Saturday, July 10, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 4: KTDFC

കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) : ഗതാഗത വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ കമ്പനിയാണിത്. കമ്പനിയുടെ വായ്പാ പദ്ധതികളുടെ പ്രചരണത്തിനും, പ്രോത്സാഹനത്തിനും യോഗ്യതയില്ലാത്ത / പ്രവർത്തന പരിചയം ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ മാർക്കറ്റിംഗ് / പരിശോധന ഏജന്റന്മാരായി നിയമിച്ചതുമൂലം സംഭവിച്ച 41 ലക്ഷം രൂപയുടെ പാഴ്ചെലവിന്റെ കഥയാണിത്.

നമ്മുടെ കെ.എസ്സ്.ആർ.റ്റി.സി ക്കും(KSRTC) അതു പോലെ ഗതാ‍ഗത രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾ വാങ്ങുന്നതിനു വേണ്ടി വായ്പ ലഭ്യമാക്കുക എന്നതാണു ഈ കമ്പനിയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശം ക്ലച്ച് പിടിക്കാത്തതു കൊണ്ടാകണം വ്യക്തിഗത വായ്പകളും, ഭവനനിർമ്മാണ വായ്പകളും കൂടി ഉദ്ദേശ ലക്ഷ്യങ്ങളാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണു 2005 ൽ കമ്പനി  ‘ഐശ്വര്യാ ഭവന നിർമ്മാണ വായ്പാ പദ്ധതി‘ക്ക് തുടക്കമിട്ടത്. കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരമാണു. എന്നാൽ കമ്പനിക്ക് ശാഖകളില്ലാത്ത  സ്ഥലങ്ങളിൽ പദ്ധതിയുടെ പ്രോത്സാഹനത്തിനും, പ്രചരണത്തിനും അവിടങ്ങളിലുള്ള യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തുവാനുമായി ‘ഡയറക്ട് മാർക്കറ്റിംഗ് ഏജന്റ്സിനെ’ (DMA) നിയമിക്കാനും തീരുമാനമെടുത്തു (മാർച്ച് 2005)[  5 വർഷത്തെ ദേശസാൽകൃതമോ, അല്ലാത്തതോ ആയ വാണിജ്യ ബാങ്കുകളുടെ ഭവന വായ്പയുടെ വില്പന കൈകാര്യം ചെയ്തതിലുള്ള  പ്രവർത്തനപരിചയമുള്ളവർക്ക് വേണ്ടിയാണു അപേക്ഷകൾ ക്ഷണിച്ചത്. കിട്ടിയ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ ഇവരാണു:
  • 1.H-Worknet and
  • 2.Powerlink Services (P) Ltd., (Powerlink).

ഇവർക്ക് ആവശ്യപ്പെട്ട കുറഞ്ഞ യോഗ്യത ഇല്ലായിരുന്നതോ പോകട്ടെ ഈ രണ്ട് സ്ഥാപനങ്ങളും  ഒരേ വ്യക്തികളാലോ, അവരുടെ ബന്ധുക്കളാലോ നടത്ത പെടുന്നവയായിരുന്നു. ഈ ഡി.എം.എ കളുമായി ഏർപ്പെട്ട മൂന്നു വർഷ കരാർ (2005 ഒക്ടോബർ-നവമ്പർ മാസം) അനുസരിച്ച് ക്യാൻ‌വാസ് ചെയ്യുന്ന ഭവന വായ്പയുടെ വിവിധ സ്ലാബുകളിലായി 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും അതിനു മുകളിലും 0.5% മുതൽ 1% വരെ കമ്മിഷൻ നൽകണമായിരുന്നു.

ആഗസ്റ്റ് 2005 ലെ കമ്പനി ബോർഡ്, ഈ സ്ഥാപനങ്ങളെ ഭവന വായ്പകളുടെ ഡി.എം.എ കളായി നിയമിക്കാൻ മാത്രമേ, മാനേജിംഗ് ഡയറക്ടരെ അധികാരപ്പെടുത്തിയിരുന്നുള്ളൂ. എങ്കിലും, ആ വിവേചനാധികാരം മറികടന്നു ഭവനേതര വായ്പകളുടെ ക്യാൻ‌വാസിംഗ് / പരിശോധനാ ഏജന്റുകളായി പ്രവർത്തിക്കുവാനുള്ള നിയമനം ഈ സ്ഥാപനങ്ങൾക്ക് മാനേജിംഗ് ഡയറക്ടർ നൽകി. ഭവന /വാഹന വായ്പ അപേക്ഷകൾക്കുള്ള പരിശോധനാ ഫീസ് ഫയൽ ഒന്നിനു 500 രൂപയായും മറ്റു വ്യക്തിഗത വായ്പകൾക്ക് ഫയൽ ഒന്നിനു 300 രൂപയായും നിജപ്പെടുത്തുകയും ചെയ്തു. 

