അടിസ്ഥാന വർത്തത്തിന്റെ അപ്പോസ്ഥലന്മാരെന്നവകാശപ്പേടുന്ന കുറെയേറെ ബ്ലോഗർമാരെ ഞാൻ ഈ ബൂലോഗത്ത് കാണുന്നുണ്ട്. അവരിൽ എത്രപേർക്കറിയാം സംസ്ഥാന സർക്കാർ തസ്വഭ
സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിവരുന്ന ആശ്രയ എന്ന പദ്ധതി ദ്രരിദ്രരിൽ ദരിദ്രരായവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്നു.? അതിന്റെ പേരിൽ കൊല്ലം തോറും പാഴാക്കുന്ന പണം എത്രയാണെന്നു?.
ഇതെഴുതുന്നതു വരെ ഞാനും അജ്ഞനായിരുന്നു. നിങ്ങളിതൊന്നു വായിക്കു. എന്നിട്ട് പറഞ്ഞു പരത്തൂ, അഗതികളേ നിങ്ങൾക്ക് ഇതെല്ലാം അവകാശപ്പെട്ടതാണെന്നു ഔദാര്യമല്ലെന്നു. ഇത് ബി.പി.എൽ കാരെ ഉദ്ദേശിച്ചുള്ളതല്ല. അവർക്കിടയിലെ നിർധനരിലും നിർധനരായ അഗതികളെ കുറിച്ചാണു ഞാനിവിടെ പറയുന്നത്.
ഇനിപ്പറയുന്നതെല്ലാം അറിയാമോ എന്നു സ്വയം വിലയിരുത്തൂ:
കേരളത്തിന്റെ ജനസംഖ്യയിൽ 2%, സാമ്പത്തികമായും സാമൂഹ്യമായും ഭരണപരമായും തങ്ങളുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ, അവ തെരഞ്ഞെടുക്കാനുള്ള അവകാശമോ കഴിവോ ഇല്ലാത്ത സമ്പദ്വ്യവസ്ഥയുടെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന നിർദ്ധനരിൽ വച്ച് ഏറ്റവും അശരണരായ അഗതികളാണു. ഇതു ഞാൻ പറഞ്ഞതല്ല. നമ്മുടെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ ധരിപ്പിച്ചിരിക്കുന്നതിങ്ങനെയാണു. തെറ്റാൻ വഴിയില്ലല്ലോ. ഈ വിഭാഗം അഗതികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും അത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള ആദ്യത്തെ സംയോജിത കർമ്മ പരിപാടിയാണു ആശ്രയ പദ്ധതി.
അഗതി കുടുമ്പങ്ങളെ കണ്ടെത്താനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ 2003 നവമ്പറിൽ തന്നെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. കുടുമ്പശ്രീ അയൽക്കൂട്ടങ്ങളും വാർഡ് സമിതികളും അവരുടെ പ്രദേശങ്ങളിൽ ഫീൽഡ് പഠനങ്ങൾ നടത്തി മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള സൂചകങ്ങൾ
തൃപ്തികരമായി ബാധകമാകുന്ന ഗുണഭോക്തൃ കുടുമ്പങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം.ലിസ്റ്റിനു അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭ / വാർഡ് കമ്മിറ്റി അംഗീകാരം നൽകണം.
സംസ്ഥാന ദാരിദ്ര്യനിർമാർജ്ജന സമിതി (കുടുമ്പശ്രി മിഷൻ) ആസൂത്രണം ചെയ്ത ഈ സമഗ്ര പദ്ധതി തസ്വഭ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുമ്പശ്രീ അയൽക്കൂട്ടവും (എൻ.എച്.ജി)) കുടുമ്പശ്രീ വാർഡ് സമിതിയും (എ.ഡി.എസ്) കൂടി ചേർന്നാണു നടപ്പിൽ വരുത്തേണ്ടത്.
കുടുമ്പ ശ്രീ സമർപ്പിച്ച ആശ്രയ പദ്ധതി 2003 മാർച്ചിൽ സർക്കാർ അംഗീകരിച്ചു. 2008 മാർച്ച് 31 വരെ 22 നഗരസ്വയം ഭരണ സ്ഥാപനങ്ങളും 688 പഞ്ചായത്തുകളും ഉൾപ്പടെ 710 തസ്വഭ സ്ഥാപനങ്ങളിലായി 57,985 അഗതികളെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നു കുടുമ്പശ്രീ മിഷൻ കണക്കുകൂട്ടി. 22 ലക്ഷത്തിലധികം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ ഉണ്ടെന്നു വാദിക്കുന്ന കേരളത്തിലാണിത്. ജില്ല തിരിച്ചു അഗതികളെ കണ്ടെത്താനുള്ള സാധ്യതാലിസ്റ്റ് താഴെ കൊടുക്കുന്നു:
തിരുവനന്തപുരം: 39 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 4,239 അഗതികൾ
കൊല്ലം----------: 32 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2354 അഗതികൾ
പത്തനംതിട്ട----: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3422 അഗതികൾ
ആലപ്പുഴ-------- : 49തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3426 അഗതികൾ
കോട്ടയം---------: 55 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2756 അഗതികൾ
ഇടുക്കി-----------: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2792 അഗതികൾ
എറണാകുളം-----: 36 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3144 അഗതികൾ
തൃശ്ശൂർ------------: 62 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 8965 അഗതികൾ
പാലക്കാട്-------: 79 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 7960 അഗതികൾ
മലപ്പുറം----------: 54 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 5149 അഗതികൾ
കോഴിക്കോട്-----: 75 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 6688 അഗതികൾ
വയനാട്----------: 26 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1813 അഗതികൾ
കണ്ണൂർ------------: 80 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3752 അഗതികൾ
കാസർഗോഡ്----: 31 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1525 അഗതികൾ
ആകെ---------: 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 57985 അഗതികൾ
[ഉറവിടം: കുടുമ്പശ്രീ മിഷൻ]
58000 ത്തിൽ പരം അഗതികൾക്ക് വേണ്ടി 31,195 ലക്ഷം രൂപ ചലവു വരുന്ന പദ്ധതികൾക്ക് സർക്കാർ അംഗീകാരവും നൽകി. അതായത് ശരാശരി ഒരഗതി കുടുമ്പത്തിനു 53000 രൂപ് (ഏകദേശം). 2002-03 ലെ കണക്കാണിത്.
