ആദ്യത്തെ കാലഘട്ടങ്ങളില്‍ യു.ഡി.എഫും അവസാന കാലഘട്ടത്തില്‍ എല്‍.ഡി.എഫും ആയിരുന്നു ഭരണാധികാരികള്‍ എന്നു കൂടി പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ സഹായിക്കും.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ നിന്നും കേരളസംസ്ഥാനം ഏറ്റെടുത്ത ഭക്ഷ്യധാന്യത്തിന്റെ അളവാണ് മേലുദ്ധരിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായില്ലേ?. 2006-07 വര്‍ഷത്തില്‍ കേരളസംസ്ഥാനം ഏറ്റെടുത്ത അരിയും ഗോതമ്പും മുന്‍കാലത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞുപോയതുകൊണ്ടല്ലേ പില്കാലത്ത് കേന്ദ്രം അരി കുറച്ചതും മുറവിളി കൂട്ടേണ്ടി വന്നതും?. അവിടെയാണു കളിയും കഥയും എന്താണെന്നറിയേണ്ടത്.
2006-07 വര്‍ഷത്തിനു മുമ്പ് അരി ഏറ്റെടുത്ത രീതിയിലും അതിന്റെ വിനിയോഗത്തിലും നടത്തിയ കുംഭകോണം കണ്ടമ്പരന്ന മാറി വന്ന സര്‍ക്കാര്‍ 2006-07 ല്‍ കൂടുതല്‍ അരി ഏറ്റെടുക്കാന്‍ മടി കാണിച്ചുവെന്നാണ് കണക്കും സാഹചര്യവും വെളിവാക്കുന്നത്. ഇതിനിടെ 2006-ല്‍ ഉദ്ദേശശുദ്ധിയോടെ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവും വെളുക്കാന്‍ തേച്ചത് പാണ്ഢു പോലെയായി (വിശദാംശങ്ങള്‍ പിന്നീട്). എന്നാല്‍ മുന്‍ കാലങ്ങളില്‍ നടന്ന ഭക്ഷ്യധാന്യ അഴിമതിയുടെ മുഴുവന്‍ ചിത്രവും അടങ്ങിയ സി.ഏ.ജി റിപ്പോര്‍ട്ട് കൈയ്യിലുണ്ടായിരുന്നിട്ടും അതിനെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഇനി, മുഴുവന്‍ കഥയും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം:
ഗ്രാമീണ ദരിദ്രജനതക്ക് കൂടുതല്‍ തൊഴില്‍, വേതനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുവാന്‍ 2001 സെപ്റ്റമ്പറില് ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ റോസ്ഗാര്‍ യോജനയോടെയാണ് രംഗം ആരംഭിക്കുന്നത്.
- കരാറുകാരെ ഒഴിവാക്കി ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
- കൂലിയുടെ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണം.
- ഒരാള്‍ക്ക് പ്രതിദിനം 5 കിലോഗ്രാം നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന്റെ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നവമ്പര്‍ 2005 മുതല്‍ ഇത് 3 കിലോഗ്രാമായി കുറച്ചു.
- പണമായി നല്‍കേണ്ട കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ 75:25 അനുപാദത്തില്‍ നല്‍കണം.
- സംസ്ഥാനതലത്തില്‍ ഗ്രാമവികസന കമ്മീഷണരും ദേശീയ തലത്തില്‍ ഗ്രാമവികസന മന്ത്രാലയവും പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നു.
- ഓരോ വര്‍ഷവും ഓരോ ജില്ലക്കും അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യവിഹിതം ഗ്രാമവികസന മന്ത്രാലയം ഗ്രാമവികസന കമ്മീഷണറെ അറിയിക്കും.
- ഈ വിഹിതം ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്‍ഡ്യ വില ഈടാക്കാതെ നല്‍കും.
- ഇങ്ങനെ സൌജന്യമായി നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ന്യായവില കേന്ദ്ര മന്ത്രാലയം FCI ക്ക് നല്‍കും.
- എന്നാല്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കേണ്ട വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം സംസ്ഥാനസര്‍ക്കാരിനുണ്ടായിരിക്കും.
- ഇത് ദാരുദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 6 രൂപ 20 പൈസ നിരക്കിലും ദാരിദ്ര്യരേഖക്കു മുകളിലുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 8 രൂപ 90 പൈസ നിരക്കിനും ഇടയിലായിരിക്കണം.
- ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളിക്ക് വിതരണം ചെയ്യേണ്ടത് പൊതുവിതരണ സമ്പ്രദായത്തിലൂടെയോ ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി വഴിയോ ആയിരിക്കണം.
- അതുപോലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പടെ എല്ലാ പദ്ധതി നടത്തിപ്പ് ഏജന്‍സികള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങള്‍ എടുക്കേണ്ടത് പഞ്ചായത്തോ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റോ (ദാലയു) ആയിരിക്കണം.
- ജില്ലാപഞ്ചായത്തു സെക്രട്ടറിയുടെ അല്ലെങ്കില്‍ ദാലയുവിന്റെ പ്രോജക്റ്റ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കണം ഭക്ഷ്യധാന്യങ്ങളുടെ കൈമാറ്റവും വിതരണവും.
- ഓരോ ജില്ലയുടെയും വിഹിതത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം നിശ്ചയിക്കേണ്ടത് അതതു ജില്ലയുടെ ദാലയു ആണ്.
- ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ കട അടിസ്ഥാനമാക്കിയുള്ള കണക്ക് ശേഖരിക്കണം.
- റേഷന്‍ മൊത്തവിതരണശാല ക്രമത്തിലുള്ള ഇന്‍ഡന്റ് തയ്യാറാക്കണം.
- അതിനെ ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്‍ഡ്യക്ക് ദാലയു വഴി ലഭ്യമാക്കണം.
- റേഷന്‍ മൊത്തവ്യാപാരികള്‍ FCI ഗോഡൌണുകളില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റുവാങ്ങി റേഷന്‍ കടകളെ ഏല്‍പ്പിക്കണം.
- അവിടെ നിന്നാണ് ആവശ്യാനുസരണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടത്.
