നാഷണല്‍ ഹൈവേയുടെ തിരുവ്ന്തപുരം സൌത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ഇഞ്ചിനിയര്‍ പണിതീര്‍ത്ത ആ രണ്ടു റോഡുകള്‍ ഇവയാണ്:
- വര്‍ക്കല - പാരിപ്പള്ളി റോഡ്
- കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്
ആദ്യത്തേതിനു 8.84 കോടി രൂപയും മറ്റേതിനു 6.42 കോടി രൂപയും മതിപ്പ് ചെലവു വരുമെന്ന് നമ്മുടെ പൊതുമരാമത്ത് വകുപ്പ് കണക്കാക്കി. സെപ്റ്റമ്പര്‍ 2005 ല്‍ ടെണ്ടര്‍ വിളിച്ചു.
ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞതുകക്ക് പണി തീ്ര്‍ക്കാമെന്നേറ്റത്. [തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്നാണ് ഗൂഗിള്‍ സേര്‍ച്ച് കാണിക്കുന്നത്. ഇപ്പോഴത് കെട്ടിടനിര്‍മ്മാണ മേഖലയിലേക്ക് മാറിയെന്നും തോന്നുന്നു.] ആദ്യത്തെ റോഡിനു 12.14 കോടീ രൂപയും രണ്ടാമത്തേതിനു 12.05 കോടി രൂപയുമാണ് അവര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുക. എന്നാല്‍ സര്‍ക്കാര്‍ ഈ തുകകള്‍ അംഗീകരിച്ചില്ല. പകരം, പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയ മതിപ്പ് ചെലവിനോടൊപ്പം 35% കൂടുതല്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
അതായത് ആദ്യത്തെ റോഡിനു 8.84 കോടി + 35% = 11.93 കോടി രൂപയും
രണ്ടാമത്തെ റോഡിനു 6.42 കോടി + 35% = 8.67 കോടി രൂപയും.
എന്നാല്‍ സര്‍ക്കാരിന്റെ വ്യക്തമായ ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ചു കൊണ്ട്, ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് ആവശ്യപ്പെട്ട 12.14 +12.05 കോടി രുപ നല്‍കാനുള്ള കരാറാണ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ മാര്‍ച്ച് 2006 ല്‍ ഒപ്പ് വച്ചത്.
അംഗീകരിച്ച് ഒപ്പിട്ട കരാറില്‍ കാണിച്ചിരിക്കുന്ന തുക തെറ്റാണെന്നു ഒക്ടോബര്‍ 2006 ല്‍ തന്നെ അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ സുപ്രണ്ടിംഗ് എഞ്ചിനിയറെ അറിയിച്ചിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനിയറാകട്ടെ, ഈ വിവരം സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ വിശദീകരണം കിട്ടുന്നതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ കരാറുകാരനു കൊടുക്കരുതെന്നുള്ള നിര്‍ദ്ദേശം എക്സിക്കൂട്ടിവ് എഞ്ചിനിയര്‍ക്ക് നല്കി കഴിഞ്ഞുവെന്നും നവമ്പര്‍ 2006 ല്‍ എ.ജിയെ അറിയിച്ചിരുന്നു. [ഇവിടെ ‘സര്‍ക്കാര്‍’ എന്നുദ്ദേശിക്കുനത് പൊതുമരാമത്തു സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലെ ആഫീസിനെയാണ്. ‘സര്‍ക്കാരിന്റെ വിശദീകരണം’ എന്നു വച്ചാല്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ച നിര്‍ദ്ദേശം എന്നുമാണ്.] എക്സിക്കൂട്ടിവ് എഞ്ചിനിയറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യവകുപ്പ് പ്രതിനിധിയായ ഫൈനാന്‍സ് ഓഫീസറാണ് പണമിടപാടുകള്‍ നടത്തുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനിയറില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം എക്സികൂട്ടിവ് എഞ്ചിനിയര്‍ ഫൈനാന്‍സ് ഓഫീസറെ അറിയിക്കാന്‍ മിനക്കെട്ടില്ല. ഫലമോ, പണിതീര്‍ത്ത് (ഫെബ്രുവരി, മാര്‍ച്ച് 2007), കരാറില്‍ ഉറപ്പിച്ചിരുന്ന മുഴുവന്‍ തുകയും അതില്‍ കൂടുതലും മാര്‍ച്ച്, ജൂലൈ 2007 മാസങ്ങളിലായി ഫൈനാന്‍സ് ഓഫീസറില്‍ നിന്നും കരാറുകാരന് വാങ്ങികൊണ്ട് സ്ഥലം വിട്ടു. അതായത് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 5.50 കോടി രൂപ കൂടുതല്‍. ഈ നഷ്ടം സര്‍ക്കാര്‍ ഖജനാവ് സഹിക്കുന്നു.