പദ്ധതി ഉടൻ നടപ്പിലാക്കനായി സർക്കാർ സ്വന്തം ഖജനാവിൽ നിന്നും 75
കോടി രൂപയും കേന്ദ്രധനസഹായമായി ലഭിച്ച 25 കോടി രൂപയും ഉൾപ്പടെ 100 കോടി രൂപ കുടുമ്പശ്രീമിഷനെ ഏൾപ്പിച്ചു. പിന്നെയാണു പ്രശ്നം തൂടങ്ങിയത്. പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. കുറേ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് മേശക്ക് ചുറ്റുമിരുന്നാൽ പദ്ധതികൾക്ക് രൂപം കൊടുക്കാമല്ലോ. കൂടാതെ കേന്ദ്ര പദ്ധതിയുടെ കരടു രേഖയും കൈയ്യിലുണ്ട്. പക്ഷേ അതെല്ലാം വടക്കേ ഇൻഡ്യയെ നേരിൽ കണ്ട് ഉണ്ടാക്കിയ പദ്ധതികളാണെന്നും കേരളം
വ്യത്യസ്ഥമാണെന്നും നമ്മുടെ ഏമാന്മാർ മറന്നു.
മാർഗ്ഗ നിർദ്ദേശങ്ങളിലെ മാനദണ്ഢങ്ങൾ തൃപ്തികരമായാൽ മാത്രമേ ഒരു നിർധന കുടുമ്പത്തെ അഗതികുടുമ്പമായി തരംതിരിക്കാവൂ. എന്നാൽ തസ്വഭ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനായില്ല. ഗുണഭോക്താവായി തെരഞ്ഞെടുത്തവരിൽ ഭൂരിഭാഗവും
അഗതികളായിരുന്നില്ല. അല്ലെങ്കിൽ തെരഞ്ഞടുക്കപ്പെടാൻ അഗതികളെ കിട്ടിയില്ല എന്നു പറയുന്നതാവും ശരി.
18 തസ്വഭ സ്ഥാപനങ്ങളെ അക്കൌണ്ടന്റ് ജനറൽ പരിശോധനക്കായിതെരഞ്ഞെടുത്തു . അവിടുത്തെ രേഖകളിൽ കണ്ടത് ഇങ്ങനെയാണു:
കിഴക്കോത്ത്, കൂടരഞ്ഞി, മുക്കം, പൂക്കോട്ടൂർ, ഉണ്ണിക്കുളം, വാണിമ്മേൽ എന്നി ആറു ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആകെയുള്ള 617 കുടുമ്പങ്ങളിൽ ഒരെണ്ണം പോലും ‘അഗതി’ എന്ന മാനദണ്ഢത്തിൽ പെടുന്നവരല്ലായിരുന്നു.
അക്കൌണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കൈയ്യിലുള്ള 100 കോടിയിൽ 60.23 കോടി രൂപ മാത്രമേ ചെലവിടാൻ കഴിഞ്ഞുള്ളൂ, ബാക്കി 39.77 കോടി ഇപ്പോഴും കുടുമ്പശ്രി മിഷന്റെ കൈയ്യിൽ തന്നെ ഇരുപ്പാണെന്നാണു. ആക്കൌണ്ടന്റ് ജനറലിനു അങ്ങനെയേ പറയാൻ കഴിയൂ. 60 കോടി യോളം രൂപ ചെലവിടാൻ മാത്രമുള്ള അഗതികളെയേ 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ നിന്നും കണ്ടെത്താനായുള്ളൂ എന്നതല്ലേ സത്യം.? 58000 തിൽ പരം അഗതികൾ ഉണ്ടാകുമെന്ന് പദ്ധതി
ആവിഷ്കരിച്ചപ്പോൾ കണക്ക് കൂട്ടിയിരുന്നതാണ്. 311 കോടി രൂപ മതിപ്പ ചെലവും കണക്കാക്കി. അതിലാണു 100 കോടി ഉടൻ ചെലവിടാൻ വിട്ടുകൊടുത്തത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഭരിക്കുന്ന ഇടതു പക്ഷം അഗതികളെ കണ്ടെത്താൻ ശ്രമിച്ചില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. പക്ഷേ, ശ്രമിച്ചപ്പോൾ കണ്ടെത്തിയത് ഇത്രയേ ഉള്ളൂ എന്നതായിരിക്കണം സത്യം.?
കണ്ടെത്തിയ എണ്ണത്തിനെ തൽകാലം നമുക്ക് മറക്കാം. അത്രയും പേരെയെങ്കിലും കണ്ടെത്തിയല്ലോ. ഇനി അവർക്ക് വേണ്ടി ചെലവിട്ടത് എങ്ങനെയെന്നു നോക്കാം.
കുടുമ്പശ്രീയിൽ നിന്നുള്ള ധനസഹായമായ 1.74 കോടി രൂപ ഉൾപ്പടെ 15.85 കോടി രൂപ മതിപ്പ് ചെലവിലാണു തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ 2002-03 മുതൽ 2007-08 വരെ ആശ്രയ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ മതിപ്പ് ചെലവിന്റെ മുപ്പത് ശതമാനമായ 4.76 കോടി രൂപ പോലും ചെലവിടാൻ വേണ്ടുന്നത്ര അഗതി കുടുമ്പങ്ങളെ ഇക്കാലയളവിൽ കണ്ടെത്താനായില്ല. തുടക്കത്തിൽ (2002-03) ൽ 5 തസ്വഭസ്ഥാപനങ്ങളിലായി അഗതി കുടുമ്പങ്ങളെന്ന പേരിൽ 563 കുടുമ്പങ്ങളെ ലിസ്റ്റിൽ പെടുത്തിയെങ്കിലും, മതിപ്പ് ചെലവായി 290.12 ലക്ഷം രൂപ വകയിരുത്തിയെങ്കിലും, 150 ലക്ഷം രൂപ മാത്രമേ ചെലവാക്കിയുള്ളൂ. എന്നാൽ അത് 2007-08 ആയപ്പോൾ തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണു അഗതി കുടുമ്പങ്ങളെ കണ്ടെത്താൻ മിനക്കെട്ടത്. കണ്ടെത്തി ലിസ്റ്റിൽ പെടുത്തിയതോ 101 ഗുണഭോക്താക്കൾ (അഗതികൾ എന്ന പേർ മനപ്പൂർവം വിടുന്നു). മതിപ്പ്
ചെലവ് കണക്കാക്കി വകകൊള്ളിച്ചത് 93 ലക്ഷം രൂപ. എന്നാൽ അവർക്ക വേണ്ടി ചെലവിട്ടത് വെറും 5000 രൂപ. എങ്ങനെയുണ്ട് നമ്മുടെ ദാരിദ്ര്യ നിർമ്മാർജ്ജനം?
