മൂന്നാറിൽ റ്റാറ്റാ ടീ എസ്റ്റേറ്റിനു കുറുകേ സര്‍ക്കാര്‍ ചെലവില്‍ ഒരു റോഡ് നിര്‍മ്മിച്ച് കൊടുത്തതെങ്ങനെയെന്നു വിശദീകരിക്കുന്നതാണീ പോസ്റ്റ് ഞാൻ രേഖപ്പെടുത്തിയിരുന്നു. നികുതി ദായകരുടെ നാലുകോടി രൂപ മുടക്കി ഒരു റോഡ് റ്റാറ്റാക്ക് നിര്‍മ്മിച്ചു കൊടുത്തതായിരുന്നു അക്കഥ, 2007 ൽ. റ്റാറ്റയുടെ കാര്യം വരുമ്പോൾ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കവാത്ത് മറക്കും.
2005 ൽ റ്റാറ്റാക്ക് വേണ്ടി 61.32 ലക്ഷം രൂപയുടെ അനർഹമായ ആനുകൂല്യം നൽകിയതിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. ബ്ലോഗ് വായനക്കാർക്കായി അതിവിടെ രേഖപ്പെടുത്തുന്നു:
ഇവിടെ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി നേരിട്ടാണു വൈദ്യൂതി വിതരണം ചെയ്യുന്നത്. എന്നാൽ മൂന്നാറിൽ അങ്ങനെയല്ല. ഒരു സ്വകാര്യ ഏജൻസിക്കാണു അതിന്റെ ചുമതല. മറ്റാരുമല്ല അത്: റ്റാറ്റാ ടീ ലിമിറ്റഡ് (റ്റി.റ്റി.എൽ). 1990 ലാണു അവരുമായി കെ.എസ്.ഇ.ബി ഇതിനായി ഒരു കരാറുണ്ടാക്കിയത്. തുടക്കത്തിൽ 5 കൊല്ലത്തേക്കാണു കരാർ. അതിനു ശേഷം കെ.എസ്.ഇ.ബി യോ, റ്റാറ്റായോ 3 മാസത്തെ നോട്ടിസ് കൊടുത്ത് ഈ കരാർ റദ്ദാക്കുന്നതുവരെ അതിനു പ്രാബല്യമുണ്ടാകും. അതു വരെ കരാറിന്റെ വകുപ്പ് 8(a) പ്രകാരം റ്റാറ്റാക്ക് നൽകിയ വൈദ്യുതിയുടെ വില മാസാമാസം കെ.എസ്.ഇ.ബി യിലോട്ടോടുക്കണം. (ഏതു മൊത്തവില നിരക്കിലാണു വില ഈടാക്കുന്നതെല്ലാം കരാറിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ അതു പ്രസക്തമല്ലാത്തതു കൊണ്ട് അതിന്റെ വിശദവിവരം രേഖപ്പെടുത്തുന്നില്ല.) പണമൊടുക്കാൻ 15 ദിവസത്തിൽ കൂടുതൽ താമസമുണ്ടായാൽ കുടിശ്ശികക്ക് മുഴുവൻ 18% പലിശയും കൊടുക്കണം. ഇതാണു ഇവിടുത്തെ പ്രസക്തമായ ഭാഗം.
റ്റാറ്റക്ക് കെ.എസ്.ഇ.ബി യിൽ നിന്നും ലഭിക്കുന്ന വൈദ്യുതി മൂന്നാറിൽ വിതരണം ചെയ്ത് അവർക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയുടെ വില മാസാമാസം ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഉപഭോക്താവ് പണമടക്കുന്നതിൽ താമസം വരുത്തിയാൽ അവരിൽ നിന്നും പിഴയും ഈടാക്കുന്നുണ്ട്. എന്നിട്ടും 2005 നവമ്പർ വരെയുള്ള കണക്കുകൾ പരിശോധനയിൽ കണ്ടത് വൈദ്യുതിയുടെ വിലയായി 6.11 കോടി രൂപ റ്റി.റ്റി.എൽ. കെ.എസ്.ഇ.ബി ക്ക് കുടിശ്ശികയായി നൽകാനുണ്ടെന്നാണു. കരാർ പ്രകാരം അതിനുള്ള അതുവരെയുള്ള പിഴപ്പലിശ 1.84 കോടി രൂപയും.
കരാറും പ്രകാരം ഇത്രയും തുക (18% നിരക്കിൽ) പിഴപലിശയായി റ്റാറ്റയിൽ നിന്നും ഈടാക്കേണ്ടി വരുമെന്നറിഞ്ഞ ബോർഡധികാരികൾക്ക് സങ്കടം സഹിക്കാനായില്ല. നവമ്പർ 2005 ൽ തന്നെ ബോർഡ് കൂടി. 18% പിഴപ്പലിശയെന്നത് 12% മതിയെന്ന തീരുമാനമെടുത്ത് ദീർഘനിശ്വാസം വിട്ടു. അതായത് 61.32 ലക്ഷം രൂപയുടെ അനർഹമായ ഇളവ്.
2006 മേയ് 3 നു കെ.എസ്.ഇ.ബി പുതുക്കിയ കുടിശ്ശികക്ക് ഇൻവോയ്സ് അയച്ചു. 17 തീയതി റ്റാറ്റ സന്തോഷത്തോടെ ആവശ്യപ്പെട്ട മുഴുവൻ തുകയും അടച്ചു തീർത്തു.
ഇക്കാലമത്രയും ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത പണം മുഴുവൻ റ്റാറ്റ അവരുടെ കൈയ്യിൽ തന്നെ നിലനിർത്തിയിരുന്നതോർക്കണം. കെ.എസ്.ഇ.ബി യാണെങ്കിൽ അവരെടുത്ത കടങ്ങൾക്ക് 6.5 മുതൽ 17% വരെ പലിശ ബാങ്കുകാർക്ക് കൊടുത്തു കൊണ്ടിരുന്ന സമയവും.
ആധാരം : സി.എ.ജിയുടെ 2008 വാണിജ്യവിഭാഗം റിപ്പോർട്ട് / 4.9
കടപ്പാട്: വിവരാവകാശ നിയമം.
Saturday, September 19, 2009
റ്റാറ്റാ എന്നു കേട്ടാൽ കവാത്ത് മറന്നുപോകും - Tata Tea Ltd
Labels:
KSEB,
TATA,
കെ.എസ്.ഇ.ബി.,
വാർത്ത,
റ്റാറ്റാ
Subscribe to:
Posts (Atom)