2005-08 (നവമ്പർ 2008 വർ) കാലയളവിലേക്ക് ഈ നിരക്കിൽ അവർക്ക് 37.26 ലക്ഷം രൂപ കമ്മിഷനായും 3.70 ലക്ഷം രൂപ പരിശോധനാ ഫീസ്സായും കൊടുത്തു കഴിഞ്ഞു.

ഈ വിഷയത്തിൽ രേഖകൾ പരിശോധിച്ച സി.ഏ.ജിയുടെ കണ്ടെത്തലുകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ കമ്പനികളെപറ്റിയുള്ള മതിപ്പ് കൂടാൻ ഉപകരിക്കും. ഇതാണത്:

  • ഈ സർക്കാർ കമ്പനി, രണ്ട് സ്വകാര്യ സ്ഥാപനങ്ങളെ ഡി.എം.എ കളായി നിയമിച്ചത് സുതാര്യമായ മാർഗ്ഗങ്ങളിൽ കൂടി അല്ലായിരുന്നു.
  • തിരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനി നിശ്ചയിച്ചിരുന്ന കുറഞ്ഞ യോഗ്യതയോ പ്രവർത്തി പരിചയമോ ഇല്ലായിരുന്നു.
  • തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങളുടേയും ഉടമസ്ഥർ അടുത്ത ബന്ധുക്കളായിരുന്നു.
  • ഈ ഡി.എം.എ കൾക്ക് മാസം തിരിച്ചോ മേഖല തിരിച്ചോ വായ്പാ വിപണന ലക്ഷ്യം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തി. എന്നാൽ കമ്മീഷനും പരിശോധനാ ഫീസും കൃത്യമായും കൊടുത്തു കൊണ്ടിരുന്നു.
  • വായ്പാ അപേക്ഷകളുടെ പരിശോധനയും ക്യാൻ‌വാസിംഗിനും ഒരേ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നത് കമ്പനിയുടെ സാമ്പത്തിക താത്പര്യത്തിനു ഹാനികരമാണെന്ന സാമാന്യ തത്വം മറന്നു പ്രവർത്തിച്ചു.
  • 2005-2009 കാലയളവിൽ വായ്പയായി ആകെ നൽകിയത്  75.32 കോടി രൂപയായിരുന്നു. അതിൽ 55.97 കോടി രൂപയും 45 കേസുകളിലായി ഇതേ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തതായിരുന്നു. ഈ 45 കേസുകളിൽ 37 എണ്ണവും (49.56 കോടി രൂപക്കുള്ളത്) കമ്പനിയുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ളതും. മറ്റു ഡിസ്ട്രിക്റ്റുകളിൽ നിന്നും ഈ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തത് വെറും 6.41 ലക്ഷം രൂപ. (തിരുവനന്തപുരം ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വേണ്ടിയാണു ഇവരെ നിയമിച്ചതെന്നു മറക്കരുത്).
  • 2006-07 കാലയളവിൽ ഡി.എം.എ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും 90.39 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ കമ്പനിയിൽ നിന്നും സംഘടിപ്പിച്ചെടുത്തു.
  • കൂടാതെ 2007-08 കാലയളവിൽ ഭവന വായ്പയായി 2 കോടി രൂപ ഈ രണ്ട് സ്ഥാപനങ്ങളുടെ പേരിലും നേടിയെടുത്തു.
  • അങ്ങനെ ഡയറക്ടർ മാരുടെ പേരിലും, സ്ഥാപനങ്ങളുടെ പേരിലും കൂടെ നേടിയെടുത്ത 2.90 കോടി രൂപയുടെ വായ്പക്കും കമ്മിഷൻ/ പരിശോധനാ ഫീസ് എന്നിവയായി 2.90 ലക്ഷം രൂപയും വാങ്ങി. എങ്ങനെയുണ്ട് പുത്തി?
  • രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ പരിശോധിച്ച് ശുപാർശ ചെയ്യുന്ന അപേക്ഷകൾ സ്വയം പരിശോധനക്ക് വിധേയമാക്കാതെ വൻ തുകകൾ വായ്പയായി വിതരണം ചെയ്തത് കമ്പനിയുടെ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നതിനു തുല്യമായിരുന്നു.

എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തികൊണ്ട് കമ്പനി ചെലവിട്ട കമ്മിഷനും പരിശോധനാഫീസും (40.96 ലക്ഷം രൂപ) എത്രയും പെട്ടന്നു തിരിയെ ഈടാക്കാനും, ഉത്തരവാദികളായവരുടെ മേൽ നടപടിയെടുക്കണമെന്നുമാണു സി.ഏ.ജി. സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.ആ ശുപാർശയിന്മേൽ നമ്മുടെ ഗതാഗത വകുപ്പ് അടയിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു.

വായ്പകൾ സർക്കാർ നേരിട്ട് നൽകാതെ കമ്പനി രൂപീകരിച്ച് അതു വഴി കച്ചവടം നടത്തുന്നതു കൊണ്ടുള്ള പ്രയോജനം ഇതൊക്കെ തന്നെയാണു.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

2 comments:

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

ചാർ‌വാകൻ‌ said...

സർക്കാറിനുള്ള ഗുണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു