ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ്, കേരളാ (IIITM): സെപ്റ്റമ്പർ 2000 ത്തിൽ സംസ്ഥാന സർക്കാർ കമ്പനീസ് ആക്ടും പ്രകാരം സേവന മേഖലയിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ഒരു വാണിജ്യസ്ഥാപനമാണിത് (As listed in annexure 1 of CAG's report for 2008-09 :item 80). പടത്തിൽ കാണുന്നതു പോലെയുള്ള ഒരു കെട്ടിടം ആണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ കഴക്കൂട്ടം ടെക്നോപാർക്കിലെ ‘നിള’ യിൽ മറ്റ് ഐ.റ്റി. വാണിജ്യ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസമാണു ഇവിടെ നടക്കുന്ന വാണിജ്യ പ്രവർത്തനം. വിദ്യഭ്യാസ കച്ചവടത്തിലൂടെ
സ്വകാര്യസ്ഥാപനങ്ങൾ ലാഭം കൊയ്യുന്നതിൽ കേരളം കുപ്രസിദ്ധി നേടിയെങ്കിൽ, ഇതാ ഇവിടെ
ഒരു സർക്കാർ സ്ഥാപനം വിദ്യഭ്യാസ കച്ചവടം നടത്തി പത്തു കൊല്ലം കൊണ്ട് 5.69 കോടി നഷ്ടം വരുത്തി തൃപ്തിയടഞ്ഞിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇവിടെ ഒരു നിയന്ത്രണവുമില്ല. വ്യവസായ വകുപ്പിനും ഇവിടെ കാര്യമില്ല. ഈ വിദ്യാഭ്യാസ കച്ചവടസ്ഥാപനം വിവരസാങ്കേതികവകുപ്പിന്റെ കീഴിൽ ഒരു വാണിജ്യസ്ഥാപനം (കമ്പനി) എന്ന നിലയിൽ പ്രവർത്തിക്കുന്നു. അതായത് കാര്യങ്ങളോക്കെ ഈ കമ്പനിയുടെ ഡയറക്റ്റർമാർ തീരുമാനിക്കും.
ബി.ടെക് / ബി.ഇ., എം.സി.എ., എന്നീ ബിരുദങ്ങൾക്കായി 60 സീറ്റുള്ള ഒരു ബാച്ചോടെയാണു ജൂൺ മാസം 2001 മുതൽ ഇവിടെ കച്ചവടം ആരംഭിച്ചത്. ആരംഭത്തിൽ കോഴ്സ് ഫീസ്സ് ആയി 75000 രൂപ നിശ്ചയിച്ചിരുന്നു. 2005 മുതൽ ഇവിടെ ബിരുദാനന്തര കോഴ്സുകൾ മാത്രമുള്ള
സ്ഥാപനമായി മാറ്റുകയും, കോഴ്സ് ഫീ ഒന്നര ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു.
ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയല്ലേ, അതുകൊണ്ടായിരിക്കണം ഇത്തരം സാങ്കേതിക
പാഠ്യ പദ്ധതികൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ആൾ ഇൻഡ്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂകേഷൻ (AICTE) ന്റെ അംഗീകാരം നേടാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അതിനു വേണ്ടി അപേക്ഷിച്ചാലും കിട്ടില്ലെന്നു ഉറപ്പുണ്ടായിരുന്നു. കാരണം, ഇത്തരം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ നടത്തുന്നതിനാവശ്യമായ, 1987 ലെ എ.ഐ സി റ്റി ഇ നിയമം അനുശാസിക്കുന്ന , എട്ടു മുതൽ പത്ത് ഹെക്ടർ ഭൂമിയും, സ്വന്തം ക്യാമ്പസും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയിട്ടല്ല ഇവിടെ ഈ കച്ചവടം തുടങ്ങിയത്. 2003 ൽ ഈ സ്ഥാപനത്തിനു 4.07 ഹെക്ടർ ഭൂമി ക്യാമ്പസ് നിർമ്മണത്തിനായി തിരുവനന്തപുരത്ത് അനുവദിച്ചിരുന്നെങ്കിലും അതേ വർഷം തന്നെ സർക്കാർ ഈ ഭൂമി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ കൌൺസിലുകാർ പരിശോധനക്ക് വരുമ്പോൾ മറ്റുകോളേജുകളിൽ നിന്നും ഇതിലേക്ക് വേണ്ടിമാത്രം സ്ഥലം മാറ്റപ്പെടുന്ന സമ്പ്രദായം ഇല്ലേ, അതുപോലൊന്നു.
അംഗീകാരമില്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസംനടത്തുന്നതിലുള്ള അനൌചിത്യം
അറിയിച്ചു കൊണ്ടുള്ള എ ഐ സി റ്റി ഇ യുടെ പല അറിയിപ്പുകളും സർക്കാർ അവഗണിച്ചു.
അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിക്കാതെ വീണ്ടും പാഠ്യപദ്ധതികൾ തുടർന്നപ്പോൾ,
സ്ഥാപനത്തെ എ ഐ സി റ്റി ഇ യുടെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പട്ടികയിൽ (2006-07) ഉൾപ്പെടുത്തപെട്ടു. ഈ സ്ഥാപനത്തിൽ വിദ്യാർത്ഥികളെ ചേരുന്നതിൽ
നിന്നും വിലക്കുകയും ചെയ്തു. അതുവരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഭാവി സ്വാഹ.
AICTE യുടെ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കുന്നത്, അംഗീകാരത്തിനുവേണ്ടി 2001 ൽ തന്നെ
അപേക്ഷിച്ചിരുന്നുവെങ്കിലും, അപേക്ഷകനോ അപേക്ഷകനു വേണ്ടി ആരെങ്കിലുമോ ഇതുവരെ
AICTE യുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണു. AICTE പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത ലിസ്റ്റുകളിലൊന്നും ഈ കമ്പനിയെ (IIITM,Kerala) ഇന്നുവരെ ഉൾപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാൽ അംഗീകാരമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.
60 വിദ്യാർത്ഥികൾക്ക് പഠിക്കാമായിരുന്ന സ്ഥാപനത്തിൽ ആദ്യവർഷം (2001-02) 49 വിദ്യാ
ർത്ഥികൾ, 2003-04 വർഷം 65 ആയി വർദ്ധിച്ചു, 2004-05 ൽ 60 ആയി കുറഞ്ഞു, 2008-2010
ആയപ്പോൾ നാമമാത്രമായ 12 വിദ്യാർത്ഥികളായി ചുരുങ്ങുകയും ചെയ്തു. ഈ പന്ത്രണ്ട് വിദ്യാ
ർത്ഥികളെ പഠിപ്പിക്കുവാനായി 10 അദ്ധ്യാപകരും അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും, വൈദ്യുതി ചാർജ്ജ്, അഭിരുചി പരീക്ഷ നടത്താനുള്ള ചിലവ്, മറ്റു ചിലവുകൾ എന്നിവക്കായി ഇതു വരെ 5.69 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. ഒരു വാണിജ്യസ്ഥാപനമായതു കൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ഈ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത ബിസിനസ്സ് നഷ്ടം 5.69 കോടി രൂപ.
സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനം പി.എസ്.സി വഴിയാണു. യു.ജി.സി
ലവലിൽ ശമ്പളം കൊടുക്കണമെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം വേണം. എന്നാൽ ഈ
കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് യു.ജി.സി. സ്കെയിലിൽ ശമ്പളം
അനുവദിക്കുന്നതും സർക്കാർ അറിയുന്നതേ ഇല്ല. ഒരു കമ്പനിയാക്കിയതു കൊണ്ടുള്ള മെച്ചം
നോക്കണേ....
ഇങ്ങനെയൊക്കെ ആണെങ്കിലും 2010-11 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഇന്റർനെറ്റിൽ കാണുന്നുണ്ട്. ഇവിടുത്തെ കോഴ്സുകൾക്ക് അംഗീകാരം ഉള്ളതാണെന്നും കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യിൽ നിന്നുള്ള ഡിഗ്രിയാണു നൽകപ്പെടുന്നതെന്നും ആറാമത്തെ ചോദ്യത്തിനുത്തരമായി ഈ കമ്പനി പ്രസിദ്ധപ്പെടുത്തിയ ഒരു FAQ വിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 2 നു പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു എന്നാണു അറിയിപ്പ്. പക്ഷേ CUSAT ന്റെ വെബ് സൈറ്റിൽ ഇങ്ങനെയൊരു അഫിലിയേഷനെപറ്റി ഒന്നും പറഞ്ഞിട്ടും ഇല്ല.
ഈ വിവരം സർക്കാരിനെ സി.എ.ജി അറിയിച്ചപ്പോൾ സ്വന്തം ക്യാമ്പസ് നിർമ്മാണത്തിനു വേണ്ടി 0.96 ഏക്കർ ഭൂമി നീക്കി വച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും, എ ഐ സി റ്റി ഇ യുടെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്ഥാവിച്ചു (ജൂൺ 2009). ഈ സ്ഥാപനത്തിന്റെ
കാര്യത്തിൽ എ ഐ സി റ്റി ഇ അംഗീകാരം വാങ്ങുന്നതിൽ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥരുടെ
മേൽ എന്തു നടപടി എടുത്തു എന്ന കാര്യത്തിൽ മൌനം.
എങ്ങനെയുണ്ട് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വികസനം?
ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശ നിയമം.
