Thursday, July 15, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 5: TTP Ltd

ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ് (TTPL) വ്യവസായ വകുപ്പിന്റെ കീഴിൽ
ഉല്പാദനമേഖലയിൽ പ്രവർത്തിക്കുന്ന വളരെ പുരാതനമായ ഒരു സർക്കാർ കമ്പനിയാണെന്നു
നമുക്കറിയാം. നിസ്സാരമായി നേടാൻ കഴിയുമായിരുന്ന ഒരു ലൈസൻസിനു വേണ്ടി ഒരു ശ്രമവും നടത്താത്തതു കാരണം ഈ സർക്കാർ കമ്പനിക്ക്, ഡമുറേജ് ഇനത്തിൽ കൊച്ചിൻ പോർട്ടിൽ അടക്കേണ്ടി വന്ന വിളമ്പചുങ്കം 37.62 ലക്ഷം രൂപയാണു.

അടുത്തകാലം വരെ ഈ കമ്പനി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന Anatase grade titanium
dioxide pigment എന്ന സാധനം ഇൻഡ്യയിൽ മറ്റാരും ഉല്പാദിപ്പിച്ചിരുന്നില്ല എന്നു തന്നെ പറയാം.
എന്നാൽ ഇവിടുത്തെ ഉല്പാദന പ്രക്രീയയിൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം
വിവരണാതീതമാണു. അതു മനസ്സിലാക്കിയതു കൊണ്ടാണു 225 കോടിയോളം രൂപ മുടക്കി ഒരു
മലീനീകരണ നിയന്ത്രണ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മേയ് 2005 ൽ കമ്പനിക്ക്
അനുമതി നൽകിയത്. ഒരു കേന്ദ്രസർക്കാർ സ്ഥാപനമായ മീകോണിനെ (MECON) ഈ പദ്ധതി
നടപ്പിലാക്കാനുള്ള ചുമതലയും ഏൾപ്പിച്ചു. ഇനിയാണു കഥ തുടങ്ങുന്നത്.

പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യണം. അതിനുള്ള ഏർപ്പാട് ഫെബ്രുവരി 2006 ൽ ഒരു വിദേശകമ്പനിയുമായി ഉണ്ടാക്കി. എക്സ്പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്സ് (EPCG) പദ്ധതിയുടെ വിദേശ വ്യപാര പോളിസി 2004-09 അനുസരിച്ച് ഇത്തരത്തിലുള്ള ഇറക്കുമതിക്ക് 34.47% ഇറക്കുമതി ചുങ്കത്തിനു പകരം വെറും 5% ഇറക്കുമതി ചുങ്കം കൊടുത്താൽ മതി. പക്ഷേ, ചില നിർദ്ദിഷ്ഠ രേഖകൾ ഒരു സ്വയം പ്രഖ്യാപിത അപേക്ഷയോടൊപ്പം റീജിയണൽ ലൈസെൻസിംഗ് അതോറിറ്റി (RLA) മുമ്പാകെ സമർപ്പിക്കണം. അങ്ങനെ സമർപ്പിച്ചാൽ 3 ദിവസത്തിനകം ലൈസൻസ് കിട്ടും. ബന്ധപ്പെട്ട  നിയമത്തിലെ വാചകം ഇതാണു: “the RLA shall issue the licence within 3 days.“ ഈ ലൈസൻസ് ലഭിച്ചാൽ മാത്രമേ ഇളവുചെയ്ത തീരുവക്ക് അർഹമാകൂ.

ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കൊച്ചിൻ പോർട്ടിൽ എത്തിയത് 13-5-2007 ൽ. 23-5-2007
നകം EPCG ലൈസൻസ് കാണിച്ച് യന്ത്രങ്ങൾ പോർട്ടിൽ നിന്നും നീക്കി കൊണ്ടുപോയാൽ പോർട്ടധികാരികൾക്ക് ഒരു പൈസയും വിളമ്പചുങ്കം (demurEPCGrage) കൊടുക്കേണ്ടതില്ല. 5% ഇറക്കുമതി ചുങ്കം മാത്രം കൊടുത്താൽ മതി. എന്നാൽ സാധനങ്ങൾ കൊച്ചിൻ പോർട്ടിൽ എത്തി
ദിവസങ്ങൾ കഴിഞ്ഞ് ജൂൺ ഒന്നാം തിയതിയിലാണു നമ്മുടെ കമ്പനി EPCG licence നു വേണ്ടി അപേക്ഷിച്ചത്.‎ അപേക്ഷ സമ്പാദിച്ച് യന്ത്രങ്ങൾ കൊച്ചിൻ പോർട്ടിൽ നിന്നും ഇറക്കുമതി ചുങ്കം
കൊടുത്ത് മാറ്റിയത് ജൂൺ 27 നു. അതായത് മേയ് 23 മുതൽ ജൂൺ 27 വരെയുള്ള കാലതാമസത്തിനു കൊച്ചിൻ പോർട്ടിനു വിളമ്പചുങ്കം കൊടുക്കേണ്ടി വന്നു. ഒന്നും രണ്ടും രൂപയല്ല 32.67 ലക്ഷം രൂപ.