- ദാലയു നല്കിയ ഇന്‍ഡന്റുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്‍പ്പിക്കുവാന്‍ FCI യെ ചുമതലപ്പെടുത്തി.
- സെക്രട്ടറിമാര്‍ ഓരോ പ്രവര്‍ത്തിക്കും ആവശ്യമായ ഭക്ഷ്യധാന്യം മുഴുവന്‍ ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ക്ക് നല്കി.
- റേഷന്‍ മൊത്ത-ചില്ലറ വില്പനശാലകള് മുഖേന തൊഴിലാളികള്‍ക്ക് അവര്‍ ചെയ്തു തീര്‍ക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനു പകരം, FCI ഗോഡൌണില്‍ നിന്നും ലഭിച്ച മൊത്തം ഭക്ഷ്യധാന്യവും കണ്‍വീനര്‍മാര്‍ക്ക് ഒറ്റയടിക്കു നല്കി.
- ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോറ്പ്പറേഷന്റേയും കണ്‍വീനര്‍മാരുടെ സ്വകാര്യ ഗോഡൌണുകളിലും സൂക്ഷിച്ചു.
തീര്‍ന്നില്ല. സംഗതികള്‍ തുടങ്ങുന്നതേയുള്ളൂ. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മൊത്ത/ചില്ലറ പൊതുവിതരണ ഡിപ്പോകളിലേക്കുള്ള കടത്തു കൂലിയും കൈകാര്യചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വരുന്ന ചണചാക്കുകള്‍ വിറ്റു കിട്ടുന്ന വരുമാനം കടത്തുകൂലി / കൈകാര്യചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
കണ്‍വീനര്‍മാരല്ലേ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ചണചാക്കുകളുടെ വില അവരില്‍ നിന്നല്ലേ ഈ ടാക്കേണ്ടിയിരുന്നത്. നാലു പഞ്ചായത്തുകള്‍ പരിശോധിച്ചു നോക്കി. നാലിലും കൂടി 1.44 ലക്ഷം ചാക്കുകളാണുണ്ടാകേണ്ടിയിരുന്നത്. ചാക്കൊന്നിനു 5 രൂപ നിരക്കില്‍ (സര്‍ക്കാര്‍ നിശ്ചയിച്ചത്) 7.20 ലക്ഷം രൂപയില്‍ ഒരു രുപ പോലും സര്‍ക്കാരിനു കിട്ടിയില്ല. മുഴുവന്‍ കണ്‍വീനര്‍മാര്‍ മുക്കി.
കൊണ്ടുപോയി സ്വകാര്യ ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗതി, അധോഗതിയായി. എറണാകുളം ജില്ലാ പഞ്ചായത്തില്‍ പരിശോധിച്ചപ്പോള്‍, അവിടുത്തെ എഫ്.സി.ഐ യില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്റേയും കണ്‍വീനര്‍മാരുടേയും ഗോഡൌണുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. 2007 ജൂലൈവരെയുള്ള നിലയനുസരിച്ച് 235.02 മെട്രിക് ടണ്‍ അരിയും 10.27 മെട്രിക് ടണ്‍ ഗോതമ്പും ഉപയോഗിക്കാതെ ആറു വര്‍ഷം വരെ അവിടെ തന്നെ വച്ചിരിക്കുന്നതായി കണ്ടെത്തി. 34.28 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യധാന്യമാണിത്. കാലിതീറ്റയായിക്കഴിഞ്ഞ ഇതിനെയെങ്ങിനെ തൊഴിലാളികള്‍ക്കിനി വിതരണം ചെയ്യും?
ഇതുകൊണ്ടായിരിക്കില്ലേ, ഏറണാകുളം ജില്ലയില്‍ മാത്രം( അവിടെയേ പരിശോധന നടത്തിയുള്ളൂ, ഈ വിഷയത്തില്‍) 2006-07 ല്‍ 65.54 ലക്ഷം രൂപ വിലവരുന്ന 437.57 മെട്രിക് ടണ്‍ അരിയും 37.07 മെട്രിക് ടണ്‍ ഗോതമ്പും എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുക്കാന്‍ മടിച്ചതും, തല്‍ഫലമായി കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി അനുവദിച്ച ഭക്ഷ്യധാന്യവിഹിതം കാലഹരണപ്പെട്ടതും?
ഇനി മറ്റൊരു സംഭവം: 2002-03 വര്‍ഷത്തില്‍ ദാലയുവിന്റെ കൊല്ലം യൂണിറ്റ് കൊല്ലം ജില്ലാ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാനായി 2243 മെട്രിക് ടണ്‍ അരി അനുവദിച്ചു. എഫ്.സി.ഐ യുടേയും ദാലയുവിന്റേയും കണക്കു പ്രകാരം അനുവദിച്ച മുഴുവന്‍ അരിയും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്ലം പഞ്ചായത്ത് യതാര്‍ത്ഥത്തില്‍ കൈപറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നത് വെറും 804.357 മെട്രിക് ടണ്‍ അരി മാത്രമായിരുന്നു. അതായത് 1438.643 മെട്രിക് ടണ്‍ അരി എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്തവര്‍ ഒന്നോടെ വിഴുങ്ങി. പൊതു ഖജനാവിനു നഷ്ടം 2.04 കോടി രൂപ.
ഇനിയുള്ളതു കേള്‍ക്കൂ: പഞ്ചായത്തു സെക്രട്ടറിമാര്‍ എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്കല്ല മറിച്ച് കണ്‍വീനര്‍മാര്‍ക്കാണ് നല്‍കിയതെന്നു പറഞ്ഞുവല്ലോ. ഈ കണ്‍വീനര്‍മാരില്‍ പലരും ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം പൊതു വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്ക് വിറ്റു. എന്നിട്ട് തൊഴിലാളികള്‍ക്ക് കൂലി പൂര്‍ണ്ണമായും പണമായി നല്കി. തൊഴിലാളികളുടെ ആവശ്യത്തിനു അരി കൂടിയ വിലക്ക് വിപണിയില്‍ നിന്നും വാങ്ങണം.