Friday, July 2, 2010
നമ്മുടെ പൊതുമേഘലാ സ്ഥാപനങ്ങൾ 2: IIITM, Kerala
Labels:
AICTE,
CUSAT,
IIITM,
വാണിജ്യസ്ഥാപനം,
വാർത്ത,
വിദ്യാഭ്യാസം,
ശാസ്ത്രം
Subscribe to:
Post Comments (Atom)
7 comments:
എല്ലാവരും വിദ്യാഭ്യാസക്കച്ചവടം നടത്തുന്നു.പിന്നെ സര്‍ക്കാരിനും ആയിക്കൂടെ? .മദ്യക്കച്ചവടവും സര്‍ക്കാര്‍ നടത്തുന്നുണ്ടല്ലോ വളരെ ഭംഗിയായി.ജനം എന്ന കഴുത ഇവിടെയില്ലേ വോട്ടു ചെയ്തു സര്‍ക്കാരുണ്ടാക്കാന്‍!
എങ്ങനെയുണ്ട് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വികസനം?
സൂപ്പറായിട്ടുണ്ട്. അല്ല പിന്നെ.....
ഇവിടെയൊക്കെ ചേരാനും ആളുകള്‍ വരി നില്ക്കുന്നുണ്ടല്ലോ?
ഒരുകാര്യത്തിലെങ്കിലും സമാധാനമുണ്ട്. അവിടെ പഠിച്ച കുട്ടികളെ കച്ചവടം ചെയ്തില്ലല്ലോ, അതോ അതും വിദ്യാഭ്യാസ കച്ചടത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ടാവുമോ...?
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള അങ്കിളിന്റെ പോസ്റ്റുകള്‍ക്ക് ആശംസകള്‍. ജനങ്ങളുടെ നികുതിപ്പണം തിന്നുതീര്‍ക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു പൊതുമേഖലാസ്ഥാപനം കൂടിയുണ്ടല്ലൊ. കെ എസ് ആര് ടി സി. ഈ വെള്ളാനയെ നേരെയാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ. കെ എസ് ആര് ടി സി പുറത്തിറക്കിയ ന്യൂസ് ലെറ്റര്‍ അനുസരിച്ചാണെങ്കില്‍ ആകെ ഷെഡ്യൂളുകള്‍ 5002. സര്‍ക്കാരില്‍ നിന്നും ഇതുവരെ ഈ വര്‍ഷം കിട്ടിയ സാമ്പത്തികസഹായം ഇക്യുറ്റി/ഷെയര്‍ = 15കോടി, ലോണ്‍ =105/- പെന്‍ഷനും പെന്ഷന് ആനുകൂല്ല്യങ്ങളും 249.58കോടി. ഇതില്‍ ലോണ്‍ ഇനത്തിലുള്ള 105 കോടി കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എഴുതിത്തള്ളാനുള്ളതാണ്. അങ്ങനെ ആകെ 369.58 കോടി രൂപ. അതായത ഒരു ഷേഡ്യൂളിന് 7,38,864/- രൂപ ഒരുവര്‍ഷം. അല്ലെങ്കില്‍ 2052/- രൂപ ഒരു ഷെഡ്യൂള്‍ നടത്താന്‍ ഒരു ദിവസം നല്കുന്നു. യാത്രക്കാരില്‍നിന്നും വാങ്ങുന്ന ടിക്കറ്റ് നിരക്കിനും ഇന്‍ഷുറന്‍സ് സെസ്സിനും (എത്ര ബസ്സുകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്നത് വേറെ കാര്യം)പുറമേയാണിത്. എല്ലാ നിയമങ്ങളും (ഫാസ്റ്റ്പാസഞ്ചെര് മുതലുള്ള ബസ്സുകളില്‍ സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്ന് നിയമം. ഇവിടെ സൂപ്പര്‍ എക്സ്പ്രസ്സില്‍ വരെ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു. സ്പെയര്ബസ്സ് എന്ന സംവിധാനത്തെക്കുറിച്ച് കേട്ടുകേള്‍വി പോലും കാണില്ല കോര്പ്പറേഷന്) ലംഘിച്ചു നടക്കുന്ന ഈ സര്‍ക്കാര്‍ സേവനത്തിന്റെ ഉദ്ദേശം എന്താണ്?
സ്വശ്രയകോളേജുകൾ വൻലാഭം നേടുന്നുവെന്ന് വിലപിക്കുന്നവർ സർക്കാർ വെള്ളത്തിലൊഴുക്കുന്ന കോടികൾ കാണുന്നില്ല...
സ്വകാര്യമൂലധനം മാറി നിൽക്കുന്നയിടങ്ങളിൽ മാത്രം നികുതി പണം ഉപയോഗിക്കുക, അതാണ് എന്റെ ചിന്ത...
മാതൃഭൂമി ദിനപത്രത്തിലെ ‘സിറ്റിസൺസ് ജേണലിസ്റ്റ്’ കോളത്തിൽ വിവരാവകാശ വിഭാഗത്തിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിക്ക് നന്ദി.
http://www.mathrubhumi.com/cj/story.php?id=111160
Post a Comment