നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -
കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി
പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്
നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി
എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.
പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’
റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000
ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍
ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു
ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.
2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍
ടെക്നിക്കല്‍ അനുമതി നല്‍കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി.
3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി
2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.
റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്
ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു
പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു
സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.
അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി
തുടര്‍ന്നു.
നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും
നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില്‍ ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍
കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്
പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും
മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ
അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.
ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.
ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:
ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്
അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ
വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.
ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍
നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു
നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്.
ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്
കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം
പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും
വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ
വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.
പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ
കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം
നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി
സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു
നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്
പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ
കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു
പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം
കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ
ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും
കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാകും.
നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം
മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ
ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ
ഏമാന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു
ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു
പിന്നീട് മനസ്സിലാകും.
ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6
കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.
അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3
കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍
വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള
അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്
58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ
റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി
ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും
സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.
റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍
റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ
ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്
പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും
ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ
ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും
വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍
കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.
സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,
വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട
റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട
മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.
അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.
ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2
കടപ്പാട്: വിവരാവകാശനിയമം
Friday, July 10, 2009
TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍
Labels:
പൊതുമരാമത്ത്,
വാര്‍ത്ത,
റോഡ് നിര്‍മ്മാണം
Subscribe to:
Post Comments (Atom)
3 comments:
ടാറ്റാ കീ ജയ്.
റ്റാറ്റാക്ക് മാത്രം പോരാ ഒത്താശ ചെയ്തു കൊടുത്ത എല്ലാപേര്‍ക്കും ജൈ വിളിക്കാം. ജനം എന്ന കഴുത ജൈ വിളിക്കാന്‍ മാത്രം വിധിക്കപ്പെട്ടവന്‍. ഇനി കാലാകാലങ്ങളില്‍ മെയിന്റനന്‍സു (സര്‍ക്കാര്‍ കാശ് ചെലവാക്കിയതല്ലായോ) കൂടി ആയാല്‍ എല്ലാം ഓകെ.
അങ്കിളിന്റെ ബ്ലോഗില്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയ പോസ്‌റ്റായിരുന്നു കാന്തല്ലൂര്‍ - സേതുപാര്‍വ്വതീപുരം റോഡുമായി ബന്ധപ്പെട്ടത്. വൈകിയതില്‍ ക്ഷമിക്കുക.
സത്യത്തില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ട് വെറും സാങ്കേതികം മാത്രമാണ്. ഈ റോഡിനെപ്പറ്റി നേരിട്ടറിയാവുന്നതിനാലാണ് ഞാനിതു പറയുന്നത്.
കാന്തല്ലൂര്‍ -സോതുപാര്‍വ്വതീപുരം റോഡ് ഇന്നലെ പൊട്ടിമുളച്ചതൊന്നുമല്ല. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്തുള്ള റോഡാണിത്. താലൂക്ക് ആസ്ഥാനമായ ദേവികളുത്തെ കാന്തല്ലൂരുമായി കുറഞ്ഞദൂരത്തില്‍ ബന്ധിപ്പിക്കുന്ന വഴിയാണിത്. ഇതിന്റെ ഒരതിര് ടാറ്റായുടെ എസ്റ്റേറ്റും മറു വശം വനവുമാണ് . ആദ്യ ആറു കിലോമീറ്ററിനുശേഷം രണ്ടതിരുകളും വനമേഖലയായി മാറും. വര്‍ഷങ്ങള്‍ക്കു മുമ്പ് മെറ്റലിംഗ് നടത്തി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഈ വഴി ടാറ്റ കേസ് കൊടുത്തതിനെതുടര്‍ന്നാണ് ഉപയോഗശൂന്യമായത്. അവര്‍ക്ക് ഈ വഴിയില്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പിന്നീട് റോഡ് കടന്നുപോകുന്ന വനമേഖല ഷോലെ ഫോറസ്‌റ്റായി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ വഴി പൂര്‍ണമായും അടഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടു വായിച്ചാല്‍ തോന്നുക വനത്തിലൂടെ പുതിയ റോഡ് വെട്ടുകയാണെന്നാണ്. വസ്‌തുത അതല്ല. യാതൊരു വൃക്ഷലതാദികളും വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ ഇപ്പോഴുമില്ല. അതുവഴി റോഡ് ഇപ്പോഴുമുണ്ട്. അത് തെളിച്ച് ടാര്‍ ചെയ്‌താല്‍ മാത്രം മതി. പക്ഷെ റോഡിനുശേഷം വന്ന വനനിയമം അതു തടയുന്നു. അതുകൊണ്ട് ചന്ദനക്കടത്തിന്റെ ഒരെളുപ്പവഴിയായി ഇതു മാറിക്കഴിഞ്ഞു.