തസ്വഭ സ്ഥാപനങ്ങൾ പദ്ധതി നടത്തിപ്പിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നാണു അക്കൌണ്ടന്റ് ജനറലിന്റെ പരാമർശം. അഗതികളെ കണ്ടെത്തിയാലല്ലേ ചെലവിടാൻ പറ്റൂ എന്നു അതു നടപ്പാക്കുന്നവർക്കല്ലേ അറിയു. സർക്കാർ പണം ചുമ്മാ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ?. പാർട്ടി ഓഫീസിലെയോ സർക്കാർ ഓഫീസിലെയോ എയർ കണ്ടീഷൻ മുറിയിലെ മേശക്ക് ചുറ്റും ഇരുന്നു
പദ്ധതി ആവിഷ്കരിച്ചാൽ ഇങ്ങനയേ നടപ്പിലാകൂ.
ആശ്രയ കുടുമ്പങ്ങൾക്ക് മാത്രമായി പരിചരണ സേവനങ്ങളുടെ ഒരു പാക്കേജ് തസ്വഭ സ്ഥാപനങ്ങൾ വഴി നടപ്പാക്കനായി സർക്കാർ ധാരാളം പണം അനുവദിച്ചു വരുന്നുണ്ട്. ഭക്ഷണം, ആരോഗ്യ സുരക്ഷ, സ്ഥലം പാർപ്പിടം , കുടിവെള്ളം, വിദ്യാഭ്യാസം, വാർദ്ധക്ക്യ പെൻഷൻ, മാനസികമായും ശാരീരികമായും വൈകല്യമുള്ളവർക്കുള്ള സഹായം , സാമൂഹ്യമായ ഒറ്റപ്പെടൽ, ഒഴിവാക്കൽ എന്നിവ ഉൾക്കൊള്ളുന്നതാണു സേവനങ്ങളുടെ പാക്കേജ്.
ഭക്ഷണം:
മതിയായ ഭക്ഷണം നിഷേധിക്കപ്പെട്ട അഗതികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ താഴെ വിവരിക്കുന്ന വ്യത്യസ്ഥ നടപടികൾ പദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്നു:
- 65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ അഗതികൾക്കും അന്നപൂർണ്ണ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകണം.
- കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കും പെൻഷനോ മറ്റു വരുമാന മാർഗ്ഗമോ ഇല്ലാത്തതുമായ എല്ലാ അഗതി കുടുമ്പങ്ങൾക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി സൌജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണം.
- പ്രായാധിക്ക്യമുള്ളവർ, കടുത്ത രോഗബാധിതർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് അംഗനവാടികൾ മുഖാന്തിരം പാകം ചെയ്ത ഭക്ഷണം വിളമ്പണം.
- എസ്.ജി.ആർ.വൈ തുടങ്ങിയ പദ്ധതികളിൽ തൊഴിൽ ലഭ്യമാക്കാൻ മുൻഗണന നൽകണം.
മേൽപ്പറഞ്ഞ പരിപാടികൾക്ക് പകരം സഹായം പണമായി ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിക്കുന്നില്ല.എന്നാൽ നമ്മുടെ തസ്വഭ സ്ഥാപനങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ട് സർക്കാർ നിർദ്ദേശങ്ങളെ അവർ തൃണവൽഗണിച്ചു. അവർ സ്വന്തമായി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. എങ്ങനെ? ഇതാ ഇങ്ങനെ:
പണം കൈമറിയാതെ റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം?
മൊറയൂർ ഗ്രാമപഞ്ചായത്തിൽ 2004 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള കാലയളവിൽ ആകെ കണ്ടെത്തിയ 150 ൽ 77 അഗതികുടുമ്പങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനു പകരം മാസം തോറും 100 രൂപ ക്രമത്തിൽ 66000 രൂപ പണമായി വിതരണം ചെയ്തതായി രേഖകളിൽ
കാണുന്നു. തന്റെ ചുമതലകളെക്കാൾ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ പ്രസിദ്ധികേട്ടവരാണു കേരളത്തിലെ തൊഴിലാളി വർഗ്ഗം. എന്നാൽ റേഷൻ കടകൾ വഴി വേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നു ആരെങ്കിലും ആദ്യം അവർക്ക് പറഞ്ഞുകൊടുക്കണ്ടേ. പറഞ്ഞു കൊടുക്കാൻ ചുമതലപ്പെട്ടവരാണു ഭക്ഷ്യധാന്യങ്ങൾക്ക് പകരം തുച്ഛമായ പണം കൈമാറിയത്. വൈകീട്ട് വിഷപട്ടയടിച്ച് ശീലിച്ച അഗതി കുടുമ്പങ്ങൾക്ക്, അവരുടെ അവകാശങ്ങൾ എന്തൊക്കെയെന്നു അറിയാത്ത ഈ അഗതി കുടുമ്പങ്ങൾക്ക്, ഈ പണം ലോട്ടറിയടിച്ചതിനു തുല്യമായി കണ്ടിരുന്നിരിക്കണം.
60000 രുപ കൊടുത്തതിനു ശേഷം ആ പരിപാടി നിർത്തുകയും ചെയ്തു.
മലപ്പുറം മുനിസിപാലിറ്റി ഒരാൾക്ക് 500 രൂപക്രമത്തിൽ ആഹരത്തിനുള്ള സഹായധനം നിശ്ചയിക്കുകയും 2007 മേയ് മുതൽ ആഗസ്റ്റ് വരേയും 2008 മാർച്ചിലുമായി 2.57 ലക്ഷം രൂപ മുടക്കി അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തതായും രേഖകളിൽ കാണുന്നു. ഇതും മാർഗ്ഗനി ർദ്ദേശങ്ങൾക്ക് എതിരാണു. ഒരാൾക്ക് നൽകാവുന്ന സഹായത്തിന്റെ മൂല്യം 500 ൽ ഒതുക്കണമെന്നോ, 500 വരെ ആകാമെന്നോ സർക്കാർ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിക്ക് വേണ്ടി അനുവദിച്ചിരുന്നത് എത്രയോ കൂടുതലായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തത് ഉദ്ദ്യോഗസ്ഥർ തന്നെയാണു. പക്ഷേ ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാണെന്നു മറക്കരുത്.
