Thursday, May 13, 2010

അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം

പള്ളിക്കൽ നദിക്ക് കുറുകേ ശാസ്താംകോട്ട- താമരക്കുളം റോഡിനെ ബന്ധിപ്പിക്കുന്ന ആനയടി പാലത്തിന്റെ പുനർനിർമ്മാണം സ്ഥലവാസികളുടെ സ്വപ്നമായിരുന്നു. 2004 ആഗസ്റ്റിൽ കരാറു നൽകി. 2007 മാർച്ചിൽ 1.21 കോടി രൂപ മുടക്കി പണി പൂർത്തിയായി.

 പാലം സഞ്ചാരയോഗ്യമാകണമെങ്കിൽ അപ്രോച്ച് റോഡ് വേണ്ടേ. 19.03 സന്റ്‌ സ്ഥലം വേണം. അതിൽ 5.44 സെന്റ് സ്ഥലം സർക്കാരിന്റേതായി തന്നെ ഉണ്ട്. ബാക്കി 14.59 സെന്റിനു എവിടെ പോകും?. എമർജൻസി ക്ലോസ്സ് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയത് 2008 മാർച്ചിൽ; അതായത് പാലം പണികഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞ്.

 ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരളാ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ളതാണു എമർജൻസി ക്ലോസ്സ്.

ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയേ കൊടുത്തുള്ളൂ, പണം ചെലവാക്കാനുള്ള അനുമതി ഇന്നേ വരെ (2010) കൊടുത്തിട്ടില്ല. ഫലമോ, 2007 ൽ കെട്ടിപൊക്കിയ ആനയടിപാലം നോക്കു കുത്തിയെ പോലെ ഇന്നും അവിടുണ്ട്, അപ്രോച്ച് റോഡില്ലാതെ, ആർക്കും പ്രയോജനപ്പെടാതെ.

നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം കരാറുകാരനു യഥാസമയം കൈമാറാൻ പറ്റുന്ന വിധം തയ്യാറാകാതെ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പോലും ക്ഷണിക്കുവാൻ പാടില്ല  എന്നാണു പൊതുമരാമത്ത് വകുപ്പിലെ മാന്വൽ ഖണ്ഡിക 15.2.2(ഡി) അനുശാസിക്കുന്നത്.

13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക?

ഇക്കാര്യം വകുപ്പുദ്ദ്യോഗസ്ഥരെ സി.എ.ജി സമയാസമയത്ത് തന്നെ അറിയിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ നിർബന്ധിതരായതു കൊണ്ട് അവർ സി.എ.ജി റിപ്പോർട്ടിനെ വായിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ജനപ്രതിനിധികളെ സി.എ.ജി അറിയിച്ചത് 25-3-2010 നാണു. ആ റിപ്പോർട്ടിനെ അന്നു തന്നെ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. അതിലപ്പുറം അവർക്കെന്തു ചെയ്യാൻ കഴിയും?

കടപ്പാട്: വിവരാവകാശനിയമം.

5 comments:

CKLatheef said...

>>> 13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക? <<<

പോസ്റ്റ് സന്ദര്‍ഭോചിതം. ഇവിടെ വികസനസ്വപനങ്ങളൊന്നും കാണുന്നുണ്ടാവില്ല അതായിരിക്കാം. നാട്ടിലെ ജനങ്ങള്‍ക്ക് ആങ്ങോട്ടുമിങ്ങോട്ടും പോകനല്ലേ ഈ റോഡ്. അല്ലാതെ ഭൂമാഫിയക്ക് സഞ്ചരിക്കാനല്ലല്ലോ. അതുകൊണ്ട് അല്‍പം വെയ്റ്റ് ചെയ്യുക. അടുതതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പരിഗണിക്കും എന്ന ഉറപ്പ് പ്രതീക്ഷിക്കാം.

ഷൈജൻ കാക്കര said...

ഒരു പാലം പണിയാൻ പദ്ധതിയിടുമ്പോൾ അതിലേക്കുള്ള റോഡും കൂട്ടിയിട്ട് വേണ്ടേ പദ്ധതി തയാറാക്കാൻ? അങ്ങനെ തായാരാക്കാതെ തുടങ്ങുന്ന എല്ലാ പദ്ധതികളും ഇങ്ങനെയൊക്കെയെ അവസാനിക്കു.

ഇതിനൊക്കെ നുമുക്ക്‌ എവിടെ സമയം... കിനാലൂരിൽ നാല്‌ വരി പാത വരട്ടെ, ഹല്ല പിന്നെ!

Manoj മനോജ് said...

3 വര്‍ഷത്തിനുള്ളില്‍ പാലം!

പെട്ടെന്ന് ഓര്‍മ്മ വന്നത് 20 കൊല്ലത്തിന് മുകളില്‍ സമയം എടുത്ത് പണിത കെ.വി. തോമസ്സിന്റെ സ്വന്തം കുമ്പളങ്ങിയിലെ പാലത്തെക്കുറിച്ചാണ്. അതും ആദ്യം പണിത് വന്ന പാലത്തിന്റെ സ്പാനുകള്‍ ഉപേക്ഷിച്ചാണ് ഇപ്പോഴുള്ള പാലം പണിത് തീര്‍ത്തത്.

പാലം പണിയില്‍ എന്താണ് ലാഭമെന്ന് കേരളിയര്‍ക്ക് വരച്ച് കാണിച്ച് തന്ന ഗോപി അഭിനയിച്ച ഒരു സിനിമ തന്നെ നമ്മുടെ മുന്നിലുണ്ടല്ലോ...

ടി.സി.രാജേഷ്‌ said...

പഞ്ചവടിപ്പാലം!

CNR Nair said...

oru sarvakakshi sammelanm vilichalo?