വര്‍ക്കല - പാരിപ്പള്ളി റോഡ്
----------------------------------
- സര്‍ക്കാര്‍ അനുവദിച്ച തുക = 11.93 കോടി രൂപ
- ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.14 കോടി രൂപ
- യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 13.96 കോടി രൂപ
- കൂടുതല്‍ കൊടുത്തത് = 2.03 കോടി രൂപ.
കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്
-------------------------------------------------------------
- സര്‍ക്കാര്‍ അനുവദിച്ച തുക = 8.67 കോടി രൂപ
- ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.05 കോടി രൂപ
- യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 12.14 കോടി രൂപ
- കൂടുതല്‍ കൊടുത്തത് = 3.47 കോടി രൂപ.
സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കൂടുതല്‍ തുകക്ക് കരാര്‍ ഉറപ്പിച്ച (മാര്‍ച്ച് 2006) സൂപ്രണ്ടിംഗ് എന്‍ജ്ജിനിയര്‍ മാത്രമാണോ ഇതിനുത്തരവാദി?. ഒന്നാം പ്രതി അദ്ദേഹം തന്നെ, സംശയമില്ല.
എന്നാല്‍ തെറ്റ് ബോധ്യപ്പെടുത്തിയ ഉടന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ നല്കിയ നിര്‍ദ്ദേശം(നവമ്പര്‍ 2006) എക്സികൂട്ടിവ് എഞ്ചിനിയര്‍ വേണ്ടവിധം നടപ്പിലാക്കിയോ?. എന്തുകൊണ്ട് ഫൈനാന്‍സ് ഓഫീസറെ വിവരം അറിയിച്ചില്ല? അദ്ദേഹമല്ലേ പണം കൊടുക്കേണ്ടയാള്‍?
നവമ്പര്‍ 2006 ല്‍ എക്സികൂട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതോടൊപ്പം സര്‍ക്കാരിനേയും അറിയിച്ചില്ലേ?. വിശദീകരണം തേടിയില്ലേ (അതിന്റെയൊന്നും ആവശ്യമില്ലായിരുന്നെങ്കിലും)?. മാര്‍ച്ച് 2007 ല്‍ മുഴുവന്‍ പണവും കരാറുകാരനു കൊടുത്തു തീര്‍ക്കുന്നതിനു മുന്നേ എന്തു കൊണ്ട് സര്‍ക്കാര്‍ ഒരു മറുപടി അയച്ചില്ല?
ഈ വിവരങ്ങളെല്ലാം കാണിച്ചു കൊണ്ട് അക്കൌണ്ടന്റ് ജനറലും നേരിട്ട് മേയ് 2008 ല്‍ സര്‍ക്കാരിനെ അറിയിച്ചല്ലോ. ഇന്നേവരെ (ജൂണ്‍ 2009, 30 മാസം കഴിഞ്ഞു) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തിരുമാനത്തിലെത്താന്‍ കഴിയാതെ പോയതെന്തുകൊണ്ട്? എവിടെയോ എന്തോ ചീഞ്ഞ് നാറുന്നില്ലേ?
ആധാരം: സീ.ഏ.ജി റിപ്പോര്‍ട്ട് 2007-08 (സിവിള്‍) അദ്ധ്യായം 4.
കടപ്പാട് : വിവരാവകാശ നിയമം.
10 comments:
:):):)
അങ്കിളേ....ഇതൊക്കെ എവിടെന്ന് തപ്പിയെടുക്കുന്നു:):)
അങ്കിളിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...