വടകര മുനിസിപാലിറ്റി 150 കുടുമ്പങ്ങൾക്ക് 2.01 ലക്ഷം രൂപക്ക് 2007 സെപ്റ്റമ്പറിലും തിരുർ മുനിസിപാലിറ്റി 99 കുടുമ്പങ്ങൾക്ക് 44,945 രൂപക്ക് 2008 മാർച്ചിലും അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ബാക്കിയുള്ള മാസങ്ങളിൽ ഈ കുടുമ്പങ്ങൾ അഗതികളല്ലാതായോ. അതോ ആ മാസങ്ങളിൽ ഈ മുനിസിപാലിറ്റികളിൽ അഗതികളുടെ കുറ്റി അറ്റുപോയോ. ചെലവാക്കാനായി പണം ധാരാളം കൈയ്യിലുണ്ടായിരുന്നല്ലോ.
മുക്കം ഗ്രാമപഞ്ചായത്ത് 20 കുടുമ്പങ്ങൾക്ക് 2006-07 ലും 21 കുടുമ്പങ്ങൾക്ക് 2007-08 ലും 500 രൂപ വിലക്കുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശപ്രകാരമല്ലെങ്കിലും അത്രയെങ്കിലും ചെയ്തല്ലോ എന്നു സമാധാനിക്കാം. കാരണം ബാക്കിയുള്ള തസ്വഭ സ്ഥാപനങ്ങൾ പാക്കേജിൽ ഉൾപ്പെട്ട ഭക്ഷണത്തിന്റെ ഘടകം നടപ്പിലാക്കിയതേ ഇല്ല.
ആരോഗ്യ സുരക്ഷ:
സേവനങ്ങളുടെ പാക്കേജിന്റെ മറ്റൊരു ഘടകമാണല്ലൊ ഇത്. താഴെ പറയുന്ന പദ്ധതികൾ നിർദ്ദേശിക്കപെട്ടിരുന്നു:
ആശ്രയ കുടുമ്പങ്ങൾക്ക് വേണ്ട ആരോവ്യ സുരക്ഷാ സഹായം എത്തിക്കാൻ താഴ്പ്പറയുന്ന് പരിപാടികൾ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു:
- യോഗ്യരായ ഡോക്ടർമാരുടേയും മെഡിക്കൽ ടെക്നീഷ്യന്മാരുടേയും പങ്കാളിത്തത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക. എയ്ഡ്സ്, കുഷ്ഠം, ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന ഗുണഭോക്താക്കൾക്ക് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തരപ്പെടുത്തി കൊടുക്കുക, രോഗികൾക്ക് ആവശ്യമായ മരുന്നു സൌജന്യമായി എത്തിച്ച് കൊടുക്കുക.
- വ്യക്തികൾ , സന്നദ്ധസംഘടനകൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുപ്പിക്കുക.
- ദീർഘകാലമായി രോഗങ്ങൾ മൂലം രോഗങ്ങൾമൂലം കഷ്ടപ്പെടുന്ന അഗതികൾക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാസ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട
- നടപടികൾ എടുക്കുക.
ഈ അഗതികൾ വഴി കൈമറിഞ്ഞാലല്ലേ മറ്റു ചിലരുടെ ലക്ഷ്യം നിറവേറൂ. അതിനു വേണ്ടി കണ്ടെത്തിയ മാർഗ്ഗങ്ങൾ നോക്കൂ:
മൊറയൂർ ഗ്രാമപഞ്ചായത്ത് 2003 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള 9 മാസക്കാലത്ത് പ്രതിമാസം നിശ്ചിത തുകയായി 100 രൂപ ബത്തയായി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കൊടുത്ത 45 ഗൂണഭോക്താക്കൾക്ക് ചികിത്സ ആവശ്യമായിരുന്നോ എന്നൊന്നും അന്വേഷിച്ച് മിനക്കെടാൻ
പോയില്ല. മാസം തോറും പണമായി തന്നെ എത്തിച്ചു എന്നാണു രേഖകൾ.
ഇതേ പോലെ മലപ്പുറം മുനിസിപാലിറ്റി 32 കുടുമ്പങ്ങൾക്ക് 2000 രൂപ നിരക്കിൽ 64000 രൂപ 2006-07 ലും 32000 രൂപ ആദ്യ തവണയായി 2007-08 ലും വാഷിക ചികിത്സാ ബത്തയായി പണം കൊടുത്തു. ഇങ്ങനെയൊന്നും ചെയ്യാൻ സർക്കാർ ഉദ്ദേശിച്ചിരുന്നില്ല. ഉദ്ദേശിച്ചതൊട്ട് ചെയ്തതും ഇല്ല.
കൂടരഞ്ഞി പഞ്ചായത്ത് ചെയ്ത് വച്ചത് വേറൊരു തരത്തിലാണു. അഗതികളുടെ പേരും പറഞ്ഞ് അവർ സഹായിച്ചത് അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയെ ആണു. അവിടെ ആകെയുള്ള 132 ആശ്രയ
കുടുമ്പങ്ങളേയും 2007 മേയ് മാസം മുതൽ 2008 മേയ് മാസം വരെയുള്ള കാലയളവിലെ ആരോഗ്യ ചികിത്സക്കായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ ആശുപതിയുമായി ഇൻഷ്യുർ ചെയ്തു. പ്രീമിയമായി 15,695 രൂപയും അടച്ചു. ഈ സ്കീമിൽ ചേർന്നതിനു ശേഷം
നിർണ്ണയിക്കപ്പെടുന്ന രോഗങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയുള്ളൂ എന്ന പരമാർത്ഥം പാവങ്ങൾ അഗതികൾ അറിഞ്ഞില്ല, അറിയിച്ചും ഇല്ല. ഈ പദ്ധതി കൊണ്ട് ഒരു സ്വകാര്യ ആശുപത്രിക്ക് മെച്ചം കിട്ടി.