കണ്‍വീനര്‍മാരില്‍ നിന്നും ഈടാക്കാനുള്ള സൌജന്യ നിരക്കിലെ വില അരിക്ക് കിലോഗ്രാമിനു 6.20 പൈസയും ഗോതമ്പിനു കിലോക്ക് 5 രൂപ.50 പൈസയും ആകുമ്പോള്‍, എഫ്.സി.ഐ ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വില യഥാക്രമം 14 രൂ. 67 പൈസയും, 9 രൂപ 54 പൈസയും ആയിരുന്നു. 5967.24 മെട്രിക് ടണ്‍ അരിയും 1699.42 മെടിക് ടണ്‍ ഗോതമ്പും ഇപ്രകാരം പൊതു വിപണിയില്‍ വിറ്റുവെന്നു കണ്ടുപിടിച്ചു. ഇതുമൂലം കണ്‍വീനര്‍മാര്‍ നേടിയെടുത്തത് അനര്‍ഹമായ 5.44 കോടി രൂപ. സംസ്ഥാനത്തെ 3 ജില്ലാ പഞ്ചായത്തുകളേയും (ഏറണാകുളം, കൊല്ലം, കോഴിക്കോട്) 8 ബ്ലോക്ക് പഞ്ചായത്തുകളേയും (അഞ്ചല്‍, അങ്കമാലി, ചടയമംഗലം, കൊടുവള്ളി, കൊട്ടാരക്കര, കുന്നമംഗലം, വാഴക്കുളം, വൈപ്പിന്‍) മാത്രം പരിശോധിച്ചപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടു പിടിച്ചതാണിത്.
ഈ കരിഞ്ചന്ത അവസാനിപ്പിക്കാനായി 2006 നവമ്പര്‍ 13 നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം എഫ്.സി.ഐയില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റെടുക്കാനുള്ള അധികാരപത്രം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നല്കി. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഏറ്റെടുത്ത അരി ദാലയുവിനെ ഏല്പിക്കുന്നതിനു പകരം കിലോക്ക് 6.20 പൈസ നിരക്കില്‍ എടുത്ത അരിയുടെ മുഴുവന്‍ വിലയും ബന്ധപ്പെട്ട ദാലയു വിനെ ഏല്‍പ്പിച്ചു. അതായത് കോരനു പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ. തൊഴിലാളിക്ക് കൂലി മുഴുവന്‍ പണമായിട്ടേ കിട്ടിയുള്ളൂ. ആ അരി മുഴുവന്‍ വിപണി വിലക്ക് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിറ്റഴിച്ചു. തൊഴിലാളിക്ക് അരി വേണമെങ്കില്‍ വിപണിയില്‍ നിന്നും കൂടിയ വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥ തുടരുന്നത് കണ്ടായിരിക്കണം, സര്‍ക്കാര്‍ നേരത്തേയിറക്കിയ അവരുടെ ഉത്തരവു സ്വമേധയാ പിന്‍വലിച്ചു, നാലു മാസങ്ങള്‍ക്ക് ശേഷം 2007 മാര്‍ച്ചില്‍. ഇതിനിടയില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഏറ്റെടുത്ത 2075 മെട്രിക് ടണ്‍ അരി പൊതു വിപണിയില്‍ വിറ്റ് 1.65 കോടി രുപയുടെ ലാഭം കൊയ്തു. പാപി പോകുന്നിടമെല്ലാം പാതാളം പോലെയായി തൊഴിലാളിയുടെ ഗതി.
ഞാന്‍ നിര്‍ത്തുന്നു. തീര്ന്നിട്ടല്ല. ഞാന്‍ ശേഖരിച്ച വിവരങ്ങല്‍ ഇനിയുമുണ്ട്. പക്ഷേ വായനക്കാര്‍ ബോറടിക്കാതിരിക്കാനും ശ്രദ്ധിക്കണ്ടേ. അതു കൊണ്ട്, അതു കൊണ്ടു മാത്രം നിര്‍ത്തുന്നു.
ജയ് ഹിന്ദ്, ജനാധിപത്യം നീണാള്‍ വാഴട്ടെ.
കടപ്പാട്: വിവരാവകാശനിയമം, സി.ഏ. ജി. റിപ്പോര്‍ട്ട്.
15 comments:
കേരളത്തിനു തന്ന അരി കൂറഞ്ഞുപോയെന്ന് ഡല്‍ഹി തെരുവുകള്‍ വരെ നമ്മുടെ മുഖ്യനുള്പ്പടെയുള്ള ജനപ്രതിനിധികല്‍ കരഞ്ഞുപറഞ്ഞത് മറക്കാന്‍ സമയമായില്ല. അതിലേക്ക് നയിച്ച കാരണങ്ങള്‍ അറിയേണ്ടേ?. ഇതാ ബ്ലോഗ്ഗ് വായനക്കാര്‍ക്കു വേണ്ടി ഒരു എക്സ്ക്ലൂസ്സിവ് റിപ്പോര്‍ട്ട്.
അങ്കിള്‍,
താങ്കള്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നു ഒറ്റയടിക്ക് സമ്മതിക്കാനാവില്ല.
ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പ്രായോഗിക പ്രശ്നങ്ങളും മറ്റു മുദ്ധിമുട്ടുകളും കണക്കിലെടുക്കാതെ , നിയമപുസ്തകത്തിലെപ്രകാരമോ അപ്രകാരം , തയ്യാറാക്കപ്പെടുന്നവയാണ്. വിവിധ പദ്ധതികളുടെ നിര്‍വ്വഹണം കേന്ദ്രീകൃത രൂപത്തില്‍ നിന്നും ഗ്രാമപഞ്ചായത്തു തലത്തിലേക്ക് വികേന്ദ്രീകരിച്ചപ്പോള് പല പദ്ധതികളും പ്രായോഗികതക്ക് ഊന്നല്‍ നല്‍കിയാണ് നടപ്പാക്കപ്പെട്ടത്.
ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ഈ കാര്യങ്ങളോന്നും അംഗീകരിക്കയില്ല.
