മോട്ടോർ വാഹനനിയമത്തിലെ 185 ം വകുപ്പ് പ്രകാരം ഒരാൾ ഒരു മോട്ടോർ വാഹനം ഓടിക്കുമ്പോഴോ, ഓടിക്കാൻ ശ്രമിക്കുമ്പോഴോ അയാളുടെ 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം മദ്യം ഉണ്ടെങ്കിൽ അയാൾ കുറ്റം ചെയ്യുകയാണു.
ഓരോ ജില്ലക്കും ഓരോ പതിനായിരം വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും , നൽകുന്ന ഓരോ പതിനായിരം ഡ്രൈവിംഗ് ലൈസൻസുകൾക്കും ഒരു ബ്രെത്ത് അനലൈസറും ലഭ്യമാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ 2002 ഏപ്രിലിൽ നിർദ്ദേശിക്കുകയുണ്ടായി.
പോലീസിനും മോട്ടോർ വെഹിക്കിൾ വകുപ്പിനും കൂടി ഓരോ 80917 വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും നൽകി വന്ന ഓരോ 19848 ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഒരു ബ്രെത്ത് അനലൈസറും ആണു ഉള്ളതെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഉള്ള സാധനങ്ങൾ എങ്ങനെയുള്ളതെന്നു അന്വേഷിക്കുമ്പോഴാണു കൂടുതൽ രസം. 2004-05 ൽ 11 സ്പീഡ് ചെക്ക് റഡാറുകൾ വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയതിലെ ക്രമക്കേടുകൾ ഇതിനു മുമ്പുള്ള ഒരു പോസ്റ്റിൽ ഞാൻ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഈ റഡാർ ഗണ്ണുകൾ 2005 ഏപ്രിലിൽ തന്നെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ 2006 സെപ്റ്റമ്പറിൽ ഇതിന്റെ വിതരണക്കാർ പരിശീലനക്ലാസ് നടത്തുന്നതുവരെ പെട്ടി തുറക്കാതെ തന്നെ വച്ചിരുന്നു. പരീശീലന സമയത്താണു പല ഉപകരണങ്ങളിലും പോരായ്മ ഉണ്ടെന്നു കണ്ടു പിടിച്ചത്. പക്ഷേ അപ്പോഴത്തേക്ക് ‘വാറണ്ടി’ കാലാവധി കഴിഞ്ഞിരുന്നു. അക്കാരണത്താൽ വിതരണക്കാർ ഇവ നന്നാക്കുവാൻ തയ്യാറായതുമില്ല.34.94 ലക്ഷം രൂപക്ക് വാങ്ങിയ 11 റഡാറുകളിൽ 6 എണ്ണം അന്നും ഇന്നും ഉപയോഗശൂന്യമായിതന്നെ കിടപ്പാണെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
2001 നവമ്പർ മുതൽ 2008 ആഗസ്റ്റ് വരെ 20 ബ്രെത്ത് അനലൈസറുകൾ വാങ്ങി. 10 എണ്ണം അഞ്ച് സർക്കിൾ ഇൻസ്പെക്ടർമാർക്കായി വിതരണം ചെയ്തു. അതിൽ നാലെണ്ണം അപ്പോഴേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രവർത്തനക്ഷമമായത് വച്ച് 2004 മുതൽ 2009 വരെ 29 കേസുകൾ മാത്രമാണു ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കണ്ടു പിടിച്ചത്. എന്നാൽ 2006ലും 2007 ലും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പോലീസ് 42994 കേസ്സുകൾ പിടിക്കപ്പെട്ടെങ്കിലും 743 കേസുകളിൽ മാത്രമാണു അപകടകാരണം മദ്യപിച്ച് വണ്ടിയോടിച്ചതാണെന്നു റിപ്പോർട്ട് ചെയ്തത്. [കാരണം നമുക്കൂഹിക്കാവുന്നതേ ഉള്ളൂ]
ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പദ്ധതിയാണു ‘മോഡേണൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം’ (MGP). ഇതും പ്രകരവും 83 ബ്രെത്ത് അനലൈസറുകൾ വാങ്ങാനായി പോലീസ് വകുപ്പ് 2005 ജൂലൈയിൽ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. ലഭിച്ച നാലു ടെണ്ടറുകളിൽ ചെന്നൈയിലെ കെ.സി. സർവീസ്സാണു തങ്ങളുടെ ഇ.ഡി.കെ.സി.എ മോഡലിനു ഏറ്റവും കുറഞ്ഞ നിരക്കായ 3,796 രൂപ രേഖപ്പെടുത്തിയത്. എന്നാൽ ഈ സാധനം ഉപയോഗപ്രദമല്ലെന്നും വെറും ഒരു കാഴ്ച വസ്തു ആണെന്നുമാണു ടെക്നിക്കൽ ഇവാലുവേഷൻ കമ്മറ്റി രേഖപ്പെടുത്തിയത്. അതൊന്നും വക വക്കാതെ 79 എണ്ണം അവരിൽ നിന്നു തന്നെ വാങ്ങി. പിന്നീട്, ഈ ഉപകരണത്തിൽ നിന്നും ലഭിക്കുന്ന ഫലം തെറ്റാണെന്നും ഉപകരണം തന്നെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും പോലീസ്സ് വകുപ്പ് തന്നെ സമ്മതിച്ചു. അങ്ങനെ മദ്യപിച്ച് വണ്ടിയോട്ടിക്കുന്നവരെ ഉടൻ കണ്ടെത്താനുള്ള പരിപാടിക്ക് സ്വാഹ പറഞ്ഞു. മുടക്കിയ നികുതി പണം, നാട്ടുകാരുടെ തലയിലും.