വീട് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങാൻ ധരസഹായം.
ഭൂരഹിതരായ അഗതി കുടുമ്പങ്ങൾക്ക് ഗ്രാമ പ്രദേശങ്ങളിൽ മൂന്നു സെന്റും പട്ടണ പ്രദേശങ്ങളിൽ ഒന്നര സെന്റും ഭൂമി കിടപ്പാട നിർമ്മാണത്തിനു നൽകുവാൻ ഈ പാക്കേജിൽ വിഭാവനം ചെയ്തിട്ടുണ്ട്. കുടുമ്പം ഒന്നിനു സ്ഥലത്തിന്റെ യഥാർത്ഥവില , ഗ്രാമപ്രദേശങ്ങളിൽ 45000 രൂപ മുനിസിപ്പാലിറ്റികളിൽ 50000 രൂപ കോർപ്പറേഷൻ പ്രദേശങ്ങളിൽ 60000 രൂപ ക്രമത്തിൽ നിജപ്പെടുത്തിയിരിക്കുന്നു. ഭൂമിയുടെ വില ഉടമക്ക് നേരിട്ട് നൽകേണ്ടതും എന്നാൽ ഗുണഭോക്താവിനു ഒരു കാരണവശാലും നേരിട്ട് നൽകാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ സംഭവിച്ചതോ?. അക്കൌണ്ടന്റ് ജനറൽ പരിശോധിച്ചത് വെറും 18 തസ്വഭ സ്ഥാപനങ്ങളിലായിരുന്നു. അതിൽ 6 തസ്വഭ സ്ഥാപനങ്ങൾ 125 അഗതി കുടുമ്പങ്ങൾക്ക് ഭൂമിയുടെ ആകെ വിലയായ 23.28 ലക്ഷം രൂപ വസ്തു ഉടമകൾക്ക് നൽകുന്നതിനു പകരം മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിപരീതമായി അഗതി കുടുമ്പങ്ങൾക്ക് പണമായി നൽകിയതായാണു
രേഖകൾ. കൂടുതൽ പറയുന്നില്ല.
പാർപ്പിടങ്ങൾ നിർമ്മിക്കാനുള്ള ധനസഹായം.
സ്വന്തമായി ഭൂമിയുള്ള എല്ലാ അഗതി കുടുമ്പങ്ങൾക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുമ്പങ്ങളെ അപേക്ഷിച്ച് പാർപ്പിടം നിർമ്മിക്കാനുള്ള സഹായത്തിനു മുൻഗണന നൽകേണ്ടതും കുടുമ്പശ്രീ അയൽകൂട്ടങ്ങൾ വഴി ഭവനം നിർമ്മിക്കേണ്ടതും സഹായം പണമായി നൽകാൻ പാടില്ലാത്തതുമാണു. എന്നാൽ അഗതികുടുമ്പങ്ങൾക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം ഏറ്റെടുത്ത 16 തസ്വഭ സ്ഥാപനങ്ങളിലും (ആകെ പരിശോധിച്ചത് =18) സഹായം പണമായി നൽകുകയും കുടുമ്പശ്രീ
അയൽക്കൂട്ടങ്ങളെ വളരെ അപൂർവ്വമായി പങ്കെടുപ്പിക്കുകയും ചെയ്തതായി വെളിവായിട്ടുണ്ട്. 1067 അഗതി കുടുമ്പങ്ങൾക്ക് ആകെ 3.50 കോടി രൂപയാണു ഇത്തരത്തിൽ പണമായി നേരിട്ട് വിതരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്.
നിറമരുതൂർ, പള്ളിക്കൽ, വാണിമേൽ, ഉണ്ണിക്കുളം, ചേലബ്ര, പരപ്പനംഗാടി, വള്ളിക്കുന്നു, തിരുവമ്പാടി , മൊറയൂർ എന്നി ഗ്രാമപഞ്ചായത്തുകളിലാണു കൂടുതൽ തുക പണമായി വിതരണം ചെയ്തെന്നു റേഖപ്പെടുത്തിയിരിക്കുന്നത്.
വീടുകൾ കെട്ടിച്ച് കൊടുക്കുന്നതിനു പകരം പണം കൊടുത്ത് അവരോട് കെട്ടിക്കോളാൻ അനുവദിച്ചതു കാരണം മൂന്നും നാലും വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത വീടുകൾ ധാരാളമായിരുന്നു. പണം മുഴുവൻ യഥാർത്തത്തിൽ അവരുടെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നു ഇതിൽ കൂടുതൽ ഉറപ്പ് വേണോ?
കുടിവള്ളം.
നിലവിലൂള്ള പദ്ധതികളിൽ ഉൾപ്പെടുത്തി അഗതി കുടുമ്പങ്ങളുടെ വീടുകളുടെ ഏറ്റവും സമീപത്തായി പൊതുക്കിണറുകൾ കുഴിച്ചും പൊതുടാപ്പുകൾ സ്ഥാപിച്ചും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നു മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥചെയ്തിരിക്കുന്നു.എന്നാൽ പരിശോധനയിൽ കണ്ടത്:
കിഴക്കോത്ത്, നിറമരുതൂർ, പരപ്പനങ്ങാടി, വള്ളിക്കുന്നു എന്നീ പഞ്ചായത്തുകളിൽ 4.51 ലക്ഷം രൂപ മുടക്കി 85 കീണറുകൾ പലരുടേയും സ്വന്തം ഭൂമിയിൽ കുഴിക്കാൻ സബ്സിഡി നൽകുകയാണുണ്ടായത്. സ്വാഭാവികമായും ആ കിണറുകളുടെ ഉപയോഗം അതിന്റെ ഉടമക്ക് മാത്രമായി പരിണമിച്ചു. കോരനു കഞ്ഞി പിന്നെയും കുമ്പിളിൽ തന്നെ.
വിദ്യാഭ്യാസ ധനസഹായം.
അഗതി കുടുമ്പങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇവയായിരുന്നു:
- അഗതി കുടുമ്പങ്ങളിലെ 18 വയസ്സിനു താഴയുള്ള സ്കൂളിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളേയും വിദ്യാഭ്യാസം ഇടക്കു വച്ച് മുടങ്ങിപ്പോയ കുട്ടികളേയും കണ്ടെത്തി സ്കൂൾ വിദ്യാഭ്യാസം തുടരാൻ പ്രേരിപ്പിക്കണം.
- വ്യക്തികൾ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്താൽ പഠനസാമഗ്രികൾ, യൂണിഫോമുകൾ, കുടകൾ, ചെരുപ്പുകൾ, സ്കൂൾ ബാഗുകൾ മുതലായവ ലഭ്യമാക്കണം.
- അദ്ധ്യാപകർ, ബിരുദധാരികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി തസ്വഭസ്ഥാപനങ്ങളിൽ സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാക്കുകയും ആശ്രയ ഫണ്ട് ഉപയോഗിച്ച് അഗതി കുടുമ്പങ്ങളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയും വേണം.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസം നൽകൽ.
മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണു:
- സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗർ യോജന, ഇന്ദിരാ ആവാസ് യോജന, തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പ്രത്യേകം നീക്കി വച്ചിട്ടുള്ള 3% ഫണ്ടുകളുടെ വിനിയോഗത്തിൽ ആശ്രയ കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായി വെല്ലൂവിളി നേരിടുന്ന വ്യക്തികൾക്ക് പ്രത്യേക മുൻഗണന നൽകണം.
- കേരളസംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, കേരള ഫെഡറേഷൻ ഒഫ് തെ ബ്ലൈൻഡ് തുടങ്ങിയവയുടെ സഹകരണത്തോടെ അഗതികൾക്ക് തൊഴിൽ പരിശീലനം നൽകുവാനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.
- തസ്വഭ സ്ഥാപനങ്ങൾ അഗതി കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് പൊതുവിഭാഗം പദ്ധതി വിഹിതം ഉപയോഗിച്ച് തൊഴിൽ നൽകുവാനുള്ള പദ്ധതികൾ നടപ്പിലാക്കണം.
- തൊഴിലനുബന്ധ പദ്ധതികൾക്ക് കേന്ദ്ര സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശക ബോർഡിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ തസ്വഭ സ്ഥാപനങ്ങൾ സ്വീകരിക്കണം.
മേൽപ്പറഞ്ഞ ഒരു പരിപാടിയും ഏ.ജി. പരിശോധിച്ച ഒരു തസ്വഭ സ്ഥാപനങ്ങളും 2003-04 മുതൽ 2007-08 വരെ യുള്ള കാലയളവിൽ നടപ്പ്പ്പിലാക്കി കണ്ടില്ല.
ഇതുവരെ പറഞ്ഞതെല്ലാം ആശ്രയ പദ്ധതിയുടെ ഒന്നാമത്തെ ഘടകത്തിലുൾപ്പെട്ട കാര്യങ്ങളെ പറ്റിയായിരുന്നു. രണ്ടാമത്തെ ഘടകമാണു: വിവര സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങൾ.
ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും കുടുമ്പശ്രീയുടെ അഞ്ച് അംഗീകൃത കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റുകളിൽ നിന്നും വാങ്ങി സ്ഥാപിക്കാനയി കുടുമ്പശ്രീ മിഷൻ 508 സി.ഡി.എസ്സു കൾക്ക് 11.38 കോടി രൂപ വിട്ടുകൊടുത്തു. രണ്ടു
നോഡുള്ള ഒരു കമ്പ്യൂട്ടർ, ഒരു ലേസർജറ്റ് പ്രിന്റർ, ഒരു ഇങ്ക്ജറ്റ് പ്രിന്റർ, സ്കാനർ, മോഡം, യു.പി.എസ്, ഇന്റർനെറ്റ് കണക്ഷൻ, സോഫ്റ്റ്വെയർ എന്നിവ ഉൾപ്പെടുന്ന മൊത്തം 1.65 ലക്ഷം രൂപ ചെലവു വരുന്ന ഒരു സിസ്റ്റം വാങ്ങാനാണു കുടുമ്പശ്രീ ശുപാർശ ചെയ്തത്.
16 സി.ഡി.എസ്സുകളിൽ ഏ.ജി. പരിശോധിച്ചു. 2003 -04 നും 2005-06 നും ഇടക്ക് വാങ്ങിയ 42 കമ്പ്യൂട്ടറുകളിൽ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ (പൂക്കോട്ടൂർ, വാണിമേൽ, മുക്കം ഗ്രാമപഞ്ചായത്തുകൾ) 9 എണ്ണം മാത്രമേ ഉപയോഗിച്ചതായി കണ്ടുള്ളൂ. ബാക്കി വരുന്ന 33 കമ്പ്യൂട്ടറുകൾ വാങ്ങിയ അന്നുമുതെൽ ഇന്നും പെട്ടിക്കുള്ളിൽ സുരക്ഷിതം.
ഈ കമ്പ്യൂട്ടറുകൾ വാങ്ങുന്ന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് നിർമ്മാതാവിന്റെ വാറണ്ടി കിട്ടാറുണ്ടല്ലോ. കമ്പ്യൂട്ടർ സ്ഥാപിച്ച ശേഷം വാറണ്ടി കാലയളവിനു ശേഷമാണു വാർഷിക പരിപാലനത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. എന്നാൽ മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളും പെട്ടിക്കുള്ളിൽ
ഇരിക്കുമ്പോൾ തന്നെ അതിനുവേണ്ടിയുള്ള വാർഷിക പരിപാലന കരാറിലും ഏർപ്പെട്ട് ഏതാണ്ട് 3.74 ലക്ഷം രൂപ അതിനു വേണ്ടിയും കുടുമ്പശ്രീ ഹാർഡ് വെയർ യൂണിറ്റുകൾ വാങ്ങിക്കഴിഞ്ഞു. തസ്വഭ
സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുള്ള അജ്ഞതയെ മുതലേടുക്കുകയായിരുന്നു നമ്മുടെ കുടുമ്പശ്രീമിഷന്റെ കീഴിലുള്ള ഹാർഡ് വെയർ യൂണിറ്റുകൾ.
ആധാരം: സി.ഏ.ജി റിപ്പോർട്ട് - 2008
കടപ്പാട്: വിവരാവകാശനിയമം.