ജോലിക്ക് കൂലി അരി എന്ന പരിപാടി കേരള സംസ്ഥാനത്ത് നടപ്പാവാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. കേരളത്തിലെ തൊഴിലാളികള്‍ അല്പം ഗ്രേഡ് കൂടിയവരാണെന്നു ഞാന്‍ പറയണ്ടല്ലോ. അരി വാങ്ങി പണി ചെയ്യാന്‍ ഭൂരിപക്ഷവും തയ്യാറായിരുന്നില്ല, അന്ന്. ഇപ്പോള്‍ സ്ഥിതി മാറിയോ എന്നറിയില്ല. കണ്‍വീനര്‍ വര്‍ക്കുകള്‍ എന്ന പരിപാടി തന്നെ തട്ടിപ്പാണ്, മറ്റാരെങ്കിലും കോണ്‍ട്രാക്റ്റര്‍മാരാണ് പണി നടത്തുന്നത്. സ്വാഭാവികമായും അവനും അരി വേണ്ട.(അരിയുടെ കാശു മതി). നടക്കേണ്ട വര്‍ക്കുകള്‍ സമയബന്ധിതമായി നടപ്പാവാന്‍ ചില വിട്ടു വീഴ്ചകള്‍ വേണ്ടി വരും. അരി നേരെ ചന്തയിലേക്ക്, പണം കരാറു കാരന്. അരി തരൂ പണി ചെയ്യാം എന്ന് ഒരു തൊഴിലാളികളും പറഞ്ഞു കേട്ടില്ല. പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം ഈ ബുദ്ധിമുട്ടുകള്‍, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് വിങ്ങിന്.
നിയമത്തിന്റെ വരയിലൂടെയല്ലാത്ത പോക്കെല്ലാം ഓഡിറ്റിനെ സംബന്ധിച്ച് വെട്ടിപ്പാണ്. ആ കാഴ്ചപ്പാട് പൂര്‍ണ്ണമായും ശരിയല്ല അങ്കിള്‍.
“പൊതുവേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണിയും” എന്ന പഴയ പ്രയോഗം അന്വര്‍ത്ഥമാക്കുമാറ് , അഡ്ജസ്റ്റുമെന്റുകള്ക്കിടെ ചില വഴിവിട്ട ഇടപാടുകള്‍ നടന്നിരിക്കാം, ഇല്ലെന്നു പറയുന്നില്ല.
പ്രീയ അനില്‍,
ഞാന്‍ ഈ പോസ്റ്റുവഴി വെളിച്ചത്തു കൊണ്ടുവരാനുദ്ദേശിച്ച്തൊന്ന്, അനില്‍ വായിച്ക് മനസ്സിലാക്കിയത് മറ്റൊന്നു.
ജോലിക്ക് കൂലി അരി വേണ്ട എന്നാണെങ്കില്‍ ആ അരിയെ കിലോക്ക് 14 -ം 15-ം രൂപയ്ക് വിപണിയില്‍ വിറ്റിട്ട് തൊഴിലാളിക്ക് കിലോക്ക് 6രു.90 പൈസ് നിരക്കില്‍ പണമായി കൊടുത്തതായാണ് ആഡിറ്റ് ചൂണ്ടി കാട്ടിയത്. ഇതിനെയാണോ പ്രായോഗികതക്ക് ഊന്നല്‍ നല്‍കിയെന്ന് അനില്‍ പരാമര്‍ശിച്ചത്?
ആയിരക്കണക്കിനു മെട്രിക് ടണ്‍ അരി കണ്‍വീനര്‍മാര്‍ സ്വന്തം ഗോഡൌണില്‍ കൊണ്ടു വച്ച് കരിഞ്ചന്തയില്‍ വിറ്റുവെന്ന് ഉദാഹരണം ചൂണ്ടി കാണിച്ചതാണോ ആഡിറ്റ് ചെയ്ത തെറ്റ്?.
നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആഡിറ്റ് കാരല്ല. നമ്മള് തെരഞ്ഞടുത്തയച്ച ജനപ്രതിനിധികള്‍ ചേര്‍ന്നിരുന്നാണ് നിയമസഭയില്‍ നിയമങ്ങളുണ്ടാക്കുന്നത്. ആ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമം ഉണ്ടാക്കിയതും നമ്മുടെ ജനപ്രതിനിധികളാണ്. പലര്‍ക്കും ആഡിറ്റിനെ പറ്റിയുള്ള തെറ്റിദ്ധാരണയാണിത്. അവര്‍ക്ക് കുരക്കാന്‍ മാത്രമേ അധികാരം നല്‍കിയിട്ടുള്ളൂ, കടിക്കാന്‍ പാടില്ല. കടിക്കേണ്ടത് നമ്മുടെ ജനപ്രതിനിധികളാണ്. പക്ഷേ ഈ ആഡിറ്റിന്റെ പേരിലും ധാരാളം പൈസ ഉണ്ടാക്കുന്നുണ്ട് മറ്റുള്ളവര്‍.
ഉദാഹരണമായി, നമ്മുടെ എക്സൈസ്സ് വിന്ങ്ങില് ആഡിറ്റുകാരെ കൂടുതല്‍ കൂടുതല്‍ ഒബ്ജക്ഷന്‍സ് എഴുതാന്‍ പ്രേരിപ്പിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. അവരെഴുതുന്ന് ഓറോ ഒബ്ജക്ഷന്റെയും പേരില്‍ അതിനിരയാകുന്ന കമ്പനികളില്‍ നിന്നും പണം പറ്റാറുണ്ടെന്നും കേട്ടിട്ടുണ്ട്. അതു പോകട്ടെ, ഇവിടുത്തെ കാര്യം അതല്ല.
ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്ക്കറിയില്ലേ പ്രാവര്‍ത്തിക വിഷമതകള്‍ എന്തെല്ലാമെന്നു?. അതോ എഞ്ചിനിയറിംഗ് വിങിനു പ്രയാസമുണ്ടാകാനായി മനപ്പൂര്‍വ്വം ഈ നിയമങ്ങളുണ്ടാക്കിയതോ?
എന്റെ ഈ പോസ്റ്റില്‍ കൂടുതലും എഴുതിയത് എങ്ങനെയെല്ലാം വെട്ടിപ്പ് നടത്തി സ്വന്തം കീശ വീര്പ്പിച്ചുവെന്നതിനു തെളിവുകളാണ്. അതിനെ ഈ വിധത്തില്‍ അനില്‍ വ്യാഖ്യാനിച്ച് കളഞ്ഞല്ലോ.