ഇടുക്കിയില്‍ ഇത്തരത്തില്‍ പല റോഡുകളുമുണ്ട്. ആലുവയില്‍ നിന്ന് മൂന്നാറിലേക്ക് പണ്ട് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച മറ്റൊരു വഴി പകുതി മുക്കാലും ഇപ്പോള്‍ വനത്തിനുള്ളിലാണ്. നേര്യമംഗലത്തുനിന്ന് അടിമാലിയില്‍ എത്താതെ മൂന്നാറിനുള്ള എളുപ്പവഴിയായ ഈ റോഡും ചന്ദനക്കള്ളക്കടത്തുകാരാണ് ഉപയോഗിക്കുന്നത്. ഇത് ഹൈവേയാക്കാന്‍ ആലോചനയുണ്ട. തടസ്സം വനനിയമം തന്നെ.
എന്റെ വീടിനടുത്തുള്ള നെടുങ്കണ്ടത്തു നിന്ന് തമിഴ്‌നാടിന് മറ്റൊരു എളുപ്പവഴിയുണ്ട്. പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത ഇത് ആനക്കല്ല് എന്ന സ്ഥലത്തെത്തി നില്‍ക്കുകയാണ്. അതിനപ്പുറം തമിഴ്‌നാടിന്റെ വനവുമാണ്. റോഡ് വെട്ടാന്‍ തമിഴ്‌നാട് തയ്യാര്‍. തട്‌സ്സം വനനിയമം.
സേതുപാര്‍വ്വതീപുരം - കാന്തല്ലൂര്‍ റോഡിന്റെ സ്ഥിതിയും അതുതന്നെ. റോഡ് പൂര്‍ത്തിയായാല്‍ ഉണ്ടാകാവുന്ന ഗുണം മാത്രമേ പൊതുമരാമത്ത് വകുപ്പ് നോക്കിയിട്ടുള്ളു. വനമന്ത്രാലയം അനുവദിച്ചാല്‍ വലിയൊരു ഗതാഗത വിപ്‌ളവത്തിന് ആ വഴി വഴിയൊരുക്കും. ഈ റോഡു പണിതതുകൊണ്ട ടാറ്റയ്‌ക്ക് പ്രത്യേക ഗുണമൊന്നുമില്ല. അവര്‍ക്കാവശ്യമുള്ള റോഡ് അവര്‍ പണിതിട്ടിട്ടുണ്ട്. മാത്രമല്ല, ടാറ്റയുടെ എസ്റ്റേറ്റിനുള്ളിലെ പല വഴികളും അവരുടെ ഔദാര്യംകൊണ്ടാണ് പൊതുജനം ഉപയോഗിക്കുന്നത്. ഇടുക്കിയില്‍ ഇത്തരത്തിലുള്ള എസ്‌റ്റേറ്റ് റോഡുകള്‍ ടാറ്റയുടേതല്ലാത്തതും ഏറെയുണ്ട്. കോട്ടയം - കട്ടപ്പന റോഡിന്റെ കുട്ടിക്കാനം മുതല്‍ പരപ്പ്‌് വരെ കിലോമീറ്ററുകളോളം തേയിലക്കാടിനുള്ളീലൂടെയാണു കടന്നുപോകുന്നത്. 120 കിലോമീറ്റര്‍ ദൂരമുള്ള തേക്കടി - മൂന്നാര്‍ റോഡ് ഏലം, തേയില, കാപ്പിത്തോട്ടങ്ങള്‍ക്കു വെളിയില്‍ കടക്കുന്നേയില്ലെന്നു പറയാം.
ഇക്കാര്യത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിനെ വെറും സാങ്കേതികമായി മാത്രമേ ഞാന്‍ കാണുന്നുള്ളു. വസ്‌തുതയുമായി അത് പൊരുത്തപ്പെടുന്നില്ല. വനനിയമം അംഗീകരിക്കി്‌ല്ലെന്നു കരുതി ഒരു റോഡ് വേണ്ടെന്നു വയ്‌ക്കേ്‌ണ്ടതില്ല. അനുമതി ലഭിക്കുമെന്ന് അധികൃതര്‍ കരുതിയിരിക്കാം.
മൂന്നാര്‍ ഒഴിപ്പിക്കലിനെപ്പറ്റിയും ഇങ്ങനെ പലതും പറയാനുണ്ട്. ഒഴിപ്പിക്കല്‍ നടന്ന സമയത്ത് ഞാന്‍ 'പത്രം വാരിക'യില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ ഗതിയുണ്ടാകുമെന്നു മുന്‍കൂട്ടി പറഞ്ഞിരുന്നു. പൊളിച്ച പലതും തിരിച്ചു പണിതുകൊടുക്കേണ്ടിവരുമെന്ന്. കാരണം മതികെട്ടാന്‍ എന്റെ കണ്‍മുന്നിലുണ്ട്.
പിന്നെ, ്‌അങ്കിളേ കേന്ദ്രത്തിന്റെ വനനിയമത്തിന്റെ പരിധിയില്‍പെടുത്തി ചിന്തിച്ചാല്‍ നിങ്ങളുമായി സംവദിക്കുന്ന ഈ ഞാനും ഒരു വന്യജീവിയാണ്. കേന്ദ്രസര്‍ക്കാര്‍ രേഖകളിലെ വനമേഖലയിലാണ് എന്റെ സ്ഥിരമേല്‍വിലാസം.! ഇടുക്കിയെപ്പറ്റി പുറംലോകത്തിനുള്ള തെറ്റിദ്ധാരണകള്‍ ഉടനെയെങ്ങും മാറുമെന്നു ഞാന്‍ കരുതുന്നില്ല.
Post a Comment