷം രൂപയില്‍ ഒരു രുപ പോലും സര്‍ക്കാരിനു കിട്ടിയില്ല. മുഴുവന്‍ കണ്‍വീനര്‍മാര്‍ മുക്കി.
കൊണ്ടുപോയി സ്വകാര്യ ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗതി, അധോഗതിയായി. എറണാകുളം ജില്ലാ പഞ്ചായത്തില്‍ പരിശോധിച്ചപ്പോള്‍, അവിടുത്തെ എഫ്.സി.ഐ യില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്റേയും കണ്‍വീനര്‍മാരുടേയും ഗോഡൌണുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. 2007 ജൂലൈവരെയുള്ള നിലയനുസരിച്ച് 235.02 മെട്രിക് ടണ്‍ അരിയും 10.27 മെട്രിക് ടണ്‍ ഗോതമ്പും ഉപയോഗിക്കാതെ ആറു വര്‍ഷം വരെ അവിടെ തന്നെ വച്ചിരിക്കുന്നതായി കണ്ടെത്തി. 34.28 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യധാന്യമാണിത്. കാലിതീറ്റയായിക്കഴിഞ്ഞ ഇതിനെയെങ്ങിനെ തൊഴിലാളികള്‍ക്കിനി വിതരണം ചെയ്യും?
ഇതുകൊണ്ടായിരിക്കില്ലേ, ഏറണാകുളം ജില്ലയില്‍ മാത്രം( അവിടെയേ പരിശോധന നടത്തിയുള്ളൂ, ഈ വിഷയത്തില്‍) 2006-07 ല്‍ 65.54 ലക്ഷം രൂപ വിലവരുന്ന 437.57 മെട്രിക് ടണ്‍ അരിയും 37.07 മെട്രിക് ടണ്‍ ഗോതമ്പും എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുക്കാന്‍ മടിച്ചതും, തല്‍ഫലമായി കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി അനുവദിച്ച ഭക്ഷ്യധാന്യവിഹിതം കാലഹരണപ്പെട്ടതും?
ഇനി മറ്റൊരു സംഭവം: 2002-03 വര്‍ഷത്തില്‍ ദാലയുവിന്റെ കൊല്ലം യൂണിറ്റ് കൊല്ലം ജില്ലാ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാനായി 2243 മെട്രിക് ടണ്‍ അരി അനുവദിച്ചു. എഫ്.സി.ഐ യുടേയും ദാലയുവിന്റേയും കണക്കു പ്രകാരം അനുവദിച്ച മുഴുവന്‍ അരിയും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്ലം പഞ്ചായത്ത് യതാര്‍ത്ഥത്തില്‍ കൈപറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നത് വെറും 804.357 മെട്രിക് ടണ്‍ അരി മാത്രമായിരുന്നു. അതായത് 1438.643 മെട്രിക് ടണ്‍ അരി എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്തവര്‍ ഒന്നോടെ വിഴുങ്ങി. പൊതു ഖജനാവിനു നഷ്ടം 2.04 കോടി രൂപ.
ഇനിയുള്ളതു കേള്‍ക്കൂ: പഞ്ചായത്തു സെക്രട്ടറിമാര്‍ എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്കല്ല മറിച്ച് കണ്‍വീനര്‍മാര്‍ക്കാണ് നല്‍കിയതെന്നു പറഞ്ഞുവല്ലോ. ഈ കണ്‍വീനര്‍മാരില്‍ പലരും ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം പൊതു വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്ക് വിറ്റു. എന്നിട്ട് തൊഴിലാളികള്‍ക്ക് കൂലി പൂര്‍ണ്ണമായും പണമായി നല്‍കി. തൊഴിലാളികളുടെ ആവശ്യത്തിനു അരി കൂടിയ വിലക്ക് വിപണിയില്‍ നിന്നും വാങ്ങണം.