സര്‍ക്കാര്‍ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പോലും ദരിദ്രവാസികളായ കൂലിപ്പണിക്കാരെ വെട്ടിച്ചതെങ്ങനെയെന്നു വായിച്ചില്ലേ. ഏതു നിയമമാണ് അവര്‍ക്ക് പാലിക്കാന്‍ പറ്റാതായത്.?
ഒരു സമാധാന ഉള്ളത് ഇതു വരെ ആഡിറ്റ്കാര് പറയുന്നതൊന്നും പ്രായോഗിക ബുദ്ധിമുട്ടൂള്ളതാണെന്ന് ഒരു സര്‍ക്കാരും പറഞ്ഞിട്ടില്ല. കാരണമെന്തന്നല്ലേ, സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങളാണ് പാലിച്ചിട്ടില്ലെന്ന് അവരോട് തന്നെ പറഞ്ഞു കൊടുക്കുന്നത്.
പ്രായോഗികമല്ലാത്ത നിയമങ്ങളെ നമുക്ക് മാറ്റിയെടുക്കാം. അതല്ലേ വേണ്ടത്. ഉണ്ടാക്കിയ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന ജനാധിപത്യത്തിനു നിരക്കുന്നതല്ല.
കുറച്ചു കാലം FCI യില്‍ ജോലി ചെയ്തതിനാല്‍ ഇതില്‍ പറയുന്ന പല കാര്യങ്ങളും കാണേണ്ടി വന്നിട്ടുണ്ട്.FCI യുടെ ഗേറ്റു കടന്നാല്‍ പിന്നെ എന്തു സംഭവിക്കുന്നുവെന്നു അരി കൊണ്ടു പോകുന്നവര്‍ക്കേ അറിയൂ.പാവം പൊതു ജനം അതിനെ കഴുത എന്നല്ലേ എല്ലാവരും വിളിക്കാറ്,കഴുത കേള്‍ക്കണ്ട!
അങ്കിളെ,
അഴിമതി ആരുകാട്ടിയാലും അത് ചോദ്യം ചെയ്യപ്പെടണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം ആധാരമാക്കി അഴിമതി ചൂണ്ടിക്കാട്ടിയാല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാവും എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഈ പൊസ്റ്റ് മാത്രമല്ല, സ്ഥിരമായി അങ്കിളിന്റ്റെ പോസ്റ്റുകള്‍ വായിക്കണം എന്നു വിചാരിക്കുന്നതിനാല്‍ വന്നതും, ഇനി വരാനുള്ളതുമായ പോസ്റ്റുകള്‍ക്കും ബാധകമായി പറഞ്ഞതാണ്.
മാറ്റേണ്ട ഒരുപാട് നിയമങ്ങള്‍ ഉണ്ടങ്കിള്‍ , ബ്രിട്ടീഷ് കാരന്റ്റെ കോപ്പിയെടുത്ത നിയമങ്ങള്‍ .
പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നതായി തെറ്റിദ്ധരിക്കല്ലെ.
ആശംസകള്‍
അങ്കിള്‍,
ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായില്ലേ?. 2006-07 വര്‍ഷത്തില്‍ കേരളസംസ്ഥാനം ഏറ്റെടുത്ത അരിയും ഗോതമ്പും മുന്‍കാലത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞുപോയതുകൊണ്ടല്ലേ പില്കാലത്ത് കേന്ദ്രം അരി കുറച്ചതും മുറവിളി കൂട്ടേണ്ടി വന്നതും?.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അരി ഏറ്റെടുത്ത് കരിഞ്ചന്തയില്‍ വിറ്റു എന്ന് അങ്കിളിനു ബോധ്യമായല്ലോ. ഇപ്പോഴത്തെ സര്‍ക്കാരിനു വേണമെങ്കില്‍ പഴയ പോലെ അരി ഏറ്റെടുത്ത് ആ കുംഭകോണം തുടരാന്‍ അനുവദിക്കാമായിരുന്നു. അല്ലെങ്കില്‍ ഏറ്റെടുത്ത് ഗോഡൌണുകളില്‍ ഇട്ടു നശിപ്പിക്കമായിരുന്നു. അരി വിതരണം കുറച്ചുകൂടെ കര്യക്ഷമമാവും വരെ കൂടുതല്‍ ഏറ്റെടുത്തില്ല എന്നതു ശരിയാണ്.
കള്ളക്കളികളുടെ സി എ ജി റിപ്പോര്‍ട്ട് ജനങ്ങളുടെ മുമ്പില്‍ വച്ചു എന്നു വക്കുക. അപ്പോള്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക? എന്തെങ്കിലും മാറ്റം വരുമായിരുന്നോ? കേന്ദ്രം കൂടുതല്‍ അരി അനുവദിക്കുമായിരുന്നോ?
സി എ ജി റിപ്പോര്‍ട്ട് എന്നു പറയുന്നത് കേരള സര്‍ക്കാര്‍ ട്രഷറിയില്‍ അടച്ചുപൂട്ടി വക്കുന്ന രഹസ്യ രേഖയൊന്നുമല്ല. കേന്ദ്രത്തിനും അറിവുള്ള രേഖയാണ്. കേരളത്തിനു അരി ആവശ്യമില്ലാഞ്ഞിട്ടല്ല കൂടുതല്‍ ഏറ്റെടുക്കാതിരുന്നതെന്നു, കേന്ദ്രത്തിനും അറിവുള്ള കര്യമാണ്. അതു വേറൊരു രാഷ്ട്രീയമാണ്. എന്‍ സി പി രാഷ്ട്രീയം .
ജോലിക്ക് കൂലി അരി വേണ്ട എന്നാണെങ്കില്‍ ആ അരിയെ കിലോക്ക് 14 -ം 15-ം രൂപയ്ക് വിപണിയില്‍ വിറ്റിട്ട് തൊഴിലാളിക്ക് കിലോക്ക് 6രു.90 പൈസ് നിരക്കില്‍ പണമായി കൊടുത്തതായാണ് ആഡിറ്റ് ചൂണ്ടി കാട്ടിയത്.
ജോലിക്ക് കൂലി അരി വേണ്ട എന്നു തീരുമാനിച്ചത് ജോലിക്കാരാണ്. അനില്‍ ചൂണ്ടിക്കാണിച്ച പോലെ കേരളത്തിലെ ജോലിക്കാര്‍ക്ക് കൊമ്പ് രണ്ടെണ്ണം കൂടുതലാണ്. അവര്‍ അരി കൂലിയായി വങ്ങിയിരുന്നെങ്കില് , അതു പുറത്തു വില്‍ക്കേണ്ട ആവശ്യം വരില്ലായിരുന്നു. അരി വിറ്റു കാശു മതി എന്ന് ജോലിക്കാര്‍ തീരുമാനിച്ചിടത്താണ്, കുഴപ്പം ആരംഭിച്ചത്. ഇന്ന വിലക്കു വില്‍ ക്കണമെന്നു സര് ക്കാര് നിഷ്കര്ഷിച്ചില്ല. മാര്‍ക്കറ്റ് വിലക്ക് എന്നു പറഞ്ഞിരിക്കാം . അതിലാണ്, പിശകു പറ്റിയത്. കൂലിയുടെ നിശ്ചിത ഭാഗം അരിയായിട്ടേ തരൂ എന്ന് കേന്ദ്രം നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കാമായിരുന്നു. കേന്ദ്ര നിയത്തില്‍ വെള്ളം ചേര്‍ക്കാന്‍ യു ഡി എഫ് സര്‍ക്കാരിനെ അനുവദിച്ചു. അവര്‍ അഴിമതിയുടെ കൂത്തരങ്ങാക്കി. ഇതില്‍ ആരെയാണു കുറ്റപ്പെടുത്തേണ്ടത്?
ഞന്‍ ആദ്യം കുറ്റപ്പെടുത്തുക, സര്‍ക്കാരുകളെയും നിയമത്തെയും നയങ്ങളെയുമല്ല, അരി കൂലിയായി വാങ്ങില്ല എന്നു നിര്‍ബന്ധം പിടിച്ച ജോലിക്കാരെയാണ്.
"കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അരി ഏറ്റെടുത്ത് കരിഞ്ചന്തയില്‍ വിറ്റു എന്ന് അങ്കിളിനു ബോധ്യമായല്ലോ. ഇപ്പോഴത്തെ സര്‍ക്കാരിനു വേണമെങ്കില്‍ പഴയ പോലെ അരി ഏറ്റെടുത്ത് ആ കുംഭകോണം തുടരാന്‍ അനുവദിക്കാമായിരുന്നു. അല്ലെങ്കില്‍ ഏറ്റെടുത്ത് ഗോഡൌണുകളില്‍ ഇട്ടു നശിപ്പിക്കമായിരുന്നു. അരി വിതരണം കുറച്ചുകൂടെ കര്യക്ഷമമാവും വരെ കൂടുതല്‍ ഏറ്റെടുത്തില്ല എന്നതു ശരിയാണ്."
വാസ്തവത്തില്‍ കുംഭകോണം തുടരുകയല്ലേ ചെയ്തത്?. അരി ഏറ്റെടുക്കല്‍ നടപടിയില്‍ മാറ്റം വരുത്തി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ഏല്പിച്ചു. നല്ലത്. അവരേറ്റെടുത്ത അരി എന്തു ചെയ്തെന്ന് സര്‍ക്കാര്‍ അറിഞ്ഞില്ലേ?. മുഴുവന്‍ പൊതു വിപണിയില്‍, വിപണി വിലക്ക് വിറ്റു. എന്നിട്ടോ?. കിലോക്ക് 6.20 രുപ നിരക്കില്‍ തൊഴിലാളിക്കു അവരുടെ കൂലിയില്‍ ചേര്‍ത്തു കൊടുത്തു. കിലോക്ക് 15 രുപക്ക് ചന്തയില്‍ വിറ്റ അരിയാണെന്നോര്ക്കണം.
സിവില്‍ സപ്ലൈസ് ഏറ്റെടുത്ത അരിക്ക് മുഴുവന്‍ കിലോക്ക് 15 രുപ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ ക്ക് കൊടുത്തതാണ്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് , തൊഴിലാളിക്ക് കൊടുത്ത 6.20 രൂപയുടെ ബാക്കി കാശ് സ്വന്തം കീശയിലാക്കിയതല്ലാതെ എഫ്.സി.ഐ ലേക്ക് അടച്ചോ, ഇല്ലല്ലോ?.
തൊഴിലാളി അരി വേണ്ടെന്നു ശഠിച്ചപ്പോള്‍ എന്താ കരുതിയത്, അതു വിറ്റവില യെങ്കിലും അവര്‍ക്ക് നല്‍കുമെന്ന് കരുതിയെങ്കില്‍ തെറ്റുണ്ടോ.? ഒരു തൊഴിലാളി സര്‍ക്കാര്‍ ചെയ്തതെന്താണ്. തൊഴിലാളികളേയും വഞ്ചിച്ചു, കേന്ദ്രസര്‍ക്കാരിനേയും വഞ്ചിച്ചു.
കേന്ദ്രസര്‍ക്കാരിനു പില്ക്കാലത്ത് തിരിച്ചടിക്കാന്‍ കഴിഞ്ഞു. പാവം തൊഴിലാളികള്‍ക്കോ? അവരറിയുന്നുണ്ടോ ഇക്കാര്യങ്ങള്‍?
തൊഴിലാളികളുടെ കൂലി കണക്കാക്കുമ്പോള്‍ അവര്‍ക്ക് നല്കുന്ന അരിയുടെ വില 6.20 രൂപ നിരക്കില്‍ കൂട്ടിയാല്‍ മതി എന്ന സൌജന്യമാണ് ഈ പദ്ധതിമുഖേന ഉദ്ദേശിച്ചത്. അരിക്ക് പകരം 6.20 രൂപ നിരക്കില്‍ കൊടുത്തിട്ട് ബാക്കി പോക്കറ്റിലാക്കിയാലും മതി എന്ന് പദ്ധതിയിലൊരിടത്തും പറഞ്ഞിട്ടില്ല.
ഇതു കൊണ്ടാണ് പറഞ്ഞത്, കുംഭകോണം നിര്‍ത്താനായി നടപടി ക്രമങ്ങള്‍ മാറ്റി സര്‍ക്കാര്‍ ലവലില്‍ കുംഭകോണം നടത്തിയെന്നു.