കാട്ടിലെ തടി,തേവരുടെ ആന,വലിയെടാ വലി......... ഈ മനോഭാവം മാറാതെ നമ്മുടെ നാട് നന്നാകില്ല!
ശ്രമങ്ങള്‍ക്ക് നന്ദി അങ്കിളേ.
എന്തുകൊണ്ട് കൂടുതല്‍ തുകക്ക് അഗ്രീമെന്റ് വക്കുന്നു എന്ന് എവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ?
അനില്‍@ബ്ലോഗ്,
പലരും ടെണ്ടറുകള്‍ സമര്‍പ്പിച്ചിരുന്നു. അവരില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ശ്രിധന്യാ കണ്‍സ്ട്ര്ക്ഷന്‍സ് ആയിരുന്നു. കുറഞ്ഞ തുകക്ക് ജോലിചെയ്യാന്‍ തയ്യാറായവരെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട തുകക്ക് പകരം സര്‍ക്കാരിന്റെ എസ്റ്റിമേറ്റും അതിന്റെ കൂടെ ഒരു 35% കൂടെ കൊടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ അവഗണിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തവരുമായി കരാറാക്കി. ഇതാണു സംഭവിച്ചത്
അങ്കിളെ വിവരാവകാശ നിയമം വന്നതു കൊണ്ടൂ കുറെ കാര്യങ്ങൾ ഇങ്ങിനെ അറിയുന്നു .തീർച്ചയായും ജനങ്ങൾ പ്രതികരിക്കുന്നുണ്ടു അതാണല്ലൊ നമ്മൾ ഈ ലോക സഭാ എലെക്ഷനിൽ കണ്ടതു ,അവർക്കു അഞ്ചു വർഷത്തിലൊരിക്കൽ മാത്രമല്ലെ ഇങ്ങിനെ പ്രതികരിക്കാൻ അവസരം ഉള്ളൂ.
എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ അഭിനന്ദനങ്ങൾ
സ്നെഹത്തോടെ സജി
സംഗതി ശരിയാണെങ്കിലും അതല്ലാതെ മറ്റൊരുവഴി ഇല്ലായിരുന്നു എന്ന് അല്ലേ മനസ്സിലാകേണ്ടത്?
മനസ്സിലായില്ലാ ഉറുമ്പേ. ഏതല്ലാതെ മറ്റൊരു പോംവഴി ഇല്ലായിരുന്നു?
ഏറ്റവും കുറഞ്ഞ തുകക്കു ക്വോട്ടു ചെയ്തവർക്കു കൊടുക്കുക എന്ന ഓപ്ഷൻ അല്ലാതെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. റീടെണ്ടർ ആകാമായിരുന്നു എന്നും തോന്നി. അല്ലാതെ മറ്റെന്താണു വഴി. സർക്കാർ എഞ്ചിനിയരന്മാരുടെ എസ്റ്റിമേറ്റൊക്കെ ഒരുമാതിരി ഊഗാണ്ടൽ കണക്കുകളല്ലേ?
ഒരു സംശയം ?
അങ്ങനെയല്ലാ ഉറുമ്പേ മനസ്സിലാക്കേണ്ടത്.
സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഫയല്‍ മുഴുവന്‍ സര്‍ക്കാരിലേക്കയക്കും, അദ്ദേഹത്തിന്റെ റിമാര്ക്ക്സോടെ. സര്‍ക്കാര്‍ ഏറ്റവും കുറച്ച് തുക ക്വോട്ടു ചെയ്ത സ്ഥാപനത്തിനു എത്ര തുകക്ക് കൊടുക്കണമെന്നും കാണിച്ചാണ് ഉത്തരവിറക്കിയത്. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആ ഉത്തരവ് അതേപടി പാലിക്കാന്‍ ബാധ്യസ്ഥനാണ്. പിന്നിട് അദ്ദേഹത്തിനു തെറ്റ് ബോധ്യപ്പെടുകയും ചെയ്തു.
:)
എന്ത് ചെയ്യാം. നമ്മുടെ ദുര്യോഗം.
അങ്കിളെ, അഭിനന്ദനങ്ങള്‍..........
വെള്ളായണി
Post a Comment