9 comments:
അഗതികളെ കണ്ടെത്താനാകാതെ അവർക്ക് വേണ്ടി മാത്രം മാറ്റി വച്ചിരിക്കുന്ന കോടിക്കണക്കിനു പണം പാഴാകുന്നു എന്നു ഇടതു പക്ഷം ഭരിക്കുന്ന ഇക്കാലത്ത് എങ്ങനെ വിശ്വസിക്കും? അതാണു സംഭവിച്ചിരിക്കുന്നതെന്നു സി.ഏ.ജി പറയുന്നു, കണക്കുകൾ ഉദ്ധരിച്ചു കൊണ്ട്.
മാഷേ , ഇതൊക്കെ എങ്ങനെ പൊതുജനങ്ങളെ അറിയിക്കാനും സമൂഹത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും കഴിയും എന്ന് അമ്പരന്നു പോവുകയാണ് ഞാന്‍ . ഇതൊക്കെ പൌരജനങ്ങള്‍ അറിയേണ്ടേ? ജനങ്ങള്‍ ഭരണത്തില്‍ നടക്കുന്നത് ഒന്നും അറിയുന്നില്ല. താന്താങ്ങളുടെ നേതാക്കള്‍ പ്രസംഗിക്കുന്നതിലപ്പുറം ജനങ്ങള്‍ക്ക് രാഷ്ട്രീയമോ അഭിപ്രായമോ ഒന്നുമില്ല. അത്കൊണ്ട് തേവരുടെ ആന, കാട്ടിലെ മരം വലിയെടാ വലി എന്ന മട്ടില്‍ കൊള്ളയടിക്കുകയാണ് ഖജനാവും പൊതുപണവും ഈ ബ്യൂറോക്രാറ്റുകളും രാഷ്ട്രീയനേതൃവര്ഗ്ഗവും..
ആയിരക്കണക്കിന് പദ്ധതികൾ പല പേരുകളിൽ തുടങ്ങുന്നത് തന്നെ അഴിമതിയുടെ കൂത്തരങ്ങിനല്ലെ? നിയമത്തിന്റെ നൂലാമാലകൾ എഴുതിപിടിപ്പിച്ചാൽ പിന്നെ ആരേയും അട്ടിപായിക്കാൻ. എളുപ്പവുമായല്ലോ?
ക്ഷേമപദ്ധതികളുടെ എണ്ണം കുറച്ച് സ്ഥിരതയാർന്ന വികസനം, അതിന് മാത്രമെ ഒരു സാമൂഹിക മാറ്റം കൊണ്ടുവരുവാൻ സാധിക്കുകയുള്ളു. അല്ലെങ്ങിൽ കേരളമോഡൽ എന്ന പേരും താങ്ങി അഗതികളായി തന്നെ ജീവിക്കം.
വീടില്ലാത്ത എല്ലാവർക്കും 2 ലക്ഷം രൂപ ചിലവിൽ വീടും അനുബന്ദചിലവുകളും നടത്തികൊടുക്കണം.
കൃഷിയ്ക്കായി 50 സെന്റ് ഭുമിയും നല്‍കണം.
പ്ലുസ് 2 വരെ പൂർണ്ണമായ സൗജന്യ വിദ്യഭ്യാസം.
പരിപൂർണ്ണ സൗജന്യ ചികിൽസ്സ.
ആരോഗ്യമുള്ളവരെ പണിയെടുക്കാൻ പഠിപ്പിക്കുക, അവരുടെ മനോഭാവത്തിനും മാറ്റം വരുത്തണം.
ആരോഗ്യ രംഗത്ത് കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സയ്ക്ക് വേണ്ടി കുറച്ച് തുക കിട്ടും. എന്നാല്‍ ഇതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാത്ത പാവങ്ങളെ കേരളത്തിലെ പല ആശുപത്രികളും ചൂഷണം ചെയ്ത് ബില്ല് സമര്‍പ്പിച്ചിരിക്കുന്നു എന്നും അത്തരം ആശുപത്രികളെ കരിമ്പട്ടികയില്‍ ആക്കുന്നു എന്നും വാര്‍ത്തകള്‍ കണ്ടിരുന്നു.
ആളുകള്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കേണ്ട മാധ്യമങ്ങള്‍ “ഫ്ലാഷ് ന്യൂസുകളുടെ” പുറകെയാണ്. ആര് എവിടെ എന്ത് ചെയ്തു എന്ന് ഒളിഞ്ഞിരുന്ന് അത് ലൈവ് ആക്കി കാണിക്കുവാനും അത് കണ്ട് രസിക്കുവാനും നമ്മളെ പഠിപ്പിച്ച് കഴിഞ്ഞു.
എന്തിനേറെ നമ്മുടെ ബ്ലോഗുലകത്ത് തന്നെ ഇപ്പോള്‍ മത വിഷയങ്ങളെ പറ്റിയുള്ള “ചുടന്‍” ചര്‍ച്ചകളാണ്. മതങ്ങളെ ന്യായീകരിക്കുന്നതിനും തള്ളുന്നതിനും വേണ്ട റിസര്‍ച്ചിനായി എടുക്കുന്ന സമയത്തിന്റെ ഒരു അംശം എടുത്ത് ഇത് പോലുള്ള വിഷയങ്ങള്‍ കണ്ട് പിടിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍......
സാധാരണക്കാരന് ഉപകാരമാകുന്നതിന് താങ്കളെ പോലെയുള്ള മുതിര്‍ന്ന തലമുറയുടെ ആവേശത്തിന്റെ ഒരു തരിയെങ്കിലും പുതു തലമുറയ്ക്ക് എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ ഇനിയും നശിച്ചിട്ടില്ല.