“കള്ളക്കളികളുടെ സി എ ജി റിപ്പോര്‍ട്ട് ജനങ്ങളുടെ മുമ്പില്‍ വച്ചു എന്നു വക്കുക. അപ്പോള്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക? എന്തെങ്കിലും മാറ്റം വരുമായിരുന്നോ? കേന്ദ്രം കൂടുതല്‍ അരി അനുവദിക്കുമായിരുന്നോ?“
കൂടുതല്‍ അരി എങ്ങിനെ തരും? കുഭകോണം തുടരുകയല്ലായിരുന്നോ?. പക്ഷേ, എന്തുകൊണ്ടാണ് അരി ഏറ്റെടുക്കാന്‍ മടിച്ചതെന്നും, അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നും വോട്ടുചെയ്തു ഭരണത്തിലേറ്റിയ നാട്ടുകാരെ അറിയിക്കാന്‍ ചുമതലപ്പെട്ടവരായിരുന്നു പുതിയ ഭരണക്കാര്‍. അതെങ്ങനെ ചെയ്യും, അല്ലേ. ഉദ്ദ്യോഗ വൃന്ദം മാത്രമല്ലല്ലോ ചെയ്ത് കൂട്ടിയതെല്ലാം. വര്‍ഗ്ഗസ്നേഹം, വര്‍ഗ്ഗസ്നേഹം. സി.ഏ.ജി. റിപ്പോര്‍ട്ട് ട്രഷറി ലോക്കറിലല്ല, ഒരു പബ്ലിക്ക് ഡോക്കുമെന്റാണെന്ന് നാട്ടുകാരില്‍ എത്രപേര്‍ക്കറിയാം. പത്രക്കാര് പോലും കൈവിട്ട സാധനമാണത്.
“ജോലിക്ക് കൂലി അരി വേണ്ട എന്നു തീരുമാനിച്ചത് ജോലിക്കാരാണ്.“
അപ്പോള്‍ അവര്‍ക്കുള്ള ഔദാര്യമായിട്ടാണോ, അതങ്ങ് സമ്മതിച്ചുകൊടുത്തത്?. എങ്കില്‍ ആ അരി വിറ്റ കാശു മുഴുവന്‍ അവരുടെ കൂലിയായി ഇടതു സര്‍ക്കാരിനെങ്കിലും കൊടുക്കാമായിരുന്നു. തൊഴിലാളിയുടെ ആവശ്യം കേന്ദ്രത്തിനെ ബോധ്യപ്പെടുത്തി, പദ്ധതി നടപടി ക്രമത്തില്‍ മാറ്റം വരുത്തിച്ചെങ്കില് സി.ഏ.ജി യുടെ ഈ പരാമര്‍ശം തന്നെ ഒഴിവാക്കാമായിരുന്നു. നടപടി ക്രമം ഇപ്പോഴും പഴയതു തന്നെയാണല്ലോ.
ഇടതു സര്‍ക്കാരിനെപോലും കളിപ്പിച്ച് കൊണ്ടായിരിക്കണം ഉദ്ദ്യോഗസ്ഥര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ആ ഉത്തരവിലെ കെണി മനസ്സിലാക്കാന്‍ സര്‍ക്കാരിനു 4 മാസം വേണ്ടി വന്നു. അതുകൊണ്ടാണല്ലോ, സ്വമേധയാ ആ ഉത്തരവിനെ പിന്‍വലിച്ചത്. അപ്പോഴേക്കും 2006-2007 വര്‍ഷം കഴിഞ്ഞു. അരി ഏറ്റെടുക്കല്‍ അവതാളത്തിലുമായി.
നിയമത്തില്‍ വെള്ളം ചേര്‍ത്താണ് യു.ഡി.എഫ്. പ്രാവര്‍ത്തികമാക്കിയത്. എല്‍.ഡി.എഫിനു ആ പാത പിന്തുടരണമെന്ന നിയമമൊന്നും ഇല്ലായിരുന്നു. കാരണം, പദ്ധതി നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി ഉത്തരവൊന്നും ഇറക്കിയിരുന്നില്ല.
ഈ പദ്ധതിയും പിന്നീടു വന്ന തൊഴിലുറപ്പ് പദ്ധതിയെ പോലെ അഴിമതിക്ക് സാധ്യതയുള്ള ഒന്നാണെന്നുള്ള തോന്നല്‍ ശരിയാണോ. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്. എല്ലാം തികഞ്ഞ ഒരു പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ എപ്പോഴാണ് കൊണ്ടു വരാന്‍ പോകുന്നത്. നടക്കില്ല.
:)
വെള്ളായണി
അരിയ്ക്ക് സ്വര്‍ണ വിലയാണെങ്കിലും നെല്കര്ഷകന് നഷ്ടം തന്നെ..നെല്‍കൃഷി ലാഭം ആക്കാനുള്ള മാര്‍ഗം ചെയ്യുകയാവും മെച്ചം
അങ്കിള്‍,
ഇതിനു ഒരു മറുപടി എഴുതാന്‍ ആഗ്രഹിക്കുന്നില്ല.എല്ലാം വായിച്ചു.ഒരു വിവാദത്തിനു താല്പര്യമില്ലാത്തതിനാല് എന്റെ കമന്റ് ഇവിടെ ഒതുക്കുന്നു
ഇത്രയും കാലം സ്കൂള്‍ കുട്ടികളുടെ പശി അടക്കുവാനുള്ള അരി സര്‍പ്ലസ് ആക്കി മറിച്ച് വിറ്റുകൊണ്ടിരുന്നത് നിര്‍ത്തി. കൂടുതല്‍ വാര്‍ത്ത് 3.12.08 ലെ മാതൃഭൂമിയില്‍ നിന്ന്.
ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചുവില്‍ക്കുന്നത് നിര്‍ത്തി
സപ്ലൈകോയ്ക്ക് കോടികളുടെ ലാഭം ആലപ്പുഴ: സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി മറിച്ചുവില്‍ക്കുന്ന നടപടി സപ്ലൈകോ നിര്‍ത്തിവെച്ചു. പൊതുവിപണിയില്‍ അരിവില കുറഞ്ഞപ്പോള്‍ സ്വകാര്യമില്ലുകാരില്നിന്ന് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമായതോടെയാണ് സൗജന്യ അരി ഇനി മറിച്ച് വില്‍ക്കേണ്ടന്ന് തീരുമാനിച്ചത്. 2008 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാവേലിസ്റ്റോറുകളിലൂടെയും ലാഭം മാര്‍ക്കറ്റുകളിലൂടെയും 14 രൂപയ്ക്ക് അരി മറിച്ച് വിറ്റതിലൂടെ മൂന്ന് കോടിയില്‍പ്പരം രൂപ സപ്ലൈകോയ്ക്ക് ലാഭമുണ്ടായി. ഉച്ചക്കഞ്ഞി വിതരണത്തിനായി കേന്ദ്രം സംസ്ഥാനത്തിന് പ്രതിമാസം സൗജന്യമായി നല്‍കുന്നത് 5440 ടണ്‍ അരിയാണ്. ഇതില്‍ 3000 ടണ്‍ അരി മാത്രമാണ് സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് ആവശ്യമായി വരുന്നത്. ബാക്കി ൨൪൪൦ ടണ്‍ അരി മറിച്ച് വില്‍ക്കുകയാണ്. നാലുമാസമായി ഇത് തുടരുന്നു. അടുത്തിടെ പൊതുവിപണിയില്‍ അരിവില കുറഞ്ഞതിന്റേയും മറിച്ച് വില്പനക്കെതിരെ ഉയര്‍ന്ന പരാതികളുടെയും പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
എല്ലാ പോസ്റ്റുകളും താത്പര്യത്തോടെ തന്നെ വായിക്കുന്നുണ്ട്. അതിൽകൂടി വളരെ അധികം അറിവും കിട്ടുന്നുണ്ട്. പലകാര്യങ്ങളുടേയും ഉള്ളുകള്ളികൾ നിശ്ചമില്ലാത്തതിനാൽ ആധികാര്യമായി ഒന്നും എഴുതുന്നില്ല എന്നു മാത്രം കുറിക്കട്ടെ
ഒരാള്‍ക്ക് പ്രതിദിനം 5 കിലോഗ്രാം നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന്റെ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നവമ്പര്‍ 2005 മുതല്‍ ഇത് 3 കിലോഗ്രാമായി കുറച്ചു.
പ്രതിദിനം ????
5 കിലോഗ്രാം ????
കുട്ടിചാത്താ,
മനസ്സിരുത്തി ഈ പോസ്റ്റ് വായിച്ചതിനു നന്ദി. 2006-07 ലെ സി.എ.ജി.യുടെ റിപ്പോര്ട്ടില്കൂടിയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചിരിക്കുന്നത്.
ഞാന്‍ അതിനെ ഒറിജിനല്‍ കോപ്പി, വീണ്ടും നോക്കി. ‘പ്രതി ദിനം’ എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. ഒരു കുടുമ്പത്തില്‍ ഒരാള്‍ എന്ന രീതിയിലായിരിക്കാം കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഫയലുകള്‍ നോക്കി ഉറപ്പുവരുത്താന്‍ ഏതായാലും എനിക്കു കഴിയില്ല. എന്നാല്‍ സര്‍ക്കാര്‍ ഫയലുകള്‍ നോക്കി ഉറപ്പു വരുത്തിയാണ് സി.ഏ.ജി. റിപ്പോര്‍ട്ടെഴുതുന്നത്. അതു കൊണ്ട് അവിശ്വസിക്കാനും തോന്നുന്നില്ല. ഏതായാലും വിവരാവകാശപ്രകാരം എനിക്ക് രേഖകള്‍ ലഭ്യമാക്കിയ ഓഫീസറെ വിവരം അരിയിച്ചിട്ടുണ്ട്. മറുപടി കിട്ടുമോ എന്തോ.
പ്രിയ കുഞ്ഞന്‍,
പ്രതിദിനം 5 കിലോ അരി എന്നത് ശരിയാണെന്നു സി.ഏ.ജി ഓഫീസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ ലിങ്കും അവര്‍ തന്നു.
ഗ്രാമങ്ങളിലുണ്ടാകുന്ന തൊഴിലുകള്‍ ഒരു കരാറുകാരനെ ഏള്‍പ്പിക്കുന്നതിനു പകരം അതാതു ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ തൊഴിലാളികളെകൊണ്ടു പണി ചെയ്യിപ്പിക്കുകയും അവര്‍ക്ക് കൂലിയുടെ ഒരു ഭാഗം ഭക്ഷ്യധാന്യം നല്‍കുകയും ചെയ്യുന്ന പദ്ധതിയെപറ്റിയാണല്ലോ പറഞ്ഞുവരുന്നത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുവാനായി കൂലിയുടെ ഭാഗമായി ദിവസേന (തൊഴില്‍ ചെയ്യുന്ന ദിവസങ്ങളില്‍) 5 കിലോ അരിയും ഭാക്കി പണവും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അരിയുടെ വില സര്‍ക്കാര്‍ നിശ്ചയിച്ച വളരെ കുറഞ്ഞ വിലയാണ് കൂലിയുടെ ഭാഗമായി കണക്കാക്കിയിരുന്നത്. അതു കൊണ്ട് സാധാരണ കൂലി വാങ്ങി മാര്‍ക്കറ്റില്‍ നിന്നും കൂടിയ വിലക്ക് അരി വാങ്ങുന്നതിനേക്കാള്‍ അവര്‍ അരിതന്നെ കൊടുത്തിട്ട് വളരെ കുറഞ്ഞ വില അവരില്‍ നിന്നും ഈടാക്കണം. ഇതായിരുന്നു കേന്ദ്രം കൊണ്ടുവന്ന പദ്ധതി. ആ പദ്ധതിയെ ഏതെല്ലാം വിധത്തില്‍ ദുരുപയോഗപ്പെടുത്തി എന്നതാണ് പോസ്റ്റിന്റെ വിഷയം.
അപ്പോള്‍ പറഞ്ഞുവന്നത് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളില്‍ തെറ്റില്ല.
ഏതായാലും ഒന്നുകൂടി ഉറപ്പിക്കാന്‍ കഴിഞ്ഞു.
Post a Comment