യന്ത്രോപകരണങ്ങൾ അയച്ച വിവരം വിദേശ കമ്പനി മുങ്കൂറായി (ഏപ്രിൽ 2007) അറിയിച്ചിരുന്നു
എന്നാണു സി.ഏ.ജി. രേഖകളിൽ നിന്നും മനസ്സിലാക്കിയത്. എങ്കിലും ഈ.പി.സി.ജി
ലൈസൻസിനുള്ള അപേക്ഷ  ഉപകരണങ്ങൾ കൊച്ചി തുറമുഖത്ത് എത്തിയതിനു (13 മേയ് 2007) ശേഷം (ജൂൺ 2007) മാത്രമേ കമ്പനി ആർ.എൽ.എ ക്ക് നൽകിയുള്ളൂ.

ഈ അധിക ചെലവ് (32.67 ലക്ഷം രൂപ) കമ്പനിയുടെ ഒരു സാധാരണ ചെലവു പോലെ ‘ലാഭനഷ്ട’ കണക്കിൽ എഴുതി തള്ളി. കമ്പനി ഉടമയായ സംസ്ഥാന സർക്കാർ ആ നഷ്ടം
സഹിക്കുകയേ നിവൃത്തിയുള്ളൂ. ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയേയും, സാമാജികരേയും എല്ലാം
സി.ഏ.ജി. അറിയിച്ചു. ഈ നക്ഷ്ടത്തിനുത്തരവാദികളെ കണ്ടുപിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ ആരും കൈക്കൊണ്ടിട്ടില്ല.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

4 comments:

chithrakaran:ചിത്രകാരന്‍ said...

അങ്കിളെ..., നല്ല പോസ്റ്റ് !!!

മനോഹരമായ കെടുകാര്യസ്ഥത !!!
എന്തായാലും, കൂടിയ വിളമ്പ ചുങ്കം അടച്ചാണെങ്കിലും
കുറച്ചു ദിവസത്തിനുള്ളില്‍ സാധനം
കൊണ്ടുപോയല്ലോ !
അത്രയും നല്ലത്.നഷ്ടം ലഘൂകരിച്ചതില്‍ അവരെ അഭിനന്ദിക്കണം.

സ്ഥാപനത്തിന്റെ അക്കാലത്തെ മേധാവിയും, എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ തലവനും ആരായിരുന്നെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
അവര്‍ക്കുവേണ്ടി അമ്പലത്തിലോ പള്ളിയിലോ ഒരു വെടി വഴിപാട് കഴിപ്പിച്ചാല്‍ നന്നായിരിക്കും.
(അഴിമതി നിര്‍മ്മാര്‍ജ്ജന പൂജയും,വെടിവഴിപാടും
നമ്മുടെ അമ്പലങ്ങളിലും പള്ളികളിലും
ആരംഭിക്കുകയാണ് ഇതിനൊക്കെയുള്ള പരിഹാരം)

ജന്മ നക്ഷത്രം,ജോലിപ്പേര്‍,അച്ഛനമ്മമാരുടെ പേര്,നാട്,വിദ്യാഭ്യാസ യോഗ്യത എന്നിവകൂടി വഴിപാടിന്റെ ഫലസിദ്ധിക്ക് ആവശ്യമാണ് :)

paarppidam said...

ഒരുകാര്യം ഉണ്ട്. ഡി.എഫോ.മാരെ പോലെ അല്ല ഇവര്‍. അഴിമതി, ദുര്‍വ്യയം എന്നിവ നടന്നാല്‍ തന്നെ അതിന്റെ വിശദാംശങ്ങള്‍ നല്‍കുവാന്‍ മടിയില്ല അല്ലെ?
പൊതുമേഘലയെ പറ്റി വല്ലാതെ വാചാലരാകുന്ന നേതാക്കന്മാര്‍ക്കും തൊഴിലാളി നേതാക്കന്മാര്‍ക്കും ഇത് ഒരു കോപ്പി നല്‍കിയാല്‍ വായടക്കും എന്ന് തോന്നുന്നില്ല.
കമ്പനി നഷ്ടത്തിലായാലും കോടികള്‍ പാഴായാലും നടപടിയെടുക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ ഉടനെ കൊടിപിടിക്കില്ലേ?

മുക്കുവന്‍ said...

അങ്കിളെ..., നല്ല പോസ്റ്റ് !!!

Afsal m n said...

പ്രിയ അങ്കിള്‍..
മലയാളത്തിലെ ഏറ്റവും പുതിയ അഗ്രിഗേറ്റര്‍ ഇവിടെസന്ദറ്ശിക്കൂ..
പുതിയ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യൂ..പബ്ലിഷ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇമെയില്‍ വഴി ലഭിക്കുന്നതിനു
ഇവിടെ ജോയിന്‍ ചെയ്യൂ...

നന്ദി...