കുടുംബശ്രീ...ഇത് പറഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നത് മറ്റൊന്നാണു അങ്കിള്‍!... എന്റെ ഗ്രാമത്തിനടുത്ത് ഒരു നെല്‍ പാടം ഉണ്ടായിരുന്നു(ഇന്നല്ല!) ഇത് ഒരു കൂട്ടം എന്‍.ആര്.ഐ. കള്‍ ചേര്‍ന്ന് വാങ്ങി ഉപായോഗിക്കാതെ ഇട്ടിരുന്നു... ഇന്ന് അതെ കുടുബശ്രീയുടെ പേരും പറഞ്ഞ്..ആ നാട്ടിലെ കുറെ ഗുണ്ടകള്‍ കൈവശപ്പെടുത്തി ചുമ്മാപേരിനു ഒരു പയര്‍ കൃഷി ചെയ്യുന്നു... ഈ ഗുണ്ടകള്‍ക്ക് സ്വന്തമായി ഒന്നിലതികം ഏക്കര്‍ സ്ഥലം ഉണ്ട്.. പ്ക്ഷേ ഇപ്പോള്‍ കുടുംബശീക്കാരാണു...അത് കൊണ്ട് അവര്‍ ചെയ്യുന്നത് ശരി... ഇപ്പോള്‍ കുടുംബശ്രീ എന്ന് കേള്ക്കുബോള് എനിക്ക് പേടിയാണങ്കിള്.. ഞാനും ഒരേക്കര്‍ പറമ്പ് നാട്ടില്‍ വാങ്ങിയിട്ടിട്ടുണ്ട്.. വയസ്സാം കാലത്ത് ചെന്ന് കിടക്കാന്‍ ഒരിടം വേണമെന്ന് വിചാരിച്ച്.. ഇന്നത് അച്ഛന് നോക്കി നടത്തുന്നു... ഇല്ലേല് ചിലപ്പോള്‍ അതിപ്പോള്‍ കുടുംബശ്രീക്കാര് കൈയേറിയാല്‍ ഞാനാരോട് പറയാന്‍?
അങ്കിളെ,
പഠനാര്‍ഹമായ വിഷയം തന്നെയെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. പല കേന്ദ്രാവിഷ്കൃത പദ്ധതികളുടേയും, അനുബന്ധ പദ്ധതികളുടേയും ഗതി കേരളത്തില്‍ ഇങ്ങനെ തന്നെയേ നടക്കൂ. കാരണവും അങ്കിള്‍ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന പല അര്‍ഹതാ മാനദണ്ഡങ്ങളും കേരളത്തില്‍ പ്രസക്തമല്ല തന്നെ. ഇവിടുത്തെ ശരാശരി ജീവിത നിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
ഓഡിറ്റ് ടീമിന്റെ കണ്ടെത്തല്‍ പ്രായോഗിക തലത്തിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചല്ല എന്ന് അങ്കിള്‍ തന്നെ പലപ്പോഴും സമ്മതിച്ച കാര്യമാണ്. ആയതിനാല്‍ തന്നെ ഈ കണക്കുകളുടെ വെളിച്ചത്തില്‍ ആശ്രയ പദ്ധതി മുഴുവന്‍ വെട്ടിപ്പായിരുന്നു എന്നും “കേരളത്തില്‍ ജീവിക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍” (കേന്ദ്ര അഗതി അല്ല)ഇല്ല എന്നും വിലയിരുത്താനാവില്ല. ബി.പി.എല്‍ മാനദണ്ഡങ്ങളുടെ കാര്യവും ഇതൊനോടൊപ്പം കൂട്ടി വായിക്കണം.
അങ്കിളിന്റെ മാര്‍ക്സിസ്റ്റ് വിരോധം പലപ്പോഴും ഇത്തരം ലേഖനങ്ങളുടെ അകക്കാമ്പ് തന്നെ നശിപ്പിക്കുന്നു എന്നുള്ളതാണ് വസ്തുത്.
311 കോടി രൂപ മതിപ്പ ചെലവും കണക്കാക്കി. അതിലാണു 100 കോടി ഉടൻ ചെലവിടാൻ വിട്ടുകൊടുത്തത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഭരിക്കുന്ന ഇടതു പക്ഷം അഗതികളെ കണ്ടെത്താൻ ശ്രമിച്ചില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. പക്ഷേ, ശ്രമിച്ചപ്പോൾ കണ്ടെത്തിയത് ഇത്രയേ ഉള്ളൂ എന്നതായിരിക്കണം സത്യം.?
ഇത് 2003 ഇല് പദ്ധതി തുടങ്ങിയ കാലത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. 2002- 2003 വര്‍ഷത്തില്‍ കേരളം ഭരിച്ചിരുന്നത് ആരായിരുന്നു അങ്കിളെ? ഇനി കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഇടതു പക്ഷം ആണ് ഭരിച്ചിരുന്നതെന്ന് പറയുമോ?
ഞാന്‍ പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാന ദണ്ഡം, കേരളത്തിന് പ്രത്യേകമായി പുനര്‍ നിര്‍ണ്ണയിക്കുക. അല്ലെങ്കില്‍ പല പദ്ധതികളും കേരളത്തില്‍ നടപ്പാവാതെ വരും അഥവാ നടത്താനായ് നടത്തേണ്ടി വരും.
പല സത്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.കുറെ മാസങ്ങളായി ഇവിടെ വന്നിട്ട്!
പരപ്പനംഗാടി, മൊറയൂര്‍, പൂക്കോട്ടൂര്‍ മറ്റു സമീപ പഞ്ചായത്തുകള്‍...
ഇവിടങ്ങളില്‍ അര്‍ഹതയുള്ള പാവങ്ങളെ സര്‍ക്കാര്‍ കാണുന്നില്ലെങ്കില്‍ അവര്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കരിപ്പൂര്‍ ബിസ്മി എന്ന സന്നദ്ധസംഘടനയുടെ കീഴില്‍ മാത്രം മുന്നൂറിലേറെ കുടുംബങ്ങള്‍ സംരക്ഷണം തേടുന്നവരായുണ്ട്. മൊറയൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ അഴിമതിയുടെ അങ്ങേയറ്റമാണു നടക്കുന്നത്.
അങ്കിളിന്റെ ഈ പോസ്റ്റു കാണാന്‍ ബിലാത്തിപ്പട്ടണം വഴി വരേണ്ടിവന്നു.
സാബു
കൊട്ടോട്ടി
പഞ്ചായത്തുകളുടെ ശാക്തീകരണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. കേന്ദ്ര പഞ്ചാത്തീരാജ് വകുപ്പാണ് പ്രവര്‍ത്തന അവലോകനത്തിലൂടെ 2009-10 സാമ്പത്തികവര്‍ഷം മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്. 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. മുന്‍ സാമ്പത്തികവര്‍ഷം നാലാംസ്ഥാനത്തായിരുന്ന കേരളം ഇത്തവണ 74.74 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 69.45 പോയിന്റ് നേടിയ കര്‍ണാടകം രണ്ടും 67.06 പോയിന്റ് നേടിയ തമിഴ്നാട് മൂന്നും സ്ഥാനത്താണ്. പശ്ചിമ ബംഗാളിനാണ് നാലാം സ്ഥാനം.
ലിങ്ക്
Post a Comment