ആധാരം: സി.ഏ.ജി റിപ്പോർട്ട് 2009 (സിവിൾ)
കടപ്പാട്: വിവരാവകാശ നിയമം.
6 comments:
പോലീസ് ഊതാല്‍ പറഞ്ഞാല്‍ ഇനി ധൈര്യമായി ഊതാം...
പാവങ്ങള്‍ക്ക് ഇത് തെളിയിക്കാന്‍ കഴിവില്ല.
അബദ്ധത്തിൽ ചാടല്ലേ ഹരീഷേ. ഊതിയാൽ ഫലം കാണിക്കുന്നത് പത്തിരട്ടി കൂടുതലോ കൂറവോ ആകാം.
അപ്പൊ അകത്തേക്ക് ഊതിയാല്‍ മതി. :)
നിയമങ്ങല്‍ അല്ല മനുഷ്യനെ നന്നാക്കുന്നത്, തിരിച്ചരിവാണ്.
മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന് ആര്‍ക്കും അറിയാനിട്ടല്ലാ, അതിനെ അനുസരിക്കാനുള്ള മനസ്സിലായ്മയാണ് മുഖ്യ കാരണം
പോലീസിന്റെ കയ്യിലെ ബ്രേത്ത് അനലൈസറും,
സ്പീഡ് ചെക്കറും ശരിയായി പ്രവര്‍ത്തിക്കണമേ
എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
അല്ലെങ്കിലുണ്ടായേക്കാവുന്ന ദുരുപയോഗ സാധ്യതയില്‍ പൌരന്മാര്‍ കഷ്ടപ്പെട്ടതുതന്നെ !
മലപ്പുറത്തുവച്ച് വണ്ടി തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ സീറ്റിലേക്ക് കൈ നീട്ടി കയ്യിലേക്ക് ഊതാന്‍ പറഞ്ഞ പോലീസിനെ നോക്കി പൊട്ടിച്ചിരിച്ച അനുഭവമുണ്ട്. മദ്യം കഴിച്ചിട്ടില്ലാത്തവന്റെ മുഖത്തേക്ക് ബ്രേത്ത് അനലൈസറില്ലാതെ സ്വന്തം കൈനീട്ടി
ശ്വാസം റിഫ്ലേക്റ്റ് ചെയ്ത് ശ്വസിച്ച് മദ്യപനല്ലെന്ന് ഉറപ്പു വരുത്തുന്ന ആ പോലീസുകാരന്റെ ദൈന്യതയുടേയും,ആത്മനിന്ദയുടേയും
വേദന ഒരു ഉള്‍ക്കിടിലത്തോടെ ചിന്തിച്ചിട്ടുണ്ട്.
അയാളും മനുഷ്യനാണല്ലോ !!!
സാങ്കേതിക വിദ്യയോട് സൌഹൃദം സൂക്ഷിക്കുന്ന
ശീലം നമ്മുടെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തന്മാര്‍ക്കുണ്ടാകട്ടെ എന്ന് ആശംസിക്കാനെ തോന്നുന്നുള്ളു.
വളരെ വ്യത്യസ്തമായ ഈ വിഷയം അവതരിപ്പിച്ച അങ്കിളിനോട് നന്ദി അറിയിക്കട്ടെ.
:( നമ്മ നന്നാവില്ലേ ?
Post a Comment