കണ്‍വീനര്‍മാരില്‍ നിന്നും ഈടാക്കാനുള്ള സൌജന്യ നിരക്കിലെ വില അരിക്ക് കിലോഗ്രാമിനു 6.20 പൈസയും ഗോതമ്പിനു കിലോക്ക് 5 രൂപ.50 പൈസയും ആകുമ്പോള്‍, എഫ്.സി.ഐ ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വില യഥാക്രമം 14 രൂ. 67 പൈസയും, 9 രൂപ 54 പൈസയും ആയിരുന്നു. 5967.24 മെട്രിക് ടണ്‍ അരിയും 1699.42 മെടിക് ടണ്‍ ഗോതമ്പും ഇപ്രകാരം പൊതു വിപണിയില്‍ വിറ്റുവെന്നു കണ്ടുപിടിച്ചു. ഇതുമൂലം കണ്‍വീനര്‍മാര്‍ നേടിയെടുത്തത് അനര്‍ഹമായ 5.44 കോടി രൂപ. സംസ്ഥാനത്തെ 3 ജില്ലാ പഞ്ചായത്തുകളേയും (ഏറണാകുളം, കൊല്ലം, കോഴിക്കോട്) 8 ബ്ലോക്ക് പഞ്ചായത്തുകളേയും (അഞ്ചല്‍, അങ്കമാലി, ചടയമംഗലം, കൊടുവള്ളി, കൊട്ടാരക്കര, കുന്നമംഗലം, വാഴക്കുളം, വൈപ്പിന്‍) മാത്രം പരിശോധിച്ചപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടു പിടിച്ചതാണിത്.
ഈ കരിഞ്ചന്ത അവസാനിപ്പിക്കാനായി 2006 നവമ്പര്‍ 13 നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം എഫ്.സി.ഐയില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റെടുക്കാനുള്ള അധികാരപത്രം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നല്‍കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത അരി ദാലയുവിനെ ഏല്പിക്കുന്നതിനു പകരം കിലോക്ക് 6.20 പൈസ നിരക്കില്‍ എടുത്ത അരിയുടെ മുഴുവന്‍ വിലയും ബന്ധപ്പെട്ട ദാലയു വിനെ ഏല്‍പ്പിച്ചു. അതായത് കോരനു പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ. തൊഴിലാളിക്ക് കൂലി മുഴുവന്‍ പണമായിട്ടേ കിട്ടിയുള്ളൂ. ആ അരി മുഴുവന്‍ വിപണി വിലക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചു. തൊഴിലാളിക്ക് അരി വേണമെങ്കില്‍ വിപണിയില്‍ നിന്നും കൂടിയ വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥ തുടരുന്നത് കണ്ടായിരിക്കണം, സര്‍ക്കാര്‍ നേരത്തേയിറക്കിയ അവരുടെ ഉത്തരവു സ്വമേധയാ പിന്‍വലിച്ചു, നാലു മാസങ്ങള്‍ക്ക് ശേഷം 2007 മാര്‍ച്ചില്‍. ഇതിനിടയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 2075 മെട്രിക് ടണ്‍ അരി പൊതു വിപണിയില്‍ വിറ്റ് 1.65 കോടി രുപയുടെ ലാഭം കൊയ്തു. പാപി പോകുന്നിടമെല്ലാം പാതാളം പോലെയായി തൊഴിലാളിയുടെ ഗതി.
ഞാന്‍ നിര്‍ത്തുന്നു. തീര്‍ന്നിട്ടല്ല. ഞാന്‍ ശേഖരിച്ച വിവരങ്ങല്‍ ഇനിയുമുണ്ട്. പക്ഷേ വായനക്കാര്‍ ബോറടിക്കാതിരിക്കാനും ശ്രദ്ധിക്കണ്ടേ. അതു കൊണ്ട്, അതു കൊണ്ടു മാത്രം നിര്‍ത്തുന്നു.
ജയ് ഹിന്ദ്, ജനാധിപത്യം നീണാള്‍ വാഴട്ടെ.
കടപ്പാട്: വിവരാവകാശനിയമം, സി.ഏ. ജി. റിപ്പോര്‍ട്ട്.