തിരുവനന്തപുരത്തുള്ള കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍. നമുക്കേവര്‍ക്കും അറിയാവുന്ന പ്രഗത്ഭരായ ഒരു കൂട്ടം ഡോക്ടേര്‍മാരുടെ കൂട്ടായ്മ ആതുരസേവനം നടത്തുന്ന സ്ഥാപനം. അവര്‍ക്കുവേണ്ടി 19 ലക്ഷത്തോളം രൂപയുടെ അനര്‍ഹമായ ആനുകൂല്യമാണ് നമ്മുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ചുകൊടുത്തത്. വെറുതേ അങ്ങ് അനുവദിച്ചു കൊടുത്ത ആനുകൂല്യമാണെന്നു തോന്നുന്നുണ്ടോ? അതു അരമന രഹസ്യം.
ഇനി കാര്യത്തിലോട്ട് കടക്കാം.
തിരുവനന്തപുരം പട്ടണത്തിനകത്ത് കെട്ടിടം പണിയുന്നതിനോ, കെട്ടിയതിനെ പുതുക്കുന്നതിനോ, നീട്ടുന്നതിനോ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സാധാജനങ്ങള്‍ക്കെല്ലാം അറിയാം. സാധാരണ ജനങ്ങള്‍ക്ക് മാത്രമേ ആ നിയമങ്ങള്‍ കര്‍ശനമായി ബാധകമാക്കൂ എന്നുമാത്രം. കോസ്മോപൊളിറ്റണ്‍ ആശുപത്രി ഉടമകള്‍ സാധാരണക്കാരല്ലാത്തതുകൊണ്ട് നിയമം ലംഘിച്ച് അനുവദിച്ച അനുകൂല്യത്തിന്റെ കഥയാണിത്. ഇതാണ് നിയമം:
ഒരു വസ്തുവിലുള്ള കെട്ടിടങ്ങളുടെ എല്ലാ നിലകളിലും ഉള്‍പ്പെട്ട ആകെ തറയുടെ വിസ്തീര്‍ണ്ണം വസ്തുവിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കൂടരുത്. ഇതിനെ ഫീല്‍ഡ് ഏരിയാ റേഷ്യോ അഥവാ എഫ്.എ.ആര്‍ എന്നു വിളിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മേല്‍പറഞ്ഞ തറവിസ്തീര്‍ണ്ണം, സ്ഥലവിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കവിഞ്ഞാല്‍, അധിക തറവിസ്തീര്‍ണ്ണത്തിനു ചതുരശ്ര മീറ്റരിനു 1000 രൂപ നിരക്കില്‍ അധിക ഫീസ് ഈടാക്കണം.
കോസ്മോപൊളിട്ടണ്‍ ആശുപത്രിക്ക് അധികമായി 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ 2003 ജൂലൈയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതും കൂടി ആകുമ്പോള്‍ ഈ ആശുപത്രിക്ക് വേണ്ടി പണിതിട്ടുള്ള കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 10,785.26 ച.മീറ്ററാണ്. എന്നാല്‍ ആശുപത്രിയുടെ സ്ഥല വിസ്തീര്‍ണ്ണമോ, വെറും 4,454.70 ച.മീറ്റര്‍ മാത്രം. അതായത് എഫ്.എ.ആര്‍ പ്രകാരം ആശുപത്രിക്ക് വേണ്ടി സാധാരണഗതിയില്‍ പണിയാവുന്ന കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 4,454,70 * 2 =8,909.40 ച.മീറ്ററില്‍ കൂടാന്‍ പാടില്ല. ഇവിടെ 1,875.86 ച.മീറ്റര്‍ [10,785.26 - 8909.40] അധികം. അപ്പോള്‍ ച. മീറ്ററിനു 1,000 രൂപ വച്ച് 1875.86 ച.മിറ്ററിനു 18,75,860 രൂപ അധിക ഫീസ്സ് ഈടാക്കണം. എന്നാല്‍ സംഭവിച്ചതോ:
ആശുപത്രിക്ക് വേണ്ടി നിലവില്‍ പ്രവര്‍ത്തിച്ചു വന്ന കെട്ടിടങ്ങളെ പരിഗണിച്ചതേ ഇല്ല. ഏമാന്മാരുടെ കണ്ണില്‍ അവിടെയുള്ള 4,454.70 ച.മീറ്റര്‍ സ്ഥലത്ത് അധികം പണിയാന്‍ ആവശ്യപ്പെട്ട കെട്ടിടം മാത്രമേ ഉള്ളൂ എന്നങ്ങു സങ്കല്‍പ്പിച്ചു. അപ്പോള്‍ 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം എഫ്.എ.ആര്‍ പരിധിക്ക് പുറത്താകുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അധികഫീസൊന്നും വാങ്ങാതെ അനുമതി നല്‍കിയാല്‍ മതി. അതുതന്നെ സംഭവിച്ചെന്ന് അക്കൌണ്ടന്റ് ജനറല്‍ ഫയലുകളില്‍ നിന്നും കണ്ടെത്തി.
സഹായിക്കണമെന്ന് ഉറച്ച് തീരുമാനിച്ചാല്‍, ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായില്ലേ. ആശുപത്രി അധികാരികളില്‍ നിന്നും ഈ അധിക ഫീസ്സ് ഈടാക്കാന്‍ പോയാല്‍ പലനാറ്റകഥകളും പുറത്താകും.
കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.
തുടരും.....
Showing posts with label കെട്ടിടനികുതി. Show all posts
Showing posts with label കെട്ടിടനികുതി. Show all posts
Saturday, November 1, 2008
Subscribe to:
Posts (Atom)

